നീഹാരമായ്: ഭാഗം 21

neeharamayi

രചന: അപർണ അരവിന്ദ്

" സ്വപ്നത്തിൽ ആണെങ്കിലും എന്നെ നോക്കി ഇങ്ങനെ ചിരിക്കല്ലേ ഹരാ. ഞാൻ എങ്ങാനും നിന്നെ പ്രേമിച്ച് പോയാലോ " അവൾ പറയുന്നത് കേട്ട് ഹരന്റെ മുഖം പെട്ടെന്ന് മാറി. " ഡീ " അവന്റെ അലർച്ചയാണ് അത് സ്വപ്നമല്ല എന്ന നഗ്ന സത്യം നിധികക്ക് മനസിലായത്. " ഓഹ് സോറി സോറി . ഇത് സ്വപ്നമല്ലാ നിധികാ " അവൻ സ്വയം ദേഷ്യം നിയന്ത്രിച്ച് പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. " എന്താ ഇപ്പോ ഇങ്ങനെയൊക്കെ " ഹരന്റെ ആ ഭാവമാറ്റത്തിനർത്ഥം മനസിലാവാതെ നിധി ചോദിച്ചു. അത് കേട്ട് ഹരൻ അവളുടെ അരികിലേക്ക് നടന്നടുത്ത് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു. " Surprise" അവൻ കാതിലായി പതിയെ പറഞ്ഞു. ശേഷം അവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു. സ്റ്റയർ ഇറങ്ങി താഴേക്ക് എത്തിയതും ഹാളിലെ കാഴ്ച്ച കണ്ട് നിധികയുടെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി " ഇവർ ഒക്കെ എന്താ ഇവിടെ. " അച്ഛനേയും അമ്മയേയും നിഖിയേയും കണ്ട് നിധി ചോദിച്ചു. " ഇത് എന്ത് ചോദ്യമാ പൊന്നേ. നീയല്ലേ ഇന്നലെ ഇവരെ കാണണം എന്ന് പറഞ്ഞു കരഞ്ഞത്. അതുകൊണ്ട് അല്ലേ ഞാൻ ഇവരെ അതിരാവിലെ ഇവരെ ഇങ്ങോട്ട് വിളിപ്പിച്ചത് " " പൊന്നോ " ഹരന്റെ സ്നേഹ പ്രകടനം കണ്ട് നിധി അന്തം വിട്ടു. "

ഞങ്ങൾ ഇന്ന് കുടുംബ ക്ഷേത്രത്തിൽ പോകാൻ നിൽക്കായിരുന്നു. അപ്പോഴാ ജിത്തു മോൻ വിളിച്ചത്. അതോടെ അമ്പലത്തിൽ പോയി നേരെ ഇങ്ങോട്ട് വന്നു. " അമ്മ അത് പറഞ്ഞ് നിധിയെ കെട്ടിപിടിച്ചു. " അത് വളരെ വളരെ നന്നായി " മുഖത്ത് ചിരി വരുത്തി നിധി പറഞ്ഞു. " നീ മനസിൽ കാണ്ടാൽ ഞാൻ അത് മാനത്ത് കാണും മോളേ യക്ഷി " ഹരൻ പതിയെ അവളോടായി പറഞ്ഞതും രൂക്ഷമായ നോട്ടമായിരുന്നു മറുപടി. " നിങ്ങൾ എല്ലാവരും വരു. ഞാൻ ചായ എടുത്ത് വച്ചിട്ടുണ്ട് "അമ്മ എല്ലാവരേയും ഡെയ്നിങ്ങ് ഹാളിലേക്ക് ക്ഷണിച്ചു "ഉസ്കൂളിലെ കഞ്ഞി പുരയിൽ കഞ്ഞി വക്കണ കഞ്ഞി താത്താന്റെ കൂട്ടിനായ് കഥ പറയാൻ കൂട്ടാൻ വക്കണ കയിലുണ്ട്. അല്ലി മരത്തിലെ വിറകുണ്ടേയ് റേഷൻ കാർഡിലെ അരിയുണ്ടേയ് നല്ല കത്തണ വിറകാണേ നല്ല വേവണ അരിയാണേ " എക്പ്രഷനും ഇട്ട് പാട്ട് പാടി സ്റ്റയർ ഇറങ്ങി വന്ന മാധു ഹാളിൽ ഇരിക്കുന്നവരെ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി. അവന്റെ പാട്ട് കേട്ട് ഹാളിൽ ഇരിക്കുന്നവരുടെ അവസ്ഥയും എറെ കുറെ അങ്ങനെ ആയിരുന്നു. " അത് അത് പിന്നെ ഞാൻ വെറുതെ ഒരു രസത്തിന് പാടിയതാ" രാവിലെ നേരത്തെ എണീറ്റ് കുളിക്കുക പോലും ചെയ്യാതെ നിധികയുടെ വീട്ടിൽ പോവാൻ അണിഞ്ഞൊരുങ്ങി വന്ന മാധു എല്ലാവരേയും ഹാളിൽ കണ്ടതും ഒന്നു പരുങ്ങി.

" രാവിലെ തന്നെ അണിഞ്ഞൊരുങ്ങി നീ ഇത് എങ്ങോട്ടാ " അവന്റെ ഷർട്ടും പാന്റും കൂളിഗ്ലാസും ഒക്കെ കൂടി കണ്ട് അച്ഛൻ ചോദിച്ചു. " അത് പിന്നെ ഇന്നലെ എട്ടൻ പറഞ്ഞില്ലേ നിച്ചു ന്റെ വീട്ടിൽ പോവണം എന്ന് അതു കൊണ്ട് പോവാൻ റെഡിയായതാ" മുഖത്തെ ഗ്ലാസ് മാറ്റി അവൻ പറഞ്ഞു. " കോളേജിലേക്ക് ഇറങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപ് എണീറ്റ് റെഡിയാവുന്നവനാ ഇന്ന് നേരത്തെ എണീറ്റിരിക്കുന്നേ " അമ്മയുടെ ഡയലോഗ് കൂടി വന്നതും മാധു ആകെ ചമ്മി നാറി. " എല്ലാവരും കഴിക്കാൻ വാ " അവന്റെ രക്ഷക്കായി നിധി അപ്പോഴേക്കും എത്തി. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. നിധിക അതിനിടയിൽ ഹരനെ നോക്കി പേടിപ്പിക്കാനും മറന്നില്ല. ** "എടീ മാളു ഈ പ്രസാദം ഒന്ന് ജിത്തുന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തേ" ഫോണിൽ നോക്കിയിരിക്കുന്നവളോട് അമ്മ പറഞ്ഞു. " എനിക്കൊന്നു വന്ന അവിടേക്ക് പോവാൻ . ആ ചേച്ചി കല്യാണം കഴിഞ്ഞ് ഇവിടേക്ക് വന്ന ദിവസം നിങ്ങൾ എല്ലാവരും കൂടി എന്നേ നാണം കെടുത്തിയില്ലേ " " അതിന് കാരണം നീ തന്നെ അല്ലേ. അവളും അവളുടെ ഒരു bts ക്കാരും " " ഞാനോ. നിങ്ങൾ അല്ലേ ഓരോ മണ്ടത്തരം കാണിച്ച് മനുഷ്യനെ നാണം കെടുത്തിയത് " " മതി മതി. നീ ഇത് കൊണ്ടു കൊടുത്തേ.

മാധു മോന് അമ്പലത്തിലെ പായസം നല്ല ഇഷ്ടമാ " " പറ്റില്ല. ആ മാധു എന്നും എന്നേ കൊറിയയിലേക്ക് കല്യാണം ആലോചിച്ചതിനെ കളിയാക്കും. ഞാൻ പോവില്ല " " കിണുങ്ങാതെ പോയി കൊണ്ടു കൊടുക്കടി " അമ്മ അലറിയതും അവൾ ദേഷ്യത്തിൽ പ്രസാദവുമായി പുറത്തേക്ക് ഇറങ്ങി. " എടാ മാധു നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നീ ഫാമിലി ഗ്രൂപ്പിൽ എന്റെ ഉറങ്ങുന്ന ഫോട്ടോ ഇട്ട് നാറ്റിച്ചില്ലേ. എന്നേ കളിയാക്കിയില്ലേ. ഞാൻ പലിശയും കൂട്ടുപലിശയും ചേർത്ത് തരുന്നുണ്ട് " മാളു മുന്നോട്ട് നടന്നുകൊണ്ട് പറഞ്ഞു. " തേടിയ വള്ളി കാലിൽ ചുറ്റി " ഗേറ്റ് കടന്ന മാളു ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് നടന്നു. തെങ്ങിൻ ചുവട്ടിൽ ഫോൺ ചെയ്യ്ത് നിൽക്കുന്നവന്റെ പുറം നോക്കി ഒറ്റ ചവിട്ട് . " " അമ്മേ" വലിയ കരച്ചിലോടെ തെങ്ങിൻ ചുവട്ടിൽ ചെന്ന് വീണതും മാളു ഉറക്കെ ചിരിക്കാൻ തുടങ്ങി. " ഞാൻ അപ്പോഴേ പറഞ്ഞതാ തെങ്ങിന്റെ ചോട്ടില് നിൽക്കണ്ടാന്ന്. ഇപ്പോ കണ്ടില്ലേ കൊട്ട തേങ്ങ മണ്ടയില് വീണത് " മാധു അകത്ത് നിന്ന് പുറത്തേക്ക് ഓടി വന്നു. " നീയെന്താ ഇവിടെ. അപ്പോ അത് ആരാ " തെങ്ങിൻ ചോട്ടിൽ കിടക്കുന്നവനെ ചൂണ്ടി മാളു ചോദിച്ചു. " നീ ഞങ്ങടെ ചെക്കനെ തട്ടി മറച്ചിട്ടോടി കാലകേയത്തി" മാധു വേഗം നിഖിയെ പിടിച്ചെഴുന്നേൽപ്പിച്ചു. " അയ്യോ ... അമ്മേ" നടുവിന് താങ്ങി നിഖി എണീറ്റു.

" I am really sorry. ഈ മാധു പൊട്ടനാണെന്ന് കരുതിയാ ഞാൻ ചവിട്ടിയത് " " എടീ ദുഷ്ടി നിനക്ക് എങ്ങനെ തോന്നിയെടി . ഞാൻ കരുതിയത് എന്റെ നടു പുറത്ത് ഒണക്ക തേങ്ങ വീണതാന്നാ " നിഖി പുറം ഉഴിഞ്ഞു. " സോറി ഡോ. ശരിക്കും എനിക്ക് ആള് മാറിയതാ . അല്ലാ ഇതാരാ മാധു. നിന്റെ ഫ്രണ്ടാണോ " " നിനക്ക് മനസിലായില്ലേ . ഇത് നമ്മുടെ നിച്ചുവിന്റെ ബ്രദർ ആണ് . എന്നേ പോലെ എഞ്ചിനിയറിങ്ങാണ് " " ഹായ് ഞാൻ മാളവിക. മാളൂന്ന് വിളിക്കും. ഇവന്റെ വല്യച്ഛന്റെ മകളാ " മാളു കൈ നീട്ടി " എന്റെ പേര് നിഖിൽ " അവനും തിരിച്ച് കൈ കൊടുത്തു. " അല്ലാ നീയെന്താ പതിവില്ലാതെ ഈ വഴി " മാധു " അമ്പലത്തിലെ പായസമാ . ഇത് തരാൻ വന്നതാ" " എന്നാ അകത്തേക്ക് വാ. അവിടെ എല്ലാവരും ഉണ്ട് " " എയ് ഞാനില്ല. അകത്ത് ഗസ്റ്റ് ഉള്ളതല്ലേ . ഞാൻ പിന്നെ ഒരു ദിവസം വരാം. ബയ് നിഖി . ശരിയെടാ മാധു " മാളു യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു. " പാൽ പായസമാണെന്ന് തോന്നുന്നു. നിനക്ക് ഇഷ്ടമാണോ നിഖി " പായസം മണത്ത് കൊണ്ട് മാധു ചോദിച്ചതും മറുപടി കേൾക്കാതെ തല തിരിച്ച് നോക്കിയപ്പോൾ മാളു പോവുന്നത് തന്നെ നോക്കി നിൽക്കാണ് നിഖി " കാണാൻ ലുക്കുണ്ടെന്നേ ഉള്ളു പരട്ട സ്വഭാവം ആണ് " " എ... എന്താ " പെട്ടെന്ന് നിഖി ഞെട്ടി. "

കാണാൻ മാത്രമേ ലുക്കുള്ളു. എന്റെ അനിയത്തി ആയതു കൊണ്ട് പൊക്കി പറയല്ലാ ഊളയാ " " അയ്യോ ഞാൻ അങ്ങനെയൊന്നും ഉദേശിച്ചില്ല. വെറുതെ നോക്കിന്നേ ഉള്ളൂ " " നമ്മൾ ആദ്യം വെറുതെ ഒന്നും നോക്കും. അങ്ങനെ നാലഞ്ച് വട്ടം വെറുതെ നോക്കുമ്പോൾ പിന്നെ ശരിക്കും നോക്കാൻ തുടങ്ങും. അപ്പോ ഒന്ന് പ്രേമിച്ചാ കൊള്ളാം എന്നാവും. പിന്നെ അതങ്ങ് അസ്ഥിക്ക് പിടിക്കും. പിന്നെ അങ്ങനെ അവസാനം കല്യാണത്തിൽ വന്ന് നിൽക്കും. അവളെ കെട്ടുന്നതിന് മുൻപ് ഒരു സേഫ്റ്റിക്ക് നാലഞ്ച് ലൈഫ് ഇൻഷൂറൻസ് എടുത്ത് വച്ചാ നന്ന്. ആറ്റം ബോംബിന് കയ്യും കാലും വച്ച സൈസ് ആണ് . " " അത്രക്കും ഡെയ്ഞ്ചറാണോ " " അത്രക്ക് ഒന്നും ഇല്ലാ. ഞാൻ കുറച്ച് ബിൾഡപ്പ് കൊടുത്തുന്നേ ഉള്ളൂ. അതൊക്കെ പോട്ടെ നമ്മുടെ ആതിര , ആരതി, ഐശ്വര്യ, അശ്വതി ഒക്കെ എന്ത് പറയുന്നു. " " ഇതൊക്കെ ആരാ " " ശ്ശേ . വീട്ടിനടുത്തുള്ള പെൺപിള്ളേരുടെ പേര് പോലും അറിയില്ലാന്ന് പറഞ്ഞാ ലജ്ജാവഹം. ഇത്രയും ദൂരത്തുള്ള എനിക്ക് അറിയാമല്ലോ " മറുപടിയായി നിഖി ഒന്ന് പുഞ്ചിരിച്ചു. മാധു അവന്റെ തോളിലൂടെ കൈ ഇട്ട് അകത്തേക്ക് വന്നു. വീട്ടിലുള്ളവർ എല്ലാം ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. " നിഖി നീ ആ ചെറുക്കന്റെ കൂടെ കൂടി ഇനി നാശാവണ്ടാ " കയറി വന്നതും അമ്മ മാധുവിനെ കളിയാക്കി. " വാ നമ്മുക്ക് ഇവിടെ ഇരിക്കാം " മാധു അമ്മയെ നോക്കി പുഛിച്ച് നിഖിയുമായി ഒരു സൈഡിൽ ഇരുന്നു. " ഇവിടെ ഉള്ള പലരും എന്നേ കുറിച്ച് പലതും പറയും.

പക്ഷേ ഒന്നും വിശ്വസിക്കരുത്. നമ്മുടെ ന്യൂജനറേഷന്റെ പൾസ് ഈ ഗ്രാമവാസീസിന് മനസിലാവില്ല. ഈ മുടി കണ്ടില്ലേ ഇത് ഇങ്ങനെ വളർത്തി ഒന്ന് കളർ ചെയ്യാൻ ഞാൻ 5 ദിവസമാ പട്ടിണി കിടന്നത് " മാധു നിഖിയോട് പതിയെ പറഞ്ഞു. " മാധു മോന് ഇപ്പോ ക്ലാസ് ഇല്ലേ " നിധിയുടെ അച്ഛൻ ചോദിച്ചു. " സസ്പെൻഷനോക്കെ കഴിഞ്ഞ് കോളേജിലേക്ക് ഇപ്പോ പോവാൻ തുടങ്ങിട്ടേ ഉള്ളൂ " അമ്മ "മതി അമ്മ എന്നെ കുറ്റം പറഞ്ഞത് " " ഞാൻ കുറ്റമാണോ പറഞ്ഞത്. നടന്ന കാര്യം അല്ലേ. നിന്റെ അതേ പ്രായം അല്ലേ നിഖിക്കും. നീ ആ മോനേ ഒന്ന് നോക്കിക്കെ. അവന്റെ പേരിൽ ഇന്നേ വരെ ഒരു പരാതി കേട്ടിട്ടുണ്ടോ " മാധുവിന്റെ അമ്മ അത് പറഞ്ഞതും നിഖിയുടെ കണ്ണുകൾ ആദ്യം ചെന്നത് നിധികയിലേക്കാണ്. അവളുടെ നോട്ടവും തന്റെ നേരെ ആണെന്ന് മനസിലായതും അവൻ പെട്ടെന്ന് മുഖം തിരിച്ചു. "അല്ലാ എട്ടൻ എവിടെ " മാധു " അവൻ ഒരു കോൾ വന്നപ്പോൾ റൂമിലേക്ക് പോയി " അമ്മ * ഉച്ചക്കുള്ള ഊണിന് രണ്ട് അമ്മമാരും നിധികയും അടുക്കളയിൽ കയറി. അച്ഛൻമാർ പറമ്പിലേക്ക് ഇറങ്ങി. മാധുവും നിഖിയും തമ്മിൽ നല്ല കൂട്ടായി. ഹരനും നിഖിയോട് നല്ല അടുപ്പത്തിലാണ് പെരുമാറുന്നത്. അത് കണ്ട് എട്ടന് തന്നെക്കാൾ ഇഷ്ടം നിഖിയോടാണെന്ന് തോന്നി മാധുവിന് ചെറിയ അസൂയ ഉണ്ടായി.

എന്നാൽ അതേ സമയം മാധുവിനും നിധികക്കും ഇടയിലുള്ള ബോണ്ട് കണ്ട് ചേച്ചിക്ക് തന്നെക്കാൾ കൂടുതൽ ഇഷ്ടം മാധുവിനെയാണെന്ന കുശുബ് നിഖിക്കും കയറിയിരുന്നു. * ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് അച്ഛനും അമ്മയും നിഖിയും ഇറങ്ങാൻ റെഡിയായി. അവർക്ക് ഒപ്പം പോകാൻ നിധി പല അടവുകളും എടുത്തെങ്കിലും ഹരൻ അതെല്ലാം പൊളിച്ച് കയ്യിൽ കൊടുത്തു. അതോടെ അവൾ പിണങ്ങി റൂമിലേക്ക് പോയി. " ഞാൻ നിച്ചുവിനെ ഒന്ന് കണ്ടിട്ട് വരാം " നിഖി നേരെ റൂമിലേക്ക് നടന്നു. നിധി ബാൽക്കണിയിൽ അകലേക്ക് നോക്കി നിൽക്കുകയാണ്. " ഞങ്ങൾ ഇറങ്ങാ ടി ചേച്ചി " " മ്മ്. ഇനി എന്നാ കാണാ " അത് ചോദിക്കുമ്പോൾ നിധിയുടെ സ്വരം ഇടറിയിരുന്നു. "നീ അങ്ങോട്ട് വാ ഇടക്ക് . അല്ലെങ്കിൽ ഞങ്ങൾ ഇതു പോലെ വരാം " " ഞാൻ കരുതി നീ എന്നോട് പിണക്കം ആയിരിക്കും എന്ന് "നിധിക " എന്തിന് " " നീ ഇന്നലെ വിളിച്ച കാര്യത്തിന് ഞാൻ സമ്മതിക്കാത്തതിന്. ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് കോളേജിൽ പാർട്ടി കളിച്ച് നടക്കാൻ പോവരുത് എന്ന്. അച്ഛക്ക് ഇതൊന്നും ഇഷ്ടമല്ലാ എന്ന് അറിഞ്ഞുടെ . എന്നിട്ട് അവസാനം ഇപ്പാേ എന്തായി " " അത് ഞങ്ങളുടെ പാർട്ടിയുടെ തെറ്റ് അല്ലടി . മറ്റേ പാർട്ടിയാണ്. ഞങ്ങൾ കഷ്ടപ്പെട് രാത്രി ഉറക്കം കളഞ്ഞ് ഉണ്ടാക്കിയ പോസ്റ്ററും ഫ്ളക്സും ആണ് അവൻമാർ കത്തിച്ച് കളഞ്ഞത്. അത് ചോദിക്കാൻ ചെന്ന ഞങ്ങളുടെ പാർട്ടിയിലെ 2 പ്രവർത്തകരെ അവർ തല്ലി. അവസാനം അത് വലിയ വഴക്കായി. സസ്പെൻഷനും കിട്ടി " " അത്രയേ ഉള്ളൂ. ബാക്കിയോ "

" അത് പിന്നെ സസ്പെൻഷന്റെ പേരിൽ ഞങ്ങളെ കളിയാക്കിയാൽ ഞങ്ങൾ വെറുതെ ഇരിക്കണോ. തിരിച്ച് അടിച്ചു. അതോടെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിച്ചിട്ട് ക്ലാസിൽ കയറിയാ മതി എന്ന് പറഞ്ഞു. അതോണ്ട് അല്ലേ ഞാൻ നിന്റെ കാല് വരെ പിടിച്ചത്. പക്ഷേ നിനക്ക് വരാൻ വയ്യാ " " പിന്നെ നിന്റെ പേരിൽ ഉള്ള കേസുകൾ തീർക്കാൻ കോളേജ് കയറി ഇറങ്ങുകയല്ലേ എനിക്ക് പണി. ഇതിന് മുൻപ് ഞാൻ നിനക്ക് ഒരു വാണിങ്ങ് തന്നതല്ലേ . ഒരാഴ്ച്ച നീ വീട്ടിൽ ഇരുന്നപ്പോ അച്ഛ ഒന്നും പറഞ്ഞില്ലേ " " ഞാൻ സ്റ്റഡി ലീവാണെന്ന് പറഞ്ഞു. " " ഇനി എന്താ മോന്റെ ഉദേശം. മര്യാദക്ക് അച്ഛയോട് എല്ലാം പറഞ്ഞ് പ്രിൻസിപ്പാളിനെ കണ്ട് ക്ലാസിൽ കയറാൻ നോക്ക്" " നീ എന്താ കരുതിയെ . നീ എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ അച്ഛനോട് പറയും എന്നോ . എന്നാ നീ കേട്ടോ ഇന്നലെ പ്രിൻസിയെ പോയി കണ്ട് എല്ലാം സെറ്റ് ആക്കി " " എടാ ദുഷ്ടാ നീ അച്ഛനാന്ന് പറഞ്ഞ് വേറെ ആരെയെങ്കിലും കൊണ്ടുപോയോ " " കൊണ്ട് പോയി. അച്ഛനാന്ന് പറഞ്ഞല്ലാ . എട്ടനാന്ന് പറഞ്ഞ് " നിഖി ഷർട്ടിന്റെ കോളർ പൊക്കി കൊണ്ട് പറഞ്ഞു " ആരേ" " മറ്റാരാ . എന്റെ ഒരേ ഒരു അളിയൻ ജിത്തു ചേട്ടൻ . പുളളി നമ്മൾ കരുതിയ പോലെ ഒന്നും അല്ലാ . മാസ് ആണ് മരണ മാസ് . "

" നീ ഹരന്റെ കാര്യമാണോ നിഖി പറയുന്നേ " നിധി വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു. " അല്ലാതെ വെറെ എനിക്ക് എത്ര അളിയൻ ഉണ്ട് . നിന്നെ വിളിച്ച് വെറുതെ എന്റെ വായിലെ വെള്ളം വറ്റിയത് മിച്ചം. ഞാൻ ഒന്ന് വെറുതെ ട്രൈ ചെയ്ത് നോക്കീതാ. ഞാൻ വിളിക്കേണ്ട താമസം ജിത്തുവേട്ടൻ ഉച്ചക്ക് ശേഷം ലീവെടുത്ത് കോളേജിലെത്തി കൂട്ടുക്കാരനെ കാണാനെന്ന് പറഞ്ഞ് ഞാനും വീട്ടിൽ നിന്ന് ഇറങ്ങി. കോളേജിൽ എത്തി പ്രിൻസിയെ കണ്ടപ്പോൾ പിന്നെ പറയണ്ടാ. എട്ടൻ മീഡിയയിൽ ഉള്ള ആളായതിനാൽ പ്രിൻസിക്ക് ഒടുക്കത്തെ ബഹുമാനം. അങ്ങനെ ആ പ്രശ്നം സോൾവാക്കി. തിരികെ വരുന്ന വഴിക്ക് എനിക്ക് ഷെൽക്കും ബിരിയാണിയും വാങ്ങി തന്ന് വീട്ടിന്റെ അടുത്ത് വരെ കൊണ്ടാക്കി തന്നിട്ടാ എട്ടൻ തിരികെ പോയത് " നിഖി കിട്ടിയ തക്കത്തിന് ഹരനെ പൊക്കിയടിച്ചു. അതെല്ലാം കേട്ട് അന്തം വിട്ട് നിധികയും. ഇവിടെ മാധുവിനോടുള്ള പെരുമാറ്റം വച്ച് ഹരൻ ഇങ്ങനെ ചെയ്യാൻ ഒരു സാധ്യതയും ഇല്ലാ . "എന്നിട്ട് ഹരൻ നിന്നെ ഒന്നും പറഞ്ഞില്ലേ " " എയ് പുള്ളി ഭയങ്കര കൂൾ ആണെടി . കോളേജ് ലൈഫിൽ ഇതൊക്കെ സാധാരണമാണ് പക്ഷേ പരിധി വിടരുത് എന്ന് മാത്രം പറഞ്ഞു. നീ താഴേക്ക് വാ . എല്ലാവരും ഇറങ്ങാൻ നിൽക്കാ " നിഖി പുറത്തേക്ക് നടനു ഡെയ്നിങ്ങ് ടേബിളിൽ ഇന്നലെ ഉറക്കെ സംസാരിച്ചതിന് മാധുവിനെ വഴക്ക് പറഞ്ഞ ഹരനെയാണ് നിധിക്ക് അപ്പോൾ ഓർമവന്നത്.

" മാധു പറയുന്നത് ശരിയാ . അയാൾക്ക് അന്യന്റെ പ്രേതം കയറിയിരിക്കാ. അപ്പോ ആശാൻ ഇന്നലെ ലൈറ്റായി വന്നതിന്റെ കാരണം ഇതാണ് "നിധി മനസിൽ ഓർത്ത് താഴേക്ക് നടന്നു. അച്ഛനും അമ്മയും നിഖിയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. അവർ ഇറങ്ങാൻ നേരം നിധിക്ക് വല്ലാതെ സങ്കടം വന്നിരുന്നു. " ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം " അവർ എല്ലാവരും പോയതും ഹരൻ കാറിന്റെ കീയും എടുത്ത് കൊണ്ട് പറഞ്ഞു. " എങ്ങാേട്ടാ ജിത്തു " " എന്റെ ഒരു ഫ്രണ്ടിനെ കാണാൻ " " അതിന് എട്ടന്ന് ഇവിടെ അധികം ഫ്രണ്ട്സ് ഒന്നും ഇല്ലാലോ " മാധുവാണ് ചോദിച്ചത്. " അത് നീയാണോ തിരുമാനിക്കുന്നത് " ദേഷ്യപ്പെട്ട് ഹരൻ കാറിൽ കയറി പോയി. അത് കണ്ട് മാധുവും നിധിയും മുഖത്തോട് മുഖം നോക്കി നിന്നു. ** കുറച്ച് നേരത്തെ യാത്രക്ക് ശേഷം ഹരൻ വന്ന് നിന്നത് പാലമറ്റം ഗ്രൂപ്പ് ഓഫ് കമ്പനി എന്നെഴുതിയ ബിൾഡിങ്ങിനു മുന്നിലാണ്. അവൻ കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറി. നേരെ പോയത് റിസപ്ഷനിലേക്കാണ്. "Good evening sir. May I help you" "Yaah. എനിക്ക് അലക്സി പാലമറ്റത്തിനെ ഒന്ന് കാണണം" ഹരൻ പുഞ്ചിരിയോടെ പറഞ്ഞു. " സോറി സാർ അപ്പോയ്മെന്റ് ഇല്ലാതെ കാണാൻ പറ്റില്ല. " അത് കേട്ട് ഹരൻ ഫോണെടുത്ത് ഒരു നമ്പറിലേക്ക് കോൾ ചെയ്തു. രണ്ടു നിമിഷം കഴിഞ്ഞതും റിസപ്ഷനിലെ ലാൻ ഫോണിലേക്ക് ഒരു കോൾ വന്നു. " Okay sir" റിസപ്ഷനിലെ പെൺകുട്ടി ഫോൺ കട്ട് ചെയ്ത് ചുറ്റിനും ഹരനെ തിരഞ്ഞു. "Sir your name please" "Haran indrajith" " സാറിനോട് അലക്സി സാർ അകത്തേക്ക് വരാൻ പറഞ്ഞു. ഫിഫ്ത്ത് ഫ്ളോറിൽ ഫോർത്ത് കാമ്പിൻ " " Okay thank you " ഹരൻ പുഞ്ചിയോടെ പറഞ്ഞ് ലിഫ്റ്റിൽ കയറി. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച് അവൻ അലക്സിയുടെ കാമ്പിൻ ലക്ഷ്യമാക്കി നടന്നു ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story