നിളയോഴുകും പോൽ 💙: ഭാഗം 23

nilayozhukumpol

രചന: റിനു

പറഞ്ഞുകൊണ്ട് അവർ ഒരു സിറിഞ്ച് എടുത്ത് മരുന്ന് നിറച്ചപ്പോൾ ശ്രുതിയും അമ്പരന്നു പോയിരുന്നു.. ഈ നിമിഷം വരെ അവൻ തനിക്ക് വേണ്ടി ഭക്ഷണം കഴിക്കാതിരുന്നുവെന്ന വിവരം അവളെ അത്രത്തോളം ഞെട്ടിപ്പിച്ചിരുന്നു.. അവന് തന്നോട് ദേഷ്യം ആയിട്ടുണ്ടായിരിക്കുമെന്നായിരുന്നു ആ ഒരു നിമിഷം അവൾക്ക് തോന്നിയിരുന്നത്.. ഒരു ഡിസ്പോസിബിൾ ഗ്ലാസ്സിന് മുകളിൽ ടിഷ്യൂ പേപ്പറും ഒപ്പം ഒരു പാർസലും പൊതിഞ്ഞുകൊണ്ട് വരുന്നവനെ കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു.. എഴുന്നേറ്റിരിക്കാൻ അവൾ ഒരു ശ്രമം നടത്തി, " താൻ അവിടെ കിടന്നോ, അത്രയും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ മേശപ്പുറത്തേക്ക് വച്ചതിനു ശേഷം അവൻ തലയിണയെടുത്ത് അവൾക്ക് ഇരിക്കാൻ പാകത്തിന് വച്ചു... ശേഷം അല്പം മടിയോടെയാണെങ്കിലും അവളെ അതിലേക്ക് ചേർത്തിരുത്തി, അറിയാതെ അവനെ തന്നെ ഉറ്റുനോക്കി പോയിരുന്നു അവൾ... അവന്റെ കണ്ണുകളിൽ തെളിമയോടെ തന്റെ മുഖം,

അത്രയും അരികിൽ ആൾ ആദ്യം ആണ് നില്കുന്നത്, ശരീരത്തിൽ നിന്ന് ഏതോ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം.. " സാറിന് ബുദ്ധിമുട്ടായി അല്ലേ, അവനൊന്ന് ചിരിക്കുക മാത്രം ചെയ്തു,മറുപടിയൊന്നും പറഞ്ഞില്ല, ചായ കുടിക്കാൻ അവളുടെ കൈകളിലേക്ക് ഗ്ലാസ് വെച്ച് നിമിഷമാണ് അവളുടെ കൈകളുടെ വിറയൽ അവൻ കണ്ടത്, ഇന്നലെ ഒരു സമയത്ത് ഭക്ഷണം കഴിച്ചവളാണ്, ഇന്ന് പകൽ ഒന്നും കഴിച്ചിട്ടില്ല.. ആ ഗ്ലാസ് പിടിക്കാൻ പോലും അവൾക്ക് ആരോഗ്യം ഇല്ലെന്ന് അവന് തോന്നിയിരുന്നു, അതുകൊണ്ടു തന്നെ അവൻ ഗ്ലാസ് നേരെ അവളുടെ ചുണ്ടോട് അടുപ്പിച്ചു, ഒരു നിമിഷം അവളും ഒന്ന് അമ്പരന്നു പോയിരുന്നു, അവനെ തന്നെ അവൾ നോക്കിയിരുന്നു.. അവന്റെ മിഴികളും ആ നിമിഷം അവളുടെ മിഴികളുമായി കൊരുത്തു പോയിരുന്നു, ആ നിമിഷം തന്റെ ഉള്ളിലുണരുന്ന വികാരത്തിന്റെ പേര് അവനറിയില്ലായിരുന്നു, ഒരു പ്രത്യേക അനുഭൂതിയുടെ മാന്ത്രിക വലയത്തിലാണ് താനെന്ന് അവന് തോന്നി..

പേരറിയാത്ത ഒരു അനൂഭൂതിയുടെ തേരിലാണ് താൻ... ഗൗരവത്തിന്റെ വാല്മീകം ഭേദിച്ചു ഏതോ വികാരങ്ങൾ പുറത്തേക്ക് വരുന്നു... അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ താൻ മറ്റൊരു ലോകത്തേക്ക് പോകുന്നതുപോലെ... " കൈവിറക്കല്ലേ...? അതുകൊണ്ട് ഞാൻ കുടിക്കാൻ, ഒരുപാട് നേരം അവളുടെ നോട്ടത്തെ നേരിടാൻ സാധിക്കില്ലന്ന് തോന്നിയത് കൊണ്ടാണ് അവൻ പറഞ്ഞത്.. അല്പം ചമ്മലോടിയാണെങ്കിലും അവൻ ചുണ്ടോടെ അടുപ്പിച്ച ചായക്കപ്പ് അവൾ രുചിച്ചു നോക്കിയിരുന്നു, ചായ കുടിച്ചു കഴിഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം അവൾക്ക് തോന്നിയിരുന്നു.. അതുവരെ ബലക്ഷയം നേരിട്ട ശരീരത്തിന് ഒരു ഉന്മേഷം വരുന്നതുപോലെ, " ഭക്ഷണം എന്തെങ്കിലും കഴിക്ക് ഇല്ലെങ്കിൽ വീണ്ടും ക്ഷീണാവും.. പ്ലയിൻ ദോശ വാങ്ങിയിട്ടുണ്ട്, ഇപ്പൊത്തന്നെ ഒരുപാട് മരുന്ന് ശരീരത്തിൽ കയറിയിട്ടുണ്ട്.. അതിനെയൊക്കെ ഒന്ന് ബാലൻസ് ചെയ്യാൻ ഭക്ഷണം കഴിക്കണം, അതും പറഞ്ഞ് ഒരു പൊതി അവൾക്ക് നേരെ അവൻ നീട്ടി..

അത് തുറന്നപ്പോൾ തന്നെ പ്ലെയിൻ ദോശയുടെയും വെങ്കായ സാമ്പാറിന്റെയും ഗന്ധം അവളുടെ നാസിക തുമ്പിലേക്ക് ഇരച്ചുകയറി.. ഒപ്പം നല്ല മൊരിഞ്ഞ ഉഴുന്നുവടയും, " സാർ ഒന്നും കഴിച്ചില്ലല്ലോ, സാർ ആദ്യം കഴിക്ക്, "ഞാൻ കഴിച്ചോളാം.. ഇപ്പോൾ താൻ കഴിക്ക്, സാർ രാവിലെ മുതല് ഒന്നും കഴിച്ചിട്ടില്ലെന്ന് ഞാനറിഞ്ഞല്ലോ, അപ്പൊ പിന്നെ ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് കഴിക്കുക.. ഞാൻ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ എനിക്ക് കൂട്ടിരുന്ന ആളല്ലേ, താൻ കഴിച്ചു കഴിഞ്ഞ ഉടനെ ഞാൻ പോയി കഴിച്ചോളാം പോരേ? ഇപ്പോൾ താൻ കഴിക്ക്, ചെറു ചിരിയോടെ അവൻ പറഞ്ഞു... പിന്നീട് എതിർക്കാൻ അവൾക്ക് തോന്നിയില്ല, ആദ്യമായാണ് അവനെ ഇങ്ങനെ ചിരിച്ച മുഖത്തോട് ഒന്ന് കാണുന്നത്, തന്നെ പരിചയപ്പെട്ടിട്ട് ഇപ്പോൾ മാസങ്ങൾ ആയിരിക്കുന്നു. ഇതിനിടയിൽ നന്നായി ഒന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ല. ഗൗരവം നിറഞ്ഞുനിൽക്കുന്ന മുഖഭാവമാണ്, അല്ലെങ്കിൽ വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടത് പോലെ..

ഉള്ളിൽ ആരോടും പറയാത്ത ഏതൊക്കെയോ വേദനകൾ അവൻ ഒളിപ്പിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.. പക്ഷേ അത് ചോദിക്കാനും മാത്രമുള്ള ഒരു അടുപ്പം തങ്ങൾക്കിടയിൽ ഇല്ലല്ലോ.. പതിയെ അവൾ ഭക്ഷണം കഴിക്കുന്നത് ഒരു കൗതുകത്തോടെ തന്നെ അവൻ നോക്കിയിരുന്നു.. ആദ്യം പരിചയപ്പെട്ട നിമിഷം മുതൽ അവളുടെ ചെയ്തികളെ വീക്ഷിക്കുന്നതിൽ താൻ കണ്ടെത്തുന്ന ആനന്ദം അത് തന്നിൽ നിറയ്ക്കുന്ന കൗതുകം അതെന്താണെന്ന് അവന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവളുടെ ഓരോ പ്രവർത്തികളും അത്രമേൽ സൂക്ഷ്മമായി തന്റെ കണ്ണുകൾ ഒപ്പിയെടുക്കാറുണ്ട്. അവ ഹൃദയത്തിലേക്ക് പകർത്തി എഴുതാറുണ്ട്. ആദ്യമായി കണ്ട നിമിഷം മുതലുള്ള ഓരോ സംഭവങ്ങളും വളരെ ചാരുതയോടെയാണ് ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.. അതിനു കാരണം എന്താണെന്ന് പലവുരു മനസ്സിനോട് ചോദിച്ചതാണ്, ഇതുവരെ കൃത്യമായ ഒരു ഉത്തരം മനസ്സ് നൽകിയിട്ടില്ല..

ഭക്ഷണം കഴിച്ചതും കഴിഞ്ഞതും അവളെ അവൻ തന്നെയാണ് പിടിച്ചു കൈ കഴുകാനായി കൊണ്ടുപോയത്, "എന്റെ ക്ഷീണമൊക്കെ മാറി. ഇനി സാറ് പോയി ഭക്ഷണം കഴിച്ചിട്ട് വായോ... " ഞാൻ പോയാൽ തന്റെ അടുത്ത് ആരുമില്ലല്ലോ.. ആവലാതി ആധിപത്യം നേടിയ മറുപടി "സർ ഇപ്പൊൾ കാന്റീനിൽ പോയപ്പോഴും ഞാൻ ഒറ്റക്കല്ലെ ഇരുന്നത്, തൊട്ടപ്പുറത്ത് നഴ്സ് ഉണ്ടല്ലോ, മാത്രമല്ല ഇവിടെ വന്നൊരു സിസ്റ്റർ മലയാളി ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അവരോട് പറഞ്ഞോളാം, സാർ ഭക്ഷണം കഴിക്കാതിരുന്നാൽ അത് എനിക്കൊരു വിഷമമാണ്... " ശരി ഞാൻ കഴിച്ചിട്ട് വരാം... അത്രയും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി, അവളും ചിന്തിക്കുകയായിരുന്നു അവനെക്കുറിച്ച്. ഗൗരവം നിറഞ്ഞ മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ഒരുവൻ, തന്റെ കാര്യത്തിൽ അവനിപ്പോൾ കാണിക്കുന്ന കരുതൽ. അത് അവളിൽ ഒരു പ്രത്യേക ആനന്ദം നിറച്ചിരുന്നു. അവന്റെ ഉള്ളറിയാൻ മനസ്സ് തുടിക്കുന്നു,

ഉള്ളിൽ ആരോടും പറയാതെ അവൻ മണിച്ചിത്രപൂട്ടിട്ട് പൂട്ടി വച്ചിരിക്കുന്ന വിഷമങ്ങളുടെ മുറി തുറക്കാനും അവിടെ അവനെ വേദനിപ്പിക്കുന്ന പൊടി പിടിച്ചു കിടന്ന ഓർമ്മകളെ പൂർണ്ണമായും തൂത്തു തുടച്ചു അവനിൽ സാന്ത്വനം പകരുവാനും അവളുടെ ഉള്ളു കൊതിച്ചു, അവനെ അറിയാൻ തോന്നുന്നു. അവനിലെ വേദനകളെ, അവനിലെ ഇഷ്ടങ്ങളെ, അങ്ങനെ അവനോട് സംബന്ധിക്കുന്നവയെ കുറിച്ച് എല്ലാം അറിയാനുള്ള ഒരു കൗതുകം അവളിലുടലെടുത്തു. എന്താണ് തനിക്ക് സംഭവിക്കുന്നത്.? എന്തിനാണ് താൻ ഇങ്ങനെ ചിന്തിക്കുന്നത്.? ഈ ചോദ്യങ്ങൾ മനസ്സിന്റെ ഒരു ഭാഗം ചോദിക്കുന്നുണ്ടെങ്കിലും മറുഭാഗം അവനെ കുറിച്ച് തന്നെ ആലോചിക്കുകയാണ്, ബോധമനസ്സും ഉപബോധമനസ്സും തമ്മിലുള്ള ഒരു പിടിവലിയാണ് ഇപ്പോൾ തനിക്കുള്ളിൽ നടക്കുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബോധമനസ്സ് അവനെക്കുറിച്ച് എന്തിന്നറിയണമെന്ന് തിരക്കുമ്പോൾ ഉപബോധമനസ്സ് അവൻ തനിക്ക് ആരെല്ലാമോ ആണെന്ന് പറയാതെ പറയുന്നു..

താൻ കണ്ണുതുറന്നപ്പോൾ ഏറെ ആവലാതിയുടെ തന്നെ നോക്കിയ മുഖം, താൻ ഒന്ന് കരഞ്ഞപ്പോൾ പരിഭ്രാന്തിയോടെ തന്നെ ആശ്വസിപ്പിച്ച മുഖം. തനിക്കുവേണ്ടി മാത്രം ഒരു പകൽ മുഴുവൻ ഭക്ഷണം പോലും കഴിക്കാതെ മാറ്റിവെച്ചവൻ. അവൻ തനിക്ക് ആരാണ്..? അല്ലെങ്കിൽ തന്റെ ആരാകണമെന്നാണ് മനസ്സ് ഇപ്പോൾ വാശിപിടിക്കുന്നത്..? അത്രയും പ്രിയപ്പെട്ട ഒരാൾ, ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരുവൻ. അതോ ഹൃദയത്തിന്റെ കൈവശാവകാശം സ്വന്തമാക്കിയവനോ.? ആ ചോദ്യം മനസ്സിൽ ഉടക്കിയ നേരം ശക്തമായ ഒരു ഞെട്ടൽ ശ്രുതിയിൽ ഉണ്ടായി.. എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത്, അവൻ തന്റെ മേൽ ഉദ്യോഗസ്ഥൻ മാത്രമാണ്. തങ്ങൾ തമ്മിൽ രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട്. പക്ഷേ തന്നിലവൻ എന്തോ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്,

തനിക്കുവേണ്ടി അവൻ പരിഭ്രാന്തിപ്പെട്ടിട്ടുണ്ടാകുമോ.? ഇക്കഴിഞ്ഞു പോയി നിമിഷങ്ങളിൽ ഒരിക്കലെങ്കിലും തനിക്ക് വേണ്ടി അവനിൽ പ്രാർത്ഥന നിറഞ്ഞിട്ട് ഉണ്ടാകുമോ.? തന്റെ അവസ്ഥയിൽ അവൻ ആധി പൂണ്ടിട്ടുണ്ടാകുമോ..? അങ്ങനെ അവന്റെ ഉള്ളറകൾ അറിയാൻ അവളിൽ ഒരു മോഹം ഉണർന്നു. തെറ്റാണെന്ന് ശക്തമായ ബോധ്യമുണ്ടെങ്കിലും അത് അംഗീകരിച്ചു തരാൻ വികാരം അനുവദിക്കുന്നില്ല. വിവേകത്തിന് യാതൊരു സ്ഥാനവും ഇല്ലെന്ന് വികാരം അടിവര ഇട്ടു ഉറപ്പിക്കുന്നു. മനസ്സ് കൈവിട്ട് തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യാൻ സാധിക്കും.? വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രുതി, ഒടുവിൽ ആ സത്യത്തെ അവൾ തിരിച്ചറിഞ്ഞു തന്റെ ഹൃദയത്തിൽ ആരോ ആവേശിച്ചിട്ടുണ്ട്, മായിച്ചാലും മറച്ചാലും തന്നിൽ നിന്ന് അകന്നു പോകില്ലന്ന വാശിയോടെ ആ രൂപം അവിടെ തെളിയുന്നുണ്ട്. ആ രൂപത്തിനപ്പോൾ സഞ്ജയുടെ മുഖമായിരുന്നു, ആ കണ്ണുകളിൽ അപ്പോൾ അടങ്ങാത്ത പ്രണയം ആയിരുന്നു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story