നിലാവിന്റെ തോഴൻ: ഭാഗം 28

രചന: ജിഫ്‌ന നിസാർ

തിരികെ മുറിയിലെത്തിയിട്ടും ക്രിസ്റ്റിയുടെ കാതിലാ ചോദ്യങ്ങളുടെ പ്രകമ്പനമുണ്ടായിരുന്നു.

നെഞ്ചിലടക്കി പിടിച്ചു കൊണ്ടാ കണ്ണിലേക്കു നോക്കി അവന് പറയണമെന്നുണ്ടായിരുന്നു, "നീ മറവിക്ക് വിട്ടു കൊടുക്കാതെ വാശി പോലെ ഓർത്തു സൂക്ഷിച്ചു വെച്ച നിന്റെയാ ഇച്ഛാ.. നിന്നെയും മറന്നിട്ടില്ല പെണ്ണേയെന്ന്.. മറവിയെത്ര കട്ടെടുക്കാൻ ശ്രമിച്ചിട്ടും.. സാഹചര്യങ്ങളെത്ര സമ്മർദ്ദം ചെലുത്തിയിട്ടും നിന്നെ മറക്കാൻ മാത്രം പറ്റിയിട്ടില്ലെന്ന്.. കാണുന്ന ഓരോ മുഖങ്ങളിലും നിന്നെ തിരയാറുണ്ടായിരുന്നുവെന്ന്..."

ക്രിസ്റ്റിയുടെ നെഞ്ച് വിങ്ങി.

കിടക്കയിൽ അവൻ എഴുന്നേറ്റിരുന്നു.

സാധാരണ വെട്ടില്ലാത്ത ദിവസങ്ങളിൽ പഠിക്കാൻ വേണ്ടി എഴുന്നേൽക്കാറുണ്ട്.
ഇന്നതിനും തോന്നാതെ ഇച്ചിരി നേരം കൂടി ഉറങ്ങിയേക്കാമെന്ന് കരുതി പാത്തുവിനെ കൊണ്ട് വിട്ടതിനു ശേഷം വന്നു കിടന്നതാണ്.

ഉറക്കം പരിസരത്ത് പോലും വന്നില്ലെന്ന് പോട്ടെ... ഹൃദയം തുളക്കുന്നൊരു ചോദ്യവുമായി.. പൂവരശ് പോലെ ചുവന്നു തുടുത്തുക്കൊണ്ട് പാത്തു കണ്മുന്നിൽ വന്നു നിൽക്കുന്നു.

ചിന്തകൾ പോലും അവൾ കട്ടെടുത്തുവോ?

അവന് അത്ഭുതം തോന്നി..!

ഇച്ചായെന്ന് വിളിച്ചു സ്നേഹത്തോടെ പിറകെ നടന്നിരുന്ന ആ കുറുമ്പി കുഞ്ഞി പാത്തുവിനോട് ക്രിസ്റ്റി ഫിലിപ്പിനുണ്ടായിരിന്നത് അന്നും സ്നേഹമായിരുന്നു.

കറ കളഞ്ഞ സ്നേഹം..

ഇന്നുമുള്ളതും സ്നേഹം തന്നെ..
ഇനിയും ഒരു സാഹചര്യത്തിലും വേർപ്പെടാതെ... ജീവന്റെയും ജീവിതത്തിന്റെയും പാതിയാക്കാനുള്ളത്രേം വളർന്നു വലുതായി പോയ അതേ സ്നേഹം.

അവളുടെ ഓർമകൾ കൊണ്ട് പോലും തരാളിതയാവുന്നയത്രയും സ്നേഹം.

കിടക്കയിൽ കിടന്ന തലയിണയെടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ക്രിസ്റ്റി.

ഓർക്കുമ്പോൾ അവന് ശ്വാസം മുട്ടുന്നത് പോലെ..

സ്നേഹത്തിന് ഇത്രേം കനമുണ്ടോ കർത്താവെ..?
പരിഭവത്തോടെ അവൻ ചോദിച്ചു പോയി..

"നിങ്ങളുടെ പേരെന്താണ് "
വീണ്ടും വീണ്ടും അവളുടെയാ ചോദ്യം.. അവനിലൊരു മനോഹരമായ ചിരി വിരിയിക്കാൻ മാത്രം പ്രാപ്തിയുണ്ടായിരുന്നു.
പറയണം..അവളോടെല്ലാം.
ഇനിയും കാത്തിരിക്കാൻ വയ്യ..

സ്വയം എരിഞ്ഞു ജീവിക്കുന്നവൾക്ക് ജീവശ്വാസം തിരിച്ചു കിട്ടിയത് പോലെ തന്നെ ആയിരിക്കാം തന്റെയാ വെളിപെടുത്തൽ.

വിശ്വാസത്തോടെ അവൾ കടന്ന് വന്നത് അവളേറെ.... ഒരുപക്ഷെ അവളെക്കാളേറെ അവൾ വിശ്വാസിച്ചിരുന്ന അവളുടെ ഇച്ഛായുടെ അരികിലേക്ക് തന്നെയാണെന്നറിയുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഭാവമറിയാൻ അവനതിയായ മോഹം തോന്നി ആ നിമിഷം.

കൈകൾ കൂടുതൽ കൂടുതൽ തലയിണയിൽ മുറുകുന്നുണ്ട്.. മോഹത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ച്.

പ്രണയത്തിനു ഇത്രേം മധുരമുണ്ടോ?

ഇരുണ്ടു കൂടി കാർമേഘങ്ങൾ നിറഞ്ഞ ജീവിതത്തിൽ പെട്ടന്നൊരു സൂര്യനുദിച്ചത് പോലെ..

അതേ... അവൻ പ്രണയിക്കാൻ തുടങ്ങുകയാണ്..

പ്രണയത്തിലകപ്പെടുകയെന്നാൽ... അതൊരു വലിയ ഉത്തരവാദിത്തം തന്നെയാണ്.
വിശ്വാസത്തോടെ കയ്യിലേൽപ്പിച്ചു തരുന്നതൊരു ഹൃദയമാണ്..

ഒരു ജീവനാണ്..ജീവിതമാണ്.

അത്രത്തോളം സൂക്ഷ്മതയോടെ മാത്രം പരിചരിക്കേണ്ടുന്നവ.. 

ആരില്ലെങ്കിലും ഞാനുണ്ടാകുമെന്നല്ല... ഞാനുള്ളടത്തോളം എന്നിൽ നീയുമുണ്ടാവും എന്നതാണ് തെളിയിച്ചു കൊടുക്കേണ്ടത്...

ആർക്ക് നിന്നെ വേണ്ടാതായാലും.. എനിക്ക് വേണമെന്നല്ല... ആർക്ക് വേണ്ടിയും നിന്നെയെനിക്ക് വേണ്ടാതാവില്ല എന്നതാണ്..പകർന്നു കൊടുക്കേണ്ട വാഗ്ദാനം..

അവനവളെ കാണണമെന്ന് തോന്നി..

ഭയന്നും വിറച്ചും അവൾ പറയുന്നതെല്ലാം കേൾക്കണമെന്ന് തോന്നി..

പ്രണയത്തിന്റെ ഏറ്റവും തീവ്രമായൊരു വശം..

കാണണമെന്നും മിണ്ടണമെന്നും തോന്നുന്നത് തന്നെയാണ് ആ ആളോടുള്ള ഇഷ്ടത്തിന്റെ അളവ്കോലും...

തലയിണയെ പിടിച്ചു ഞെരിച്ചു കൊണ്ടവൻ കിടക്കയിലേക്ക് വീണു കണ്ണടച്ച് കിടന്നു.. 

                               ❣️❣️❣️

വാതിൽ തുറന്നു കയറി ചെല്ലുമ്പോൾ അസാധാരണമായൊന്നും തന്നെ പാത്തുവിന് തോന്നിയില്ല.
സഫിയാത്തയും മഞ്ജു ചേച്ചിയും.. അടുക്കളയിലുണ്ട്.

വിളറി വെളുത്ത ആ മുഖങ്ങളിൽ തന്നെ കണ്ടപ്പോൾ നേർത്തൊരു ചിരി പോലുമില്ലെന്നത് അവളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

എപ്പോ.. എവിടെ വെച്ച് കണ്ടാലും ഏത് ജോലിതിരക്കിനിടയിലും.. തനിക്കായ് ഒരു പുഞ്ചിരിയെങ്കിലും മാറ്റി വെക്കുന്നവരാണ്..

ഇവർക്കുമിനി മാറ്റം വന്നുവോ എന്നൊരു വലിയ നോവോടെ തന്നെയാണ് ഫാത്തിമ അവരെ നോക്കിയൊന്ന് ചിരിച്ചതും.

എന്നാൽ അവളെയേറെ നിരാശപ്പെടുത്തികൊണ്ട്.. ആദ്യം അവളിൽ നിന്നും തിരിഞ്ഞു നടന്നത് സഫിയാത്ത തന്നെയാണ്.

പാത്തുവിന്റെ കൈകൾ നെഞ്ചിൽ ഒതുക്കി പിടിച്ച കവറിൽ കൂടുതൽ മുറുകി.
സഫിയാത്ത ചെയ്തത് പോലെ തന്നെ... മഞ്ജുവും തിരിഞ്ഞു നിന്നിട്ട് അവരുടെ ജോലികളിൽ മുഴുകിയപ്പോൾ പാത്തു വിളറിയൊരു ചിരിയോടെ തിരിഞ്ഞു നടന്നു.

അവഗണനയും പരിഹാസങ്ങളും പുത്തിരിയല്ലങ്കിൽ കൂടിയും ആ നിമിഷം അതവളെ അവളെ വല്ലാതെ നോവിച്ചു.

കാരണം എന്തെന്നറിഞ്ഞിരുന്നുവെങ്കിൽ അൽപ്പം ആശ്വാസമായേനെ എന്നോർത്ത് കൊണ്ട് ഹാളിലേക്ക് കടന്നവൾ... അവളെ കാത്തിട്ടെന്ന പോലെ അവിടെയിരിക്കുന്നവരെ കണ്ടതും മരവിച്ചത് പോലെ നിന്ന് പോയി.

എല്ലാവർക്കും ഏറ്റവും പിന്നിലായി.. കഴുകൻ കണ്ണോടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന.. അമീനെ ആദ്യനോട്ടത്തിൽ തന്നെ കണ്ടത് കൊണ്ട്... പാത്തുവിന് ഏറെക്കുറെ ഉറപ്പായി.. അവിടെ ഇനി നടക്കുന്നതെന്താണെന്നും... താൻ ഉത്തരം കൊടുക്കേണ്ട ചോദ്യങ്ങൾ നിരവധിയാണെന്നും.
തളർച്ചയോടെ അവളാ ചുവരിൽ ചാരി കുഴഞ്ഞു നിന്നു.

                           ❣️❣️❣️

"ഇതെന്നതാ ഇങ്ങനെ നീ? "

ഉള്ളിലെ ദേഷ്യവും നിരാശയും സ്വരത്തിൽ കലർത്താതെ ദിൽനയോട് അത്രയും പറയുവാൻ റോയ്സ് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

അത്രത്തോളം അവൻ പറഞ്ഞു സെറ്റാക്കി വെച്ചതാണ്.

തലേന്ന് അർദ്ധരാത്രി വരെയുമവൻ വായിട്ടലച്ചിട്ടാണ് ദിലു അവൻ പറഞ്ഞത് പോലെ ആ യാത്രക്ക് റെഡിയായത്.

അവനെത്ര ധൈര്യം കൊടുത്തിട്ടും പേടിച്ചു വിറച്ചു നിന്നവളുടെ കരണകുറ്റി നോക്കി,റോയ്സ് അനേകായിരം തവണ മനസ്സിൽ അടിച്ചു പൊളിച്ചിട്ടുണ്ട്.

അവന്റെ ആവിശ്യമായിരുന്നു.. അവൾക്കൊപ്പം ഒരു യാത്രയെന്നത്.

അത് വെറുമൊരു യാത്ര മാത്രം ആയിരുന്നില്ലല്ലോ..?

വിചാരിച്ചത് പോലെ തന്നെ അത് പ്ലാൻ ചെയ്യുകയെന്നതുമപ്പോൾ അവന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.

തീവ്രമായ പരിശ്രമത്തിലൂടെ പാതി മനസോടെയെങ്കിലും.. അവനൊപ്പമൊരു യാത്രക്ക് തയ്യാറാണ് എന്ന് പറഞ്ഞവളാണ്.. നേരം വെളുക്കുന്നതിനു മുന്നേ വിളിച്ചിട്ട് ഞാനില്ല എനിക്ക് പേടിയാണെന്ന പതിവ് പല്ലവി തന്നെ പാടുന്നത്.

അവന് ദേഷ്യം അതിന്റെ ഏറ്റവും ഉന്നതിയിലാണ്.

അവളുടെ ഒടുക്കത്തെ പേടിയൊന്നുമാറ്റിയെടുക്കാൻ പുലർച്ചെ വരെയും പുന്നരിച്ചോണ്ട് നിന്നിട്ടൊടുവിൽ.. ഒന്നുറങ്ങി തെളിയുന്നതിനു മുന്നേ വിളിച്ചു പറയുന്നത് കേട്ടോ.. "

അരിശം തീരാതെ ഫോൺ മാറ്റി പിടിച്ചു കൊണ്ടവൻ പിറുപിറുത്തു സ്വന്തം നെറ്റിയിൽ ഇടിച്ചു.

ഈ നിമിഷം കലിപ്പിട്ടാൽ തീർച്ചയായും പിന്നെയൊരു അവസരം കിട്ടിയെന്ന് വരില്ല.

തന്നേക്കാൾ യോഗ്യന്മാർ അവൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നെണ്ട് അറിഞ്ഞിട്ട് തന്നെയാണ് മുണ്ടും മുറുക്കി ഇറങ്ങിയത്.

പേരിനൊരു ഓഫീസിൽ ജോലി സമ്പാദിച്ചത് പോലും... അവൾക്കൊപ്പം ചേർന്ന് നിൽക്കുമ്പോൾ ജോലി ഇല്ലെന്നതൊരു കാരണമാക്കി പിൻതള്ളപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്.

കുടുംബത്തിൽ തന്നെ വർക്കി അങ്കിളിന്റെ സ്വത്തിലും.. ദിൽനയുടെ സൗന്ദര്യത്തിലും നോട്ടമിട്ട അനേകം യോഗ്യൻമാരുണ്ടെന്നിരിക്കെ... അവളെയൊന്നു ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ഇത്തിരിയൊന്നുമല്ല ഒലിപ്പിച്ചു നടന്നിട്ടുള്ളത്.

എല്ലാത്തിനും പൂർണ പിന്തുണയുമായി അമ്മയുണ്ട് എന്നതായിരുന്നു ഏറ്റവും വലിയ ധൈര്യവും.

"റോയിച്ചാ "

തന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ടാവും അങ്ങേയറ്റം ദയനീയമായി ദിൽന വിളിക്കുന്നത് 

"ആ.. പറ മോളെ.. ദിലു. ഞാൻ പെട്ടന്ന് കേട്ടപ്പോ.. എനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി. ഇന്നേരം വരെയും ഒരു പോള കണ്ണടക്കാൻ കൂടി കഴിയാതെ നമ്മൾ ഒരുമിച്ച് കൂടുന്ന നിമിഷങ്ങളെ താലോലിച്ചു കിടന്നതല്ലേ..ഞാൻ ? പെട്ടന്ന് നീ അങ്ങനെ പറഞ്ഞു കേട്ടപ്പോ.. അതാണ്‌ ഞാൻ "

ഉറക്കം മുറിഞ്ഞതിന്റെ അലോസരം അടക്കി കണ്ണുകളൊന്നു തിരുമ്മി ഇല്ലാത്ത കരച്ചിലിന്റെ ബാക്കി എന്നോണം ഒന്നിടറി കൊണ്ട് റോയ്സ് പറയുബോൾ ദിൽനയുടെ ചങ്ക് പിടയുമെന്ന് അവനറിയാം.

"റോയിച്ചാ.. ഞാൻ.. എനിക്കെന്തോ പോലെ തോന്നിയിട്ടാ.."
അവൻ കരുതിയത് പോലെ തന്നെ പാതി കരച്ചിൽ പുരണ്ട ദിൽനയുടെ വാക്കുകൾ.

റോയ്സ് ഒന്ന് ഊറി ചിരിച്ചു.

"സാരമില്ലെടാ.. റോയിച്ചന് മനസ്സിലാവും എന്റെ പെണ്ണിനെ. ഞാനല്ലങ്കിൽ പിന്നാരാ എന്റെ മോളെ അറിയുന്നത്. നിന്നെ വേദനിപ്പിച്ചു കൊണ്ട് എനിക്കൊന്നും വേണ്ട. നീ സന്തോഷായിട്ടിരിക്കണമെന്നേ ഞാൻ ആഗ്രഹിക്കുന്നൊള്ളു. എന്നും എപ്പോഴും. എന്റെ മോളത് വിട്ടേക്ക്. റോയിച്ചന്റെ മാത്രം ആഗ്രഹം അല്ലായിരുന്നോ അത്? അതിനിടയിൽ... എന്റെ സങ്കടം.. പോട്ടെ... പോട്ടെ സാരമില്ല മോളെ "
വീണ്ടും ഗദ്ഗതം നിറച്ചു പറഞ്ഞിട്ട് ആ ഫോൺ കട്ട് ചെയ്യുമ്പോൾ.. അവനുറപ്പുണ്ടായിരുന്നു... അവൾ തിരികെ വിളിക്കുമെന്ന്.

കുടിലത നിറഞ്ഞ മനസോടെ ഫോണിലേക്ക് നോക്കി ചിരിച്ചു കൊണ്ട്.. അവനെണ്ണി തുടങ്ങി..

ഒന്നേ... രണ്ടേ.. മൂന്നേ........

                       ❣️❣️❣️❣️

"ഇയ്യ് ഈ നേരത്ത് ഏടെ പോയതാ?"

ഹമീദിന്റെ ചോദ്യമാണ് ആദ്യം ഉയർന്നു കേട്ടത്.

ആ ചോദ്യത്തിനെ തന്നെ അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെ കണ്ണിലും പാത്തു കണ്ടിരുന്നു.

ഗൂഡമായ ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അമീനെ കാണെ, അവൾക്കുറപ്പായി.. താൻ പറയുന്ന ഉത്തരത്തിനെ തടയിടാൻ വേണ്ടതെന്തോ അവനിവിടെ ഒരുക്കി വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും ധൈര്യത്തോടെ ഇവർക്കു പിന്നിലാണെങ്കിൽ പോലും നിൽക്കാനുള്ള ശക്തി ഇവനില്ലായിരുന്നു എന്നത്.

"ചോദിച്ചത് കേട്ടില്ലേ ഇയ്യ്.? വാ തുറന്നങ്ങോട്ട് പറയ്യ് പെണ്ണേ. ഇയ്യ് ഏടെ പോയതാ ഈ നേരത്ത്?"

റംലമ്മായിയൊക്കെ എപ്പോ വന്നാവോ?
റംലയുടെ ആ വെറുപ്പോടെയുള്ള ചോദ്യം കേട്ടപ്പോൾ പാത്തു അതാണ്‌ ആദ്യം ഓർത്തത്.

"ന്റെ സലാമിക്കാന്റെ കുട്ട്യാ ഇയ്യ്. അന്റെ അമ്മായിയാ മോളെ ഞാൻ. റംലമ്മായി "

മാമന്റെ വീട്ടിലേക്ക് ബന്ധം പറഞ്ഞു വന്ന ഏതോ ഒരു ദിവസം തേനൊലിയോടെ തലോടി കൊണ്ട് പറഞ്ഞതും അവൾക്ക് ഓർമ വന്നു.

കണ്ണൊക്കെ നിറച്ചു വികാരഭരിതയായിരുന്നു അന്ന് പ്രിയപ്പെട്ട റംലമ്മായി.

സുഹ്‌റമ്മായി പിന്നെ അന്ന് അത്രേം ഒലിപ്പിച്ചു വൃത്തികേടാക്കിയില്ല.. ആദ്യത്തെ കണ്ട്മുട്ടൽ.

"ഇവൾക്കെന്താ ചെവി കേൾക്കൂലേ പടച്ചോനെ?"

ഹമീദിന്റെ ഭാര്യ.. ഉമ്മുകുൽസു പാത്തുവിനെ ചെറുതായി ഒന്ന് പിടിച്ചു കുലുക്കി.

അവൾ വീണ്ടും അവരെയൊന്നു നോക്കി.

ഒറ്റയ്ക്കാണ് താൻ..

കരുണയുടെ നേർത്തൊരു കണികപോലുമില്ല മുന്നിൽ നിൽക്കുന്നവരിൽ.

എന്നാൽ വെറുപ്പിന്റെ വലിയൊരു സാഗരം കാണുന്നുണ്ട് താനും.
അവയിൽ മുങ്ങി പൊങ്ങി കിടക്കാതെ ആഞ്ഞു തുഴഞ്ഞേ മതിയാവൂ.

മറുത്തീരം അണയുകയെന്നതിപ്പോൾ തന്റെ മാത്രം ഉത്തരവാദിത്തമാണ്.

പതറരുത്..
പിടിച്ചു നിന്നേ മതിയാവൂ.

ഇവിടുത്തെ അവഗണനകൾക്ക് നേരെ ശബ്ദമുയർത്താൻ ആദ്യമായി കിട്ടിയ അവസരമാണ്.

അത്,  പേടിച്ചും മിണ്ടാതെ നിന്നും നഷ്ടപ്പെടുത്തിയാൽ.. പിന്നീടൊരിക്കലും പുറം ലോകം കൂടി കാണാൻ കഴിയാത്ത വിധമൊരു മതിൽ തനിക്ക് മുന്നിൽ ഉയർന്നു വരും.
അന്നും അത് നിസ്സഹാതയോടെ.. നോക്കി നിൽക്കേണ്ടി വരും.

"നിനക്ക് നീതി കിട്ടിയില്ലെങ്കിൽ.. നീ തീയാവുക.."

കാതിൽ വീണ്ടും വീണ്ടും ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറയുന്നത് പോലെ..

അറിയാതെ തന്നെ ഫാത്തിമയിലേക്കും അവന്റെ ചിരി പടർന്നു പിടിച്ചു.

"ഇതെന്താണ്.. ഇയ്യ് ആളെ കളിയാക്കുന്നോ?"
വീണ്ടും രോഷം നിറഞ്ഞ ആരുടെയോ ചോദ്യം അവളെ തേടിയെത്തി.

"അടിച്ചു നിന്റെ കരണം പുകയ്ക്കാൻ അറിയാഞ്ഞിട്ടല്ല. മര്യാദക്ക് ചോദിച്ചപ്പോൾ മൊട കാണിക്കുന്നോ? അനക്കറിയൂല പെണ്ണേ ഞങ്ങളെ ..."

നിയാസ് ക്ഷമ കേട്ടത് പോലെ ചാടി എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു.
പെട്ടന്നുള്ള ആ ചാടി തുള്ളൽ പ്രതീക്ഷിചിട്ടില്ലാത്തത് കൊണ്ട് തന്നെ ഫാത്തിമ ഞെട്ടി കൊണ്ട് ഒരടി പിറകിലേക്ക് വെച്ചു.

"എന്താണെന്ന് വെച്ച.. മണി മണി പോലെ പറഞ്ഞോണം. കേട്ടോടി?"
നിയാസ് വീണ്ടും വിരൽ ചൂണ്ടി.

അത് രസിച്ചത് പോലെ സിയാ അവളുടെ ഉപ്പയെ ആരാധനയോടെയാണ് നോക്കിയത്.

ബാക്കി എല്ലാവരുടെയും മനസ്സിലും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു.

"പറയാം.. ഇങ്ങള് എല്ലാരും ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഞാനുത്തരം പറയാം. പക്ഷേ അതിന് മുന്നേ നിക്കൊരു ചോദ്യം നിങ്ങളോടൊക്കെ ചോദിക്കാനുണ്ട് "

തെല്ലു പോലും പതറാതെ.. ഫാത്തിമ അത് പറയുമ്പോൾ.. അവിടെ കൂടിയവരെല്ലാം അവളെ വല്ലാത്തൊരു ഭാവത്തിൽ തുറിച്ചു നോക്കി.

ഒടുവിൽ ആ നോട്ടങ്ങളൊക്കെയും.. വലിഞ്ഞു മുറുകി ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെയിരിക്കുന്ന ഹമീദിന്റെ നേരെയായി.

ചിലരെല്ലാം ഭയത്തോടെ ഫാത്തിമയെയും അയാളെയും മാറി മാറി നോക്കുന്നുണ്ട്.

അവൾ പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ.. ഉത്തരം കിട്ടിയേ തീരു എന്നൊരു ഭാവത്തിലാണ് നിൽക്കുന്നത്.

"അറക്കൽ തറവാട്ടിൽ ഇന്ന് വരെയും പെണ്ണുങ്ങൾ ശബ്ദം ഉയർത്തിയിട്ടില്ല "

മുരളിച്ച പോലെ ഹമീദിന്റെ ഓർമപ്പെടുത്തൽ!

"ഇങ്ങള് ഇന്നോട് ചോദിച്ച ചോദ്യത്തിനുത്തരം വേണമെങ്കിൽ മാത്രം നിങ്ങളുത്തരം പറഞ്ഞാൽ മതി "

നേർത്തൊരു ചിരിയോടെ ആണെങ്കിലും വെല്ലുവിളി പോലാണ് അവിടെല്ലാർക്കും പാത്തുവിന്റെ ആ മറുപടി കേട്ടപ്പോൾ തോന്നിയത്.

"വല്ലാണ്ട് നെഗളിക്കല്ലേ പെണ്ണേ.. ഓന്റെ ഒറ്റയടിക്ക് തെകയൂല ഇയ്യ് "
റംല അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഫാത്തിമ അവരെ നോക്കാനെ പോയില്ല.

അവളെ അടിച്ചൊതുക്കാൻ തോന്നിയിട്ടും അവരത് ചെയ്യാഞ്ഞത് ഷാദിയെ ഓർത്തായിരുന്നു.

"നാളെ നേരം വെളുക്കുന്നതോടെ ഞാൻ അവിടുണ്ടാകും. ബാക്കിയെല്ലാം ഞാൻ വന്നിട്ട് മതി."

പാത്തുവിനെ മുറിയിൽ കാണാനില്ലെന്ന് പെൺകുട്ടികളെല്ലാം കൂടി വന്നു പറഞ്ഞതും  പാതിരാത്രി തന്നെ ആ വീട്ടിലും പരിസരത്തും അവളില്ലെന്ന് ഒന്നുക്കൂടി തിരഞ്ഞ് ഉറപ്പാക്കിയ ശേഷം ഷാഹിദിനെ വിളിച്ചറിയിച്ചിരുന്നു... ഹമീദ്.

ഷാഹിദ് പറഞ്ഞിട്ടാണ് അവളെ പോയി കണ്ട് ബന്ധം പുതുക്കിയതും.. ആ ബന്ധം വളർത്തി അവളെ അറക്കലേക്ക് എത്തിച്ചതും.

തത്കാലം അവൻ വരുന്നത് വരെയും അവളെ ഇവിടെ പിടിച്ചു നിർത്തിയെ പറ്റു.

അതവൾക്ക് വേണ്ടിയല്ല.. പകരം അവനോടുള്ള ഭയമാണ്.

വിചാരിച്ചത് നടന്നില്ലെങ്കിൽ അവനിൽ ഉണ്ടായേക്കാവുന്ന ഭ്രാന്തമായൊരു ദേഷ്യവും പ്രതികാരവുമുണ്ട്.

അതിനെ.. അതിനെ മരണത്തോളം ഭയക്കേണ്ടതാണെന്ന് അവിടെ കൂടിയ ഓരോരുത്തർക്കുമറിയാം.

"മ്മ്... എന്താപ്പോ അന്റെ ചോദ്യം.. ആദ്യം അത് കേക്കട്ടെ. എന്നിട്ട് പറയാം ഉത്തരം അർഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് "
തോൽവി സമ്മതിച്ചു കൊടുക്കില്ലെന്ന് വാശിയുള്ളത് പോലെ ഹമീദിന്റെ ഗൗരവം നിറഞ്ഞ മുഖം.. പരുക്കനായ സ്വരം.

പാത്തു അയാളെ നോക്കിയൊന്ന് ചിരിച്ചു.

"നിന്ന് ഇളിക്കാണ്ട് കാര്യം പറയെടി "
നിയാസും പല്ലിറുമ്മി കൊണ്ടവളെ നോക്കി.

"ഞാൻ നിങ്ങളുടെ ആരാണ്...? "

ഫാത്തിമയുടെ കടുപ്പമേറിയ ആദ്യചോദ്യം..

അവരെല്ലാം പരസ്പരം നോക്കി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story