നിലാവിന്റെ തോഴൻ: ഭാഗം 8

nilavinte thozhan

രചന: ജിഫ്‌ന നിസാർ

കോളേജിന്റെ കൂറ്റൻ ഗേറ്റ് കടന്ന് ക്രിസ്റ്റിയുടെ ബുള്ളറ്റ് ഉള്ളിലേക്ക് കയറിയതും നാല് പാടും ആരാധനയുടെ നോട്ടങ്ങൾ അവനിലേക്ക് നീളുന്നുണ്ടായിരുന്നു.

നേർത്തൊരു ചിരിയോടെ അവനകത്തേക്ക് കയറി.

ഗുഡ്മോർണിംഗ്... "
പ്രണയത്തോടെ... ആരാധനയോടെ.. സൗഹൃദത്തോടെ.. ഇതിലൊന്നും പെടാത്ത വെറുമൊരു ഇഷ്ടത്തോടെ അവനിലേക്ക് പ്രഭാതവന്ദനങ്ങൾ വന്നു ചേർന്ന് കൊണ്ടേയിരുന്നു, സ്ഥിരം ബുള്ളറ്റ് പാർക്ക് ചെയ്യാറുള്ള അവിടെത്തുവോളം.

ചിരിയോടെ അതിനെല്ലാമാവൻ മറുമൊഴിയും പറയുന്നുണ്ട്.

അകലെ നിന്ന് തന്നെ ക്രിസ്റ്റി കണ്ടിരുന്നു... സ്വന്തം ബൈക്കിൽ ചാരി അക്ഷമയോടെ നിൽക്കുന്ന ഫൈസൽ മുഹമ്മദിനെയും  അവനരികിലെ ആര്യനെയും.

ആ നിൽപ്പിൽ ഒരു മുഷിച്ചിലിന്റെ ധ്വനിയുണ്ട്.

നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി അവർക്കരികിൽ കൊണ്ട് പോയി വണ്ടി നിർത്തി.

"ഗുഡ്മോർണിംഗ് "
അത്യാവശ്യം കലിപ്പിട്ട് നിൽക്കുന്നവർക്ക് നേരെ നോക്കി ക്രിസ്റ്റി ഈണത്തിൽ പറഞ്ഞു.

ഫൈസിയും ആര്യനും പരസ്പരം നോക്കികൊണ്ട് പല്ല് കടിക്കുന്നത് കണ്ടിട്ടും ക്രിസ്റ്റി ചിരിയോടെ തന്നെ അവരെ നോക്കി.

വച്ചു കെട്ടലുകളില്ലാതെ.. ഗൗരവത്തിന്റെയും ദേഷ്യത്തിന്റെയും മൂട് പടമില്ലാതെയും ക്രിസ്റ്റി അവനായി നിൽക്കുന്നയിടങ്ങൾ വളരെ വളരെ ചുരുക്കമാണ്.

അവനേരെ ആസ്വദിക്കുന്ന സമയം.. അത് ഫൈസിക്കും ആര്യനുമൊപ്പമുള്ള നിമിഷങ്ങളാണ്.

"എന്തുവാടേ... രാവിലെ തന്നെ നഴ്സറി പിള്ളേരെ പോലെ മോന്തയും വീർപ്പിച്ചു പിടിച്ചേക്കുന്നത്?"
ബുള്ളറ്റിൽ നിന്നും താഴേക്ക് ഇറങ്ങുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.

"മണിക്കൂർ ഒന്നായി ഇവിടെ പോസ്റ്റായി നിൽക്കുന്നു. അപ്പഴാ.. അവന്റെയൊരു ഓഞ്ഞ കോമഡി "

ഫൈസി വീണ്ടും ക്രിസ്റ്റിയെ നോക്കി പല്ല് കടിച്ചു.

"ഹാ.. ഞാൻ രാവിലെ നീ വിളിച്ചപ്പോ തന്നെ പറഞ്ഞതല്ലെടാ.. മീരയെ കാണാൻ പോണം ഇച്ചിരി വൈകും ന്ന് "
ക്രിസ്റ്റി ഫൈസിയെ നോക്കി.

"ഉവ്വ്. അതിനുള്ള മറുപടിയും ഞാനപ്പഴേ പറഞ്ഞില്ലേ? ഇന്നാണ് പോൾ സാർ പറഞ്ഞ ലാസ്റ്റ് ഡേറ്റ്. നീ തന്നെ ഏറ്റെടുത്തു തലയിൽ വെച്ചതല്ലേ? വഴിയേ പോണ വയ്യാവേലി മുഴുവനും വച്ചു മാറാൻ നിന്റെ പരട്ട തലയുണ്ടല്ലോ.. ആദ്യം അത് അടിച്ചു പൊളിക്കണം. എന്ന തീരും ഇതൊക്കെ "

ഫൈസി വീണ്ടും കലിപ്പിലാണ്.

അവൻ പറയുന്നതിലും ന്യായമുണ്ടെന്ന് തോന്നിയിട്ടാണ് ക്രിസ്റ്റി ഒന്നും മിണ്ടാതെ കേട്ട് നിന്നത്.

മുന്നിൽ വന്നു നിന്നിട്ട് ഒരാളൊരു സഹായം അഭ്യർത്ഥിക്കുമ്പോൾ വയ്യെന്ന് പറയാൻ പഠിക്കാതെ.. എത്ര റിസ്ക് പിടിച്ച കാര്യമാണെങ്കിൽ പോലും അത് ചെയ്തു കൊടുക്കാനുള്ള അവന്റെയാ സഹായമനസ്സിനെയാണ് ഫൈസി വഴക് പറയുന്നത്.

അതവനോടുള്ള ഇഷ്ടകുറവല്ല.

മറിച്ച്.. അതിന് വേണ്ടി കൂടി അവനോടി നടക്കേണ്ടി വരുന്നത് കാണുമ്പോഴുള്ള ബുദ്ധിമുട്ട് കൊണ്ടാണ്.ചങ്ങാതിയോടുള്ള നിറഞ്ഞ സ്നേഹമാണ്.

ഒന്നാമതേ നിന്ന് തിരിയാൻ നേരമില്ലാത്തവനാണ്.

എന്നാലും ആരോടും നോ പറയില്ല. അത് കൊണ്ട് തന്നെ ഏതു വയ്യാവേലിയും അവനെ ഏല്പിക്കാനും ആളുണ്ട്.ഇതൊക്കെയാണേലും ന്യായമില്ലാത്ത ഒന്നിനും ക്രിസ്റ്റിയെ തിരഞ്ഞു വരേണ്ടതില്ലെന്ന് എല്ലാവർക്കും അറിയാം.

ഇതിപ്പോ പോൾ സാർ മനഃപൂർവം അവനിലേക്ക് വെച്ച് നീട്ടിയതാണ്.

എന്തിന്റെയോ ഫണ്ട്‌ പിരിവാണെന്ന് കേട്ടപ്പോൾ തന്നെ അവനോട് ഫൈസി പരമാവധി മുടക്ക് പറഞ്ഞതാണ്.

സത്യത്തിൽ പോൾ സാർ ചെയ്യേണ്ട ജോലിയാണത്.

അങ്ങേർക്ക് അതിന് പിറകെ ഓടാൻ താല്പര്യമില്ല എന്നത് മാത്രമാവില്ല ആ ജോലി ക്രിസ്റ്റിയിലേക്ക് വെച്ച് മാറാനുള്ള കാരണം.

അവനു കോളേജിലുള്ള ഇമേജ് തന്നെയാണ് ആ കാരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്.

ആ കോളേജിലെ നീതിനടപ്പാക്കുമെന്ന് ഉറപ്പുള്ള ഏതൊരു കാര്യത്തിനും മുന്നും പിന്നും നോക്കാതെയിറങ്ങി ചെല്ലുന്ന കോളേജ് ചെയർമാൻ വിചാരിച്ചാൽ ലക്ഷങ്ങൾ തന്നെ പിഴിഞ്ഞെടുക്കാനാവുമെന്ന് പോളിനും.. പോളിന് പിറകിൽ നിൽക്കുന്നവർക്കും അറിയാം.

"നീ ഇങ്ങനെ ദേഷ്യപെടാതെ ഫൈസി. ഇതൊരു അത്യാവശ്യത്തിനല്ലേ?നമ്മളെ കൊണ്ടാവുന്ന ഒരു സഹായം ചെയ്യുന്നു. ഏതായാലും ആ കാശ് മുഴുവനും കൊടുത്തു സഹകരിക്കാൻ നമ്മളെ കൊണ്ടാവില്ല. അപ്പോൾ പിന്നേ ഇങ്ങനൊരു സഹായം.."

ക്രിസ്റ്റി പരമാവധി ലഘുകരിക്കാൻ നോക്കി.

"വേണ്ടടാ.. നീ അതൂടെ അങ്ങ് ഏറ്റെടുക്ക്. എന്നിട്ട മുഴുവൻ കാശും അങ്ങ് കൊടുത്തേക്ക്. അല്ലേലും അതാണല്ലോ നിന്റെ മെയിൻ പണി. വെളുപ്പിനെ തുടങ്ങുന്ന പോത്തിനെ പോലുള്ള പണിയാണ്. അവനെ സഹായിക്കാൻ ആരുമില്ല. ഇട്ട് മൂടാനുള്ള സ്വത്തുക്കളുണ്ടായിട്ടും വണ്ടി കാളയെ പോലെ പണി എടുത്തേക്കണം. പക്ഷേ അവന് സഹായിക്കാൻ എത്ര പേരാണ്. "

ഫൈസിക്ക് അരിശം തീരുന്നില്ല.

വർക്കിക്ക് ക്രിസ്റ്റിയോടുള്ള മനോഭാവം... ഏറ്റവും കൂടുതൽ പ്രകോപിപ്പിക്കുന്നത് ഒരുപക്ഷെ ഫൈസിയെ ആയിരിക്കും.

അവനത്രേം ഇഷ്ടമുണ്ടായിരുന്നു ക്രിസ്റ്റീയോട്.

ആർക്കും പിടി കൊടുക്കാതെ ആരെയും അടുപ്പിക്കാതെ ഒറ്റയാനായി ജീവിക്കുന്ന ക്രിസ്റ്റിയുടെ ജീവിതത്തിലേക്ക് ഒരു നിമിത്തം പോലെ വന്നു ചേർന്നതാണ് ഫൈസൽ മുഹമ്മദ്‌.

ആ സൗഹൃദമിന്ന് കടൽ പോലെ വിശാലതയുള്ളതാണ്.
ഇടയിലെപ്പഴോ വന്നു ചേർന്ന ആര്യൻ,പക്ഷേ ഫൈസിയും ക്രിസ്റ്റിയും തമ്മിലുള്ള ആ ഈഴടുപ്പം ഉണ്ടായിട്ടില്ല.

"നിങ്ങളിങ്ങനെ ഇവിടെ നിന്ന് തമ്മിൽ തല്ലിയാൽ വല്ലതും നടക്കുവോ? ഏതായാലും ക്രിസ്റ്റി സംഭവം ഏറ്റെടുത്തു പോയി. ഇനിയത് പറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർക്കുക എന്നൊരു ഉത്തരവാദിത്തം കൂടിയുണ്ട്. ഇപ്പൊ തന്നെ വൈകി "

കയ്യിൽ കെട്ടിയ വാച്ചിലേക്കൊന്നു നോക്കിയിട്ടാണ് ആര്യൻ പറഞ്ഞു നിർത്തിയത്.

"ദേ.. ഞാൻ അവസാനമായിട്ട് പറയുവാണ് ക്രിസ്റ്റി.. ഇനി ഇമ്മാതിരി ഒലക്കമ്മലെ കേസുകെട്ട് ഏറ്റെടുക്കാണ് പൊന്നുമോന് ഉദ്ദേശമെങ്കിൽ... ഇപ്പഴേ പറഞ്ഞേക്കാം ഫൈസൽ മുഹമ്മദിനെ നീ കൂടെ പ്രതീക്ഷിക്കണ്ട. എനിക്ക് വേറെ പണിയുണ്ട്."

ഫൈസി പറഞ്ഞത് കെട്ട് ക്രിസ്റ്റി ചുണ്ട് കോട്ടി.

"നീയല്ല.. നിന്റെ ബാപ്പ മുഹമ്മദ്‌ സാഹിബ് വേണമെങ്കിൽ പോലും വരും.. ക്രിസ്റ്റി വിളിച്ചാൽ .."

പതിയെ ക്രിസ്റ്റി പറഞ്ഞത്.. ഫൈസി കേട്ടിട്ടില്ലയെങ്കിലും.. ആര്യൻ നല്ല വെടിപ്പായി കേട്ടിരുന്നു.

അവനൊന്നു കണ്ണുരുട്ടി കാണിച്ച്. മുന്നേ നടക്കുന്ന ഫൈസിക്ക് പിറകെ നടന്നു തുടങ്ങി.

കുഞ്ഞോരു ചിരിയോടെ ബാഗ് വലിച്ചെടുത്തു കൊണ്ട് ക്രിസ്റ്റിയും അവർക്ക് പിറകെ നടന്നു.

എന്തൊക്കെ പറഞ്ഞാലും.. ക്രിസ്റ്റി ഒരു കാര്യമാവിശ്യപ്പെട്ടാൽ ജീവനുള്ളടത്തോളം കാലം ഫൈസലും ആര്യനും അതിന് നേരെ മുഖം തിരിച്ചു കളയില്ലെന്നു ക്രിസ്റ്റിക്ക് നാല്ല ഉറപ്പുണ്ട്.

അതവരുടെ കറ കളഞ്ഞ സൗഹൃദത്തിന്റെ ഉറപ്പാണ്.

                             ❣️❣️❣️

അമീന്റെ കണ്ണുകൾ പാത്തുവിന്റെ ശരീരത്തിൽ ഒരു പുഴുവിനെ പോലെ അരിച്ചു കയറി.

തോളിൽ കിടന്ന ചുരിദാറിന്റെ ഷാൾ നെഞ്ചിന് കുറുകെ ഒന്നൂടെ വലിച്ചിട്ട് കൊണ്ടവൾ അവനെ തുറിച്ചു നോക്കി.

"എത്രകാലമിങ്ങനെ പൊതിഞ്ഞു കെട്ടി കൊണ്ട് നടക്കുമെന്റെ മോളെ നീ ഈ....."

അമീൻ വല്ലാത്തൊരു ഭാവത്തിൽ അവളുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് ചോദിച്ചു.

"ന്റെ ശരീരത്തിൽ നിന്നും ജീവന്റെ അവസാനതുടിപ്പ് നിലക്കും വരെയും ഞാൻ എന്നെ സൂക്ഷിച്ചു കൊണ്ട് നടക്കും. മരിച്ചു കഴിഞ്ഞാൽ പിന്നെ നിന്നെ പോലുള്ള പേപ്പട്ടികൾ കടിച്ചു കുടഞ്ഞാലും വേദനിക്കില്ല. അപമാനഭാരവുമുണ്ടാവില്ല "

പാത്തുവിന്റെ മൂർച്ചയുള്ള സ്വരം.

"ആരെ കണ്ടിട്ടാടി പെണ്ണേ ഈ തുള്ളൽ. നേർച്ച കോഴി പോലാ നീ ഇവിടെ. അത് മറക്കല്ലേ ഇയ്യ് "

അവൾ കൊടുത്ത മറുപടിയവന്റെ ഉള്ളിലെ ദേഷ്യത്തെയും ഇച്ഛാഭംഗത്തെയും മുഴുവനും പുറത്തേക്ക് കൊണ്ട് വന്നിരുന്നു.

"ആരുമില്ല എന്നത് എല്ലാവർക്കും കരയാനുള്ള കാരണങ്ങളല്ല. എന്നെപോലെ ചുരുക്കം ചിലക്കെങ്കിലും ആ ആരുമില്ലെന്ന തോന്നൽ ധൈര്യമാണ്. അഭിമാനത്തോടെ നടക്കാനുള്ള മോറ്റീവാണ് "

പാത്തുവും വിട്ട് കൊടുത്തില്ല.

"ഇന്നലെ ഒറ്റ ദിവസം കൊണ്ട് ലോകം അവസാനിച്ചു പോയിട്ടില്ല മോളെ ഫാത്തിമ. അമീന് ഒട്ടും ധൃതിയുമില്ല. നിന്നെ ഞാൻ അറിഞ്ഞിട്ടേ ഇവിടെയുള്ള വേറെയാരും തൊടൂ.അതിപ്പോ ന്റെ വാശി കൂടിയാണെന്ന് കൂട്ടിക്കോ ഇയ്യ് "

അമീന്റെ കണ്ണുകളിൽ ആസക്തിക്കൊപ്പം പക കൂടി ആളി, പാത്തുവിനോട് അത് പറയുമ്പോൾ.
അവന് മുന്നിൽ തോറ്റു കൊടുക്കരുതെന്ന് ഉള്ളിൽ നിന്നുമാരോ നിരന്തരം പറയുന്നുണ്ടെങ്കിലും.. ആ നോട്ടത്തിന് മുന്നിൽ പലപ്പോഴുമവൾ ചൂളി ചുരുങ്ങി പോകുന്നുണ്ട്.

അവനോടുള്ള ഭയത്തെ എത്രയൊക്കെ ഒതുക്കി പിടിച്ചിട്ടും.. ഉള്ളും പുറവും ഒരുപോലെ പ്രകമ്പനം കൊള്ളിക്കുന്നത് അറിയാഞ്ഞിട്ടല്ല, തോറ്റു കൊടുക്കാൻ മനസ്സില്ലാത്തവളുടെ വാശി തന്നെയാണ്.

കണ്മുന്നിൽ പെടുമ്പോഴൊക്കെയും നോട്ടം കൊണ്ട് കൊത്തി പരിക്കുന്നവർ ഈ അറക്കൽ തറവാട്ടിൽ ധാരാളമുണ്ടെങ്കിലും.. അമീൻ മാത്രമാണ് നേരിട്ട്..

കഴിഞ്ഞു പോയ രാത്രിയിലെ ഓർമകൾ വീണ്ടുമവളെ വിറപ്പിച്ചു.

"അമീ... മോനെന്താ ഇവിടെ?"

വീണ്ടുമെന്തോ പറഞ്ഞു കൊണ്ട് ഫാത്തിമക്ക് നേരെ നീങ്ങിയവനെ പിന്നിൽ നിന്നുള്ള സഫിയാത്തയുടെ ചോദ്യം പിടിച്ചു നിർത്തി.

"ഏയ്.. ഒന്നുല്ല.. ഞാൻ.. വെറുതെ.. ആഹ്. ഇച്ചിരി വെള്ളം കുടിക്കാൻ വന്നതാ "

ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പകച്ചുപോയങ്കിലും അമീൻ വളരെയെളുപ്പത്തിൽ ഒരു ഉത്തരം തപ്പി എടുത്തു.

"അതിനിപ്പോ വെള്ളം അവിടെയാണോ വെച്ചേക്കുന്നത്.?"

മൂർച്ചയുള്ള ചോദ്യത്തിനൊപ്പം അടുക്കള സ്ലാബിലെ വലിയ മൺകൂജയിൽ നിന്നുമൊരു ഗ്ലാസ്‌ വെള്ളമെടുത്തു അമീന് നേരെ നീട്ടി സഫിയാത്ത.

പിന്നൊന്നും പറയാൻ അവസരമില്ലാത്തത് കൊണ്ട് തന്നെ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടൊരു താങ്ക്സ് പറഞ്ഞിട്ട് ആ ഗ്ലാസും വാങ്ങി അമീൻ പിന്തിരിഞ്ഞു നടന്നു.

"കയറി പോര് "

മുറ്റത്തു നിൽക്കുന്ന പാത്തുവിന് നേരെ നോക്കി സഫിയാത്ത അലിവോടെ പറഞ്ഞു.

"കരഞ്ഞിട്ടൊന്നും ഒരു കാര്യല്ല ന്റെ മോളെ. അതും അവനെ പോലൊരു ചെകുത്താന്റെ മുന്നിൽ "
നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണിലേക്ക് നോക്കിയ ശേഷം അമീൻ പോയ വഴിയേ ഒന്ന് പാളി നോക്കി സഫിയാത്ത അമർഷത്തോടെ പറഞ്ഞു.

"ഈ നരകത്തിൽ നിന്നും എങ്ങനാ മോളെ നീയൊന്ന് രക്ഷപെട്ടു പോകുന്നത്?"

സഫിയാത്ത ആകുലതയോടെ ചോദിച്ചു.
അതേ ചോദ്യമപ്പോൾ പാത്തുവിന്റെയും ഹൃദയഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു.

"എനിക്കറിയില്ല... സത്യായും എനിക്കറിയില്ല സഫിയാത്ത "

അപ്പാടെ തളർന്നു തൂങ്ങിയത് പോലെ.. മരവിച്ച പ്രതീക്ഷികളോടെയാണ് പാത്തുവത് പറഞ്ഞത്.

ചൂഴ്ന്ന് നിന്നിരുന്ന വിശപ്പും ദാഹവുമൊന്നും അപ്പോഴവളിൽ ഉണ്ടായിരുന്നില്ല.

"ഇയ്യ് വിഷമിക്കാതെ. എല്ലാത്തിനും പടച്ചോൻ ഒരു വഴി കണ്ടിട്ടുണ്ടാവും. അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത അന്നേയിങ്ങനെരു ദുഷ്ട കൂട്ടങ്ങൾക്കിടയിലേക്ക് എത്തിച്ചതിനും പിന്നിൽ പടച്ചോനോരു വ്യക്തമായ കാരണമുണ്ടായിരിക്കും പാത്തോ. ഇയ്യ് പ്രാർത്ഥിക്ക്.. ഈ നരകത്തിൽ നിന്നും അന്നേ രക്ഷപെടുത്തി കൊണ്ട് പോകാൻ ഉശിരുള്ള ഒരു രാജകുമാരൻ തേടി വരാൻ വേണ്ടി "

പറയുന്നതിനിടെ തന്നെ സഫിയാത്ത ഒരു പ്ളേറ്റിലേക്ക് പാത്തുവിന് കഴിക്കാനുള്ളത് എടുത്തു കഴിഞ്ഞിരുന്നു.

"കഴിക്ക് പെണ്ണെ. സമയം പത്തു കഴിഞ്ഞു. വിശക്ക്ണ്ല്ലേ അനക്ക് "

പാത്തുവിന്റെ കയ്യിലേക്ക് ആ പ്ളേറ്റ് വെച്ച് കൊടുത്തു കൊണ്ടവർ പറഞ്ഞു. വലിയൊരു കപ്പിലേക്ക് ചായയും പകർന്നു കൊണ്ടവളുടെ അരികിലേക്ക് വെച്ച് കൊടുത്തു.

ഇവർ പറഞ്ഞത് പോലെ പടച്ചോന് വ്യക്തമായൊരു ഉത്തരമുണ്ടായിരിക്കും തന്റെ കാര്യത്തിൽ..
കഴിച്ചു കൊണ്ടിരിക്കെ തന്നെ അവളോർത്തതും അതാണ്‌.

അല്ലെങ്കിൽ പിന്നെ...ഇനി ജീവിതത്തിൽ ഒരിക്കൽ പോലും എത്തിപെടുമെന്ന് കരുതാത്ത ഈ വീട്ടിലേക്ക് എത്തിയില്ലേ?

അവഗണനയുടെ കൂർത്ത അമ്പുകൾ നിറഞ്ഞവർക്കിടയിൽ പരിഗണനയുടെ നേർത്തൊരു മെഴുകുതിരി വെട്ടം പോലെ സഫിയാത്തയെ കാത്ത് വെച്ചില്ലേ?

അവളുടെ കണ്ണുകൾ നന്ദിയോടെ സഫിയാത്തയെ തഴുകി കൊണ്ടേയിരുന്നു.

                            ❣️❣️❣️

"ഇവിടിങ്ങനെ മലർന്ന് കിടന്നത് കൊണ്ടായില്ലല്ലോ. മോൻ എഴുന്നേറ്റു വീട്ടിലോട്ട് ചെല്ല്. എന്നിട്ട് വർക്കി ഛർദിക്കുന്ന വിഷം മുഴുവനും ഹൃദയത്തിലോട്ട് ഏറ്റു വാങ്ങിക്ക് . എത്ര കിട്ടിയാലും മതിയാവില്ലല്ലോ നിനക്ക് "

മൂന്നു മണിക്ക് തന്നെ കേളേജ് വിട്ടിരുന്നു.

എന്നിട്ടും തിരികെ പോകാതെ ഗ്രൗണ്ടിന്റെ അറ്റത്തുള്ള വലിയൊരു വാക മരത്തിനു കീഴിലെ തണുത്ത സിമന്റ് ബഞ്ചിൽ കിടക്കുകയാണ് ക്രിസ്റ്റി.
നേരെ മുന്നിൽ വീതി കുറഞ്ഞ ഡാറിട്ട റോഡ് ചെന്നവസാനിക്കുന്നത് കോളേജ് ലൈബ്രറിയിലെക്കാണ്.
ഒരു വശം പൂക്കൾ വിരിഞ്ഞ കുഞ്ഞു ചെടികൾ കൊണ്ട് നിറഞ്ഞതെങ്കിലും... മറുവശം ചോന്തു തുടിച്ചു നിൽക്കുന്ന കൂറ്റൻ വാക മരങ്ങളാണ്.അതിന് താഴെ വരി വരിയായി പണിതിട്ട സിമന്റ് ബഞ്ചുകൾ.
ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കാൻ പാകത്തിനാണ്.

റോഡിലെല്ലാം പൂക്കൾ പൊഴിഞ്ഞു വീണു ചുവന്നു കിടക്കുന്നു.

അതിന് തൊട്ട് താഴെയാണ് കോളേജിന്റെ വിശാലത നിറഞ്ഞ ഗ്രൗണ്ട്.

ആ മരങ്ങളും അതിന് കീഴിലെ പൂക്കൾ പൊഴിഞ്ഞു വീണ തണുപ്പും അവനേരെ പ്രിയപ്പെട്ടയിടമാണ്.

ദിവസവും ഒരിക്കലെങ്കിലും അവിടൊന്നു പോയിരിക്കാതെ അവന്റെ ദിനം പൂർത്തിയാവാറില്ല.

വീട്ടിൽ അന്ന് നടക്കുന്ന ദിൽനയുടെ പിറന്നാൾ ഫങ്ക്ഷനെ കുറിച്ച് ഫൈസിയോടും ആര്യനോടും ക്രിസ്റ്റി തന്നെയാണ് പറഞ്ഞത്.

അപ്പോൾ തുടങ്ങിയതാണ് ഫൈസൽ വീണ്ടും കലിപ്പിട്ട് നടക്കുന്നത്.
ആര്യൻ പൊതുവെ ഇച്ചിരി ശാന്തമാണെങ്കിൽ.. അതിന് നേരെ തിരിച്ചാണ് ക്രിസ്റ്റിയും ഫൈസിയും.

നിസ്സാരകാര്യം പറഞ്ഞു കൊണ്ടവർ ഭയങ്കരമായി വഴക്കുണ്ടാക്കും.
കണ്ടു നിൽക്കുന്നവർ അവരിനിയീ ജന്മത്തിൽ തമ്മിൽ കണ്ടാൽ ഒന്ന് നോക്കുക കൂടിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കും.

എന്നാൽ... മിനിറ്റുകൾക്കുള്ളിൽ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞും ചിരിച്ചും പോകുന്നവരുടെ സൗഹൃദത്തിന്റെ അടിവേരുകൾക്ക് അത്രത്തോളം ഉറപ്പുണ്ടെന്ന് ആരറിയുന്നു.

"നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ പൊറുക്കി വിളിച്ചു പറയുന്നത് കേൾക്കാനുള്ള കൊതി കൊണ്ടാണ് ഞാൻ അവിടെ പോകുന്നതെന്ന് "

ക്രിസ്റ്റിയും ഫൈസിയെ തുറിച്ചു നോക്കി.

"അതേടാ... അത് കൊണ്ട് തന്നെയാണ്. നിന്റെ സ്ഥാനത്തു ഞാനെങ്ങാനും ആയിരിക്കണമായിരുന്നു. ആ പൊറുക്കിയുടെ അടിയന്തിരം പടക്കം പൊട്ടിച്ചു കൊണ്ട് വർഷാവർഷം ആഘോഷിച്ചേനെ ഞാൻ "

ഫൈസി പല്ല് കടിച്ചു.

"അതൊക്കെ എനിക്കുമറിയാം ഫൈസി. എത്രയോ പ്രാവശ്യം നിന്നോടൊക്കെ പറഞ്ഞതുമല്ലേ? എന്നെ മാറ്റി നിർത്താൻ കഴിയാതെ.. വർക്കിക്കും മക്കൾക്കുമിടയിൽ എന്റെ..."

ക്രിസ്റ്റി എഴുന്നേറ്റിരുന്നു.

ആ വാക്കുകൾ കേട്ടതിൽ പിന്നെ ഫൈസി മൗനമായി.

"പൊറുക്കിയെയെടുത്തു വെളിയിൽ കളയാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല.പക്ഷേ എന്റെ അമ്മയുടെ കഴുത്തിലെ മിന്ന് ഞാൻ കാരണം..പൊറുക്കിക്ക് ദേഷ്യം എന്നോടാണ്. എന്റെ അമ്മയ്ക്ക് അയാളെയും അയാൾക്ക് അമ്മയെയും വല്യ കാര്യമാണ്. അമ്മ ആവിശ്യപെടാതെ... എനിക്ക് "

പൊറുക്കി കാരണം ആ അമ്മ അനുഭവിക്കുന്ന യാതനകളോന്നുമറിയാത്ത ക്രിസ്റ്റി നെടുവീർപ്പോടെ പറഞ്ഞു.

മാനസിക സംഘർഷം കാരണം വല്ലാത്ത ചൂടുണ്ടായിരുന്നു ക്രിസ്റ്റിയുടെ വാക്കുകൾക്ക്.

ഫൈസിയോ ആര്യനോ പിന്നൊന്നും പറയാനില്ലായിരുന്നു അവനോട്.

കാരണം അവനെന്ന മകന്റെ നിസ്സഹായവസ്ഥ അവരും അനേകം തവണ അറിഞ്ഞതാണ്.. അനുഭവിച്ചതാണ്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story