നിലാവിന്റെ തോഴൻ: ഭാഗം 6

രചന: ജിഫ്‌ന നിസാർ

ബാഗും വലിച്ചെടുത്തു കൊണ്ട് ക്രിസ്റ്റി സിറ്റൗട്ടിലേക്ക് ചെന്നു.

അവിടെയും അലങ്കാരപണികൾ തകൃതിയാണ്.വർക്കിയിതൊരു അഹങ്കാരമാക്കാനുള്ള പ്ലാൻ ആയിരിക്കും,കാശുള്ളവനാണ് എന്ന് കാണിക്കാൻ.
അവനോർത്തു.

ക്രിസ്റ്റിയുടെ നേരെ നോക്കി വാതിൽ പടിയിൽ നിൽക്കുന്ന ഡെയ്സിയെ അവൻ മിററിൽ കൂടി കണ്ടിരുന്നു.

ഒരു മുരളിച്ചയോടെ ക്രിസ്റ്റി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

പോകും മുന്നേ അവൻ വെറുതെയൊന്നു തിരിഞ്ഞു നോക്കി.

"വൈകുന്നേരം വരണേ എന്നൊരു യാചനയോടെയുള്ള ഡെയ്സിയുടെ നോട്ടത്തിന്റെ ഉത്തരമായിരുന്നത്.

ചട് കുടു ശബ്ദത്തോടെ അവൻ ബുള്ളറ്റ് കണ്മുന്നിൽ നിന്നും ഓടിച്ചു പോയിട്ടാണ് ഡെയ്സി അകത്തേക്ക് കയറിയത്.

വലിഞ്ഞു മുറുകിയ മുഖത്തോടെ വണ്ടിയോടിക്കുന്ന ക്രിസ്റ്റിയുടെ മനസ്സിലും ആ മുഖത്തെ സങ്കടം കൊളുത്തി പിടിച്ചിരുന്നു.

ആരോടൊക്കെയോയുള്ള ദേഷ്യം കൊണ്ടവന്റെ കൈകൾ ബുള്ളറ്റിന്റെ ഹാൻഡിലിൽ മുറുകി.

അരമണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ നഗര തിരക്കിൽ നിന്നും മാറി നാട്ടിൻപുറത്തേക്കുള്ള മൺപാതയിലേക്ക് അവന്റെ ബുള്ളറ്റ് പാഞ്ഞു.

ഇരു വശവും തെങ്ങുകൾ കൊണ്ട് അതിരിട്ട പൊടി മണ്ണ് നിറഞ്ഞ റോഡ്.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ.. പന്തിനൊപ്പം പാഞ്ഞ് ജീവിതം ആഘോഷിക്കുന്ന ആവേശത്തിൽ ബാല്യങ്ങൾ.

അറിയാതെ തന്നെ ക്രിസ്റ്റിയുടെ വലിഞ്ഞു മുറുകിയ മുഖത്ത് നിലാവുദിച്ചത് പോലൊരു ചിരി തെളിഞ്ഞു.

"ചേട്ടായീ "

അവന്റെ ബുള്ളറ്റിന്റെ സ്വരം കേട്ടതും കളിച്ചു കൊണ്ടിരിക്കുന്ന പീക്കിരികൾ ഒരേ സ്വരത്തിൽ വിളിച്ചു കൂവി.

ക്രിസ്റ്റി വണ്ടി നിർത്തി കൊണ്ട് അവർക്ക് നേരെ കൈ വീശി കാണിച്ചു.

"സ്കൂളിൽ പോണില്ലേടാ?"

അവനും ഉറക്കെ വിളിച്ചു ചോദിച്ചു.

"സമയമായിട്ടില്ല ചേട്ടായീ "
വീണ്ടും കോറസ് പോലെ എല്ലാം കൂടി ഏറ്റു വിളിച്ചു.
ക്രിസ്റ്റി ചിരിയോടെ കയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി.

"കൂടുന്നോ...?"

ബാറ്റ് ഉയർത്തി കാണിച്ചു കൊണ്ട് ഒരുത്തൻ ചോദിക്കുന്നു.

"ടൈം.. ഇല്ലെടാ ചെക്കാ. എനിക്ക് കോളേജിൽ പോണം "

ക്രിസ്റ്റി ചിരിയോടെ വിളിച്ചു പറഞ്ഞു.

"ഡോണ്ട് വറി ചേട്ടായീ.. നെക്സ്റ്റ് ടൈം "
കൂട്ടത്തിൽ ഏതോ ഒരുത്തൻ അറിയാവുന്ന മുറി ഇഗ്ളീഷ് കാച്ചിയതോടെ കുട്ടിപട്ടാളം അവനെ പൊതിഞ്ഞു.ചിരിയോടെ അവനെ കളിയാക്കൽ തുടങ്ങി.

ആ കളി ചിരികൾ ആസ്വദിച്ചു കൊണ്ടാണ് പിന്നെ ക്രിസ്റ്റി മുന്നോട്ടു വണ്ടി ഓടിച്ചത്.

ഇത്തിരി നീളത്തിൽ വയൽ അവസാനിച്ചാൽ പിന്നെ.. തൊട്ടടുത്തടുത്തായി വീടുകളാണ്.

കാണുന്നവരെല്ലാം ക്രിസ്റ്റിയെ നോക്കി പരിചിതഭാവത്തിൽ ചിരിച്ചു.

വാത്സല്യവും കളങ്കമില്ലാത്ത സ്നേഹവും നിറഞ്ഞ ആ ചിരികൾ അവൻ ഹൃദയം കൊണ്ട് ഏറ്റെടുത്തു.

അവിടെയുള്ള ഓരോ പുൽനാമ്പിന് പോലുമറിയാം മീരയുടെ പ്രിയപ്പെട്ട ഇച്ഛനെ.

അവന്റെ കയ്യിൽ തൂങ്ങി... ആ നാട്ടിൻപുറങ്ങളിൽ കറങ്ങി നടക്കുന്നതാണ് പെണ്ണിന് ഏറെയിഷ്ട്ടം.

നാട്ടിലുള്ള മുഴുവൻ പീക്കിരി പിള്ളേരും ആ മരം കേറിയുടെ കൂട്ടുകാരാണ്.

അവരുടെ സെറ്റിന്റെ കയ്യിൽ നിന്നും ചാടി പോയ വികൃതികളെ ഈ ലോകത്തൊള്ളൂ എന്ന് തോന്നും വിധം കുരുത്തകേടുകൾ കൈയിലുണ്ടങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവുമില്ല.

ക്രിസ്റ്റി ആ ഓർമയിൽ തന്നെ ചിരിച്ചു പോയിരുന്നു.

ഓടിട്ട ചെറിയൊരു വീടിന്റെ മുന്നിലെത്തിയതും അവൻ തുടരെ ഹോൺ മുഴക്കി.
ആ ബുള്ളറ്റിന്റെ സ്വരം കേട്ടാൽ വെടിയുണ്ട പോലെ പാഞ്ഞു വന്നൊരുവളെ അന്നവൻ അവിടെ കണ്ടില്ല.

"അപ്പൊ പിണക്കമിച്ചിരി മുന്തിയ ഇനമാണല്ലോ കർത്താവെ "

സ്വയം പറഞ്ഞു കൊണ്ടവൻ വണ്ടി നിർത്തി ഹെൽമെറ്റ്‌ ഊരി മാറ്റി.

തോളിൽ കിടന്ന ബാഗ് ഊരി വണ്ടിയുടെ മുകളിലേക്ക് വെച്ച് ഉടഞ്ഞു പോയ മുടിയിഴകൾ കൈ കൊണ്ട് കോതി ഒതുക്കി.

തുറന്നു കിടക്കുന്ന വാതിൽക്കൽ ഒരു സ്ത്രീ വന്നു നിന്നു.

നാല്പതു വയസ്സോളം പ്രായമുണ്ടാവും.

"കയറി വാ മോനെ "

വിളറിയ മുഖത്തെ അവശതയിലും നിറഞ്ഞ ചിരിയോടെ അവർ ക്രിസ്റ്റിയെ ക്ഷണിച്ചു.

'അവളെവിടെ ആന്റി? "

അവൻ വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനിടെ ചോദിച്ചു.

"ഇവിടെ വാതിൽ പടിയിൽ ഇരിപ്പുണ്ടായിരുന്നു ഇത് വരെയും. മോന്റെ വണ്ടിയുടെ ഒച്ച കേട്ടപ്പോ എഴുന്നേറ്റു ഓടിയതാവും.. അകത്തു കിടപ്പുണ്ട്. ജീവനോടെയുണ്ടെങ്കിൽ നീ ഇന്ന് വരുമെന്ന് അവൾക്കുറപ്പല്ലേ?"

അകത്തേക്കൊന്ന് നോക്കിയിട്ടാണ് അവരത് പറഞ്ഞത്.

ക്രിസ്റ്റി ചിരിയോടെ ഷൂ അഴിച്ചു മാറ്റി കൊണ്ട് അകത്തേക്ക് ചെന്നു.

നേരെ പോയത് ചെറിയൊരു ഹാളും കടന്ന് വലതു സൈസിലെ മുറിയിലേക്കാണ്.

വിചാരിച്ചത് പോലെ തന്നെ.. കമിഴ്ന്നു കിടപ്പുണ്ട്.

ക്രിസ്റ്റി ചിരിയോടെ ആ കിടക്കയിൽ അവളുടെ അരികിൽ പോയിരുന്നു.

"ഡീ പെണ്ണേ.. എഴുന്നേറ്റ് വന്നേ.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകുവെ "

ക്രിസ്റ്റി അവളുടെ തോളിൽ തട്ടി വിളിച്ചു.

ഒന്ന് അനങ്ങിയത് കൂടിയില്ല.

"നടും പുറം നോക്കി... ഒന്നങ്ങട് കൊടുക്ക്. ചാടി എണീക്കും അവള്. ഇങ്ങനുണ്ടോ ഒരു വാശി."

വാതിൽക്കൽ അവനൊപ്പം വന്നു കൊണ്ട് ആ സ്ത്രീ പറഞ്ഞു.

"അവള്.. കുഞ്ഞല്ലേ ആന്റി "
ക്രിസ്റ്റി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.

"പിന്നെ... ഒരു കുഞ്ഞുകുട്ടി .. വയസ് പതിനേഴായില്ലേ?നീയിങ്ങനെ ഇവളുടെ താളത്തിന് തുള്ളിയിട്ടാ ക്രിസ്റ്റി പെണ്ണിനിത്രേം വാശിയും കുറുമ്പും "

അവർ വീണ്ടും പറഞ്ഞു.

"മീരേ... എഴുന്നേറ്റോ... ശാരിയാന്റി കലിപ്പിട്ട് തുടങ്ങി ട്ടൊ "

ക്രിസ്റ്റി വീണ്ടും അവളെ തട്ടി വിളിച്ചു.

"നിനക്ക് സ്കൂളിൽ നിന്ന് ടൂർ പോണം.. അത്രല്ലേ വേണ്ടത്? ഞാനേറ്റു. ഇപ്പൊ നീ എണീക്ക്. എനിക്കീ വഴി തന്നെ കോളേജിൽ പോവാനുള്ളതാ പെണ്ണേ "

ക്രിസ്റ്റി വീണ്ടും പറഞ്ഞതോടെ കമിഴ്ന്നു കിടക്കുന്നവൾക്ക് ഇച്ചിരി അനക്കം വെച്ച് തുടങ്ങി.

"ദേ.. ഇനിയും സോപ്പിട്ടു പറയുമെന്ന് പൊന്നുമോൾ വെറുതെ മോഹിക്കേണ്ട.. കേട്ടോ.ചവിട്ടി താഴെയിടും ഞാൻ. അറിയാലോ.. ക്രിസ്റ്റി ഇടഞ്ഞാ.."

അവൻ പറഞ്ഞു മുഴുവനാക്കും മുന്നേ മീര എഴുന്നേറ്റു കഴിഞ്ഞിരുന്നു.

പാറി പറന്നു കിടക്കുന്ന മുടിയിഴകൾക്കിടയിൽ അമ്പിളി കീറ് പോലൊരു കുഞ്ഞു മുഖം.

പിടക്കുന്ന ആ കണ്ണുകൾ തുളുമ്പി നിൽക്കുന്നു.

"എന്റെ... എന്റെ ഏട്ടനല്ലെന്ന് പറഞ്ഞില്ലേ?"

വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് അവൾ അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു.

ക്രിസ്റ്റി അവൾക്കരികിലേക്ക് നീങ്ങിയിരിന്നു.

"ഞാനോ?"
അവൻ മുഖം ചുളിച്ചു.

"പിന്നെ ഞാനോ? "

മീര കലിപ്പോടെ ചുണ്ട് കൂർപ്പിച്ചു.

"ആ പറഞ്ഞത് സത്യമല്ലേ പൊട്ടി.. ഞാൻ നിന്റെ ഏട്ടനാണോ..? നിന്റെ ഇച്ഛാ അല്ലേടി.. ഞാൻ..ഏഹ്?"
അവൻ അവളുടെ തോളിൽ കൂടി കയ്യിട്ട് പിടിച്ചു.

"അല്ല.. അങ്ങനല്ല പറഞ്ഞത് "
മീര വാശികാരിയായി.

"ശരി.. പിന്നെങ്ങനാ പറഞ്ഞത്.. ഇച്ഛാ മറന്ന് പോയല്ലോ..? നീ ഒന്ന് പറഞ്ഞു തന്നേ."

ക്രിസ്റ്റി അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

"ഇച്ഛായെന്റെ ആരുമല്ല. നിന്റെ ഒറിജിനൽ ഏട്ടനും അപ്പനും ജീവിച്ചിരിപ്പുണ്ടല്ലോ.. കാശ് വേണമെങ്കിൽ അവരോട് പോയി ചോദിക്കെന്ന് പറഞ്ഞില്ലേ... പറഞ്ഞു.. പറഞ്ഞു "

ഊന്നി ഊന്നി പറഞ്ഞു കൊണ്ട് മീര അവന്റെ തോളിൽ ചാരി.

"ശോ... അതൊക്കെ മനസ്സിൽ വെച്ച് നടക്കുവാണോ എന്റെ കൊച്ചേ നീ.? അന്നേരത്തെ തമാശക്ക് പറഞ്ഞതല്ലെടി പൊട്ടി അത്. ഇങ്ങനൊരു ബുദുസ്.."

ക്രിസ്റ്റി അവളുടെ തലയിലൊരു കൊട്ട് കൊടുത്തു.

"നിന്റപ്പൻ പൊറുക്കി ചെറിയാന് കാഞ്ഞ ബുദ്ധിയാണല്ലോടി മോളെ.പിന്നെങ്ങനെ നീ ഇങ്ങനൊരു മന്ദബുദ്ധിയായി പോയത്.?അയ്യേ.. കഷ്ടം "

അവളെ കളിയാക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

"എനിക്ക് ശെരിക്കും സങ്കടം വന്നു "
മീര വീണ്ടും അവനെ നോക്കി.

"യ്യോടാ.. സോറി ട്ടാ "

ക്രിസ്റ്റി സ്വന്തം നെറ്റി കൊണ്ട് അവളുടെ നെറ്റിയിൽ മുട്ടിച്ചു.

അതെല്ലാം നോക്കി നിറഞ്ഞ കണ്ണോടെ മീരയുടെ അമ്മ ശാരി ചുവരിൽ ചാരി നിൽപ്പുണ്ട്.
മീരയുടെ അമ്മ മാത്രം അല്ലായിരുന്നു അവർ.

വർക്കി ചെറിയാനെന്ന ചെകുത്താന്റെ പ്രണയവലയത്തിൽ പെട്ടു ജീവിതവും മാനവും പോയൊരു പെണ്ണ് കൂടിയായിരുന്നു.
അയാൾക്കൊരു കുടുംബമുണ്ടെന്ന് അറിഞ്ഞത് തന്നെ പ്രണയവികൃതി തലക്ക് പിടിച്ചു... മീര ഉദരത്തിൽ തുടിച്ചു തുടങ്ങിയപ്പോൾ മാത്രമായിരുന്നു.

മനോഹരമായിരുന്നു വർക്കി ചെറിയാന്റെ കാമുകവേഷം. അയാളത് ആത്മാർത്ഥമായി തന്നെ അരങ്ങിൽ അവതരിപ്പിച്ചു കടന്ന് കളഞ്ഞവരിൽ... ഒരു ഇര മാത്രമായിരുന്നു ശാരി.

ഗർഭിണിയാണെന്ന അറിവോടെ വർക്കിയോടൊപ്പം സ്വന്തം വീട്ടുകാർ കൂടി ശരീയെ കൈവിട്ടു കളഞ്ഞു.

മീര മോൾക്ക് വേണ്ടി അവൾ അനുഭാവിച്ചതെല്ലാം കണ്ണീരോടെയല്ലാതെ കേട്ട് നിൽക്കാനാവില്ല മനസാക്ഷിയുള്ള ഒരാൾക്കും.

തോൽക്കില്ലെന്ന് വാശിയുള്ളത് പോലെ പൊരുതി നേടിയ ജീവിതം... അടിയറവ് പറഞ്ഞത്, പകച്ചുപോയത് മാറാരോഗത്തിന് മുന്നിലാണ്.

ചെറുത്തു നിൽപ്പിന്റെ ഏറ്റവും അവസാനത്തെ സ്റ്റേജിലാണ് ശാരി വർക്കിയേ തേടിയുള്ള യാത്ര തുടങ്ങിയത്.

മീരയെ സുരക്ഷിതമാക്കുക.. സമാധാനത്തോടെ മരണത്തെ പുൽകുക എന്നത് മാത്രമായിരുന്നു അന്നത്തെ അവരുടെ ആഗ്രഹം.

സ്വന്തമെന്ന് പറയാൻ ഒരു പുൽകൊടി പോലുമില്ലാത്ത ലോകത്ത് മകളെ തനിച്ചാക്കി പോകാൻ ആ അമ്മമനം പേടിച്ചു.

വർക്കി പക്ഷേ സ്വന്തം മുഖം രക്ഷിച്ചെടുക്കാനുള്ള തത്രപാടിൽ ശാരിയെ പാടെ നിഷേധിച്ചു.

അവളെ അറിയുകപോലുമില്ലെന്ന് പറഞ്ഞയാൾക്ക് എതിരെ കാണിക്കാൻ ആ അമ്മയുടെയും മകളുടെയും കയ്യിൽ തെളിവുകളൊന്നും തന്നെ ഇല്ലായിരുന്നു.

മരണം മാത്രം മുന്നിൽ കണ്ടിറങ്ങി പോകുന്ന ആ മനുഷ്യർക്ക് മുന്നിൽ ദൈവത്തെ പോലെയാണ് ക്രിസ്റ്റി ഇറങ്ങി ചെന്നത്.

ശാരിയെന്ന മാരണം തീർത്തും ഒഴിഞ്ഞു പോയെന്ന് വർക്കി പോലും വിശ്വസിക്കുമ്പോൾ... ആശ്വസിക്കുമ്പോൾ ക്രിസ്റ്റിയുടെ ഉത്തരവാദിത്തമായിരുന്നു പിന്നെ ശാരിയും മകളും.

ആരും അറിയാതെ ആരെയും അറിയിക്കാതെ അവർക്കൊരു കുഞ്ഞു വീടുത്തു കൊടുത്തു.

നല്ലൊരു ഹോസ്പിറ്റലിൽ ശാരിയുടെ ചികിത്സ തുടങ്ങി.തീർത്തും ഭോധപെട്ടില്ലെങ്കിലും.. ഒരുവിധം അസുഖത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു.

അവർക്കാവിശ്യമുള്ളതെല്ലാം മുടങ്ങാതെ അവനെത്തിച്ചു.

ശാരിയുടെ മകനായി.. മീരയുടെ പ്രിയപ്പെട്ട ഇച്ചായായി.. അവനവിടെ ജീവിക്കുകയാണ്.. 

അവരെല്ലാമവനെ സ്നേഹിക്കയാണ്..!

വീണു കിട്ടുന്ന ഇടവേളകളിൽ ഇടക്കൊക്കെ പാഞ്ഞെത്തുന്ന ക്രിസ്റ്റിയെ ആ ഗ്രാമം മൊത്തം കാത്തിരിക്കാൻ തുടങ്ങി.

എല്ലാം മറന്നൊന്ന് ചിരിക്കാൻ കൊതിക്കുമ്പോൾ ക്രിസ്റ്റിയും അവിടെ ആഗ്രഹിക്കാൻ തുടങ്ങി.

"ഇച്ഛാ.."

മീരയവന്റെ കയ്യിൽ അമർത്തി നുള്ളി കൊണ്ടാണ് വിളിക്കുന്നത്.

"ഹൂ.. വേദനിക്കുന്നെടി പിശാച്ചേ "
ക്രിസ്റ്റി കണ്ണുരുട്ടി.

"നന്നായി പോയി "
മീര അമർത്തി ചിരിച്ചു കൊണ്ടവനെ ചുറ്റി പിടിച്ചു.

"മതിയെടി സോപ്പിങ്. ആ ചെക്കന് കോളേജിൽ പോകാനുള്ളതാ "
ക്രിസ്റ്റിക്ക് നേരെ ഒരു ഗ്ലാസ്‌ ചായ നീട്ടി കൊണ്ട് ശാരി മീരയെ നോക്കി ചുണ്ട് കോട്ടി..

"അമ്മയ്ക്ക് നമ്മളോട് അസൂയ ആണ് ഇച്ഛാ "
മീര സ്വകാര്യം പോലെ ക്രിസ്റ്റീയോട് പറഞ്ഞു.

"ഓഓഓ... ആണെങ്കിൽ നീയങ്ങു സഹിച്ചോ. അല്ലപിന്നെ "
ശാരി അപ്പോഴും മുഖം കടുത്തു തന്നെ ആയിരുന്നു.

ക്രിസ്റ്റിയെ മകൾ കൂടുതൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നോർക്കുമ്പോൾ പിടയുന്നൊരു മനസ്സുണ്ടായിരുന്നു അവർക്കുള്ളിൽ.

ഇന്നീ ശ്വസിക്കുന്ന ശ്വാസം പോലും അവന്റെ ഔദാര്യമാണ്.

ഒന്നിനും വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടില്ല. കണ്ടറിഞ്ഞു ചെയ്യാൻ അവനൊരു പ്രതേക മികവുണ്ട്.

ദൈവം പോലും കൈവിട്ടു കളഞ്ഞെന്ന് തോന്നിയ നിമിഷം മരണത്തെ ആഗ്രഹിച്ചു കൊണ്ട് തന്നെയാണ് മീരയുടെ കയ്യും പിടിച്ചു വലിച്ച് വർക്കിയുടെ മുന്നിൽ നിന്നുമിറങ്ങി പോന്നത്.

ഇനി ജീവിച്ചിരിക്കാൻ അവകാശമില്ലെന്നും അർഹതയില്ലെന്നും തോന്നിയിടത്തു നിന്നും ദൈവത്തെ പോലെ കാരുണ്യത്തോടെ ചേർത്ത് പിടിച്ചവൻ.

എന്തിനും ഒരു വിളിക്കപ്പുറം ഓടി പാഞ്ഞു വരുന്നവൻ.

അവനെ ഒരുപാട് ദ്രോഹിച്ച വർക്കിയോട് പ്രതികാരം ചെയ്യാനുള്ള അവസരമായിരുന്നിട്ട് കൂടി.. സ്വന്തം അമ്മയോട് പോലും ഇന്നും ഇക്കാര്യം മറച്ചു വെക്കുന്നവൻ.

ഇങ്ങോട്ട് തരുന്നതിനൊന്നിനും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവൻ.

ശാരിയുടെ കണ്ണുകൾ വീണ്ടും വീണ്ടും വാത്സല്യത്തോടെ അവനെ തഴുകി തലോടി.

ഫൈസിയുടെ കോൾ വീണ്ടും ഫോണിലേക്ക് വന്നപ്പോൾ ക്രിസ്റ്റി ധൃതിയിൽ ചായ കുടിച്ചു തീർത്തിട്ട് ഗ്ലാസ്‌ തിരികെ ഏൽപ്പിച്ചു.

"പോയിട്ടോ ന്നാ... പെട്ടന്ന് റെഡിയായി സ്കൂളിൽ പോവാൻ നോക്ക് "

മീരയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റു.

"ഇപ്പൊ വേണ്ട ഇച്ഛാ "
പോക്കറ്റിൽ നിന്നും കാശ്ശെടുക്കാൻ തുടങ്ങിയ ക്രിസ്റ്റിയെ മീര തടഞ്ഞു.

"വേണ്ടേ.. നാളെയല്ലേ കൊച്ചേ ലാസ്റ്റ് ഡേറ്റ്.?അങ്ങനല്ലേ നീ പറഞ്ഞത്?"

ക്രിസ്റ്റി നെറ്റി ചുളിച്ചു.

"അതൊക്കെ ശെരി തന്നെ.."
മീരയുടെ മുഖത്തൊരു കള്ളചിരിയുണ്ട്.

"കാര്യം പറയെടി കാന്താരി "
ക്രിസ്റ്റി കണ്ണുരുട്ടി.

"അവളുടെ മാഞ്ഞാളത്തിന് നിൽക്കാതെ നീ പോവാൻ നോക്ക് ക്രിസ്റ്റി. ഈ പെണ്ണിന് വട്ടാണ് "
ശാരി വീണ്ടും മീരയെ തുറിച്ചു നോക്കി.

"ഇച്ഛാ കാശ് കൊണ്ട് സ്കൂളിൽ വരുവോ?"

മീര കെഞ്ചും പോലെ ക്രിസ്റ്റിയെ നോക്കി.

ആ മുഖത്തേക്ക് നോക്കെ... അവൻ അവളിലൊരു കുഞ്ഞു ക്രിസ്റ്റിയെ കണ്ടിരുന്നു.

എന്റെയാണ് അവകാശപെടാനൊരാളെയാണ് ആ തേടുന്നത്.

അവിടെ ഷൈൻ ചെയ്യാമല്ലോ എന്നല്ല സത്യത്തിൽ ആ മനസ്സിൽ.

"എന്റെയാണ് എന്നുള്ള തോന്നൽ നൽകുന്ന ആത്മ വിശ്വാസമാണ് കൊതിക്കുന്നത്.

ക്രിസ്റ്റിക്കത് വളരെ എളുപ്പമാണ്.. മനസ്സിലാക്കാൻ. കാരണം അവനും കാത്തിരുന്നിരുന്നു... അങ്ങനൊരാൾ തേടി വരുന്നത്.

അമ്മയെ പോലും വർക്കി വിട്ടിരിന്നില്ല.. തനിക് വേണ്ടിയിട്ട്.

ഒരു തരം വാശി പോലെ.

"ഒരു നൂറുക്കൂട്ടം കാര്യം ചെയ്യാനുള്ള ചെക്കന്.. നിന്റെ കൊഞ്ചലിനു നടക്കാനല്ലേ നേരം?"

ശാരിയുടെ വാക്കുകൾക്ക് മുന്നിൽ മീരയുടെ മുഖം കുനിഞ്ഞു.

"ഇച്ഛാ വരും. വന്നിട്ട് നമ്മള് ഒരുമിച്ച് പോയിട്ട് നിന്റെ ടൂറിനുള്ള ഫീസ് അടച്ചിരിക്കും. അത് പോരെ?"

ചൂണ്ടു വിരൽ കൊണ്ട് മീരയുടെ മുഖം ഉയർത്തി ക്രിസ്റ്റി അത് പറയുമ്പോൾ.. മീരയുടെ കണ്ണിൽ രണ്ടു സൂര്യൻ ഉദിച്ചിരുന്നു..

സന്തോഷത്തിന്റെ.. പ്രതീക്ഷയുടെ... അനേകായിരം വർണങ്ങൾ നിറഞ്ഞ സൂര്യൻ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story