നെഞ്ചോട് ചേർത്ത് ❣️: ഭാഗം 23

nenjod cherth

രചന: SHAMSEENA

അവർ വീട്ടിലേക്ക് ചെന്നപ്പോൾ ഉമ്മറത്തു തന്നെ അച്ഛൻ ഇരിക്കുന്നുണ്ട്... കാർത്തി അയാളെ നോക്കി ചിരിച്ചു... ദച്ചു മുഖത്തുപോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി.. അത് അയാളിൽ ചെറുനോവ് സമ്മാനിച്ചു.. ദയനീയതയോടെ കാർത്തിയെ നോക്കി... അവൻ എല്ലാം ശെരിയാകും എന്നുള്ള രീതിയിൽ കണ്ണുകൾ ചിമ്മി കാണിച്ചു.. പിന്നീട് അകത്തേക്ക് പോയി... രാത്രി അത്താഴം കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്... തീർത്തും നിശബ്‍ദം ആയിരുന്നു അവിടം... ദച്ചു വേഗം തന്നെ കഴിച്ചെഴുന്നേറ്റ് റൂമിലേക്ക് പോയി... കാർത്തിയും അവരോട് പറഞ്ഞു എഴുന്നേറ്റു മുകളിലെ മുറിയിലേക്ക് പോയി... കുറച്ച് നാളുകൾക്കു മുൻപ് വീട് പുതുക്കി പണിതിരുന്നു... അപ്പോൾ എടുത്തതാണ് മുകളിലേക്ക് രണ്ട് മുറി... അതിൽ ആദ്യത്തെ മുറിയാണ് ദച്ചുവിന്റെ... മറ്റേത് പൂട്ടിയിട്ടിരിക്കുവാണ്.. മുറിയിലെ വെളിച്ചം കണ്ട് അവൻ അവിടേക്ക് നടന്നു.. ചെന്നപ്പോൾ ദച്ചു പില്ലോയിൽ കവർ ഇടുകയാണ് ...

അവനെ കണ്ടതും പില്ലോയിൽ രണ്ട് തട്ടും തട്ടി ബെഡിലേക്ക് ഇട്ട് കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക് പോയി...അവൻ റൂം ഒന്ന് നോക്കി... നല്ല അടുക്കും ചിട്ടയും ഉള്ള റൂം... ചുവരിൽ മാഷിന്റെ വീട്ടിൽ കണ്ടപ്പോലത്തെ ചിലഫോട്ടോസ് ഉണ്ട് പിന്നെ അച്ചുവിന്റെയും ദച്ചുവിന്റെയും വിവിധ പോസിലുള്ള ഫോട്ടോസും.. അപ്പോഴാണ് ഒരു ഫ്രെമിന്റെ പിന്നിൽ വേറൊരു ഫോട്ടോയുടെ ചെറിയ ഭാഗം കണ്ടത്... അവൻ അത് കൈ കൊണ്ട് വലിച്ചെടുത്തു...തന്റെ കോളേജ് കാലത്തെ ഫോട്ടോ... വെക്കേഷൻ ടൈമിൽ വാശി പിടിച്ചു വാങ്ങിച്ചു വെച്ചതായിരുന്നു പെണ്ണ്.. ആ ഓർമയിൽ അവനൊന്ന് ചിരിച്ചു പിന്നിലേക്ക് തിരിഞ്ഞതും കത്തുന്ന കണ്ണുകളോടെ അവനെ നോക്കുന്ന ദച്ചുവിനെ കണ്ടു.. അവൾ ആ ഫോട്ടോ അവന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചുകൊണ്ട് പോയി ഷെൽഫിലുള്ള പുസ്തകത്തിനിടയിലേക്ക് വെച്ചു.. "ആരോട് ചോദിച്ചിട്ട അതെടുത്തെ " "ആരോടും ചോദിച്ചില്ല... എന്തേ " അവന്റെ കൂസലില്ലായ്മ കണ്ടതും അവൾ ചവിട്ടിതുള്ളി ജനലിനടുത്തേക്ക് പോയി.. അവളുടെ പോക്ക് കണ്ട് അവൻ ഊറി ചിരിച്ചു.. എന്നിട്ട് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് പോയി..

.തിരികെ വന്നപ്പോളും അവൾ ജനലും തുറന്നിട്ട് പുറത്തേക്ക് നോക്കിനിൽക്കുന്നുണ്ട്... അവൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്ത് വലിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.. കുറച്ച് നേരം ശബ്ദം ഉണ്ടാക്കാതെ നോക്കിനിന്നു.. എന്നിട്ട് മെല്ലെ പിന്നിൽ നിന്നും പുണർന്നു.. ശരീരത്തിൽ തണുപ്പ് തട്ടിയപ്പോൾ ദച്ചു ഞെട്ടി കൊണ്ട് തിരിഞ്ഞുനോക്കി.. "ആരെ നോക്കി നിൽക്കുവാ " ചോദിച്ചുകൊണ്ട് കാർത്തി പുക അവളുടെ മുഖത്തേക്കൂതി.. അവൾ മുഖം ചുളിച്ചു മൂക്കൊന്ന് തിരുമ്മി അവനെ കൂർപ്പിച്ചോന്ന് നോക്കി.. അത് കണ്ടപ്പോൾ അവൻ സിഗരറ്റ് പുറത്തേക്കെറിഞ്ഞു.. അവളിലേക്ക് ഒന്നുകൂടെ ചേർന്നു നിന്നു... അവൾ തിരിച്ചൊന്നും പ്രതികരിച്ചില്ല പുറത്തെ ഇരുളിലേക്ക് തന്നെ കണ്ണുകൾ പായിച്ചു.. ഓർമ്മകൾ ഇടക്ക് കുത്തിനോവിക്കുമ്പോൾ കണ്ണുകൾ നിറയുകയും നെടുവീർപ്പുയരുകയും ചെയ്യുന്നുണ്ട്... അത് മനസ്സിലാക്കി അവൻ അവളിൽ നിന്നും വിട്ടുനിന്നു ജനലിലേക്ക് ചാരി കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചുകെട്ടി അവൾക്കഭിമുഖമായി നിന്നു... "എന്തിനായിരുന്നു ഇത്രയും നാളുള്ള ഒളിച്ചുവാസം " ഗൗരവത്തോടെയായിരുന്നു അവന്റെ ചോദ്യം...

അവൾ തലയുയർത്തി അവനെ നോക്കി... അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു... "പറ ദർശന എനിക്കറിയണം... എന്തിനായിരുന്നെന്ന്... ഞാൻ ചെയ്ത തെറ്റെന്താണെന്ന്,,,, നിന്നെ തേടി അലയാത്ത സ്ഥലങ്ങളില്ല... ഓരോ ദിനവും നിന്റെ ഓർമകളിൽ ഉരുകി ഉരുകി ജീവിക്കുകയായിരുന്നു ഞാൻ... പറ എന്തിനാണന്ന് ആരോടും പറയാതെ കോളേജിൽ നിന്നും പോയത്.. പിന്നീട് നീ അവിടേക്ക് വന്നിട്ടുമില്ല എന്നാണ് നിമ്മിയിൽ നിന്നും അറിഞ്ഞ വിവരം.. അവസാനം നീ വന്നു നിന്റെ എൻഗേജ്മെന്റിന്... അത്രയും നാൾ നീ എവിടെ ആയിരുന്നു... പറ.." അവളുടെ ഇരു തോളും ശക്തിയിൽ കുലുക്കി കൊണ്ട് അവൻ ചോദിച്ചു... "അറിയില്ലേ നിങ്ങൾക്ക് " അവന്റെ കൈകൾ ശക്തിയിൽ കുടഞ്ഞെറിഞ്ഞു അവൾ... "അറിയില്ല നിങ്ങൾക്ക് ഒന്നും... എത്രമാത്രം ഞാൻ വേദനിച്ചിട്ടുണ്ടെന്ന് .. എത്ര രാത്രികൾ ഞാൻ ഉറങ്ങാതെ കണ്ണീർ പൊഴിച്ചിട്ടുണ്ടെന്ന്.. അറിയില്ല.. ഒന്നും അറിയില്ല ആർക്കും..

ഇനിയും എന്തിനാ പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു എന്നെ കുത്തി നോവിക്കുന്നെ... എന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് അത്... അതിലെ ഏടുകൾ വീണ്ടും മറിച്ചുനോക്കി സ്വയം മുറിവേൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... പ്ലീസ് എന്നെ വെറുതെ വിട്ടേക്ക് " അവനുനേരെ കൈകൾ രണ്ടും കൂപ്പി കണ്ണീരോടെയാണ് അവൾ പറഞ്ഞുനിർത്തിയത്.. "ഒന്നോർത്തോ ഈ ജന്മം എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ കഴിയില്ല..അത്രക്കും വെറുപ്പാണ് നിങ്ങളോട് " പറഞ്ഞുകൊണ്ട് മുഖം കൈ കൊണ്ട് അമർത്തി തുടച്ച് ബെഡിൽ കയറി കിടന്നു... അവൾ പോകുന്നതും നോക്കി നിസ്സഹായതയോടെ അവൻ നിന്നു.. പിന്നീട് അവനും ബെഡിന്റെ ഓരം ചേർന്ന് തിരിഞ്ഞു കിടന്നു... രണ്ടുപേരുടെയും ഉള്ളിൽ വലിയൊരു കടൽ ഇരമ്പുന്നുണ്ടായിരുന്നു... അതിന്റെ തിരയിൽ പെട്ട് ദിശയറിയാതെ അവർ ഉഴറുകയാണ്... *** രാവിലെ കാർത്തിയായിരുന്നു ആദ്യം ഉണർന്നത്. തൊട്ടപ്പുറത്തു കിടക്കുന്ന ദച്ചുവിനെ അവൻ കുറച്ച് നേരം അങ്ങനെ നോക്കി കിടന്നു.

കണ്ണുനീർ വറ്റിയ പാടുകൾ അവളുടെ മുഖത്ത് കാണാം. പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ എണീറ്റ് ഫ്രഷാവാൻ പോയി... ഉച്ചയുടെ മുന്നേ തന്നെ അവർ ദച്ചുവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു... അച്ഛൻ കാർത്തിയോട് നല്ല രീതിയിൽ തന്നെ പെരുമാറിയത് അവളിൽ ഒരു ആശ്വാസം ആയിരുന്നു.. അച്ഛന് തന്നോടുള്ള സമീപനത്തിലും മാറ്റം വന്നതായി അവൾക്ക് തോന്നിയിരുന്നു..അവൻ നേരെ അവളെയും കൂട്ടി പോയത് കൊച്ചിയിലെ ഒരു ഹോട്ടലിലേക്കാണ്... അവിടെ അവൻ റൂം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു... അവളും അതിനെ പറ്റി ഒന്നും ചോദിച്ചില്ല ഇടക്കിങ്ങനെ ക്ലന്റ്സുമായി ഉള്ള മീറ്റിംഗിന് റൂം എടുക്കാറുണ്ട് അതിനായിരിക്കുമെന്ന് അവളും കരുതി അവന്റെ കൂടെ റൂമിലേക്ക് പോയി... ചെന്ന ഉടനെ തന്നെ അവളെയും അവിടെയാക്കി അവൻ പുറത്തേക്ക് പോയി... പിന്നെ വന്നത് കയ്യിൽ കുറച്ച് കവറുകളുമായാണ്...അതെല്ലാം ടേബിളിൽ വെച്ചു...

ആ കവറിൽ നിന്ന് എന്തൊക്കെയോ എടുത്ത് അവൻ ഫ്രഷ് ആവാൻ കയറി.. അവൾ റൂമിലെ ഗ്ലാസ്‌ ഡോറിനടുത്തു പോയിനിന്ന് പുറത്തേക്ക് കണ്ണുകൾ പായിച്ചു... വാതിൽ വലിച്ചടക്കുന്ന ശബ്‍ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. കാർത്തി കുളി കഴിഞ്ഞിറങ്ങിയിട്ടുണ്ട്... ഒരു ഷോർട്സും സ്ലീവ് ലെസ്സ് ബനിയനുമാണ് വേഷം... അവളെ ഒന്ന് നോക്കി അവൻ തല തുടച്ചു എന്നിട്ട് ടവ്വൽ കഴുത്തിലൂടെ ഇട്ട് കൊണ്ട് മൊബൈലുമായി ബെഡിലേക്കിരുന്നു.. കുറച്ച് കഴിഞ്ഞ് അവൻ തലയുയർത്തി നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ദർശനയെ.. "മ്മ് എന്താ 🤨"അവൻ അവളെ നോക്കി പുരികം ഉയർത്തി.. "അത്.. സർ.. നമ്മളിവിടെ ഏതേലും മീറ്റിംഗിന് വന്നതാണോ " മടിച്ചു മടിച്ചായിരുന്നു അവൾ ചോദിച്ചത്.... "ആണെങ്കിൽ " "അല്ല... വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് " "അതിന്റെ ആവശ്യമില്ല... ആ പാക്കറ്റിൽ നിനക്കുള്ള ഡ്രസ്സ്‌ ഉണ്ട്... ഫ്രഷായി അതിട്ടുകൊണ്ട് വേഗം വാ... നമുക്കൊന്ന് പുറത്ത് പോവാം " മൊബൈലിൽ നിന്നും കണ്ണ് മാറ്റാതെ അവൻ പറഞ്ഞു... "എന്തിനാ സർ " "കൂടുതൽ ചോദ്യമൊന്നും വേണ്ട പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി... പിന്നെ ഈ സർ വിളി ഇപ്പൊ ഇവിടെ വെച്ച് നിർത്തിക്കോണം..

.മനസ്സിലായല്ലോ... എന്നാ വേഗം ചെല്ല്.." അവൾ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ തലയാട്ടി കൊണ്ട് ഫ്രഷാവാൻ പോയി... ഫ്രഷായി വന്നപ്പോഴേക്കും കാർത്തി ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ട് റെഡിയായിരുന്നു... അവളും എന്തൊക്കെയോ കണ്ണാടിയുടെ മുന്നിൽ നിന്ന് ചെയ്തുകൊണ്ട് അവന്റെ കൂടെ ഇറങ്ങി... അവൻ ഡോർ ലോക്ക് ചെയ്ത് കീ പോക്കറ്റിൽ ഇട്ട് നടന്നു.. പിറകെ അവളും... നേരെ പോയത് പാർക്കിങ്ങിലേക്കാണ്... കാറിൽ കയറിയിരിന്നു സീറ്റ് ബെൽറ്റ്‌ ഇട്ടു... "പോവാം " അവൻ ചോദിച്ചതും അവൾ സമ്മതപൂർവം തലയാട്ടി...പോകുന്ന വഴിയിൽ തട്ടുകടയിൽ നിന്ന് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട മസാല ദോശ വാങ്ങിച്ചു കൊടുത്തു... അത് കണ്ടപ്പോൾ അതിശയത്തോടെ അവൾ അവനെ നോക്കി... പക്ഷേ അവൻ ആ നോട്ടം കണ്ടതായി ഭാവിച്ചില്ല... അവിടെ നിന്നും നേരെ പോയത് ബീച്ച്ലേക്കാണ്...അത് കണ്ടപ്പോൾ അവൾ ചോദിച്ചു... "കാർത്തി.... എന്താ ഇവിടെ " "ഇറങ്ങ് "പറഞ്ഞുകൊണ്ട് അവൻ സീറ്റ് ബെൽറ്റ് ഊരി ഇറങ്ങി..

അവളും ഇറങ്ങി അവന്റെ അടുത്ത് നിന്നു..അവൻ അവളുടെ കൈ കോർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. സമയം രാത്രി എട്ട് മണിയോടടുത്തിരുന്നു... ആളുകളെല്ലാം മടങ്ങി തുടങ്ങിയിട്ടുണ്ട്...അവൻ അവളെയും ആരുടേയും ശ്രദ്ധ അധികം കിട്ടാത്തൊരിടത്തു ചെന്നിരുന്നു...കുറച്ചുനേരം രണ്ടുപേരും ശാന്തമായി ഒഴുകുന്ന കടൽ തിരയിലേക്ക് മിഴികൾ നട്ടിരുന്നു... "ദർശന..." കാർത്തി വിളിച്ചതും അവൾ അവനെ നോക്കി.. "അന്ന് എന്തായിരുന്നു ശെരിക്കും നടന്നത്... ഹാപ്പിയായി എന്റെ അടുത്ത് അത്രനേരം ഉണ്ടായിരുന്ന നീ പിന്നീടെന്തെ എന്നോട് ഒരു വാക്ക് പോലും പറയാതെ അകന്നു " നേർത്ത സ്വരത്തിൽ ആയിരുന്നു അവൻ ചോദിച്ചത്.. എന്നിട്ടവളുടെ മുഖത്തേക്ക് നോക്കി... അവിടെ നിർവചിച്ചറിയാൻ കഴിയാത്ത ഒരുപാട് ഭാവങ്ങൾ മിന്നി മറയുന്നതായി അവന് തോന്നി.. ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും എഴുന്നേറ്റ് നടക്കാനൊരുങ്ങി അപ്പോഴേക്കും അവളുടെ കൈയിൽ പിടി വീനിരുന്നു...

"എന്താ സംഭവിച്ചത് എന്ന് പറയാതെ നമ്മൾ ഇന്ന് ഇവിടെ നിന്നും പോകുന്നില്ല.. ഇന്നത്തോടെ തിരശീല വീഴണം ഈ നാടകത്തിന് " പറഞ്ഞുകൊണ്ട് അവളെ വലിച്ചു അവനടുത്തായി ഇരുത്തി... ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു വിട്ട് അവൾ പറഞ്ഞുതുടങ്ങി... "ഞാൻ ആയിരുന്നോ ഡ്രാമ കളിച്ചത്... നിങ്ങൾ ഒരുക്കിയ തിരക്കഥയിലെ ഒരു അഭിനേത്രി മാത്രമായിരുന്നില്ലേ ഞാൻ... നാടകം കഴിഞ്ഞ് നിങ്ങൾ പോയി... പക്ഷേ അവിടെ തകർന്നുപോയ ഒരു പെണ്ണിനെ നിങ്ങളാരും ഓർത്തില്ല..." ശാന്തമായിരുന്നു അവളുടെ സ്വരം എങ്കിലും വാക്കുകൾക്ക് കത്തിയേക്കാൾ മൂർച്ഛയുണ്ടെന്നവന് തോന്നി... അവൾ വീണ്ടും പറഞ്ഞു തുടങ്ങി... "നിങ്ങൾക്കറിയോ എത്രമാത്രം ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടുണ്ടെന്ന്... നിങ്ങളുമൊത്തൊരു ജീവിതം ആഗ്രഹിച്ചിട്ടുണ്ടെന്ന്... കുട്ടികാലത്ത് അവഗണനകൾ മാത്രം ഏറ്റുവാങ്ങി ജീവിച്ച എനിക്ക് നിങ്ങൾ പ്രണയം സമ്മാനിച്ചപ്പോൾ ഞാൻ വീണുപോയി.. നിങ്ങളുടെ പ്രണയം കവിഞ്ഞൊഴുകുന്ന വാക്കുകളിൽ ഞാൻ വിശ്വസിച്ചു പോയി... പക്ഷേ അതിനുള്ള തിരിച്ചടി എനിക്ക് കിട്ടി.. ഞാൻ നെഞ്ചോട് ചേർത്ത ❣️പ്രണയം എന്നിൽ നിന്നും തട്ടിത്തെറിപ്പിച്ചു നിങ്ങൾ പോയി...

എന്തിനായിരുന്നു എന്നോടങ്ങനെ ചെയ്തത്..." പറഞ്ഞു തീർന്നതും അവൾ കിതക്കുന്നുണ്ടായിരുന്നു.. കിതപ്പൊന്നടങ്ങിയതും അവൾ അവനെ ദേഷ്യത്തോടെ നോക്കി... ""ദച്ചു.. ഞാൻ.. " അവൻ പറഞ്ഞു തുടങ്ങിയതും അവൾ കൈകൾ കൊണ്ട് അത് തടഞ്ഞു.. "ഞാൻ മുഴുവനും പറഞ്ഞു കഴിഞ്ഞില്ല mr.കാർത്തിക് കൃഷ്ണ... ഫാർവെൽ ഡേയുടെ അന്ന് പ്രോഗ്രാംസ് കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് എന്റെ ഫോണിലേക്ക് ഒരു അൺനോൺ നമ്പറിൽ നിന്നും ഒരു വീഡിയോ വന്നു.. ആ വീഡിയോയിൽ ഉണ്ടായിരുന്നു നിങ്ങൾ എന്നോട് ചെയ്ത ചതി... അതിൽ വളരെ വ്യക്തമായി പറയുന്നുണ്ട് നിങ്ങളുടെ ചതിയെ പറ്റി.. എന്നോട് പ്രണയം നടിച്ചു അവസാനം ഒരു കാണാക്കയത്തിലേക്ക് തള്ളിയിടാൻ ആണ് നിങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന്... അതിൽ നിങ്ങളുടെ ശബ്‍ദവും രൂപവും ഉണ്ടായിരുന്നു... എന്നിട്ടും ഞാൻ അത് വിശ്വസിച്ചില്ല.. സത്യം അറിയാൻ നിങ്ങളെ തേടി നടന്നു... അവസാനം കണ്ടെത്തി..

അടുത്തേക്ക് വരാൻ നിൽക്കുമ്പോഴാണ് മനുവേട്ടന്റെ വാക്കുകൾ കൂരമ്പ്പോലെ എന്റെ കാതിൽ വന്നു പതിച്ചത്..." ("നീ പറയുന്നതൊക്കെ ശെരിയായിരിക്കും... പക്ഷേ കുറച്ചു ദിവസമെങ്കിൽ കുറച്ച് ദിവസം നിന്റെ സ്നേഹം വെറും നാടകം ആയിരുന്നെന്നു അറിയുന്ന നിമിഷം അവൾ എങ്ങനെ റിയാക്ട് ചെയ്യുമെന്നോ അവളുടെ അവസ്ഥ എന്തായിരിക്കുമെന്നോ പറയാൻ പറ്റില്ല.. അതുകൊണ്ടാണ് ഞാൻ പറയുന്നേ ഇപ്പോൾ സത്യങ്ങൾ ഒന്നും അവൾ അറിയണ്ട... നിങ്ങളുടെ കല്യാണമെല്ലാം കഴിഞ്ഞ് ഒരു ക്യാമ്പസ്‌ തമാശ പോലെ നീ അവളോട് പറഞ്ഞാൽ മതി ") ആ വാക്കുകൾ എന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തി... അവിടെ നിന്ന് തുടങ്ങിയതായിരുന്നു എന്റെ തകർച്ച... പിന്നെ അതിൽ നിന്നെല്ലാം കര കയറിയത് നിങ്ങൾ ഒരാളോടുള്ള വെറുപ്പിന്റെ പുറത്ത് മാത്രമാണ്... എന്നിട്ടും വിധി വീണ്ടും നിങ്ങളെ എന്റെ മുന്നിൽ എത്തിച്ചു... അതെന്തിനാണെന്നോ... ഓരോ നിമിഷവും എന്നോട് ചെയ്തത് ആലോചിച്ച് കുറ്റബോധത്താൽ നിങ്ങൾ നീറുന്നത് കാണാൻ ... ആ വേദനകണ്ട് എനിക്ക് സന്തോഷിക്കണം എങ്കിലേ എന്റെ ഉള്ളിലെ കനൽ അടങ്ങൂ..."

പറഞ്ഞു കഴിഞ്ഞതും അവൾ തളർന്നിരുന്നു... മുട്ടിലേക്ക് മുഖം ഒളിപ്പിച്ചു അവൾ ആർത്തു കരഞ്ഞു...ഭാരമില്ലാത്ത ഒരു അപ്പൂപ്പൻ താടിപോലെയാണ് മനസിപ്പോൾ.. ഇത്രയും നാൾ ഉള്ളിൽ നീറികൊണ്ടിരുന്നതെല്ലാം ഇപ്പോൾ ഒരു പിടി ചാരമായിരിക്കുന്നു... അവൾ പറഞ്ഞതിന്റെ പകപ്പിൽ ഇരിക്കുകയായിരുന്നു അവൻ.. ആരറിയരുതെന്ന് വിചാരിച്ചുവോ അവൾ തന്നെ എല്ലാം അറിഞ്ഞിരിക്കുന്നു... ഈ നിമിഷം മരിച്ചുപോയെങ്കിൽ എന്ന് പോലും അവന് തോന്നി... ഇനി ഒരിക്കലും അവളുടെ പ്രണയം തന്നിലേക്ക് ഒഴുകില്ലെന്ന് അവന്റെ മനസ്സ് അവനോട് അലമുറയിട്ടു കരഞ്ഞു... കണ്ണിൽ നിന്നും കണ്ണുനീരോഴുകി... ഹൃദയം മുറിഞ്ഞു ചോര പൊടിഞ്ഞു...വാടി തളർന്നു അടുത്തിരിക്കുന്ന തന്റെ പ്രണയത്തെ അവൻ നോവോടെ നോക്കി... കടൽ ഇരുവരുടെയും ഉള്ളംപോലെ പ്രഷുഭ്തമായി... ഓരോ തിരയും ശക്തിയോടെ കരയിലേക്ക് ആഞ്ഞടിച്ചു... പൂർണ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പ്രഭായില്ലാതെ വാനം കറുത്തിരുണ്ടു.. അതിന്റെ പ്രതിഫലനമെന്നോണം കടലിൽ നിന്നും തണുത്ത കാറ്റ് അവരുടെ മേലേക്ക് വീശി... അതൊന്നും അവരുടെ ഉള്ളിലെ കനലിനെ തണുപ്പിച്ചില്ല...

അവന്റെ ഉള്ളം അറിഞ്ഞതുപോലെ ആകാശത്തു നിന്നും ഒരു മഴത്തുള്ളി അവന്റെ മേലേക്ക് പതിച്ചു... മഴ തന്റെ പ്രണയമായ പ്രാണനായ ഭൂമിയെ പുണരാൻ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി... അടുത്തിരുന്ന ദച്ചുവിനെ അവൻ നോക്കി.... മുട്ടിൽ മുഖം ഒളിപ്പിച്ചിരിക്കുവാണ് ഇപ്പോഴും...അവൻ മെല്ലെ അവളെ വിളിച്ചു... "ദർശന... എഴുന്നേൽക്ക് മഴ വരുന്നുണ്ട്... തിരികെ പോവാം " അവന്റെ ശബ്ദം കേട്ടിട്ടും അവൾ തലയുയർത്തിയില്ല.. അവൻ മെല്ലെ അവളുടെ ഷോൾഡറിൽ ഒന്ന് തട്ടി... അപ്പോൾ അവൾ വാടിയ ചേമ്പിൻ തണ്ടുപോലെ അവന്റെ കൈകളിലേക്ക് വീണു... "ദച്ചു... ദച്ചു... " അവളുടെ കവിളിൽ തട്ടി അവൻ വിളിച്ചു... അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.. കാർത്തി അവളെ അവിടെ മണലിൽ കിടത്തി കടലിൽ നിന്നും കൈ കുമ്പിളിൽ വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു.. "മ്മ്.. മ്മ്ഹ്ഹ് " ഒരു ഞെരക്കത്തോടെ അവൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..

അത് കണ്ടപ്പോൾ അവനിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു.. അവൻ ഇരുകൈകൾ കൊണ്ടും അവളെ കോരിയെടുത്തു കാറിനരികിലേക്ക് നടന്നു... അവളെ കാറിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു എന്നിട്ടവൻ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരുന്നു കാർ സ്റ്റാർട്ട്‌ ചെയ്തു ഹോട്ടലിലേക്ക് പോയി... അവിടെ എത്തിയിട്ടും ദച്ചു മയക്കം വിട്ടിരുന്നില്ല.. അവൻ തന്നെ വീണ്ടും അവളെ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി.. കാലിലെ ചെരുപ്പെല്ലാം അഴിച്ചു മാറ്റി ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു അവളുടെ തലയിൽ ഒന്ന് തലോടി നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഡോർ ലോക്ക് ചെയ്തു അവൻ ഫ്രഷാവാൻ പോയി... ഫ്രഷായി വന്നു അവളുടെ അടുത്ത് കിടന്നു.. നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ നോക്കി... "സത്യങ്ങൾ എല്ലാം നീ അറിഞ്ഞ സ്ഥിതിക്ക് ഇനി എന്നിൽ നിന്നൊരു മോചനം നിനക്കില്ല പെണ്ണെ... നീ വേദനിച്ചതിന്റെ ഇരട്ടി സ്നേഹം നിനക്ക് നൽകി ആ വേദനകളെല്ലാം നിന്നിൽ നിന്നും ഞാൻ മായ്ച്ചു കളയും എന്നന്നേക്കുമായി..." മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളെയും നെഞ്ചോട് ചേർത്ത് കിടന്നു നിദ്രയെ പുൽകി.. നാളത്തെ നല്ലൊരു പുലരിക്കായി 🥀🥀🥀.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story