നീഹാരമായ്: ഭാഗം 35

neeharamayi

രചന: അപർണ അരവിന്ദ്

നിധിക നേരെ അവരുടെ അരികിലേക്ക് നടന്ന് വന്ന് ശ്രീദേവിയുടെ കൈയ്യിൽ പിടിച്ചു. " ശ്രീ എന്റെ ഒപ്പം ഒന്ന് വാ" " ഞാൻ ഇവിടെ സംസാരിക്കുന്നത് കണ്ടില്ലെ. " സീനിയർ നിധികയെ നോക്കി ചോദിച്ചു. " ഇയാൾ ഇവിടെ ഒറ്റക്ക് നിന്ന് സംസാരിച്ചോ ഒരു കുഴപ്പവും ഇല്ല. ശ്രീ വാ " നിധിക അത് പറഞ്ഞ് അവളെ ക്ലാസിനകത്തേക്ക് കൊണ്ട് പോയി. സീറ്റിൽ വന്നിരുന്നതും നിധിക തല ചരിച്ച് ശ്രീദേവിയെ ഒന്ന് നോക്കി. അവളുടെ മുഖത്ത് അത്ഭുതമാണ് ഇപ്പോഴും. " ആ ചെക്കനെ നിനക്ക് ഇഷ്ടാണോ " നിധിക എടുത്തടിച്ച പോലെ ചോദിച്ചതും അവൾ ഒന്ന് അമ്പരുന്നു. ശേഷം അല്ലാ എന്ന രീതിയിൽ തോൾ അനക്കി. " അപ്പോ എന്നാ ഫ്രണ്ട്സ് " നിധിക കൈ നീട്ടിയതും ശ്രീദേവി അവളുടെ കൈയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. തനിക്ക് സംസാരിക്കാൻ കഴിയില്ലാ എന്ന് ആക്ഷൻ കാണിച്ചതും നിധിക്ക് എന്താേ പാവം തോന്നി. " ഫ്രണ്ട്സ് " അവൾ വീണ്ടും ആ ചോദ്യം തന്നെ ആവർത്തിച്ചതും ശ്രീദേവി അവളുടെ കയ്യിൽ കൈ ചേർത്തു. " എനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് താൻ ആ കാര്യം ആലോചിച്ച് സങ്കപ്പെടേണ്ടാ. ഇനി രണ്ട് കൊല്ലത്തേക്ക് ഈ ശ്രീദേവിയുടെ ശബ്ദവും സ്വരവുമൊക്കെ ഞാനാ. മനസിലായോ " നിധി പതിയെ പറഞ്ഞതും ശ്രീദേവിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ശ്രീദേവി തനിക്ക് പറയാനുള്ളതെല്ലാം ബുക്കിൽ എഴുതി കാണിച്ചു കൊടുത്തിരുന്നു.. ഒരു പാവപ്പെട്ട കുടുബത്തിലെ കുട്ടിയാണവൾ. വീട്ടിൽ അച്ഛൻ അമ്മ. ഒറ്റ മകളാണ് കക്ഷി. വൈകുന്നേരം ആവുമ്പോഴേക്കും അവർ തമ്മിൽ നല്ല ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു. * വൈകുന്നേരം നിധിക വീട്ടിലേക്ക് എത്തുമ്പോഴേക്കും അഞ്ച് മണി കഴിഞ്ഞിരുന്നു. ഡോർ ബെൽ അടിച്ചതും ഒരു പെൺകുട്ടിയാണ് വന്ന് വാതിൽ തുറന്നത്. ആദ്യം അവളുടെ നെറ്റിചുളിഞ്ഞു എങ്കിലും പിന്നീട് മനസിലായി അത് ഹരന്റെ പെങ്ങളാണെന്ന് . " എട്ടത്തി എന്താ അവിടെ തന്നെ നിൽക്കുന്നേ " ഇന്ദുവിന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. " ഞാൻ പെട്ടെന്ന് പ്രതീക്ഷിക്കാതെ കണ്ടപ്പോൾ . വന്നിട്ട് കുറേ നേരം ആയോ " " ഇല്ല എട്ടത്തി. ഞങ്ങൾ വീട്ടിലേക്ക് പോകായിരുന്നു. അപ്പോ അമ്മയാ പറഞ്ഞത് ഇവിടെ കൂടി ഒന്ന് കയറാൻ . കല്യണത്തിന്റെ അന്ന് കണ്ടതല്ലേ . പിന്നെ കണ്ടിട്ടില്ലാലോ " മറുപടിയായി നിധിക ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

" ഞാൻ പോയി ഫ്രഷായിട്ട് വരാമേ " ഹാളിൽ ഇരിക്കുന്ന ഇന്ദുവിന്റെ ഹസ്ബന്റിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിധിക റൂമിലേക്ക് നടന്നു. " നിങ്ങൾ രണ്ട് പേരും രണ്ടു റൂമിൽ ആണോ " അവളുടെ പിന്നാലെ വന്ന ഇന്ദു ചോദിച്ചു. " എയ്.. അ..അല്ല . ഹരന് അല്ലാ ഇന്ദ്രേട്ടന് എല്ലാം അടുക്കി ഒതുക്കി വക്കണം. എനിക്കാണേങ്കിൽ എല്ലാം വലിച്ച് വാരിയിട്ടാ ശീലം. അതോണ്ട് എന്റെ ഡ്രസ്സുകളും മറ്റും ഇവിടെ വച്ചു എന്നേ ഉള്ളൂ " നിധി പറഞ്ഞൊപ്പിച്ചു. ഇന്ദു വിശ്വാസം വരാത്ത രീതിയിൽ ഒന്ന് മൂളുകയും ചെയ്തു. നിധിക വേഗം കുളിച്ച് ഫ്രഷായി വന്നു. ഹരനെ തിരഞ്ഞ് അടുക്കളയിൽ എത്തിയതും അവൻ കോഫി ഉണ്ടാക്കുകയായിരുന്നു. " ആഹ് നീ വന്നോ " അവൻ പുഞ്ചിരിയോടെ ചോദിച്ചു. " മമ്" അവൾ ഒന്ന് മൂളി . " ഇന്ദുവിനെ കണ്ടില്ലേ " " മമ്. ഇങ്ങ് താ ഞാൻ ചെയ്യാം " ഹരന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ചായ കപ്പിലേക്ക് ഒഴിക്കാൻ തുടങ്ങി. ഹരൻ അവളെ നോക്കി കൗണ്ടർ ടോപ്പിൽ കയറി ഇരുന്നു. " ഇന്ദുവിന്റെ ഹസ്ബന്റിന്റെ വീടെവിടേയാ " നിധി ചോദിച്ചു.

" തൃശൂർ തന്നെയാണ്. പക്ഷേ വർക്ക് ചെയ്യുന്നത് ട്രിവാഡ്രത്താണ്. അവിടുന്ന് വരുന്ന വഴിയാണ് " " മ്മ് " നിധിക ഒരു കപ്പ് അവന് കൊടുത്ത് ബാക്കി രണ്ടെണ്ണം എടുത്ത് ഹാളിലേക്ക് നടന്നു. പിന്നാലെ ഹരനും. ഹരൻ ഇന്ദുവിന്റെ ഭർത്താവുമായി സംസാരിക്കുന്നുണ്ടെങ്കിലും അബദ്ധത്തിൽ പോലും അവന്റെ നോട്ടം ഇന്ദുവിന് നേരെ വന്നില്ല. അത് നിധികയിൽ ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. രാത്രിയിലേക്കുള്ള ഫുഡ് ഹരൻ പുറത്ത് നിന്നും വാങ്ങിച്ചു കൊണ്ടു വന്നു. ഭക്ഷണം വിളമ്പാൻ നേരം ഇന്ദു ഹരന് വിളമ്പാൻ നിന്നു എങ്കിലും ഹരൻ അത് എതിർത്ത് സ്വയം വിളമ്പി കഴിച്ചു.അത് ഇന്ദുവിൽ ഒരു സങ്കടം ഉണ്ടാക്കി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിൽ ഇന്ദുവും നിധികയും ഇരുന്ന് സംസാരിക്കുകയാണ്. നിധിയേക്കാൾ രണ്ട് മൂന്ന് വയസിന് മൂത്തതാണ് ഇന്ദു. " എട്ടൻ എങ്ങനെയാ എട്ടത്തി " " അതെന്താ ഇന്ദു അങ്ങനെ ചോദിച്ചത്. എന്നെക്കാൾ ഹരനെ അറിയുന്നത് ഇന്ദുവിനല്ലേ " " അതല്ലാ. എട്ടത്തിയോട് എങ്ങനെയാ എന്നാ ചോദിച്ചത് " " എന്നാേട്..."

നിധിക ഒരു നിമിഷം സ്വയം ആലോചിച്ചു. ഹരൻ തന്നോട് എങ്ങനെയാണ്. പാവം ആണ് . പക്ഷേ ദേഷ്യം വന്നാ ദുഷ്ടനാ . " എട്ടത്തി എന്താ ആലോചിക്കുന്നേ " ഇന്ദു അവളെ തട്ടി വിളിച്ചു. "ഹരൻ ... അല്ലാ ഇന്ദ്രേട്ടൻ പാവമാ . നല്ല കെയറിങ്ങ് ആണ്. " " എട്ടന് ഇഷ്ടമാണെങ്കിൽ സ്നേഹിച്ച് കൊല്ലും. മറിച്ച് വെറുപ്പാണെങ്കിൽ പിന്നെ .." അവൾ പാതി പറഞ്ഞ് നിർത്തി. " അല്ലാ ഇവിടെ വന്നിട്ട് ഇന്ദ്രേട്ടനും ഇന്ദുവും തമ്മിൽ ഒന്നും സംസാരിക്കുന്നത് കണ്ടില്ലാലോ.. നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും " നിധിക അർത്ഥം വച്ച് ചോദിച്ചു. " എയ് അങ്ങനെ ഒന്നും ഇല്ലാ എട്ടത്തി. ഞങ്ങൾ തമ്മിൽ ചെറുപ്പം മുതൽ അത്ര വലിയ കൂട്ട് ഇല്ലാ. ഞാനും മാധുവും ആയിരുന്നു കമ്പനി. " " ഇന്ദു ഒന്നിങ്ങ് വന്നേ" റൂമിൽ നിന്നുള്ള വിളി വന്നതും ഇന്ദു റൂമിലേക്ക് നടന്നു. നിധികയുടെ റും ആണ് അവർക്ക് കൊടുത്തിട്ടുള്ളത്. നിധിക കുറച്ച് നേരം ബാൽക്കണിയിൽ നിൽക്കുന്ന ഹരനെ നോക്കി ഇരുന്നു. ചെറുപ്പം മുതൽ ഹരനും ഇന്ദുവും ആയിരുന്നു കൂടുതൽ കൂട്ട് എന്ന് അമ്മ പറയാറുണ്ട്. ഹാളിലെ ഫോട്ടോസിൽ കൂടുതലും ഹരനൊപ്പം ഇന്ദുവിനെ കണ്ടിട്ടുണ്ട്. എന്നിട്ടും അവൾ എന്തിന് കള്ളം പറഞ്ഞു. നിധിക ഓരോന്ന് ഓർത്ത് ഹരന്റെ അരികിലേക്ക് നടന്നു. ഹരൻ എന്താേ കാര്യമായ ആലോചനയിൽ അകലേക്ക് നോക്കി നിൽക്കുകയാണ്. " കിടക്കാറായില്ലേ " " ഇല്ല " അവൻ അകലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു.

കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു. "നീയെന്താടീ എന്നെ ആദ്യമായിട്ട് കാണുകയാണോ " ഹരൻ തല ചരിച്ച് നോക്കി ചോദിച്ചപ്പോഴാണ് താൻ ഇത്ര നേരം അവനെ നാേക്കി നിൽക്കുകയായിരുന്നു എന്ന് അവളും ഓർത്തത്. "നിനക്ക് എന്തെങ്കിലും സങ്കടം ഉണ്ടോ . എന്തിനാ ഇവിടെ വന്ന് തനിച്ച് നിൽക്കുന്നേ" " സങ്കടം ഉണ്ടെങ്കിൽ .. " അവൻ കൈകൾ കെട്ടി അവൾക്ക് നേരെ തിരിഞ്ഞ് നിന്നു. " ഉണ്ടെങ്കിൽ എന്നോട് പറഞ്ഞോ. വെറുതെ എന്തിനാ മനസിൽ ഇട്ട് സങ്കടം കൂട്ടുന്നേ " " എന്നാ സങ്കടം നീ മാറ്റി തരുമോ. " അവൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു. " എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ " അവൾ നിഷ്കളങ്കമായി പറഞ്ഞു. " എന്നാ എനിക്ക് കെട്ടിപിടിച്ച് ഒരു ഉമ്മ താ" അവൻ കൈകൾ വിടർത്തി കൊണ്ട് പറഞ്ഞതും നിധിക രണ്ടടി പിന്നിലേക്ക് നീങ്ങി. " നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ " " ഇതാ ഇപ്പോ നന്നായത്. നീയല്ലേ പറഞ്ഞത് എന്റെ സങ്കടം മാറ്റി തരാം എന്ന്. എനിക്കെന്തോ ആകെ ഒറ്റപ്പെട്ട പോലെ . കെട്ടിപിടിച്ച് ഒരുമ്മ തന്നാ അത് കുറയുമായിരിക്കും " അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. മറുപടിയായി അവൾ അവനെ ഒന്ന് തറപ്പിച്ച് നോക്കി. " നീയിങ്ങനെ ദേഷ്യപ്പെട്ട് നോക്കാതെടി യക്ഷി പെണ്ണേ .

ഞാൻ സീരിയസായിട്ടാ പറഞ്ഞത് " " അതെന്താ അങ്ങനെ . ശരിക്കും എനിക്കല്ലേ ഒറ്റപ്പെടുന്ന പോലെ തോന്നേണ്ടത്. ഇവിടെ നിനക്ക് കൂട്ട് നിന്റെ പെങ്ങളും അളിയനും ഇല്ലേ " " അതെന്താടീ നീ അങ്ങനെ പറഞ്ഞത്. ഞാൻ ഉള്ളപ്പോൾ നീ എങ്ങനെ ഒറ്റക്കാവും. " " അപ്പോ അതുപോലെയല്ലേ നീയും. ഞാൻ ഉള്ളപ്പോൾ നീ ഒറ്റക്കാവുമോ " " ആവില്ലേ " അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് അവൻ ചോദിച്ചു. " എട്ടത്തി " അപ്പോഴേക്കും ഇന്ദു അവിടേക്ക് വന്നിരുന്നു. " നശിപ്പിച്ചു " ഹരൻ പിറുപിറുത്ത് കൊണ്ട് നിധികയുടെ അരികിൽ നിന്നും അകന്ന് മാറി. " അമ്മയാ വിളിക്കുന്നേ " ഇന്ദു അവൾക്ക് നേരെ ഫോൺ നീട്ടി. നിധിക ഫോൺ വാങ്ങി ഹാളിലേക്ക് നടന്നു. കുറച്ച് നേരം അമ്മയോട് സംസാരിച്ച ശേഷം ഫോൺ ഇന്ദുവിന് തിരികെ കൊടുത്ത് അടുക്കളയിലേക്ക് നടന്നു. നിധിക സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി. അവളുടെ മനസിൽ മുഴുവൻ ഹരന്റെ വാക്കുകൾ ആയിരുന്നു. ഒപ്പം അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു. പെട്ടെന്ന് ഇടുപ്പിലൂടെ ആരോ കൈ ചേർത്ത് പിടിച്ചതും അവളുടെ ശരീരമാകെ ഒന്ന് വിറച്ചു. " വേണ്ടാ ഹരാ ആരെങ്കിലും കാണും " അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞതും പിന്നിൽ അന്തം വിട്ട് ഇന്ദു നിൽക്കുന്നു. " ഇ.. ഇന്ദു ആ ..ആയിരുന്നോ ..ഞാ..ഞാൻ പെട്ടെന്ന് ...." അവൾ വാക്കുകൾക്കായി പരതി. " അത് പിന്നെ ഞാൻ പെട്ടെന്ന് സന്തോഷം കൊണ്ട് കെട്ടിപിടിച്ചതാ.

നാളെ അമ്പലത്തിൽ പോവാൻ സാരി ഉടുത്ത് തരാൻ എടത്തി എന്നെ സഹായിക്കാം എന്ന് പറഞ്ഞൂന്ന് അമ്മ പറഞ്ഞു. എനിക്കാണെങ്കിൽ സാരി ഉടുക്കാൻ നല്ല ഇഷ്ടമാ . അവിടെ ആവുമ്പോൾ ആരും ഹെൽപ്പ് ചെയ്യാൻ ഇല്ല. അപ്പോ എട്ടത്തി അങ്ങനെ പറഞ്ഞു എന്ന് അമ്മ പറഞ്ഞപ്പോ അതിന്റെ സന്തോഷത്തിൽ ഞാൻ കെട്ടിപിടിച്ചതാ . സോറി" അവൾ ചെറിയ ചിരിയോടെ പറഞ്ഞു. നിധികയും ആകെ ചമ്മി ഇല്ലാതായി പോയിരുന്നു. അവൾ തലയാട്ടി കൊണ്ട് തന്നെ ജോലികൾ നോക്കാൻ തുടങ്ങി * " എന്താടി അവിടെ നിന്ന് താളം ചവിട്ടുന്നേ " ഡോറിനരികിൽ നിൽക്കുന്ന നിധിയെ കണ്ട് ഹരൻ ചോദിച്ചു. " അത് പിന്നെ അവിടെ ... അവിടെ അവർ കിടക്കാ " " അതിന് " " ന്നിക്ക് കിടക്കാൻ സ്ഥലമില്ല " " അതിന് " " ഞാൻ ഇവിടെ കിടക്കാൻ" " ഓഹോ അങ്ങനെ . ഇത് എന്റെ റും അല്ലേ. അപ്പോ എന്റെ അനുവാദത്തിന് കാത്ത് നിൽക്കുകയായിരിക്കും അല്ലേ " അവൾ അതെ എന്ന് തലയാട്ടി " നീ ഇവിടെ കിടക്കുന്നതിന്ന് കുഴപ്പമൊന്നും ഇല്ലാ . പക്ഷേ ഒരു കണ്ടീഷൻ . നിനക്ക് എന്റെ റൂമിൽ എന്റെ ബെഡിൽ കിടക്കാം എങ്കിൽ എനിക്ക് നിന്റെ ബെഡിലും കിടക്കാൻ പറ്റും. " " അതെന്താ അങ്ങനെ . ഇതൊരു പ്രത്യേക സാഹജര്യം കൊണ്ടല്ലേ ."

" അതിനൊന്നും ഇവിടെ പ്രസക്തി ഇല്ല. നീ വേണമെങ്കിൽ ഇവിടെ കിടന്നാ മതി. എനിക്ക് നിർബന്ധം ഇല്ലാ " അത് പറഞ്ഞ് അവൻ ബെഡിലേക്ക് മലർന്ന് കിടന്നു. അത് കണ്ട് നിധിക വാതിൽ അടച്ച് ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അപ്പുറത്തായി വന്ന് കിടന്നു. "യക്ഷി .." അവന്റെ സ്വരം കാറ്റ് പോലെ ചെവിയിൽ തട്ടിയതും അവൾ ഞെട്ടി " ഒരു കണ്ടീഷൻ കൂടി . എന്റെ ബെഡിൽ കിടന്നാ ഞാൻ ചിലപ്പോ കെട്ടിപിടിക്കും. നിനക്ക് ബുദ്ധിമുട്ടുണ്ടോ " അത് പറയലും ഹരൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് ചേർക്കുകയും ചെയ്തിരുന്നു. "യക്ഷി പെണ്ണേ " അവൻ അവളുടെ കാതിൽ പതിയെ വിളിച്ചതും നിധിക ഒന്ന് വിറച്ച് പോയിരുന്നു. "യക്ഷി ... " അവൻ വീണ്ടും വിളിച്ചു. " മ്മ്.. " അവൾ ഒരു പതർച്ചയോടെ മൂളി . " എനിക്ക് ... " " നിനക്ക് ... " " അല്ലെങ്കിൽ ഒന്നുല്ലാ. ഉറങ്ങിക്കോ നാളെ ക്ലാസ് ഉള്ളതല്ലേ " " പറ ഹരാ " അവൾ അവന് നേരെ തിരിഞ്ഞ് കിടന്നു. " ഇത് തന്നെ കാര്യം " ഹരൻ തനിക്ക് നേരെ തിരിഞ്ഞ് കിടക്കുന്ന നിധികയുടെ കൈ എടുത്ത് തന്റെ മേൽ വച്ചു. ശേഷം അവളുടെ നെറുകയിൽ അമർത്തി ഉമ്മ വച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story