നീലാംബരം: ഭാഗം 12

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

എന്താ എന്റെ നീലുന് പറ്റിയെ??? മുന്നേ ദേഷ്യപ്പെട്ടതുകൊണ്ടാണോ???? അവളുടെ താടി പിടിച്ചുയർത്തി ചോദിച്ചു അവൾ അവന്റെ കണ്ണിലെ നോക്കി നിന്നു.... ഇങ്ങിനെ ശ്രദ്ധയില്ലാണ്ട് നടന്ന് ഉരുണ്ടു മറിഞ്ഞു വീഴുന്നെകൊണ്ടല്ലേ ഞാൻ വഴക് പറഞ്ഞെ.... സങ്കടയോ അത് മട്ടും അല്ലൈ പിന്നെ??? ഒന്നുമേ ഇല്ല.... പിന്നെന്താ ഇഷ്ടമല്ലേ എന്ന് ചോദിച്ചേ??? അത്.... അത് വന്ത്..... എനക്കൊരു മുത്തം കൊടുക്കുമാ... പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ അനന്തനൊന്നു പതറി.... ചേർത്ത് പിടിച്ചിരുന്ന കൈകൾ മെല്ലെ അയഞ്ഞു....അവളുടെ മുഖത്തേക്ക് നോക്കാൻ അനന്തന് വല്ലാത്ത പ്രയാസം തോന്നി.... ആ കുഞ്ഞിപ്പെണ്ണ് സങ്കടത്തോടെ അയഞ്ഞു ഊർന്ന് മാറിയ കയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി....

അവന്റെ അവസ്ഥ മനസിലാക്കിയെന്നോണം സങ്കടത്തോടെ ആണെങ്കിലും ഒരു ചിരി ആ കുഞ്ഞ് മുഖത്ത് വരുത്തി... പർവാലെ... നീങ്ക കവലപ്പെട വേണ്ട...നാൻ യെതോ തെരിയാമേ..... സോറി ഇനിമേ ഇപ്പിടി ഒന്നുമേ ഉങ്കിട്ടെ കേക്കലെ... അവൾ വിതുമ്പിക്കൊണ്ട് വാക്കുകൾ പെറുക്കി കൂട്ടി.. എങ്കിലും ആ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല... വേഗം കട്ടിലിൽ നിന്നും എഴുനേറ്റ് മാറി... സങ്കടത്തോടെ അനന്തനെ തന്നെ നോക്കി നിന്നു അവനിൽ നിന്നും ഒരു നോട്ടംപോലും തിരികെ കിട്ടുന്നില്ലന്ന് മനസിലായതും ആ പെണ്ണ് പതിയെ റൂം വിട്ടിറങ്ങി... വാതിൽക്കലെത്തി ഒന്ന്കൂടി തിരിഞ്ഞ് നോക്കി....

ആ മാത്ര അനന്തന്റെ കണ്ണുകളുമായി അവളുടെ മിഴികൾ ഉടക്കി കണ്ണീരിൽ കുതിർന്ന പുഞ്ചിരി അവനായി സമ്മാനിച്ചു കൊണ്ട് അവൾ താഴേക്ക് പോയി. അനന്തന് പറഞ്ഞറിയിക്കാവുന്നതിലും അതികം ആത്മ സംഘർഷം തോന്നി.... താലികെട്ടിയ പുരുഷന് മുന്നിൽ സ്നേഹത്തിനായി യാചിച്ചു നിൽക്കുന്ന നീലാംബരിയുടെ മുഖം അവനെ അസ്വസ്ഥാനക്കി.... കണ്ണീരിലും പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടി.... ഈ 6 മാസകാലവും സ്നേഹത്തോടെയും കുറുമ്പോടെയും തന്റെ പിന്നാലെ നടന്നവൾ... ഒരിക്കൽപോലും ഇതുപോലെ മുന്നിൽ നിന്ന് കെഞ്ചിയിട്ടില്ല... പരിഭവം പറഞ്ഞിട്ടില്ല.... പാപമാണ്... കൊടും പാപമാണ് അവളോട് താൻ ചെയ്യുന്നത്....തനിക്കവളോട് സ്നേഹമില്ലേ????....

പ്രണയം തോന്നുന്നില്ലേ?????...ഇപ്പോൾ അവളും തന്റെ ജീവിതത്തിന്റെ ഭാഗമല്ലേ???... അവളുടെ ഓരോ കുറുമ്പും കുസൃതിയും താനും ആസ്വദിക്കുന്നില്ലേ??? അവളില്ലാതെ ഉള്ള ഒരു ദിവസമെങ്കിലും ഇനി തനിക് കഴിയുമോ????...അനന്തന്റെ മനസ് വല്ലാതെ അസ്വസ്ഥമായി..... എത്രയൊക്കെ ആലോചിച്ചിട്ടും ഒന്നിനും വ്യക്തമായൊരു ഉത്തരം കിട്ടിയില്ല...ഏറെ നേരം അതേപടി കട്ടിലിൽ കൈകളൂന്നി നിലത്തേക്ക് നോക്കി ഇരുന്നു....ചിന്തകൾ പലവിധം സഞ്ചരിച്ചുകൊണ്ടിരുന്നു..... പിന്നെ ഒരു നിശ്വാസത്തോടെ തലയുർത്തി അവൾ പോയവഴിയേ വാതിൽക്കലേക്ക് ഒന്ന് നോക്കി.... പിന്നെയാ നോട്ടം തണുത്ത് പാടാകെട്ടിയ ചായകപ്പിലേക്ക് എത്തിനിന്നു. ****************

ഇതേസമയം അടുക്കളയുടെ പിന്നാമ്പുറ വാതിൽ പടിയിൽ അകലേക്ക്‌ കണ്ണും നട്ടിരിപ്പായിരുന്നു നീലു.... ആ മിഴികൾ ഇടയ്ക്കിടെ നിറഞ്ഞൊഴുവുന്നുണ്ട്.... മനസിന്റെ ചിന്തകൾക്കൊത്തു കയ്യിൽ പിടിച്ചിരിക്കുന്ന ധാവണിത്തുമ്പ് മുറുക്കി വലിക്കുന്നുമുണ്ട്. ഹാ... ഇവിടെവന്നിരിക്ക നിയ്യ് നീലുവേ.. ചായ കൊടുത്തുവോ അനന്തന്??? സുഭദ്രമ്മയുടെ ശബ്ദം കേട്ടതും വേഗം ഷാൾ കൊണ്ട് കണ്ണും മുഖവും ഒക്കെ തുടച്ച് മുഖത്തൊരു ചിരി വരുത്തി... കൊടുത്തിട്ടേ അപ്പാമ്മ..... ആഹാ... എന്നിട്ടെന്തേയ് ന്റെ കുട്ടി ഇവിടെ വന്നിരിക്കുന്നെ???? അവൾ പയ്യെ എഴുനേറ്റു.... പിന്നെ മറുപടിയായി അവരെ ഒന്ന് നോക്കി ചിരിച്ചു. എന്താ കുട്ടിക്ക് പറ്റിയെ??? എന്തോ വിഷമം തോന്നുന്നുണ്ടാലോ... സുഭദ്രമ്മ അവളുടെ കയ്യിലും മുഖത്തുമൊക്കെ തലോടികൊണ്ട് ആവലാതിയോടെ തിരക്കി അന്തമാതിരി ഒന്നുമേയില്ല അപ്പാമ്മ... ഉങ്കൾക്ക് തോന്നുന്നത് മട്ടും താ... അല്ല...

എനിക്കറിയില്ലേ എന്റെ നീലുകുട്ടിയെ... എന്തോ വാട്ടം ഉണ്ട് എന്റെ കുട്ടിക്ക്... എന്തുണ്ടെലും അപ്പമ്മയോട് പറയണം കേട്ടോ... വെറുതെ മനസ് നീറ്റരുത്... അവർ സ്നേഹത്തോടെ അവളുടെ തലയിലൂടെ കൈകൾ തഴുകി... അറിയാതെ തന്നെ ആ പെണ്ണിന്റെ മിഴികൾ നിറഞ്ഞു... അവൾ വേഗം സുഭദ്രാമ്മയെ മുറുകെ ചുറ്റി പിടിച്ചു.... എന്താ.... എന്താമോളെ??? സുഭദ്രമ്മയും ആകെ പരിഭ്രാന്തയായി അപ്പാമ്മ... നാൻ ഒട്ടുമേ അധിഷ്ടമില്ലാത്ത (ഭാഗ്യം ) പെണ്ണാ???? വിതുമ്പലോടെ വാക്കുകൾ പുറത്തേക്ക് വന്നു എന്താ മോളെ ഇങ്ങിനൊക്കെ?? ആരാ ഇപ്പൊ പറഞ്ഞെ എന്റക്കുട്ടിക് ഭാഗ്യമില്ലന്ന്??? ഇങ്ങോട്ട് നോക്കിയേ... സുഭദ്രമ്മ ബലമായി അവളെ അടർത്തിമാറ്റി മുന്നിലേക്ക് നിർത്തി ഇനിപറ...

ആരാ ഇങ്ങിനൊക്കെ പറഞ്ഞെ അത്.. അതുവന്ത്...ഇല്ല അപ്പാമ്മ.... എങ്കിട്ടെ യരുമേ സൊല്ലലെ ... ആണ ഏൻ മനസ് അപ്പിടിയെല്ലാം എങ്കിട്ടെ സോൾരത് പോലിറുക്കു. അവൾ വേഗം പറഞ്ഞൊപ്പിച്ചു അവർ വിശ്വാസം വരാതെ അവളെയൊന്നുകൂടി നോക്കി... നിജം താ.. മ്മ്മ്....അപ്പാമ്മ വിശ്വസിച്ചുന്നു കരുതുന്നുണ്ടോ നീലുവേ....???? അവൾ മെല്ലെ തല കുനിച്ചു.... റൊമ്പ തല വലിക്കിത് അപ്പാമ... കൊഞ്ചം തൂങ്ക വേണം... നെറ്റിയിൽ കൈവച്ചുകൊണ്ട് ദയനീയമായി പറഞ്ഞു.... അതുകാണെ അവളെ കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കാനും അവർക്കു തോന്നിയില്ല... മ്മ്മ്... പൊയ്ക്കോ...

പോയി കിടന്നോ ഒരു ചിരിയോടെ അവളുടെ തലയിൽ ഒന്നുകൂടി തഴുക്കി അവർ. അവളൊന്ന് മടിച് മടിച് അവിടെത്തന്നെ നിന്നു... മ്മ്... ന്താ നീലു??? കിടക്കണ്ടേ നിനക്ക്?? അപ്പാമ്മ നാൻ ഉങ്ക റൂമിക്കുള്ളെ പാടുക്കട്ടുമാ???? അവരോന്ന് ഇരുത്തി നോക്കി.... പ്ലീസ് എന്നപോലെ ദയനീയമായി കണ്ണുകൾക്കൊണ്ട് യാചിച്ചു പെണ്ണ്... മ്മ്മ്... പോയി കിടന്നോ.... നീലാംബരി പോയ്കഴിഞ്ഞിട്ടും സുഭദ്രമ്മയുടെ മനസ് അവളുടെ വിഷമത്തിന്റെ കാരണമറിയാതെ ആകെ വിഷമിച്ചു.... അവൾ പോയതിനു പുറകെ അവരും പിന്നാമ്പുറ വാതിൽ അടച് പതിയെ അകത്തേക്ക് നടന്നു **************** അമ്മേ നീലാംബരി എവിടെ??? ഗോവണി ഇറക്കുന്നതിനിടയിൽ ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് അനന്തൻ സുഭദ്രമ്മയോട് തിരക്കി... അവളകതുണ്ട് അനന്താ.. കിടക്കുവാ അവന്റെ മുഖമൊന്നു ചുളിഞ്ഞു... കിടക്കാനോ??? എവിടെ?? മുകളിലേക്ക് വന്നില്ലാലോ മ്മ്മ്...

അവൾ എന്റെ മുറിയിലുണ്ട് അനന്താ... തലവേദനിക്കുന്നുന്നു പറഞ് പോയി കിടന്നതാ... നീ ചെന്നൊന്നു നോക്ക് മ്മ്മ്.. അവൻ വേഗത്തിൽ സുഭദ്രമ്മയുടെ റൂമിലേക് നടന്നു.. അനന്താ ഒന്ന് നിന്നെ.... അനന്തൻ പെട്ടെന്നൊന്നു നിന്നു... പിന്നെ തിരിഞ്ഞ് നോക്കി എന്താ അമ്മേ???... അപ്പോഴാണ് അനന്തൻ സുഭദ്രമ്മയുടെ മുഖവും ശ്രദ്ധിക്കുന്നത്... എന്താ അമ്മേ... എന്താ അമ്മയുടെ മുഖം വല്ലാതിരിക്കുന്നെ??? എന്തേലും വയ്യായിക ഉണ്ടോ അമ്മക്ക്?? അവൻ വേവലാതിയോടെ തിരക്കി അമ്മക്കൊന്നുല്ല മോനെ.... പിന്നെ.... പിന്നെന്താ അമ്മയ്ക്ക്..അവൻ തിരികെ സുഭദ്രമ്മക്കരികിലേക്ക് നടന്ന് വന്നു... മോനെ... നീലുമോൾക്കെന്തോ വിഷമം തട്ടീട്ടുണ്ട്... പെട്ടെന്ന് അനന്തന്റെ മുഖം താണു...

അതിന്റെ മനസ്സിൽ എന്തൊക്കെയോ സങ്കടങ്ങളുണ്ട്... എന്റെ മോനറിയുവോ അവൾക്കെന്താ പറ്റിയതെന്ന്??? അമ്മേ.. അത്... എന്ത് പറയണമെന്നറിയാതെ അനന്തനൊന്നു പതറി മ്മ്മ്... നിനക്കെങ്ങിനെ അറിയാന അല്ലെ മോനെ.... അമ്മ അതോർത്തില്ല സുഭദ്രമ്മ ഒന്ന് ആത്മനിന്ദയോടെ ചിരിച്ചു... എനിക്കിപ്പോ തോന്നുന്നു അനന്താ ഞാനാണ് എന്റെ കുട്ടീടെ ഈ സങ്കടത്തിനു കാരണമെന്ന്...അവരോന്ന് ദീർഘമായി നിശ്വസിച്ചു... അമ്മേ...അമ്മേയെന്താ ഇങ്ങിനൊക്കെ പറയുന്നേ.. അതിനുംവേണ്ടി എന്താ ഉണ്ടായേ ഇപ്പൊ ഇപ്പോഴല്ല അനന്താ... ഒത്തിരി നാളായി ഞാൻ ശ്രദ്ധിക്കാ... പലപ്പോഴും എന്റെ കുട്ടീടെ കണ്ണ് നിറയുന്നത്... ആരും കാണാതെ എല്ലാ സങ്കടങ്ങളും അത് ഉള്ളിലൊതുക്കവ...

അല്ലേലും അവൾക്കത്തലെ ശീലം... ആരെയും കുറ്റം പറയാതെ എല്ലാം അനുഭവിക്കും... മോനെ... അമ്മക്കെല്ലാം മനസിലാവുന്നുണ്ട്... നിന്നെ ഒരിക്കലും ഞാൻ കുറ്റം പറയില്ല അനന്താ ... എന്നാൽ പക്ഷെ മോൻ അവളെക്കൂടി ഒന്ന് മനസിലാക്കണം... ഒന്ന് ചേർത്ത് നിർത്തിക്കൂടെ മോനെ... നമ്മളല്ലാതെ മറ്റാരും ഇല്ല അവൾക്...നിന്നെ ഒത്തിരി ഇഷ്ടമാ ആ കുട്ടിക്ക്... അതിന്റെ മനസ് വേദനിപ്പിക്കല്ലേ നിയ്... അനന്തൻ നിർവികരമായി അവരെതന്നെ നോക്കിയിരുന്നു.... എന്താ മോനെ... കഴിയില്ലേ നിനക്ക്??? മ്മ്മ്... ഞാനായിട്ടിനി നീലുവിനെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ല അമ്മേ ...അമ്മ അതോർത്തൊന്നും വിഷമിക്കണ്ട... മ്മ്മ്.... മോനൊന്നു ചോദിക്ക് നീലുവിനോട്.. കുട്ടിക്കെന്തോ വിഷമമുണ്ട്..

എന്നോടൊന്നും വിട്ട് പറയുന്നില്ല.. ഇനി വിദ്യടമ്മ എന്തേലും പറഞ്ഞോ ആവോ... അവരുടെ സ്വരത്തിൽ ആവലാതി നിറഞ്ഞു .. മ്മ്മ്.... അമ്മ സമാധാമായിരിക് ഞാൻ ചോദിക്കാം... പിന്നെ ഇപ്പൊ ഒന്ന് തറവാട് വരെ പോവാ... അവളുടെ സർട്ടിഫിക്കേറ്റ് ഒക്കെ എടുക്കണം... അഡ്മിഷന്റെ കാര്യങ്ങളൊക്കെ ആവാനായി അമ്മേ... മ്മ്മ്.... നന്നായി.. എന്നാൽപ്പിന്നെ നേരം വൈകണ്ട... അവളെ പോയി വിളിച് പോകാൻ നോക്ക്... എനിക്കും കുറച്ച് പണിയുണ്ട് അടുക്കളേൽ... അവർ മെല്ലെ അടുക്കളയിലേക്ക് നടന്നു... അനന്തൻ റൂമിലേക്കു ചെന്നപ്പോൾ കണ്ടത് കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നീലുവിനെ ആണ്... തല ഒരു സൈഡിലേക്ക് ചരിച്ചു വച്ചിട്ടുണ്ട്....അവനൊന്നു അലിവോടെ അവളെ തന്നെ നോക്കി നിന്നു...

ഇടയ്ക്കിടെ ദേഹം ഉയർന്നു തഴുന്നപോലെ ... അവൻ ഒന്നുകൂടി ശ്രദ്ധിച്ചു.... അതെ ഇടയ്ക്കിടെ എങ്ങലടിക്കുമ്പോലെ...അനന്തൻ സംശയത്തോടെ ഒന്നുകൂടി അടുത്തേക്ക് ചെന്നു.... അടക്കിപിടിച്ച തേങ്ങലുകൾ ഇടയ്ക്കിടെ പുറത്തേക്ക് വരുന്നത് അവന് മനസിലായി....ഒരുനിമിഷം അവളെ വിളിക്കണോ വേണ്ടയോ എന്ന സംശയത്താൽ അനന്തൻ ഒന്ന് അറച് നിന്നു... പിന്നെ വിളിക്കാൻ തന്നെ തീരുമാനിച്ചു. നീലാംബരി..... അനന്തന്റെ ശബ്ദം കേട്ടതും അവൾ കണ്ണുതുടച്ചുകൊണ്ട് ചാടിപിടഞ് എഴുനേറ്റു.. എന്താ നീലാംബരി ഈ മുറിയിൽ വന്ന് കിടക്കുന്നെ??? മേലെ വരായിരുന്നില്ലേ??? അവളൊന്ന് ചിരിച് കൊടുത്തു... കരഞ്ഞതിന്റെ അവശേഷിപ്പുകൾ ആ മുഖത്ത് വ്യക്തമായിത്തന്നെ കാണാൻ കഴിഞ്ഞു..

ന്തേലും വയ്യായികയുണ്ടോ നിനക്ക്??? ഇല്ലെന്ന കണക്കെ തലയാട്ടി മ്മ്മ്.... തറവാട്ടിലേക് പോണം.. ഇനിയും നിന്നാൽ നേരം വൈകും വേഗം ഒരുങ്ങി വായോ മ്മ്മ്... പതിയെ മൂളിക്കൊണ്ട് അവൾ അനന്തനെ കടന്ന് പുറത്തേക്കു പോകാൻ നടന്നു നീലാംബരി... അവളൊന്ന് നിന്നു.... എന്തോ തിരിഞ്ഞ് നോക്കാൻ തോന്നിയില്ല.. മുഖമൊക്കെ കഴുകി കണ്മഷി ഇട്ടോളൂ.... അല്ലെങ്കിൽ കരഞ്ഞത് അമ്മ മനസിലാക്കും... വെറുതെ എന്തിനാ.... അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.... താൻ കരഞ്ഞത് എങ്ങിനെ മനസിലായെന്ന പോലെ.. ഞെട്ടണ്ട... പറഞ്ഞത് മനസ്സിലായോ...??? ഒരു ചിരിയോടെ എന്നാൽ വാക്കുകളിൽ ഗൗരവം കലർത്തി അവൻ ചോദിച്ച് മ്മ്മ്.. അവൾ പതിയെ തലയാട്ടികൊണ്ട് വേഗത്തിൽ പുറത്തേക്ക് പോയി..

ഒന്ന് നിന്നശേഷം അനന്തനും പുറത്തേക്കിറങ്ങി നേരെ ഉമ്മറത്തേക്ക് പോയി **************** പാടവരമ്പത് കൂടി നടക്കുമ്പോഴും അനന്തൻ നീലുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ബഹളങ്ങളേതുമില്ലാതെ വിരസതയോടെ ഒതുങ്ങികൂടി നടക്കുന്നു... അതുകാണെ പണ്ട് പാടവരമ്പതുകൂടി ദവാണിത്തുമ്പും കറക്കി കയ്യിൽ പാൽ സഞ്ചിയും മുഖത്ത് കുസൃതി ഒളുപ്പിച്ച ചിരിയുമായി തുള്ളിചാടി വരുന്ന നീലുവിന്റെ രൂപം അവന് മുന്നിൽ തെളിയുപോലെ തോന്നി... അവളെ ഇത്രക്കും അലട്ടുന്നതെന്താണെന്നുമാത്രം അനന്തന് ഒരു പിടിയും കിട്ടിയില്ല... ഓരോന്നൊക്കെ ആലോചിച് രണ്ടാളും തറവാടിന് മുന്നിലുള്ള നടവഴിയിലേക്ക് കയറി.... അവിടെ വച്ചേ അനന്തൻ കണ്ടിരുന്നു ഉമ്മറത്തിരുന്നു ചായകുടിക്കുന്ന മാലതിയമ്മയെ.. അടുത്ത് തന്നെ അശ്വതിയും ഉണ്ട്... അവൻ തലയൊന്നു ചെരിച്ചു നീലാംബരിയെ നോക്കി...

അവളും അവരെ കണ്ടിരിക്കുന്നു... തെല്ലൊരു പരിഭ്രമത്തോടെ അവൾ അവിടെ തന്നെ നിന്നു പിന്നെ ഒന്ന് അനന്തനെ നോക്കി.. നടക്ക് നീലാംബരി... എന്താ ഇവിടെ നിന്നുകളഞ്ഞേ?? നീലാംബരി ഉമ്മറത്തിരിക്കുന്ന അമ്മയേം മകളേം ഒന്ന് നോക്കി പിന്നെ നിസ്സഹായതയോടെ അനന്തന്റെ മുഖത്തേക്കും... അവളുടെ ഉള്ളിലെ പേടി അവന് ആ നോട്ടത്തിൽ നിന്നുതന്നെ മനസിലായി.... ഞാനല്ലേ കൂടെ വരുന്നേ... പിന്നെന്തിനാ പേടിക്കുന്നെ??? നടക്ക്... അനന്തൻ അവന്റെ ഇടം കൈ അവളുടെ വലം കയിലേക്ക് കോരുത് പിടിച്ചു... നീലു വിശ്വാസം വരാത്ത പോലെ അവനെ തന്നെ മിഴിഞ് നോക്കി... പിന്നെ അവൻ കൊരുത്തുപിടിച്ചിരിക്കുന്ന കൈയ്യിലേക്കും ഒന്ന് നോക്കി....

ആ ഉണ്ടക്കണ്ണുകൾ സന്തോഷത്തോടെ വിടർന്നു... ഒപ്പം തന്നെ ഇരു മിഴികളും സജലമായി.... അവൾ മുഖമുയർത്താതെ കോർത്തു പിടിച്ച കയ്യിലേക്ക് തന്നെ നോക്കി നിന്നു.... മ്മ്.... നടക്ക് നീലാംബരി... എന്തുനോക്കി നിക്കുവാ... അനന്തൻ അവളോടായി പറഞ്ഞു.. അവളൊന്ന് മുഖമുയർത്തി അനന്തനെ നോക്കി.... അവൾ നിറക്കണ്ണുകളോടെ ഒന്ന് പുഞ്ചിരിച്ചു....ആ പുഞ്ചിരി അനന്തന്റെ ഉള്ളിൽ എന്തോ ഒരു വിങ്ങൽ ഉണർത്തി...അവൻ അറിയാതെ തന്നെ കോരുത് പിടിച്ച കയ്യിലെ മുറുക്കം ഒന്നുകൂടി കൂട്ടി വാ... നടക്ക്... മുന്നോട്ട് നടന്ന അനന്തന്റെ പിന്നാലെ അവനെത്തന്നെ ഇമചിമ്മാതെ നോക്കികൊണ്ട് യാന്ദ്രികമായി അവളും പിന്നാലെ നടന്നു. ഇടവഴി കഴിഞ്ഞ് നടമുറ്റത്തേക് കയറിയ അവരെ കണ്ട്കൊണ്ട് മാലതിയുടെ മുഖം ഇരുളുന്നത് അനന്തൻ വ്യക്തമായി തന്നെ കണ്ടു .

അശ്വതിയുടെ മുഖത്തും ഉണ്ട് വന്നത് ഇഷ്ടപെടാത്തത് പോലൊരു ഭാവം.. രണ്ടാളും ഇരുന്നിടത് നിന്നും ഒന്ന് എഴുനേറ്റു... മ്മ്... എന്തെ അനന്താ പതിവില്ലാതെ ഈ വഴിയൊക്കെ???? നിനക്കും മടുത്തോ ഇവളെ?? ഇനി വീണ്ടും ഇവിടെ കൊണ്ട് തള്ളാൻ വന്നതാണോ?? ഒരു പുച്ഛത്തോടെ മാലതി അനന്തന്നോട് ചോദിച്ചു അവനോന്നു രൂക്ഷമായി നോക്കി.... മാലതിയുടെ ഒച്ച പൊന്തിയതും നീലാംബരി അനന്തന്റെ പിന്നിലായി പതുങ്ങി... എന്നാൽ അശ്വതിയുടെ നോട്ടം അനന്തൻ ചേർത്ത് പിടിച്ചിരിക്കുന്ന അവളുടെ കൈകളിൽ ആയിരുന്നു... അവൾ തികട്ടി വന്ന ദേഷ്യം അമർത്തി പല്ലുകടിച്ചു നിന്നു.. നീ നോക്കുവൊന്നും വേണ്ട അനന്താ... ഇനി ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നാൽ ഇവിടെ കയറ്റി താമസിപ്പിക്കാനൊന്നും എനിക്ക് പറ്റില്ല....അന്ന് നാത്തൂൻ വന്ന് വല്യവർത്തനമൊക്കെ പറഞ് കൊണ്ടുപോയതല്ലേ...

പിന്നെന്തേ മാസം ആറേഴു ആകും മുന്നേ വീണ്ടും ഇങ്ങോട്ട് കൊണ്ടുവന്നേക്കുന്നെ....ഇനി ഇവൾക്ക് വല്ല വയറ്റിലെങ്ങാനും ഉണ്ടെങ്കിൽ അതിനെക്കൂടി ചുമക്കാനൊന്നും ഇവിടാരും ഇല്ല... അവരുടെ വാക്കുകൾ നീലാംബരിയുടെ ഹൃദയത്തെ കീറിമുറിക്കാൻ തക്ക ശക്തിയുള്ളവ ആയിരുന്നു.... അവൾ കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ പരമാവധി അടക്കി പിടിച്ചു... എന്നിട്ടും കണ്ണുകൾ വീണ്ടും നിറഞ്ഞ് ഒഴുകി.. അമ്മായി ഒന്ന് നിർത്തുന്നുണ്ടോ.... വെറുതെ എഴുതാപ്പുറം വായിക്കുന്നേ എന്തിനാ??? അവൻ വർധിച്ച ദേഷ്യത്തോടെ അവർക്ക് നേരെ ചോദിച്ചു ആഹാ... അല്ലെ.. ഇങ്ങോട്ട് കയറി വന്നിട്ട് എന്നെ ഭരിക്കാൻ വരുന്നോ???... ഇവളുടെ തള്ളയുടെ സ്വഭാവമായിരിക്കിലെ ഇവൾക്കും...

അവരോന്ന് ചിറിക്കോട്ടി...അതുകൊണ്ട് പറഞ്ഞതാ..അശ്വതി ഇതെല്ലാം കേട്ട് പുച്ഛത്തോടെ അനന്തനെയും നീലാംബരിയെയും മാറി മാറി നോക്കി ഞാനിവളെ ഇവിടേക്കൊണ്ട് തള്ളാൻ വന്നതല്ല... നീലാംബരിയുടെ കുറച്ച് സാധനങ്ങൾ ഇവിടിരുപ്പുണ്ട് അതെടുക്കാൻ വന്നതാ... അത് കേട്ടതും അമ്മയും മകളും സംശയത്തോടെ ഒന്ന് പരസ്പരം നോക്കി നീലാംബരി ചെല്ല് പോയി അതൊക്കെ എടുത്തിട്ട് വാ.... നീലു പേടിയോടെ അനന്തനെ നോക്കി... "ചെല്ല് നീലാംബരി... ഞാനല്ലേ പറയുന്നേ " സ്വരത്തിൽ അല്പം ശാസന കലർന്നിരുന്നു... മാത്രമല്ല ശാസന കലർന്ന ഒരു കൂർത്ത നോട്ടം മാലതിക്ക് നേരെയും നീണ്ടു... നീലു മടിച് മടിച് അകത്തേക്ക് കയറി.... മാലതിയും അശ്വതിയും അവളെ ദാഹിപ്പിക്കും വിധം നോക്കിനിന്നു... നീലാംബരി വീണ്ടും ഒന്ന് തിരിഞ്ഞ് അനന്തനെ നോക്കി... ധൈര്യമായി പോയിട്ടു വാ എന്നകണക്കെ ഒന്ന് കണ്ണുകൾ അടച്ച് തുറന്നു അനന്തൻ...

നീലാംബരി അകത്തേക്ക് പോയെന്ന് കണ്ടതും അനന്തൻ മാലതിക്കു നേരെ നോക്കി... അവരും ദേഷ്യത്തോടെ ഒന്ന് അവനെ നോക്കി ദേ അമ്മായി... അവളിവിടെ നിന്ന സമയംകണക്കു ഇനിയും അവളെ വായിൽ വരുന്നതൊന്നും പറയാമെന്നു കരുതണ്ട...അതല്ല ഇനിയും പറയുമെന്നാണേൽ ഞാനിങ്ങനെ കേട്ടുകൊണ്ട് നിന്നെന്നു വരില്ല... അനന്തൻ ഒരു താക്കീതേന്നപോലെ പറഞ്ഞു ഞാൻ ആരെയും ഒന്നും പറയാൻ വരുന്നില്ല.... എനിക്കിനി അതിന്റെ ആവശ്യവുമില്ല... നീയും നിന്റെ അമ്മയുംകൂടെ എടുത്ത് തലേകയറ്റി വച്ചോണ്ട് നടന്നോ... അവസാനം കിട്ടുമ്പോൾ പഠിച്ചോളും... ഏതായാലും എന്റെ തലേന്ന് ഒഴിഞ്ഞല്ലോ... എനിക്കത്തറേം സമാധാനം... അല്ല പിന്നെ.. അനന്തൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു....

പിന്നെ ഒന്ന് തിരിഞ്ഞ് നടമുറ്റത്തിന്റെ ഒരുകോണിൽ പോയി കൈകൾ രണ്ടും പിന്നിലായി കെട്ടി ദൂരേക്കു നോക്കി നിന്നു... ഈ സമയം കൊണ്ട് അശ്വതി നീലാംബരിയുടെ പിന്നാലെ അകത്തേക്ക് ചെന്നു.... ഇതേസമയം നീലാംബരി സർട്ടിഫിക്കറ്റും കാര്യങ്ങളും ഒക്കെ എടുത്ത് ഒരു കവറിലേക്ക് വച്ച ശേഷം അലമാര തിരികെ അടച്ചു.. ഒരു നിമിഷം സന്തോഷത്തോടെ അവളുടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റിന്റെ കവർ നെഞ്ചോട് ചേർത്ത് പിടിച്ചു....പിന്നെ അതിന്റെ പുറത്തൊന്നു ചുണ്ട് ചേർത്തു... ശേഷം മെല്ലെ സന്തോഷത്തോടെ പുറത്തേക്കിറങ്ങാനായി തിരിഞ്ഞതും കണ്ണുകൾ ഉടക്കിയത് അവളെത്തന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിക്കുന്ന അശ്വതിയെ ആണ്.... അവളുടെ നോട്ടത്തിൽ നീലുവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു... മുൻപ് കിട്ടിയ അടികളുടെ ഓർമ അവളുടെ മനസ്സിൽ ഭീതിയോടെ തെളിഞ്ഞു വന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story