നിളയോഴുകും പോൽ 💙: ഭാഗം 20

nilayozhukumpol

രചന: റിനു

സോറി, ഉറക്കത്തിൽ ബുദ്ധിമുട്ടിച്ചതിനു പക്ഷേ ഒരു അർജന്റ് കാര്യമുണ്ട് താൻ റൂമിലേക്ക് വന്നേ, ലാപ്പും കൂടി എടുത്തോ .. അത്രയും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തപ്പോൾ അവളുടെ കയ്യിലിരുന്ന് ആ ഫോൺ വിറയ്ക്കാൻ തുടങ്ങി... സിന്ധു പറയുന്ന കാര്യങ്ങളൊക്കെ സത്യമായി വരുന്നതുപോലെ അവൾക്ക് തോന്നി .. എന്താണ് ചെയ്യുക ഈ സമയത്ത് ആരെയാണ് വിളിക്കുക..? തന്റെ അവസ്ഥ ആരോടാണ് പറയുക വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രുതി, പോകാതിരുന്നാലോ..? അവൾ പലവിധത്തിലുള്ള ചിന്തകളിലേക്ക് കയറി, തനിക്കറിയാത്ത ഒരു നഗരം ഈ രാത്രിയിൽ താൻ ഇവിടെ നിന്നും എങ്ങനെ ഒറ്റയ്ക്ക് പോകും. കയ്യിലാണെങ്കിൽ പണം പോലും ഇല്ല, ഒന്ന് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി.. ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കാമെന്നാണ് ആദ്യം കരുതിയത്, അവരെ കൂടി വേദനിപ്പിക്കേണ്ടന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു... എന്തും വരട്ടെ എന്ന് കരുതി അവൾ ലാപ്ടോപ്പുമായി അടുത്തേക്ക് നടന്നു,

ഡോർ തുറന്ന് കോറിഡോറിലൂടെ നടക്കുമ്പോൾ ഒന്ന് പൊട്ടിക്കരയണമെന്ന് ശ്രുതിയ്ക്ക് തോന്നിയിരുന്നു, ധൈര്യം സംഭരിച്ച് അവന്റെ റൂമിനു മുൻപിൽ ഒന്ന് കൊട്ടി... ആ നിമിഷം തന്നെ റൂം തുറക്കപ്പെട്ടിരുന്നു, ഡോർ തുറന്നതും ഒരു മുണ്ടും ഹാഫ് കൈ ഷർട്ടും ഇട്ടു നിൽക്കുന്നവനെയാണ് കണ്ടത്.. ഇതിനു മുൻപ് ഫോർമൽ ആയുള്ള വേഷത്തിൽ മാത്രമേ അവനെ കണ്ടിട്ടുള്ളൂ, അതുകൊണ്ടു തന്നെ അതൊരു പുതുമയായിരുന്നു അവൾക്ക്, ലാപ്ടോപ്പ് മാറോട് അടുക്കിപ്പിടിച്ച് പേടിച്ചത് പോലെ നിൽക്കുകയാണ് അവൾ... അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അവന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല, അവൻ വിളിച്ചപ്പോൾ പേടിയോടെയാണ് അവൾ അകത്തേക്ക് കയറിയത്... അകത്തേക്ക് കയറിയതും ആദ്യം അവൾ നോക്കിയത് അവിടെ എന്തൊക്കെ സാധനങ്ങൾ ഉണ്ട് എന്നാണ്, തന്റെ അനുവാദമില്ലാതെ ശരീരത്തിൽ അവൻ തൊടുകയാണെങ്കിൽ അവനെ പ്രഹരം ഏൽപ്പിക്കാൻ സാധിക്കുന്ന എന്തൊക്കെ അവിടെയുണ്ടെന്ന് നോക്കി...

ഒരു ഗ്ലാസ് ജെഗിൽ ആണ് അവളുടെ നോട്ടം ചെന്ന് പതിച്ചത്, "' നാളത്തെ പ്രസന്റേഷന് വേണ്ട ഡീറ്റെയിൽസ് ഒക്കെ തന്റെ ലാപ്പിലാണ് ഞാന് ഫീഡ് ചെയ്തു വെച്ചത്, ഇപ്പോൾ നോക്കിയപ്പോഴാ കണ്ടത്.. ഇല്ലായിരുന്നെങ്കിൽ തന്നെ വിളിച്ചു ബുദ്ധിമുട്ടില്ലായിരുന്നു, ലാപ്പ് അവിടെ വച്ചിട്ട് താൻ പോയി കിടന്നോ... തന്റെ മുറിയിലേക്ക് ഞാൻ രാത്രിയിലേക്ക് വരുന്നത് ശരിയല്ലല്ലോ അതുകൊണ്ട് ഇവിടേക്ക് വിളിപ്പിച്ചത്, അവന്റെ സംസാരം കേട്ടപ്പോഴേക്കും അവൾക്ക് ആശ്വാസം തോന്നിയിരുന്നു... " താൻ എന്തെ ഇങ്ങനെ കാറ്റുപോയ ബലൂണ് പോലേ നിൽക്കുന്നത്... ഉറക്കപിച്ചിൽ ആണോ..? " അല്ല സർ ലാപ്ടോപ് എവിടെയാ വെക്കേണ്ടത്... " അവിടെ എവിടെയെങ്കിലും വച്ചോ എന്നിട്ട് പൊയ്ക്കോളൂ ഗുഡ് നൈറ്റ്... " ഗുഡ് നൈറ്റ് സർ... ജീവൻ തിരിച്ച് കിട്ടിയതു പോലെയാണ് അവൾക്ക് തോന്നിയത്... മുറിയിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ ഒരു നിമിഷം താനവനെ തെറ്റിദ്ധരിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നിയിരുന്നു... സിന്ധുവിനോട് പോലും ആ നിമിഷം അവൾക്ക് ഒരല്പം നീരസം തോന്നിയിരുന്നു,

എല്ലാ മനുഷ്യരെയും ഒരേ ത്രാസിൽ തൂക്കാൻ പാടില്ലെന്ന് ആ നിമിഷം അവൾ ചിന്തിക്കുകയായിരുന്നു... തിരിച്ചു നടക്കുമ്പോഴാണ് അടുത്തുള്ള ഒരു റൂം പെട്ടെന്ന് തുറന്നത് അവിടെ നിന്നും ഒരു ചെറുപ്പക്കാരൻ സിഗരറ്റ് വലിച്ചുകൊണ്ട് പുറത്തേക്കു ഇറങ്ങിയിരുന്നു, അവളെ കണ്ടതും അയാൾ ആകെ ഒന്ന് ഉഴിഞ്ഞു നോക്കിയിരുന്നു... " നീയാരമ്മ....? ഇന്ത ടൈമിൽ എങ്കെ പോത് [തമിഴ് വശമില്ലാട്ടോ ] "ഞാന് ഇവിടെ ഒരു ബിസിനസ് മീറ്റിങ്ങിനു വേണ്ടി വന്നതാ, എന്റെ സാറിന്റെ റൂം അവിടെയായിരുന്നു അവിടെ ഒരു ആവശ്യത്തിന് വേണ്ടി പോയത് ... മടിച്ചു മടിച്ചു അവൾ പറഞ്ഞു.. "'മലയാളിയാണല്ലേ...? പെട്ടെന്ന് അവൻ ചോദിച്ചു... " അതെ... " മല്ലു ഗേൾസ് സൂപ്പർ ആണ്... അതിരിക്കട്ടെ ഈ സമയത്ത് സാറിന്റെ റൂമിൽ എന്തായിരുന്നു ബിസിനസ് മീറ്റിംഗ്.... അവൻ ചോദിച്ചപ്പോൾ അതിന്റെ അർത്ഥം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു, " താൻ ആരാത് ചോദിക്കാൻ...? ഈ ഹോട്ടലിൽ വരുന്നവരൊക്കെ തന്നോട് കാര്യം ബോധിപ്പിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ...

പെട്ടെന്ന് അവൾക്കൊരു ധൈര്യം കൈവന്നു, അത്രയും പറഞ്ഞു അവൾ നടക്കാൻ തുടങ്ങിയപ്പോൾ അവൻ കൈവെച്ച് അവളെ ഒന്ന് തടഞ്ഞു... " മോൾ കൊള്ളാലോ....അപ്പൊ പിന്നെ എന്നെപ്പറ്റി നന്നായിട്ട് അറിഞ്ഞിട്ട് പോയാൽ മതി.... അല്ല ബിസിനസ് മീറ്റിംഗ് സാറിന്റെ റൂമിൽ മാത്രമേ ഉള്ളൂ, അതൊ പുറത്ത് ഫ്രീലാൻസ് ആയിട്ടുണ്ടോ...? അവൾക്ക് ദേഷ്യം വന്നിരുന്നു... അവൾ രൂക്ഷമായി അവന് നേരെ തിരിഞ്ഞപ്പോഴാണ് പുറകിൽ നിൽക്കുന്ന ആളെ അവൾ കണ്ടത്... പൊടുന്നനെ ഒരു ആശ്വാസം എവിടെ നിന്നും അവളിൽ വന്നു മൂടി, അത്രയ്ക്ക് പ്രിയപ്പെട്ട ആരെയോ കണ്ടതുപോലെ... തന്റെ പുറകിൽ ഒരു ചലനം കേട്ടാണ് അവനും തിരിഞ്ഞു നോക്കിയത് ... " എന്താ പ്രശ്നം...? ഗൗരവത്തോടെ സഞ്ജയ് ചോദിച്ചു, " ഞാൻ റൂമിൽ നിന്ന് വന്നപ്പോൾ ഇയാൾ എങ്ങോട്ട് പോവാ.

അപ്പൊ എന്നോട് ഞാനാരാണ് എവിടെ പോകാണെന്നൊക്കെ തിരക്കുന്നു. ഞാൻ മറുപടി പറഞ്ഞപ്പോൾ അയാൾ മോശം കാര്യങ്ങൾ ആണ് പറയുന്നത്... ശ്രുതി പറഞ്ഞു... " ഹോ ഇതാണല്ലേ മോൾടെ സാറ്, അവൻ സഞ്ജയെ ആകെ ഒന്ന് ഉഴിഞ്ഞു ചോദിച്ചു " അതെ എന്താ തനിക്ക് അറിയേണ്ടത്...? ചോദ്യം സഞ്ജയ്യിൽ നിന്നും ആയിരുന്നു... " ശ്രുതി ചെല്ല് സഞ്ചയ് പറഞ്ഞപ്പോൾ ആശ്വാസത്തോടെ അവൾ തിരികെ റൂമിലേക്ക് പോയിരുന്നു... " അല്ല സാറെ, ഈ പാതിരാത്രിക്ക് ഹോട്ടൽ റൂമിൽ എന്താ ബിസിനസ് മീറ്റിംഗ്...? ആ പോയ ഐറ്റം സാറിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആണോ ? അതോ...? " യു ബാസ്റ്റഡ്... സഞ്ജയുടെ സ്വരം ഉയർന്നിരുന്നു, ഉടനെ തന്നെ ചെറുപ്പക്കാരന്റെ കണ്ണിലും ദേഷ്യം നിറഞ്ഞിരുന്നു... " തോന്നിവാസം കാണിച്ചതും പോരാ അത് കണ്ടുപിടിച്ചപ്പോൾ ചീത്ത വിളിക്കുന്നോടെ ദേഷ്യത്തോടെ അവൻ സഞ്ജയ്ക്ക് നേരെ തിരിഞ്ഞു, " നിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ..? വീട്ടിൽ നിന്നും നിനക്കൊരു കൂട്ടം കിട്ടിയിട്ടില്ല അതുകൊണ്ട് ആണ്..

പിന്നെ നിന്റെ വീട്ടിൽ അമ്മയും പെങ്ങളും ഒന്നുമില്ലെന്ന് തോന്നുന്നു.... " വീട്ടിൽ നിന്ന് കിട്ടാത്തതൊക്കെ താൻ എനിക്ക് തരുമോ... അവൻ വിടാനുള്ള ഭാവമില്ല, " പിന്നെന്താ തരാലോ... അതും പറഞ്ഞു ആരുമില്ലെന്ന് ഉറപ്പുവരുത്തി സഞ്ജയ് വലം കൈ കൊണ്ട് അവന്റെ ഇടം കവിളിൽ ഒരു സമ്മാനം കൊടുത്തിരുന്നു, " കുറച്ച് സമയം ആയിട്ട് മോന്റെ പ്രശ്നം ഇതായിരുന്നു... ഇനിയിപ്പോ ഉറക്കം വന്നോളും, അതല്ല പിന്നേം ഷോ കാണിക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ ഞാൻ റിസപ്ഷനിൽ വിളിക്കും അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ വിളിക്കും, ഇതിലേത് വേണമെന്ന് നീ തീരുമാനിക്കു... അത്രയും പറഞ്ഞു സഞ്ജയ് തന്റെ റൂമിലേക്ക് പോയിരുന്നു, റൂമിൽ ചെന്നതും അവൻ ഫോണെടുത്ത് ശ്രുതിയുടെ നമ്പറിലേക്ക് വിളിച്ചു, പെട്ടന്ന് തന്നെ ഫോൺ എടുക്കപ്പെട്ടിരുന്നു... "' താൻ സേഫ് ആയിട്ട് റൂമിൽ ചെന്നോ..? " ചെന്നു സാറിന് എന്തെങ്കിലും കുഴപ്പമുണ്ടോ...? " എനിക്കെന്തു കുഴപ്പം...? ഒരു കുഴപ്പവുമില്ല, സോറി ഇങ്ങനെ ഒരു സീൻ ഉണ്ടാക്കാൻ കാരണം ഞാനല്ലേ...

ഈ സമയത്ത് ഞാൻ തന്നെ ഇങ്ങോട്ട് വിളിച്ചതുകൊണ്ട് അല്ലേ , അവൻ കുറ്റബോധത്തോടെ പറഞ്ഞു " സാരമില്ല സാർ...ഒക്കെ താൻ കിടന്നു ഉറങ്ങിക്കോ.... രാവിലെ മീറ്റിങ്ങിന് പോകേണ്ടതല്ലേ, അത്രയും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തപ്പോൾ അല്പം സമാധാനം അവൾക്കും തോന്നിയിരുന്നു... കുറേസമയം കിടന്നിട്ടും പിന്നെ അവൾക്ക് ഉറക്കം വന്നിരുന്നില്ല, രാവിലെ അഞ്ചുമണിയായപ്പോൾ തന്നെ അവൾ ഉണർന്നിരുന്നു.. ഉണർന്ന് റെഡി ആയതും അവൾ സഞ്ജയുടെ ഫോണിനു വേണ്ടി കാത്തിരുന്നു, അൽപസമയത്തിനു ശേഷം അവൻ അവളുടെ ഫോണിലേക്ക് വിളിച്ചിരുന്നു, ഒരു പ്രത്യേക ഉത്സാഹത്തോടെയാണ് അവൾ ആ ഫോൺ എടുത്തത് പോലും... " റെഡിയായോ...? " റെഡിയായി, " എങ്കിൽ ഞാൻ അങ്ങോട്ട് വരാം... അവൻ പറഞ്ഞപ്പോൾ അവളും സമ്മതിച്ചിരുന്നു, കുറച്ചു സമയങ്ങൾക്ക് ശേഷം ഡോറിൽ ബെല്ല് കേട്ടപ്പോഴാണ് കേട്ടപ്പോൾ അവൻ ആയിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു... ഉത്സാഹത്തോടെ ഡോർ തുറന്നതും മുൻപിൽ നിൽക്കുന്ന ആളുകളെ കണ്ട് അവൾ അമ്പരന്നിരുന്നു, ഇന്നലെ കണ്ട ചെറുപ്പക്കാരനും ഒപ്പം ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ടുപേരും.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story