നിലാവിന്റെ തോഴൻ: ഭാഗം 14

nilavinte thozhan

രചന: ജിഫ്‌ന നിസാർ

"എന്നാത്തിനാ ഡാ നിന്റെയാ ഉണക്ക പട്ടി കിടന്നു തൊള്ള കീറുന്നത്?"

കൈകൾ കഴുകി മുറ്റത്തേക്ക് നീട്ടി തുപ്പി നിൽക്കുന്ന ക്രിസ്റ്റിയുടെ അരികിലേക്ക് വന്നു കൊണ്ട് മാറിയാമ്മച്ചി ചോദിച്ചു.

"ടോമി.. അതാണവന്റെ പേര് "

ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞ് നിന്ന് മറിയാമ്മച്ചിയെ നോക്കി.

"ഓഓഓ പിന്നെ... ഒരു ടോമി.വയറ് പൊട്ടും പോലെ തിന്നുക വാലും ചുരുട്ടി കിടന്നു ഉറങ്ങുക എന്നല്ലാതെ വല്ല പണിയുമുണ്ടോ അതിന്?"

ക്രിസ്റ്റിയെ മനഃപൂർവം ദേഷ്യം പിടിപ്പിക്കുകയാണ് മറിയാമ്മച്ചി.

അവർക്കറിയാം അവനാ ടോമിയോടുള്ള ഇഷ്ടം. തിരിച്ചും അതിന് അവനോടുള്ളതും.

"അവൻ നിങ്ങക്കീ വീട്ടിലെ പണി കൂടി വന്നു ചെയ്തു തരും.. അത് മതിയാവോ തമ്പുരാട്ടിക്ക് "

ക്രിസ്റ്റി വീണ്ടും മുറ്റത്തേക്ക് നോക്കി കൊണ്ടാണ് ചോദിച്ചത്.

മറിയാമ്മച്ചി ചിരി അമർത്തി.

"എന്നോട് തർക്കിക്കാൻ നിക്കാതെ അങ്ങോട്ടിറങ്ങി ചെന്ന് നോക്കെടാ നീ . വല്ല പന്നിയുമാവും. ആ പറമ്പിലുള്ളത് സകലതും ഇപ്പൊ കിളച്ച് മാന്തിയിടും. നാശങ്ങൾ."

മറിയാമ്മച്ചി പറഞ്ഞു.

"ആ ഷീറ്റ് പുരയുടെ അടുത്തേക്കുള്ള ലൈറ്റൊന്നിട്ടേ മറിയമ്മച്ചി "

അതും പറഞ്ഞു കൊണ്ട് വർക്ക് ഏരിയയിൽ നിന്നും ക്രിസ്റ്റി മുറ്റത്തേക്കിറങ്ങി.

മറിയമ്മച്ചി അകത്തേക്ക് തന്നെ ചെന്ന് ലൈറ്റിന്റെ സ്വിച്ച് ഓൻ ചെയ്തു.

"എന്താ.. എന്താ ചേടത്തി?"

ഡെയ്‌സിയും ആകുലയോടെ ചോദിച്ചു.

"ഒന്നുല്ല കൊച്ചേ. പുറത്താ ചെക്കന്റെ ടോമി കിടന്നു ബഹളം വെക്കുന്നു. അതെന്നതാ ന്ന് നോക്കാൻ പോയേക്കുവാ "

പുറത്തേക്ക് തന്നെ നോക്കി കൊണ്ട് മറിയാമ്മച്ചി പറഞ്ഞു.

"ഒറ്റക്കാണോ പോയത്?"
ഡെയ്സി വെപ്രാളത്തോടെ ചാടി എഴുന്നേറ്റു.

"പിന്നല്ലാതെ. പുറത്തൊരു ഒച്ച കേട്ടാൽ പോയി നോക്കാൻ മാത്രം അവനായില്ല്യോ.?"

മറിയാമ്മച്ചി ചൊടിയോടെ ചോദിച്ചു.

"അതല്ല ചേടത്തി.. ഒറ്റയ്ക്ക് "

പുറത്തേക്കൊന്ന് പാളി നോക്കി കൊണ്ട് ഡെയ്സി വീണ്ടും പറഞ്ഞു.

"എന്റെ കൊച്ചേ.. നീ ഇരുന്നങ്ങോട്ട് കഴിക്ക്. പുറത്തോട്ട് പോയി നോക്കാൻ ഒരു പള്ളി പെരുന്നാളിനുള്ള ആളൊന്നും വേണ്ട.അതിനെന്റെ ചെക്കൻ തന്നെ ധാരാളം "

ഒട്ടൊരു അഭിമാനത്തോടെയാണ് മറിയാമ്മച്ചി അത് പറഞ്ഞത്.
എന്നിട്ടും ഡെയ്സിയുടെ വേവലാതി അൽപ്പം പോലും കുറഞ്ഞിട്ടില്ല.

"നീ വെറുതെ ആധി കൂട്ടാതെന്റെ പെണ്ണേ.എന്റെ കുഞ്ഞ് ഒറ്റയ്ക്ക് പൊരുതാൻ പഠിച്ചവനാ. അവനിതൊന്നും പുത്തരിയല്ല. നീ അങ്ങോട്ടിരുന്നു അത് മുഴുവനും കഴിച്ചേ "

മറിയമ്മച്ചി പറഞ്ഞത് കേട്ടത്തോടെ ഡെയ്സിയുടെ മുഖം കുനിഞ്ഞു.
പിന്നൊന്നും പറയാതെ അവർ തിരികെയിരുന്നു.

"ടോമി... "

അൽപ്പം ഉറക്കെ തന്നെ ക്രിസ്റ്റി വിളിച്ചതും.. കൂറ്റനൊരു നായ ഓടി വന്നവന്റെ കാലിൽ മുട്ടിയുരുമ്മി.

"എന്താടാ?"
ക്രിസ്റ്റി കുനിഞ്ഞു നിന്ന് കൊണ്ടവന്റെ തലയിലൊന്ന് തലോടി കൊണ്ട് ചോദിച്ചതും വീണ്ടും ഷീറ്റ് പുരയിലേക്ക് നോക്കി ടോമി ഉച്ചത്തിൽ കുരച്ചു തുടങ്ങി.

"അവിടെന്താ?"

നിവർന്നു നിന്ന് കൊണ്ട് ക്രിസ്റ്റിയും അങ്ങോട്ട്‌ നോക്കി.
"വാ.. നോക്കിയിട്ട് വരാം "

ക്രിസ്റ്റി പറഞ്ഞതും ടോമി അവന്റെ മുന്നിൽ നടന്നു.

                          ❣️❣️❣️

പുറത്തെ നായയുടെ കുര നിന്നുവെങ്കിലും വേറെന്തോയവിടെ നടക്കുന്നുണ്ടെന്നൊരു ഭയം പാത്തുവിനെ പൊതിഞ്ഞു നിന്നിരുന്നു.

വീണ്ടുമവൾ വിറച്ചു തുടങ്ങി.

"പടച്ചോനെ... ഇനിയുമെന്നേ പരീക്ഷിക്കല്ലേ "

മൂകമായി ഒരു മൂലയിലേക്ക് പതുങ്ങി കൊണ്ടവൾ കണ്ണുകൾ അടച്ചു.

"ഇവിടൊന്നും കാണുന്നില്ലല്ലോടാ.."

പുറത്ത് നിന്നുമൊരു ഗാഭീര്യം നിറഞ്ഞ ഒരു പുരുഷ സ്വരം.

പാത്തു ഒന്നൂടെ ചുവരിലേക്ക് പതുങ്ങി.

ഭയം കൊണ്ടവളുടെ ശ്വാസം പോലും വിറച്ചു.

"നീയെന്താടാ.. ആളെ കുരങ്ങ് കളിപ്പിക്കുന്നുണ്ടോ?"

വീണ്ടും ആ ശബ്ദവും അതിന് പിറകെ പഴയത് പോലെ തന്നെ ഉച്ചത്തിൽ നായയുടെ കുരയും ഉയർന്നു.

"ആ.. മതി.. നിർത്ത്. ഞാൻ നോക്കട്ടെ "
ടോമിയുടെ പ്രതിഷേധമറിഞ്ഞത് പോലെ ക്രിസ്റ്റി പറഞ്ഞു.
പോക്കറ്റിൽ കിടന്ന ഫോണിൽ ഫ്ലാഷ് തെളിയിച്ചു കൊണ്ട് ക്രിസ്റ്റി ഒന്നൂടെ അകത്തേക്ക് ചെന്നു.

അവന് പിറകെ തൊട്ടുരുമ്മി കൊണ്ട് ടോമിയും.

പാത്തുവിന്റെ ചങ്കിടിപ്പ് പുറത്ത് കേൾക്കുന്ന പരുവത്തിലാണ്.
കൈകൾ കൊണ്ട് വാ അമർത്തി കൊണ്ടവൾ പതുങ്ങി.

കണ്ണുകൾ ഭയം കൊണ്ടാണ് നിറഞ്ഞു തൂവുന്നത്.

ക്രിസ്റ്റിയുടെ ഫോണിന്റെ ഫ്ലാഷ് അവൾക്ക് നേരെ തിരിഞ്ഞ ആ നിമിഷം തന്നെ ടോമി അവൾക്ക് നേരെ കുതിച്ചു.

"ടോമി... നോ "പിറകിൽ നിന്നും ക്രിസ്റ്റി ഉറക്കെ പറഞ്ഞതും ടോമി നിന്നിടത്തു തന്നെ അനങ്ങാതെ നിന്നു കൊണ്ട് പാത്തുവിനെ നോക്കി ഉറക്കെ കുരച്ചു.

ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം പാത്തു ചാടി എഴുന്നേറ്റു കൊണ്ടവനെ അള്ളി പിടിച്ചു.

അതോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ക്രിസ്റ്റിയൊന്നു പിറകിലേക്ക് ആഞ്ഞു പോയി. എങ്കിലും അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.

ആലില പോലെയവൾ വിറക്കുന്നുണ്ട്.

ടോമി... "

ആക്ഞ്ഞ പോലെ ക്രിസ്റ്റിയുടെ സ്വരമുയർന്നതും ടോമി ബഹളങ്ങളെല്ലാം നിർത്തി അവന്റെ കാൽ ചുവട്ടിൽ പതുങ്ങി കിടന്നു.

പാത്തുവിന്റെ കൈകൾ അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു കൊണ്ട് തന്നെയാണ്.

കണ്ണുകൾ താഴെ കിടക്കുന്ന ടോമിയിലാണ്.

"പേടിക്കണ്ട... അവനൊന്നും ചെയ്യില്ല "

അവളുടെ ഓരോ ഭാവങ്ങളെയും സൂക്ഷ്മമായി നോക്കി നിന്ന ക്രിസ്റ്റി.. വിറക്കുന്ന പാത്തുവിനോട് പതിയെ പറഞ്ഞു.

ഒരു നിമിഷം അവളുടെ കണ്ണുകൾ അവന്റെ നേരെയുയർന്നു.

കണ്ണുകൾ തമ്മിലിടഞ്ഞ നിമിഷം..

താനവനെ പറ്റി പിടിച്ചാണ് നിൽക്കുന്നതെന്ന് മനസ്സിലായതും പാത്തു പെട്ടന്ന് കൈ എടുത്തു മാറ്റി കൊണ്ട് അൽപ്പം അകന്ന് നിന്നു.

താഴെ നിന്നും ടോമിയൊന്നു മുരണ്ടതും പാത്തു വീണ്ടും ഭയത്തോടെ ക്രിസ്റ്റിയുടെ പിന്നിലേക്ക് മാറി.

അരണ്ട വെളിച്ചത്തിൽ ആ ഭയന്നു തുടുത്ത മുഖത്തെക്കും... പിടക്കുന്ന കണ്ണിലേക്കു ക്രിസ്റ്റി സംശയത്തോടെയാണ് നോക്കിയത്.

"ആരാ നീ?"

ഇത്തിരി നേരത്തെ നിശബ്‍ദകൊടുവിൽ അവനത് ചോദിക്കുമ്പോൾ പാത്തുവിന്റെ നീളൻ മിഴികൾ വീണ്ടും പിടഞ്ഞു.

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു.

"പറയ്‌.. നീ എങ്ങനെ ഇവിടെത്തി. അതും ഈ നേരത്ത്?"

വിടാനുള്ള ഭാവമില്ലാത്ത പോലെ ക്രിസ്റ്റി വീണ്ടും ചോദിച്ചു.

"ഞാൻ.. ഞാൻ.."പാത്തു അവന്റെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് നോക്കി.

അവനോടൊന്നും പറയാതെ ഓടി പോകാമെന്നു കരുതിയവളുടെ കണ്ണുകൾ ഇടം വലം തുടിച്ചു.

മുന്നോട്ട് കുതിക്കാനാഞ്ഞവൾ.. ടോമിയുടെ ഒറ്റ കുരയോടെ തറഞ്ഞു നിന്ന് പോയി.

"ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറയാതെ നിനക്കിനി ഇവിടെ നിന്നും പോകാനാവില്ല "

പിറകിൽ നിന്നും ക്രിസ്റ്റിയുടെ സ്വരം.

ഭയത്തോടെ വീണ്ടും അവളുടെ കൈകൾ തമ്മിൽ പിരിഞ്ഞു.

"ക്രിസ്റ്റിയെ.... എടാ "

പുറത്ത് നിന്നും മറിയാമ്മച്ചിയുടെ നീട്ടിയുള്ള വിളി.

"ആാാ.. ഇവിടുണ്ട് "

അൽപ്പം ഉറക്കെ തന്നെ പറഞ്ഞു കൊണ്ട് അവനും പാത്തുവിനെ ഒന്ന് നോക്കി.

"ഓടി പോകാമെന്നു വല്ല ഉദ്ദേശവുമുണ്ടെങ്കിൽ നീ ആദ്യം തോൽപ്പിക്കേണ്ടത് എന്റെ ടോമിയെ ആവും. അത് മറക്കണ്ട. ഒറ്റ കടിക്ക് ഒരു കിലോ ഇറച്ചി.. അതാണവന്റെ പോളിസി."

നേർത്തൊരു ചിരിയോടെ പറഞ്ഞു കൊണ്ട് ക്രിസ്റ്റി അവൾക്ക് മുന്നിലേക്ക് നിന്നു.

"ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി അവരെ അകത്തേക്ക് പറഞ്ഞു വിട്ടിട്ട് വരാം "

അതും പറഞ്ഞിട്ട് അവൻ ഷീറ്റ് പുരക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു.

പാത്തു ഭയത്തോടെ ടോമിയെ ആണ് നോക്കിയത്.

"എന്നതാടാ അവിടെ?"

വാതിൽക്കൽ വന്നു നിന്ന് കൊണ്ട് മറിയാമ്മച്ചി അവനോട് ചോദിച്ചു.

അവർക്ക് പിറകിൽ ഡെയ്സിയുമുണ്ട്.

"അവിടെ.. മുഴുത്തൊരു പാമ്പ്. തല്ലി കൊന്നിട്ടുണ്ട് ഞാൻ "

ക്രിസ്റ്റി നിസ്സാരതയോടെ പറഞ്ഞു.

"എങ്കിൽ കേറി വാ. സമയം ഒരുപാടായില്ലേ. ഇനിയെന്താ അവിടെ നോക്കി നിൽക്കുന്നത്?"

മറിയമ്മച്ചി അവനെ നോക്കി.

"നിങ്ങൾ പോയി കിടന്നോ. ഞാനൊരു കുഴി കുത്തി അതിനെയൊന്ന് മൂടട്ടെ. ഇല്ലെങ്കിൽ നേരം വെളുക്കുമ്പോൾ അതൊരു ജോലിയാവും."

ക്രിസ്റ്റി അലസമായി പറഞ്ഞു.

"രാവിലെയെന്നതാ.. നിനക്കിത്രേം ജോലി? നാളെ വെട്ടുണ്ടോ?"

മറിയാമ്മച്ചിയുടെ സ്വരം കൂർത്തു.

"ആ... ഉണ്ട്. അത് കഴിഞ്ഞു കോളേജിൽ പോണ്ടേ. നാളേയിച്ചിരി നേരത്തെ പോണം "

മറിയാമ്മച്ചിയുടെ ചോദ്യത്തെ കിസ്റ്റി നേരിട്ടു.

"വാതിൽ ചാരിയിട്ട് പോയി കിടന്നോ. സമയം ഒരുപാടായി. ഞാൻ വന്നോളാം "

പിന്നൊന്നും പറയാൻ നിക്കാതെ ക്രിസ്റ്റി തിരിഞ്ഞു നടന്നിരുന്നു.ഇല്ലെങ്കിൽ ഇനിയും ധാരാളം ചോദ്യങ്ങൾ വരുമെന്ന് അവനുറപ്പായിരുന്നു.

"ഇനി നിന്നിട്ട് കാര്യവില്ല. അവൻ വിചാരിച്ചതല്ലേ അവൻ ചെയ്യൂ. പോയി കിടക്കാൻ നോക്ക് കൊച്ചേ. അവൻ ഇള്ളാ കുഞ്ഞൊന്നുമല്ലല്ലോ "

മറിയാമ്മച്ചി അരികിൽ നിന്നിരുന്ന ഡെയ്സിയെ നോക്കി പറഞ്ഞു.

ക്രിസ്റ്റി വിളിച്ചിട്ട് വരാത്ത കലിപ്പിന്റെ കനം മുഴുവനുമുണ്ടായിരുന്നു അവരുടേയാ വാക്കുകൾക്ക്.

ഡെയ്സിയും പുറത്തേക്ക് ഒന്നൂടെ നോക്കിയിട്ട് തിരിച്ചു നടന്നു.

പിന്നിലേക്ക് ഒന്നുകൂടി നോക്കിയിട്ടാണ് ക്രിസ്റ്റി വീണ്ടുമാ ഷീറ്റ് പുരകുള്ളിലേക്ക് കയറിയത്.

ടോമിയെ തുറിച്ചു നോക്കി ശ്വാസം പിടിച്ചു കൊണ്ട് പാത്തു ചുവരിൽ ചാരി നിൽക്കുന്നുണ്ട്.

അവനെ കണ്ടവൾ വീണ്ടും ആശ്വാസത്തോടെ ടോമിയെ നോക്കി.

"ഇനി പറ... ആരാണ് നീ..? ഈ പാതിരാത്രി എങ്ങനെ ഇവിടെത്തി?"

അവൾക്ക് മുന്നിൽ വന്നു നിന്നിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല.

"സത്യം പറയാതെ ഇവിടെ നിന്നും രക്ഷപെട്ടു പോകാമെന്നു മാത്രം ചിന്തിച്ചു സമയം കളയേണ്ട നീ."

അവളുടെ മൗനം കണ്ടിട്ട് ക്രിസ്റ്റി വീണ്ടും പറഞ്ഞു.

ഷീറ്റടിക്കുന്ന വലിയ മെഷീൻ വച്ചിരുന്ന സിമന്റ് തിണ്ണയിലേക്ക് ചാരി അവൻ അവളെ തന്നെ നോക്കി.

"കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഓടി പോയത് നീയല്ലേ?"
അവന്റെ ചോദ്യം കേട്ടവൾ അതേയെന്ന് തലയാട്ടി.

"എന്നതാ നിന്റെ പേര്..?"

അതിനും അവളൊന്നും മിണ്ടിയില്ല.

"ടോമി.."

ക്രിസ്റ്റിയൊരു ഈണത്തിൽ വിളിച്ചതും താഴെ കിടന്നിരുന്ന ടോമിയൊന്ന് തലപൊക്കി നോക്കി മുരണ്ടു.

"ഫാത്തിമ... അതാണ്‌ ന്റെ പേര് "

അവൾ വെപ്രാളത്തിൽ പറഞ്ഞത് കേട്ട് ക്രിസ്റ്റിക്ക് ചിരി വന്നു.

പാത്തുവിന്റെ കണ്ണുകളപ്പോഴും ടോമിയുടെ നേരെയാണ്.

"ഫാത്തിമക്കെന്താണ് എന്റെ വീട്ടിൽ കാര്യം?"
കൈകൾ നെഞ്ചിൽ കെട്ടി ക്രിസ്റ്റി വീണ്ടും അവളെ നോക്കി.

പാത്തു അതിനുത്തരം പറയാതെ അവനെ നോക്കി കണ്ണ് നിറച്ചു.

"നിന്റെ വീടെവിടാ...?"

ആ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ക്രിസ്റ്റി വല്ലായ്മയോടെയാണ ചോദ്യം ചോദിച്ചത്.

"ഞാൻ.... ഞാൻ അറക്കലെ..."
പാത്തു വിക്കി.

"അറക്കലെ... അറക്കലെ ആരാ? "

ക്രിസ്റ്റിയുടെ കണ്ണുകൾ പിടച്ചു.

"അറക്കലെ... സലാമിന്റെ.. മകളാ "

വിറച്ചു കൊണ്ട് പാത്തു പറഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story