നിലാവിന്റെ തോഴൻ: ഭാഗം 24

nilavinte thozhan

രചന: ജിഫ്‌ന നിസാർ

ഒറ്റതുള്ളികളായി തുള്ളി കൊണ്ടിരുന്ന മഴ സന്ധ്യ മയങ്ങിയതോടെ വല്ലാത്തൊരു ആവേശത്തിലാണ്.

പിന്നെയത് തുള്ളിക്കൊരുകുടമെന്നത് പോലെ.. തിമിർത്തു പെയ്തിറങ്ങി.

നിസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞു പുറത്തേക്കിറങ്ങിയ പാത്തുവിന്റെ പ്രതീക്ഷകൾക്ക് മേലെ മഴ ആർത്തലച്ചു പെയ്തു.

ആ മഴതുള്ളികളെക്കാൾ തീവ്രമായി അവളും പെയ്യുന്നുണ്ട്.

ഇടയ്ക്കിടെ മിന്നുന്ന ഇടിയിൽ അവളുടെ നെഞ്ച് പതുക്കുന്നുണ്ട്.
വരാന്തയുടെ അങ്ങേയറ്റത്ത് ഇജാസിന്റെ തോളിൽ ചാരി നിന്ന് നോക്കുന്ന അമീന്റെ കഴുകൻ കണ്ണുകളിൽ ഒരു വിജയച്ചിരിയുണ്ടെന്ന് തോന്നി അവൾക്കപ്പോൾ.

മിന്നി മറയുന്ന മിന്നലൊളികൾ ഇടയ്ക്കിടെ അവന്റെ മുഖത്തെ ക്രൂരത കാണിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

വീണ്ടും വീണ്ടും പാത്തു നിസ്സഹായതയുടെ പടുക്കുഴിയിലേക്ക് വീണു പോകാൻ പാകത്തിന് അമീന്റെ ചിരി.

ഇടിച്ചു കുത്തി പെയ്യുന്ന മഴതുള്ളികൾ അവന് നിശ്ചയദാർഢ്യം പ്രഖ്യാപിക്കുന്നത് പോലെ,  നെഞ്ചുലഞ്ഞ് നിൽക്കുന്ന അവളെ കണ്ടതേയില്ലായിരുന്നു.

                            ❣️❣️❣️

"നാളെ ഞാൻ നേരത്തെയിറങ്ങാം. നിന്റെ ബൈക്ക് കോളേജിലിരിപ്പല്ലേ?"

ബുള്ളറ്റിൽ നിന്നും ഫൈസിയിറങ്ങിയതും മുന്നിലേക്ക് നീങ്ങിയിരിന്നിട്ട് ക്രിസ്റ്റി പറഞ്ഞു.

"നീ ബുദ്ധിമുട്ടേണ്ടടാ. ഞാൻ ആര്യനെ വിളിച്ചോളാം. അല്ലങ്കിൽ തന്നെ നീ വേട്ടല്ലാം കഴിഞ്ഞു ഇറങ്ങാൻ വൈകും.."

ഫൈസി ബാഗ് തോളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

"ഒക്കെ.. എങ്കിൽ അവനെ വിളിച്ചിട്ട് പറയാൻ മറക്കണ്ട. ഞാൻ പോയി.."

പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയിലേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.

"സൂക്ഷിച്ചു പോ. നല്ല മഴ വരുന്നുണ്ട്. അതങ്ങു ജോറാവുന്നതിന് മുന്നേ വീട് പിടിക്കാൻ നോക്ക് . മഴ കൊണ്ട് പനിച്ചു കിടന്നാ ഒരാഴ്ച പോയി കിട്ടും "

ഫൈസി ഓർമിപ്പിച്ചു.

ഫൈസി അഴിച്ചു കൊടുത്ത ഹെൽമെറ്റ്‌ തലയിലേക്ക് സെറ്റ് ചെയ്തു കൊണ്ട് ക്രിസ്റ്റി തലയാട്ടി.

"ഡാ.."

സ്റ്റാർട്ട് ചെയ്തു അവൻ പോകും മുന്നേ ഫൈസി അവനെ വിളിച്ചു കൊണ്ട് വണ്ടിയുടെ ഹാൻഡിൽ പിടിച്ചു.

"റിഷിനോട് ഇന്ന് കണ്ടതിനെ കുറിച്ചൊന്നും ചോദിക്കരുത്. അവനായിട്ട് നമ്മുക്കൊരു അവസരം തരും. അന്ന് മതി ചോദ്യം ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും. അത് വരെയും ഇതൊന്നും നീ അറിഞ്ഞതായി പോലും ഭാവികരുത്. എവിടെ വരെയും പോകുമെന്ന് നോക്കാം നമ്മക്ക്.... ഇതൊക്കെയല്ലേ നീ പറയാൻ വന്നത്?"

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ഫൈസിയെ നോക്കി.

"മ്മ്...ഇത് തന്നെ.. ഇത് തന്നെ.."

ഫൈസിയും ചിരിയോടെ അവന്റെ തോളിൽ തട്ടി.

വിട്ടോ "

ഫൈസി വീണ്ടും പറഞ്ഞു.

ക്രിസ്റ്റി പിന്നെയൊന്നും പറയാതെ വണ്ടിയെടുത്തു പോയി.

                        ❣️❣️❣️

ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കുമ്പോൾ ക്രിസ്റ്റിയുടെ ഉള്ളം അസ്വസ്ഥമാവുന്നുണ്ടായിരുന്നു.

കാരണം പറയാനറിയാത്തൊരു നോവ് ആ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ അവനെ പൊതിഞ്ഞു നിന്നിരുന്നു.

നല്ലതും ചീത്തയുമായ നിരവധി ഓർമകൾ നാനവഴിക്കും ചിതറി തെറിച്ചും.

ചിലതെല്ലാം കുളിര് പടർത്തിയപ്പോൾ.. ചിലതെല്ലാം കുപ്പി ചില്ല് പോലെ തുളഞ്ഞു കയറി ചോര പൊടിയിച്ചു.

മഴക്കല്ലെങ്കിലും അങ്ങനൊരു വികൃതിയറിയാം.

നമ്മൾ ഏതു അവസ്ഥയിലാണോ.. ആ അവസ്ഥയിലേക്ക് മഴ കൂടി നമ്മളോടൊപ്പം ചേരും.
ഉള്ളിൽ ആനന്ദമാണെങ്കിൽ.. ചിതറി വീഴുന്ന മഴതുള്ളികൾ നമ്മുടെ കൂടെ സന്തോഷത്തോടെ പൊട്ടിചിരിക്കയാണെന്ന് തോന്നും.

ഇനി നമ്മൾ സങ്കടത്തിലാണെങ്കിൽ.. പെയ്തിറങ്ങിയതത്രയും നമുക്കുള്ളിലെ നോവുകാളൊന്നു തോന്നും.

ഇനി തനിച്ചാണെന്ന സങ്കടമാണോ...അപ്പോഴും ഓരോ തുള്ളികളും ഓരോ കൈകളായി പൊതിഞ്ഞങ്ങ് പിടിച്ചോളും..

വിരഹം തളർത്തുമ്പോൾ... പെയ്തിറങ്ങിയ ചില്ലകളിൽ നിന്നും ഓർമകളിറ്റി വീഴ്ത്തി വീണ്ടും ഹൃദയത്തെ കീറി മുറിച്ചു കളയും.

ഇനിയൊരു പ്രണയിനി ആയി നോക്കു.. മഴക്ക് മുന്നിൽ. ആയിരം കൈകളോടെ ചേർത്ത് പുൽക്കുന്ന കാമുകനാവുമപ്പോൾ.

വാത്സല്യം കൊതിക്കുമ്പോൾ നേർത്തൊരു തലോടലോടെ അമ്മയാവും.

അങ്ങനെയങ്ങനെ എന്തെല്ലാം.. എത്രെയെല്ലാം ഭാവങ്ങളാണ് മഴ ഒളിപ്പിച്ചു പിടിച്ചിരിക്കുന്നത്!

ബാൽകണിയിലെ ഊഞ്ഞാലിൽ കിടന്ന് കൊണ്ട് അന്നേരം വരെയും ക്രിസ്റ്റി ഓർത്തത് നോവും ചിരിയും ഇഴ കലർന്ന സ്മൃതികാളായിരുന്നു.

പക്ഷേ അന്നത്തെ മഴക്കൊരു വന്യ ഭാവം പോലെ തോന്നി അവന്.

ഇത്തിരി വെട്ടത്തിൽ പൊട്ട് പോലെ കാണാവുന്നൊരു വലിയ വീടിന്റെ അകത്തെ lവിടെയോ നെഞ്ചുരുകി കൊണ്ട് മഴയെ നോക്കി നിൽക്കുന്നൊരുവളുടെ രൂപം എന്ത് കൊണ്ടോ ഒരു നോവോടെ അവനിലേക്കൊഴുകിയെത്തി.

അന്നേരം വരെയുമില്ലാത്ത ശ്വാസം മുട്ടലോടെ ക്രിസ്റ്റി എഴുന്നേറ്റിരുന്നു.

ഇന്നൊരു പകല് കൊണ്ട് അറക്കൽ വീട്ടിലുള്ളവരാരും നന്നാവാനൊന്നും പോകുന്നില്ലന്നവന് തീർച്ചയാണ്.

ഈ പെരും മഴയും കട്ടപിടിച്ച ഇരുട്ടും അവളെ തോൽപ്പിക്കാനിറങ്ങിയതാണോ?

അവന് വെറുതെ ദേഷ്യം വരുന്നുണ്ടായിരിന്നു.

താഴെ നിന്നും ഫോണിലേക്ക് മറിയാമ്മച്ചി കഴിക്കാൻ വരാനുള്ള ഓർമപ്പെടുത്തലുമായിട്ട് വിളിച്ചപ്പോഴാണ് ക്രിസ്റ്റി പാത്തുവിന്റെ ഓർമകളിൽ നിന്നും വിട്ടു മാറിയത്.

വല്യപ്പച്ചന്റെ അരികിൽ നിന്നും വയറു നിറയെ കപ്പയും ചായയും കുടിച്ചത് കൊണ്ട് തന്നെ വിശപ്പൊന്നുമില്ല.

പക്ഷേ.. ഇവിടെ മറിയമ്മച്ചിയോട് അതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
കഴിക്കാൻ വിളിച്ചാൽ പോയി കഴിച്ചിട്ട് വന്നേക്കണം.

ക്രിസ്റ്റി ഫോൺ അറ്റന്റ് ചെയ്തു കൊണ്ട് കാതോട് ചേർത്ത് വെച്ചു.

"എന്നതാടാ ഫോണെടുക്കാൻ നിനക്കിത്ര താമസം?"

കലിപ്പിച്ചു കൊണ്ടുള്ള ചോദ്യമാണ് ആദ്യം തന്നെ ചീറി എത്തിയത്.

"നിന്നെയെന്താടാ പൊട്ടൻ കടിച്ചോ? മിണ്ടാൻ വയ്യേ?"

അൽപ്പനേരം ഉത്തരം താമസിച്ചപ്പോൾ വീണ്ടും അതിനേക്കാൾ വലിയൊരു ചോദ്യം വെടിയുണ്ട പോലെ പാഞ്ഞു വന്നു.

"ഹോ... എന്റെ മറിയാമ്മോ... ഞാൻ നിങ്ങളുടെയാ വീര ചരമം പ്രാപിച്ച കെട്ട്യോനെയൊന്നു സ്മരിച്ചു പോയതാ "

ക്രിസ്റ്റി പറഞ്ഞു.

"അതെന്നാ നീ ഇപ്പൊ ഇത്രേം തിരക്കിട് അതിയാനെ സ്മരിക്കാനുള്ള കാരണം?അതിനിവിടെ ഞാൻ വടി പോലെ നിൽക്കുന്നില്ല്യോ?"

ഇതെന്തോന്ന്.. ചോദ്യോത്തര പദ്ധതിയാണോ? തീരുമ്പോ തീരുമ്പോ പുതിയ ചോദ്യം ചോദിച്ചു വലക്കാൻ.
ക്രിസ്റ്റി ചിരിയോടെ ഓർത്തു.

"ഡാ...

അവന്റെ ഉത്തരം കേൾക്കാഞ്ഞിട്ടാണ്.. മറിയാമ്മച്ചി വീണ്ടും വിളിക്കുന്നു.

"ഇത്രേം വെടക്കായ നിങ്ങളെ, ആ പാവമെങ്ങനെ സഹിച്ചുവെന്ന് ഓർത്തു പോയതാ.. ന്റെ പൊന്നുഓ.."

ചിരി കടിച്ചു പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

"അതിയാൻ നിന്നെ പോലൊരു കിഴങ്ങൻ അല്ലായിരുന്നല്ലോ മക്കളെ.."

ഉരുളക്കുപ്പേരി പോലെ മറുപടി.

"കഴിക്കാൻ വല്ലോം വേണെങ്കിൽ കഴിച്ചേച്ചു പോടാ ഇരുന്നു ചമ്മി നാറാതെ. എനിക്കൊന്ന് കിടക്കണം. തണുപ്പടിച്ചിട്ട് എന്റെ കാല് കഴക്കുന്നു "

അവനുത്തരം പറയാൻ അവസരം കൊടുക്കാതെ വീണ്ടും മറിയാമ്മച്ചി തന്നെ ഗോളടിച്ചു.

"നിങ്ങളാര്.. എന്റെ കെട്ട്യോളോ? എന്നെ ഊട്ടിയിട്ട് കിടക്കാൻ?"
ക്രിസ്റ്റി വീണ്ടും ചൊറിഞ്ഞു.

"പത്തു മിനിറ്റ് കൊണ്ട് കഴിക്കാനിറങ്ങി വന്നില്ലേ.. നീ അറിയും ഈ മറിയാമ്മ ആരാണെന്നത്."

മാസ് ഡയലോഗ് പറഞ്ഞതും ഫോൺ കട്ട് ചെയ്തതും ഒരുമിച്ചാണ്.

ക്രിസ്റ്റി ചിരിയോടെ ഫോൺ താഴെ വെച്ചു.

മഴ വീണ്ടുമേതോ വാശി പോലെ കനക്കുകയാണ്.

ക്രിസ്റ്റിക്ക് പുറത്തേക്ക് നോക്കുമ്പോഴൊക്കെയും ശ്വാസം മുട്ടി.

പെട്ടന്നേതോ ചിന്തയിൽ ക്രിസ്റ്റി ഫോണെടുത്തു ഫൈസിക്ക് കോളിലിട്ടു.

"എന്താടാ?"

വേവലാതി നിറഞ്ഞ അവന്റെ സ്വരം കാത്തിലെത്തി.

"എടാ.. ഇവിടെ ഭയങ്കര മഴ "
ക്രിസ്റ്റി പറഞ്ഞു.

"ഞാൻ ഉഗാണ്ടയിലൊന്നുമല്ലല്ലോ.? ഇവിടേം സെയിം ടൂ യു. നല്ല ഇടി വെട്ടി പെയ്യുന്നുണ്ട്."
ഫൈസിയുടെ ചിരിയോടെയുള്ള ഉത്തരം.

"അതല്ലടാ... വൈകുന്നേരം തുടങ്ങിയതാ.. ഇപ്പൊ അടുത്തെങ്ങും തോരുമെന്നു തോന്നുന്നില്ല "

"മ്മ്.. അതിനെന്താ? മഴ പെയ്തോട്ടെ.. ഈ കത്തുന്ന ചൂടൊന്നു കുറയട്ടെടാ "
ഫൈസി മഴ ആസ്വദിക്കുന്നത് പോലാണ് പറയുന്നത്.

"എടാ... ഫാത്തിമ.. അവളവിടെ പെട്ടു പോകില്ലേ? കറണ്ട് മഴയുടെ നിഴല് കണ്ടപ്പോഴേ ഓടി പോയിട്ടുണ്ട്."
ക്രിസ്റ്റി വീണ്ടും ആകുലതയോടെ പറഞ്ഞു.

"ഓഹോ.. അതാണ്‌ കാര്യം.അപ്പൊ നീ അവളെ കാത്ത് നിൽപ്പാണോ?"

ഫൈസിയുടെ ചോദ്യത്തിന് പെട്ടന്നൊരു ഉത്തരം കൊടുക്കാൻ ക്രിസ്റ്റിക്കായില്ല.
കാരണം.. നേരം ഇരുട്ടിയത് മുതൽ താനാ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്ന കാര്യം ഫൈസിയോട് പറയാൻ തോന്നിയില്ല.

"അല്ലേടാ... പെട്ടന്നൊരു ദിവസം കൊണ്ട് അവസാനിക്കാവുന്ന പ്രശ്നങ്ങളല്ലല്ലോ അവൾക്കുള്ളത്. ഭയന്ന് വിറച്ചു കൊണ്ട്..."

ബാക്കി പറയാതെ ക്രിസ്റ്റി പാതിയിൽ നിർത്തി.

"സത്യത്തിൽ എന്താ ക്രിസ്റ്റി നിന്റെ പ്രശ്നം?"

ചിരിച്ചു കൊണ്ടാണ് ഫൈസിയത് ചോദിക്കുന്നതെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

"കുന്തം.. വെച്ചിട്ട് പോടാ "
ക്രിസ്റ്റി പെട്ടന്ന് പറഞ്ഞു.

ഇച്ചിരി ആശ്വാസം കിട്ടാൻ വേണ്ടിയാണ് അവനെ വിളിച്ചത്..
അതിപ്പോ ഇങ്ങനെയുമായി.
അവൻ പല്ല് കടിച്ചു.

"വെക്കല്ലട.. "

ഫൈസി പറയുന്നത് കേട്ടു.

"പറഞ്ഞോ.."

ക്രിസ്റ്റി ഫോൺ കട്ട് ചെയ്തില്ല.

"എടാ.. നല്ല വിശപ്പ് തോന്നുമ്പോൾ.. അത് തീർക്കാനുള്ള എന്തെങ്കിലുമൊരു മാർഗവും നമ്മൾ കണ്ടു പിടിക്കും. പിടിക്കേണ്ടി വരും. അത് പ്രകൃതി നിയമമാണ്. കാരണം ഒറ്റക്കാണെന്ന് തോന്നുമ്പോൾ.. കൈ പിടിച്ചുയർത്താൻ ആരുമില്ലെന്ന് തിരിച്ചറിവ് വരുമ്പോൾ നമ്മളെല്ലാം ഒറ്റക്ക് നയിക്കാൻ പാകത്തിനൊരു പോരാളിയായി മാറും. മനുഷ്യൻ അങ്ങനാണ് ക്രിസ്റ്റി "

ഫൈസി പറയുന്നത് ക്രിസ്റ്റി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിയാണ് കാതോർക്കുന്നത്.

"അപ്പൊ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ... പ്രശ്നം ഫാത്തിമക്കാണ്. അതിനവൾ എങ്ങനെയെങ്കിലും പരിഹാരവും കാണും. നീ പറഞ്ഞ അറിവ് വെച്ചിട്ട്... ഞാൻ മനസ്സിലാക്കിയ ഫാത്തിമ.. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോരാളി തന്നെയാണ്. ഡോണ്ട് വറി പ്രിയപ്പെട്ട കൂട്ടുകാരാ "

ഫൈസിയുടെ വാക്കുകൾ വീര്യം നിറച്ചു കൊണ്ട് ക്രിസ്റ്റീയിലേക്ക് ഒഴുകിയെത്തി.

അത് നൽകിയ ആശ്വാസത്തോടെ തന്നെയാണ് ക്രിസ്റ്റി താഴേക്കിറങ്ങി പോയതും.

അടുക്കളയിൽ ചെല്ലുമ്പോൾ .. ഇട്ടിരുന്ന ഡ്രസ്സിന് പുറമെ വലിയൊരു ജാക്കറ്റ് കൂടി വലിച്ചിട്ടിട്ടും തണുപ്പോടെ കൂനി കൂടിയിരിക്കുന്ന മറിയാമ്മച്ചി.

അവനാ ഇരിപ്പ് കണ്ടിട്ട് പാവം തോന്നി.
പുതച്ചു മൂടി കിടക്കാൻ തോന്നിയിട്ടും തനിക്ക് വേണ്ടിയാണാ കാത്തിരിപ്പ്.

"കൂയ്.."അവൻ അരികിൽ ചെന്നിട് തോണ്ടി വിളിച്ചു.

"ആ.. ഇരിക്ക്.. ചോറ് തരാം "

അവനെ കണ്ടതും അവരെഴുന്നേറ്റു.

വല്ല്യ ഉത്സാഹമില്ലാത്ത വാക്കുകൾ.. മഴയിൽ പെട്ടത് പോലെ തണുത്തുറഞ്ഞു പോയിരുന്നു.

"വയ്യെങ്കിൽ പോയി കിടന്നോ മറിയാമ്മച്ചി.. ഞാൻ എടുത്തു കഴിച്ചോളാം "

ആ തണുത്ത കവിളിലേക്ക് രണ്ടു കൈകളും ചേർത്ത് വെച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.

"നീ ഇരിക്കെടാ ചെക്കാ. ഞാൻ പോയി കിടന്നാ നിനക്കൊന്നും കഴിക്കാതെ പോയി കിടക്കാനല്ലേ?"

മറിയാമ്മച്ചി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

"അങ്ങോട്ടിര്ക്ക്.. വിളമ്പി തരാം ഞാൻ. എന്നിട്ട് പൊയ്ക്കോളാം "

ടേബിളിലേക്ക് ചൂണ്ടി വീണ്ടും പറഞ്ഞു.

"എന്ത് പറ്റി... തണുപ്പടിച്ചിട്ടാണോ.. പോരാളിക്ക് വീര്യം പോരല്ലോ?"

ക്രിസ്റ്റി അവരെ കളിയാക്കി.

"ഒന്നുല്ലടാ "

അവന്റെ മുന്നിലേക്ക് ചോറ് വിളമ്പി വെച്ചിട്ട് മറിയാമ്മച്ചി പതിയെ പറഞ്ഞു.
"അതല്ലല്ലോ.. എന്തോ ഉണ്ട്. അല്ലാതെ ഈ നാവിങ്ങനെ റസ്റ്റ്‌ എടുക്കില്ലെന്ന് എനിക്കറിയാമല്ലോ "
ക്രിസ്റ്റി ചോറ് വിളമ്പുന്ന അവരുടെ കയ്യിൽ പിടിച്ചു.

"എനിക്കെന്റെ കെട്ട്യോനെ ഓർമ വന്നെടാ. മഴ നോക്കി എന്റെ കൂടെയിരിക്കാൻ അങ്ങേർക്ക് വല്ലാത്തൊരു ആവേശമായിരുന്നു."

വിഷാദം നിഴലിക്കുന്ന ആ കണ്ണിലേക്കു നോക്കിയപ്പോൾ ക്രിസ്റ്റിക്കും വേദനിച്ചു.

"പിന്നെ... ഈ വയ്യസ് കാലത്താണ് നിങ്ങളുടെ ഒരു മിസ്സിംഗ്‌.."
മനഃപൂർവം അവൻ അവരെ കളിയാക്കി.
എന്നിട്ടും തെളിയാത്ത മുഖം.

"ഇവിടിരുന്നേ.."
ക്രിസ്റ്റിയാ കൈകൾ പിടിച്ചു വലിച്ചു കൊണ്ട് അരികിലിരുത്തി.

"നാളെ ഞാനിച്ചിരി നേരത്തെ വരാം. നമ്മുക്ക് പള്ളിയിലൊന്നു പോയി ആ കെട്ട്യോനോട് നന്നായിട്ടൊന്ന് വഴക്കുണ്ടാക്കാൻ. അല്ലാതെ ഞാൻ നോക്കിയിട്ട് ഈ മിസ്സിംഗ്‌ കുറയാൻ സാധ്യതയില്ല "

ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.

"പോവണ്ടേ..?"
അത്രേം പറഞ്ഞിട്ടും ഒന്നും മിണ്ടാതെയിരിക്കുന്ന മറിയാമ്മച്ചിയെ നോക്കി ക്രിസ്റ്റി കണ്ണ് കൂർപ്പിച്ചു.

"മ്മ്..

നനുത്തൊരു മൂളലോടെ അവർ അവന്റെ തലയിൽ ഒന്ന് തലോടി.

"മുഴുവനും കഴിച്ചോണം. ഞാൻ പോയി കിടക്കട്ടെ "

അതും പറഞ്ഞിട്ട് അവരെഴുന്നേറ്റു.

"വല്ലോം കഴിച്ചായിരുന്നോ?"

പിറകിൽ നിന്നുമവൻ വിളിച്ചു ചോദിക്കുന്നത് കേട്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കി തലയാട്ടി കൊണ്ട് മറിയാമ്മച്ചി കയറി പോയി.

ഒന്നാമതേ ... മനസ്സൊരു പിടി കിട്ടാത്ത മൂഡിൽ ചുറ്റി തിരിയുന്ന ക്രിസ്റ്റിയുടെ അവസ്ഥ, അതുകൂടി ആയതോടെ പൂർത്തിയായി.

ഒരു പിടി ചോറ് പോലും കഴിക്കാനുള്ള വിശപ്പില്ലാഞ്ഞിട്ടും.. തനിക് വേണ്ടി അവരിത്രേം കഷ്ടപെട്ടതാണല്ലോ എന്നായോർമ കൊണ്ടാണ് ക്രിസ്റ്റി അത് കഴിച്ചു തീർത്തത്.

തീർത്തും മൂകമായ ഒരു അന്തരീക്ഷം.

കഴിച്ചെഴുന്നേറ്റ് പാത്രങ്ങൾ സിങ്കിലേക്ക് എടുത്തു വെച്ചിട്ടാണ് ക്രിസ്റ്റി അടുക്കളയിൽ നിന്നും പുറത്തെ വർക്ക് ഏരിയയിലേക്കിറങ്ങിയത്.

മഴ അപ്പോഴും തകർത്തു പെയ്യുകയാണ്.
കറണ്ട് ഇല്ലാത്തത് കൊണ്ട് ഷീറ്റ് പുര നിൽക്കുന്നിടം മുഴുവനും ഇരുട്ടിൽ മുങ്ങി കിടപ്പുണ്ട്.

വീടിന്റെ പുറത്തുള്ള ഒന്നോ രണ്ടോ ബൾബുകൾക്ക് മാത്രമാണ് ഇൻവെർട്ടറുമായി കണക്ഷൻ ഉള്ളത്.

അടുക്കള മുറ്റത്തിട്ട തകര ഷീറ്റിന് മേലെ മഴ തുള്ളികൾ പതിക്കുമ്പോൾ അവക്കൊരു കരച്ചിലിന്റെ ഈണം പോലെ തോന്നി ക്രിസ്റ്റിക്ക്.

വീണ്ടും വീണ്ടും അവന്റെ കണ്ണുകൾ ഷീറ്റ് പുരയിലേക്ക് തന്നെ നീണ്ടു.

ഫൈസി പറഞ്ഞത് പോലെ.. പ്രശ്നമുണ്ടങ്കിൽ പരിഹാരവുമുണ്ടാവും.

അങ്ങനെ ആശ്വാസിച്ചു കൊണ്ടാണ് അവൻ വാതിൽ അടച്ചു കൊണ്ട് മുകളിലേക്ക് കയറാൻ ഒരുങ്ങിയതും.

ഇന്ന് അമ്മയെ കണ്ടിട്ടേയില്ലെന്ന് അപ്പോഴാണ് അവനോർത്തത്.

അടഞ്ഞു കിടക്കുന്ന അവരുടെ മുറിയുടെ വാതിലിന് നേരെ അവൻ നോക്കി.

അത് മുട്ടി തുറന്നു പോകാനുള്ള അനുവാദമില്ലെന്നോർക്കേ..വേദന നിറഞ്ഞ ഒരു നിശ്വാസത്തോടെ അവൻ മുകളിലേക്ക് കയറി.

മുറിയിലെത്തിയിട്ടും മനസ്സെന്തിനോ വല്ലാതെ മിടിക്കുന്നു.

എന്തൊക്കെ ചെയ്തിട്ടും ഒട്ടും കുറയാതെ...ശ്വാസം മുട്ടുന്നു എന്ന് തോന്നിയപ്പോൾ അവനെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.

കയ്യിലെ ടോർച് തെളിയിച്ചു കൊണ്ട് ആ പെരും മഴയിലേക്കിറങ്ങി അവനാ ഷീറ്റ് പുരയുടെ നേരെ ധൃതിയിൽ നടന്നു ചെല്ലുമ്പോൾ..

നനഞ്ഞു കുതിർന്നു വിറച്ചു കൊണ്ടൊരു മൂലയിൽ അവളുണ്ടായിരുന്നു.
അവനെ കാത്തിട്ടെന്ന പോലെ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story