നീഹാരമായ്: ഭാഗം 3

neeharamayi

രചന: അപർണ അരവിന്ദ്

" ഇല്ലാ ഞാൻ സമ്മതിക്കില്ലാ " ഒരേ സമയം അഞ്ചാറ് ഗ്ലാസുകൾ താഴെ വീണ് ഉടഞ്ഞു . ഒപ്പം അവളുടെ ശബ്ദം ആ വീട്ടിൽ മുഴങ്ങി. "നിച്ചു . ശബ്ദം താഴ്ത്ത് അപ്പുറത്ത് വീടുകൾ ഉള്ളതാണ് എന്ന വിചാരം വേണം " അച്ഛൻ ദേഷ്യത്തിൽ പറഞ്ഞതും നിധിയുടെ ദേഷ്യവും ഉയർന്നു. " കേൾക്കട്ടെ എല്ലാവരും കേൾക്കട്ടെ ... ഓഹ്.. പെൺകുട്ടികളുടെ ശബ്ദം വീടിനു പുറത്ത് കേൾക്കാൻ പാടില്ലാലോ.. നോക്കിക്കോ ഈ കല്യാണം നടക്കില്ല. ഞാൻ സമ്മതിക്കില്ല. എന്റെ ഇച്ചായൻ വന്നാ ഈ നിധിക കൂടെ പോകും " അവൾ വാശിയിൽ പറഞ്ഞു. " അവൻ വരില്ല. " അച്ഛൻ പറഞ്ഞതും അവൾ ഒരു നിമിഷം നിശ്ചലയായി. ശേഷം ഒന്നും മിണ്ടാതെ തന്റെ റൂമിൽ കയറി വാതിൽ അടച്ചു. 💫💫💫💫💫💫💫💫💫💫💫💫💫💫💫 " ഡീ ...ചേച്ചീ" കണ്ണാടിക്ക് മുൻപിൽ സർവ്വാഭരണ വിഭൂഷിതയായി ഇരിക്കുന്ന നിധിയുടെ തോളിൽ കൈ വച്ച് കൊണ്ട് നിഖി വിളിച്ചു. "വേണ്ടാ ഒന്നും പറയണ്ട . എല്ലാവരും സന്തോഷിക്കട്ടെ . ആ സന്തോഷം പക്ഷേ ഇന്ന് മാത്രമേ കാണു. " "നിനക്ക് അച്ഛനോടും അമ്മയോടും ദേഷ്യം ആണോടി ചേച്ചീ" " എനിക്ക് അവരോട് ദേഷ്യം ഉണ്ട്. പക്ഷേ അതിനേക്കാൾ പക ആ ഹരനോടാണ്. അയാൾ എന്നെ പറഞ്ഞ് പറ്റിച്ചില്ലേ. കല്യാണത്തിന് താൽപര്യം ഇല്ലാ എന്ന് പറഞ്ഞിട്ട് അവസാനം സമ്മതമാണെന്ന് പറഞ്ഞില്ലേ . അയാൾക്കുള്ളത് ഞാൻ വച്ചിട്ടുണ്ട് " " നീ ഇങ്ങനെയൊന്നും പറയല്ലേ നിധി. ആ ചേട്ടൻ പാവമാണെന്ന് തോന്നുന്നു. "

" ഞാനും അങ്ങനെയാ കരുതിയത്. അയാൾ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പാേൾ വീട്ടു ക്കാരുടെ നിർബന്ധം കൊണ്ടാണ് എന്ന് ഞാൻ വിശ്വസിച്ചു. അതുകൊണ്ടാ അത് അറിയാൻ ഞാൻ നിന്നെ അയാളുടെ അടുത്തേക്ക് പറഞ്ഞയച്ചത് എന്നിട്ട് അയാൾ എന്താ പറഞ്ഞത് ഈ കല്യാണം നടക്കും എന്നും ഒരു ഭീഷണിയും. ഈ നിധിക ആരാ എന്ന് അയാൾ അറിയാൻ പോവുന്നതെ ഉള്ളു. അയാളുടെ കുടുംബം കലക്കിയിരിക്കും. എന്നെ കല്യാണം കഴിക്കാൻ തോന്നിയ നിമിഷത്തെ അയാൾ സ്വയം പഴിക്കണം. നോക്കിക്കൊ കൂടി പോയ രണ്ടാഴ്ച്ച അതിനുള്ളിൽ അയാൾ തന്നെ എന്നേ സഹിക്കാൻ വയ്യാതെ ഡിവേഴ്സ് ചെയ്യാൻ പറയും നോക്കിക്കോ" "എന്റെ ദൈവമേ ഇതിന്റെ പിന്നിൽ ഞാനാണ് എന്നറിഞ്ഞാൽ ഈ പുതന എന്നേ തല്ലി കൊല്ലുമെന്നാ തോന്നുന്നേ. എന്നേ കാത്തോണേ ദൈവമേ " മാധു ആത്മ "എന്താടാ പൊട്ടാ നീ ആലോചിക്കുന്നേ " " അപ്പോ നീ വീണ്ടും വീട്ടിലേക്ക് തിരികെ വരുമോടീ . ഈ ബാധ എന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു പോവില്ലേ " " ഇല്ല മോനേ . ഞാൻ പോയാൽ എന്റെ റൂം കൈക്കൽ ആക്കാനുള്ള മോന്റെ മോഹം അങ്ങ് ഉപേക്ഷിച്ചേക്ക്. ചേച്ചി ഉടൻ തിരിച്ച് വരുന്നതാണ് " " നീ എന്ത് സാധനമാടീ ചേച്ചി. പാവം ആ ചേട്ടന്റെ കാര്യം ആലോചിച്ച് എനിക്ക് സഹതാപം തോന്നുന്നു. "

"നിനക്ക് എന്താടാ പെണ്ണുങ്ങളുടെ ഡ്രസ്സിങ്ങ് റൂമിൽ കാര്യം " റൂമിലേക്ക് കയറി വന്ന അമ്മ നിഖിയെ കണ്ട് ചോദിച്ചു. " അതിനെവിടെ ഈ റൂമിൽ പെണ്ണ് " നിഖി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു. " ഡാ നിന്നെ "നിധി ടേബിളിലെ പൗഡർ ടിൻ എടുത്ത് അവനെ എറിഞ്ഞതും നിഖി പുറത്തേക്ക് ഓടി. " മോളേ നീ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. അവിടെയുള്ളവരെ സ്വന്തം വീട്ടുക്കാരെ പോലെ തന്നെ കാണണം. പഴയത് എല്ലാം മറക്കണം. നിന്റെ ദേഷ്യവും വാശിയും എല്ലാം അവിടെ ചെന്ന് കാണിക്കരുത്. നല്ല കുട്ടി ആയിരിക്കണം. " "പഴയതെല്ലാം മറക്കണമെങ്കിൽ ഞാൻ മരിക്കണം. എന്റെ ഇച്ചായൻ വന്ന് വിളിച്ചാ ഞാൻ കൂടെ പോകും " നിധി അത് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി പോയി. * " ഈ വാച്ച് കൂടി കെട്ടിയാൽ പെർഫെക്റ്റ് " മാധു ഹരന് നേരെ വാച്ച് നീട്ടി കൊണ്ട് പറഞ്ഞു. " ഞാൻ ആകെ സമനില തെറ്റി നിൽക്കുകയാണ് മാധു. എന്റെ കൺമുന്നിൽ നിന്നും പോകുന്നതാണ് നിനക്ക് നല്ലത് " " എട്ടൻ വെറുതെ പറഞ്ഞ് പേടിപ്പിക്കല്ലേ . കൂടി പോയ ഒന്ന് നോക്കി പേടിപ്പിക്കും പിന്നെ രണ്ട് ഉപദേശം തരും അല്ലാതെ എട്ടന്റെ മുഖത്ത് ദേഷ്യം എന്ന വികാരം കണ്ടിട്ട് കാലങ്ങളായി " മാധു പുഛത്തോടെ പറഞ്ഞ് ബെഡിലേക്ക് ഇരുന്നു. " എനിക്ക് മനസിലാവുന്നില്ല എന്താ ആ പെണ്ണിന് പറ്റിയത് എന്ന് .

അന്ന് അവളെ കാണാൻ പോയ സമയത്ത് അവൾക്കും ഇതിൽ താൽപര്യം ഇല്ലാ എന്നല്ലേ പറഞ്ഞത് " " ചിലപ്പോൾ അന്ന് ആ ചേച്ചിക്ക് എട്ടനെ ഇഷ്ടമായികാണില്ല. ഇപ്പോ ഇഷ്ടമായി കാണും .." " പിന്നെ എന്തിനാ അവളുടെ അനിയനെ എന്റെ ഓഫീസിലേക്ക് വിട്ട് ഈ കല്യാണം നടക്കും എന്ന് ഭീഷണിപ്പെടുത്തിയത് " ഹരൻ സംശയത്തോടെ ചോദിച്ചു. " എട്ടനോടുള്ള പ്രണയം മൂത്ത് എട്ടനെ നഷ്ടപ്പെടാതെ ഇരിക്കാൻ ആയിരിക്കും " മാധു കാര്യമായി ചിന്തിച്ച് കൊണ്ട് പറഞ്ഞു. " ഇവിടന്ന് എണീറ്റ് പോയില്ലേങ്കിൽ നിന്റെ മരണം എന്റെ കൈ കൊണ്ട് ആയിരിക്കും " " എന്നേ കൊല്ലല്ലേ . എന്റെ ഭാവി ഭാര്യയും മക്കളും അനാഥരാവും. " അത് പറഞ്ഞ് മാധു പുറത്തേക്ക് ഓടി. * " എന്നാലും ഈ രാമന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ ആ പെണ്ണിനെ ഇത്രയും ദൂരം കെട്ടിച്ച് വിടാൻ . ഒറ്റപ്പാലത്ത് നിന്നും ത്യശ്ശൂർക്ക് എത്ര ദൂരമാ എന്ന് വച്ചാ . ഞാൻ അന്നേ പറഞ്ഞതാ എന്റെ മോൻ അരുണിന് വേണ്ടി ആലോച്ചിക്കാമെന്ന് . ഒന്നുമില്ലെങ്കിലും നിച്ചുവിന്റെ മുറച്ചെറുക്കൻ അല്ലേ " നിധികയുടെ അപ്പച്ചി അടുത്തിരിക്കുന്ന ഒരു സ്ത്രീയോട് പറഞ്ഞു.

" അത് ശരിയാ . വീടിന്റെ അടുത്താണ്. വിളിച്ചാൽ ഓടിച്ചെല്ലാനുള്ള ദൂരമല്ലേ ഉള്ളൂ " " അല്ലെങ്കിലും അവർക്ക് അച്ഛൻ വീടുക്കാരെ വേണ്ടല്ലോ . അമ്മ വീട്ടുക്കാരെ മതി. ഈ ചെറുക്കന്റെ വീട്ടുക്കാര് രാധികയുടെ ( നിധികയുടെ അമ്മ) കുടുബക്കാരാണെന്ന് " " ഇനി പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ അരുണിനെ പോലെ നല്ല ഒരു മോനേ കിട്ടാൻ നിച്ചുവിന് ഭാഗ്യമില്ല അത്ര തന്നെ" ഓഡിറ്റോറിയത്തിൽ വച്ചാണ് കെട്ട്.ഹരൻ വലിയ താൽപര്യം ഇല്ലെങ്കിലും അത് പുറത്ത് കാണിക്കുന്നില്ല. എന്നാൽ നിധി നേരെ തിരിച്ചാണ്. മുഖത്തെ ദേഷ്യം എടുത്ത് കാണുന്നുണ്ട്. പൂജക്ക് ശേഷം പൂചാരി നീട്ടിയ താലി ഹരൻ വാങ്ങി. അവൻ ഒരു നിമിഷം ആ താലിയിലേക്കും തന്റെ അച്ഛന്റെയും അമ്മയുടേയും മുഖത്തേക്കും നോക്കി. അപേക്ഷയോ ദയനീയതയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവമായിരുന്നു ആ മാതാപിതാക്കളുടെ മുഖത്ത്. കുറച്ചു കാലമായി താൻ അച്ഛന്റെയും അമ്മയുടേയും ഇഷ്ടത്തിന് ചലിക്കുന്ന പാവയായിരുന്നില്ലേ . അവർ പറയുന്നതിന് എതിരായി ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. അതിന്റെ കൂട്ടത്തിൽ ഇതു കൂടെ. ഹരൻ ഒരു ദീർഘ നിശ്വാസത്തോടെ അവളുടെ കഴുത്തിലേക്ക് താലി ചാർത്തി. നെറുകയിൽ കുങ്കുമം തൊട്ടു. നിധി ഇരു കൈകളും കൂപ്പി കണ്ണടച്ചിരുന്നു.

" എനിക്കറിയാം ഇച്ഛായാ നീ ഇവിടെ എവിടേയോ ഉണ്ട്. നിന്റെ സാമിപ്യം എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്. എനിക്ക് ഒരു അവസരം കൂടി തരാമായിരുന്നില്ലേ . ഞാൻ കൂടെ വരുമായിരുന്നല്ലോ. എന്തിനാ ഇങ്ങനെ സ്വയം നീറി ഇല്ലാതാക്കുന്നത് " തന്റെ പ്രിയപ്പെട്ടവനെ കുറിച്ചാലോചിച്ച് അവളുടെ മനസ് പിടഞ്ഞു ഹരന്റെ അവസ്ഥയും ഏറെ കുറെ അങ്ങനെയായിരുന്നു. ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ലാ എന്ന് കരുതിയ ഒരു കാര്യമാണ് തന്റെ ജീവിതത്തിൽ ഇന്ന് നടന്നത്. അതും ഒരിക്കലും തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരുവളെ തന്റെ പാതിയാക്കി. പക്ഷേ അത് അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കൊണ്ടും അതിനെക്കാൾ ഉപരി അവരോടുള്ള തീർത്താൽ തീരാത്ത കടപ്പാടു കൊണ്ടും മാത്രമാണ്. താലി കെട്ട് കഴിഞ്ഞ് ഫോട്ടോ ഷൂട്ടിലേക്ക് കടന്നു. നിധി തന്റെ ഫ്രണ്ട്സിനെ ആരേയും കല്യാണത്തിന് വിളിച്ചിട്ടില്ല. ആ വിടവ് നികത്താൻ എന്ന പോലെ നിഖി അവന്റെ കോളേജ് മുഴുവൻ കല്യാണം വിളിച്ചിരുന്നു. ഫോട്ടോ ഗ്രാഫറുടെ നിർദേശത്തിന് അനുസരിച്ച് ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുകയാണ് നിച്ചുവും ഹരനും. ഹരന്റെ ഒരു കൈ അവളുടെ തോളിലും മറുകൈ ഇടുപ്പിലും വച്ചിട്ടുണ്ട്. നിധികയുടെ ഒരു കൈ ഹരന്റെ വലതെ ഇടുപ്പിലും മറ്റേ കൈ അവന്റെ നെഞ്ചിലുമായി വച്ചിട്ടുണ്ട്.

ഹരന്റെ ഉയർന്ന നെഞ്ചിടിപ്പ് മനസിലായ നിധികക്ക് ആ ദേഷ്യത്തിനിടയിലും ചിരി വന്ന് പോയി. " ആ പോസിൽ തന്നെ നിന്ന് രണ്ടു പേരും ഒന്ന് കണ്ണിൽ കണ്ണിൽ നോക്ക്" ഫോട്ടോഗ്രാഫർ പറഞ്ഞതും അവർ മുഖത്തോട് മുഖം നോക്കി. " ഇയാളെ ഞാൻ എവിടേയോ കണ്ടിട്ടുണ്ട്. നല്ല പരിചയം ഉള്ള മുഖം. പക്ഷേ ഓർമ കിട്ടുന്നില്ല. " (നിധിക ആത്മ) " മാധു പറഞ്ഞത് ശരിയാ . ഇവളുടെ brown eyes ആണ് . യക്ഷി ...." " എന്ത് " " കുന്തം. മനുഷ്യന് ദൈവത്തെ വിളിക്കാനും പാടില്ലേ " അവളുടെ മേലുള്ള കൈ എടുത്ത് മാറ്റി അവൻ പറഞ്ഞു. എന്നാൽ ഇതെല്ലാം കണ്ട് ഓഡിറ്റോറിയത്തിലെ അവസാന റോയിൽ ഇരിക്കുന്ന ഒരാൾ നിറഞ്ഞ മിഴികൾ തുടച്ച് പുറത്തേക്ക് ഇറങ്ങി. " നിനക്ക് നല്ലത് മാത്രമേ വരു നിച്ചു. അടുത്ത ജന്മത്തിൽ എങ്കിലും ഈ ജാതിയും മതവും ഇല്ലാത്ത മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരു ലോകത്തിൽ നമ്മുക്ക് ഒരുമിക്കാം " അലക്സ് തന്റെ പ്രാണനെ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി ഹൃദയം തകരുന്ന വേദനയിൽ കാറിൽ കയറി പോയി. * സദ്യയെല്ലാം കഴിഞ്ഞ് ചെറുക്കനും പെണ്ണും ഇറങ്ങാറായി. " എടീ ചേച്ചി നിനക്ക് സങ്കടം ഒന്നുമില്ലെടി " ഇറങ്ങാൻ നേരം നിഖി ചോദിച്ചു. " എന്തിന് ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ട സമാധാനമേ ഉള്ളൂ. പക്ഷേ ഞാൻ ഉടനെ തിരികെ വരും മോനൂസേ " അവന്റെ കവിളിൽ തട്ടി നിധിക അച്ഛനേയും അമ്മയേയും നോക്കി. അമ്മ നല്ല കരച്ചിലാണ്. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. എന്താേ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ്.

ഇത്ര സങ്കടപ്പെട്ട് എന്നെ കെട്ടിച്ചയക്കേണ്ട വല്ല കാര്യവും ഉണ്ടോ . അവൾ മനസിൽ പറഞ്ഞ് കാറിനരികിലേക്ക് നടന്നു. കാറിന്റെ ഡോർ തുറന്നതും പിന്നിൽ നിന്നും ആരോ ഒരു കരച്ചിലോടെ അവളെ ഇറുക്കെ കെട്ടി പിടിച്ചു. " എന്നോട് ക്ഷമിച്ച് നിച്ചു. ഞാൻ കാരണം അല്ലേ. ഞാൻ ചതിച്ചു " നിഖി അവളെ പിന്നിൽ നിന്നു പുണർന്ന് കരയാൻ തുടങ്ങി. നിധിക ഒരു നിമിഷം ഞെട്ടി എങ്കിലും തന്റെ മേലുള്ള കൈകൾ അയച്ച് അവന് നേരെ തിരിഞ്ഞു. " അയ്യേ നീ എന്തിനാടാ ഇങ്ങനെ കരയുന്നേ. ഞാൻ വേഗം തിരികെ വരില്ലേ. പിന്നെ നമ്മൾ കുറെ അടി കൂടും എങ്കിലും നീ എന്റെ അനിയൻ അല്ലേടാ . അതോണ്ട് ഇനി അതിന്റെ പേരിൽ സങ്കടപ്പെടണ്ടാ " നിച്ചു അവന്റെ കണ്ണു തുടച്ചു. " പിന്നെ നീ എപ്പോഴും വേണം എന്ന് പറയാറുള്ള എന്റെ എയർ പോഡ് നിന്റെ ഷെൽഫിൽ വച്ചിട്ടുണ്ട്. അത് നീ എടുത്താേ. ഇനിയെങ്കിലും ഒന്ന് കരച്ചിൽ നിർത്ത ടാ " നിധിക തമാശ രീതിയിൽ പറഞ്ഞതും നിഖി നന്നായി കരയാൻ തുടങ്ങി. " ചേച്ചി " അവന്റെ കണ്ണീർ നിച്ചുവിന്റെ തോൾ നനയിച്ചു. അപ്പോഴേക്കും അമ്മയും അച്ഛനും അവനെ പിടിച്ച് മാറ്റി. സങ്കടം കൊണ്ട് അവളുടെ നെഞ്ച് വിങ്ങിയെങ്കിലും നിച്ചു സ്വയം നിയന്ത്രിച്ചു. കരയില്ലാ എന്ന് പണ്ടേ തിരുമാനിച്ചതാണ്. അവൾ ഡോർ തുറന്ന് കാറിലേക്ക് കയറി.

"ഇവൾടെ മനസ് എന്താ കല്ലാണോ. ആ ചെറുക്കൻ അടക്കം നിന്നു കരയുന്നു എന്നിട്ട് ഇതിന്റെ മുഖത്ത് ചെറിയ സങ്കടം പോലും ഇല്ലലോ " ഹരൻ മനസിൽ പറഞ്ഞ് കാറിലേക്ക് കയറി. കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞതും അത് ആരും കാണാതിരിക്കാൻ നിധിക കണ്ണുകൾ ഇറുക്കി അടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു. ഹരൻ അവളെ ഒന്ന് നോക്കി പുറത്തേക്ക് ദൃഷ്ടി പായിച്ചു. "ഇനി ചേച്ചിക്ക് ദാനം ചെയ്യാൻ എയർപോഡോ അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് തന്നോട്ടോ " കോ ഡ്രെവിങ്ങ് സീറ്റിൽ ഇരിക്കുന്ന മാധു പറയുന്നത് കേട്ട് നിധിക കണ്ണു തുറന്നു. " എന്താ " അവൾ മനസിലാവാതെ ചോദിച്ചു. " അല്ലാ ഇനി മുതൽ ഞാനും ചേച്ചിയുടെ അനിയനാണ് എന്ന് പറഞ്ഞതാ " ഹരന്റെ നോട്ടം കണ്ട് മാധു പുറത്തേക്ക് നോക്കി ഇരുന്നു. ഹരന്റെ ചേച്ചി ഇന്ദ്രിക എന്ന ഇന്ദുവിന്റെ ഭർത്താവാണ് കാർ ഡ്രെവ് ചെയ്തിരുന്നത്. * ഒന്നര മണിക്കൂർ യാത്രക്ക് ശേഷം അവർ ഒരു വീടിന്റെ മുന്നിൽ വന്ന് നിന്നു. തന്റെ വീട് പോലെ തന്നെ അത്യവശ്യം വലിപ്പം ഉള്ള ഇരു നില വീട് . കുറച്ചു ബന്ധുക്കൾ മുറ്റത്ത് തന്നെ നിൽക്കുന്നുണ്ട്. ഹരന്റെ അമ്മ അവളുടെ കൈയ്യിലേക്ക് വിളക്ക് കൊടുത്തതും അവൾ അത് വാങ്ങി അകത്തേക്ക് കയറി. " ദൈവമേ വിളക്ക് കെടണേ ..എന്റെ ഈ പ്രാർത്ഥന എങ്കിലും ഒന്ന് കേൾക്ക് പ്ലീസ് " അവൾ മനസിൽ പറഞ്ഞ് മുന്നോട്ട് നടന്നു. വിളക്ക് ദൈവത്തിന്റെ മുന്നിൽ കൊണ്ടുവന്ന് വച്ച് മുന്നിലുള്ള കൃഷ്ണ വിഗ്രഹത്തിലേക്ക് അവൾ ദേഷ്യത്തോടെ നോക്കി.

" കേൾക്കരുത്.. ഒരിക്കലും എന്റെ പ്രാർത്ഥന കേൾക്കരുത്. താനൊക്കെ എന്ത് ദൈവമാണ് മിസ്റ്റർ ശ്രീകൃഷ്ണൻ " മുന്നിലെ വിഗ്രഹത്തിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞ് പുറത്തേക്ക് പോകുന്ന നിധികയെ ഹരൻ അത്ഭുതത്തോടെ നോക്കി. " ഇവൾക്ക് എന്താ വട്ടാണോ " അവനും അവൾക്ക് പിന്നാലെ നടന്നു. പിന്നീട് റിസപ്ഷനും തിരക്കുകളും ആയി എല്ലാവരും ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി. അവിടെ ഹരന്റെ ചില ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരോടെല്ലാം ചിരിയോടെ സംസാരിക്കുന്ന ഹരനെ കണ്ട് നിധിക അത്ഭുതത്തോടെ നിന്നു. " ഈ ചിരി . ഈ സംസാരം. ഞാൻ ഇയാളെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് " അവൾ വീണ്ടും മനസിലോർത്തു. റിസപ്ഷൻ കഴിഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും പത്ത് മണി ആയിരുന്നു. നിധിക വേഗം ഡ്രസ്സ് മാറ്റി ബെഡിൽ കയറി കിടന്നു. ഹരൻ ഡ്രസ്സ് പോലും മാറാതെ പുറത്തേക്കും പോവുന്നത് കണ്ടു. * ഹരൻ നേരെ പോയത് ടൗണിലെ ഒരു ഹോട്ടൽ റൂമിലേക്കാണ്. ഒപ്പം വർക്ക് ചെയ്യുന്നവരായി കുറേ പേർ ഉണ്ടെങ്കിലും പേരിന് പറയാൻ പോലും ഹരന് ഒരു ഫ്രണ്ടില്ല. കുറച്ച് കാലം കൊണ്ട് അത്തരത്തിലുള്ള കൂട്ടുക്കെട്ടുകൾ അവൻ ഉപേക്ഷിച്ചിരുന്നു. അവൻ കയ്യിലെ വോഡ്ക ബോട്ടിൽ വായിലേക്ക് കമിഴ്ത്തി. വീട്ടിൽ ആരും അറിയാതെ ഇരിക്കാനാണ് ഇവിടേക്ക് വന്നത്. അവർക്ക് അറിയുന്ന ഹരൻ ഇന്ദ്രജിത്ത് നന്മയുടെ പ്രതീകമാണ്. ആരോടും ദേഷ്യപെടില്ല.

ഒരു ദുശീലവും ഇല്ലാത്തവൻ. പക്ഷേ ശരിക്കും ഉള്ള ഹരനെ അറിയണമെങ്കിൽ അവൻ ഡിഗ്രി ചെയ്ത ബാഗ്ലൂരിലെ കോളേജിൽ ചെല്ലണം. എല്ലാ തല്ലുകൊള്ളിത്തരത്തിലും ഒന്നാമൻ. അത് വീട്ടിൽ അറിയാതിരിക്കാനാണ് മാധു താൻ പഠിച്ച കോളേജിൽ എഞ്ചിനിയറിങ്ങ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അതിന് സമ്മതിക്കാതിരുന്നത്. മദ്യത്തിന്റെ ലഹരിയിൽ അവൻ നേരെ ബെഡിലേക്ക് വീണു. അവളെ ഒഴിവാക്കാനാണ് ഓഫീസിൽ വർക്ക് ഉണ്ട് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. * രാവിലെ ഫോണിന്റെ റിങ്ങ് കേട്ടാണ് നിധിക കണ്ണു തുറന്നത്. സമയം ആണ് മണി ആകുന്നു. ഫോൺ എടുത്ത് നോക്കുമ്പോൾ അമ്മയാണ്. " ഓഹ് രാവിലെ തന്നെ കുല സ്ത്രീ കോഴ്സ് പഠിപ്പിക്കാനായിരിക്കും. നേരത്തെ എണീക്കണം , കുളിക്കണം , അടുക്കളേൽ കയറണം., ഇവിടെ ഉള്ളവരുടെ കാര്യങ്ങൾ നോക്കണം. ഈ വീടിന്റെ നിലവിളക്കാവണം. നിലവിളക്കല്ലാ കരി വിളക്കാ ആവാൻ പോകുന്നത്. എന്നിട്ട് ഇവിടെ ഉള്ളവർ തന്നെ എന്നേ ഇവിടുന്ന് പുറത്താക്കണം. നിധികയുടെ യുദ്ധമുറകൾ ദേവമഠം കാണാനിരിക്കുന്നതെ ഉള്ളു. " അമ്മയുടെ അടുത്ത കോൾ വരുന്നതിനു മുൻപേ നിധിക ഫോൺ ഓഫ് ചെയ്ത തല വഴി പുതപ്പിട്ടു. "ഇയാൾ ഇത് വരെ വന്നില്ലേ . ആഹ് എവിടെയെങ്കിലും പോവട്ടെ എനിക്ക് എന്താ " അവൾ പുറു പിറുത്തതും വാതിൽ തുറന്ന് ഹരൻ അകത്തേക്ക് വന്നതും ഒരുമിച്ചാണ്. "ഈ ശവം എണീറ്റില്ലേ ഇത്ര നേരായിട്ടും

" അവൻ പിറുപിറുത്തു കൊണ്ട് കയ്യിലെ വാച്ചും ഫോണും ടേബിളിൽ വച്ചു. " ഒരു പെൺകുട്ടിയുടെ റൂമിലേക്ക് കയറി വരുമ്പോൾ തനിക്ക് ഡോറിൽ ഒന്ന് നോക്ക് ചെയ്തുടെ" അത് കേട്ട് ഹരൻ റും മുഴുവൻ ഒന്ന് നോക്കി. "എന്താ നോക്കുന്നേ " നിധി ബെഡിൽ എണീറ്റിരുന്നു. " എനിക്ക് റൂം മാറി പോയോ എന്ന് നോക്കിയതാ. ഇന്നലെ രാത്രി പോകുന്ന വരെ ഇത് എന്റെ റൂം ആയിരുന്നു. പിന്നെ സൾഫ്യൂരിക്ക് ആസിഡിന് കൈയ്യും കാലും വച്ച നിന്നെയൊക്കെ ആരെങ്കിലും പെൺ വർഗത്തിൽ കൂട്ടുമോ " " സൾഫ്യൂരിക് ആസിഡോ " " ആഹ് ബെസ്റ്റ് . അത് എന്താന്ന് പോലും അറിയില്ലാ. ബെസ്റ്റ് " " തന്നെ എന്താടോ രാവിലെ വല്ല ചൊറിയൻ പുഴുവും കടിച്ചോ ഇങ്ങനെ എന്നെ വെറുതെ ചൊറിയാൻ " " അല്ല . ഇന്നലെ രാവിലെ ഒരു യക്ഷിയെ എല്ലാവരും എന്റെ തലയിൽ കെട്ടി വച്ചു അതിന്റെ ചൊറിച്ചില്ലാ " " യക്ഷി ... " " ദേ ഇച്ചായാ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ. എന്നെ അങ്ങനെ വിളിക്കണ്ടാ " " ഇല്ലാ ഞാൻ അങ്ങനെ വിളിക്കു . നിന്റെ ഈ കണ്ണ് ഉണ്ടല്ലോ ശരിക്കും യക്ഷിയെ പോലെയാ " അലക്സി നിധികയുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു. പഴയ കാര്യങ്ങളുടെ ഓർമയിൽ നിധികയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. "ഇവൾക്ക് എന്താ ഭ്രാന്തുണ്ടോ വെറുതെ ഇരുന്ന് ഇളിക്കാൻ .. " ഹരൻ ചിന്തിച്ചു.

പെട്ടെന്ന് സ്ഥലക്കാല ബോധം വന്ന നിധി തന്റെ മുന്നിൽ നിൽക്കുന്ന ഹരനെ നോക്കി പേടിപ്പിച്ചു. " എന്താടി യക്ഷി നോക്കി പേടിപ്പിക്കുന്നോ " " എന്നെ ആ പേര് വിളിക്കരുത് " " ഞാൻ ഇനിയും വിളിക്കും. യക്ഷി യക്ഷി യക്ഷി " ഹരനും വാശി കയറിയിരുന്നു. " നിർത്ത് ഹരൻ . എനിക്ക് ആ വിളി കേൾക്കുന്നത് ഇഷ്ടമല്ലാ " അവൾ ചെവി പൊത്തി പറഞ്ഞു. എന്നാൽ അതെ സമയം അവളുടെ വീക്ക്നെസ് മനസിലായ ഹരൻ നിഗൂഡമായ ഒരു ചിരി ചിരിച്ചു. " അപ്പോ നിനക്ക് യക്ഷി എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാ അല്ലേ. എന്നാ ഇനി ഞാൻ അങ്ങനെ വിളിക്കൂ.. യക്ഷി .. യക്ഷി .. യക്ഷി ... യ.." പറഞ്ഞ് മുഴുവനാക്കും മുൻപേ നെറ്റിയിൽ എന്താേ വേദന അനുഭവപ്പെട്ടു. ഒപ്പം കൺപീലിയിലൂടെ മുഖത്തേക്ക് രക്തം ഒഴുകി ഇറങ്ങി. " അമ്മാ.." അലറി കൊണ്ടുള്ള ആ വിളിയിൽ ആ വീട് വരെ ഒന്ന് കുലുങ്ങി പോയി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story