നിലാവിന്റെ തോഴൻ: ഭാഗം 16

രചന: ജിഫ്‌ന നിസാർ


"നിനക്കെന്താടാ ക്രിസ്റ്റി, തീരെ വെളിവില്ലാതായി പോയോ?"

ഫൈസി കടുപ്പത്തിൽ ചോദിക്കുന്നത് കേട്ട് ക്രിസ്റ്റിയുടെ കൈകൾ ഫോണിൽ മുറുകി.

ഒരുവേള അവന്റെ കണ്ണുകൾ പാത്തുവിന്റെ നേരെ നീണ്ടു.
അവളുടെ കണ്ണുകളപ്പോഴും ടോമിയുടെ നേരെയാണ്.

ഒരുപക്ഷെ ടോമിയവിടെ ഇല്ലായിരുന്നുവെങ്കിൽ അവളോടി പോകുമായിരുന്നു എന്നവന് ഉറപ്പുണ്ട്.

നിസ്സഹായതയും വേദനയും ഒരുപോലെ സഹിച്ചു കൊണ്ട് നിൽക്കുന്നവളെ ഓർത്തു അവനും നോവുന്നുണ്ട്.

"ഡാ "

കാതിൽ വീണ്ടും ഫൈസി ഒച്ചയിട്ടപ്പോൾ ക്രിസ്റ്റി ഫോൺ അൽപ്പം നീക്കി പിടിച്ചു.

ഇനിയെന്ത് ചെയ്യണമറിയാത്ത ഒരവസ്ഥയിൽ ക്രിസ്റ്റി ഫൈസിയെ വിളിച്ചതാണ്.

ചീത്ത വിളിക്കമെന്നുള്ള ഉറപ്പോടെ തന്നെയാണ് അവന്റെ നമ്പറിൽ കോൾ ചെയ്തത്.

മനസ്സിൽ കരുതിയത് പോലെ തന്നെ.. കാര്യം മുഴുവനും പറഞ്ഞു തീരുന്നതിനു മുന്നേ തുടങ്ങിയ കണ്ണ് പൊട്ടുന്ന ചീത്ത വിളിയാണ്.

"നിന്റെ നാക്കിറങ്ങി പോയോ ഡാ?"
ക്രിസ്റ്റിയുടെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് വീണ്ടും ഫൈസി ചോദിക്കുന്നുണ്ട്.

"നീ പറയുവല്ലേ. അത് തീർന്നിട്ട് തുടങ്ങാമെന്ന് വെച്ചു."
ക്രിസ്റ്റി ചെറിയൊരു ചിരിയോടെയാണ് സംസാരിക്കുന്നത്.
പാത്തുവിന്റെ  നേരെ നോക്കുമ്പോഴൊക്കെയും അവനൊരു മഞ്ഞിന്റെ കൂനയിൽ പൊതിഞ്ഞത് പോലെ കുളിരുന്നുണ്ടായിരുന്നു.

"എങ്കിൽ നീ ഇനി കൂടുതലൊന്നും പണയണ്ട. ഇപ്പൊ നിന്റെ ചുമലിൽ കേറാനൊരുങ്ങി നിൽക്കുന്ന ആ വയ്യാവേലിയില്ലേ.. അതെടുത്തിട്ട് അതിന്റെ തറവാട്ടിൽ കൊണ്ടിട്. എന്നിട്ടെനിക്ക് വിളിക്ക്"

പതിവിലും ഗൗരവമുള്ള ഫൈസിയുടെ സ്വരം.

ക്രിസ്റ്റി ധർമ്മസങ്കടത്തിലാണ്.

എല്ലാം അറിഞ്ഞിട്ടിനിയും പാത്തുവിനെ അറക്കൽ തറവാട്ടിലെ ചെന്നായ്ക്കൾക്ക് കടിച്ചു കീറാൻ അവരുടെ മുന്നിൽ ഉപേക്ഷിച്ചു പോരുന്നതിനെ കുറിച്ചവന് ചിന്തിക്കാൻ കൂടി വയ്യായിരുന്നു.

ബാല്യകാലസ്മൃതികളൊന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും.. പാത്തുവിന്റെ സ്ഥാനത്ത് മറ്റേത് പെണ്ണായിരുന്നാലും അവനങ്ങനെയേ ചിന്തിക്കാൻ കഴിയുമായിരുന്നുള്ളു!

"എടാ നീ ഞാൻ പറയുന്നതൊന്നു കേൾക്ക്."
ക്രിസ്റ്റി വീണ്ടും ഫൈസിയെ അനുനയിപ്പിക്കാനുള്ള ശ്രമിത്തിലാണ്.

"നിന്നോടാണ് ക്രിസ്റ്റി ഞാൻ മര്യാദക്ക് പറഞ്ഞത്. അതിനെ കുറിച്ചിനി വേറൊരു തീരുമാനവും ഉണ്ടാവില്ല.നീ എത്ര പറഞ്ഞാലും "
ഒട്ടും അയവില്ലാതെ ഫൈസിയും.

"അങ്ങനെ അല്ല ഫൈസി.. അവളെന്റെ.. നിന്നോട് ഞാൻ പറഞ്ഞില്ലേ.. കാലങ്ങളായി ഞാൻ കാത്തിരിക്കുന്നവളാണ്.. എന്റെ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് "

ശബ്ദം വളരെ കുറിച്ചാണ് ക്രിസ്റ്റിയത് പറഞ്ഞത്.

"നിന്റെ ഭാര്യയൊന്നുമല്ലല്ലോ..?"
ഫൈസി വീണ്ടും കലിപ്പിട്ടു.

ക്രിസ്റ്റി കണ്ണുകൾ അടച്ചു പിടിച്ചു.

"എടാ.. നിനക്കെന്താ പറഞ്ഞിട്ട് മനസ്സിലാവാത്തത്? അറക്കൽ തറവാട്ടിലെ ഇപ്പോഴത്തെ മനുഷ്യരുടെ അവസ്ഥ എന്നേക്കാൾ നിനക്കറിയില്ലല്ലോ? അകന്നൊരു ബന്ധമാണെങ്കിൽ കൂടി അവരോടുള്ള എന്റെ ബന്ധം ഞാൻ എവിടെങ്കിലും പറയുന്നതോ വെളിവാക്കുന്നതും നീ കണ്ടിട്ടുണ്ടോ..?കേട്ടിട്ടുണ്ടോ? എന്താണത് എന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ.?അത്രേം നീചൻമാരാണ് ഇപ്പോഴവിടെയുള്ളത്.സ്വന്തം കാര്യം നടക്കാൻ വേണ്ടി അവരെന്തും ചെയ്യും "

ഫൈസിയൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

"ഷാഹിദിനെ കുറിച്ചും ഞാൻ പറഞ്ഞു തരേണ്ടല്ലോ നിനക്ക്? ആ ഷാഹിദിന്റെ പേരിൽ അങ്ങോട്ട് എത്തിപെട്ട പെണ്ണാണത്.അവനറിഞ്ഞാൽ.. വേണ്ടടാ ക്രിസ്റ്റി. നീ അതെടുത്തു തലയിൽ വെക്കല്ലടാ.അല്ലേൽ തന്നെ ഒരായിരം പ്രശ്നങ്ങൾക്കിടയിൽ ഒറ്റയ്ക്ക് തുഴയുന്നവനാ. ഇതൂടെ താങ്ങാൻ.. വേണ്ടടാ.. നിനക്ക് പറ്റില്ല. അത് കാണാൻ എനിക്കും.വിട്ടേക്ക്..വിട്ടേക്കേടാ "

ഫൈസിയുടെ ശബ്ദത്തിൽ ഷാഹിദിനോടുള്ള ഭയത്തെക്കാൾ കൂട്ടുകാരനോടുള്ള സ്നേഹമാണ് മുഴച്ചു നിന്നിരുന്നത്.
നെഞ്ചിലൊരു തണുപ്പോടെയാണ് ക്രിസ്റ്റി അത് കേട്ട് നിന്നത്.

"നിന്നെ പച്ചക്ക് കൊത്തിത്തിന്നാൻ അവസരം കാത്ത് നിൽക്കുന്നവരാണ് ക്രിസ്റ്റി നിനക്ക് ചുറ്റും. അവർക്കിതൊരു നല്ല ചാൻസാവും. വേണ്ടടാ... നമ്മുക്കിതു വേണ്ട.. അങ്ങനൊരാളെ നീ കണ്ടിട്ടില്ല.. ഇതൊന്നും അറിഞ്ഞിട്ടുമില്ല. അങ്ങനെയങ്ങ് കരുതിയേക്ക്. അവളെ അവളുടെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് നീ അകത്തേക്ക് ചെല്ല്. ഒന്നുറങ്ങി എണീക്കുമ്പോൾ മറന്നു പോയൊരു സ്വപ്നം പോലെ.. അത് മതി ക്രിസ്റ്റി.. അത്രേം മതി "

ഫൈസി പറഞ്ഞതെല്ലാം കേട്ട് ഒരക്ഷരം മിണ്ടാതെ നിൽക്കുവാണ് ക്രിസ്റ്റി.

ഇടയ്ക്കിടെ അവന്റെ കണ്ണുകൾ പാത്തുവിലേക്ക് നീളും.

ഫൈസി പറയുന്ന അത്രേം ലാഘവത്തോടെ ഉപേക്ഷിച്ചു കളയാനാവുമോ തനിക്ക്?

അവളെ നോക്കുമ്പോഴൊക്കെയും ക്രിസ്റ്റിയുടെയും മനസ്സിൽ അതായിരുന്നു.

"നീ എന്താടാ ഒന്നും പറയാത്തത്. ഞാൻ ഇത്രേം പറഞ്ഞിട്ടും ആ പുലിവാള് പിടിക്കാൻ തന്നെയാണ് നിന്റെ തീരുമാനമെങ്കിൽ.. പൊന്ന് മോനെ ഒറ്റ ഒരാളും ഉണ്ടാവില്ല നിന്റെ കൂടേ. അത് മറക്കണ്ട "

ഫൈസി വീണ്ടും പറഞ്ഞു.

"നീ ഉണ്ടാവുമല്ലോ.. എനിക്കത് മാത്രം മതിയെടാ ഫൈസി "

ക്രിസ്റ്റിയുടെ പതിഞ്ഞ സ്വരം.

ഫൈസി ഒരുനിമിഷം ശ്വാസം പിടിച്ചു നിന്നു.

"നീ ഇപ്പൊ പറഞ്ഞതെല്ലാം എന്നേ കുറിച്ചാണ്. ഭയന്നത് മുഴുവനും എനിക്ക് വേണ്ടിയാണ്. എനിക്കറിയാം ഫൈസി. എനിക്കത് മനസ്സിലാവും. പക്ഷേ.. എടാ.. സ്വന്തം അവസ്ഥ ആരോടും പറയാൻ കൂടി വയ്യാതെ ഭയന്ന് വിറച്ചു നിൽക്കുന്ന ഒരു പാവം പെൺകുട്ടിയുടെ ഗതികേട്.. അതിനെതിരെ കണ്ണടക്കാൻ കഴിയോടാ നമ്മക്ക്?അങ്ങനാണോ നമ്മള് പഠിച്ചിട്ടുള്ളത്?"

വളരെ പതിയെ ശാന്തമായാണ് ക്രിസ്റ്റി ചോദിക്കുന്നത്.

ഫൈസി തീർത്തും മൗനമാണ്.

"എനിക്കറിയാം.. എന്നോടുള്ള സ്നേഹം കൊണ്ടാണ് നിനക്കിവളെ കാണാനാവാത്തത്. അതൊന്ന് മാറ്റി നിർത്തിയാൽ എന്നേ പോലും നീയും വേദനികുന്നുണ്ട് ഇവളുടെ അവസ്ഥയിൽ. ഇന്ന് അറക്കൽ തറവാടിന്റെ പടിക്കൽ ഞാനിവളെ ഉപേക്ഷിച്ചു മടങ്ങി.. നാളെ വെളുക്കുമ്പോൾ കേൾക്കുന്നത്തൊരു ദുരന്ത വാർത്തയാണെങ്കിൽ.. എന്നേക്കാൾ അതേറ്റവും ബാധിക്കുന്നത് നിന്നെയാവും. കാരണം എന്റെ പ്രിയപ്പെട്ട ചെങ്ങാതിക്ക് മനുഷ്യരെ സ്നേഹിക്കാനറിയാവുന്ന നല്ലൊരു മനസ്സുണ്ട്."

ക്രിസ്റ്റി നേർത്തൊരു ചിരിയോടെ പറഞ്ഞു നിർത്തി.

"എടാ.. പക്ഷേ."

ഫൈസി വീണ്ടും അവനോടൊന്നും പറയാതെ പാതിയിൽ നിർത്തി.

"ഒരെന്നാലുമില്ല. ഷാഹിദിനെ ഭയന്നിട്ട് ഇന്ന് നമ്മളീ കണ്ണ്നീരിന് നേരെ കണ്ണടച്ചാൽ നാളെയൊരിക്കൽ നമുക്കൊന്ന് മനസ്സമാധാനത്തോടെ ഉറങ്ങാൻ കൂടി ആവത്ത വിധം കുറ്റബോധം കൊണ്ട് നീറി നീറി ജീവിക്കേണ്ടി വരും. അത്... അത് വേണോ ടാ?."

ക്രിസ്റ്റി അവനെ സമാധാനിപ്പിച്ചു.

"നമ്മളെന്ത് ചെയ്യുമെടാ?"

ഫൈസിയുടെ ആകുലത നിറഞ്ഞ ചോദ്യം.

ക്രിസ്റ്റിക്ക് ചിരി വന്നു അവനെ ഓർത്തപ്പോൾ.

"ബോംബെന്നും അല്ലല്ലോ ഡാ. തത്കാലം ഞാൻ അകത്തേക്ക് കൊണ്ട് പോട്ടെ. ഇവിടെല്ലാം കിടന്നിട്ടുണ്ട്. പാട്ടും കൂത്തും എല്ലാം കഴിഞ്ഞിട്ട് ക്ഷീണം കാണും. ഇന്നിവിടെ എവിടെങ്കിലും കൂടി കൊള്ളുമവള്.നാളെ നമ്മക്ക് ചിന്തിച്ചൊരു തീരുമാനമെടുക്കാം "

ക്രിസ്റ്റി പെട്ടന്ന് തോന്നിയ ഒരു ഉപായം പറഞ്ഞു.

"ബോംബാണേൽ ഇത്ര കുഴപ്പമില്ലായിരുന്നു ക്രിസ്റ്റി. അത് കയിലിരുന്ന് പൊട്ടിയ ജീവനെ പോകൂ. ഇതത് പോലല്ലടാ മോനെ. പെണ്ണാണ്. പൊട്ടണ്ട. ജസ്റ്റ്‌ ഒരു തീപ്പൊരി ചിതറിയാൽ മതി. മാനം പോകും.. ഒപ്പം ജീവിതവും. ഒപ്പം മരിച്ചാലും തീരാത്ത ചീത്ത പേര് ബാക്കിയും."

ഫൈസി പറഞ്ഞു.

"പേടിപ്പിക്കാതെടാ തെണ്ടി "
ക്രിസ്റ്റി പല്ല് കടിച്ചു.

"ഞാനൊരു യാഥാർഥ്യം പറഞ്ഞതാടാ തെണ്ടി "
ഫൈസിയും അതേ ഈണത്തിൽ പറഞ്ഞു.

"അറക്കൽ തറവാട്ടിൽ അവളെയാരും അന്വേഷിക്കില്ലേ ക്രിസ്റ്റി?"

ഫൈസി വീണ്ടും ചോദിച്ചു.

"ഇല്ലെന്നാണ് അവൾ പറഞ്ഞത്. അവളെന്നൊരു മനുഷ്യജീവി അവിടെ ഉള്ളതും ഇല്ലാത്തതുമൊന്നും അവരറിയുന്നില്ല ഫൈസി. അവളുടെ മാംസം മോഹിച്ചു പിറകെ കൂടിയവന്മാർക്ക് മാത്രമേ അവളെ തിരികെ കിട്ടേണ്ടതൊള്ളൂ "

അത് പറയുമ്പോൾ ക്രിസ്റ്റിയുടെ മുഖം വലിഞ്ഞു മുറുകി.. കൈകൾ ചുരുണ്ടു.

ടോമിയെ പേടിച്ചാവും... പാടെ തകർന്നിട്ടും നിലത്തേക്ക് ഒന്നിരിക്കാൻ പോലും കഴിയാതെ ഫാത്തിമ ആ ചുവരിൽ തളർന്നു തൂങ്ങി നിൽക്കുന്നത്.

ക്രിസ്റ്റിക്ക് അവളുടെ അവസ്ഥയോർക്കുന്തോറും ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തത് പോലാവുന്നുണ്ട്.

"സൂക്ഷിക്കണേ ഡാ "
ഫൈസി അപ്പോഴും തീരാത്ത വേവലാതിയോടെ പറഞ്ഞു.

"പിടിക്കപെട്ടാൽ... തീർന്നു. ഇത് വരെയും നമ്മൾ ഉണ്ടാക്കിയെടുത്ത സൽപേരൊന്നും ആർക്കും അറിയേണ്ടി വരില്ല. എല്ലാവർക്കും മുന്നിൽ കുന്നേൽ ക്രിസ്റ്റി ഫിലിപ്പ്..."

ബാക്കി പറയാതെ ഫൈസി പാതിയിൽ നിർത്തി.

"എനിക്കറിയാം ഫൈസി. ഞാനെന്റെ മാക്സിമം ശ്രമിക്കും പിന്നെയെല്ലാം കർത്താവ് നോക്കി കൊള്ളും. വേണ്ടാതീനം കാണിക്കാനൊന്നുമല്ലല്ലോ കർത്താവിനെ കൂട്ട് വിളിക്കുന്നത്? ആരോരുമില്ലാത്ത ഒരു പാവം പെൺകുട്ടിയെ സംരക്ഷിക്കാനല്ലേ.?അങ്ങേർക്കും കാണില്ലേ ഇച്ചിരി മനുഷ്യത്വമൊക്കെ ."

ഫൈസിയുടെ ടെൻഷൻ തന്നിലേക്കും പടർന്നു പിടിക്കാതിരിക്കാൻ പരമാവധി പ്രശ്നങ്ങളെ ലാഘവത്തോടെ കാണാനാണ് ക്രിസ്റ്റിയും ശ്രമിച്ചത്.

അവനറിയാം... തനീ ചെയ്യുന്നതിനെ കുറിച്ചൊരു ചെറിയ സൂചന പോലും വർക്കിയോ അയാളോട് കൂറുള്ള ആരെങ്കിലുമോ അറിഞ്ഞാൽ... പിന്നെയുള്ള അവസ്ഥ.

അതിനേക്കാൾ ഭയക്കേണ്ടത്.. അറക്കൽ ഷാഹിദ്.... അവനെയാണ്.

അതൊന്നും അറിയാതെയല്ല.

"ഞാൻ.. ഞാനങ്ങോട്ടു വരണോ ഡാ "

ഫൈസി വീണ്ടും ചോദിച്ചു.

"എന്നാത്തിന്... ഇതെനിക്ക് ചെയ്യാവുന്നതേ ഒള്ളു "
ക്രിസ്റ്റി പറഞ്ഞു.

"സൈഫ് ആയിട്ട് മുകളിൽ എത്തിയിട്ട് വിളിക്കണേ "

ഫൈസി പറയുന്നത് കേട്ടിട്ട് ക്രിസ്റ്റിക്ക് ആ അവസ്ഥയിലും ചിരി വരുന്നുണ്ട്.

"ചത്തു മുകളിലെത്തിയിട്ട് എന്നാണോ കവി ഉദ്ദേശിച്ചത്?"
അവൻ കുറുമ്പോടെ ചോദിച്ചു.

"കരിനാക്ക് വളച്ചൊന്നും പറയാതെ ആ പെണ്ണിനേം വിളിച്ചോണ്ട് അകത്തോട്ടു കേറി പറ്റാൻ നോക്കെടാ നാറി... ഈ നേരത്താണ് അവന്റെയൊരു തമാച്ച "

ഫൈസി പല്ല് കടിക്കുന്നത് ക്രിസ്റ്റി നല്ല വ്യക്തമായി കേട്ടിരുന്നു.

                         ❣️❣️❣️

"അവനെന്തു ഭൂത കണ്ണാടി വെച്ചിട്ടാണാവോ കണ്ട് പിടിച്ചത്? "

ഫോണിൽ കൂടി റോയ്സ് പറയുന്നത് കേട്ടിട്ട് ദിലു കുലുങ്ങി ചിരിച്ചു.

"എന്റെ പൊന്നു പേടിച്ചോ?"

പ്രണയം വാരി വിതറിയ അവന്റെ ചോദ്യം.

ദിൽന ആകെയൊന്നു കുളിർന്നു പോയിരുന്നു.

"മ്മ്... ആ വൃത്തികെട്ടവൻ അതവിടെ പറഞ്ഞിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ."

പല്ല് കടിച്ചു കൊണ്ടാണ് ദിൽന പറയുന്നത്.
മറുവശം റോയ്സ് ഊറി ചിരിച്ചു.

"അത് തന്നെ ആയിരുന്നു എന്റെയും മോഹം. ഇന്നത്തോടെ നിന്റെ അപ്പന്റെ കണക്കില്ലാത്ത സ്വത്തുകളിൽ ഞാൻ കൂടി അവകാശി ആയേനെ.. നശിപ്പിച്ചു.. ആ നാശം പിടിച്ചവൻ "
പല്ല് കടിച്ചു കൊണ്ട് റോയ്സും മനസ്സിൽ പറഞ്ഞു.

"എന്റെ പൊന്നിനെ അവനെന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ... ഇന്നവൻ വിവരമറിഞ്ഞേനെ "

പരമാവധി തേൻ ഒലിപ്പിച്ചു കൊണ്ട് റോയ്സ് വീണ്ടും വീണ്ടും ചൂണ്ടയെറിഞ്ഞു കൊണ്ടേയിരുന്നു.

ദിൽന അവയൊന്ന് പോലും പാഴാക്കി കളയാതെ അവയിലെല്ലാം കൊത്തി വലിച്ചു.

"ഇനി വെച്ചേക്കട്ടെ കേട്ടോ. എന്റെ പൊന്നിന്ന് നന്നായി ക്ഷീണിച്ച് കാണും. ഫോണിൽ തോണ്ടി കളിക്കാതെ കിടന്നുറങ്ങിക്കോ. ഞാനിനി നാളെ വിളിക്കാം "

ആത്മാർത്ഥയുടെയും സ്നേഹത്തിന്റെയും പര്യായമായിരുന്നു റോയ്സ് അത് പറയുമ്പോൾ.

മനസ്സ് നിറഞ്ഞു കൊണ്ടാണ് ദിൽനയും ഫോൺ കട്ട് ചെയ്തത്.

ഇച്ചിരി നേരം കൂടി അവൻ തൊടുത്തു വിട്ട വാക്കുകളുടെ ലഹരിയിൽ അവളെങ്ങനെ തന്നെ ഇരുന്നു പോയി.
ദാഹം തോന്നിയപ്പോഴാണ് കുടിക്കാൻ വെള്ളമെടുത്തില്ല എന്നോർത്തത്.

എഴുന്നേറ്റു അടുക്കളയിലേക്ക് പോകാൻ നല്ല മടി തോന്നിയെങ്കിലും.. കേക്കും ഫുഡും കണ്ടമാനം വലിച്ചു കയറ്റിയത് കൊണ്ട് ദാഹം കലശലാണ്.

വെള്ളം എടുത്തിട്ട് വരാതെ വേറെ നിവൃത്തിയില്ല. ഇപ്പൊ പോയില്ലെങ്കിൽ പാതിരാത്രി എഴുന്നേറ്റു പോകേണ്ടി വരും.

അതിനേക്കാൾ നല്ലത് ഇപ്പൊ തന്നെ പോകുന്നതാണ്.

മടിയോടെ തന്നെ മുറിയിലെ സ്റ്റഡി ടേബിളിലിരുന്ന ജഗ്ഗുമെടുത്ത് കൊണ്ടവൾ വാതിൽ തുറന്നു പുറത്തേക്ക് നടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story