നെഞ്ചോട് ചേർത്ത് ❣️: ഭാഗം 22

nenjod cherth

രചന: SHAMSEENA

കാർ ദച്ചുവിന്റെ വീട്ടിലേക്കുള്ള ഗേറ്റ് കടന്നു.. അവൻ ഒന്ന് ഹോൺ അടിച്ചു.. കാറിന്റെ ശബ്‍ദം കേട്ടതും അച്ചു പുറത്തേക്ക് ഓടിവന്നു.. പിന്നാലെ അമ്മയും.. **** അവരെ കണ്ടതും ദച്ചു വേഗം കാറിൽ നിന്നും ഇറങ്ങി അച്ചുവിനെ പോയി കെട്ടിപിടിച്ചു... കാർത്തിക് സ്വീറ്റ്സ് എല്ലാം എടുത്ത് പിറകെ ചെന്നു... "അമ്മേ.."വിളിച്ചുകൊണ്ടു ദച്ചു ചെറിയമ്മയെയും കെട്ടിപിടിച്ചു... അത് കണ്ടപ്പോൾ കാർത്തി ഒന്ന് നെറ്റിച്ചുളിച്ചു.. "സുഖാണോടി പെണ്ണെ..." അവളുടെ തലയിൽ തലോടി കൊണ്ട് അമ്മ ചോദിച്ചു... അവൾ അവരുടെ തോളിൽ കിടന്നു കൊണ്ട് തന്നെ തല ചലിപ്പിച്ചു...അവളെ ചേർത്ത് പിടിച്ചങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിൽക്കുന്ന കാർത്തിയെ കണ്ടത് "വാ മോനെ.. കയറ്.." അവന്റെ നിൽപ്പ് കണ്ട് അമ്മ വിളിച്ചു... അവൻ കയ്യിലുള്ള കവറെല്ലാം അച്ചുവിനെ ഏൽപ്പിച്ചു... എന്നിട്ട് ദച്ചുവിന്റെ കൂടെ അകത്തേക്ക് നടന്നു.. "നിന്റെ ചെറിയമ്മക്ക് എപ്പോ മുതലാ നിന്നോട് സ്നേഹം തുടങ്ങിയെ..." നടക്കുന്നതിനിടയിൽ അവളുടെ ചെവിയരികിൽ ചെന്ന് പതിയെ ചോദിച്ചു... അവൾ അവനെ കൂർപ്പിച്ചോന്ന് നോക്കി... "എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.. ഞാൻ സീരിയസ് ആയിട്ടാ ചോദിച്ചേ "

വീണ്ടും പതിഞ്ഞ സ്വരത്തിൽ കാർത്തി പറഞ്ഞു... "എപ്പോ തുടങ്ങിയാലും നിങ്ങൾക്കെന്താ... കൂടുതൽ ഭാരിച്ച കാര്യമൊന്നും അന്യോഷിക്കണ്ട ഇയാള്.. 😏😏" "ഇവളെ ഇന്ന് ഞാൻ 😬"അവൻ അവളെ നോക്കി പല്ല് കടിച്ചു... "മോൻ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം " അമ്മയുടെ ശബ്‍ദം കേട്ടതും നേരെ നിന്നു... എന്നിട്ട് അവിടുള്ള സോഫയിൽ ഇരുന്നു... അച്ചുവിന്റെ കൂടെ പോകാൻ നിന്ന ദച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു അടുത്തിരുത്തി തോളിലൂടെ കയ്യിട്ടിരുന്നു.. അത് കണ്ട് അച്ചു ദച്ചുവിനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു... "നീയെന്താ ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി പറയാഞ്ഞേ "അവളുടെ വലതു കയ്യിൽ പതിയെ തഴുകി കൊണ്ട് ചോദിച്ചു... "മറുപടി പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല അതുകൊണ്ട് " അവൾ അവന്റെ കൈ തോളിൽ നിന്നും വിടുവിക്കാൻ നോക്കി.. പക്ഷേ നടന്നില്ല മാത്രമല്ല അവൻ ഒന്നുകൂടെ മുറുകെ പിടിച്ചു..അവൾ അസ്വസ്ഥതയോടെ തോൾ വെട്ടിച്ചു കൊണ്ടിരുന്നു...

"എടോ..തനിക്കെന്താ എന്നോടിത്ര.. ദേ.." ചോദിച്ചു മുഴുമിക്കുന്നതിന് മുന്നേ ജ്യൂസുമായി അമ്മ വന്നിരുന്നു.. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല... തീർത്തും നിശബ്‍ദമായി കുറച്ച് നിമിഷങ്ങൾ കടന്നുപോയി... "അച്ഛൻ ഇവിടില്ലേ " മൗനത്തെ ഭേധിച്ചു കൊണ്ട് കാർത്തി ചോദിച്ചു "അച്ഛൻ ടൗണിൽ പോയതാ... ഇപ്പോ വരും..."അച്ചുവാണ് മറുപടി കൊടുത്തത്... അപ്പോഴേക്കും അച്ഛന്റെ ബൈക്കിന്റെ ശബ്ദം പുറത്ത് കേട്ടു... "ആ.. ദാ... അച്ഛൻ വന്നല്ലോ.."പറഞ്ഞുകൊണ്ട് അച്ചു പുറത്തേക്ക് നടന്നു... അച്ഛൻ എന്ന് കേട്ടതും ദച്ചു സോഫയിൽ നിന്ന് ചാടി എഴുന്നേറ്റു...അയാൾ കയ്യിൽ കുറച്ച് കവറുകളുമായി അകത്തേക്ക് വന്നു... "നിങ്ങൾ എപ്പോ വന്നു... കുറേ നേരമായോ " കയ്യിലെ കവറുകൾ ജയയെ ഏൽപ്പിച്ചു കൊണ്ട് ചെറു പുഞ്ചിരി മുഖത്തണിഞ് ചോദിച്ചു.... അച്ഛന്റെ ഭാവമാറ്റം കണ്ട് ദച്ചു അതിശയിച്ചു...അവൾ കാർത്തിയെയും അച്ഛനെയും മാറി മാറി നോക്കി... "ഏയ്‌ ഇല്ല... കുറച്ച് നേരമേ ആയിട്ടുള്ളൂ "കാർത്തിയും ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു...

"എന്നാ നിങ്ങൾ ഇരിക്ക്... ഞാൻ ഈ വേഷമൊക്കെ ഒന്ന് മാറിയിട്ടു വരാം.." അയാൾ അകത്തേക്ക് നടന്നു... പിറകെ അമ്മയും.. അവരെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ദച്ചുവിന്റെ മണ്ടക്കിട്ടൊന്ന് കൊട്ടി അവൻ സോഫയിലേക്ക് ഇരുന്നു... കൂടെ ദച്ചുവിനെയും പിടിച്ചിരുത്തി...ഇതെല്ലാം കണ്ട് ചുണ്ട് പിളർത്തുന്ന അച്ചുവിനെ നോക്കി അവനൊന്ന് ചിരിച്ചു... എന്നിട്ട് അവളെ കൈ കൊണ്ട് മാടി അടുത്തേക്ക് വിളിച്ചിരുത്തി.. സ്കൂളിലെയും മറ്റും വിശേഷങ്ങൾ എല്ലാം തിരക്കി... അവളും സംസാരിക്കാൻ ആളെ കിട്ടിയത് പോലെ വായ് തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്... അതിൽ നാട്ടിലെ പട്ടിയും പൂച്ചയും വരെയുണ്ട്....കാർത്തി ഒരു മടുപ്പും കൂടാതെ എല്ലാം കേട്ടിരിക്കുന്നുണ്ട്... ദച്ചുവിനാണേൽ കുറേ കഴിഞ്ഞപ്പോൾ തല പെരുക്കാൻ തുടങ്ങി ഇരുവരുടെയും സംസാരം കേട്ടിട്ട്... അവൾ മെല്ലെ മുറ്റത്തേക്കിറങ്ങി.. നാലുപാടും ഒന്ന് വീക്ഷിച്ചു.. അപ്പോഴാണ് മാഷ് ഉമ്മറത്തിരിക്കുന്നത് കണ്ടത്... നേരെ അങ്ങോട്ട് നടന്നു... പെട്ടന്ന് തോളിൽ എന്തോ ഒന്ന് ശക്തിയിൽ വന്നു വീണു.. തിരിഞ്ഞപ്പോൾ കാർത്തി തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിരിക്കുന്നു.. ദേഷ്യത്തോടെ കൈ എടുത്തു മാറ്റാൻ നോക്കി..

"അടങ്ങിയിരുന്നോ ഇല്ലേൽ പൊതുവഴി ആണെന്നൊന്നും ഞാൻ നോക്കില്ല കേറിയങ്‌ ഉമ്മിക്കും.. എന്താ വേണോ 🤨" അവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്നറിയാവുന്നത് കൊണ്ട് പിന്നെ അവൾ ഒന്നും പറഞ്ഞില്ല... നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു... വീടിന്റെ ഉമ്മറത്തു വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്... മാഷാണെന്ന് തോന്നുന്നു...ടീച്ചറമ്മ ഉള്ളപ്പോൾ എന്നും വിളക്ക് കത്തിച്ചു ഉമ്മറത്തിരുന്ന് നാമം ജപിക്കാറുണ്ട്... ചെറുപ്പത്തിലൊക്കെ അപ്പുവേട്ടന്റെയും മീനുവേച്ചിയുടെയും കൂടെ താനും വന്നിരിക്കാറുണ്ട്... അത് കഴിഞ്ഞ് ടീച്ചറമ്മ മൂന്ന് പേർക്കും കൂടി കഥയൊക്കെ പറഞ്ഞു ചോറ് വാരിത്തരും... അതിന്റെ സ്വാദ് ഇപ്പോഴും അവളുടെ നാവിൻ തുമ്പിൽ ഉണ്ടെന്ന് അവൾക്ക് തോന്നി..ഒരു നിമിഷം കണ്ണടച്ചവൾ ആ മുറ്റത്തങ്ങനെ നിന്നു... പിന്നെ തെക്കേതൊടിയിലേക്ക് നടന്നു... അവിടെയുള്ള അസ്ഥിതറയുടെ മുന്നിൽ പോയി നിന്നു...കൈകളൾ കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു...ഒരിളം കാറ്റ് അവളെ തഴുകി കൊണ്ട് കടന്നുപോയി... തോളിൽ ഒരു കരസ്പർശമേറ്റപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞുനോക്കി.. "അപ്പുവേട്ട "ദച്ചു അവനെ കെട്ടിപിടിച്ചു...

"എപ്പോ വന്നു കുഞ്ഞി "അതിയായ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി അവൻ.. "കുറച്ച് നേരമായി.. അപ്പുവേട്ടൻ എപ്പോ എത്തി ഡൽഹിയിൽ നിന്ന് "അവനിൽ നിന്നും അകന്ന് മാറി കൊണ്ട് ചോദിച്ചു.. "ഉച്ചക്ക് എത്തിയെ ഉളളൂ... പിന്നെ മീനുവിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയി.." "ചേച്ചി പോയോ " "മ്മ്...ഓഫീസിൽ നിന്നും പെട്ടന്ന് വിളിപ്പിച്ചു... രാവിലെ റിജോയിൻ ചെയ്യാൻ പറഞ്ഞുകൊണ്ട്..."ദച്ചുവിന്റെ ചുണ്ടുകൾ പരിഭവം കൊണ്ട് പുറത്തേക്കുന്തി... "കാർത്തി ഇല്ലേ കൂടെ " അവളുടെ പരിഭവിച്ച മുഖം കണ്ട് അവൻ ചോദിച്ചു... "മ്മ് ഉണ്ട് " താല്പര്യം ഇല്ലാതെ അവൾ പറഞ്ഞു.. "എന്നാ വാ...എനിക്കും ആളെ ഒന്ന് പരിചയപ്പെടുത്തിതാ..." ഇരുവരും അകത്തേക്ക് നടന്നു... ***** മുറ്റത്തൊരു നിഴലനക്കം കണ്ട് മാഷ് കണ്ണട ഒന്നൂടെ ശെരിയാക്കി ഉമ്മറത്തേക്കിറങ്ങി നോക്കി... "ആരാ അത്..."മാഷ് അല്പം ഉറക്കെ തന്നെ ചോദിച്ചു... "ഞാനാണ് മാഷേ... കാർത്തിക് " അവൻ വെളിച്ചത്തേക്ക് വന്നു.. "മോനായിരുന്നോ... അകത്തേക്ക് വാ.. ദച്ചുവില്ലേ കൂടെ " "ഉണ്ട്...തെക്കേ തൊടിയിലേക്ക് പോയി " പറഞ്ഞുകൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി... "മ്മ് "മാഷിൽ നിന്നും ഒരു നെടുവീർപ്പുയർന്നു..

കാർത്തി അവിടെയുള്ള തിണ്ണയിൽ ഇരുന്നു... മാഷ് അതിനടുത്തുള്ള ചാരുകസേരയിലും..അവൻ ചുറ്റും ഒന്ന് നോക്കി... പഴയ ഓടിട്ട ഇരു നില വീടാണ്... ഈ അടുത്ത കാലത്തൊന്നും പുതുക്കി പണിതതായി തോന്നുന്നില്ല.. അപ്പോഴാണ് ഉമ്മറത്തെ ചുമരിൽ കണ്ട ഫോട്ടോയിലേക്ക് അവന്റെ കണ്ണുകൾ പോയത്... അവൻ അതിനടുത്തേക്ക് നടന്നു... ഉമ്മറപ്പടിയിൽ ഇരിക്കുന്ന മാഷും ടീച്ചറമ്മയും അവരുടെ ഇടയിൽ മുടി ഇരു സൈഡിലേക്കും പിന്നിയിട്ടു പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ദച്ചു...ഒരു പതിനാലു വയസ്സ് പ്രായം കാണും അവൾക്ക്... മൂവരെയും പിറകിൽ നിന്നും ചേർത്ത് പിടിച്ചു നിൽക്കുന്ന മീനുവും ഒരു അപ്പുവും... അന്ന് കോളേജിൽ വെച്ച് അപ്പുവിനെ കണ്ടത് കൊണ്ട് അവന് ആളെ മനസ്സിലായിരുന്നു.. പക്ഷേ പേരറിയില്ല.. അപ്പു എന്ന് മാത്രമേ അറിയൂ..അതും ദച്ചുവിൽ നിന്നും... പിന്നെയും ഉണ്ട് ചുമരിൽ ഒരുപാട് ഫോട്ടോസ്.. അധികവും മീനുവും അപ്പുവും ദച്ചുവും കൂടെയുള്ളതാണ്... അവരോടൊപ്പം അവൾ എത്ര സന്തോഷവതിയാണെന്ന് അവൻ ഓർത്തു..കുറച്ചുനേരം ആ ഫോട്ടോസെല്ലാം നോക്കിയും കൈകളൾ കൊണ്ട് തഴുകിയും നിന്നു.... "മാഷേ "വിളികേട്ട് അവൻ തിരിഞ്ഞുനോക്കി..

ദച്ചു പടികൾ കയറി വരുന്നുണ്ട്... കൂടെ അപ്പുവും... അപ്പുവിനെ കണ്ടവനൊന്ന് ചിരിച്ചു... അപ്പുവും തിരികെ അവന് മനസ്സ് നിറഞ്ഞൊരു പുഞ്ചിരി നൽകി...ദച്ചു മാഷിന്റെ അരികിൽ നിലത്ത് ചെന്നിരുന്നു മടിയിലേക്ക് തലചായ്ച്ചു... മാഷ് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അതറിഞ്ഞെന്ന പോൽ മാഷ് അവളോട് ചോദിച്ചു... "എന്തിനാ കുട്ട്യേ ഇപ്പോ സങ്കടം... എന്നായാലും ഭഗവാൻ വിളിച്ചാൽ പോയല്ലേ പറ്റൂ... നിന്റെ ടീച്ചറമ്മയെ ഇത്തിരി നേരത്തെ വിളിച്ചു.. അത്രേ ഉളളൂ..." പറഞ്ഞുകൊണ്ട് മാഷ് കസേരയിലേക്ക് ചാഞ്ഞു.... "കുഞ്ഞി പോയി നല്ല കട്ടൻ ഇട്ട് കൊണ്ടുവന്നെ... കുറേ കാലമായി നിന്റെ കൈ കൊണ്ടൊരു ചായ കുടിച്ചിട്ട്... വേഗം പോയി ഇട്ട് കൊണ്ടുവാ.." സന്ദർഭം ഒന്ന് തണുപ്പിക്കാൻ വേണ്ടി അപ്പു പറഞ്ഞു...അവൾ കണ്ണുകൾ തുടച്ചു അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.... "കാർത്തി ഇരിക്ക്..."അവൾ പോകുന്നതും നോക്കി നിൽക്കുന്ന അവനെ നോക്കി അപ്പു പറഞ്ഞു... കാർത്തി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു... "ഞാൻ അഭിനവ്... അപ്പൂന്ന് വിളിക്കും... അറിയോ "

"അറിയാതെ പിന്നെ... ദച്ചു പറഞ്ഞുകേട്ടിട്ടുണ്ട് പിന്നെ ഒരു തവണ കോളേജിലും വെച്ച് കണ്ടിട്ടുണ്ട് " പറഞ്ഞതിന് ശേഷമാണ് അവന് അബദ്ധം മനസ്സിലായത്.. അവൻ അപ്പുവിനെ ഒന്ന് നോക്കി.. പക്ഷേ അവിടെ ഭാവ വ്യത്യാസം ഒന്നുമില്ല.. "എന്താടോ നോക്കുന്നെ... അച്ഛൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്... പിന്നെ എന്റെ കുഞ്ഞിയെ ചതിക്കാതെ കൂടെ കൂട്ടിയതുകൊണ്ട് ഞാൻ അതങ്ങ് ക്ഷമിച്ചു... " ആദ്യം പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും പിന്നീടത് ഗൗരവം ആയി മാറിയിരുന്നു.. "അത് അന്ന് അങ്ങനെയൊക്കെ തോന്നിപ്പോയി.... വേണമെന്ന് വെച്ചിട്ടല്ല.. ആ പ്രായത്തിന്റെ ഒരു എടുത്തു ചാട്ടം... പിന്നീടത് എപ്പോഴോ കാര്യത്തിലേക്ക് കടന്നിരുന്നു... അവളോട് എല്ലാം തുറന്നു പറയാൻ തന്നെ ഇരുന്നതായിരുന്നു.... പക്ഷേ അപ്പോഴേക്കും അവൾ ഒന്നും പറയാതെ എന്നെ ഉപേക്ഷിച്ചുപോയി... ഇന്നും വ്യക്തമല്ല അതിന്റെ കാരണം..."പറഞ്ഞുകൊണ്ട് അവൻ തിണ്ണയിൽ കൈകൾ കുത്തി അമർന്നിരുന്നു..

അപ്പോഴേക്കും ദച്ചു ചായയും ആയി വന്നിരുന്നു.. അതുമായി അപ്പുവും കാർത്തിയും മുറ്റത്തേക്കിറങ്ങി... "അവൾക്കിപ്പോഴും നിന്നോട് ദേഷ്യം തന്നെയാണോ.."ഒരിറുക്ക് ചായ കുടിച്ചുകൊണ്ട് ഇരുളിലേക്ക് നോക്കികൊണ്ട് അപ്പു ചോദിച്ചു... "ദേഷ്യം തന്നെയാണ്... കാരണം എന്താണെന്നാണ് എനിക്ക് മനസ്സിലാവാത്തെ... എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല... ഇന്ന് തന്നെ കാറിൽ വെച്ച് പൊട്ടിത്തെറിച്ചു അവൾ എന്റെ നേരെ..." "എന്തിന് " സംശയരൂപേണ അപ്പു ചോദിച്ചു.. "അറിയില്ല.. പക്ഷേ അവളുടെ ഉള്ളിൽ എന്തോ ഒരു തെറ്റിദ്ധാരണയുണ്ട് ...അത് എന്താണെന്ന് ആദ്യം കണ്ടുപിടിക്കണം.. എന്നാലേ അവൾക്ക് എന്നോടുള്ള ദേഷ്യം മാറൂ " ഗ്ലാസ്സിലെ ബാക്കി ചായ ഒറ്റ വലിക്കു കുടിച്ചുകൊണ്ട് കാർത്തി പറഞ്ഞു... "അപ്പുവേട്ട... ഞങ്ങൾ ഇറങ്ങട്ടെ നേരം ഇരുട്ടി.." ദച്ചു അവരുടെ അടുത്തേക്ക് വന്നു.. "അത്താഴം കഴിച്ചിട്ട് പോവാടി.." "വേണ്ട അപ്പുവേട്ട.. അമ്മ നോക്കിയിരിക്കുന്നുണ്ടാവും. പിന്നൊരിക്കൽ ആവാം " ദച്ചു അവന്റെ കൈ കവർന്നു കൊണ്ട് പറഞ്ഞു.. "ഇന്ന് തന്നെ പോവോ.." അപ്പു ചോദിച്ചു.. "ഇല്ല നാളെ ഉച്ചടെ മുന്നേ പോവണം... ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട് "കാർത്തിയായിരുന്നു പറഞ്ഞത്...

'മ്മ്.. എന്നാ ചെല്ല് വൈകണ്ട "അവളുടെ തോളിൽ തട്ടി അപ്പു പറഞ്ഞു... അവർ ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.. പെട്ടന്നവൻ എന്തോ ഓർത്തപോലെ ദച്ചുവിനെ വിളിച്ചു... "കുഞ്ഞി ഒന്നവിടെ നിന്നേ"മുണ്ടിന്റെ തലപ്പെടുത്ത് കയ്യിൽ പിടിച്ചുകൊണ്ടു അവൻ അവളുടെ അടുത്തേക്ക് നടന്നു. കുറച്ച് മുമ്പോട്ട് പോയ അവൾ അവന്റെ വിളികേട്ട് തിരിഞ്ഞു നടന്നു... "എന്താ ഏട്ടാ " "നിങ്ങൾക്കിടയിലെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല... എന്തോ പ്രശ്നം ഉണ്ടെന്ന് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് മനസ്സിലായി.. അത് എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല.. നീ പറയുകയും വേണ്ട...എന്താണേലും എത്രയും പെട്ടന്ന് അത് സോൾവ് ചെയ്യാൻ നോക്ക... ഒരു ജീവിതമേ ഉളളൂ അത് സന്തോഷത്തോടെ ജീവിക്കുക.. അല്ലാതെ പരസ്പരം പകയും വിദ്വേഷവും വെച്ചു പുലർത്തരുത്...

എന്റെ കുഞ്ഞി അങ്ങനെയല്ല എന്നാണ് എന്റെ വിശ്വാസം..പെട്ടന്ന് നടന്ന വിവാഹമാണ്... അഡ്ജസ്റ്റ് ആവാൻ രണ്ടുപേർക്കും ടൈം വേണമെന്നും അറിയാം... എന്നാലും പറയാ... ഒന്നിന്റെ പേരിലും കൈ വിട്ട് കളയരുത് അവനെ.. നിനക്ക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ലൈഫ് പാർട്ണർ ആണ് അവൻ... അതുകൊണ്ട് എന്ത് തീരുമാനം എടുക്കുമ്പോഴും ഒരു നൂറു വട്ടമെങ്കിലും ചിന്തിക്കുക.. മനസ്സിലായോ കുഞ്ഞിക്ക് " ഗൗരവം കലർത്തിയ വാത്സല്യത്തോടെയാണ് അവൻ പറഞ്ഞത്. "മ്മ് "അവൾ അനുസരണയോടെ തലയാട്ടി... സത്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു കത്തി വെണ്ണീറായി.. പിന്നെ ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു.. അവൾ പോകുന്നതും നോക്കിനിന്ന അവനിൽ നിന്നും ഒരു നെടുവീർപ്പുയർന്നു ആശ്വാസത്തിന്റെ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story