നീഹാരമായ്: ഭാഗം 20

neeharamayi

രചന: അപർണ അരവിന്ദ്

" ഇത്രയും ചുള്ളൻ ചെക്കൻന്മാരെ ഇവൾക്ക് എവിടെ നിന്നു കിട്ടുന്നോ എന്താേ. ചെക്കൻ കോളേജ് ലെക്ച്ചററാ. ഇവളേ പോലെ ഒരു തേപ്പിസ്റ്റിനെ കെട്ടേണ്ടാ ഇയാളുടെ ഒരു അവസ്ഥ " " താ നോക്കട്ടെ നിച്ചു. " മാധു ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു " ഇത് .. ഇത് ഭൂമി ചേച്ചി അല്ലേ. ഈ ചേച്ചീടെ കല്യാണം ആയോ " മാധു സംശയത്തോടെ ചോദിച്ചു. " നിനക്ക് ഇവളെ അറി.. " പെട്ടെന്ന് എന്തോ ഓർമ കിട്ടിയ പോലെ അടുത്ത നിമിഷം ഫോണും വാങ്ങി നിധിക ഹരന്റെ റൂമിലേക്ക് ഓടി. " ഹ ... ഹരാ... " അവൾ കിതച്ചു കൊണ്ട് വിളിച്ചതും ഓഫീസിലേക്ക് പോകാൻ റെഡിയാവുന്ന ഹരൻ ഞെട്ടി തിരിഞ്ഞു. " ഭൂമി.... ഭൂമികയുടെ പഴയ കാ... കാമുകൻ അല്ലേ നീ " നിധിക കിതപ്പ് അടക്കി കൊണ്ട് പറഞ്ഞതും ഹരന്റെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു. അതോടെ തന്റെ സംശയം ശരിയാണെന്ന് മനസിലായ നിധിക ഉറക്കെ പൊട്ടി ചിരിച്ചു കൊണ്ട് ബെഡിലേക്ക് വീണു. ചിരി ഒന്ന് അടക്കി ഹരനെ നോക്കുമ്പോൾ അവന്റെ നിൽപ്പും ഭാവവും കണ്ട് അവൾക്ക് വീണ്ടും ചിരി വരും. " ഞാൻ അന്നേ പറഞ്ഞതല്ലേടോ എനിക്ക് തന്നെ എവിടേയോ വച്ച് കണ്ട മുഖ പരിചയം ഉണ്ടെന്ന് . ഞങ്ങൾ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്ന കാലത്ത് എല്ലാ വെള്ളിയാഴ്ച്ചയും നിങ്ങൾ രണ്ടു പേരും കോളേജിനടുത്തുള്ള പാർക്കിൽ പോവാറില്ലേ.

വെള്ളിയാഴ്ച്ച ലാസ്റ്റവർ ഫ്രീ ആയതിനാൽ ഞാനും ഇച്ഛായനും പാർക്കിൽ വരാറുണ്ട്. നിങ്ങൾ സ്ഥിരം ഇരിക്കുന്ന സ്റ്റോൺ ബെഞ്ചിന് ഓപ്പോസിറ്റാണ് ഞങ്ങൾ ഇരിക്കാറുള്ളത് അപ്പോഴോക്കെ ഞാൻ ഇച്ഛനോട് പറയാറുണ്ട് ഇയാളെ എങ്കിലും അവൾ തേക്കാതിരുന്നാ മതിയായിരുന്നു എന്ന് . പക്ഷേ തേച്ചുല്ലേ പാവം . ഈ ഞായറാഴ്ച്ച അവളുടെ കല്യാണമാ " നിധിക ചിരി അടക്കി കൊണ്ട് പറഞ്ഞതും ഹരന് വലിയ ഭാവ വ്യത്യസം ഒന്നും ഇല്ല. " കഴിഞ്ഞോ നിന്റെ പ്രഹസനം. എന്നാ ഞാൻ പോയി ഓഫീസിൽ പോകാൻ റെഡിയായിക്കോട്ടെ " കൈ കെട്ടി നിന്നുള്ള ഹരന്റെ സംസാരം കേട്ട് നിധികയുടെ ചിരി നിന്നു. " അപ്പോ നിനക്ക് സങ്കടം ഇല്ലേ ഹരാ " " എന്തിന്. അതെല്ലാം കഴിഞ്ഞിട്ട് കാലം കുറേയായി. ഞാൻ വേറെ കെട്ടുകയും ചെയ്യ്തു പിന്നെ എന്താ പ്രശ്നം " അവൻ നിസാരം മട്ടിൽ പറഞ്ഞ് ഓഫീസിൽ പോവാൻ റെഡിയായി. " കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അയ്യാേ കാക്കച്ചി കൊത്തി പോയി. പാവം എന്റെ ഹരൻ . നിരാശ കാമുകനായിരുന്നു എന്നറിയാൻ ഞാൻ വൈകി പോയി.

നമ്മുക്ക് അവളുടെ കല്യാണത്തിന് പോവണ്ടേ ഹരാ. നിന്റെ എക്സ് അല്ലേ " അവനെ ദേഷ്യം പിടിപ്പിക്കാനായി നിധിക ചോദിച്ചതെങ്കിലും ഹരന് ഒരു കുലുക്കവും ഇല്ലായിരുന്നു. " നിനക്ക് ഞായറാഴിച്ച വരെ സമയം ഉണ്ട് ഹരാ. വേണെങ്കിൽ ഒന്ന് ട്രെ ചെയ്ത് നോക്ക്. നിന്റെ ട്രൈയിൽ അവൾ വീണാൽ നീ സ്നേഹിച്ചവളെ നിനക്ക് തന്നെ കിട്ടും. നീ വേറെ ഒരാളെ കെട്ടുന്നതിൽ എനിക്ക് പ്രശ്നമൊന്നും ഇല്ല. ഞാൻ ഡിവേഴ്സ് തരാം " " അയ്യോ പൊന്നു മോള് അത്ര വലിയ കരുണയൊന്നും കാണിക്കണ്ട. ഇവിടെ ഒരു വടയക്ഷിയെ തന്നെ സഹിക്കാൻ വയ്യാ പിന്നെയാണ് ഒരെണ്ണത്തിനെ കൂടി " " വടയക്ഷി നിന്റെ മറ്റവളാടാ . വെറുതെയല്ലാ നിന്നെ അവൾ തേച്ചത്. നിന്റെ ഈ ചൊറിയൻ പുഴു സ്വഭാവം കാരണമാ . എത്ര നല്ല അച്ഛനും അമ്മയും അനിയനും ആണ് നിന്നക്ക്. എന്നിട്ട് താൻ മാത്രം എന്താടോ ഇങ്ങനെ ആയത്. സത്യം പറ നിങ്ങളെ ഇവിടുത്തെ അച്ഛനും അമ്മയും തവിട് കൊടുത്ത് വാങ്ങിയത് അല്ലേ " അപ്പോഴത്തെ വാശിയിൽ ജയിക്കാനായി നിധിക വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു. പക്ഷേ അതെല്ലാം ഹരന്റെ മനസിനെ എത്രത്തോളം ബാധിക്കും എന്ന് അവൾക്ക് അറിയുമായിരുന്നില്ല. അവൾ പറയുന്നതെല്ലാം കേട്ട് ഹരൻ ഒരു നിമിഷം തറഞ്ഞ് നിന്നു .

കണ്ണിൽ കണ്ണീരിന്റെ നനവ് പടർന്നതും അവൻ വേഗം മുഖം തിരിച്ചു. തന്റെ ലാപ്പും ഫോണും പേഴ്സും എടുത്ത് അടുത്ത നിമിഷം ഹരൻ പുറത്തേക്കിറങ്ങി പോയി. എതാനും സെക്കന്റിനുള്ളിൽ അവന്റെ കാറ് വലിയ ഇരമ്പലോടെ ഗേറ്റ് കടന്ന് പോകുകയും ചെയ്തു. " താൻ തമാശയല്ലേ പറഞ്ഞത്. പക്ഷേ ഹരന്റെ കണ്ണെന്തിനാ നിറഞ്ഞത്. അതോ ഞാൻ പറഞ്ഞത് ഇത്തിരി കൂടി പോയാേ. അവനെ വെറുപ്പിക്കാൻ വേണ്ടിയാണ് ഭൂമിയുടെ പേരിൽ കളിയാക്കിയത്. പക്ഷേ അരുത് എന്ന് മനസ് ഒരായിരം വട്ടം പറഞ്ഞതാണ്. കാരണം ഇച്ചായന്റെ പേര് പറഞ്ഞ് ഒരിക്കൽ പോലും ഹരൻ തന്നെ കുറ്റപ്പെടുത്തിയിട്ടോ സങ്കടപ്പെടുത്തിയിട്ടോ ഇല്ലാ . ഞാൻ ചെയ്തത് തെറ്റാ " അവൾ അസ്വസ്ഥമായ മനസോടെ താഴേക്ക് ഇറങ്ങി ചെന്നു. മാധു ക്ലാസിൽ പോവാൻ ഇറങ്ങുകയാണ്. കൈയ്യിന് വയ്യാത്തത് കൊണ്ടും വണ്ടി സ്റ്റേഷനിലും ആയതിനാൽ അച്ഛൻ അവനെ കോളേജിലാക്കാൻ കൂടെ പോയി. " ഹരൻ അല്ല ഇന്ദ്രേട്ടൻ കഴിക്കാൻ നിന്നില്ലേ അമ്മ " " എയ് ഇല്ല. എത്ര തിരക്കാണെങ്കിലും അവൻ കഴിച്ചിട്ടെ ഇറങ്ങാറുള്ളു. ഇന്ന് ചെക്കന് എന്ത് പറ്റി എന്താേ "

അമ്മയുടെ ആ വാക്കുകൾ അവളുടെ സ്വസ്ഥത കളഞ്ഞിരുന്നു. പിന്നീട് അമ്മയെ പണികളിലും മറ്റും സഹായിക്കാൻ കൂടിയെങ്കിലും അവളുടെ മനസിൽ മുഴുവൻ ഹരനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ഉച്ചക്ക് മുൻപ് അമ്മയുടെ ഫോണിലേക്ക് നിഖി വിളിച്ചിരുന്നു. അവനോട് ഫോണിൽ സംസാരിച്ച് തല്ല് കൂടി പിണങ്ങിയാണ് ഫോൺ കട്ട് ചെയ്തത്. ഹരനെ ഒന്ന് വിളിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും അവളുടെ ഈഗാേ അതിന് സമ്മതിച്ചില്ല. ** വൈകുന്നേരം മാധു വന്നതും നിധിയ്ക്ക് കുറച്ച് ആശ്വാസമായി. മാധുവിന്റെ ഫ്രണ്ട് ജിബ്രുട്ടൻ ആണ് അവന്റെ ഒപ്പം സ്റ്റേഷനിൽ പോയി വണ്ടി എടുത്ത് കൊണ്ടുവന്നത്. അവർ നിധികയോട് നല്ല അടുപ്പത്തിൽ സംസാരിച്ചു എങ്കിലും നിധി അവർ ചോദിക്കുന്നതിന്ന് മറുപടി മാത്രമേ പറഞ്ഞുള്ളു. സന്ധ്യക്ക് അവൾ ഉമ്മറത്ത് വന്ന് ഇരുന്നു. ഹരനെ കണ്ട് ഒരു സോറി പറയണം എന്ന് മനസിൽ ഉറപ്പിച്ചാണ് അവൾ ഹരനെ കാത്തിരുന്നത്. സാധാരണ അവൻ വരുന്ന സമയം കഴിഞ്ഞതും നിധിക്ക് പേടിയാവാൻ തുടങ്ങിയിരുന്നു. അവൾ മാധുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫാണ്. നിധികയുടെ വെപ്രാളം കണ്ട് മാധുവും അമ്മയും അച്ഛനും പരസ്പരം നോക്കി ചിരിച്ചു.

അവസാനം മാധു ഹരന്റെ ഒപ്പം വർക്ക് ചെയ്യുന്ന ആളെ വിളിച്ചു. ഉച്ചക്ക് ശേഷം ലീവ് എടുത്ത് ഹരൻ പോയി എന്ന് പറഞ്ഞതും നിധിയുടെ പേടി ഒന്നുകൂടി വർദ്ധിച്ചു. ഒപ്പം അമ്മയുടേയും. " ഈശ്വരാ ഞാൻ കാരണം ഹരന് വല്ലതും പറ്റി കാണുമോ. ഞാൻ രാവിലെ പറഞ്ഞത് അവന് ഹേർട്ട് ആയി കാണും . അവന് ഒന്നും പറ്റല്ലേ ഈശ്വരാ . വേഗം തിരിച്ച് വരണേ അവൻ " നിധിക മനസമാധാനം ഇല്ലാത്തെ ഉമ്മറത്ത് തന്നെ വന്നിരുന്നു. 8 മണി കഴിഞ്ഞതും ഹരന്റെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു. അത് കണ്ട് നിധിക ഓടി മുറ്റത്തേക്ക് ഇറങ്ങി. കാറിന്റെ അരികിലേക്ക് ഓടി വരുന്ന നിധികയെ കണ്ട് ഹരൻ സംശയത്തോടെ കാറിൽ നിന്നും ഇറങ്ങി. " നീ ഇത്ര നേരം എവിടെയായിരുന്നു ഹരാ. ഞാൻ പേടിച്ച് പോയി. ഫോൺ എന്താ ഓഫാക്കി വച്ചിരിക്കുന്നേ " " എന്തേ കാണാതായപ്പോൾ ഞാൻ തട്ടി പോയെന്ന് കരുതിയോ" " ഹരാ " അവൾ ദേഷ്യത്തിൽ വിളിച്ചു. " എന്തിനാ ദേഷ്യപ്പെടുന്നേ. ഞാൻ എങ്ങാനും തട്ടി പോയാ നിനക്ക് പിന്നെ ഡിവേഴ്സിന് എന്റെ പിന്നാലെ നടക്കണ്ടല്ലോ. സ്വന്തം ഇഷ്ടത്തിന് ജീവിക്കാം " ഹരന്റെ ആ വാക്കുകൾ എന്തുകൊണ്ടോ നിധികയെ വേദനിപ്പിച്ചിരുന്നു. " മുറ്റത്ത് നിന്ന് മഞ്ഞ് കൊള്ളാതെ അകത്ത് കയറി വാടീ യക്ഷി . അതോ ഇനി വടയക്ഷി ഗന്ധർവ്വനേയോ ഡ്രാക്കുളയേയോ കാത്ത് നിൽക്കാണോ " മുന്നോട്ട് നടന്ന ഹരൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ തിരിഞ്ഞ് നോക്കി ചോദിച്ചു.

" എന്റെ കൂടെ തന്നെ രക്തം ഊറ്റി കുടിക്കുന്ന ഒരു ഡ്രാക്കുള്ള ഉണ്ടല്ലോ. ഇനി വേറെ ഒന്നിന്റെ ആവശ്യമില്ലാ " അത് പറഞ്ഞ് നിധിക അകത്തേക്ക് കയറി പോയി. ഹരൻ ഇത്ര നേരം എവിടെ പോയി എന്ന് അച്ഛൻ ചോദിച്ചപ്പോൾ ഫ്രണ്ടിന്റെ കൂടെ പുറത്ത് പോയതാണെന്ന് അവൻ കള്ളം പറഞ്ഞു. ** ഹരൻ ഫ്രഷായി വന്നതും അമ്മ ഫുഡ് എടുത്തു വച്ചു. ഒപ്പം നിധിയും അമ്മയെ സഹായിക്കുന്നുണ്ട്. " ഈ ചെക്കൻ ഇതെവിടെ പോയി കിടക്കാ. ഫോണും കുത്തി റൂം അടച്ച് ഇരുന്നോളും ഏതു സമയവും " അമ്മ വിളമ്പുന്നതിനിടയിൽ പറഞ്ഞു. " എടാ മാധു . കഴിക്കാൻ വാടാ " നിധി ഇരുന്നിടത്തു നിന്നും ഉറക്കെ വിളിച്ച് പറഞ്ഞതും ഹരൻ അവളെ ദേഷ്യത്തിൽ നോക്കി. അത് മനസിലായ നിധി വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാൻ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും മാധു പാട്ടും പാടി സ്റ്റയർ ഇറങ്ങി വരുന്നുണ്ടായിരുന്നു. [അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽവെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം song lyrics tune 😁 ] "സ്വന്തം പറമ്പിലേ വാഴ കുലച്ചപ്പോൾ അച്ഛൻ എന്നേ നോക്കി ചിരിച്ചു എനിക്ക് പകരം വാഴ മതിയെന്ന ചിന്ത ഞാൻ അച്ഛനിൽ കണ്ടു. മാമ്മുണ്ണാൻ തേടുമ്പോൾ ഓടിപാഞ്ഞെത്തും വാവാവോ പാടുമ്പോൾ ചാഞ്ഞുറങ്ങും... ഓഫറ് തീരുമ്പോ റീച്ചാർജ് ചെയ്തുടെ പെട്രോളടിച്ചൊന്നു തന്നു കൂടെ ... മാധു പാട്ടു പാടി കൈ കഴുകി ചെയറിൽ വന്ന് ഇരുന്നു . അമ്മ അവന് ഭക്ഷണം വിളമ്പിയ ശേഷം കഴിക്കാനായി ഇരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മാധുവും നിധികയും കലപില സംസാരിക്കുന്നത് കേട്ട് ഹരന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. " മാധു നിന്നോട് പല വട്ടം പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കുമ്പോൾ ഉറക്കെ സംസാരിക്കരുതെന്ന് . നിന്നോടും കൂടിയാ നിധിക" " ഇതെന്താ ഹിറ്റ്ലറിന്റെ ക്യാമ്പോ . " നിധി അത് പറഞ്ഞതും അച്ഛനും അമ്മയും മാധുവും ചിരിച്ചു. " ടാ നിന്റെ സപ്ലി റിസൾട്ട് വന്നോ " ഹരന്റെ കലിപ്പ് കണ്ട് വിഷയം മാറ്റാനായി അച്ഛൻ മാധുനോട് ചോദിച്ചു. അത് കേട്ടതും കഴിച്ചു കൊണ്ടിരുന്നത് തലയിൽ കയറി മാധു ചുമക്കാൻ തുടങ്ങി. " അപ്പോ അതിലും പൊട്ടി എന്ന് അർത്ഥം " അമ്മ പുഛത്തോടെ പറഞ്ഞു. " ഒരു പോലീസ് ആയി നാടിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഒരു ചെറുപ്പക്കാരനെ എഞ്ചിനിയറിങ്ങിന് കൊണ്ടുപോയി ചേർത്തിട്ട് ഇപ്പോ എന്റെ സപ്ലിക്കാണ് കുറ്റം " " നിനക്ക് പോലീസാവാൻ ആയിരുന്നോ മാധു ആഗ്രഹം " നിധി അതിശയത്തോടെ ചോദിച്ചു. " ഇവന് പ്രാന്താ. പണ്ട് എതോ ഒരു പടം കണ്ട് പട്ടാളക്കാരൻ ആവണം എന്ന് പറഞ്ഞ് നടന്നു. കുറച്ച് കാലം വരെ പട്ടാളത്തിൽ പോവണം എന്നായിരുന്നു.

കെ.ജി. എഫ് 2 ഇറങ്ങിയപ്പോൾ ഡോൺ ആവണം എന്നായി. വൈകുന്നേരം ഇരുന്ന് കൽക്കി കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ അടുത്തത് ഇനി പോലീസ് ആയിരിക്കുമെന്ന് "അമ്മ പറഞ്ഞു. " ഏത് സിനിമ കണ്ടാ നീ പട്ടാളത്തിൽ പോവാൻ നിന്നത്. " നിധിക ചോദിച്ചു. " Vaaranam aayiram.... നെഞ്ചുക്കുൾ പെയ്‌തിടും മാമഴൈ നീരുകുൾ മൂഴ്ഗിടും താമരൈ സട്ടേന്ദ്രു മാറുതു വാനിലൈ പെണ്ണേ ഉൻമേൽ പിഴൈ " " മാധു " ഹരന്റെ ശബ്ദം ആകെ അവിടെ അലയടിച്ചു. അത് കേട്ട് പാട്ട് പാട് അഭിനയിച്ചു കൊണ്ടിരുന്ന മാധു വേഗം കഴിച്ച് കൈ പോലും കഴുകാതെ എണീറ്റോടി. ** കുറേ നേരം ആയിട്ടും നിധികയേ റൂമിലേക്ക് കാണാതെ ആയതും ഹരൻ അവളെ അന്വേഷിച്ച് താഴേക്ക് ഇറങ്ങി വന്നു. " മോള് ഇങ്ങനെ കരയാതെ . നാളെ മാധുവിനേയും കൂട്ടി വീട് വരെ പോയിട്ട് വാ. ജിത്തുവിന് തിരക്ക് ആയിരിക്കും. ഇവൻ മോളുടെ കൂടെ വരും" " അതെ നിച്ചു എന്റെ പഠിപ്പ് കളഞ്ഞിട്ടാണെങ്കിലും ഞാൻ നിന്റെ കൂടെ വരും. നീ കരച്ചിൽ നിർത്ത് " നിധിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സമാധാനിപ്പിക്കുകയാണ് മാധുവും അമ്മയും " എന്താ ഇവിടെ " ഹരൻ അത് കണ്ട് ചോദിച്ചു. " നിച്ചുന്ന് അമ്മയേയും അച്ഛനേയും കാണാൻ തോന്നാന്ന്. സങ്കടം കൊണ്ട് കരയാ പാവം " മാധു " നാളെ എന്തായാലും മോള് വീട് വരെ പോയിട്ട് വരട്ടെ ജിത്തു. "

" മ്മ്. ഞാൻ നാളെ ലീവ് എടുക്കാം എന്നിട്ട് ഒരുമിച്ച് പോവാം" " എയ് അത് വേണ്ടാ " ഹരന്റെ ഭാഗത്ത് നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി കേട്ട് നിധി പറഞ്ഞു. " അതെന്താ " ഹരൻ " അത് പിന്നെ നിനക്ക് അല്ലാ ഇന്ദ്രേട്ടന് ഓഫീസിൽ പോവേണ്ടത് അല്ലേ. ഞാൻ മാധുവിനെ കൂട്ടി പോയി കൊള്ളാം " " നിങ്ങൾ രണ്ട് പേരും പോയി കിടക്കാൻ നോക്ക്. ഇവളുടെ സങ്കടം ഞാൻ മാറ്റി കൊടുത്തോളാം " ഹരൻ അത് പറഞ്ഞതും അമ്മയും മാധുവും റൂമിലേക്ക് പോയി. " നാളെ രാവിലെ പോയി വൈകുന്നേരം ഇവിടെ തിരിച്ച് എത്തി കൊള്ളണം. നിന്റെ മനസിലിരിപ്പ് എന്താന്നൊക്കെ എനിക്ക് അറിയാം " കള്ളം പിടിക്കപ്പെട്ടതും നിധി ആകെ ഞെട്ടി. " എന്താടി യക്ഷി നോക്കി പേടിപ്പിക്കുന്നേ. വന്ന് കിടക്കാൻ നോക്ക് " അത് പറഞ്ഞ് ഹരൻ റൂമിലേക്ക് നടന്നു. അവനെ പ്രാകി കൊണ്ട് പിന്നാലെ നിധികയും. *** " യക്ഷീ " സ്നേഹത്തോടെയുള്ള വിളി കേട്ട് നിധി പതിയെ കണ്ണ് തുറന്നു. മുന്നിൽ നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുന്ന ഹരനെ കണ്ട് അവൾ ഒന്നു കൂടി കണ്ണ് ചിമ്മി തുറന്നു. " എണീക്ക് സമയം 7 മണി കഴിഞ്ഞു " അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ച് ഹരൻ പറഞ്ഞു.

" എണീക്ക് പെണ്ണേ ഇങ്ങനെ അന്തം വിട്ട് കിടക്കാതെ " ഹരൻ തന്നെ അവളെ ബെഡിൽ നിന്നും എണീപ്പിച്ചു. " സ്വപ്നത്തിൽ ആണെങ്കിലും എന്നെ നോക്കി ഇങ്ങനെ ചിരിക്കല്ലേ ഹരാ. ഞാൻ എങ്ങാനും നിന്നെ പ്രേമിച്ച് പോയാലോ " അവൾ പറയുന്നത് കേട്ട് ഹരന്റെ മുഖം പെട്ടെന്ന് മാറി. " ഡീ " അവന്റെ അലർച്ചയാണ് അത് സ്വപ്നമല്ല എന്ന നഗ്ന സത്യം നിധികക്ക് മനസിലായത്. " ഓഹ് സോറി സോറി . ഇത് സ്വപ്നമല്ലാ നിധികാ " അവൻ സ്വയം ദേഷ്യം നിയന്ത്രിച്ച് പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. " എന്താ ഇപ്പോ ഇങ്ങനെയൊക്കെ " ഹരന്റെ ആ ഭാവമാറ്റത്തിനർത്ഥം മനസിലാവാതെ നിധി ചോദിച്ചു. അത് കേട്ട് ഹരൻ അവളുടെ അരികിലേക്ക് നടന്നടുത്ത് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു. " Surprise" അവൻ കാതിലായി പതിയെ പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു. സ്റ്റയർ ഇറങ്ങി താഴേക്ക് എത്തിയതും ഹാളിലെ കാഴ്ച്ച കണ്ട് നിധികയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story