നെഞ്ചോട് ചേർത്ത് ❣️: ഭാഗം 32

nenjod cherth

രചന: SHAMSEENA

 അവരുടെ വാഹനം വലിയൊരു പഠിപ്പുര കടന്ന് അകത്തേക്ക് പ്രവേശിച്ചു.. ചുറ്റും വീക്ഷിച്ചു കൊണ്ടവൾ പുഞ്ചിരിയോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. പുതുക്കി പണിത ഒരു നാല് കെട്ട് വീട്... മുറ്റമെല്ലാം ഇന്റർ ലോക്കിട്ട് ഭംഗിയാക്കിയിട്ടുണ്ട്.. കാറിന്റെ ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തേക്ക് വന്നു.. കാർത്തി ബാഗും എടുത്ത് വന്നപ്പോൾ രണ്ടാളും കൂടി അവിടേക്ക് നടന്നു... "വാ.. കയറ്.. എന്താ വൈകിയേ " വല്യ അമ്മായി ആയിരുന്നു.. "ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകി വല്യമ്മായി .. " പറഞ്ഞുകൊണ്ട് കാർത്തി അകത്തേക്ക് കയറി.. "മോള് വാ " അമ്മായി ദച്ചുവിനെയും കൊണ്ട് അകത്തേക്ക് നടന്നു.. ദച്ചുവിനെ കണ്ടതും പിള്ളേര് സെറ്റെല്ലാം അവളെ വന്നു പൊതിഞ്ഞു.. സുമമ്മയുടെ രണ്ട് സഹോദരൻമാരും തറവാട്ടിൽ തന്നെയാണ് താമസം... അമ്മായിമാരോടെല്ലാം വിശേഷങ്ങൾ ചോദിച്ചു അവൾ മുത്തശ്ശിമാരുടെ അടുത്തേക്ക് പോയി.. "മനു എവിടെ കൊച്ചമ്മായി " "അവൻ മോളെ വീട്ടിൽ നിന്ന് വിളിക്കാൻ പോയിരിക്ക.. ഇപ്പൊ വരും.. നിങ്ങൾ അപ്പോഴേക്കും ചെന്ന് വേഷമൊക്കെ മാറ്റിവാ... കഴിക്കാൻ എടുക്കാം.." "ഡീ കാത്തു.. നീ ദച്ചുവിന് മുറി കാണിച്ചു കൊടുത്തേ " സുമാമ്മ അവളോട് പറഞ്ഞു..

കാത്തുവും വല്യമ്മായിയുടെ രണ്ട് മക്കൾ അനുവും അമ്മുവും കൂടി ദച്ചുവിനെ റൂമിലേക്ക് കൊണ്ടുപോയി... പിറകെ ബാഗും എടുത്ത് കാർത്തിയും.. അവർ പോയതും കാർത്തി വാതിൽ ചേർത്തടച്ചുകൊണ്ട് ദച്ചുവിനെ പിന്നിൽ നിന്ന് പുണർന്നു.. "എന്താ മാഷേ.. നല്ല റൊമാന്റിക് മൂഡിൽ ആണെന്ന് തോന്നുന്നല്ലോ..." തിരിഞ്ഞു നോക്കാതെ തന്നെ ദച്ചു ചോദിച്ചു.. "ആണല്ലോ... യാത്ര കഴിഞ്ഞു വന്നതല്ലേ നല്ല തണുപ്പ്...ആ തണുപ്പിൽ ഇങ്ങനെ നിൽക്കുമ്പോ നല്ല സുഖമുണ്ട്.." "ആണോ.. എന്നാലേ വല്ലാതെ സുഖിക്കണ്ട.. പോയെ.. ഞാൻ ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്റട്ടെ " അവളൊന്ന് തിരിഞ്ഞു അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.. "നീ മാറ്റിക്കോ.. ഞാൻ ഇവിടെ എവിടേലും ഇരുന്നോളാം " കാർത്തി നിഷ്കളങ്കത വാരി വിതറി.. "അത് ചിലപ്പോൾ ഒരു ബുദ്ധിമുട്ടാവും.. " "എന്ത് ബുദ്ധിമുട്ട്.. എനിക്കൊരു പ്രശ്നവും ഇല്ല.. " "നിങ്ങൾക്കല്ല എനിക്ക് ബുദ്ധിമുട്ടാവുമെന്ന പറഞ്ഞെ " "ഞാൻ ഒരു ശല്യത്തിനും വരില്ല കണ്ണടച്ചിരുന്നോളാം.. ദാ ഇങ്ങനെ " പറഞ്ഞുകൊണ്ടവൻ രണ്ട് കണ്ണുകളും മൂടി.. "അയ്യടാ അങ്ങനെ ഇപ്പൊ കണ്ണടക്കേണ്ട.. " ദച്ചു അവനെ പുറത്തേക്ക് തള്ളി വാതിലടച്ചു..

"എടി നിനക്ക് പാപം കിട്ടൂട്ടോ.. ഒന്നുല്ലേലും നിന്റെ ഒരേ ഒരു കെട്ടിയോൻ അല്ലെ ഞാൻ " കാർത്തി പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു... "അത് തന്നെയാ എന്റെ പേടി " "നീ പോടീ.. ഇതിനുള്ളത് നിനക്ക് ഞാൻ തരും " "ഓ ആയിക്കോട്ടെ " പറഞ്ഞുകൊണ്ടവൾ നേരെ ഫ്രഷാവാൻ കയറി... കാർത്തി അമ്മാവന്റെ ഒരു കാവിമുണ്ടും തോർത്തും വാങ്ങി കുളക്കടവിലേക്കും പോയി.. **** നിലാവിന്റെ ശോഭയാൽ കണ്ണാടി പോലെ തിളങ്ങുന്ന വെള്ളത്തിലേക്കവൻ ചാടി.. വെള്ളത്തിലെ തണുപ്പ് ശരീരത്തിലേക്കും ഒരുപോലെ മനസ്സിലേക്കും പടർന്നു.. കുറെയേറെ നേരം വെള്ളത്തിൽ നീന്തി തുടിച്ചു... പെട്ടന്ന് വെള്ളത്തിലേക്കെന്തോ ഒന്ന് വന്നു ചാടി.. അവനൊന്ന് പിറകോട്ട് ഭയത്തോടെ വേച്ചു... അതേ നിമിഷം തന്നെ മനു വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വന്നു...അവനെ നോക്കി പൊട്ടിച്ചിരിച്ചു.. "പന്നി.. മനുഷ്യനിപ്പോൾ പേടിച്ചു ചത്തേനെ 😡" മനുവിനെ തല്ലാനായി അവൻ കയ്യോങ്ങി.. അപ്പോഴേക്കും മനു നീന്തി തുടങ്ങിയിരുന്നു.. പിറകെ തന്നെ കാർത്തിയും നീന്തി... ആ സമയം രണ്ടുപേരും തങ്ങളുടെ കുട്ടികാലങ്ങളിലേക്ക് പോയിരുന്നു..

വെള്ളം കണ്ടാൽ കയറാൻ കൂട്ടക്കാതിരുന്ന കുട്ടി കുറുമ്പന്മാർ ഒടുവിൽ മുത്തശ്ശൻ വന്നു വടിയെടുത്താലേ രണ്ടും കയറൂ... ആ ഓർമയിൽ രണ്ടാളുടെയും ചൊടിയിൽ പുഞ്ചിരി വിടർന്നു.. നീന്തി തുടിച്ചു മതിയായപ്പോൾ ഇരുവരും കുളപ്പടവിലേക്ക് കയറി.. നനഞ്ഞ തുണിയെല്ലാം മാറ്റി.. "എന്തായി ആളെ കിട്ടിയോ " തല തുവർത്തുന്നതിനിടയിൽ കാർത്തി ചോദിച്ചു... "മ്മ് കിട്ടി.. കൊച്ചിയിലെ തന്നെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ട്..." "വേറെ ആരെങ്കിലും ഉണ്ടോ അവന്റെ കൂടെ " "ഇല്ലെന്നാണ് അറിഞ്ഞത് " "എന്തായാലും അവൻ നമ്മളെ തേടി വരാതിരിക്കില്ല.. അപ്പോൾ പിടിക്കാം " "അതാണ് നല്ലത്... ദച്ചുവിനിട്ട് പണിതതിന് അവൻകിട്ട് നല്ലൊരു പണി തന്നെ കൊടുക്കണം.. അതിനവൻ ഇങ്ങോട്ട് തേടി വരുന്നതാണ് നല്ലത് " മനുവും അത് ശെരിവെച്ചു.. "നീ വന്നത് ദച്ചു കണ്ടില്ലേ " "ഇല്ല... പുറത്ത് നിന്റെ കാർ കണ്ടപ്പോഴേ ഞാൻ ഊഹിച്ചു നീ ഇവിടുണ്ടാവുമെന്ന്.. പിന്നെ നേരെ തോർത്തും എടുത്ത് ഇങ്ങോട്ട് പോന്നു..പക്ഷേ കാണേണ്ട ആളെ ഇപ്പൊ കണ്ടിട്ടുണ്ടാവും " "എന്നാ നീ വന്നേ അങ്ങോട്ട് ചെല്ലാം.. അല്ലേൽ രണ്ടും കൂടെ ഈ വീട് മറിച്ചിടും " രണ്ട് പേരും ധൃതിയിൽ വീട്ടിലേക്ക് നടന്നു.. *****

കുളികഴിഞ്ഞു മുടിയെല്ലാം ഒതുക്കി താഴേക്ക് വന്ന ദച്ചു സോഫയിൽ ചെറിയമ്മായിയുടെ മടിയിൽ കിടക്കുന്ന ആളെ കണ്ടു ഞെട്ടി.. നിന്നിടത്ത് നിന്നും അനങ്ങാതെ അവൾ തറഞ്ഞു നിന്നു.. ഇതായിരുന്നോ കണ്ണേട്ടൻ പറഞ്ഞ സർപ്രൈസ്.. എന്നാലും നിമ്മിയെങ്ങനെ ഇവിടെ.. ചിന്തകൾ അവളുടെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു. അമ്മായിയോട് എന്തോ പറഞ്ഞു കൊണ്ട് തലയുയർത്തിയ നിമ്മി ദച്ചുവിനെ കണ്ടു.. പക്ഷേ അവൾടെ മുഖത്ത് വല്യ ഭാവ വ്യത്യാസം ഒന്നുമില്ല..അവൾ കിടന്നിടത്ത് നിന്നും എഴുന്നേറ്റു.. "നിമ്മി " കുറച്ച് നേരത്തെ അന്താളിപ്പ് മാറിയതും ദച്ചു അവളുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടി.. അവളെ പുണർന്നു.. പക്ഷേ നിമ്മിയവളെ തിരികെ പുണർന്നില്ല പകരം അവളെ തള്ളിമാറ്റി... ദച്ചു നിറകണ്ണാലെയവളെ നോക്കി... "നിമ്മി.. ഡാ.. എന്നോടൊന്ന് മിണ്ടെടി... " ദച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.. അപ്പോഴേക്കും എല്ലാവരും ഹാളിലേക്ക് എത്തിയിരുന്നു ദച്ചുവിന്റെ കരച്ചിൽ കേട്ട്കൊണ്ട്.. കാര്യം അറിയാതെ എല്ലാവരും പരസ്പരം നോക്കി.. "മിണ്ടാനോ നിന്നോടോ.. ഒരിക്കലും ഇല്ല ദർശന.. നിന്നെ ഞാൻ എന്നോ മറന്നു. അല്ല നീ ഞങ്ങളെ എന്നോ മറന്നു..

ഒരു വാക്ക് പോലും മിണ്ടാതെ പോയി... ഇത്ര വർഷത്തിനിടക്ക് ഒരു തവണയെങ്കിലും നീ ഞങ്ങളെ കുറിച്ച് ചിന്തിച്ചോ... ഉണ്ടെങ്കിൽ നീയൊന്ന് വിളിച്ചേനെ...ഞാൻ അറിയുന്ന എന്റെ ദച്ചു ഇങ്ങനെയല്ലായിരുന്നു... അവൾക്കെന്നോട് പറയാത്തതായി ഒന്നും ഇല്ലായിരുന്നു.. എന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ അവൾ ഒളിച്ചോടിയിരിക്കുന്നു.. കൂട പിറപ്പിനെ പോലെ കണ്ട എന്നെ പോലും തഴഞ്ഞു കൊണ്ട് " നിമ്മി നിറഞ്ഞു വന്ന കണ്ണുകൾ പുറം കയ്യാലെ തുടച്ചു..കിതച്ചുകൊണ്ടവൾ വീർത്തുവന്ന വയറിൽ കൈ താങ്ങി സോഫയിലേക്കിരുന്നു.. അവൾക്ക് താങ്ങായി ഇരു വശവും അമ്മുവും അനുവും വന്നിരുന്നു.. അപ്പോഴും അവൾ തേങ്ങുന്നുണ്ടായിരുന്നു.. അപ്പോഴാണവൾ നിമ്മിയുടെ വയറിലേക്ക് ശ്രദ്ധിക്കുന്നത്.. നിമ്മിയപ്പോൾ മനുവേട്ടന്റെ ഭാര്യയാണോ.. അതുകൂടെ മനസ്സിലാക്കിയതും ദച്ചുവിന്റെ സന്തോഷം ഇരട്ടിയായി.. അവൾ വീണ്ടും നിമ്മിയുടെ അടുത്ത് താഴെ മുട്ടുകുത്തിയിരുന്നു..അവളുടെ വയറിൽ കൈവെച്ചു... നിമ്മി ആ കൈ തട്ടിമാറ്റി.. അവളെ ചുണ്ട് കൂർപ്പിച്ചു നോക്കി.. "എന്നോട് ക്ഷമിക്കെടി... അന്നങ്ങനെ പറ്റിപ്പോയി.. സോറി നിമ്മി " ദച്ചു പറഞ്ഞുകൊണ്ട് നിമ്മിയെ തലയുയർത്തി നോക്കിയതും അവളുടെ കൈ ദച്ചുവിന്റെ മുഖത്ത് പതിഞ്ഞു..

അതേ നിമിഷം തന്നെയവൾ ദച്ചുവിനെ പൂണ്ടടക്കം പുണർന്നു പൊട്ടികരഞ്ഞു... ഈ കാഴ്ച്ച കണ്ടുകൊണ്ടാണ് മനുവും കാർത്തിയും കടന്നു വന്നത് അവരുടെ ചൊടിയിൽ പുഞ്ചിരി വിടർന്നു.. ഇരുവരും വന്നു അവരെ ചേർത്ത് പിടിച്ചു... "എങ്ങനുണ്ട് സർപ്രൈസ് " കാർത്തി അവളുടെ കാതിൽ ചോദിച്ചു.. അവന്റെ താടി പിച്ചിവലിച്ചായിരുന്നു ദച്ചു മറുപടി നൽകിയത്.. "ആഹ് വിടെടി " നിമ്മിയും മനുവും അത് കണ്ടു ചിരിച്ചു... അവരെ അവരുടെ ലോകത്തേക്ക് വിട്ടുകൊണ്ട് ബാക്കിയെല്ലാവരും പിരിഞ്ഞുപോയി.. *** അവർ ഇടനാഴിയിലെ തിണ്ണയിൽ പോയിരുന്നു... നിമ്മിയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് ദച്ചുവിരുന്നു... അവളുടെ അടുത്ത് മനുവും കാർത്തിയും... "എന്നാലും നിങ്ങളെങ്ങനെ " ദച്ചുവിന്റെ സംശയം മാറിയിരുന്നില്ല.. "അതൊക്കെ നടന്നു.. പ്ലാൻ ചെയ്തതൊന്നും അല്ലായിരുന്നു... വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ട് എന്നെ കെട്ടിക്കോട്ടെ എന്ന് മനുവേട്ടൻ ചോദിച്ചു.. അറിയാത്തൊരാളെ കെട്ടുന്നതിനേക്കാൾ നല്ലതല്ലേ അറിഞ്ഞുകൊണ്ടൊരു കുരിശ് ചുമക്കുന്നത്... അതോണ്ട് ഞാനും അങ്ങ് സമ്മതിച്ചു.." നിമ്മി ചിരിയോടെ പറഞ്ഞു.. "ഡീ.. ഡീ.. വല്ലാതങ്ങ് ഓവറാകല്ലേ..

കുരിശ് ചുമക്കുന്നത് ഞാൻ അല്ലെ " "ദേ മനുഷ്യ " "ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ.. കെട്ടി കൊച്ചാവാറായി എന്നിട്ടും രണ്ടിന്റെയും കുട്ടിക്കളിക്ക് ഒരു കുറവുമില്ല " കാർത്തി അവരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.. ദച്ചു ചിരിയോടെ നിമ്മിയുടെ മടിയിൽ നിന്നും എഴുന്നേറ്റു.. മനുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. "എട്ടായിക്ക് എന്നോട് ഇപ്പോഴും പിണക്കമുണ്ടോ.. " "ഇല്ലെടാ... ഉണ്ടായിരുന്നു അത് പിണക്കമൊന്നും അല്ല.. സ്നേഹകൂടുതൽ കൊണ്ടുള്ള ചെറിയൊരു പരിഭവം... നിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അതും പോയി...നീയെപ്പോഴും എന്റെ കുഞ്ഞനിയത്തി തന്നെയാ.." അവളുടെ തലയിൽ തലോടികൊണ്ട് മനു പറഞ്ഞു.. "പിണക്കം മാറിയപ്പോൾ നമ്മൾ പുറത്ത് അല്ലെ നിമ്മി " കാർത്തി നിമ്മിയോട്‌ ചോദിച്ചു.. "അതെയതെ " നിമ്മിയും ഒരു പരിഭവത്തോടെ പറഞ്ഞു.. "ഈ അവസരത്തിൽ ഞാൻ ഒരു സത്യം കൂടി പറയാം." മനു പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി.. അവൻ നിമ്മിയെ നോക്കി ഒരു കണ്ണിറുക്കി.. കാര്യം മനസ്സിലായെന്നപോലെ അവൾ തലയാട്ടി ചിരിച്ചു.. "എന്താ കാര്യം " ആകാംഷ അടക്കവെയ്യാതെ കാർത്തി ചോദിച്ചു...

"നിങ്ങളുടെ വിവാഹം അറേഞ്ച്ഡ് മേരേജ് ആണെന്നല്ലേ നിങ്ങൾ വിചാരിച്ചിരിക്കുന്നെ.." "അതേ " അവർ ഒരുപോലെ പറഞ്ഞു.. "എന്നാൽ അല്ല.. ഞങ്ങൾ പ്ലാൻ ചെയ്ത് നടത്തിയതാണ് " "എന്താ " നിമ്മി പറഞ്ഞതും വിശ്വാസം വരാത്തപോലെ ചോദിച്ചു.. "നീ കള്ളും കുടിച്ചു പൂസായി നിരാശ കാമുകനായി നടന്നപ്പോൾ സുമാമ്മ എന്നെ എടുത്തിട്ടൊന്ന് കുടഞ്ഞു... ഞാൻ അപ്പോൾ തന്നെ സത്യമെല്ലാം പറഞ്ഞു... ദച്ചുവിന്റെ ഫോട്ടോയും കാണിച്ചു കൊടുത്തു.. പറഞ്ഞുവന്നപ്പോൾ മാഷിനെ കൃഷ്ണൻ അങ്കിൾ അറിയും.. ദച്ചു ഓഫീസിൽ ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് തന്നെ അങ്കിൾ മാഷിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. മാഷ് മുഖാന്തരം ദച്ചുവിന്റെ അച്ഛനെയും അറിയിച്ചു.. കല്യാണം ഉറപ്പിച്ചു.. പിന്നീട് ഞങ്ങൾ ഒന്നും അറിയാത്ത പോലെ നിങ്ങടെ മുന്നിൽ അഭിനയിച്ചു... അവസരം വരുമ്പോൾ നിങ്ങളുടെ വിവാഹകാര്യം എടുത്തിടാം എന്ന് വിചാരിച്ച്.. പക്ഷേ നീ ഞങ്ങളേക്കാൾ മുന്നേ ഗോൾ അടിച്ചു.. എന്നാ നിന്റെ ഇഷ്ടം പോലെ നടന്നോട്ടെ എന്ന് ഞങ്ങളും കരുതി... വിവാഹത്തിന് സമ്മതിച്ചു..അല്ലാണ്ട് നിങ്ങളുടെ ചുറ്റിക്കളി ഇവിടെ ആർക്കും അറിയില്ലാന്നു വിചാരിച്ചോ.."

"അങ്ങനെ നിങ്ങടെ പ്രണയം ഞങ്ങൾ പൂവണിയിച്ചു " മനു പറഞ്ഞതിന്റെ ബാക്കിയെന്നോണം നിമ്മി പറഞ്ഞു. "അയ്യേ.. നാണക്കേട്.. ഇനി എങ്ങനെ അവരുടെ മുഖത്ത് നോക്കും " നിമ്മി പറഞ്ഞു നിർത്തിയതും ദച്ചു പറഞ്ഞു.. "കണ്ണുകൊണ്ട്.. അല്ല പിന്നെ... എന്താ ലോകത്ത് ആരും പ്രേമിക്കാത്തതാ.. " മനു ചിരിയോടെ പറഞ്ഞു... "എന്ത് തന്നെ ആയാലും അവസാനം നിന്നെ എനിക്ക് തന്നെ കിട്ടിയില്ലേ.. ദേ ഇങ്ങനെ ചേർത്ത് പിടിക്കാൻ " കാർത്തി ദച്ചുവിനെ അവരുടെ ഇടയിൽ നിന്ന് വലിച്ചു തന്റെ മടിയിലേക്കിരുത്തി.. ദച്ചു ചിരിയോടെ അവനിലേക്ക് ചേർന്നിരുന്നു..❣️ ആ കാഴ്ച്ചകണ്ട് സന്തോഷത്തോടെ മനു നിമ്മിയെ ചേർത്ത് പിടിച്ചു വയറിൽ പതിയെ തലോടി..നിമ്മി അവനെ നോക്കി പ്രണയത്താൽ ചിരിച്ചു.. ❣️ "ഈ സന്തോഷ നിമിഷം കൂടുതൽ മനോഹരമാക്കാൻ നമ്മുടെ കിച്ചേട്ടൻ ഒരു പാട്ട് പാടിയാട്ടെ " നിമ്മി പറഞ്ഞതും കാർത്തി വേണോ എന്ന രീതിയിൽ ദച്ചുവിനെ നോക്കി... അവൾ ഇരു കണ്ണുകളും ചിമ്മി കാണിച്ചു..

അത് കണ്ടവൻ അവളെ ഒന്നൂടെ അടക്കി പിടിച്ചുകൊണ്ടു പാടി തുടങ്ങി 🎶കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക് കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക് ഒ ഓ ഉ‌ൾക്കളം നോവുമ്പോൾ ഉ‌ൾക്കിളി പാടുമ്പോൾ ഒ ഓ ആ ഗാനം സ്വരമായ് മാറും സ്വരമെല്ലാം നിറമായ് മാറും നിറമെല്ലാം ചിറകായ് മാറും ചിറകിൽ നാം ഉയരം തേടും എന്നും എന്നും ഒ ഓ🎶 കാർത്തി മനോഹരമായി പാടി... ബാക്കി വരികൾ അവരെല്ലാം ഒരുമിച്ചു പാടി ആ രാത്രിയെ മനോഹരമാക്കി.. 🎶മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ ഇനിയൊരിക്കലും പിരിയില്ല ഞങ്ങൾ ചെറുമണിക്കനവുകൊണ്ട് ഒരു തുള്ളി വെളിച്ചം കൊണ്ട് ഇവരുടെ കരൾക്കൂട്ടിനുള്ളിൽ ഞങ്ങൾ ആയിരം ഊഞ്ഞാല് തീർക്കും🎶 .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story