നിലാവിന്റെ തോഴൻ: ഭാഗം 10

nilavinte thozhan

രചന: ജിഫ്‌ന നിസാർ

ഇരുട്ടി തുടങ്ങുന്നതിനനുസരിച്ചു പാത്തുവിന്റെ ഹൃദയത്തിനും കനമേറി തുടങ്ങി.

ഭയത്തിന്റെ അലയൊലി പോലെ.. കുതിച്ചു തുള്ളുന്ന മനസ്സിനെ വരുതിയിലൊതുക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല.

മഗ്‌രിബ് ബാങ്ക് വിളിക്കുന്നത് കേട്ടയുടൻ അവൾ നിസകരിക്കാനുള്ള പുറപ്പാട് തുടങ്ങി.

എത്രയും പെട്ടന്ന് അതൊന്ന് തീർത്തിട്ട് മുറിയുടെ വെളിയിലിറങ്ങി നിൽക്കേണ്ടി വരും.

അകത്തേക്ക് കയറിയൊരു സൂക്ഷ്‌മ നീരീക്ഷണത്തിനൊടുവിലാണ് അവൾ നിസ്കാര പായയിലേക്ക് നിന്നത്.

പ്രാർത്ഥന മന്ത്രം ഉരുവിടുന്നതിനനുസരിച്ചു നീർതുള്ളികൾ കവിളിലേക്ക് ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു.

ഒടുവിലത് പൂർത്തിയായി കൈകൾ മേലേക്കുയർത്തി അവളാവിശ്യപെട്ടതും.. ആരും ദ്രോഹിക്കുന്നത് പേടിക്കാതെ ഒന്നുറങ്ങാൻ കഴിയുന്ന സഹാചര്യത്തിലേക്കെത്തിച്ചു തരണേ നാഥാ എന്നായിരുന്നു.

ഇത് വരെയും നേരിട്ട അഗ്നിപരീക്ഷണങ്ങക്കൊക്കെയും ഇപ്പോഴുള്ള ഈ അവസ്ഥയുടെ മുന്നിലെത്ര നിസ്സാരമായിരുന്നുവെന്നവൾക്ക് തോന്നി.

ചുറ്റുമുള്ളത് മുഴുവനും രക്തബന്ധങ്ങളാണ്.

ചേർത്ത് പിടിക്കാനും സംരക്ഷിച്ചു കൊണ്ട് നടക്കാനും ബാധ്യതയുള്ളവരാണ്.
പക്ഷേ താനേറ്റവും ഭയക്കുന്നതും ഇന്നവരെയാണ്.

ഇത് പോലുള്ള ഇനിയുമെത്ര രാത്രികളെ അതിജീവിക്കേണ്ടി വരുമെന്നവൾ അന്നാദ്യമായി ഭയന്നു.

കൂടുതൽ നേരം അവിടെയിരിക്കാൻ അവൾക്കായില്ല.

നിസ്കാര പായ മടക്കി മുറിയിൽ തന്നേയുള്ള തടി അലമാരയുടെ മുകളിലേക്ക് വെച്ചു.

കിടക്കയിൽ അഴിച്ചു വെച്ച തട്ടമെടുത്തു തലയിലേക്കിട്ട് വാതിലിന് കുറുകെ നീക്കിയിട്ട മേശ നിരക്കി മാറ്റി.യാതൊരു കാര്യവുമുണ്ടാവില്ല എന്നറിഞ്ഞിട്ടും സ്വയം സമാധാനിക്കാനുള്ള ഒരു മാർഗമായിരുന്നുവത്.

മുറിയിൽ തന്നെയുള്ള ചെറിയൊരു മേശ നിരക്കി വാതിലിന് കുറുകെയിട്ടത് കുറ്റിയില്ലാത്ത വാതിലിനൊരു ബലമായിക്കോട്ടേന്ന് തോന്നിയിട്ടാണ്. ഉള്ളിലെ ഭയം അൽപ്പമെങ്കിലും കുറഞ്ഞാലോ എന്നുള്ള മിഥ്യ ധാരണയാണ്.

ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി അവൾ ചുറ്റും ഒന്ന് നോക്കി.

വലതു വശത്തെ ഓപ്പൺ എരിയയോട് ചാരിയൊരു വലിയ സോഫയിൽ മൂന്നോ നാലോ പെൺകുട്ടികൾ ഇരിക്കുന്നുണ്ട്.
വന്നന്ന് മുതൽ കാണുന്നുണ്ട് അവരെ.
തന്റെ അതേ പ്രായം തന്നെയാവും.

നേരിട്ട് കണ്ടാൽ പോലും കമാന്നൊരക്ഷരം മിണ്ടാതെ പോകുന്ന പരിഷ്കാരി പടകളുടെ ഇളയ തലമുറക്കാർ.

കൈയിലുള്ള ഫോണിലാണ് എല്ലാവരും.

എങ്കിലും തമ്മിലെന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

ഒട്ടൊരു സങ്കോചത്തോടെയാണ് പാത്തു അവരുടെ അരികിലേക്ക് ചെന്നത്.

അവർക്കിടയിൽ ഒരാളായി കൂടാൻ കഴിഞ്ഞാൽ ഇവിടെയുള്ള ഭയപ്പെടേണ്ട പലതും ഒഴിഞ്ഞു കിട്ടുമല്ലോ എന്നുള്ള ചെറിയൊരു പ്രതീക്ഷയിൽ അവൾ അൽപ്പം മടിയോടെ തന്നെ വലതു വശത്തെക്ക് നടന്നു.

പൊതുവെ ആരോടും അങ്ങോട്ട്‌ കയറി സൗഹൃദമുണ്ടാക്കാൻ മാത്രം മിടുക്കിയൊന്നുമല്ല.

പക്ഷേ.. തന്നിലേക്ക് ചേർന്നു പോകുമെന്ന് ഉറപ്പുള്ള ഒരാളോട് മാത്രം തുറന്നു വെക്കുന്നൊരു വിശാലതയുണ്ട് അവളിൽ.

കളി പറയാനും കുറുമ്പ് പറയാനുമുള്ളയിടങ്ങൾ.

മാമന്റെ വീട്ടിൽ നിൽക്കുമ്പോൾ തൊട്ടരികിലെ വീട്ടിലുള്ള സുരഭിയുടെ ഓർമകൾ അവളിൽ പെയ്തിറങ്ങിയ നിമിഷം തന്നെ ആ കണ്ണുകൾ നിറഞ്ഞു.

"അന്യ ജാതിയിൽ പെട്ട ഒന്നിനോടാ ഓൾക്ക് കൂട്ട്. അതെങ്ങനെ തള്ളയുടെ അല്ലേ മോള്?ആ ഗുണം കാണിക്കാതിരിക്കില്ലല്ലോ?"

ആത്മഗതം പോലെ അമ്മായി പലപ്പോഴും സുരഭിയോടുള്ള സൗഹൃദത്തിനെ അവഹേളിച്ചു.

പക്ഷേ അതിനും അതികം ആയുസ്സ് ഉണ്ടായില്ല.

വീട്ടിനരികിലെ തോട്ടിൽ നിന്നും പാമ്പ് കടിയേറ്റ് മൂന്നാല് ദിവസം ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾക്കൊടുവിൽ സുരഭി മരണത്തിലേക്ക് നടന്നു മറഞ്ഞത് മുതൽ പാത്തു വീണ്ടുമൊരു ഒറ്റപെട്ട തുരുത്തിലേക്ക് എടുത്തെറിയപെട്ടിരുന്നു.

അന്നാ സൗഹൃദമേൽപ്പിച്ച മുറിവിന്റെ ആഴമവളെ ഭയപ്പെടുത്തിയത് കൊണ്ട് തന്നെ പിന്നെയൊരു കൂട്ടുകാരിയെ സ്വീകരിക്കാൻ അവൾക്കായില്ല.

പരിഭവങ്ങളും പരാതികളും സങ്കടങ്ങളും സന്തോഷങ്ങളും സ്വയം പറഞ്ഞു തുടങ്ങി.

സ്കൂളിലും കോളേജിലും പൊതുവെ മൗനിയാണ്.
നന്നായി പഠിക്കുന്നവളുടെ അഹങ്കാരമെന്ന് പേര് നൽകി സാഹപാഠികളാരും ചേർത്ത് നിർത്തിയതുമില്ല.

പരിമിതികളെ സ്വയം മനസ്സിലാക്കിയത് കൊണ്ട് തന്നെ ആരിലേക്കും വലിഞ്ഞു കയറി ചെല്ലാനുള്ള കരളുറപ്പുമില്ല.

തൊട്ട് മുന്നിൽ പോയി പാത്തു നിന്നിട്ടും ഒന്ന് മുഖമുയർത്തി നോക്കുക കൂടി ചെയ്യാതെ അവരെല്ലാം ചെയ്യുന്നത് അത് പോലെ തുടർന്നപ്പോൾ അപമാനത്തെക്കാൾ സ്വന്തം വിധിയോർത്താണ് പാത്തുവിന്റെ ഖൽബ് പിടഞ്ഞത്.അവളെ നോക്കുന്നില്ലന്നേയുള്ളൂ.
അവരെല്ലാം തമ്മിൽ സംസാരിക്കുന്നുണ്ട്.

പ്രതീക്ഷച്ചത് പോലൊരു സഹകരണം അവരിൽ നിന്നും ലഭിക്കാൻ പോണില്ലെന്ന് അവൾക്കാ നിമിഷം മനസ്സിലായി.

അതവളുടെ ഹൃദയഭാരം ഒന്നൂടെ കൂട്ടി.

ഇരുട്ടിനെ പോലെ തന്നെ അവളുടെ ഉള്ളിലും കനമേറി..

                         ❣️❣️❣️

കേക്കിന്റെ കഷ്ണങ്ങളെടുത്തു കൊണ്ട് ദിലു തന്നെയാണ് ചുറ്റും കൂടിയവരുടെ വായിൽ വെച്ച് കൊടുക്കുന്നത്.

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി അതെല്ലാം നോക്കി നിന്നു.

വർക്കിക്കും റിഷിക്കും കൊടുത്തതിനു ശേഷമാണ് ദിലു ഡെയ്സിക്ക് നേരെ നീട്ടിയത്.

അവരത് വാങ്ങി കഴിക്കുമ്പോഴും കണ്ണുകൾ ക്രിസ്റ്റിയുടെ നേരെയാണ്.
അവന്റെ ചുണ്ടിലെ ചിരിയിലേക്ക് നോക്കുമ്പോൾ അവർക്ക് കണ്ണ് നീറി.

"അവനും ഒരു കഷ്ണം കൊടുക്കെന്ന്"പറയാനുള്ള നിസ്സഹായത ആ മുഖം നിറയെ അതേ പടി പകർത്തി വെച്ചിട്ടുണ്ട്.

"എല്ലാവർക്കും കൊടുക്ക് മോളെ "

സ്റ്റെപ്പിൽ നിൽക്കുന്ന ക്രിസ്റ്റിയുടെ നേരെയൊന്ന് നോക്കി പുച്ഛത്തോടെയാണ് വർക്കിയത് പറഞ്ഞത്.

വർക്കിയുടെ കുടുംബം മൊത്തം ദിൽനയുടെ ചുറ്റും നിരന്നിട്ടുണ്ട്.

കൂട്ടത്തിൽ അവളുടെയും റിഷിയുടെയും കൂട്ടുകാരും.

ദിൽനയുടെ വലതു സൈഡിൽ നിൽക്കുന്ന റോയ്സിന്റെ നേരെ നോക്കിയതും ക്രിസ്റ്റിയുടെ ചുണ്ടിലെ ചിരി മാഞ്ഞു.

വർക്കിയുടെ രണ്ടാമത്തെ പെങ്ങൾ സൂസന്റെ മകനാണ് റോയ്സ് എന്ന റോയി.അവനൊരു പെങ്ങൾ കൂടിയുണ്ട്. റിയ.

റോയ്സ് ആളത്ര വെടിപ്പല്ലെന്ന് കുഞ്ഞു നാൾ മുതൽ ക്രിസ്റ്റി മനസ്സിലാക്കിയതാണ്.

അവന്റെ അമ്മച്ചി.. സൂസനാവട്ടെ ഒരു ആർത്തി പണ്ടാരവും. ക്രിസ്റ്റിയെ നേർക്ക് നേർ കണ്ടാൽ അവർക്കൊരു പോര് കോഴിയുടെ ഭാവമാണ്.

ഒതുക്കത്തിൽ കിട്ടിയാൽ കൊത്തി പറിച്ചു കൊന്നുകളയാൻ തോന്നുന്നത്രേം ദേഷ്യം.

കുന്നേൽ ബംഗ്ലാവിലെ വില പിടിപ്പുള്ള പലതും കടത്തി കൊണ്ട് പോകാനുള്ള ഗൂഡമായ പ്ലാൻ ക്രിസ്റ്റി പൊളിച്ചു കയ്യിൽ കൊടുത്തതിൽ പിന്നെ ആങ്ങളയെ പോലെ പെങ്ങൾക്കും അവനെ കാണുന്നത് അലർജിയാണ്.

സൂസന്റെ നേരെ മൂത്ത ഒരു പെങ്ങൾ കൂടിയുണ്ട് വർക്കിക്ക്.

ലീല. സൂസന്റെത്ര ഇല്ലേലും ആളും ഈ വക കാര്യങ്ങൾക്ക് അത്ര മോശമൊന്നുമില്ല.

ഒരു ചേട്ടനും കൂടിയുണ്ട്.

വർഗീസ് ചെറിയാൻ. വർക്കിയെ പോലെ തന്നെ കാഞ്ഞ ബുദ്ധിയാണ്.
പെങ്ങന്മാർക്ക് കുന്നേൽ തറവാട്ടിലെ വില പിടിപ്പുള്ള സാധനങ്ങളിലാണ് കണ്ണുള്ളതെങ്കിൽ.. വർഗീസ് നോട്ടമിട്ടിരിക്കുന്നത്.. ബിസിനസ് ഷെയറിലാണ്.

പക്ഷേ ഇന്ന് വരെയും അയാൾക്ക് അങ്ങോട്ട്‌ നുഴഞ്ഞു കയറാൻ ആയിട്ടില്ല.

എന്താണ് അതിന്റെ കാരണമെന്ന് മാത്രം ക്രിസ്റ്റിക്ക് അറിയില്ലായിരുന്നു.

വീട്ടുകാർ പറയുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന.. അനുസരിക്കുന്ന വർക്കി എന്ത് കൊണ്ടാവാം സ്വന്തം ചേട്ടനെ ഓഫീസിൽ അടുപ്പിക്കാത്തത് എന്നൊരുപാട് പ്രാവശ്യം ഓർത്തു നോക്കിയിട്ടുണ്ട്.

അയാൾക്കതു ചെയ്യാൻ വളരെ എളുപ്പമാണ് എന്നിരിക്കെ അത് ചെയ്യാതിരിക്കാൻ കാര്യമായ എന്തോ കാരണമുണ്ടായിരിക്കും.വർക്കിയുടെ കയ്യിൽ ഭരണമെത്തിയത് മുതൽ വർഗീസ് അതിന് ശ്രമിച്ചിട്ടും നടന്നില്ല. ഇന്ന് രണ്ടാണ്മക്കൾ ഉള്ളതിൽ ഏതെങ്കിലുമൊന്നിനെ എന്നതിലേക്കായി മാറിയിട്ടുണ്ട് അയാളുടെ ആവിശ്യം.

അത്രമേൽ ആരെയോ.. എന്തോ.. വർക്കി ഭയപെടുന്നുണ്ട് എന്നുറപ്പുണ്ട്.

ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും റോയിസിൽ ചുറ്റി നിന്നു.

ദിലു കേക്ക് കഷ്ണം അവന്റെ വായിൽ വെച്ച് കൊടുക്കുമ്പോൾ അവനാ കയ്യിൽ കടിച്ചിട്ട് കണ്ണടച്ച് കാണിക്കുന്നതും ദിൽനയുടെ മുഖം നിമിഷങ്ങൾ കൊണ്ട് ചുവന്നു തുടുക്കുന്നതും ക്രിസ്റ്റി മാത്രമാണ് കണ്ടത്.

അവളെ തൊട്ട് ചാരി നിൽക്കുന്ന റോയ്സിന്റെ വലതു കൈ ദിൽനയുടെ ഇടുപ്പിൽ ഞെരിഞ്ഞമരുന്നത് കൂടി കണ്ടതോടെ ക്രിസ്റ്റിയുടെ പിടി വിട്ട് പോയിരുന്നു.

മറ്റാരും ഒന്നും അറിയുന്നില്ലങ്കിൽ കൂടിയും റോയ്സിന്റെ കണ്ണുകൾക്ക് വന്യമായൊരു തിളക്കമുണ്ട്.

ദിൽനയാവട്ടെ അവനോട് ചേർന്നു ചുവന്നു നിൽക്കുന്നു.

കാറ്റ് പോലെ ഓടിയിറങ്ങി ചെന്ന ക്രിസ്റ്റി ആളുകളെ വകഞ്ഞു മാറ്റി ഒറ്റ വലിക്ക് റോയ്‌സിനെ ദിലുവിന്റെ അരികിൽ നിന്നും വലിച്ചു മാറ്റി.

അവന്റെ ഇരു കവിളിലും അവന്റെ കൈകൾ മാറി മാറി പതിഞ്ഞു.

കണ്ണടച്ച് തുറക്കും മുന്നേ നടന്നു കഴിഞ്ഞ കാര്യങ്ങളുടെ നടുക്കത്തിൽ വിറച്ചു നിൽക്കുന്നവരെല്ലാം ക്രിസ്റ്റിയുടെ ദേഷ്യം കൊണ്ട് ചുവന്നു പോയ മുഖത്തെക്ക് പകച്ചു കൊണ്ടാണ് നോക്കിയത്.

അവന്റെ കണ്ണുകൾ തീക്ഷണതയോടെ റോയ്‌സിന് നേരെയാണ്.

അറിയാതെ തന്നെ ആ നോട്ടത്തിൽ അവൻ വിറച്ചു പോയിരുന്നു.

വിളറി വെളുത്തു നിൽക്കുന്ന ദിൽനയെകൂടി ക്രിസ്റ്റിയൊന്നു തല ചെരിച്ചു നോക്കി.

അവൾ വെപ്രാളത്തോടെ തല കുനിച്ചു.

"എന്തിനാടാ നീ എന്റെ കൊച്ചിനെ തല്ലിയത്?"
ആദ്യത്തേ പകപ്പ് മാറിയതും സൂസന്റെ ശബ്ദം ആ ഹാളിനെ പ്രകമ്പനം കൊള്ളിച്ചു.

ക്രിസ്റ്റീയോടുള്ള മുഴുവൻ ദേഷ്യവുമതിൽ മുഴച്ചു നിന്നിരുന്നു.

നിറഞ്ഞ നിശബ്‍ദയിൽ ആ ചോദ്യം വീണ്ടും വീണ്ടും തനിക്ക് നേരെ ഉയരും എന്നറിഞ്ഞിട്ടും ക്രിസ്റ്റി റോയ്‌സിനെ തന്നെ തുറിച്ചു നോക്കി.

"നല്ല രീതിയിൽ നടക്കുന്ന പരിപാടി അലങ്കോലമാക്കാൻ ഇവൻ കരുതി കൂട്ടിയാണ്..."

ക്രിസ്റ്റിയുടെ കൂർത്ത നോട്ടത്തിൽ.. പറയാൻ വന്നത് മുഴുവനും പറയാൻ കഴിയാതെ റിഷി പരുങ്ങി.
ഡെയ്സി ദയനീയമായി നോക്കുന്നത് കണ്ടിട്ടും ക്രിസ്റ്റിയുടെ മുഖം ലേശം പോലും അയഞ്ഞില്ല.

"നിന്ന് നോക്കി വിറപ്പിക്കാതെ നീ കാര്യം പറയെടാ വൃത്തികെട്ടവനെ?"
സൂസൻ വീണ്ടും ഉറഞ്ഞു തുള്ളി.

"കുടുംബത്തു കയറി വൃത്തികേട് കാണിച്ച.. തല്ലുകയല്ല.. കൊ...ല്ലും ഞാൻ "

ക്രിസ്റ്റി റോയ്‌സിനെ ഒന്ന് കൂടി തുറിച്ചു നോക്കിയാണ് സൂസനുള്ള ഉത്തരം കൊടുത്തത്.

"അതിന് നീ ഏതാടാ..?എവിടെടാ നിന്റെ കുടുംബം..? ഇതെന്റെ ആങ്ങളയുടെ മോളുടെ പിറന്നാൾ ഫങ്ക്ഷൻ ആണെന്നാണ് എനിക്ക് അറിവുള്ളത്. അതിലേക്കാണ് എന്നെയും എന്റെ മോനെയും ക്ഷണിച്ചതും. അത് അലങ്കോലമാക്കാൻ കരുതി കൂട്ടി അല്ലേടാ നാശമേ നീ എന്റെ മോനെ പിടിച്ചു അടിച്ചത്. നിനക്ക്... നിനക്ക് നല്ല മുഴുത്ത അസൂയയാണെടാ "

ക്രിസ്റ്റിയെ ആൾക്കൂട്ടത്തിലിട്ടൊന്നു കുടയാനുള്ള അവസരത്തെ സൂസൻ നന്നായി തന്നെ ഉപയോഗിച്ചു.

"ചോദിക്ക് വർക്കിച്ച.. നിങ്ങൾ വിളിച്ചിട്ടില്ലേ ഞാനും എന്റെ കൊച്ചനും വന്നത്.? എന്നിട്ടവനെ പിടിച്ചു അടിക്കാൻ മാത്രം എന്നതാ എന്റെ കൊച്ചു ചെയ്ത വൃത്തികേടെന്ന് അവനോട് ചോദിക്കങ്ങോട്ട് "

വർക്കിയുടെ മുന്നിൽ ചെന്ന് നിന്നിട്ട് സൂസൻ കള്ള കരച്ചിൽ തുടങ്ങി.

ക്രിസ്റ്റിയുടെ നേരെ ദിൽന പേടിയോടെയാണ് നോക്കുന്നത്.

ക്ഷണിച്ചു കൂട്ടിയ ആളുകൾക്കിടയിൽ അവളുടെ കൂട്ടുകാർക്കിടയിൽ..ക്രിസ്റ്റി സത്യം പറഞ്ഞാൽ....

അവനെല്ലാം കണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.
ആ ഓർമയിൽ തന്നെ അവൾ വിയർത്തു കുളിച്ചു പോയിരുന്നു.

"ഇവനെന്റെ പെങ്ങളുടെ മകനാണ്. ഞാൻ വിളിച്ചിട്ടാണ് വന്നതും.ആ ഇവനെ പിടിച്ചടിക്കാൻ നിനക്കാരാണ് അനുവാദം തന്നത്.?ഇവനെന്നാ വൃത്തികേടാണ് കാണിച്ചതെന്ന് പറയണം നീ? പറഞ്ഞേ തീരു. കാരണം ഇത് ഞാൻ കാശ് മുടക്കി നടത്തുന്ന ഒരു പരിപാടിയാണ്. നിന്നയാവട്ടെ ഞാനോ എന്റെ പിള്ളേരോ ക്ഷണിച്ചിട്ടുമില്ല. പിന്നെയും ഇവിടിങ്ങനെ ഒരു പ്രഹസനം കാണിച്ചത് എന്തിനെന്നു നീ പറഞ്ഞേ പറ്റൂ ക്രിസ്റ്റി ഫിലിപ്പ് "

അത്രേം ആളുകൾക്ക് മുന്നിൽ വന്നു നിന്നിട്ട് വർക്കി ക്രിസ്റ്റിയുടെ നേരെ നോക്കി ചോദിച്ചു.

പെങ്ങൾ പകർന്ന ധൈര്യത്തിൽ അയാളുടെ ദേഷ്യം ആളി കാത്തുന്നുണ്ട്. അതിനൊപ്പം തന്നെ ക്രിസ്റ്റീയോടുള്ള പകയും.

ഡെയ്സിയുടെ മുഖം കുനിഞ്ഞു പോയത് ക്രിസ്റ്റിയുടെ നോട്ടത്തിന് മുന്നിലാണ്.
"നിങ്ങൾ ക്ഷണിച്ചിട്ടല്ലേ "എന്നൊരു ധ്വനിയുണ്ടായിരുന്നുവതിൽ.

അവന്റെ കണ്ണുകൾ വീണ്ടും റോയ്സിന്റെ നേരെയായിരുന്നു.

ഒരു വിജയിയുടെ ഭാവമാണ് അവന്. വീണ്ടും ക്രിസ്റ്റിയുടെ നോട്ടം ദിൽനയിൽ തങ്ങി.

താനിപ്പോ നടന്നതെല്ലാം പറയുമെന്നത് പോലെ വിങ്ങി നിൽക്കുന്നുണ്ട്.
ഇത്രേം പേരുടെ ഇടയിൽ നിന്നും അപമാനിക്കപെടുമോ എന്നൊരു പേടി ക്രിസ്റ്റിയാ കണ്ണുകളിൽ കണ്ടിരുന്നു.

കൂടി നിന്നവരിൽ നിന്നും അക്ഷമയുടെ ശബ്ദങ്ങൾ മുഴങ്ങുന്നുണ്ട്.
സത്യം പറയണമെന്നുണ്ടങ്കിലും .. തനിക്കറിയാത്ത എന്തോ ഒരു കുരുക്ക് ഇതിനപ്പുറമുണ്ടന്ന് ക്രിസ്റ്റിക്ക് തോന്നി.അവന്റെ കണ്ണുകളിൽ ജാഗ്രത നിറഞ്ഞു.

റോയ്സ് എപ്പോ വന്നാലും ദിലുവിനെ ചുറ്റി പറ്റി നടക്കുന്നത് കാണാറുണ്ട്.
സൂസനും അവളോട് അമിതമായൊരു വാത്സല്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്.

സൂസനും റോയ്സും പരസ്പരം കണ്ണുകൾ കൊണ്ട് സന്ദേശങ്ങൾ കൈ മാറുന്നത് വളരെ വ്യക്തമായി അവൻ കണ്ടു.

വലിഞ്ഞു മുറുകിയ അവന്റെ നേരെ നോക്കി വലിയൊരു ആൾക്കൂട്ടം ആകാംഷയോടെ നിൽപ്പുണ്ട്..

അവൻ പറയുന്ന ഉത്തരം കേൾക്കാനെന്നത് പോലെ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story