നൈറ്റ് ഡ്രൈവ്: ഭാഗം 5

night drive

രചന: മഹാദേവൻ

അവരുടെ മുഖത്തെ നടുക്കവും ആകാംഷയും കണ്ട് അയാൾ ഒരു നിമിഷം കണ്ണടച്ചിരുന്നു. അയാൾക്ക് മുന്നിൽ അപ്പോൾ ആ ജനലഴികളുണ്ടായിരുന്നു. പുറത്ത് കാറ്റിലുലയുന്ന മുടിയിഴകൾക്കിടയിലൂടെ ആ മുഖം തെളിഞ്ഞുകാണാമായിരുന്നു. കനലെരിയുന്ന കണ്ണിൽ ഒരു കടലൊളിപ്പിച്ച പോലെ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തായിരുന്നു. " എനിക്കൊരാളെ കൊല്ലണം... അതിന്..... " " അതിന്......??? " "അതിന് അവനെ എനിക്ക് വേണം....! "  അച്ഛൻ പറയുന്നത് കേട്ട് ശ്വാസം അടക്കിപിടിച്ചിരിക്കുകയായിരുന്നു മൂവരും. അവൾ ആവശ്യപ്പെട്ടത് കൊല്ലാനോ വളർത്താനോ എന്നറിയാത്ത അവസ്ഥ. പക്ഷേ, ഈ കഥയ്ക്ക് ഒരു അന്ത്യം ഉണ്ടാവണമെങ്കിൽ ഒരാൾ മരിക്കേണ്ടതുണ്ട്. അത് ആരായിരിക്കും എന്ന് എത്ര ചിന്തിച്ചിട്ടും ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു. " അച്ഛാ... ഇതൊക്കെ എങ്ങനെ... " വർഷയുടെ സംശയം നിറഞ്ഞ ചോദ്യം കേട്ട് അയാൾ മുന്നിൽ ഇരിക്കുന്ന ചായ ഒന്ന് മൊത്തിക്കുടിച്ചു.

പിന്നെ ഉറച്ച വാക്കുകളോട് പറയുന്നുണ്ടായിരുന്നു, " അത് നടക്കണം, അവൾ ആഗ്രഹിച്ചത് നടത്തണം. എനിക്കും ഒരു മോളുണ്ട്.. നാളെ എന്റെ മോൾക്കും അതുപോലെ എല്ലാ മക്കൾക്കും ധൈര്യത്തോടെ രാത്രി യാത്ര ചെയ്യണമെങ്കിൽ അവൾ ആഗ്രഹിച്ച ആ മരണം നടക്കണം... അതിന് അയാൾ കൂടി വേണം ഇനി ..... " ആ തീരുമാനം ഉറച്ചതായിരുന്നു. പെണ്മക്കളുള്ള ഒരച്ഛന്റെ അറം പറ്റാൻ പോകുന്ന വാക്കുകൾ.  ഓട്ടോ ആ വലിയ വീടിന് മുന്നിൽ നിർത്തി വാസു പുറത്തേക്ക് ഇറങ്ങി. കൂടെ വർഷയും വർഷപോലുമറിയാതെ വർഷക്കൊപ്പം മായയും. അന്ന് രാത്രി വന്നപ്പോൾ ഉണ്ടായ ഷോക്കിൽ ഒന്നും ശ്രദ്ധിക്കാൻ നിൽക്കാത്തത് കൊണ്ട് വാസു ആ വീട് നാലുപാടും ഒന്ന് നോക്കി. വലിയ ഒരു രണ്ട്നില വീടും പടർന്നു കിടക്കുന്ന പുറംതൊടിയും . വർഷയും മായയും അതെല്ലാം നോക്കി നിൽക്കുകയായിരുന്നു. താൻ ഓടിക്കളിച്ച മുറ്റവും തൊടിയും അച്ഛനും അമ്മയും ഊഞ്ഞാൽ കെട്ടി ആട്ടിയ മാവും പൂത്തുലഞ്ഞു നിൽക്കുന്ന ചാമ്പമരവുമെല്ലാം അവളുടെ കണ്ണുകളിൽ നനവ് പടർത്തി.

നഷ്ടങ്ങളുടെ വലുപ്പം അവളെ വല്ലാതെ വേട്ടയാടി. ആ സമയം വാസു സിറ്റൗട്ടിൽ കയറി കോളിങ്ബെല്ലിൽ വിരലമർത്തി. അല്പനിമിഷം കഴിഞ്ഞപ്പോൾ ആ വീടിന്റ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു. പുറത്തേക്ക് വന്ന ചെറുപ്പക്കാരന് മുന്നിൽ ഭവ്യതയോടെ അച്ഛൻ കൈ കൂപ്പുമ്പോൾ ആ ചെറുപ്പക്കാരൻ സംശയത്തോടെ അയാളെ നോക്കി, "നിങ്ങളല്ലേ രണ്ട് ദിവസം മുന്നേ രാത്രി...... " ചോദ്യം കേട്ട് അതെ എന്ന് തലയാട്ടി വാസു . " നിങ്ങൾ വന്നത്......... ? ഇത്... !? " കൂടെ ഉള്ള വർഷയെ നോക്കിക്കൊണ്ട് ആ ചെറുപ്പക്കാരൻ ചോദിക്കുമ്പോൾ അച്ഛൻ ശാന്തമായി പറയുന്നുണ്ടായിരുന്നു " ഞാൻ വാസുദേവൻ, ഇതെന്റെ മോള് വർഷ. ഞങ്ങൾ വന്നത്.... " വാക്കുകൾ മുഴുവനാക്കുംമുന്നേ മുന്നിലുള്ള ആള് അച്ഛന് മുന്നിലേക്ക് കൈ നീട്ടി, " ഞാൻ സുദേവ് സത്യ...... ന്തായാലും അകത്തേക്ക് ഇരുന്നു സംസാരിക്കാം... വരൂ " അവരെ രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് സുദേവ് ഉള്ളിലേക്ക് കയറുമ്പോൾ അവനോടൊപ്പം വാസുവും വർഷയും അകത്തേക്ക് കയറി. കൂടെ മായയും !

സുദേവ് കാണിച്ച സെറ്റിയിലേക്ക് വർഷയും വാസുദേവനും ഇരുന്നു, അവർക്കഭിമുഖമായി സുദേവും . " ഇനി വന്ന കാര്യം പറയൂ. ആ രാത്രി നിങ്ങൾ വന്നപ്പോൾ കൂടുതലൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. വഴി തെറ്റി വന്നതെല്ലെന്ന് അറിയാം. പക്ഷേ, .... " സുദേവ് നൂറായിരം സംശയങ്ങൾ നിറഞ്ഞ ചോദ്യത്തോടെ രണ്ട് പേരെയും മാറി മാറി നോക്കുമ്പോൾ പെട്ടന്ന് ഒരു മറുപടി പറയാൻ കിട്ടാതെ ഇരിക്കുകയായിരുന്നു അച്ഛനും മോളും. " അത് പിന്നെ.... " എങ്ങനെ പറഞ്ഞുതുടങ്ങണം എന്നോ എന്ത് പറയണമെന്നൊ ഒരു നിശ്ചയവുമില്ലായിരുന്നു അവർക്ക്. മായ തങ്ങൾക്കൊപ്പം നിഴൽപ്പോലെ ഉണ്ടെന്ന് പറഞ്ഞാൽ ഭ്രാന്ത് ആണെന്നെ കരുതൂ എന്നും അറിയാവുന്നത് കൊണ്ട് അതിനെ കുറിച്ച് പറയാതെ മനസ്സിൽ ഒരു കള്ളം മെനഞ്ഞെടുക്കുന്ന തിരക്കിൽ ആയിരുന്നു വർഷ. " ഞാനും മായയും തൃശ്ശൂർ കേരളവർമ്മകോളേജിൽ ഒയൂമിച്ചായിരുന്നു. അതിന് ശേഷം വലിയ കോൺടാക്ട് ഒന്നും ഉണ്ടായിരുന്നില്ല.

ബാക്കി സമയം ബാംഗ്ലൂരിൽ ആണ് പഠിച്ചതൊക്കെ. പല ഇവിടെ വരണം എന്നൊക്കെ കരുതിയതാണ്, പക്ഷേ കഴിഞ്ഞില്ല.." വർഷ ഒരുവിധം പറഞ്ഞൊപ്പിക്കാൻ നോക്കുമ്പോൾ സുദേവന്റെ അടുത്ത ചോദ്യം വന്നിരുന്നു. " ഒക്കെ. പക്ഷേ, ഞാൻ അതല്ല ചോദിച്ചത്. രണ്ട് ദിവസം മുന്നേ പുലർച്ചെ ആണ് ഇദ്ദേഹം ഇവിടെ എത്തിയത്. അത് എന്തിനായിരുന്നെന്ന്.... " സുദേവന്റെ വാക്കിലും നോക്കിലും നിറഞ്ഞുനിൽക്കുന്ന സംശയം അവരെ ഒരു നിമിഷം വീർപ്പുമുട്ടിച്ചു. " അത് പിന്നെ... അന്ന് രാത്രി അച്ഛന് തൃശ്ശൂർക്ക് ഒരു ഓട്ടം കിട്ടിയിരുന്നു. ആളെ ഇറക്കിവരുന്ന വഴി എന്തോ അസ്വസ്ഥത തോന്നിയപ്പോൾ അച്ഛൻ എന്നെ വിളിച്ചു. വഴിയിൽ സ്റ്റേ ചെയ്യുന്നത് അത്ര സേഫ് അല്ലെന്ന് തോന്നിയപ്പോൾ ഞാൻ ആണ് ഈ വീടും സ്ഥലവും ഒക്കെ പറഞ്ഞുകൊടുത്തത്. മുന്നേ ഞാൻ ഒന്നുരണ്ട് വട്ടം അവൾക്കൊപ്പം ഇവിടെ വന്നിട്ടുള്ളത് കൊണ്ട് ഇവിടെ എല്ലാം അറിയാമായിരുന്നു.

അച്ഛനെ അവൾ ഫോട്ടോയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ടും പിന്നെ എന്റെ പേര് പറഞ്ഞാൽ അറിയും എന്നുള്ളതുകൊണ്ടും രാവിലെ വരെ ഒന്ന് നിൽക്കാൻ കഴിയുമെന്ന് വിശ്വാസത്തിൽ ആണ് അന്ന് അച്ഛൻ ഇവിടെ വന്നത്. പക്ഷേ....... " വർഷ വാക്കുകള് മുഴുവനാക്കാതെ തല കുമ്പിട്ടിരുന്നു. ബാക്കി അച്ഛനാണ് പറഞ്ഞത്. " അന്ന് പെട്ടന്ന് മോൾടെ ഫോട്ടോ ഇങ്ങനെ കണ്ടപ്പോൾ... കൂടെ നിങ്ങൾ ആ പേപ്പറിലെ വാർത്ത കൂടി കാണിച്ചപ്പോൾ ആകെ മരവിച്ചു പോയി. അതാണ് അന്ന് ഒന്നും പറയാൻ നിൽക്കാതെ പോയത് " ശേഷം അച്ഛൻ സുദേവിനെ ഒന്ന് ഒളികണ്ണിട്ട് നോക്കുമ്പോൾ എല്ലാം വിശ്വസിച്ചപ്പോലെ അയാൾ താടിയിൽ തെരുപ്പിടിക്കുകയായിരുന്നു. " സത്യം പറഞ്ഞാൽ ഇപ്പോൾ ഞങ്ങൾ വന്നത് മോൾക്ക് ന്താ പറ്റിയതെന്ന് അറിയാൻ കൂടെ ആയിരുന്നു. " സുദേവ് എല്ലാം കേട്ട് ഒന്ന് നെടുവീർപ്പിട്ടു. പിന്നെ എഴുനേറ്റ് ഒരു സിഗരറ്റ് എടുത്ത് കൊളുത്തി ചുണ്ടിലേക്ക് വെച്ചു.

" എന്ത് പറ്റി എന്ന് ചോദിച്ചാൽ ന്താ പറയാ... അവളു ഞങ്ങളെ ഒക്കെ വിട്ട് പോയി. എന്നും അവളുടെ ഇഷ്ടങ്ങൾ ആയിരുന്നു അമ്മയ്ക്ക് വലുത്.. അതുകൊണ്ട് തന്നെ മറുത്തൊന്നും പറയില്ല. അച്ഛൻ മരിച്ചതിൽ പിന്നെ അവളെ ആ കുറവ് അറിയാതെ ആണ് വളർത്തിയത്. അവളുടെ ഇഷ്ടങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളായി. അതിനേക്കാൾ വലുതൊന്നും ഞങ്ങൾക്കില്ലെന്ന് കരുതി. പക്ഷേ, അവൾക്ക് തെറ്റ് പറ്റിയെന്നു മനസ്സിലായത് ഏറെ വൈകിയായിരുന്നു. " അത് എന്തായിരുന്നു എന്നറിയാനുള്ള ആകാംഷ വാസുദേവന്റെയും വർഷയുടെയും മുഖത്ത്‌ പ്രകടമായിരുന്നു. " അവൾ ഒരു മൂന്ന് ദിവസത്തെ ക്യാംപിനെന്നും പറഞ്ഞ് പാലക്കാട് പോയതിന് ശേഷം അവളിൽ ഒത്തിരി മാറ്റങ്ങൾ കണ്ടു. പിന്നീടവൾ തന്നെ ഒരു ദിവസം പറഞ്ഞു അവൾക്ക് ഒരാളെ ഇഷ്ടം ആണെന്ന്. അത് പാലക്കാട് ഉള്ള ഒരു ഓട്ടോ ഡ്രൈവർ ആണെന്നും. എത്രയൊക്കെ അവളുടെ ഇഷ്ടങ്ങൾ സപ്പോർട്ട് ചെയ്താലും എനിക്കും അമ്മയ്ക്കും അത് അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.

പക്ഷേ, അവളുടെ വാശിക്ക് മുന്നിൽ അമ്മ സമ്മതം മൂളിയപ്പോൾ പാതി മനസ്സോടെ ആണെങ്കിലും ഒന്ന് അന്വോഷിക്കാമെന്ന് കരുതിയാണ് ഞാൻ പാലക്കാട് പോയത്. പക്ഷേ കിട്ടിയ അറിവുകളിൽ അവൻ അത്ര വെടിപ്പല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ അവരുടെ ഇഷ്ടം എതിർത്തു. അങ്ങനെ ഒരാൾക്ക് ന്റെ പെങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പക്ഷേ അതിന് ഞാൻ കൊടുക്കേണ്ടി വരുന്ന വില ന്റെ മോൾടെ ജീവിതം തന്നെ ആയിരിക്കുമെന്ന് അറിഞ്ഞില്ല. ആരുമറിയാതെ അവനൊപ്പം പോയ അവളെ പിന്നെ കിട്ടിയത് കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ.. .... ശേഷം അവനെ കണ്ടെത്താൻ പറ്റിയില്ല. ആരാണെന്നു ചോദിച്ചാൽ അവൾക്കും ഉത്തരം ഇല്ലായിരുന്നു. ഒടുക്കം അവനെ കണ്ടെത്തിയതിന്റെ പിറ്റേ ദിവസം ന്റെ മോളും പോയി. " അത് പറയുമ്പോൾ സുദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വാക്കുകൾ ഇടറി തൊണ്ടയിൽ കുരുങ്ങി നിന്നു.

എന്ത് പറഞ്ഞയാളെ ആശ്വസിപ്പിക്കും എന്നറിയാതെ വാസുദേവൻ മെല്ലെ എഴുനേറ്റ് സുദേവന്റെ തോളിൽ കൈ വെച്ചു. അതിൽ കൂടുതൽ എങ്ങനെ ആശ്വസിപ്പിക്കണം എന്നയാൾക്ക് അറിയില്ലായിരുന്നു. തോളിൽ അയാൾ കൈ വെക്കുമ്പോൾ ഒരു നിമിഷം തിരിഞ്ഞുനോക്കിക്കൊണ്ട് നനഞ്ഞ കവിളുകൾ വിടർത്തി ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. " എല്ലാവർക്കും ഡെയിലി വായിക്കുന്ന ഒരു ന്യൂസ് മാത്രമായി ഇതും. എന്റെ മോൾടെ ജീവിതം നശിപ്പിച്ചവൻ ഇപ്പോൾ ജയിലിൽ ഉണ്ടും ഉറങ്ങീ രാജകീയമായി ജീവിക്കുന്നുണ്ടാകും. നഷ്ടം, അത് ഞങ്ങൾക്ക് മാത്രം അല്ലേ. അവൾ പോയതിൽ പിന്നെ അമ്മ ശരിക്കൊന്ന് ഭക്ഷണം കഴിച്ചിട്ട് പോലും ഇല്ല. അത്രയറെ അവളെ ഞങ്ങൾ........ ഞങ്ങളെ ഒന്ന് അവൾ കേട്ടിരുന്നെങ്കിൽ... " വാക്കുകൾ മുറിച്ചുകൊണ്ട് വേഗം വാഷ്ബേസിനരികിലേക്ക് നടന്ന് മുഖം നന്നായൊന്ന് കഴുകി സുദേവ് . പിന്നെ അവിടെ കിടന്നിരുന്ന ടവ്വലിൽ മുഖം തുടച്ചുകൊണ്ട് തിരികെ വന്നു.

" സോറി... ഞാൻ പെട്ടന്നുള്ള ഇമോഷനിൽ... " അയാൾ ക്ഷമാപണം പോലെ രണ്ട് പേരെയും നോക്കുമ്പോൾ ഏട്ടന്റെ വാക്കുകൾ വീർപ്പുമുട്ടിക്കുന്ന ഒരാൾ കൂടെ അവർക്കിടയിൽ ഉണ്ടായിരുന്നു... മായ ! ഇനി ഒന്നും ചോദിക്കാനോ പറയാനോ ഇല്ലെന്ന് അറിയാവുന്നത് രണ്ട് പേരും പതിയെ എഴുനേറ്റു. " എന്ന ഞങ്ങൾ... ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വാർത്ത കണ്ടപ്പോൾ.... മോളും വല്ലാതെ വിഷമത്തിൽ ആയിരുന്നു. അതാണ് ഒന്ന് ഇത്രടം വരെ.. " അച്ഛൻ സുദേവനോട് യാത്ര പറഞ്ഞ് വർഷയെയും കൂട്ടി പുറത്തേക്ക് നടന്നു. തിരികെ ഓട്ടോയിൽ കയറുമ്പോൾ വർഷ ചോദിക്കുന്നുണ്ടായിരുന്നു " ഇനി എന്ത് ചെയ്യാനാ അച്ഛാ" എന്ന്. അതിനയാൾ ഉത്തരം ഒന്നും നൽകിയില്ല. പക്ഷേ, വർഷയുടെ സംശയങ്ങൾ തുടർന്നുകൊണ്ടിരുന്നു. " ഇയാൾ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ആ ഓട്ടോഡ്രൈവർ തന്നെ ആണ് ഇതൊക്കെ. ഒരു വലിയ വീട്ടിലെ പെണ്ണിനെ വളച്ചു വലിക്കാൻ പറ്റുന്നതൊക്കെ വലിക്കാം എന്ന് കരുതിക്കാണും.

പക്ഷേ, വീട്ടുകാർ സമ്മതിക്കില്ലെന്ന് കണ്ടപ്പോൾ ഒരു ഒളിച്ചോട്ടനാടകം നടത്തി അവളെ ഹോട്ടൽമുറിയിൽ എത്തിച്ചിട്ടുണ്ടാകും. " അവൾ വെറുപ്പോടെ ആണ് അത്രയും പറഞ്ഞത്. " ന്തായാലും അവനുള്ള ശിക്ഷ കോടതി കൊടുക്കും. പിന്നെ ഇതിനു പിറകെ നമ്മൾ ഇനി എന്തിനാണ്..... " അവൾ അച്ഛനെ നോക്കുമ്പോൾ അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു, " ഇനി ഇതിന്റെ പിറകെ അല്ല, കൂടെ ആണ് സഞ്ചരിക്കാൻ പോകുന്നത്. ഓരോ നിയമവും നോക്കുകുത്തി ആകുന്ന ഈ നാട്ടിൽ അവളെ ഇല്ലാതാക്കിയവന് ശിക്ഷ അവൾ ആഗ്രഹിച്ചത് തന്നെ ആണ്.... മരണം..... പക്ഷേ, അവനാരോ അവനിലേക്ക് എത്തണമെങ്കിൽ ഇനിയും സഞ്ചരിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു...... അല്ല, അവൾ പറയുന്നു... മായ ! അതുകൊണ്ട് ഇനി ഒരു യാത്ര കൂടെ ഉണ്ട്.. അതിന് നീ വരണ്ട, വരുണിനെയും പ്രകാശനെയും കൂട്ടാം... " അച്ഛന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള ഒരു തുമ്പും കിട്ടാതെ വർഷ ചോദിക്കുന്നുണ്ടായിരുന്നു "ഇനി എങ്ങോട്ടാ അച്ഛാ " എന്ന്. അതിനയാൾക്ക് പറയാൻ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ...... " പാലക്കാട് !! ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story