നീഹാരമായ്: ഭാഗം 9

neeharamayi

രചന: അപർണ അരവിന്ദ്

" ഈ കവറുകൾ ഒക്കെ എടുക്കാൻ ഇനി നിന്റെ മറ്റവൻ വരുമോ " കാറിൽ നിന്നും ഇറങ്ങിയവളെ നോക്കി ഹരൻ പതിയെ ചോദിച്ചു. നിധിക അവനെ ഒന്ന് കണ്ണുരുട്ടി നോക്കി ബാക്ക് ഡോർ തുറന്ന് കവറുകൾ എല്ലാം എടുത്ത് അവന്റെ അരികിലേക്ക് വന്നു. " ഇതെല്ലാം തന്റെ കാഷ് കൊണ്ട് വാങ്ങിയത് അല്ലേ. അപ്പോ താൻ തന്നെ കൊടുത്താ മതി" കയ്യിലെ കവർ എല്ലാം അവന്റെ കൈയ്യിലേക്ക് വച്ച് നിധിക അകത്തേക്ക് കയറി പോയി. "മോൻ എന്താ അവിടെ നിൽക്കുന്നത്. കയറി വാ " നിധികയുടെ അച്ഛൻ ഹരനെ അകത്തേക്ക് ക്ഷണിച്ചു. കൈയ്യിലുള്ള കവറുകൾ എല്ലാം ഏറ്റി പിടിച്ച് അവൻ അകത്തേക്ക് നടന്നു. " ദാ നിങ്ങൾക്കുള്ളതാ " അവൻ കൈയ്യിലെ കവറുകൾ നിഖിയുടെ കയ്യിലേക്ക് കൊടുത്തു. " ഇതെല്ലാം എട്ടൻ വാങ്ങിച്ചതാണോ " " അല്ല നിധികയാ" അത് കേട്ടതും അച്ഛനും അമ്മയും സന്തോഷത്തോടെ നിധികയെ നോക്കി. " വാങ്ങിച്ചു എങ്കിലും പൈസ കൊടുത്ത് അയാളാ " അവൾ അവരുടെ മുഖത്തെ സന്തോഷം കണ്ട് പറഞ്ഞു. അതോടെ ആ സന്തോഷവും പോയി കിട്ടി. "മോൻ പോയി ഡ്രസ്സ് മാറ്റിയിട്ട് വാ. ഞാൻ ചായ എടുത്ത് വക്കാം " അവൻ തലയാട്ടി കൊണ്ട് നിധിയുടെ റൂമിലേക്ക് നടന്നു. തന്റെ വീട് പോലെ തന്നെയാണ് ആ വീടും . " അവൻ ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ അവന് ചായ എടുത്തു വച്ചിരുന്നു. ഡെയ്നിങ്ങ് ടേബിളിൽ നിഖിയും നിധികയും ഇരിക്കുന്നുണ്ട്. രണ്ടു പേരും നല്ല സംസാരത്തിലാണ്. നിധികയുടെ സംസാരത്തിൽ മൊത്തം നിറഞ്ഞു നിൽക്കുന്നത് മാധു മാത്രമാണ്. അതിൽ ചെറിയ ഒരു കുശുമ്പ് നിഖിയുടെ മുഖത്തും ഉണ്ട്. "എനിക്ക് കുറച്ച് റെക്കോഡ് എഴുതി തീർക്കാൻ ഉണ്ട് . "

ചായ കുടി കഴിഞ്ഞതും നിഖി മുഖം വീർപ്പിച്ച് റൂമിലേക്ക് പോയി.ഹരൻ ഫോണും എടുത്ത് മുറത്തേക്ക് ഇറങ്ങ്. " പോയി ഡ്രസ്സ് മാറ്റി വാ നിച്ചു " അമ്മ പറഞ്ഞതും നിധിക റൂമിലേക്ക് കയറി. മുറ്റത്തേക്ക് ഇറങ്ങിയ ഹരൻ ഓഫീസിലേക്ക് വിളിച്ച് നാളത്തെ ലീവ് പറഞ്ഞു. അവൻ വീടും പരിസരവും വെറുതെ ചുറ്റി കണ്ടു. അകത്തു നിന്നും അടക്കി പിടിച്ച ശബ്ദം കേട്ട് ഹരൻ അകത്തേക്ക് വന്നു. "നീ അവിടേയും ഇങ്ങനെയാണോ നിച്ചു നടക്കുന്നത്. എന്ത് വേഷമാ ഇത് . ഇവിടത്തെ പോലെയാണോ ജിത്തു മോന്റെ വീട്ടിൽ അവിടെ മോന്റെ അച്ഛനും അനിയനുമൊക്കെ ഉള്ളതല്ലേ " " ഞാൻ അവിടെ ഇങ്ങനെയുള്ള ഡ്രസ്സ് ഇടാറില്ല. ഇനി അതിന്റെ പേരിൽ ഉപദേശം തുടങ്ങണ്ടാ " അവൾ ചെവി പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു. "എന്തിനാ നിച്ചു ഇങ്ങനെ കാര്യം പറയുമ്പോൾ നീ ദേഷ്യപ്പെടുന്നത്. നീ ഇനി ജീവിക്കേണ്ടത് ജിത്തു മോന്റെ വീട്ടിലാ. അപ്പോ അവരുടെ ഇഷ്ടം കൂടി നോക്കണ്ടേ " " മതി നിർത്ത് . ഞാൻ എന്റെ ജീവിത ക്കാലം മൊത്തം ആ വീട്ടിൽ കഴിയും എന്നാണോ നിങ്ങളുടെ വിചാരം. അത് നടക്കില്ലാ അമ്മാ. " " പിന്നെ നീ എവിടെ നിൽക്കാനാ . ഇവിടേക്ക് തിരിച്ച് വരാനോ . ഞാനും നിന്റെ അച്ഛനും എത്ര കാലം നിന്നെ നോക്കും. ഞങ്ങളുടെ കാലം കഴിഞ്ഞാ നീ എന്ത് ചെയ്യും. "

" ഇല്ലാ ഞാൻ എന്റെ ഇച്ചായൻ വന്ന് വി..." അവൾ എന്താേ ഓർത്ത പോലെ പാതി പറഞ്ഞ് നിർത്തി. " എന്തേ നീ മുഴുവൻ പറയുന്നില്ലേ . പറയടി എവിടെ പോയി നിന്റെ നാവ് " അമ്മ അലറി പക്ഷേ ഉത്തരമില്ലാതെ നിധിക നിന്നു. അതിനുള്ള കാരണം എന്താണെന്ന് അവൾക്ക് പോലും അറിയുന്നുണ്ടായിരുന്നില്ല. " ഉത്തരം ഇല്ലാ അല്ലേ. കാരണം എന്താന്ന് അറിയോ ഇത് . ഇത് നിന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം നിനക്ക് അതിന് കഴിയില്ല. " അവളുടെ താലി ഉയർത്തി പിടിച്ച് പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിലേക്ക് കയറി പോയി. ശില പോലെ നിധിക അവിടെ തന്നെ നിന്നു. അമ്മ പറഞ്ഞത് ശരിയാണോ . അല്ല. ഇത് വെറും ഒരു ലോഹം മാത്രമാണ്. ഇതിന് താൻ ഒരു വിലയും നൽക്കുനില്ല. അവൾ മനസിനെ സ്വയം പറഞ്ഞു പഠിപ്പിച്ച് തിരിഞ്ഞതും ഹരൻ തന്റെ പിന്നിലായി നിൽക്കുന്നു. അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അത് മറച്ച് വച്ച് റൂമിലേക്ക് കയറി. " എന്റെ ജീവിതം നശിപ്പിച്ചപ്പോൾ തനിക്ക് സമാധാനമായില്ലെടോ" ഹരനെ നോക്കി പറഞ്ഞ് അവൾ വാതിൽ അടച്ചു. * " നിഖി ഞാൻ ഹെൽപ്പ് ചെയ്യണോ ടാ " രാത്രി റെക്കോഡ് എഴുതുന്ന നിഖിയുടെ റൂമിലേക്ക് വന്നു കൊണ്ട് നിധിക ചോദിച്ചു. " വേണ്ടാ. ഞാൻ ഒറ്റക്ക് ചെയ്തോളാം " എടുത്തടിച്ച പോലെ അത് പറഞ്ഞതും നിധി പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. ഫോണും ഹെഡ് സെറ്റും എടുത്ത് ടെറസിലേക്ക് നടന്നു. ആകാശത്തെ ചന്ദ്രനെ നോക്കി അവൻ താഴേയായി ഇരുന്നു.

ഒപ്പം കേൾക്കുന്ന പാട്ടിനൊപ്പം വരികൾ മൂളി. 🎶Malarndhu malaraadha Paadhi malar polae Valarum vizhi vannamae Vandhu vidindhum Vidiyaatha kaalai pozhuthaaga Vilaindha kalai annamae🎶 കണ്ണടച്ചു പാട്ടു കേട്ട് ഇരിക്കുമ്പോഴാണ് അരികിൽ ആരോ ഇരിക്കുന്ന പോലെ നിധി ക്ക് തോന്നിയത്. അവൾ തല ചരിച്ച് നോക്കിയതും മാധുവാണ്. " നിന്റെ എഴുത്തും വരയുമൊക്കെ കഴിഞ്ഞോ " " ഇല്ല. " നിധിക ഒരു പുഞ്ചിരിയോടെ ചെവിയിലെ ഹെഡ് സെറ്റിൽ ഒന്ന് അവന് നേരെ നീട്ടി. നിഖി അത് ചെവിയിൽ വച്ച് നിധിയുടെ തോളിലേക്ക് തല വച്ച് ഇരുന്നു. * " മോനേ ജിത്തു ഭക്ഷണം എടുത്തു വക്കട്ടെ " റൂമിൽ ഫോൺ നോക്കി ഇരിക്കുന്ന ഹരനെ വന്ന് അമ്മ വിളിച്ചു. " ആഹ് അമ്മാ" " നിച്ചുവും നിഖിയും എവിടെ " " അവർ ടെറസിൽ ഉണ്ട് . നിഖി എന്നേ വിളിച്ചു പക്ഷേ ഞാൻ പോയില്ല. " " ഓഹ് ഈ പിള്ളേരുടെ ഒരു കാര്യം. എനിക്ക് വയ്യാ ഇനി ആ സ്റ്റേപ്പ് കയറി പോകാൻ " " ഞാൻ വിളിച്ചിട്ട് വരാം " ഹരൻ പുറത്തേക്ക് ഇറങ്ങി. സ്റ്റേപ്പ് കയറി വന്ന ഹരൻ അവരുടെ സംസാരം കേട്ട് ഒരു നിമിഷം അവിടെ തന്നെ നിന്നു. "നിച്ചു നിനക്ക് ഇപ്പോ എന്നെക്കാൾ ഇഷ്ടം ആ ചെക്കനെ ആണല്ലേ " " ചെക്കനോ ... എത് ചെക്കൻ " " ആ മാധുനെ " പരിഭവത്തോടെ നിഖി ചോദിക്കുന്നത് കേട്ട് നിധികക്ക് ചിരി വന്നിരുന്നു. " എനിക്ക് നീ എങ്ങനാണോ അത് പോലെ തന്നെയാണ് മാധുവും " " അതെന്താ അങ്ങനെ . ഞാനല്ലേ നിന്റെ സ്വന്തം അനിയൻ . അപ്പോ എന്നോട് അല്ലേ കൂടുതൽ സ്നേഹം വേണ്ടത് "

" എടാ കുശുമ്പൻ നിഖി . ഏകദേശം നിന്റെ അതെ സ്വഭാവം ആണ് മാധുവിനും . അതുകൊണ്ട് അവനെ കാണുമ്പോൾ എനിക്ക് നിന്നെ ഓർമവരും. അതിൽ നിന്നോട് കൂടുതൽ സ്നേഹം അവനോട് കുറവ് സ്നേഹം എന്നോന്നും ഇല്ല. " " മമ്.. ഈ ഇടയായി നിനക്ക് കുറച്ച് തത്ത്വം പറയൽ കൂടുന്നുണ്ട്. അല്ലാ നിന്റെ പുതിയ വീടും ആൾക്കാരും എങ്ങനെയുണ്ട് " " അവിടെ അയാൾ ഒഴിച്ച് ബാക്കി എല്ലാവരും കുഴപ്പമില്ല. " "അതെന്താ എട്ടൻ എപ്പോഴും വഴക്കിടാൻ വരുമോ " " ഇല്ലാ . വഴക്ക് ഇടില്ലാ. അതാ എന്റെ പ്രശ്നം. ഞാൻ വഴക്കിടാൻ എന്തെങ്കിലും കാരണം ഉണ്ടാക്കിയാലും അയാൾ സ്വയം ഒഴിഞ്ഞ് മാറും. അല്ലെങ്കിൽ വെറുതെ കണ്ണുരുട്ടി പേടിപ്പിക്കും അല്ലാതെ അതിൽ കൂടുതൽ ഒന്നും ഇല്ല. " " അത് ഒരു പാവം ചേട്ടനാടി നീ അധികം വഴക്കിന് ഒന്നും പോവണ്ടാ " " പാവമോ അയാളോ . നീ തന്നെ അന്ന് കണ്ടതല്ലേ അയാളുടെ തനി സ്വഭാവം. ഞാൻ പറഞ്ഞിട്ട് നീ അയാളെ കാണാൻ ഓഫീസിൽ പോയപ്പോൾ അയാൾ നിന്നെ ഭീഷണിപ്പെടുത്തി വിട്ടില്ലേ " നിധിക ദേഷ്യത്തിൽ ചോദിച്ചു. " എടീ ചേച്ചി . ഞാൻ ഒരു കാര്യം പറഞ്ഞാ നീ എന്നോട് ദേഷ്യപ്പെടുമോ " " ആദ്യം നീ കാര്യം പറ. എന്നിട്ട് തിരുമാനിക്കാം ദേഷ്യപ്പെടണോ വേണ്ടയോ എന്ന് " " ഞാൻ നിന്നോട് കള്ളം പറഞ്ഞതാണെടി ചേച്ചി . അന്ന് എട്ടനെ കാണാൻ ഞാൻ ഓഫീസിൽ പോയപ്പോൾ എട്ടൻ എന്നോട് അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലാ. " അത് കേട്ട് നിധിക ഒരു ഞെട്ടലോടെ നിഖിയെ നോക്കി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story