നീഹാരമായ്: ഭാഗം 39

neeharamayi

രചന: അപർണ അരവിന്ദ്

" ജീവാ " അവൾ ഉറക്കെ വിളിച്ചതും സ്റ്റയർ കയറി കൊണ്ടിരുന്ന ഹരൻ ഒരു നിമിഷം നിശ്ചലനായി. അവൻ വല്ലാത്ത ഒരു ഭാവത്തിൽ തിരിഞ്ഞ് നോക്കി. ഹരന്റെ കണ്ണുകൾ ചുവന്ന് കലങ്ങി. മുഖം ആകെ വിയർത്തു. കൈകാലുകൾ വിറച്ചു. " എടീ നീ.." അടുത്ത നിമിഷം മെയിൻ ഡോറിന് അരികിൽ നിന്നിരുന്ന മാധു പാഞ്ഞ് വന്ന് ഇന്ദുവിന്റെ മുടിക്ക് കുത്തി പിടിച്ചു. " നീ എന്താടി ഇപ്പോ വിളിച്ചത്. എന്റെ എട്ടനെ സങ്കടപ്പെടുത്തി മതിയായില്ലാ അല്ലേ നിനക്ക് " മാധു അവളുടെ മുടിയിൽ പിടിച്ച് താഴേക്ക് തള്ളി. ** " മാധു "അപ്പോഴേക്കും അമ്മയും അച്ഛനും ഹാളിലേക്ക് ഓടി വന്നു " നീ എന്താടാ കാണിക്കുന്നേ " അച്ഛൻ അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു എങ്കിലും മാധു താഴേ വീണ് കിടക്കുന്ന ഇന്ദുവിന്റെ മുടിയിൽ നിന്നും വിടുന്നില്ലാ. " ഇവൾ... ഇവളോട് ഇവിടന്ന് ഇറങ്ങി പോവാൻ പറ . എന്റെ എട്ടനെ സങ്കടപ്പെടുത്താൻ വേണ്ടിയാണ് ഇവൾ ഇവിടേക്ക് വന്നിരിക്കുന്നത്. " " ഞാൻ എന്ത് ചെയ്തിട്ടാ നീയെന്നെ ഉപദ്രേവിക്കുന്നേ.

ജിത്തേട്ടനില്ലാത്ത പ്രശ്നമാണോ നിനക്ക് " ഇന്ദു തന്റെ മുടിയിൽ നിന്നും മാധുവിന്റെ കൈ പിടിച്ച് മാറ്റി കൊണ്ട് അലറി. " നീ ഒന്നും ചെയ്തില്ലേടി .. ഒന്നും ചെയ്തില്ലേന്ന് . നീ എട്ടനെ എന്താ വി..." ഡോറിനരികിൽ നിൽക്കുന്ന നിധികയെ കണ്ട് മാധു പറഞ്ഞ് വന്നത് പാതി നിർത്തി. എന്നാൽ അതേ സമയം നിധി ഹരനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. വല്ലാത്ത ഒരു ഭാവത്തിലായിരുന്നു ഹരന്റെ നിൽപ്പ്. കണ്ണെല്ലാം ആകെ ചുവന്ന് കലങ്ങിയിട്ടുണ്ട്. ഹരൻ എല്ലാവരേയും ഒന്ന് നോക്കിയ ശേഷം വേഗത്തിൽ മുറിയിലേക്ക് കയറി പോയി. ശക്തിയായി വാതിൽ അടച്ചതും എല്ലാവരും ഒന്ന് ഞെട്ടി. " നി.. നിച്ചു നീ എ..എപ്പോഴാ ഇവിടേക്ക് വന്ന ... വന്നത്. " മാധു ഒരു വിറയലോടെ ചോദിച്ചു. പക്ഷേ നിധി മറുപടി പറയാതെ ഹരന് പിന്നാലെ റൂമിലേക്ക് ഓടി " ഹരാ വാതിൽ തുറക്ക് ... ഹരാ " അവൾ ശക്തമായി വാതിലിൽ തട്ടി വിളിച്ചു. " ഹരാ നിന്നോടല്ലേ വാതിൽ തുറക്കാൻ പറയുന്നത് " " നീ ഇപ്പോ വാതിൽ തുറന്നില്ലാ എങ്കിൽ ഇപ്പോ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങും. ഹരാ വാതിൽ തു.. " നിധി പറഞ്ഞ് പൂർത്തിയാക്കും മുൻപേ അവൻ വാതിൽ തുറന്നിരുന്നു. " നിനക്ക് എന്താ നിധികാ വേണ്ടത്.

എനിക്ക് കുറച്ച് മനസമാധാനം താ" അവൻ ദയനീയമായി പറഞ്ഞു. " നീ എന്തിനാ ഡോർ ലോക്ക് ചെയ്യുന്നേ." " എനിക്ക് കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം. നീ ഇപ്പോ പോവാൻ നോക്ക്. നമ്മുക്ക് പിന്നെ സംസാരിക്കാം " അത് പറഞ്ഞ് ഹരൻ ഡോർ ക്ലോസ് ചെയ്യാൻ നിന്നതും നിധിക വാതിലിനിടയിൽ കയറി കൈ വച്ചു. " അങ്ങനെ നീ ഒറ്റക്ക് റൂമിൽ കയറി ഇരിക്കണ്ടാ. " നിധിക ഡോർ മുഴുവൻ തുറന്ന് അകത്തേക്ക് കയറി. ഹരൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ബെഡിൽ വന്ന് കമിഴ്ന്ന് കിടന്നു. നിധി കുറച്ച് നേരം അവനെ തന്നെ നോക്കി നിന്ന ശേഷം ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്ന് ഇരുന്നു. ഹരൻ ഇപ്പോഴും അതേ കിടപ്പിലാണ് എന്ന് മനസിലായതും നിധിക അവന്റെ മുടിയിൽ പതിയെ തലോടി. പക്ഷേ ഹരൻ അനങ്ങാതെ കിടക്കുകയാണ്. " നമ്മുക്ക് ഇവിടെ നിൽക്കണ്ടാ ഹരാ. നമ്മുക്ക് തിരിച്ച് പോകാം " ഹരൻ മറുപടയൊന്നും പറഞ്ഞില്ലാ . അത് കണ്ട് നിധിക അവന്റെ അരികിലായി കിടന്നു. " ഹരാ " " എനിക്ക് കുറച്ച് മനസമാധാനം താ നിധികാ.

എല്ലാവരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കും " " നിനക്ക് എന്നോടും ദേഷ്യമാണോ " അവൾ താഴ്ന്ന സ്വരത്തിൽ ചോദിച്ചതും കമിഴ്ന്ന് കിടക്കുന്ന ഹരൻ തല ഉയർത്തി അവളെ ഒന്ന് നോക്കി. " എന്റെ മൈന്റ് വല്ലാതെ ഡിസ്റ്റർബ്ഡ് ആണ്. നമ്മുക്ക് പിന്നെ സംസാരിക്കാം "ഹരൻ മലർന്ന് കിടന്ന് കൊണ്ട് സീലിങ്ങിലേക്ക് നോക്കി. നിധികയും കുറച്ച് നേരം അവനെ തന്നെ നോക്കി കിടന്നു. ഹരൻ മുകളിലേക്ക് നോക്കി കാര്യമായ എന്തോ ആലോചനയിൽ ആണ്. ഒപ്പം അവന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ നിറയുന്നു. നിധിക അവന്റെ നെഞ്ചിലേക്കായി തല വച്ച് കിടന്നതും ഹരൻ ഒന്ന് ഞെട്ടി. ശേഷം വീണ്ടും സീലിങ്ങിലേക്ക് നോക്കി കിടന്നു. ഹരന്റെ കൈകൾ തന്നെ ചേർത്ത് പിടിക്കാത്തതിൽ നിധികക്ക് വല്ലാത്ത സങ്കടം തോന്നിയിരുന്നു. " നിധിക വേണമെങ്കിൽ വീട്ടിൽ പോയി നിന്നോളൂ. നാളെ വൈകുന്നേരം തിരിച്ച് വന്നാ മതി . ഞാൻ മാധുവിനോട് പറയാം" കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഹരൻ പറഞ്ഞു.

" എന്നോട് ദേഷ്യമാണോ ഹരാ... അതാണോ എന്നെ നിധിക എന്ന് വിളിക്കണേ" താൻ ചോദിച്ചതിനുള്ള ഉത്തരം പറയാതെ വേറെ കാര്യം പറയുന്ന നിധികയെ ഹരൻ അത്ഭുതത്തോടെ നോക്കി. " നീ ഞാൻ പറയുന്നതിന് ഉത്തരം പറ " നിധിക വീടും ചോദിച്ചതും ഹരൻ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു. " എന്നോടുള്ള ഇഷ്ടം കുറഞ്ഞോ ഹരാ " കണ്ണടച്ചു കിടക്കുന്ന ഹരനെ അവൾ തട്ടി വിളിച്ചു. " നിനക്ക് എന്നേ ഇഷ്ടമല്ലാലോ. പിന്നെ എന്തിനാ ഞാൻ നിന്നെ തിരിച്ച് സ്നേഹിക്കുന്നേ " ഹരൻ അത് ചോദിച്ചപ്പോൾ നിധിക കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ശേഷം വീണ്ടും അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. " നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ നിധിക " ഹരൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു " എന്ത് " " കുറച്ച് മുൻപ് നടന്നത്. " " കുറച്ച് മുൻപ് അതിന് എന്താ നടന്നത് " " എന്തിനാ യക്ഷി നീ അറിയാത്ത പോലെ അഭിനയിക്കുന്നേ. നീ അവിടെ നടന്നത് എല്ലാം കണ്ടതല്ലേ " " ഞാൻ ഒന്നും കണ്ടില്ലാ. എനിക്ക് ഉറക്കം വരുന്നു ഹരാ "അത് പറഞ്ഞ് നിധിക അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു. ഹരൻ ഒരു പുഞ്ചിരിയോടെ ഇരു കൈകൾ കൊണ്ടും അവളെ ചേർത്ത് പിടിച്ചു. *

" നീ പറഞ്ഞാ കേൾക്കും നിച്ചു. നീ പറ . പ്ലീസ് പ്ലീസ് പ്ലീസ് ... " " ഞാൻ പറയില്ലാ നിച്ചു. ഹരൻ അല്ലെങ്കിൽ തന്നെ മൂഡോഫ് ആണ്. ഇനി അതിന്റെ കൂടെ പുറത്ത് പോവാനാെന്നും പറ്റില്ല. " നിധിക " അല്ലെങ്കിലും ഇവിടേന്ന് പോയതിൽ പിന്നെ നിനക്ക് ഈ മാധുവിനെ വേണ്ടാലോ. നിനക്ക് ജിത്തു എട്ടനെ മാത്രം മതി." " അങ്ങനെയല്ലാ മാധു. ഹരനെ ഒന്ന് മനസിലാക്ക് നീ " " എനിക്ക് മനസിലാവും നിച്ചു. പക്ഷേ ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാ മൂഡ് ഓഫ് കൂടുകയല്ലേ ഉള്ളൂ " " അതേ മോളേ . അമ്പലത്തിൽ പോയാ കുറച്ച് ഉന്മേഷം കിട്ടുകയും ചെയ്യും. " " അതേ നിച്ചു . എന്നിട്ട് അമ്പലത്തിൽ പോയി വരുന്ന വഴി പുറത്ത് നിന്നും ഫുഡ് കൂടി കഴിച്ചാ കൂടുതൽ ഉന്മേഷം കിട്ടും " " നീ പറയുന്ന പോലെയല്ലാ നിച്ചു. ഹരൻ വരില്ലാ എനിക്ക് ഉറപ്പാണ്. നിങ്ങൾ പോയിട്ട് വാ" " എന്താ ഇവിടെ " മാധുവിന്റെ ശബ്ദം കേട്ട് ഹരൻ താഴേക്ക് ഇറങ്ങി വന്നു. " ദേ ജിത്തു എട്ടൻ വന്നല്ലോ. എട്ടാ ഈ നിച്ചു പറയാ നമ്മുക്ക് എല്ലാവർക്കും കൂടി ഒന്ന് അമ്പലത്തിൽ പോയി വരാം എന്ന് .

വരുന്ന വഴി പുറത്ത് നിന്ന് ഫുഡു കഴിക്കാം എന്നും . എന്നോട് എട്ടന്റെ അടുത്ത് പറഞ്ഞ് സമ്മതിപ്പിക്കാൻ റിക്വസ്റ്റ് ചെയ്യാൻ . ഞാൻ അപ്പോ തന്നെ പറ്റില്ലാന്ന് പറഞ്ഞു. " " അല്ലാ ഹരാ ഇവൻ കള്ളം പറയാ. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലാ " " മോനേ ജിത്തു ഒന്ന് പോയിട്ട് വരാമെടാ " അമ്മ അവനോടായി പറഞ്ഞു. " മ്മ് " ഹരൻ ഒന്ന് മൂളി കൊണ്ട് ഫോണും എടുത്ത് പുറത്തേക്ക് നടന്ന് പോയി. " ഇനി എന്ത് നോക്കി നിൽക്കാ . വേഗം പോയി റെഡിയാവാൻ നോക്ക് നിച്ചു " മാധു അത് പറഞ്ഞ് അവന്റെ റൂമിലേക്ക് പോയി. * എല്ലാവരും കൂടി കാറിൽ ആണ് അമ്പലത്തിലേക്ക് പോയത്. ഹരൻ അമ്പലത്തിൽ കയറാതെ ആലിൻ ചുവട്ടിൽ ഇരുന്നതേ ഉള്ളൂ. നിധിയും അമ്പലത്തിൽ കയറാറില്ലെങ്കിലും അമ്മയും അച്ഛനും കൂടെ ഉള്ളതിനാൽ വേറെ വഴി ഇല്ലായിരുന്നു. വഴിപാടുകൾ എല്ലാം കഴിപ്പിച്ച് അമ്പലത്തിന് പുറത്ത് ഇറങ്ങിയതും നിധി നേരെ ഹരന്റെ അരികിലേക്ക് നടന്നു വഴിപാട് കഴിപ്പിച്ച പ്രസാദത്തിൽ നിന്നും കുറച്ച് ചന്ദനം എടുത്ത് അവന്റെ നെറ്റിയിൽ ആയി തൊട്ടു കൊടുത്തു. " നിച്ചു എനിക്കും " മാധു പറഞ്ഞതും നിധിക അവനും ചന്ദനം തൊട്ടു കൊടുത്തു. എന്നാൽ ഇതെല്ലാം കണ്ടു നിന്ന ഇന്ദുവിൽ ദേഷ്യവും സങ്കടവും നിറഞ്ഞ് നിന്നു .

അമ്പലത്തിൽ നിന്നും ഇറങ്ങിയ അവർ നേരെ റെസ്റ്റോറന്റിലേക്കാണ് പോയത്. എല്ലാവരും ടേബിളിനു ചുറ്റുമായി ഇരുന്നു. " നിങ്ങൾക്ക് വേറെ കടയൊന്നും കിട്ടിയില്ലേ പിതാജി . എപ്പോഴും ഇവിടെ തന്നെയേ കയറുകയുള്ളൂ " മാധു മെനു കാർഡ് നോക്കി കൊണ്ട് പറഞ്ഞു. " അത് നിന്റെ അമ്മക്ക് ഇവിടെത്തെ മസാലദോശയും പൊറോട്ടയും നല്ല ഇഷ്ടമാ അതാ " അച്ഛൻ " ഓഹ് ഗോഡ് ഇപ്പോ തുടങ്ങും പഴം പുരാണം. " മാധു ചെവി പൊത്തി. " നീ കേൾക്കണ്ടടാ ഞാൻ എന്റെ മോളോടാ ഈ പറയുന്നത്. പണ്ട് ... അതായത് ഇന്ദുവിനെ ഞാൻ ഗർഭിണിയായിരിക്കുന്ന സമയത്ത് എനിക്ക് ഇവിടത്തെ പൊറോട്ടയും ബീഫും നല്ല ഇഷ്ടമായിരുന്നു. ഇടക്ക് വന്ന് കഴിക്കാറുണ്ട്. അതുപോലെ മാധുവിനെ ഗർഭിണിയായിരിക്കുന്ന സമയത്ത് മസാല ദോശയും. ഇതിലെ എറ്റവും വലിയ രസം എന്താന്ന് വച്ചാ ഇവര് ജനിച്ചപ്പോൾ ഇന്ദുവിന് പൊറോട്ട ഇഷ്ടമേ അല്ലാ . മാധുവിന് മസാല ദോശ കണ്ണിന് നേരെയും കണ്ടൂടാ " " മതി അമ്മാ. ഇത് ഒരായിരം വട്ടം എങ്കിലും ഞാൻ കേട്ടിട്ടുണ്ടാവും. ഓരോ വട്ടം ഇവിടേക്ക് വരുമ്പോഴും ഈ കഥ പറഞ്ഞ് മനുഷ്യനെ വെറുപ്പിച്ചോളും. മസാല ദോശ എന്ന് പറഞ്ഞാ തന്നെ എന്റെ വയറിൽ നിന്നും ഒരു ഉരുണ്ടു കയറ്റമാ "

" അപ്പോ ഹരനെ പ്രെഗ്നന്റായിരിക്കുമ്പോൾ അമ്മക്ക് എന്തായിരുന്നു ഇഷ്ടം" നിധിക അത് ചോദിച്ചതും അത്ര നേരം പുഞ്ചിരി നിറഞ്ഞു നിന്ന മുഖങ്ങൾ പതിയെ മങ്ങി. " ഫുഡ് വരുമ്പോഴേക്കും നമ്മുക്ക് പോയി ഐസ് ക്രീം നോക്കാം നിച്ചു " അത് പറഞ്ഞ് നിധികയെ പിടിച്ച് വലിച്ച് മാധു പോയി. " അപ്പോ ജിത്തേട്ടന്റെ കാര്യങ്ങൾ ഒന്നും എട്ടത്തിയോട് പറഞ്ഞിട്ടില്ലേ അമ്മേ" അവർ പോയതും ഇന്ദു ചോദിച്ചു. " ഇല്ലാ " അച്ഛൻ ഗൗരവത്തിൽ പറഞ്ഞു. " അതെന്താ പറയാത്തത് . ഇനി നാളെ വേറെ ആരെങ്കിലും പറഞ്ഞ് അറിഞ്ഞാ എട്ടത്തിയെ എല്ലാവരും കൂടി ചതിച്ചു എന്ന് കരുതില്ലേ " ഇന്ദു " നീ നിന്റെ കാര്യം നോക്കിയാ മതി ഇന്ദു. ഭാരപ്പെട്ട കാര്യങ്ങൾ ഒന്നും അന്വോഷിക്കാൻ നിൽക്കണ്ടാ . നിന്റെ ഭർത്താവ് നിന്നെ വീട്ടിൽ ആക്കി പോയിട്ട് കുറച്ച് ദിവസമായില്ലേ. പിന്നെ എന്താ ഈ വഴിക്ക് വരാത്തത് " അമ്മ ദേഷ്യത്തിൽ ചോദിച്ചു. " എട്ടന് കുറച്ച് തിരക്കുകൾ ഉണ്ട് അതാ " " മമ്" അമ്മ ഒന്ന് തറപ്പിച്ച് മൂളി . അപ്പോഴേക്കും മാധുവും നിധിയും വന്നിരുന്നു. " ഞാൻ ഇപ്പോ വരാം " ഹരൻ ഇരുന്നിടത്ത് നിന്നും എണീറ്റു. " എങ്ങോട്ടാ ജിത്തു " അമ്മ " വാഷ് റൂം " അത് പറഞ്ഞ് അവൻ വേഗത്തിൽ മുന്നോട്ട് നടന്നു.

"ഇനി നാളെ വേറെ ആരെങ്കിലും പറഞ്ഞ് അറിഞ്ഞാ എട്ടത്തിയെ എല്ലാവരും കൂടി ചതിച്ചു എന്ന് കരുതില്ലേ " ഇന്ദുവിന്റെ വാക്കുകൾ അവന്റെ മനസിൽ അലയടിച്ചു കൊണ്ടിരിക്കുന്നു. " എല്ലാം അറിഞ്ഞാ അവൾ എന്നെ വിട്ട് പോകുമോ . എല്ലാം എന്റെ തെറ്റാ. ഞാൻ ആദ്യം തന്നെ അവളോട് എല്ലാം തുറന്ന് പറയണമായിരുന്നു. അല്ലെങ്കിലും താൻ തന്നെ ഒരു തെറ്റിന്റെ ഫലമാണല്ലോ " അവൻ പൈപ്പിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകി കൊണ്ടിരുന്നു. * " എട്ടൻ എന്താ ഇത്ര നേരായിട്ടും വരാത്തത് " ഓഡർ ചെയ്ത ഫുഡ് വന്നിട്ടും ഹരനെ കാണാത്തത് കൊണ്ട് മാധു താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. നിധികയുടെ ഒരു സൈഡിൽ ഇന്ദുവും മറ്റേ സൈഡിൽ മാധുവും ആണ്. പെട്ടെന്ന് ഹരന്റെ ഫോൺ റിങ്ങ് ചെയ്തു. " കോൾ അറ്റന്റ് ചെയ്യ് എട്ടത്തി " ഇന്ദു പറഞ്ഞു. " വേണ്ടാ. ഹരന്റെ ഓഫീസിലെ കോൾ വല്ലതും ആയിരിക്കും " " അതിനെന്താ . എട്ടത്തി കോൾ എടുക്ക്. എന്നിട്ട് എട്ടൻ വാഷ് റൂമിൽ ആണെന്ന് പറ " അത് പറയലും ഇന്ദു കോൾ അറ്റന്റ് ചെയ്ത് നിധിയുടെ ചെവിയിൽ വക്കുകയും ചെയ്തിരുന്നു. " ഹലോ " മറുഭാഗത്ത് നിന്നുള്ള ശബ്ദം കേട്ട് ഒരു നിമിഷം നിധികയുടെ നെഞ്ച് പിടഞ്ഞു. അവൾ ഫോൺ സ്ക്രീനിലേക്ക് നോക്കി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story