നീഹാരമായ്: ഭാഗം 23

neeharamayi

രചന: അപർണ അരവിന്ദ്

ഹരൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ താഴേക്ക് ഇറങ്ങി വന്നു. " അമ്മേ" അവൻ ചെയർ വലിച്ചിട്ടിരുന്നതും അമ്മ കഴിക്കാനായി എടുത്തു വച്ചു. മാധുവും അച്ഛനും അടുത്തിരുന്നു കഴിക്കുന്നുണ്ട്. " നാളെ നീ പോവുന്നില്ലേ " അച്ഛൻ ചോദിച്ചു. " എങ്ങോട്ട് " " ഭൂമികയുടെ കല്യാണത്തിന് . നിന്നെ വിളിച്ചില്ലേ അവനും അവളും " അച്ഛൻ ചോദിച്ചത് കേട്ടതും ഹരൻ പെട്ടെന്ന് കഴിക്കൽ നിർത്തി തല ഉയർത്തി നോക്കി. " എനിക്കറിയാം. മറ്റാരെ വിളിച്ചില്ലെങ്കിലും അവൻ നിന്നെ വിളിച്ചിരിക്കും " അച്ഛൻ " മ്മ് വിളിച്ചിരുന്നു. പക്ഷേ ഞാൻ പോവില്ല. " " അതെന്താ പോവാത്തത്. എന്നും ഇങ്ങനെ എല്ലാവരുടെ മുന്നിൽ നിന്നും ഒളിച്ചിരിക്കാനാണോ നിന്റെ ഭാവം " " എനിക്ക് ആരെയും കാണണ്ടാ . ഞാൻ എങ്ങോട്ടും ഇല്ല. " ഹരൻ കഴിക്കൽ നിർത്തി എണീറ്റ് പോയി. " അച്ഛൻ എന്തിനാ എട്ടനെ ഇങ്ങനെ നിർബന്ധിക്കുന്നത്. എട്ടന്റെ സങ്കടം നമ്മൾ മനസിലാക്കണ്ടേ " " എന്ത് സങ്കടം മാധു . അവന് പേടിയാണ്. ഇവന്റെ ഈ ഭയം തന്നെയാണ് അവന്റെ വിജയവും. ഇനിയും എന്റെ മോനേ ഞാൻ ആരുടെ മുന്നിലും തോൽക്കാൻ അനുവദിക്കില്ല. " അച്ഛൻ കഴിച്ച് എണീറ്റ് പോയി. * ഹരൻ റൂമിൽ എത്തുമ്പോൾ നിധിക ബെഡ് റസ്റ്റിൽ ചാരി ഇരിക്കുയാണ്.

എന്താേ വലിയ ആലോചനയിൽ ആണ്. " യക്ഷി നിന്നെ താഴേ അമ്മ അന്വേഷിക്കുന്നുണ്ട് " അവന്റെ ശബ്ദം കേട്ടതും നിധിക പെട്ടെന്ന് ഞെട്ടി. " എ..എന്താ " " അമ്മ നിന്നെ വിളിക്കുന്നുണ്ട് എന്ന് . ഞാൻ ഇറങ്ങാ " അവൻ ഫോണും ലാപ്പ്ടോപ്പും മറ്റും എടുത്ത് പുറത്തേക്ക് പോയി. ഹരന്റെ കാർ ഗേറ്റ് കടന്ന് പോകുന്ന ശബ്ദം കേട്ടതിനു ശേഷമാണ് നിധിക താഴേക്ക് വന്നുള്ളൂ. " അമ്മ എന്നേ വിളിച്ചോ " നിധി " എയ് ഇല്ലാ . എന്താ മോളേ" "ഹരൻ അല്ലാ ഇന്ദ്രേട്ടൻ പറഞ്ഞു അമ്മ വിളിച്ചൂന്ന് " " ഇല്ല മോളേ . ആ ചെക്കൻ വെറുതെ കളിപ്പിക്കാൻ പറഞ്ഞതായിരിക്കും. മോൾക്ക് കഴിക്കാൻ എടുക്കട്ടെ " " എയ് ഇപ്പോ വേണ്ടാ. ഞാൻ അമ്മക്ക് ഒപ്പം ഇരിക്കാം. " ** " എന്നാലും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല എട്ടായി ഓഫീസിൽ ജോയിൻ ചെയ്തു എന്ന് " അലക്സിയുടെ കാമ്പിൻ തള്ളി തുറന്ന് അവന്റെ അനിയൻ ഡേവി അകത്തേക്ക് വന്നു. " നീ എന്താ ഇവിടെ " " ഇന്നലെ വൈകുന്നേരം അമ്മച്ചി വിളിച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അതുകൊണ്ട് രാവിലെ തന്നെ വണ്ടി കയറി നേരെ ദാ ഇങ്ങാേട്ട് വന്നു. " ഡേവി തോളിലെ ബാക്ക് പാക്ക് എടുത്ത് താഴേ വച്ച് ചെയറിൽ ഇരുന്നു. " നീ വീട്ടിലേക്ക് വരാൻ ഓരോ കാരണം നോക്കി നടക്കാ ലെ " " എന്താ ചേട്ടായി ഈ പറയുന്നേ. ആ ഹോസ്റ്റലിലെ ഫുഡ് കഴിച്ച് മടുത്തു. നമ്മുടെ അമ്മച്ചിടെ കൈ കൊണ്ട് ഉണ്ടാക്കിയ ബീഫും പോർക്കും കഴിക്കാനുള്ള കൊതി കൊണ്ട് അല്ലേ " " ഇനി ഈ കൊല്ലം കൂടി അല്ലേ ഉള്ളൂ. അതോടെ കഴിഞ്ഞില്ലേ. "

" അത് ആലോചിക്കുമ്പോഴാ ഒരു സങ്കടം. ഇത്രയും കാലം അടിച്ച് പൊളിച്ച് നടന്നതല്ലേ . ഓർക്കുമ്പോൾ തന്നെ കുളിരു കോരും. അടിയും തല്ലും വഴക്കും. ആഹാ അന്തസ് " അലക്സി ഒരു നിമിഷം തന്റെ കോളേജ് കാലം ഓർത്തു പോയി. ഒപ്പം തന്റെ കൈയ്യിൽ കോർത്തുപിടിച്ച് നടന്നിരുന്ന ഒരു പെൺകുട്ടിയുടെ മുഖവും മനസിൽ തെളിഞ്ഞു അവൻ കണ്ണുകൾ ഇറുക്കിയടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു. അത് ഡേവിഡിനും മനസിലായി. " ചേട്ടായി ... " " മമ്" " നിധിയെ ഓർമ വന്നുല്ലേ " മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. " ഇന്നലെ ഹരൻ എന്നെ കാണാൻ വന്നിരുന്നു. " " ഹരനോ അതാരാ " " നിച്ചുവിന്റെ ഹസ്ബന്റ് " അത് കേട്ടതും ഡേവിയുടെ നെറ്റി ചുളിഞ്ഞു. അലക്സി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ ഡേവിഡിനോട് പറഞ്ഞതും അവന് വിശ്വസിക്കാനായില്ല. "ഇന്നത്തെ കാലത്ത് ഇങ്ങനേയും മനുഷ്യനുണ്ടോ . ഭാര്യയുടെ പഴയ ലൗവറേ ഫ്രണ്ടാക്കുന്നു. ഐ തിങ്ക് സംതിങ്ങ് ഫിഷി " " എയ്. അല്ലടാ ഞാനും ആദ്യം അങ്ങനെയാ കരുതിയത്. പക്ഷേ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ മനസിലായി. അയാൾ ഇന്നലെ അത്രയും ആത്മാർത്ഥമായിട്ടാ സംസാരിച്ചത്. ഹീ ഈസ് എ നൈസ് ഗൈ" "നിധിക എന്ത് പറയുന്നു. " " സുഖമായി ഇരിക്കുന്നു എന്നാ പറഞ്ഞത് "

" മമ്. എന്തായാലും ഹരൻ കാരണം എട്ടൻ ഓഫീസിൽ റീ ജോയിൻ ചെയ്തല്ലോ. അമ്മച്ചിക്കും അപ്പച്ചനും നല്ല സന്തോഷമായി. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ടായി. അപ്പാപ്പൻ ഇന്നലെ അപ്പച്ചനെ കാണാൻ വന്നിരുന്നു എന്ന്. പഴയ കാര്യങ്ങൾ ഓർത്ത് മൂപ്പർക്ക് ഇപ്പോ കുറ്റബോധം ആണെന്ന് . വേണമെങ്കിൽ അപ്പപ്പൻ നേരിട്ട് ചെന്ന് നിധിയുടെ വീട്ടിൽ സംസാരിക്കാം എന്ന് " " അവിടെ പോയിട്ട് എന്ത് സംസാരിക്കാൻ . കല്യാണം കഴിഞ്ഞ അവരുടെ മോളേ തന്റെ കൊച്ചുമോന് കെട്ടിച്ചു കൊടുക്കണം എന്നോ . അപ്പാപ്പൻ ആണ് പോലും . എന്റെ ജീവിതം തകർത്തിട്ട് ഇപ്പോ കുറ്റബോധം തോന്നിയിട്ട് എന്താ കാര്യം. എന്റെ കൺമുന്നിൽ അയാളെ കണ്ട് പോവരുത് " അലക്സി ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി പോയി. * " എടാ കാലമാടാ അത് എന്റെയാ ഇങ്ങോട്ട് താടാ " " ഇല്ലാ ഇത് എനിക്ക് വേണം " മാധു കൈയ്യിലുള്ള ടെഡിയുമായി മുന്നിൽ ഓടുന്നുണ്ട് . അതിന് പിന്നിലായി അത് വാങ്ങിക്കാൻ നിധിയും. " അതില്ലാതെ എനിക്ക് ഉറക്കം വരില്ല മാധു. നീ വെറുതെ കളിക്കല്ലേ " " കാള പോലെ വളർന്നു. ഒരു കെട്യോനും ആയി എന്നിട്ട് അവൾക്ക് പാവയെ കെട്ടി പിടിച്ച് കിടന്നാലെ ഉറക്കം വരുള്ളു പോലും . ഞാനിത് തരത്തില്ലാ " മാധു തന്റെ റൂമിൽ കയറി വാതിൽ അടച്ചു.

" മാധു മര്യാദക്ക് വാതിൽ തുറക്ക് " "ഇല്ല പറ്റില്ല. " " എന്താ ഇവിടെ പ്രശ്നം. അമ്മയും അച്ഛനും എവിടെ " ഹരൻ അവരുടെ കാട്ടി കൂട്ടൽ കണ്ട് ദേഷ്യത്തിൽ ചോദിച്ചു. "ഈ കള്ളൻ മാധു എന്റെ ടെഡി കട്ടെടുത്തു " നിധിക പരാധി പറഞ്ഞു. " കള്ളൻ നിന്റെ കെട്ട്യോൻ " " ടാ " ഹരൻ അലടി " അയ്യോ സോറി ചേട്ടാ . അവളുടെ കെട്ട്യോൻ ചേട്ടൻ ആണല്ലേ.ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ . കള്ളൻ നിന്റെ കുഞ്ഞമ്മയാടി പിത്തക്കാളി " " അവനോട് വാതിൽ തുറക്കാൻ പറ ഹരാ. എനിക്ക് ദേഷ്യം വരുന്നുണ്ട് " " മാധു കളിക്കാതെ വാതില് തുറക്ക് " ഹരൻ ഗൗരവത്തിൽ പറഞ്ഞതും പേടിയുള്ള കാരണം മാധു വാതിൽ തുറന്നു. " താടാ കള്ളാ എന്റെ ടെഡിയേ " നിധി അവന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങി. " അവളോട് ഒന്ന് പറ എട്ടാ എനിക്കത് തരാൻ . രാത്രി കെട്ടിപിടിച്ച് ഉറങ്ങാനാ " " പറ്റില്ല. എനിക്ക് വേണം ഇത് " " ഇത് എന്ത് ന്യായമാ എട്ടാ . ഞാൻ അല്ലേ ഇവിടെ ഒറ്റക്ക് ഒരു റൂമിൽ കിടന്നുറങ്ങുന്ന ആള്. ഇവൾക്ക് കെട്ടിപിടിച്ചുറങ്ങാൻ കൂടേ എട്ടൻ ഉണ്ടല്ലോ " മാധു നിഷ്കളങ്കമായാണ് പറഞ്ഞതെങ്കിലും അത് കേട്ട് നിധികയും ഹരനും ഞെട്ടി തരിച്ചു. " പറ എട്ടാ എനിക്ക് തരാൻ " ഹരൻ ആണെങ്കിൽ എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്. " ന്നാ കൊണ്ടുപോയി പുഴുങ്ങി തിന്ന് നാശം "

നിധി ടെഡിയേ മാധുവിന്റെ നേർക്ക് എറിഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി പോയി. " താങ്ക്സ് നിച്ചു " " അത് നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്കടാ കാലാ " നിധി തിരിഞ്ഞ് നോക്കി പറഞ്ഞു. " അമ്മയും അച്ചനും എവിടെ " പതർച്ച മറച്ച് വച്ച് ഹരൻ ചോദിച്ചു " അവർ അമ്പലത്തിൽ പോയി. എന്താേ പൂജയോ വഴിപാടോ ഉണ്ടെന്ന് " " മമ്" ഹരൻ ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് പോയി. * പിന്നീട് ഹരനെ ഫേസ് ചെയ്യാൻ നിധിക്ക് വല്ലാത്ത മടി തോന്നി. അതുകൊണ്ട് തന്നെ അവൾ ഹരന്റെ മുന്നിൽ ചെല്ലാതെയാണ് നടന്നിരുന്നത്. " പപ്പടം ഇല്ലേ അമ്മാ" ഫുഡ് കഴിക്കാൻ നേരം മാധു ചോദിച്ചതും അമ്മ അവനെ നോക്കി പേടിപ്പിച്ചു. " ഇതാ നിന്റെ പൊട്ടാത്ത പപ്പടം. ഇത് പൊട്ടിക്കാതെ അങ്ങനെ കഴിച്ചില്ലേങ്കിൽ ഞാൻ നിന്റെ വായിൽ കുത്തി കയറ്റും . " " അയ്യോ ഇത് അങ്ങനെ കഴിച്ചാ തൊണ്ടയിൽ കുടുങ്ങി ഞാൻ മരിക്കില്ലേ " " അപ്പോ അത് നിനക്ക് അറിയാം. എന്നിട്ടും നീ ഇന്നലെ പൊട്ടാത്ത പപ്പടത്തിന് വേണ്ടിയല്ലേടാ വാശി പിടിച്ചത്. " " എനിക്ക് പപ്പടം വേണ്ടാ " മാധു പപ്പടം തിരികെ കൊടുത്തു. " ഇത് കഴിച്ചില്ലെങ്കിൽ നിനക്ക് ഇനി ഇവിടെന്ന് ഒന്നും കിട്ടില്ല. " അമ്മ ഭീഷണിപ്പെടുത്തി. " ആഹാ അത്രക്കായോ. വന്ന് വന്ന് ഈ വീട്ടിൽ ആർക്കും ഒരു ബഹുമാനം ഇല്ലാതായി. എന്നാ പിന്നെ ഇത് കഴിച്ചിട്ട് തന്നെ കാര്യം

" മാധു പപ്പടം ചോറിൽ പൊടിച്ചിട്ട് ദേഷ്യം മൊത്തം കഴിക്കുന്നതിൽ തീർത്തു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മയെ അടുക്കളയിൽ സഹായിച്ച ശേഷം നിധിക റൂമിലേക്ക് വന്നു. ഹരൻ റൂമിൽ ഇല്ലാത്തതിനാൽ അവൾ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. കുറേ നേരം തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ റൂമിൽ ലൈറ്റ് ഇട്ടപ്പോൾ ഹരൻ വന്നു എന്ന് അവൾക്ക് മനസിലായി എങ്കിലും ഉറങ്ങുന്ന പോലെ കിടന്നു. ഹരനും ഫ്രഷായി വന്ന് ലൈറ്റ് ഓഫ് ചെയ്യ്ത് ടേബിൾ ലാമ്പ് ഓൺ ചെയ്ത് വന്ന് കിടന്നു. കുറച്ച് നേരം കഴിഞ്ഞതും അവൾ ഹരന് നേരെ തിരിഞ്ഞ് കിടന്നു. അവൻ ഉറങ്ങി എന്നാണ് കരുതിയതെങ്കിലും അവൻ ഉറങ്ങിയിട്ടില്ലായിരുന്നു. " ഉറങ്ങിയില്ലേ ഹരാ. " സീലിങ്ങ് നോക്കി കിടക്കുന്ന ഹരനോടായി ചോദിച്ചു. " ഇല്ല ഉറക്കം വന്നില്ല. നീയെന്താ ഉറങ്ങാതെ " " എനിക്കും ഉറക്കം വന്നില്ല. " അത് കേട്ട് മലർന്ന് കിടന്നിരുന്ന ഹരൻ നിധി ക്ക് നേരെ തിരിഞ്ഞ് കിടന്നു. " നാളെ പോവുന്നുണ്ടോ " നിധി " എവിടേക്ക് " " കല്യാണത്തിന് . അമ്മ പറഞ്ഞു നമ്മളോട് നാളെ എന്തായാലും പോവണം എന്ന് . പക്ഷേ നിനക്ക് വയ്യെങ്കിൽ വേണ്ടാ. നാളെ എതെങ്കിലും കള്ളം പറയാം" " എന്തിനാ അതിന് കള്ളം പറയുന്നേ "ഹരൻ " അത് ..അത് പിന്നെ നിനക്ക് " " എനിക്ക് "

" നിനക്ക് സങ്കടം ആവില്ലേ " " എനിക്ക് എന്തിന് സങ്കടം " " ഭൂമി... അവള്" " നാളെ എപ്പോഴാ ഫങ്ങ്ഷൻ " " ഈവനിങ്ങ് ആണ്" " നാളെ സൺഡേ ആണെങ്കിലും ഉച്ചവരെ എനിക്ക് കുറച്ച് വർക്ക് ഉണ്ട്. അത് കഴിഞ്ഞ് ഉച്ചക്ക് ഞാൻ എത്തും. നിനക്ക് ഡ്രസ്സ് വല്ലതും എടുക്കണോ " " വേ ... വേണ്ടാ " ഹരന്റെ ആ മറുപടിയിൽ അവൾ ഞെട്ടിയിരുന്നു. " മ്മ്. എന്നാ കിടന്ന് ഉറങ്ങാൻ നോക്ക്" അത് പറഞ്ഞ് അവൻ തിരിഞ്ഞ് കിടന്നു. " ഹരാ ഞാൻ ഒരു കാര്യം ചോദിച്ചാ നിനക്ക് സങ്കടമാകുമോ " അവൾ ചോദിച്ചതും തിരിഞ്ഞ് കിടന്ന ഹരൻ തല ചരിച്ച് നോക്കി. " അതല്ല ഭൂമിയും നീയും കൂടി എങ്ങനെയാ ബ്രേക്ക് അപ്പ് ആയത് " ചെറിയ മടിയോടെയാണ് അവൾ ചോദിച്ചത്. " എന്റെ ജാതകത്തിൽ എനിക്ക് ഒരു യക്ഷിയുടെ കൂടെ ജീവിക്കേണ്ടി വരും എന്ന് പെട്ടെന്ന് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ദൈവം ഒരു ഉൾവിളി തന്നു .അതോണ്ട് അന്ന് തന്നെ ഞാൻ അവളെ ഉപേക്ഷിച്ചു. ദൈവം പറഞ്ഞ യക്ഷി ഇപ്പോ എന്റെ അടുത്തു കിടക്കുന്നും ഉണ്ട് " ആദ്യം കാര്യമായി ശ്രദ്ധിച്ചിരുന്ന നിധിയുടെ മുഖം മാറി. "വെറുയല്ലടോ തന്നെ അവൾ തേച്ചത് തനിക്ക് അങ്ങനെ തന്നെ വേണം " അത് പറഞ്ഞ് ദേഷ്യത്തിൽ അവൾ തല വഴി പുതപ്പിട്ട് തിരിഞ്ഞ് കിടന്നു. ചിരിയോടെ ഹരനും കിടന്നു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story