നീഹാരമായ്: ഭാഗം 12

neeharamayi

രചന: അപർണ അരവിന്ദ്

നിധിക ഉറങ്ങിയതിനു ശേഷമേ ഹരൻ റൂമിലേക്ക് വരാറുള്ളു. അത് കൊണ്ട് അവൻ കുറേ നേരം ഫോണും നോക്കി ബാൽക്കണിയിൽ ഇരുന്നു. അവൾ ഉറങ്ങേണ്ട സമയം കഴിഞ്ഞതും ഹരൻ അകത്തേക്ക് വന്നു. ഗ്ലാസ് ഡോർ അടച്ച് അകത്തേക്ക് കയറിയതും നിധിക കണ്ണും മിഴിച്ച് സീലിങ്ങ് നോക്കി കിടക്കുന്നുണ്ട് . ഒപ്പം അവളുടെ ടെഡ്ഡിയും കൂടെയുണ്ട്. അത് കണ്ട ഹരൻ നേരെ കബാേഡിനരികിലേക്ക് നടന്നു. നാളെ ഓഫീസിലേക്ക് ഇടാനുള്ള ഷർട്ട് എടുത്ത് അയൺ ചെയ്യാൻ തുടങ്ങി. നിധിക ചരിഞ്ഞ് കിടന്ന് അവൻ ചെയ്യുന്നതെല്ലാം കൗതുകത്തോടെ നോക്കുകയാണ്. " നിനക്കെന്താ ഉറങ്ങാറായില്ലേ " അവളുടെ നോട്ടം കണ്ട് ഹരൻ ചോദിച്ചു. " ഇല്ല. ഉറക്കം വന്നില്ല... എടോ തന്നെ ഞാൻ എവിടേയോ കണ്ടിട്ടുണ്ട്. താൻ ഏത് കോളേജിലാ പഠിച്ചത് " " ബാഗ്ലൂർ " " ബ്ലാഗ്ലൂരോ . എന്നിട്ട് താൻ എന്താ ഇങ്ങനെ ആയത്. സാധാരണ ബാഗ്ലൂരിൽ പഠിച്ച് വരുമ്പോഴേക്കും കുറച്ചു കൂടി സ്റ്റയിലിൽ മോഡേൺ ആയി നല്ല അടിപൊളി ലുക്കിൽ ഒരു അൽ കലിപ്പൻ ഒക്കെ ആയിരിക്കില്ലേ. ഇതൊരു പാവം മണ കൊണാഞ്ചൻ ജേണലിസ്റ്റ് "

" മണ കൊണാഞ്ചൻ നിന്റെ തന്തപടിയാടി ശവമേ . നിനക്ക് ശരിക്കും ഈ ഹരനെ അറിയില്ലാ " " താൻ എന്തിനാടാ മരപട്ടി ഒന്നു പറഞ്ഞാ രണ്ടാമത്തതിന് എന്റെ അച്ഛനിട്ട് വിളിക്കുന്നേ " " ശരി നിന്റെ തന്തയെ വിളിക്കുന്നില്ല. ഇനി എന്റെ അമ്മായി അച്ഛനെ വിളിക്കാം " അവൻ അയൺ ചെയ്ത ഷർട്ട് ഹാങ്ങറിൽ തൂക്കി . " ഇയാള് എന്റെ കൈയ്യിൽ നിന്നും മിക്കവാറും വാങ്ങും. മത്തങ്ങാ തലയൻ " " നീ എന്തെങ്കിലും പറഞ്ഞായിരുന്നോ " " ഇല്ലാ . ഹര ഹര ഇന്ദ്രദേവാ കാത്ത് രക്ഷിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചതാ " അവൾ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു. "നിന്റെ ഈ കുന്തം എടുത്ത് മാറ്റടി . എനിക്ക് കിടക്കണം " " ഇത് കുന്തം അല്ല മനുഷ്യാ . എന്റെ ടെഡിയാ " " ടെഡിയായാലും തെണ്ടിയായാലും എനിക്ക് കിടക്കാൻ സ്ഥലമില്ലെങ്കിൽ ഞാൻ വലിച്ചെറിയും " അത് കേട്ട് നിധിക പാവയെ കുറച്ച് നീക്കി വച്ചു. ഹരൻ കിടന്നതും അവൾ അവനെ നോക്കി കിടന്നു. " എന്നാലും തന്നെ ഞാൻ എവിടേയോ " " കിടന്ന് ചിലക്കാതെ കിടന്നുറങ്ങാൻ നോക്ക് നാശം " അവൻ ദേഷ്യത്തിൽ തല വഴി പുതപ്പിട്ടു. *

" ഇവൾക്കെന്താ ഉറക്കവും ഇല്ലേ " രാത്രി എപ്പോഴോ ഉറക്കത്തിൽ നിന്നും ഉണർന്ന ഹരൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഫോണിൽ കളിക്കുന്ന നിധികയെ കണ്ട് സ്വയം ചോദിച്ചു. ശേഷം തല വഴി പുതപ്പിട്ട് അവൻ തിരിഞ്ഞ് കിടന്നു. ഹരൻ രാവിലെ എണീക്കുമ്പോഴും അവൾ അതേ പോലെ ഇരുന്നുറങ്ങുകയാണ്. " ഓഹ് ഗോഡ്. ടൈം ലേറ്റ് ആയോ " അവൻ ബെഡിൽ നിന്നും ചാടി എണീറ്റു. വേഗം കുളിച്ച് റെഡിയായി താഴേക്ക് വന്നു. " മോള് എണീറ്റില്ലേ ജിത്തു. " " ഇല്ല " അവൻ കൂടുതൽ സംസാരത്തിന് നിൽക്കാതെ വേഗം ഭക്ഷണം കഴിച്ച് എണീറ്റു. റൂമിൽ വന്ന് ലാപ്പ് ബാഗിൽ ആക്കി വാലറ്റും കാറിന്റെ കീയും എടുത്തു. " എന്റെ ഫോൺ എവിടെ " അവൻ റൂമിൽ മുഴുവൻ നോക്കിയെങ്കിലും കാണാതെ താഴേക്ക് നടന്നു. " മാധു എന്റെ ഫോൺ എവിടെ " " ഞാൻ എടുത്തിട്ടില്ലാ എട്ടാ " ക്ലാസിലേക്ക് പോവാൻ റെഡിയായി ഇറങ്ങിയ മാധു പറഞ്ഞു. " എന്റെ ഫോൺ കാണാനില്ല. എനിക്കാണെങ്കിൽ ഇന്ന് നേരത്തെ ഓഫീസിലേക്ക് ഇറങ്ങണം" ഹരൻ ഹാളിൽ മുഴുവൻ ഫോൺ തിരയാൻ തുടങ്ങി. " എട്ടൻ റൂമിൽ ശരിക്ക് നോക്കിയോ. " മാധു ചോദിച്ചതും ഹരൻ വീണ്ടും റൂമിലേക്ക് നടന്നു. താഴേയുള്ള ബഹളം കേട്ടാണ് നിധി ഉറക്കം ഉണർന്നത്.

കയ്യിലെ ഫോൺ ബെഡിൽ ഇട്ട് അവൾ ഫ്രഷാവാനായി ബാത്ത്റൂമിലേക്ക് കയറി പോയി. " ഇതല്ലേ എട്ടന്റെ ഫോൺ" റൂമിലേക്ക് വന്ന മാധു ബെഡിൽ നിന്നും ഫോൺ എടുത്തു കൊണ്ട് ചോദിച്ചതും ഹരൻ വേഗം അത് വാങ്ങി. " ഇതെന്താ ഫോൺ ഓഫായിരിക്കുന്നത് " " ചിലപ്പോ ചാർജ് കഴിഞ്ഞതായിരിക്കും " " എയ് ഇന്നലെ രാത്രി കിടക്കുന്നവരെ ഇതിൽ ചാർജ് ഉണ്ടായിരുന്നു. പിന്നെ എങ്ങനെ " ഹരൻ പെട്ടെന്ന് ഇന്നലെ നിധിക ഫോണിൽ കളിച്ചത് ഓർമ വന്നു. അത് തന്റെ ഫോൺ ആയിരുന്നു എന്നവൻ അപ്പോഴാണ് ഓർത്തത്. " ഡീ " അവൻ അലറികൊണ്ട് ബാത്ത് റൂമിന്റെ ഡോറിൽ തട്ടി. " ഫോൺ സ്വിച്ച് ഓഫ് ആയതിന് എട്ടൻ എന്തിനാ നിച്ചുവിനോട് അലറുന്നത് " ഒന്നും മനസിലാവാതെ മാധു ചോദിച്ചു. "നിനക്ക് ഇന്ന് ക്ലാസില്ലേടാ . ഇവിടെ നിന്ന് കാര്യം അന്വോഷിക്കാതെ കോളേജിൽ പോടാ" ഹരൻ മാധുവിന് നേരെ ചാടിയതും അവൻ പുറത്തേക്ക് ഓടി. " എന്താ മാധു അവിടെ ബഹളം " ശബ്ദം കേട്ട് അമ്മയും മുകളിലേക്ക് വന്നു. " അമ്മയുടെ മകന് ശ്രീ ബുദ്ധന്റെ ബാധ കയറിയിരിക്കുകയായിരുന്നു ഇത്രയും കാലം. ഉപദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോ ആ ബാധ ഒഴിഞ്ഞ് ചെകുത്താൻ കയറി. ഒരു മാതിരി നിന്ന നിൽപ്പിൽ രണ്ട് സ്വഭാവം.

അവിടെ അന്യൻ കളിക്കാ. അതിനിടയിൽ അമ്മ കൂടി ചെല്ലണ്ടാ. വന്ന് എനിക്ക് ഭക്ഷണം എടുത്ത് വക്ക്. എനിക്ക് ക്ലാസിൽ പോവേണ്ടതാ " മാധു അമ്മയേയും വിളിച്ച് താഴേക്ക് ഇറങ്ങി പോയി. " എടീ മൂദേവി. വാതിൽ തുറകടി " ഹരൻ വീണ്ടും ദേഷ്യത്തിൽ അലറി " ദാ വരുന്നു മനുഷ്യ ഇങ്ങനെ അലറണ്ടാ " അവൾ ബാത്ത്റൂമിൽ നിന്നും വിളിച്ച് പറഞ്ഞ് വാതിൽ തുറന്നു. " നീ എന്തിനാടി കാലത്തി എന്റെ ഫോൺ എടുത്തത് " " എനിക്ക് ഉറക്കം വന്നില്ല. അതുകൊണ്ട് എടുത്തു. " "എന്നിട്ട് ചാർജ് മൊത്തം തീർത്ത് സ്വിച്ച് ഓഫ് ആക്കി വച്ചു. നീ ഇത് മനപൂർവ്വം ചെയ്തതല്ലേ " " അല്ലാ. ഞാൻ അറിഞ്ഞില്ലാ സോറി" " അവളുടെ ഒരു സോറി . ഇറങ്ങി പോടി എന്റെ റൂമിൽ നിന്നും " " എനിക്ക് മനസില്ലാ . ഇതെന്റെ കൂടി റൂമാണ്. " " നീ നശിച്ചു പോവുമെടി മരതവളേ " അവളെ നോക്കി പ്രാകി കൊണ്ട് ഹരൻ കബോഡിൽ പവർ ബാങ്ക് തിരയാൻ തുടങ്ങി. അത് കണ്ട് നിധിക പുറത്തേക്ക് നടന്നു. " എടോ തന്റെ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാ അങ്ങനെ എല്ലാ സോഷ്യൽ മീഡിയയിലേയും പ്രൊഫെയിൽ പിക്ക് ഞാൻ മാറ്റിയിട്ടുണ്ട് ട്ടോ " " ഇറങ്ങി പോടി പിത്തക്കാളി" ഹരൻ കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ് എടുത്ത് അവളെ എറിഞ്ഞതും നിധിക താഴേക്ക് ഓടി.. * ഡെയ്നിങ്ങ് ടേബിളിൽ അച്ഛനും മാധുവും ഭക്ഷണം കഴിക്കുകയാണ്.

അമ്മ അവർക്ക് വിളമ്പി കൊടുക്കുന്നുണ്ട് . നിധികയും അടുത്ത് നിൽക്കുന്നുണ്ട്. " ഫോൺ കിട്ടിയോ ജിത്തു. " താഴേക്ക് ഇറങ്ങി വരുന്ന ഹരനെ കണ്ട് അമ്മ ചോദിച്ചു. "മ്മ് " അവൻ ഒന്ന് അമർത്തി മൂളി പുറത്തേക്ക് ഇറങ്ങി. മുഖത്ത് ഗൗരവം ആണെങ്കിലും അവന്റെ മനസ് നിറയെ ടെൻഷൻ ആയിരുനു. നിധിക മാറ്റിയ പ്രൊഫെയിൽ പിക്ക് തനിക്കിട്ട് ഒരു പണിയാണോ എന്ന പേടി അവനും ഉണ്ടായിരുന്നു. ഹരന്റെ കാർ ഗേറ്റ് കടന്ന് പോകുന്നത് നിധിക വിൻറ്റോ വഴി കണ്ടിരുന്നു. " മാധു ക്ലാസിൽ പോയി വരുമ്പോൾ ഈ കറണ്ട് ബിൽ അടച്ചിട്ട് വാ" അച്ഛൻ ഇലക്ട്രിസിറ്റി ബിൽ ടേബിളിനു മുകളിൽ വച്ചു കൊണ്ട് പറഞ്ഞു. " എനിക്കൊന്നും വയ്യാ ഇനി ഇതൊക്കെ പോയി അടക്കാൻ . നമ്മുക്ക് pay tm ചെയ്യാം " " വേണ്ടാ. നീ നേരിട്ട് പോയി അടച്ചിട്ട് വാ .. പത്ത് പതിനെട്ട് വയസായില്ലേ. കുറച്ച് ഉത്തരവാദിത്തം വേണം "

" അതിന് കറണ്ട് ബില്ല് അടച്ചാ ഉത്തരവാദിത്വം വരും എന്ന് അച്ഛനോട് ആരാ പറഞ്ഞത് " " നീ എന്നേ പഠിപ്പിക്കാൻ നിൽക്കണ്ടാ. മര്യാദക്ക് പോയി ഇത് അടച്ചോണം " " എനിക്ക് വയ്യാ അച്ഛാ എന്റെ കോളേജ് കഴിച്ച് നാലഞ്ച് കിലോമീറ്റർ പോവണം ഇത് അടക്കാൻ . പിന്നെ ക്യൂ നിൽക്കണം. വെയില് കൊള്ളണം. എനിക്ക് വയ്യാ " " അത് സാരില്യ കുറച്ച് വെയില് കൊള്ളുന്നത് നല്ലതാ. നിന്റെ പ്രായത്തില് ഞാൻ ... " " അയ്യോ വേണ്ടാ അച്ഛാ മൂട് കീറിയ വള്ളി ടൗസറും ഇട്ട് കുന്നും മലയും താണ്ടി ക്ലാസ്സിൽ പോയ പുരാണം പറയണ്ടാ. ഞാൻ പോയി അടച്ചോളാം " അത് പറഞ്ഞ് മാധു വേഗം എണീറ്റു. മാധു പോയതും നിധിക റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് വന്ന് അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു. അമ്മയെ അടുക്കളയിൽ കുറച്ച് സഹായിക്കും എങ്കിലും അവൾ അധികം സംസാരിക്കില്ല.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story