നൈറ്റ് ഡ്രൈവ്: ഭാഗം 18

night drive mahadevan

രചന: മഹാദേവൻ

അവർ കണ്മുന്നിൽ നിന്ന് മറഞ്ഞ നിമിഷം അയാൾക്കൊന്ന് തിരിയാൻ കഴിയുംമുന്നേ ഒരു കാർ അയാളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചുവീണ വാസുദേവൻ അനങ്ങാൻ കഴിയാതെ പിടയ്ക്കുമ്പോൾ അയാളുടെ കണ്മുന്നിൽ ആ കാർ ഉണ്ടായിരുന്നു. തമിഴ്നാട് രജിസ്ട്രെഷനിൽ ഉള്ള ചുവന്ന സ്വിഫ്റ്റ് കാർ. അയാൾ ഒന്ന് പിടഞ്ഞു. ചോരയിൽ കുളിച്ച കൈകൾ ഉയർത്താൻ ഒരു പാഴ്ശ്രമം നടത്തി. തകർന്ന കൈകൾ ഒന്നനക്കാൻ പോലും കഴിയാതെ നടുറോഡിൽ ജീവന് വേണ്ടി പിടയ്ക്കുകയായിരുന്നു വാസുവേട്ടൻ. ഒരിറ്റ് വെള്ളത്തിനായ് നാവ് നീട്ടി നുണയുമ്പോൾ റോഡിൽ തളം കെട്ടിയ രക്തം അയാളുടെ നാവുകൾക്ക് ജീവനേകി. ആരൊക്കെയോ അരികിലേക്ക് ഓടിവരുന്നത് പാതി മറഞ്ഞ കണ്ണിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു.

പതിയെ പതിയെ ആ കണ്ണുകൾ അബോധത്തിലേക്ക് വഴുതിവീഴുമ്പോൾ എല്ലാം കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിശ്ചലമായി അയാൾക്കരികിൽ മായ ഉണ്ടായിരുന്നു. കുറെ വിളിക്കാൻ ശ്രമിച്ചിട്ടും ഫലമില്ലാതായപ്പോൾ അവൾക്ക് പരവേശമായിരുന്നു. തനിക്ക് വേണ്ടിയാണ് എല്ലാത്തിനും ഇറങ്ങിപുറപ്പെട്ടത്. ഒടുക്കം ഇങ്ങനെ ഒരു അവസ്ഥയിൽ...താൻ കാരണം ഒരു കുടുംബം കൂടെ അനാഥമാകുമോ എന്നവൾ ഭയന്നു. " അച്ഛാ.. " അവളുടെ നാവിൽ നിന്നും ആ വിളി അയാളുടെ കാതുകളിലേക്ക് ഒഴുകിയിറങ്ങിയ നിമിഷം ആയാളൊന്ന് അനങ്ങി. ഒരു മകളുടെ സ്നേഹം അയാളെ ഉണർത്തിയെങ്കിലും ശരീരം വഴങ്ങാതെ വീണ്ടും വാസുവേട്ടൻ അബോധാവസ്ഥയുടെ ആഴത്തിലേക്ക് ഊളിയിട്ടു. ആ സമയം അവിടെ കൂടിയവരിൽ ആരൊക്കെയോ ചേർന്ന് വാസുദേവനെ ഒരു കാറിലേക്ക് എടുത്ത് കിടത്തി. ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആ കാർ അതിവേഗം ഓട്ടം തുടങ്ങിയിരുന്നു.

അവളും ആ കാറിൽ അയാൾക്കൊപ്പം ചേർന്നിരുന്നു. ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികൾ അവളെ തൊടാതെ ഒഴുകിയിറങ്ങി. അവൾക്ക് പറയാൻ ഉണ്ടായിരുന്നു അയാളോട്.. അയാൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന അവളെ ഇനി കേൾക്കാൻ പറ്റുമോ എന്നറിയാതെ കിടക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി അവൾ പറയുന്നുണ്ടായിരുന്നു,.. " അച്ഛാ..... കേൾക്ക് അച്ഛാ.... കണ്ണ് തുറക്ക്.... ഞാൻ.. ഞാൻ അയാളെ കണ്ടു... ആ കാറിൽ... ആ കാറിൽ അയാളായിരുന്നു അച്ഛാ.. ആ മുഖം ഞാൻ ശരിക്കും കണ്ടു.... " അവൾ വിതുമ്പിക്കൊണ്ട് പറയുന്നത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല... ആകെ കേൾക്കുന്ന ഒരാൾ അയാളായിരുന്നു. അയാളിപ്പോൾ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.. ഒരു പ്രതീക്ഷയും തരാതെ...... 

സംഭവിച്ചതൊന്നുമറിയാതെ പാലക്കാട്ടേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഹരി അപ്പോൾ. തൃശ്ശൂരിൽ നിന്ന് ബസ്സിലായിരുന്നു യാത്ര. കയ്യിൽ ഫോൺ ഇല്ലാത്തത് കൊണ്ട് ഒന്നുമറിഞ്ഞില്ല അവൻ. അവിടെ എത്തുന്നത് വരെ ചിന്തിക്കാനും കണക്കുകൾ കൂട്ടിക്കിഴിക്കാനും ഒരുപാട് ഉള്ളത് കൊണ്ട് മറ്റൊന്നിലും അവന്റ ശ്രദ്ധ പോയില്ല. KSRTC സ്റ്റാൻഡിൽ ബസ്സ് ഇറങ്ങി പുറത്ത് കടക്കുമ്പോൾ മുന്നിൽ ഒരു പരിചയക്കാരന്റെ ഓട്ടോ ഉണ്ടായിരുന്നു. " ആഹ് .. ഹരി... നീയിത് എപ്പോ ഇറങ്ങി " അവന്റ ചോദ്യം കേട്ട് ഹരി ഒന്ന് പുഞ്ചിരിച്ചു. "! നാട്ടിലോട്ടു ആണെങ്കിൽ വാ, കേറ്. ഞാനും അങ്ങോട്ടാ " ഹരി തലയാട്ടിക്കൊണ്ട് ആ ഓട്ടോയിലേക്ക് കയറി. " എന്താടാ നിന്നെ കുറിച്ചൊക്കെ ഈ കേൾക്കുന്നത്. നീയും ആ പെണ്ണും തമ്മിൽ ഇഷ്ടം ആയിരുന്നല്ലോ. പിന്നേ എന്താ.... " " ഏയ്യ്.. ഒന്നുമില്ലെടാ.. ജാതകത്തിൽ അങ്ങനെ രണ്ട് യോഗം ഉണ്ടാകും. പെണ്ണ് കേസിൽ ജയിലിൽ കിടക്കണം എന്ന്.

അതങ്ങ് കഴിഞ്ഞു. ഇനി ഒരു ശത്രുസംഹാരം കൂടി നടത്താനുണ്ട്. അതും കൂടെ കഴിഞ്ഞാലേ ജാതകത്തിൽ തെളിഞ്ഞുകണ്ട ആ ദോഷം അങ്ങ് മാറൂ. " ഹരി ഒന്ന് ചിരിച്ചുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് മിഴിയൂന്നുമ്പോൾ കൂട്ടുകാരൻ ഡ്രൈവിംഗിനിടയിൽ ഒന്ന് തിരിഞ്ഞുനോക്കി. " നിന്റ അളിയനിപ്പോ വലിയ സെറ്റപ്പിലൊക്കെ ആണല്ലോ നടപ്പ്. എവിടെ നിന്നോ കുറച്ചു കാശ് കയ്യിൽ വന്നിട്ടുണ്ട്. ആരുടെ കയ്യീന്ന് പിടിച്ചുപറിച്ചതാണോ എന്തോ.. ആ പിന്നേ, രണ്ടീസം മുന്നേ തൊടിയിലെ മരങ്ങൾ മുഴുവൻ അവൻ വെട്ടി കാശാക്കിയത് വേറേം. നീ പുറത്തിറങ്ങിയെന്ന് അറിഞ്ഞിട്ടുണ്ടാകും. അതാകും പെട്ടന്ന് അതങ്ങ് വെട്ടിവിറ്റത്. " " അയാള് വിൽക്കട്ടെ... അണയാൻ പോകുന്ന തീയിന്റെ ആന്തലാണെന്ന് കരുതിയാൽ മതി. " ഹരി ഉള്ളിൽ നീറിപടരുന്ന കനലിൽ പോലിനിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.

കണ്ണാടി ടൌൺ എത്തുന്നതിനു തൊട്ട് മുന്നേ ഓട്ടോ എത്തുമ്പോൾ ഹരി പെട്ടന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. അവിടെ കണ്ട ഒരു കടയിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് " ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം, എനിക്കിവിടെ ഒരാളെ കാണാൻ ഉണ്ട്. നീ വിട്ടോ " എന്നും പറഞ്ഞ് ഓട്ടോയിൽ നിന്നിറങ്ങി. ശരിയെടാ, എന്നാ വൈകീട്ട് കാണാം " എന്ന് പറഞ്ഞ് അവൻ ഓട്ടോ മുന്നോട്ട് എടുക്കുമ്പോൾ " ശരി " എന്ന് പറഞ്ഞ് ഹരി കൈ ഉയർത്തികാണിച്ചു. ഓട്ടോ കണ്മുന്നിൽ നിന്നും പോയ ശേഷം ഹരി പതിയെ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെത്തി. പിന്നേ കുറച്ചാപ്പുറത്തുള്ള കട ലക്ഷ്യമാക്കി നടന്നു. കടയ്ക്ക് മുന്നിൽ ഒന്ന് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവർ പോയതിനു ശേഷം ആണ്. ഹരി ഗ്ലാസ്ഡോർ തുറന്ന് അകത്തേക്ക് കയറിയത്. " എന്താ വേണ്ടത് " അവിടെ ഇരിക്കുന്നവൻ ചോദിച്ചുകൊണ്ട് മുഖം ഉയർത്തിയതും മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ട് അവൻ ഭയത്തോടെ ചാടി എണീറ്റു. " ഹരിയേട്ടൻ എപ്പോ..... " അവൻ വാക്കുകൾ കിട്ടാതെ വിക്കി വിക്കി ചോദിക്കുമ്പോൾ ഹരി പുഞ്ചിരിച്ചു. " ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ.

അഹ്.. അതൊക്കെ പോട്ടെ.. നീ ഇരിക്ക്... എനിക്ക് ചിലത് അറിയാനുണ്ട്. " ഹരി തന്റെ മുന്നിൽ കിടക്കുന്ന കസേരയിലേക്ക് ഇരുന്ന് അവനു നേരെ നോക്കുമ്പോൾ യാന്ത്രികമെന്നോണം അവനും ഇരുന്നു. " എന്ന ഇനി പറ മനീഷേ..അന്ന് കാർത്തിക് എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ വേണ്ടി നിന്റ കയ്യിൽ കാശ് തന്നില്ലേ. അതെന്താ നീ ഇടാഞ്ഞത്? " അവന്റ ചോദ്യം കേട്ടപ്പോൾ പെട്ടന്നൊരു ഉത്തരം കിട്ടാതെ ഒന്ന് പരുങ്ങി അവൻ. " അത് പിന്നേ, ഹരിയേട്ടാ... ഞാൻ അന്ന് കാശ് ഇട്ടതാ.. വല്ല നെറ്റ്‌വർക്ക് പ്രോബ്ലവും കാരണ....... " അത് പറഞ്ഞ് തീരുംമുൻപ് ഹരി എഴുന്നേറ്റതും അവന്റ കവിൾ നോക്കി ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. കിട്ടിയ അടിയുടെ ആഘാദത്തിൽ മനീഷ് നില തെറ്റി കസേരയോടൊപ്പം നിലത്തേക്ക് വീണു. " ഇപ്പോൾ നിന്റെ നെറ്റ്‌വർക്ക് പ്രോബ്ലം തീർന്നിട്ടുണ്ടാകും. എന്നാ പിന്നേ ശരിക്കൊന്ന് ആലോചിച്ചു പറ. ആർക്ക് വേണ്ടിയാ നീ അന്ന് അങ്ങനെ ചെയ്തതെന്ന്. നീയൊക്കെ കൂടി നശിപ്പിച്ചത് ഒരു പെണ്ണിന്റ ലൈഫ് ആണ്. ആ കളിയിൽ നിന്റ പങ്ക് എന്തായിരുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി. "

ഹരി അവന്റ കോളറിൽ പിടിച്ചു പൊക്കി വീണ്ടും കസേരയിൽ ഇരുത്തി അവന്റ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ മനീഷ് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഭയം അവന്റ സിരകളിൽ രക്തയോട്ടം വർധിപ്പിച്ചു. രക്ഷപ്പെടാൻ ഒരു പഴുതു തിരഞ്ഞു നാലുപാടും നോക്കി അവൻ. പക്ഷേ ഹരിക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അവനു ബോധ്യമായി. " ഹരിയേട്ടാ. സത്യായിട്ടും ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും.. കാർത്തിയേട്ടൻ എന്നെ രാവിലെ തന്നെ കാശ് ഏല്പിച്ചതായിരുന്നു. ഞാൻ ഉച്ചയ്ക്ക് ഏട്ടന്റ അക്കൗണ്ടിലേക്ക് ഇടാമെന്നുംപറഞ്ഞത് ആയിരുന്നു. പക്ഷേ...... " " പക്ഷേ.....?!!" " പക്ഷേ, ഹരിയേട്ടാ.. ആാാ സമയത്ത് ആണ് അയാൾ ഇങ്ങോട്ട് കയറിവന്നത്. " " ആര്?! " ഹരി ആകാംഷയോടെ മനീഷിന്റെ മുഖത്തേക്ക് നോക്കി. " നിങ്ങടെ അളിയൻ.. ആ സെൽവൻ. അയാളെന്നോട് കാശ് ഇടരുതെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. ഞാൻ വഴങ്ങിയില്ലെന്ന് കണ്ടപ്പോൾ എന്റെ ഫോണും കൊണ്ടാണ് അയാൾ പോയത്. അപ്പോൾ തന്നെ ഞാൻ കാർത്തിക്ക് ഏട്ടനെയും വിളിച്ച്. പക്ഷേ, പരിധിക്ക് പുറത്തായിരുന്നു ആള്.

ബാങ്കിൽ പോയി ചെയ്യാമെന്ന് കരുതിയപ്പോൾ അന്ന് ബാങ്ക് അവധിദിവസവും. പിന്നെ ഞാൻ എന്ത് ചെയ്യാനാ ഹരിയേട്ടാ.... അത്രേം കാശിനു ഞാൻ..... " അവൻ അയാൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ ഹരി പതിയെ എഴുനേറ്റു. " എന്നിട്ട് എന്റെ അളിയനിപ്പോ എവിടെ ഉണ്ട്?, " " അറിയില്ല ഹരിയേട്ടാ.... അയാളിപ്പോ അധികവും ഇവിടെ ഉണ്ടാകാറില്ല... ആരൊക്കെയോ പറയുന്നത് കേട്ടു, എവിടെ നിന്നോ കുറച്ചു കാശ് വന്ന് ചേർന്നിട്ടുണ്ടെന്ന്. മാത്രമല്ല, ഇപ്പോൾ ഇടയ്ക്കിടെ ഒരു കാറും ഉണ്ട് ആളുടെ കയ്യിൽ. വാടകയ്ക്ക് കൊണ്ട് വരുന്നതാണെന്നാ കേട്ടത്. " അത് കേട്ട മാത്രയിൽ ഹരി പെട്ടന്ന് അവനു നേരെ തിരിഞ്ഞു. " നീ ആ വണ്ടി കണ്ടിട്ടുണ്ടോ? ഏതാ ആ വണ്ടി?!! " അവന്റ ആശ്ചര്യം നിറഞ്ഞ ചോദ്യം കേട്ട് മനീഷ് ഉണ്ടെന്ന് തലയാട്ടി. " അത് ഒരു തമിഴ്നാട് റിജിസ്‌ട്രെഷൻ വണ്ടിയാണ് ഹരിയേട്ടാ.... ഒരു ചുവന്ന സ്വിഫ്റ്റ്.... " ഒരു നിമിഷം ഹരി നിശബ്ദനായി. പിന്നേ അവന്റ തോളിൽ ഒന്ന് തട്ടിക്കൊണ്ടു പതിയെ മുഖമുയർത്തി.പിന്നേ എല്ലാത്തിനും ഒരു രൂപരേഖ കിട്ടിയപ്പോലെ കടയുടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അങ്ങ് കൊച്ചിയുടെ വിരിമാറിലൂടെ ആ ചുവന്ന സ്വിഫ്റ്റ് പതിയെ നീങ്ങിതുടങ്ങി, അതിന്റെ ഫ്രണ്ട് സീറ്റിൽ അയാളും ഉണ്ടായിരുന്നു... പ്രതികാരത്തിന്റെ നാമ്പുകൾക്ക് മൂർച്ചക്കൂട്ടി പതിയിരുന്ന് ആക്രമിക്കുന്ന കറുത്ത കരങ്ങളുള്ള അധികായൻ....! .. (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story