നീലി: ഭാഗം 1

neeli

രചന: റിഷാന നഫ്‌സൽ

നിർത്താതെയുള്ള മൊബൈലിന്റെ കരച്ചിലാണവന്റെ ഉറക്കം കളഞ്ഞത്. വിളിക്കുന്നവന്റെ പത്തു തലമുറയെ മനസ്സിൽ സ്മരിച്ചു കൊണ്ടു വീക്ഷിത് കൈ നീട്ടി ഫോൺ എടുത്തു. ''ഹലോ...'' കണ്ണ് തുറക്കാതെ തന്നെ അവൻ സംസാരിച്ചു തുടങ്ങി. ''ഹലോ...'' ആ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു. ആഹാ കിളി നാദം ആണല്ലോ.. അവൻ കണ്ണുകൾ വലിച്ചു തുറന്നു. ''ആരാ... എന്ത് വേണം..'' വീക്ഷിത് ഇത്തിരി പഞ്ചാര കലക്കി ചോദിച്ചു. ''പ്ളീസ് ഹെല്പ് മീ...'' പതുങ്ങിയ ശബ്ദത്തിൽ കരഞ്ഞു കൊണ്ടുള്ള ആ സംസാരം കേട്ടതും അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു. ''ഹലോ ആരാ... എന്താ പറ്റിയെ... താനെന്തിനാ കരയുന്നെ.'' അവന്റെ ഉള്ളിലെ പോലീസുകാരൻ സടകുടഞ്ഞെഴുന്നേറ്റു.

''എന്നെ ഇവര് കൊല്ലും.. പ്ളീസ് എന്നെ രക്ഷിക്ക്...'' ആ പെൺകുട്ടി കരച്ചിൽ നിറുത്തിയില്ല. ''കുട്ടി പേടിക്കേണ്ട... അഡ്രെസ്സ് പറ... ഞാൻ ഇപ്പൊ അങ്ങോട്ടെത്താം..'' വീക്ഷിത് എഴുനേറ്റു ബൈക്കിന്റെ ചാവിയുമെടുത്തു തന്റെ ഫ്ലാറ്റിന്റെ പുറത്തേക്കോടി. ''അല്ല ഞാൻ ഇതെങ്ങോട്ടാ ഈ ചാടി പോവുന്നെ... വല്ല ഫേക്ക് കോളും ആണെങ്കിലോ..'' വീക്ഷിത് മനസ്സിലോർത്തു. ''ഞാൻ ലോട്ടസ് അപ്പാർട്മെന്റിൽ ആണ്.. റൂം നമ്പർ 707 ... അവരെ കൊന്നു എന്നെയും ഇവര് കൊല്ലും പ്ളീസ് എനിക്ക് മരിക്കണ്ട...'' അവളുടെ കരച്ചില് അവന്റെ ഹൃദയത്തിലേക്കാണ് പതിക്കുന്നതെന്നു അവനു തോന്നി... ഇല്ല ഇത് ഫേക് അല്ല. അവളുടെ കരച്ചിൽ കേട്ടാൽ അറിയാം എത്ര മാത്രം പേടിച്ചിട്ടുണ്ടെന്ന്. ''താൻ പേടിക്കണ്ട തനിക്കൊന്നും പറ്റില്ല. അവര് കാണാതെ ഒളിച്ചിരിക്കാൻ നോക്ക്... താൻ ഫോൺ കട്ട് ചെയ്യണ്ട.'' എന്നും പറഞ്ഞു ഒരു ചെവിയിൽ ഫോണും വച്ചു അവൻ വണ്ടിയിൽ കയറി. കയ്യിലുണ്ടായിരുന്ന മറ്റൊരു മൊബൈലിൽ സ്റ്റേഷനിൽ വിളിച്ചു ലോട്ടസ് അപ്പാർട്മെന്റിലേക്കു വരാൻ പറഞ്ഞു. പിന്നെ കാശിയെയും വിളിച്ചു പറഞ്ഞു. ''ടോ താൻ വച്ചോ..'' വീക്ഷിത്തിന്റെ ശബ്ദം വന്നതും അവൾ വീണ്ടും തേങ്ങി. ''എനിക്ക് പേടിയാവുന്നു സാർ...

പ്ളീസ് വേഗം വരുമോ...'' അവളുടെ കരച്ചിലിന്റെ ശബ്ദം കൂടി. ''താൻ കരയാതെ അവര് കേൾക്കും.. ശരിക്കും ഒളിച്ചു നിക്ക് ആദ്യം. ആരാ അവര്.'' വീക്ഷിത് വണ്ടി ഓടിച്ചു കൊണ്ട് ചോദിച്ചു. ''ഞാൻ എന്റെ റൂമിൽ കേറി ലോക്ക് ചെയ്തിരിക്കാ സർ. അവർ ഇത് തല്ലി പൊളിക്കും." "ആര്??" "എന്റെ ഫ്ലാറ്റ് ഷെയർ ചെയ്യുന്ന പെൺകുട്ടികളുടെ ബോയ്‌ഫ്രണ്ടസ് ആണ് അവർ...'' ആ പെൺകുട്ടിയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചു. ''അവർ ആരെയാ കൊന്നത്...'' അവൻ പതിയെ ചോദിച്ചു. ''അവരെ തന്നെ.. എന്റെ ഫ്ലാറ്റ് ഷെയർ ചെയ്യുന്ന പെൺകുട്ടികളെ തന്നെ..'' വീക്ഷിത് ആകെ ഷോക്കായി.. ''വാട്ട്.. അവരെ ഗേൾഫ്രൻഡ്‌സിനെ തന്നെയോ...'' അവൻ അമ്പരപ്പോടെ ചോദിച്ചു. ''അതെ..'' എന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. ''താൻ കരയല്ലേ... ശബ്ദം അവർ കേൾക്കും. ഞാൻ ഇപ്പൊ അവിടെ എത്തും..

അല്ല എന്റെ നമ്പർ എവിടുന്നാ കിട്ടിയത്..'' വീക്ഷിത് സംശയത്തോടെ ചോദിച്ചു. കാരണം ഓഫീസ് ആവശ്യത്തിനോ കേസിന്റെ ആവശ്യത്തിനോ അവൻ ആർക്കും പേർസണൽ നമ്പർ കൊടുക്കാറില്ല. ''സാർ തന്നെ അല്ലെ എനിക്ക് അന്ന് നമ്പർ തന്നത്...'' അത് കേട്ടപ്പോ അവന്റെ സംശയം കൂടി. ''ഞാ.. ഞാനോ.. എപ്പോ.. നമ്മളപ്പോ നേരത്തെ പരിചയമുണ്ടോ.. തന്റെ പേരെന്താ..'' വീക്ഷിത് പേടിയോടെ നിർത്താതെ ചോദിച്ചു. ''നമ്മൾ ഒരിക്കെ കണ്ടിരുന്നു, കഫേ ഡേയിൽ വച്ച്.. എന്റെ പേര് ഞാൻ പറഞ്ഞിരുന്നില്ല... എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു സാർ നമ്പർ തന്നിരുന്നു. സാർ മറന്നോ...'' അവൾ പരിഭ്രമത്തോടെ ചോദിച്ചു. ''എനിക്ക് ഓർമ്മ വരുന്നില്ല. ഞാൻ കുറെ പേരെ കാണാറുള്ളതല്ലേ..'' വീക്ഷിത് ചമ്മലോടെ പറഞ്ഞു. ''അത് ഞാൻ പേര് പറയാതിരുന്നപ്പോൾ സാർ എനിക്കൊരു പേര് ഇട്ടിരുന്നു...''

അവൾ വിറച്ചു കൊണ്ട് പറഞ്ഞതും അവന്റെ ഹൃദയമിടിപ്പു കൂടാൻ തുടങ്ങി. ''നീലി...'' അവൻ അറിയാതെ തന്നെ പറഞ്ഞു. "എന്റെ നീലക്കണ്ണുള്ള യക്ഷി...'' വീക്ഷിത് മനസ്സിൽ പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ എ സി പി. വീക്ഷിത് വിനായക് ഐ പി എസ്, കണ്ടാൽ തന്നെ ഏതു പെണ്ണും നോക്കി പോവുന്ന നീല കണ്ണുള്ള പോലീസുകാരൻ.. വീട്ടുകാരുടെയും കൂട്ടുകാരുടെയും എന്തിനു സ്റ്റേഷനിലുള്ള പോലീസുകാരുടെ വരെ വിക്കി. കണ്ടാൽ ഹിന്ദി നടന്റെ ലുക്കുള്ള വിക്കിയുടെ പിന്നാലെ പെൺപടകളുടെ ക്യൂ തന്നെ ഉണ്ട്. വിനായക് മേനോന്റെയും രേവതി മേനോന്റെയും മൂത്ത മകൻ. ഇളയത് വീക്ഷ ഏട്ടന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവം ഉള്ള പാവം പൂച്ചക്കുട്ടി പെൺകുട്ടി. അച്ഛൻ റിട്ടയേർഡ് പോലീസുകാരൻ ആണ്. 'അമ്മ ടീച്ചർ ആയിരുന്നു. ഇപ്പൊ വീട്ടിൽ സ്വസ്ഥം. പക്ഷെ ഡ്യൂട്ടിയുടെ കാര്യം വന്നാൽ വീക്ഷിത് വിനായക് പുലിയാണ്. സെർവിസിൽ കയറി നാല് വർഷം കൊണ്ട് അഞ്ചു ട്രാൻസ്ഫർ രണ്ടു സസ്‌പെൻഷൻ. റൂൾസ് വിട്ടൊരു കളിയും ഇല്ല. ആദ്യത്തെ കേസ് തന്നെ ഒരു പീഡനക്കേസ് ആയിരുന്നു. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച നാല്പത്തഞ്ചുകാരൻ ഇപ്പൊ നടു തളർന്നു കിടപ്പുണ്ട്.

അറസ്റ്റ് ചെയ്തു കൊണ്ട് പോവുമ്പോൾ ജീപ്പിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാണു പറഞ്ഞത്. പക്ഷെ വീക്ഷിത് ചവിട്ടി പുറത്തിട്ടതാണെന്നു അവനും ആ ജീപ്പിൽ ഉണ്ടായിരുന്നവർക്കും മാത്രമേ അറിയൂ. വീട്ടിൽ അമ്മയും പെങ്ങളും ഉള്ള കാരണം അവന്റെ മുന്നിലെത്തിയ പീഡനക്കേസുകളിളോ സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങളിലോ പ്രതിയായ ഒരുത്തനും കോടതിയിൽ എത്തിയിട്ടില്ല. അതിനു മുന്നേ പ്രതികൾക്ക് ശിക്ഷ കിട്ടിയിരുന്നു. അത് പോലെ കയ്യിൽ വന്ന ഒരു കേസും തെളിയിക്കാതെ നിന്നിട്ടില്ല. പ്രതി ഏതു കൊലകൊമ്പൻ ആയാലും. നമ്മളെ നീലക്കണ്ണൻ കുറെ നാളായി ഒരു നീലക്കണ്ണിയെ തപ്പി നടക്കുന്നു. മറ്റൊന്നിനും അല്ല അമ്മ വീട്ടിൽ കല്യാണ കാര്യത്തിൽ പിടി മുറുക്കിയിട്ടുണ്ട്. വീക്ഷിതിന് ആകെ ഉള്ള നിർബന്ധം തന്നെ പോലെ ഉള്ള നീല കണ്ണാണ്.

അതിനു ഒരു കാരണവും ഉണ്ട്. ചെറിയൊരു നഷ്ടപ്രണയം.. എങ്കിലും കണ്ട പാടെ കെട്ടാൻ അല്ല. ഒരു നീലക്കണ്ണിയെ കണ്ടു പിടിച്ചു അതിന്റെ സ്വഭാവമൊക്കെ മനസ്സിലാക്കി പ്രേമിച്ചു കെട്ടാൻ ആണ് ആളുടെ പ്ലാൻ. കുറെ നാളായി നീല കണ്ണും തപ്പി നടക്കുന്നു. പലരെയും കണ്ടെങ്കിലും ആരും അവന്റെ മനസ്സിൽ കേറിയില്ല. അവസാനം ആഴ്ചകൾക്കു മുമ്പ് അവൻ കണ്ടു അവളെ.. ആ കണ്ണും മുഖവും കണ്ടതും അവനു അവന്റെ പ്രണയിനിയെ ഓർമ്മ വന്നു, ആള് ഫ്ലാറ്റ്. പക്ഷെ സംസാരിക്കാൻ പറ്റിയില്ല, അതിനു മുന്നേ അവൾ സ്‌കൂട്ടിയിൽ കയറി പോയിരുന്നു. വീണ്ടും രണ്ടു മൂന്നു വട്ടം മുന്നിൽ കണ്ടെങ്കിലും അടുത്തേക്ക് പോവാൻ പറ്റിയില്ല. അവളുടെ നീല കണ്ണും ചുവന്നു തുടത്ത ആപ്പിൾ പോലുള്ള മുഖവും അവന്റെ ഉറക്കം കെടുത്തി. സ്വഭാവം അറിഞ്ഞു പ്രേമിക്കാൻ നിന്ന അവന്റെ മനസ്സിൽ അവൾ ആദ്യമേ കേറി വീട് വച്ച് താമസം ആരംഭിച്ചു. അവന്റെ പ്രാർത്ഥന കേട്ട പോലെ ഒരു അവധി ദിവസം കൂട്ടുകാരൻ കാശിയുടെ കൂടെ കഫെയിൽ പോയപ്പോ വീണ്ടും കണ്ടു ആ നീല കണ്ണുള്ള മാലാഖയെ. കാശിയും വിക്കിയും കളിക്കൂട്ടുകാരാണ്, ഒരുമിച്ചു തന്നെയാണ് ഐ പി എസ് ട്രെയിനിങ് കഴിഞ്ഞു ഇറങ്ങിയത്.

അവന്റെ സ്വഭാവം നന്നായി അറിയുന്ന കാശി അവനെ തടഞ്ഞു. പക്ഷെ കാശിയുടെ വാക്കു കേൾക്കാതെ വിക്കി ആ പെൺകുട്ടിയുടെ അടുത്തേക്ക് പോയി. ''ഹായ്.. ഞാൻ വീക്ഷിത്...'' പക്ഷെ അവൾ അവൻ പറഞ്ഞത് ശ്രദ്ധിക്കാതെ കൂട്ടുകാരിയോട് സംസാരിച്ചു. പക്ഷെ കൂട്ടുകാരി അവനെ കണ്ടപ്പോ തന്നെ ഇളിച്ചു കാണിച്ചു.. ''ഹായ് ഞാൻ രചന ഇത്...'' എന്നും പറഞ്ഞു അവൾ നീലക്കണ്ണുള്ള പെൺകുട്ടിയുടെ പേര് പറയുന്നതിന് മുന്നേ അവൾ രചനയെ നോക്കി കണ്ണുരുട്ടിപ്പേടിപ്പിച്ചു.. ''ആരാ എന്താ വേണ്ടേ...'' നീലക്കണ്ണുള്ളവൾ ചോദിച്ചു. ''തന്നെ ഒന്ന് പരിചയപ്പെടണം.. പറ്റിയാൽ പ്രേമിച്ചു കല്യാണം കഴിക്കണം... എന്നിട്ടു എൻ്റെ അഞ്ചു മക്കളുടെ അമ്മയാക്കണം...'' അത് കേട്ടതും അവളുടെ നീല കണ്ണ് പുറത്തേക്കു തള്ളി. ''ഇതിലും മാസ്സ് പ്രൊപോസൽ സ്വപ്നങ്ങളിൽ മാത്രം.'' എന്നും പറഞ്ഞു രചന വാ പൊത്തി ചിരിച്ചു. ''ടോ തനിക്കു വട്ടാണോ..'' നീലക്കണ്ണുള്ളവൾ ദേഷ്യത്തോടെ ചോദിച്ചു. ''എന്റെ നീലി നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ..

ഷോ ആ മൂക്കൊക്കെ ചുവന്നു കവിളൊക്കെ തുടുത്തു കാണുമ്പോൾ എന്റെ കണ്ട്രോള് പോണുണ്ട്.. വെറുതെ എന്നെ പീഡനക്കേസിലെ പ്രതി ആക്കല്ലേ...'' വിക്കി പറഞ്ഞതും അവൾ ദേഷ്യത്തോടെ എണീറ്റു. ''ഇവനിതു കൊളമാക്കും..'' അവരുടെ സംസാരം വീക്ഷിച്ചോണ്ടിരുന്ന കാശി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. ''തോന്നിവാസം പറയുന്നോ.. താൻ എണീറ്റ് പോടോ... ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും...'' അവള് ദേഷ്യത്തോടെ പറഞ്ഞു. ''ഓ വെറുതെ പൈസ കളയണ്ട. ദോ അങ്ങോട്ട് തന്നെ പറഞ്ഞോ.. ഇവിടുത്തെ എ സി പി ആണ്, എ.സി.പി.വീക്ഷിത് വിനായക് ഐ പി എസ്.'' കാശി അങ്ങോട്ടേക്ക് വന്നിട്ട് പറഞ്ഞു. അത് കേട്ട് അവളൊന്നു പകച്ചു അവന്റെ മുഖത്തേക്ക് നോക്കി. വിക്കി അവളെ നോക്കി ചിരിച്ചു , എന്നിട്ട് അതെ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു. ''സോറി സാർ.. ഞങ്ങൾ ആളെ അറിയാതെ..'' രചന പെട്ടെന്ന് പറഞ്ഞിട്ട് എണീച്ചു. ''ഏയ് അതൊന്നും കുഴപ്പമില്ല ഇരിക്കൂ. അല്ല പേര് പറഞ്ഞില്ലല്ലോ...'' വീക്ഷിത് നീലക്കണ്ണിയെ നോക്കി ചോദിച്ചു.

''പോലീസാണെന്നു വച്ച് പേരൊക്കെ പറയണോ...'' അവൾ ആദ്യത്തെ പേടി മാറിയപ്പോ ചോദിച്ചു. ''ഓക്കേ വേണ്ട.. ഞാൻ തനിക്കൊരു പേരിടാം... നീലി.. എങ്ങനെ ഉണ്ട്..'' വീക്ഷിത് അവളെ നോക്കി ചോദിച്ചു. ''പൊളിച്ചു.. പറ്റിയ പേര്..'' കാശി പറഞ്ഞു. ''ഇവളെ ഞാനും ഇടക്കങ്ങനെ വിളിക്കാറുണ്ട്. ഈ കണ്ണ് കണ്ടാൽ തന്നെ കള്ളിയങ്കാട്ടു നീലിയെ ഓർമ്മ വരും.'' നീലി രചനയെ നോക്കിപ്പേടിപ്പിച്ചു. ''ആ ഇവളെ കണ്ണ് ഇരുട്ടത്ത് കണ്ടാൽ യക്ഷി തന്നെ. നിന്റെ കാര്യം പോക്കാണ് മോനെ.'' കാശി പതിയെ വിക്കിയുടെ ചെവിയിൽ പറഞ്ഞു. ''ഞങ്ങൾ രാത്രി ലയിറ്റിട്ടു കിടന്നോള്ളാം..'' വീക്ഷിത് കാശിയോടു പതിയെ പറഞ്ഞു. ''എന്താ ഒരു സ്വകാര്യം.'' രചന ചോദിച്ചു. ''ഏയ് ഒന്നുമില്ല. അല്ല കുട്ടിയെ നല്ല ഭംഗി ഉണ്ട് കേട്ടോ കാണാൻ. ബ്യുട്ടിഫുൾ, നമ്മൾ പരിചയപ്പെട്ടില്ലല്ലോ... ഞാൻ കാശി... എ ഡി സി പി കാശിനാഥൻ ഐ എ എസ്.... നല്ല ജോലി.. നല്ല ശമ്പളം.. ഇനി ഒരു പെണ്ണ് കൂടി കെട്ടണം.. ചേച്ചീടെ കല്യാണത്തിന് ശേഷം 'അമ്മ ഒറ്റയ്ക്കാണ്... രചന അല്ലെ...

വീട് എവിടെയാ... എന്താ ചെയ്യുന്നേ...'' കാശി പതിയെ രചനയുടെ അടുത്തേക്ക് പോയിട്ട് ചോദിച്ചു. ''ഒന്നും ചെയ്തിട്ട് കാര്യമില്ല മൂന്നാഴ്ച കഴിഞ്ഞാൽ എന്റെ നിശ്ചയമാണ്.'' രചന കാശിയെ നോക്കി പറഞ്ഞു. ''ആണോ പെങ്ങളെ അളിയനെന്താ ചെയ്യുന്നേ..'' കാശിയുടെ ചോദ്യം കേട്ടതും വിക്കി ചിരിച്ചുപ്പോയി. അവന്റെ നീലിയും ചിരി കടിച്ചു പിടിക്കുന്നുണ്ടായിരുന്നു. ''അളിയൻ അങ്ങ് അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് അങ്ങളെ.'' രചന ചിരിച്ചു കൊണ്ട് പറഞ്ഞു. ''അല്ലെങ്കിലും ഈ ഐറ്റിക്കാരെ കൊണ്ട് ജീവിക്കാൻ വയ്യ. അത് പോട്ടെ നിങ്ങൾ എന്താ ചെയ്യുന്നേ.. എവിടാ താമസം..'' കാശി ചോദിച്ചു. ''ഞങ്ങൾ ഇവിടെ ഫാൽക്കൺ ഇൻഡസ്ട്രീസിൽ വർക്ക് ചെയ്യുന്നു. താമസം ലോ...'' രചന പറയാൻ തുടങ്ങിയതും നീലി അവളുടെ കൈ പിടിച്ചു. ''നീ വരുന്നുണ്ടോ രചന, അല്ല ബയോഡേറ്റ മൊത്തം പറയഞ്ഞിട്ടേ വരുള്ളൂ...'' നീലി രചനയെ നോക്കിപ്പേടിപ്പിച്ചു. വീക്ഷിത്തിന്റെ കണ്ണുകൾ ഇപ്പോളും നീലിയെ നോക്കിക്കൊണ്ടിരിക്കാണ്. പെട്ടെന്ന് കാശിയുടെ ഫോൺ അടിച്ചു. അതെടുത്തു സംസാരിച്ച അവൻ പെട്ടെന്ന് വിക്കിയുടെ കയ്യിൽ പിടിച്ചു. ''എന്താടാ...'' വിക്കി. ''ഡാ ആ പെണ്ണില്ലേ ഇന്നലെ ഹോട്ടലിൽ നിന്നും പിടിച്ചത്, അവൾ ആത്മഹത്യ ചെയ്തു പോലും..'' കാശി മെല്ലെ പറഞ്ഞതും വിക്കിയുടെ മുഖത്തൊരു പുച്ഛം നിറഞ്ഞു. ''തോന്നിയപോലെ നടക്കുന്ന അവളൊക്കെ ചാവുന്നതു തന്നെ നല്ലത്.'' അവൻ കാശിയുടെ ചെവിയിൽ പറഞ്ഞു. ''എന്തായാലും നമുക്ക് പണി ആയി മോനെ, അങ്ങോട്ടേക്ക് പോണം..''

കാശി പറഞ്ഞു. ''ഓക്കേ പോവാം..'' എന്ന് പറഞ്ഞു വിക്കി നീലിയെ നോക്കി. അവൾ അവനെ ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കി നിക്കുകയാണ്. ''അപ്പൊ പോട്ടെ ആങ്ങളമാരെ...'' രചന. അവർ നടക്കാൻ തുടങ്ങിയതും വീക്ഷിത് പെട്ടെന്ന് നീലിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി. ലോക്ക് ഇല്ലാത്തതിനാൽ അതിലവന്റെ നമ്പർ സേവ് ചെയ്തു. ''എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം. അതെന്നെ ഇഷ്ട്ടമാണ് എന്ന് പറയാൻ ആയാൽ കൂടുതൽ സന്തോഷം.'' വിക്കി നീലിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അവൾ അവനെ ദേഷ്യത്തോടെ നോക്കിയിട്ടു പുറത്തേക്കു നടന്നു. പിന്നെ അവളെ കണ്ടില്ലെങ്കിലും അവളെ ഫോൺ വരാൻ അവൻ വെയിറ്റ് ചെയ്യുവായിരുന്നു. പക്ഷെ അതൊരിക്കലും ഇങ്ങനൊരു സാഹചര്യത്തിൽ ആയിരുന്നില്ല അവൻ ആഗ്രഹിച്ചത്. @@@@@@@@@@@@@@@@@@@@@@@

''സാർ എന്നെ മറന്നോ...'' അവൾ വീണ്ടും ചോദിച്ചു. ''തന്നെ ഞാൻ അങ്ങനെ മറക്കോ നീലി. ഞാൻ ഇതാ താഴെ എത്തി. താൻ അവിടെ തന്നെ ഇരിക്ക്. ഞാൻ വന്നു ഡോർ തുറന്നു തന്റെ പേര് വിളിക്കാതെ അനങ്ങരുത്..'' ആദ്യം ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശം മാത്രം ആയിരുന്നെങ്കിൽ ഇപ്പൊ ഇഷ്ട്ടപെടുന്ന പെണ്ണിനെ രക്ഷിക്കേണ്ട കടമ ആണ് മുന്നിൽ. അപ്പോഴേക്കും കാശി എത്തിയിരുന്നു. ''സ്റ്റേഷനിൽ നിന്നും എത്താനായിട്ടുണ്ട്... അനിൽ വിളിച്ചിരുന്നു...'' കാശി വിക്കിയോട് പറഞ്ഞു. അവർ വേഗം ഓടി ലിഫ്റ്റിൽ കേറി സെവൻത് ഫ്ലോറിൽ ഇറങ്ങി. റൂമിന്റെ മുന്നിൽ എത്തിയ രണ്ടു പേരും ഒരു മിനിട്ടു നിന്നിട്ടു ഒരു ദീർഗ്ഗാശ്വാസം എടുത്തു. ഡോർ തുറക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല. അവസാനം ചവിട്ടി തുറന്നു വിക്കിയും കാശിയും അകത്തെത്തി. ആരെയും കാണാൻ ഇല്ല. ഒരു റൂമിൽ എത്തിയപ്പോൾ രണ്ടു പെൺകുട്ടികൾ ബെഡിൽ ചോര വാർന്നു കിടക്കുന്നതു കണ്ടു. അവരുടെ പൾസ്‌ ചെക് ചെയ്തു നോക്കി. ''ഡെഡ്...''

കാശി വീക്ഷിതിനെ നോക്കിയിട്ടു പറഞ്ഞു. ''ഡാ എൻ്റെ നീലി..'' വിക്കി പേടിയോടെ പറഞ്ഞു. അവളെ പറ്റി ഒന്നും അറിയില്ലെങ്കിലും ആ കണ്ണുകളും മുഖവും വീക്ഷിത്തിന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ആദ്യമായി വീക്ഷിത്തിന്റെ കണ്ണിൽ ഒരു ഭയം കാശി കണ്ടു. അവന്റെ നീലി അസ്ഥിക്ക് പിടിച്ചിട്ടുണ്ട് എന്ന് കാശിക്കു മനസ്സിലായി. തമാശ ആണെന്നാണ് കാശിയും കരുതിയിരുന്നത്. ''വാ നോക്കാം..'' അവർ മെല്ലെ റൂമിൽ നിന്നും ഇറങ്ങി. നേരെ ഓപ്പോസിറ്റ ഉള്ള റൂമിന്റെ പുറത്തെത്തി ഡോർ തുറക്കാൻ നോക്കി. പറ്റുന്നില്ല, ലോക്കാണ്.. അവർ നീലി എന്ന് പറഞ്ഞു തട്ടി വിളിച്ചു നോക്കി. മറുപടി ഇല്ല എന്ന് കണ്ടതും രണ്ടാളും കൂടി ഡോർ വലിച്ചു നോക്കി. വീക്ഷിത് ശക്തിയായി വലിച്ചതും അകത്തു നിന്ന് ആരോ ലോക്ക് തുറന്നതും ഒരുമിച്ചായിരുന്നു. വലിയുടെ ശക്തിയിൽ ആ ആൾ വീക്ഷിത്തിന്റെ നെഞ്ചിലേക്ക് വീണു... അവൻ ''നീലി'' എന്ന് വിളിച്ചു. അവൾ ചുവന്ന നിറഞ്ഞ നീല മിഴികളാലെ അവനെ നോക്കി. അപ്പോഴാണ് കാശി ''ഡാ അത് നോക്ക്'' എന്ന് അലറിയത്... ''ഹേയ് നോ'' എന്ന് വീക്ഷിത് അലറി.. ആ കാഴ്ച്ച കണ്ടതും നീലി വീക്ഷിത്തിന്റെ കയ്യിലേക്ക് ബോധം മറഞ്ഞു വീണിരുന്നു. തുടരും

Share this story