നീഹാരമായ്: ഭാഗം 15

neeharamayi

രചന: അപർണ അരവിന്ദ്

" നിനക്ക് ഒരു കാര്യം പറഞ്ഞാ അത് അനുസരിക്കാൻ വയ്യേടി " സ്റ്റയർ ഇറങ്ങി വന്ന ഹരൻ നിധികയെ നോക്കി അലറി. നിധികക്കാണെങ്കിൽ എന്താ കാര്യം എന്ന് മനസിലായില്ല. " ഇത് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടാൽ ഞാൻ അറിയില്ലാ എന്ന് കരുതിയോ" ഹരന്റെ കയ്യിൽ ഇന്നലെ കഴിച്ച സ്ലീപ്പിങ്ങ് ടാബ്ലറ്റിന്റെ കണ്ട് നിധിക തല കുനിച്ചു. " നിന്റെ നാവിറങ്ങി പോയോ നിധിക " അവൻ ദേഷ്യത്തിൽ കൈ ഉയർത്തിയതും മാധു അവനെ തടഞ്ഞിരുന്നു. " എന്താ എട്ടാ ഇത് " " മാധു നീ കൈ എടുക്ക് അല്ലെങ്കിൽ നിനക്കും കിട്ടും " ഹരൻ ദേഷ്യത്തിൽ അലറി. " പറയടി നിനക്ക് ഞാൻ പറഞ്ഞത് അനുസരിക്കാൻ പറ്റില്ലേന്ന് . എന്റെ ക്ഷമയെ പരീക്ഷിക്കാൻ നിൽക്കണ്ടാ നിധിക. നിനക്ക് എന്നേ ശരിക്കും അറിയില്ല " ആ വീട്ടിലുള്ളവരും അവനെ അത്ര ദേഷ്യത്തിൽ ആദ്യമായാണ് കാണുന്നത്. നിധിക കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടിയതും ഹരൻ തലക്ക് കൈയ്യും കൊടുത്ത് സെറ്റിയിലേക്ക് ഇരുന്നു. " എന്താ എട്ടാ പ്രശ്നം. എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ " " നിനക്ക് ക്ലാസില്ലേ മാധു നീ പോവാൻ നോക്ക്" അച്ഛന്റെ സ്വരം ഉയർന്നതും മാധു മനസില്ലാ മനസോടെ റൂമിലേക്ക് പോയി. " ഞാനും നിന്റെ അമ്മയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് പത്ത് മുപ്പത്ത് കൊല്ലമായി. ഞങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് പക്ഷേ ഇന്നേ വരെ ഞാൻ നിന്റെ അമ്മക്ക് നേരെ കൈ ഉയർത്തിയിട്ടില്ല. "

അത്രമാത്രം പറഞ്ഞു കൊണ്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി. " മോനേ ടാ ജിത്തു. എന്താ എന്റെ കുട്ടിക്ക് പറ്റിയത്. എവിടുന്നാ ഈ ദേഷ്യം ഇത്ര പെട്ടെന്ന് വന്നത്. ആ മോൾക്ക് സങ്കടമായി കാണും . പോയി സമാധാനിപ്പിക്ക് " അമ്മ അവന്റെ നെറുകയിൽ തലോടി പറഞ്ഞതും ഹരൻ റൂമിലേക്ക് നടന്നു. അവൻ റൂമിനു മുന്നിൽ എത്തിയതും ഒരു നിമിഷം നിന്നു . ശ്വാസം ആഞ്ഞ് വലിച്ച് ദേഷ്യം സ്വയം അടക്കി അവൻ ചാരി ഇട്ട വാതിൽ തുറന്നതും കബാേഡിനരികിൽ നിന്ന നിധിക ഒന്ന് ഞെട്ടി. കൈയ്യിലുള്ളത് അവൻ കാണാതെ പിന്നിലേക്ക് മറച്ചു പിടിച്ചു. ഹരൻ അവളുടെ അരികിലേക്ക് നടന്നു വന്നു. " നിധിക ഐം റിയലി സോറി ഞാൻ വേ.. " പറഞ്ഞ് മുഴുവനാക്കും മുൻപേ ഹരൻ മിററിലൂടെ നിധിക പിന്നിലേക്ക് എന്തോ മറച്ച് പിടിച്ചിരിക്കുന്നത് കണ്ടു. " എന്താ നിന്റെ കയ്യിൽ " " ഒന്നുല്ല " " കള്ളം പറയണ്ടാ. ഞാൻ നോക്കട്ടെ " " ഒന്നും ഇല്ലാ ഹരാ " അവൾ അത് പറഞ്ഞതും ഹരൻ അവളുടെ കൈ പിടിച്ച് തിരിച്ച്‌ കൈയ്യിലേക്ക് നോക്കി. അവളുടെ കൈയ്യിലെ ടാബ്ലറ്റ് കണ്ടതും ഹരന്റെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു. " നിനക്ക് മര്യാദക്ക് പറഞ്ഞാൽ മനസില്ലാവില്ലേടി . " അത് പറഞ്ഞ് അവളുടെ കൈയ്യിലെ ടാബ്ലറ്റ് അവൻ വലിച്ചെറിഞ്ഞു.

ശേഷം അവളുടെ കൈയ്യും പിടിച്ച് താഴേക്ക് നടന്നു. കാറിന്റെ ഡോർ തുറന്ന് അവളെ കാറിലേക്ക് കയറ്റി ഹരന്റെ വണ്ടി മുന്നോട്ട് പാഞ്ഞു. പേടിയാണെങ്കിലും അവൻ തന്നെ വീട്ടിലാക്കാൻ പോകുകയാണല്ലോ എന്ന് ഓർത്ത് അവൾക്ക് ഒരു സമാധാനം തോന്നിയിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതും അവളുടെ മുഖഭാവം മാറി. വീട്ടിലേക്കുള്ള വഴിയല്ലാ അത്. " എന്നെ എങ്ങോട്ടാ കൊണ്ടു പോകുന്നേ ഹരാ " " എവിടേയെങ്കിലും കൊണ്ടു പോയി കളയാൻ . ഞാൻ പറഞ്ഞത് അനുസരിക്കാത്ത ഭാര്യയെ എനിക്ക് വേണ്ടാ " ഹരൻ സീരയസായി പറഞ്ഞതും അവൾക്ക് പേടിയാവാൻ തുടങ്ങിയിരുന്നു. അവരുടെ കാർ ചെന്ന് നിന്നത് ഒരു ചെറിയ ടെറസ് വീട്ടിൽ ആണ്. ആ വീട്ടിനു മുന്നിൽ കുറച്ചു പേർ ഇരിക്കുന്നുണ്ട് " ഇറങ്ങ് " അവൻ ഡോർ തുറന്നു. അവൾ ഇല്ലാ എന്ന് തലയാട്ടിയതും ഹരൻ അവളുടെ കൈ പിടിച്ച് വലിച്ചിറക്കി. വീട്ടിന്റെ മുന്നിലായി ഇട്ടിരിക്കുന്ന ചെയറിലായി ഇരുന്നു. " എന്തിനാ ഡോക്ടറേ കാണാൻ വന്നിരിക്കുന്നത്. നിനക്ക് വല്ല അസുഖവും ഉണ്ടാേ ഹരാ " നിധിക അടുത്തിരിക്കുന്നവനോടായി പറഞ്ഞതും രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി. അവിടെ ഡോക്ടറെ കാണാൻ വന്ന മറ്റു രോഗികൾ അത്ഭുത ജീവിയെ പോലാണ് നിധികയെ നോക്കുന്നത്.

രാവിലെ എഴുന്നേറ്റ അതേ വേഷത്തിലാണ് ഇവിടേക്ക് വന്നത്. മുടിയെല്ലാം ഒരുമിച്ച് നെറുകയിൽ കെട്ടിവച്ച് ഒരു ടീഷർട്ടും ഹാഫ് പാൻസും ആണ് വേഷം. കുറച്ച് കഴിഞ്ഞതും അവൾ ഹരന്റെ തോളിൽ തട്ടി വിളിച്ചു. അവൻ എന്താ എന്ന രീതിയിൽ അവളെ നോക്കി. " നമ്മൾ വന്നതിനു ശേഷം അല്ലേ അവർ വന്നത്. പിന്നെന്താ നമ്മളേക്കാൾ മുൻപേ അവർ ഡോക്ടറേ കാണുന്നേ " " ഡോക്ടറെ വേഗം കണ്ടിട്ട് വീട്ടിൽ തിരിച്ച് പോയി നിനക്ക് മല മറക്കുന്ന പണിയൊന്നും ഇല്ലാലോ " അവൾ ഇല്ലാ എന്ന് പറഞ്ഞ് തോൾ അനക്കി. കുറച്ച് കഴിഞ്ഞതും എല്ലാ രോഗികളും പോയി. അതോടെ ഹരൻ അകത്തേക്ക് നടന്നു. പിന്നാലെ നിധികയും. " ആഹ് ഇന്ദ്രാ വാടോ. വന്നിട്ട് കുറേ നേരം ആയോ " അവനെ കണ്ടതും ഡോക്ടർ പരിചയ ഭാവത്തിൽ ചോദിച്ചു. " ഇല്ല കുറച്ച് നേരം ആയതേ ഉള്ളു. " " താൻ എന്നാ ഏർണാ കുളത്തു നിന്ന് വന്നത് " " രണ്ട് മാസമായി കാണും. ആദി ഇവിടെ സെറ്റിലായി അല്ലേ " " മമ്. നമ്മൾ വെറുതെ നമ്മുടെ നാടും വീടും ഉപേക്ഷിച്ച് വല്ല സ്ഥലത്തും പോയി കഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. അതുകൊണ്ട് ഇവിടെ തന്നെ സ്ഥിരം ആയി. നിന്റെ കല്യാണം കഴിഞ്ഞു അല്ലേ " " മമ്. പെട്ടെന്നായിരുന്നു. അതുകൊണ്ട് ആരെയും വിളിക്കാം പറ്റിയില്ല. " മറുപടിയായി ഡോക്ടർ ഒന്ന് മൂളി കൊണ്ട് നിധികയെ നോക്കി.

" നിധിക എന്നല്ലേ പേര്. ഇന്ദ്രൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. " ഡോക്ടർ സീറ്റിലേക്ക് ചാരി ഇരുന്ന് ഗൗരവത്തിൽ പറഞ്ഞു. " ഞാനും ഇന്ദ്രനും പണ്ട് ക്ലാസ്മേറ്റ്സ് ആയിരുന്നു. നിധിക ഇപ്പോ എന്ത് ചെയ്യുന്നു. പഠിക്കുന്നില്ലേ " " ഇല്ല ഡിഗ്രി കഴിഞ്ഞു " "മ്മ്. വീട്ടിൽ ആരൊക്കെ ഉണ്ട് " " അച്ഛൻ അമ്മ അനിയൻ " " നിധികക്ക് എത്ര വയസായി " " 20" " വെറും 20 വയസ് മാത്രം പ്രായമുള്ള നിധികക്ക് ഉറക്കം പോലും വരാതെ ഇരിക്കാൻ തക്ക എന്ത് പ്രശ്നമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് " ഡോക്ടർ ചോദിച്ചതും അവൾ തല താഴ്ത്തി ഇരുന്നു. " ഈ ഹൈ ഡോസ് സ്ലീപ്പിങ്ങ് ടാബ്ലറ്റ് തന്റെ ഹെൽത്തിനെ ബാധിക്കും എന്ന് അറിയില്ലേ തനിക്ക് " അവൾ മറുപടിയായി തലയാട്ടി. " പിന്നെ എന്തിന് താൻ ഇത് ഉപയോഗിക്കുന്നു. തന്റെ ഈ ഹാബിറ്റ് ഇല്ലാതാക്കാനാണ് ഞാൻ ചോദിക്കുന്നത്. നിധിക തല കുനിച്ചിരിക്കാതെ ഒരു ഉത്തരം പറയു " " അത് ....പിന്നെ .... ഞാൻ എനിക്ക് ... എന്റെ .. എനിക്ക് " അവൾക്ക് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയാതെ നിറ മിഴിയോടെ ഹരനെ നോക്കി. " എന്നാ ഒരു കാര്യം ചെയ്യാം ഇന്ദ്രൻ കുറച്ച് നേരം പുറത്തിരിക്കട്ടെ . നമ്മുക്ക് സംസാരിക്കാം " അവളുടെ മുഖഭാവം കണ്ട് ഡോക്ടർ പറഞ്ഞു. " നിങ്ങൾ സംസാരിക്ക്. ഞാൻ പുറത്തുണ്ടാവും " ഹരൻ ചെയറിൽ നിന്നും എണീക്കാൻ നിന്നതും നിധിക അവന്റെ കയ്യിൽ കയറി പിടിച്ചു.

" വേണ്ടാ ഹരാ. പോവല്ലേ പ്ലീസ് " " എയ് താൻ കരയാതെ ഞാൻ കൂടെയുണ്ട് " അവളുടെ വിരലിൽ തന്റെ വിരൽ കോർത്ത് പിടിച്ച് ഹരൻ ചെയറിലേക്ക് തന്നെ ഇരുന്നു. "എന്റെ ഇച്ചായൻ ആണ് എന്റെ ഉറക്കം കളയുന്നത്. ഇച്ചായന്റെ ഓർമകൾ . " " ഇച്ചായനോ. അതാരാ " ഡോക്ടർ " അലക്സി പാലമറ്റത്തിൽ . ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാ ഇച്ചായനെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഇച്ചായൻ എന്റെ കോളേജിൽ തന്നെ പിജി ചെയ്യാ . ആദ്യമൊക്കെ എനിക്ക് ഒരു സിനിയറോട് തോന്നുന്ന വെറും ക്രഷ് മാത്രമായിരുന്നു. പിന്നീട് അത് എപ്പോഴോ പ്രണയമായി മാറി. ഒരുപാട് പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടാ ഇച്ചായൻ എന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത്. പക്ഷേ പിന്നീട് ഞാൻ സ്നേഹിച്ചതിന്റെ ഇരട്ടി ഇച്ചായൻ എന്നേ തിരിച്ച് സ്നേഹിക്കാൻ തുടങ്ങി. ഞാൻ എന്ന് പറഞ്ഞാൽ ആ മനുഷ്യന് ജീവനായിരുന്നു. അങ്ങനെ ആ വർഷം തന്നെ ഇച്ചായന്റെ കോഴ്സ് കപ്ലീറ്റ് ആയി. ഒരു വർഷം വെറുതെ ചുറ്റി തിരിഞ്ഞ് നടന്നു എങ്കിലും പിന്നീട് ഇച്ചായൻ അപ്പയുടെ കമ്പനിയിൽ ജോലിക്ക് കയറി. എന്റെ ഡിഗ്രി കഴിയുമ്പോഴേക്കും ഇച്ചായനും ജോലിയൊക്കെ ആയി സെറ്റിൽഡായി. എന്റെ വീട്ടിൽ ഞങ്ങളുടെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛൻ ആദ്യം എതിർത്തു.

ജാതി മതം അങ്ങനെ ഓരോ കാര്യങ്ങൾ. അവസാനം ഇച്ചായൻ തന്നെ നേരിട്ട് വന്ന് സംസാരിച്ചപ്പോൾ അവർക്ക് സമ്മതിക്കാതെ വേറെ വഴി ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടു വീട്ടുക്കാരുടേയും സമ്മതത്തോടെ ഒഫീഷ്യലായി പെണ്ണ് കാണൽ കഴിഞ്ഞ് എൻഗേജ്മെന്റ് വരെ കാര്യങ്ങൾ എത്തി. പക്ഷേ പെട്ടെന്ന് അച്ഛനും അമ്മയും എല്ലാത്തിനും എതിരായി. അത്രയും നാൾ എല്ലാത്തിനും സമ്മതം മൂളിയ അച്ഛൻ അന്യ മതത്തിൽ പെട്ടവന് മകളെ കൊടുക്കില്ലാ എന്ന് തീർത്ത് പറഞ്ഞു. കാര്യങ്ങൾ ആകെ പ്രശ്നത്തിലായി. ഇച്ചായനും അപ്പയും അമ്മയും വീട്ടിൽ വന്ന് സംസാരിച്ചു എങ്കിലും അച്ഛൻ സമ്മതിച്ചില്ല. അവസാനം ഇച്ചായന്റെ കൂടെ ഞാൻ ഇറങ്ങി പോകും എന്നായപ്പോൾ ആത്മഹത്യ ഭീഷണി. അവരുടെ ഇമോഷണൽ ബ്ലാക്ക്മെയ്ലിനു മുന്നിൽ ഞാൻ തോറ്റു. അന്ന് കരഞ്ഞു കൊണ്ടാണ് എന്റെ ഇച്ചായൻ ഇറങ്ങി പോയത്. " അവൾ പറയുന്നതെല്ലാം കേട്ട് ഡോക്ടർ ആദി ആദ്യം നോക്കിയത് ഹരനെയാണ്. അവിടെ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലെന്ന് മനസിലായതും ഡോക്ടർ ഒരു നിശ്വാസത്തോടെ സീറ്റിലേക്ക് ചാരി ഇരുന്നു. " അപ്പോ അലക്സി ആണ് തന്റെ ഉറക്കം കളയുന്നത്. അത് കഴിഞ്ഞ കാര്യം അല്ലേ നിധിക. താൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യ്തു . ബാക്കിയൊക്കെ വിധിയാണെന്ന് കരുതുക. പക്ഷേ ഇത് മാത്രമല്ലാ നിധികയുടെ പ്രശ്നം " ഡോക്ടർ അത് പറഞ്ഞതും നിധിക ഞെട്ടലോടെ തല ഉയർത്തി നോക്കി.

" പറയു നിധിക. എന്താണ് അടുത്ത പ്രശ്നം " അയാൾ ടേബിളിലേക്ക് കൈ കുത്തി നിധികയെ ഉറ്റു നോക്കി. " ഇച്ചായൻ അന്ന് ഇറങ്ങി പോയതിൽ പിന്നെ ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. രണ്ട് മൂന്നു കൊല്ലാം ആത്മാർത്ഥമായി പ്രണയിച്ചവൻ പെട്ടെന്ന് ഒരു ദിവസം ജീവിതത്തിൽ നിന്നും പോയപ്പോൾ എനിക്കും അത് താങ്ങാൻ കഴിഞ്ഞില്ല. എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ആയിരുന്നു. അത് എല്ലാം തീർത്തത് അച്ഛനോടും അമ്മയോടും. ഓർമ വച്ചക്കാലം മുതൽ എന്റെ എല്ലാ കാര്യങ്ങളും നേടി തന്നിരുന്ന അച്ഛൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതിനെ മാത്രം എതിർത്തു. പിന്നീട് അച്ഛനും അമ്മയും എനിക്ക് ശത്രുക്കളായിരുന്നു. ഈ ഒരു കൊല്ലം ഞാൻ കാരണം അവർ സങ്കടപ്പെട്ടതിന് കണക്കില്ലാ." അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി. " നിധിക കാരണം പറഞ്ഞില്ല. " കുറച്ച് നേരത്തെ നിശബ്ദതയെ ഭേദിച്ച് ഡോക്ടർ ചോദിച്ചു. " കല്യാണം കഴിഞ്ഞ് ഞാനും ഹരനും എന്റെ വീട്ടിലേക്ക് പോയതിന്റെ പിറ്റേ ദിവസം എന്റെ ഫോണിലേക്ക് ഒരാളുടെ കോൾ വന്നിരുന്നു. " അവൾ അത് പറഞ്ഞതും നിധികയുടെ കൈയ്യിൽ കോർത്തു പിടിച്ചിരുന്ന ഹരന്റെ കൈകൾ ഒന്ന് വിറച്ചു. അവളുടെ കയ്യിൽ അവൻ മുറുക്കെ പിടിച്ചു. .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story