നൈറ്റ് ഡ്രൈവ്: ഭാഗം 3

night drive

രചന: മഹാദേവൻ

"അച്ഛാ.... അച്ഛന്റെ ഓട്ടോയുടെ നമ്പർ എത്രയാണ്? ഇവൾക്കിതെന്ത് പറ്റി എന്ന ചിന്തയോടെ അയാൾ അലസമായിട്ടായിരുന്നു ആ നമ്പർ പറഞ്ഞത് KL 9 AC 12** അവൾ മനസ്സിൽ ആ നമ്പർ ഒന്നുകൂടി ഉരുവിട്ടു. KL 9 AC 12**..........!!!! വർഷ വീണ്ടും വീണ്ടും മനസ്സിൽ ആ നമ്പർ ഉരുവിട്ടുകൊണ്ട് വേഗം മൊബൈൽ എടുത്ത് ഗൂഗിൾ സേർച്ച്‌ ചെയ്തു. " അച്ഛാ... KL. 9 പാലക്കാട് ആണ്. അപ്പൊ ഞാൻ മനസ്സിൽ ചിന്തിച്ചപ്പോലെ തന്നെ ആയിരിക്കും സംഭവിച്ചിരിക്കുന്നത്. വർഷ മുഖവുരയെന്നോണം പറയുമ്പോൾ അച്ഛനും അമ്മയും ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. " നീ കാര്യം എന്താച്ചാ തെളിച്ചുപറ മോളെ. മനുഷ്യൻ അല്ലെങ്കിലേ ആകെ ടെൻഷൻ കാരണം ഇല്ലാണ്ടായി. അതിന്റ കൂടെ നീയും കൂടി.... " അയാൾ വിമ്മിഷ്ടത്തോടെ മുഖത്തെ വിയർപ്പ് തുടയ്ക്കുമ്പോൾ മനസ്സിൽ രൂപപ്പെടുത്തിയെടുത്ത കാര്യങ്ങൾ പറയുകയായിരുന്നു വർഷ. "

എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ ഞാൻ. ഈ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പറയുന്ന അവൻ ഒരു ഓട്ടോഡ്രൈവർ ആണെന്നല്ലേ പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ആ ഓട്ടോ ആണ് അച്ഛനിപ്പോൾ ഓടിക്കുന്നതെങ്കിൽ.. ! പാലക്കാട് ഉള്ള ആളാണ്‌ പ്രതി, ഈ ഓട്ടോയും പാലക്കാട് രെജിസ്ട്രേഷൻ ആണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ.... " അവൾ തന്റെ മനസ്സിലുള്ള കാര്യം അവർക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ മാലതി എല്ലാം കേട്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു. മകളുടെ നിഗമനങ്ങൾ കേട്ട ശേഷം ഏറെ ആലോചിച്ചിരുന്ന അയാൾ ഇടയ്ക്കൊന്ന് നിഷേധിക്കുംപ്പോലെ തല കുടഞ്ഞു. " പക്ഷേ, അപ്പഴും ചില പൊരുത്തക്കേടുകൾ ഇല്ലേ മോളെ... ഒന്നാമത് ഞാനിത് ഒരു ഏജൻസിയിൽ നിന്നാണ് വാങ്ങിയത്. അതും മൂന്ന് മാസങ്ങൾക്കു മുൻപ്. മൂന്ന് മാസങ്ങൾക്കു മുൻപ് ഞാൻ വാങ്ങിയ ഓട്ടോയും ഒരു മാസം മുൻപ് നടന്ന മരണവുമായി എന്ത് ബന്ധം ഉണ്ടാകാനാ? ! മാത്രമല്ല ,

അങ്ങനെ ഈ ഓട്ടോയിൽ വെച്ചൊ മറ്റോ ആണ് ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ ഈ ഓട്ടോ പോലീസ്സ്റ്റേഷനിൽ കിടന്നേനെ. പക്ഷേ, ആ കുട്ടി പീഡനത്തിനിരയായത് ഒരു ഹോട്ടൽമുറിയിൽ വെച്ചാണെന്ന് എഴുതിയിട്ടുണ്ട്. അതും ഈ കൊച്ചിയിൽ.... " അത് കൂടെ വർഷയ്ക്കും തല പെരുക്കാൻ തുടങ്ങിയിരുന്നു. അച്ഛൻ പറയുന്നതിൽ കാര്യണ്ട്. അച്ഛൻ ഈ ഓട്ടോ വാങ്ങിയിട്ട് മൂന്ന് മാസത്തിൽ കൂടുതൽ ആയെന്ന് തോനുന്നു. അപ്പൊ ഒരു മാസം മുൻപ് നടന്ന പീഡനവുമായി എന്ത് ബന്ധം ഉണ്ടാകാനാ.... പിന്നെ ആ പെൺകുട്ടിക്ക് അങ്ങനെ ഒരു അത്യാഹിതം സംഭവിച്ചത് ഹോട്ടൽമുറിയിലും ആണ്.... അപ്പോൾ പിന്നെ..... അവൾ തല പുകഞ്ഞ് ആലോചിച്ചു. കിട്ടിയ ഒരു കച്ചിത്തുരുമ്പ് ആയിരുന്നു പാലക്കാട് രെജിസ്ട്രേഷൻ ഓട്ടോ. പക്ഷേ അതും....... പെട്ടന്നവൾ എന്തോ ആലോചിച്ച പോലെ പെട്ടന്ന് മുഖമുയർത്തി. " പക്ഷേ അച്ഛാ... ഒരു മാസം മുൻപ് ആ പെൺകുട്ടി മരിച്ചു എന്നല്ലേ പറഞ്ഞത്.

പീഡിപ്പിക്കപ്പെട്ടു എന്നല്ലല്ലോ. അപ്പൊ ചിലപ്പോൾ ആ കുട്ടി അപകടത്തിൽ പെട്ടത് കുറെ മുൻപ് ആണെങ്കിലോ? അതായത് മൂന്ന് മാസങ്ങൾക്കു മുൻപ് എപ്പഴോ. അങ്ങനെ ഒരു സാധ്യതയും തള്ളിക്കളയാൻ പറ്റില്ലല്ലോ. " അവളുടെ സംശയത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ അദ്ദേഹം നിഷേധാർത്ഥത്തിൽ തലയാട്ടി. "മോളെ... നമ്മൾ കരുതുന്നത് പോലെ ഈ ഓട്ടോയ്ക്ക് നേരിട്ടൊരു ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പാലക്കാട് ഉള്ള ഓട്ടോ കൊച്ചിയിൽ എത്താൻ സാധ്യത കുറവാണ്. കാരണം ഒരു ഓട്ടോയ്ക്ക് സ്വന്തം ജില്ല വിട്ട് പത്തു കിലോമീറ്റർ സഞ്ചരിക്കാനുള്ള പെർമിറ്റെ ഉളളൂ. അങ്ങനെ ഉള്ളപ്പോൾ പാലക്കാട് നിന്ന് ഏകദേശം നൂറ് കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചു ആ ഓട്ടോയും ഡ്രൈവറും ഇവിടെ വന്നെന്നോ ആ കുട്ടിയെ ഉപദ്രവിച്ചെന്നോ വിശ്വസിക്കാൻ കഴിയില്ല. ഇതിൽ വേറെ എന്തൊക്കെയോ കുറെ കാര്യങ്ങൾ പിണഞ്ഞുകിടപ്പുണ്ട്. എന്റെ മനസ്സ് പറയുന്നു, ഓട്ടോയ്ക്ക് നേരിട്ടിത്തിൽ ഒരു ബന്ധം ഇല്ലെങ്കിലും ഇവരിലേക്ക് ഒക്കെ എത്തിപ്പെടാൻ ഉള്ള എന്തോ ഒന്ന് ഈ ഓട്ടോയിൽ ഉണ്ട്. "

വർഷയും അത് ശരിവെക്കുംപ്പോലെ തലയാട്ടി. അച്ഛന്റെയും മോളുടെയും സേതുരാമയ്യർ കളി കണ്ട് പ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു മാലതി. ഇതിപ്പോ എവിടെയോ കിടക്കുന്ന ഒരു പ്രേതത്തിനെ വീട്ടിൽ കേറ്റി ഇരുത്തിയ അവസ്ഥ ആയല്ലോ എന്നോർത്ത്‌ മാലതി മുടി വാരിചുറ്റി എഴുനേറ്റു. " നിങ്ങൾ അച്ഛനും മോൾക്കും വേറെ പണിയൊന്നും ഇല്ലേ? ഓരോ പണ്ടാരവും കൊണ്ട് കേറി വരും ബാക്കി ഉള്ളവരുടെ സ്വസ്ഥത കളയാനായിട്ട്. ഏതോ ഒരു പെണ്ണ് എവിടെയോ ചത്തതിന് നിങ്ങൾക്കൊക്കെ എന്താ? അങ്ങനെ എത്ര പേര് ദിവസവും ചാവുന്നു. അതിൽ ഒന്നായി കണ്ടാ മതി ഇതും. ഉള്ള മനസ്സമാധാനം കൂടെ പോയി മനുഷ്യന്റെ. " മാലതി പ്രാകിപ്പറഞ്ഞു മുറി വിട്ട് പുറത്തേക്ക് പോയപ്പോൾ വർഷ അച്ഛന്റെ കയ്യിൽ പിടിച്ചു. " അമ്മയ്ക്ക് പേടി ആയിട്ടാ അച്ഛാ. അത് കാര്യമാക്കണ്ട. നമുക്ക് ഓട്ടോ മുഴുവൻ ഒന്ന് അരിച്ചു പെറുക്കിയാലോ. അവൾ ഈ ഓട്ടോ തേടിപ്പിടിച്ചു വരാനുള്ള കാരണത്തിലേക്ക് ന്തേലും തുമ്പു കിട്ടിയാലോ.. "

അത് ശരിയാണെന്ന് അയാളും തലയാട്ടി സമ്മതിച്ചു. കൂടെ വേഗം ബെഡിൽ നിന്ന് എഴുനേറ്റ് വർഷയെയും കൂട്ടി ഓട്ടോയുടെ അരികിലേക്ക് നടന്നു. അച്ഛനും മകളും ചേർന്ന് ഓട്ടോ മുഴുവൻ അരിച്ചുപെറുക്കി എങ്കിലും മായയിലേക്ക് എത്തിപ്പെടാനുള്ള ഒരു തുമ്പും അവർക്ക് കിട്ടിയില്ല. അതിലുള്ള നിരാശ അവരുടെ രണ്ട് പേരുടെയും മുഖത്ത്‌ പ്രകടമായിരുന്നു. ----------------------------------------------------------------- " എന്താണ് വരുണെ, മുഖത്ത്‌ അത്ര തെളിച്ചം ഇല്ലല്ലോ. വർഷയെ കാണാത്തത് കൊണ്ടായിരിക്കും അല്ലേ " പ്രകാശന്റെ കളിയാക്കിക്കൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ രണ്ട് തെറി പറയാനാണ് വരുണിന് തോന്നിയത്. പാലാരിവട്ടത്തെ ഒരു പ്രൈവറ്റ് ബാങ്കിലെ സ്റ്റാഫുകളാണ് വരുണും വർഷയും പ്രകാശുമെല്ലാം. മൂന്ന് പേരും നല്ല കൂട്ടുകാരാണെങ്കിലും വരുണിന് വർഷയോട് അതിനപ്പുറം ഒരിഷ്ടവും ഉണ്ട്. " ഡേയ്... അവളിങ് വരും. അതിന് നീ ഇവിടെ കുപ്പിയിൽ കൂറ പെട്ടപോലെ കസേരയിൽ ഇരുന്ന് കറങ്ങിയിട്ട് കാര്യമില്ല. ദേ, നമ്മുടെ മാനേജർ മൂരാച്ചി ഇപ്പോൾ തുടങ്ങും അവന്റെ മറ്റേടത്തെ കക്കൂസ് വാ തുറക്കാൻ. രാവിലെ തന്നെ വെറുതെ നാറ്റക്കേസ് ആക്കാതെ നീ ഇരുന്ന് ജോലി നോക്ക്.

ഗ്യാപ്പിൽ അവളുടെ ഫോണിലേക്ക് ഒന്നുടെ വിളിച്ച് നോക്ക്. " " ഞാൻ കുറെ വിളിച്ച് നോക്കി. ഫോൺ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല. ഇന്നലെ അവൾ ലീവൊന്നും പറഞ്ഞിട്ടും ഇല്ല. ആ സ്ഥിതിക്ക് വേറെ എന്തേലും സംഭവിച്ചിട്ടുണ്ടാകാൻ ആണ് സാധ്യത. ഇനി ആർക്കെങ്കിലും വല്ല വയ്യായ്കയൊ മറ്റോ... " വരുൺ പ്രകാശന്റെ മുഖത്തേക്ക് നോക്കി ഫോണിൽ തെരുപ്പിടിക്കുമ്പോൾ ആണ് പെട്ടന്ന് ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങിയത്. കാളിങ് വർഷ എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞ ഉടനെ അവൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു. " നീ ഇത് എവിടായിരുന്നു വർഷേ? എത്ര വട്ടം വിളിച്ചു, ഒന്ന് ഫോൺ എടുത്തൂടെ നിനക്ക്? " വരുൺ അല്പം ഗൗരവത്തോടെ ചോദിക്കുമ്പോൾ അപ്പുറത്ത് നിന്ന് വർഷയ്ക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ " വരുൺ, ഞാൻ മനപ്പൂർവം എടുക്കാതിരുന്നതല്ല. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ. സത്യം പറഞ്ഞാൽ ഇതുവരെ ലീവ് പോലും പറഞ്ഞിട്ടില്ല. ഇനി അത് പറയാൻ വിളിച്ചാൽ സാറ് എന്തൊക്കെ പറയുമോ എന്തോ....

ആ അതെന്തെലുമാവട്ടെ. ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാ.. ഉച്ചയ്ക്ക് ഹാഫ്ഡേ ലീവ് എടുത്ത് നീയും പ്രകാശനും കൂടെ സ്റ്റേഡിയത്തിൽ വാ. എനിക്ക് ഒരു കാര്യം പറയാനുണ്ട്. " വരുണിന്റ മറുപടിയ്ക്ക് പോലും കാത്തുനിൽക്കാതെ അവൾ ഫോൺ വെക്കുമ്പോൾ ഇത്ര കാര്യമായി സംസാരിക്കാൻ മാത്രം എന്തായിരിക്കുമെന്ന ചിന്തയിൽ ആയിരുന്നു വരുൺ. --------------------------------------------------------- വർഷ സ്റ്റേഡിയത്തിൽ എത്തുമ്പോൾ വരുണും പ്രകാശും അവളെ കാത്തു നിൽപ്പുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ തന്നെ പ്രകാശൻ ചോദിക്കുന്നുണ്ടായിരുന്നു " എന്താണ്‌ മാഡം, എത്ര ഗൗരവം. വീട്ടുകാർ ഏതേലും ഒരുത്തന്റെ തലയിൽ നിന്നെ കെട്ടിവെക്കാൻ തീരുമാനിച്ചോ? " വരുണിനെ ഒന്ന് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ആയിരുന്നു അവൻ ചോദിച്ചത്. "അസ്ഥാനത് ചളി അടിക്കാതെ ഇവിടെ ഇരിക്കെന്റെ പ്രകാശൻ സാറേ. " അവൾ അവന്റെ കയ്യും പിടിച്ച് ഇരുത്തി വരുണിനെ ഒന്ന് നോക്കി. " ഇവനിത് എന്ത് പറ്റി.

നമ്മുടെ മാനേജർ സായിപ്പ് എടുത്തിട്ട് അലക്കിയോ " അവൾ വരുണിനെ ഒന്ന് തോണ്ടിക്കൊണ്ട് ചോദിക്കുമ്പോൾ വരുൺ കപടഗൗരവം കാണിച്ചുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു "നിനക്കെന്താ പറയാനുണ്ടെന്ന് പറഞ്ഞത്? " എന്ന്. വർഷ രണ്ട് പേരെയും നോക്കിക്കൊണ്ട് ഒന്ന് നിവർന്നിരുന്നു. പിന്നെ രാവിലെ മുതൽ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. അവൾ പറയുന്നതെല്ലാം കേട്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു വരുണും പ്രകാശനും. " ഇതെന്തോന്ന് ആകാശഗംഗ മൂന്നാം ഭാഗം ആണോ. അതും ഇക്കാലത്ത്‌. " വിശ്വസിക്കാൻ കഴിയാതെ വാ പൊളിച്ചിരിക്കുന്ന അവർക്ക് മുന്നിലേക്ക് അവൾ കയ്യിൽ കരുതിയ പേപ്പർ കൂടെ നീട്ടി. മായയുടെ മരണം അടയാളപ്പെടുത്തിയ ആ പേപ്പർ. --------------------------------------------------------------------- രാത്രി ഭക്ഷണം കഴിക്കുമ്പോൾ വർഷ അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. വല്ലാതെ അസ്വസ്ഥമാണ് ആ മനസ്സെന്ന് ആ മുഖത്ത്‌ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു. രാത്രി ഓട്ടോ കൊണ്ട് പോകുന്നില്ലെന്ന് പറഞ്ഞപ്പോഴേ അച്ഛന്റെ മനസ്സിൽ ആ സംഭവം എത്രത്തോളം വീർപ്പുമുട്ടിക്കുന്നുണ്ടെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.

" അച്ഛാ.. അത് തന്നെ ഇങ്ങനെ മനസ്സിലിട്ട് ഇരിക്കാതെ ഭക്ഷണം കഴിക്ക്. " അവൾ പറഞ്ഞതൊന്നും അയാൾ കേൾക്കുന്നില്ലായിരുന്നു. അയാളുടെ മനസ്സിൽ ആ മുഖം മാത്രം ആയിരുന്നു. ചിരിക്കുന്ന ആ പെൺകുട്ടിയുടെ മുഖം. ഭക്ഷണം മതിയാക്കി എഴുനേറ്റ് കൈ കഴുകി റൂമിൽ വന്നു കിടക്കുമ്പോൾ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നു അയാൾ. നാളെ ഓട്ടോ വാങ്ങിയ ആ ഏജൻസിയിൽ പോണം. മുൻപ് ഈ ഓട്ടോയുടെ RC. ഓണർ ആരായിരുന്നു എന്ന് അന്വോഷിക്കണം. ബാക്കിയൊക്കെ പിന്നെ.... ഓരോന്ന് ചിന്തിച്ചു പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണ അയാൾ പുറത്ത് ഏതോ നായയുടെ നിർത്താതെയുള്ള ഓരിയിടൽ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. എന്തോ ദുസ്വപ്നം കണ്ടപ്പോലെ അയാൾ അപ്പാടെ വിയർത്തിരുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ഫാൻ നിശ്ചലമാണ്.

കറന്റ് പോയിട്ട് ഒരുപാട് നേരമായെന്ന് അയാൾക്ക് മനസ്സിലായി. പതിയെ ഉടുത്ത മുണ്ടിൽ വിയർപ്പ് ഒപ്പിയെടുക്കുമ്പോൾ പുറത്ത് നായ്ക്കൾ വീണ്ടും ഓരിയിടാൻ തുടങ്ങി. കറന്റ് ഇല്ലാത്തത് കൊണ്ട് സ്വിച്ചിൽ തപ്പാൻ നിൽക്കാതെ തലയിണക്കുള്ളിൽ വെക്കാറുള്ള ടോർച് കയ്യിലെടുത്ത്‌ അയാൾ പതിയെ മുറിയുടെ ജനൽ തുറന്ന് ടോർച് പുറത്തേക്ക് തെളിച്ചു. മുറ്റത്തിന് ചുറ്റും ടോർച് ഒന്ന് ഓടിച്ച അയാൾ പതിയെ ഓട്ടോയ്ക്ക് അരികിലേക്ക് വെളിച്ചം തെളിക്കുംമുന്നേ ആ കാഴ്ച കണ്ട് ശ്വാസം വിലങ്ങിയ പോലെ അയാൾ പിറകോട്ട് ആഞ്ഞു. പുറത്തെ രാവെളിച്ചത്തിൽ ഓട്ടോയ്ക്ക് ഉള്ളിൽ ഒരാൾ തല കുമ്പിട്ട് ഇരിക്കുന്നത് അയാളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. അതിന് ഇന്നലെ കണ്ട പെൺകുട്ടിയുടെ അതെ മുഖമായിരുന്നു.... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story