നിനക്കായ്: ഭാഗം 8

ninakkay nilavu

രചന: നിലാവ്

ഇരുട്ടിൽ തിളങ്ങുന്ന ആ രണ്ടു കണ്ണുകൾ കണ്ടതും ശിവാനി മുന്നിൽ നിൽക്കുന്ന ആ രൂപത്തെ തള്ളിമാറ്റി ഓടിച്ചെന്നു ലൈറ്റ് ഇട്ടു.... അപ്പോഴാണ് അവൾ സോഫക്കരികിൽ നിൽക്കുന്ന ലക്ഷ്‌നെ കാണുന്നത്...

സാറായിരുന്നോ.. മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമല്ലോ ... അതു പറയുമ്പോഴും അവൾ നല്ലവണ്ണം കിതയ്ക്കുന്നുണ്ടായിരുന്നു.... സാറെന്തിനാ ഇരുട്ടത്തു വന്നു എന്നെ തൊട്ടത്.... ശിവാനി
ഉള്ളിൽ നുരഞ്ഞുപോന്തിയ ദേഷ്യം കടിച്ചമർത്തികൊണ്ട് ചോദിച്ചു..

അതുപിന്നെ ശിവാനി ഉറങ്ങിയോന്നറിയാൻ.... ഇല്ലെങ്കിൽ ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞേക്കാം എന്ന് കരുതി വന്നതാ... ലക്ഷിന്റെ നിഷ്കളങ്കത കണ്ടതും ശിവാനിക്ക് പെരുത്തു കയറി..

ഒരു ഗുഡ് നൈറ്റ്‌.... എനിക്കറിയാം മനപ്പൂർവം എന്നെ പേടിപ്പിച്ചതാ.... പാതിരാത്രിയിൽ ഹൊറർ മൂവിയും വെച്ച് മനുഷ്യന്റെ സമാധാനവും കളഞ്ഞിട്ട് പറയുന്നത് കേട്ടില്ലേ...ശരിക്കും പറഞ്ഞാൽ ഈ പ്രേതം എന്ന സംഭവം തന്നെ മനുഷ്യരുടെ ഒരു ക്രീയേഷൻ ആണ്...കഥകളായും സിനിമകളായും ഓരോരുത്തർ ഓരോന്ന് അടിച്ചിറക്കിക്കോളും.. അതുകണ്ടു രസിക്കാൻ നിങ്ങളെപോലുള്ളവന്മാരും..
ഈ സിനിമയിലും കഥകളിലും അല്ലാണ്ട് സാർ ഈ പ്രേതത്തെ കണ്ടിട്ടുണ്ടോ.. ഇല്ല.... എല്ലാം കേട്ടു കേൾവി മാത്രമാണ്....ശിവാനി ലക്ഷ്നോട് തട്ടികയറി..


ആര് പറഞ്ഞു കണ്ടില്ലെന്നു..ഈ തറവാട്ടിൽ തന്നെ ഉണ്ടായിരുന്നല്ലോ നല്ല അസ്സൽ വേലക്കാരി പ്രേതം... പണ്ട് ഇവിടത്തെ മുതുമുത്തശ്ശൻമാരുടെ കാലത്ത് ഇവിടത്തെ അടുക്കളകാരിയായിരുന്ന സാവിത്രി എന്ന പെണ്ണ് ഇവിടെ എവിടെയോ തൂങ്ങി മരിച്ചെന്നോ മുങ്ങി മരിച്ചെന്നോ ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞെന്നോ പറയുന്നത് കേട്ടിരുന്നു...
അവസാനം ഏതോ മന്ത്രവാദി വന്നിട്ടാണത്രെ അവളെ തളച്ചത്... അതിന് ശേഷം ഈ വീടു തന്നെ പൊളിച്ചു മാറ്റി വേറെ പണിതതാത്രെ...ഏതാണ്ട് ഈ ഭാഗത്തു ആയിരുന്നു അന്ന് ആ ബാധയെ തളച്ചതെന്ന കേട്ടുകേൾവി... അത്കൊണ്ട് ഈ മുറിയിൽ താമസിക്കാൻ ആർക്കും താല്പര്യം ഇല്ലായിരുന്നു... പിന്നെ എനിക്ക് ഈ പ്രേതം ഭൂതം പിശാച് ഇതൊക്കെ വെറും സിമ്പിൾ കേസ് ആണല്ലോ അത്കൊണ്ട് ഞാൻ ഇവിടെ പൊറുതി തുടങ്ങി..ലക്ഷ്
കാര്യമായി ഗോസിപ് അടിച്ചിറക്കുന്ന തിരക്കിലാണ്..

എന്നിട്ട്  സാറും  വേലക്കാരി ജാനുവും തമ്മിൽ മീറ്റ് ചെയ്തോ... ശിവാനിയുടെ ചോദ്യം കേട്ടതും ലക്ഷ് പറഞ്ഞു

ജാനുവല്ല സാവിത്രി...
.
സാവിത്രിയൊ സരോജിനിയൊ എന്തേലും ആവട്ട്... പുള്ളിക്കാരിയെ സാർ കണ്ടോന്ന്..

ഞാൻ കണ്ടില്ല.. പക്ഷെ ചില പ്രത്യേക ദിവസങ്ങളിൽ ഈ ഭാഗത്തൂടെ പോയാൽ ചില പ്രത്യേക തരം മണവും ശബ്ദവും പാട്ടും ഒക്കെ കേൾക്കാറുണ്ടെന്നാണ് 
മാളുവും അച്ചുവും അവന്തികയും ഒക്കെ പറഞ്ഞത്...ലക്ഷ് ഒന്നുകൂടി തള്ളി..

ഈ പ്രത്യേക മണം എന്ന് പറഞ്ഞല്ലോ എന്ത്‌ മണമായിരുന്നു അത് ഞാൻ നോക്കട്ടെ എനിക്കും ഫീൽ ചെയ്യുന്നൊന്ന്... പാലപ്പൂവിന്റെ ഗന്ധമായിരിക്കില്ലേ സാർ അത്...

അല്ല ശിവാനി നല്ല ചിക്കൻ ബിരിയാണിയുടെയും മട്ടൺ കറിയുടെയും വെജിറ്റബിൾ കുറുമയുടെയും എന്ന് വേണ്ട നല്ല ഒന്നാന്തരം ഫുഡ്‌ ഐറ്റംസിന്റെ മണം ആണെന്ന്.....ഈ ജാനു.... ചേ.. ഈ സാവിത്രി ഒരു അടുക്കളകാരി ആയിരുന്നുവല്ലോ ആൾക്ക് കുക്കിംഗ്‌ ഭയങ്കര ഇഷ്ടം ആയിരുന്നുവെന്ന്....

ഓ....അങ്ങനെ കുക്ക് ചെയ്ത് കൊതി തീരാത്ത സാവിത്രിയുടെ ആത്മാവ് അങ്ങനെ ഇവിടെ കുക്കറി ഷോ നടത്താൻ തുടങ്ങിക്കാണും ....അതാ സ്മെല്ലടിച്ചത്...സാർ പറഞല്ലോ ചില സമയത്ത് ചില പാട്ടുകൾ കേൾക്കാറുണ്ടെന്ന് ആ പാട്ടു ഇതാണോ സാറെ അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് കുടംപുളി ഇട്ടുവെച്ച നല്ല ചെമ്മീൻ കറിയുണ്ട്... അല്ലെങ്കിൽ സാറെ സാറെ സാമ്പാറെ അതാവും അല്ലെങ്കിൽ പാലും പഴവും കൈകളിലെന്തി ഇതൊക്കെയായിരിക്കും അല്ലെ സാർ..ശിവാനി ചിരി ഉള്ളിലൊതുക്കി പറഞ്ഞു..

ശിവാനി എന്താ കളിയാക്കുവാണോ.. ഞാൻ ഉള്ളതെ പറഞ്ഞിട്ടുള്ളു..

ഞാനെന്റെ സംശയം ചോദിച്ചതല്ലേ സാർ.. അല്ല സാറെ ഈ സാവിത്രി ആത്മഹത്യാ ചെയ്തത് എന്തിനാന്നറിയോ..

ഞാൻ ചോദിച്ചില്ല എന്തെ.... 

എനിക്ക് തോന്നുന്നു സാർ പുള്ളിക്കാരി ചിക്കെൻ കറി വെച്ചപ്പോൾ ചിക്കനു പകരം മട്ടൻ ഇട്ടു കാണും.. അതു കണ്ടു തറവാട്ടിലെ കാർണോന്മാർ വഴക്ക് പറഞു കാണും അതിൽ മനം നൊന്തായിരിക്കും ആത്മഹത്യാ ചെയ്തത്....

അപ്പൊ ഞാൻ പറഞ്ഞത് കള്ളമാണ് എന്നാണ് ശിവാനി പറഞ്ഞു വരുന്നത്... ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ശിവാനിയുടെ ഇഷ്ടം എന്നും പറഞ്ഞു അവളെ ശ്രദ്ധിക്കാതെ ബെഡിനരികിലേക്ക് നീങ്ങി..

സാറെ ഞാൻ എൽ കെ ജി കുട്ടിയല്ല ഇതൊന്നും വിശ്വസിക്കാനും പേടിച്ചു സാറിന്റെ പുതപ്പിനുള്ളിൽ കൂടാനും..പക്ഷെ തത്കാലം ഞാൻ ഈ ബെഡിന്റെ ഒരറ്റത്തു കിടക്കുവാണ്..അത് സാറിന്റെ ഓഞ്ഞ പ്രേതകഥ കേട്ടിട്ടല്ല.. എനിക്ക് തറയിൽ അല്ലെങ്കിൽ സോഫയിൽ ഇതിലൊക്കെ കിടന്നാൽ പിറ്റേദിവസം എഴുന്നെല്ക്കാൻ പറ്റില്ല... ഒരന്യ പുരുഷന്റെ കൂടെ ബെഡ് ഷെയർ ചെയ്യാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല.പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ ഒരറ്റത്തു കിടക്കാന്നു കരുതി....

അതും പറഞ്ഞു ശിവാനി ബെഡിന്റെ ഒരു വശത്തു വന്നിരിന്നു..

അതിനു ഞാൻ അന്യപുരുഷൻ ആണെന്ന് ആരുപറഞ്ഞു ശിവാനി... നീ എന്നും മനമുരുകി പ്രാർത്ഥിക്കാറുള്ള ദൈവങ്ങളുടെ മുന്നിൽ വെചാണ് ഞാനിന്നു നിനക്ക് സിന്ദൂരം ചാർത്തിയത്.....ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ അമ്മയെ സാക്ഷി നിർത്തിയാണ് ഞാൻ നിനക്ക് താലി ചാർത്തിയത് ..അതുപോരെ ശിവാനി നിനക്ക് എന്റെ കൂടെ ഈ ബെഡിൽ കിടക്കാൻ..നിയമപരമായിട്ട് നീയെന്റെ ഭാര്യ ആയില്ലെങ്കിലും ബാക്കി എല്ലാ അർത്ഥത്തിലും നീയെന്റെ ഭാര്യയാണ്... ഇനി എല്ലാവരുടെ മുന്നിൽ വെച്ച് നിന്റെ കഴുത്തിൽ താലി കെട്ടാനും ഞാൻ തയ്യാറാണ്... ശിവാനിയെ കാണുന്നതിന് മുൻപ് വരെ എനിക്ക് കുറച്ചു നേരത്തേക്ക് ഭാര്യയായി അഭിനയിക്കാൻ ഒരു പെണ്ണ്.. അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ.. പക്ഷെ എന്റെ മുന്നിൽ നീ വന്നു നിന്നപ്പോൾതൊട്ട് ഞാൻ ഉറപ്പിച്ചിരുന്നു അഭിനയിക്കാനായാലും ജീവിക്കാനായാലും ഈ പെണ്ണ് മതിയെന്ന്.. പക്ഷെ എന്റെ ഉള്ളിലെ വാശി അത് എന്നെ പലതും ചെയ്യിപ്പിച്ചു ഒന്നും മനപ്പൂർവം ആയിരുന്നില്ല.. ഒന്നിനോടു വാശി തോന്നിയാൽ പിന്നെ എനിക്കത് കിട്ടിയേ തീരു എന്നാണ്... എന്റെ അമ്മയുടെ മുന്നിലേക്ക് നിന്നെ കൊണ്ട്‌ പോവുമ്പോൾ എന്റെ ഭാര്യ എന്ന അവകാശത്തോട് കൂടി കൊണ്ട് പോവണം എന്ന് തോന്നി..അതാണ് നിന്റെ സമ്മതത്തിന് കാത്തു നില്കാതെ അന്ന് സിന്ദൂരം തൊട്ടത്.. പിന്നെ നിന്റെ മുൻപിൽ തോൽക്കാനും വയ്യായിരുന്നു... നിന്റെ അച്ഛനെ സഹായിച്ചത് നിന്റെ ഓട്ടപാച്ചിൽ കണ്ടിട്ട് തന്നെയാ... അതിന്റെ കൂടെ അമ്മ തറവാട്ടിൽ ചെല്ലുന്ന  കാര്യം കൂടി പറഞ്ഞപ്പോൾ ഞാൻ അത് മറ്റൊരു തരത്തിൽ ഉപയോഗപ്പെടുത്തി എന്ന് മാത്രം.. അല്ലാതെ നിന്നെ ജീവിതകാലം മുഴുവനും വിഷമിപ്പിക്കണം എന്നൊന്നും എനിക്കില്ല.. പിന്നെ നീ എന്നെ തോല്പിക്കാൻ ഓരോന്ന് ചെയ്യുമ്പോൾ എനിക്ക് വാശി കൂടുകയേ ഉള്ളു ശിവാനി... ലക്ഷ് ശിവാനിയെ നോക്കി പറഞ്ഞു..

കൊള്ളാം നന്നായിട്ടുണ്ട് സാർ... പക്ഷെ ഒരു ഫീൽ ഇല്ലായിരുന്നു... പുതിയ സ്ക്രിപ്റ്റ് ആയിരിക്കുല്ലേ എന്റെ മനസ്സിൽ കയറിക്കൂടി എന്നെ കൊണ്ട് ഐ ലവ് യൂ കണ്ണേട്ടാ എന്ന് പറയിപ്പിക്കാൻ... എന്റെ പൊന്നു സാറേ സമ്മതിച്ചുട്ടോ....പക്ഷെ ഞാനങ്ങനെ തോറ്റു തരും എന്നു കരുതണ്ട.... ഇതുകൊണ്ടൊന്നും ശിവാനിയെ മണ്ടിയാക്കാൻ പറ്റില്ലസാർ..

അപ്പൊ ശിവാനിക്ക് ഇത് കേട്ടിട്ട് അങ്ങനെയാണ്‌ തോന്നിയത് അല്ലെ.. ആയിക്കോട്ടെ.. ഞാനിത് നിന്നോട് ഇപ്പോഴൊന്നും പറയാൻ വിചാരിച്ചിരുന്നതല്ല  ഓരോന്ന് പറഞ്ഞു വന്നപ്പോൾ അറിയാതെ വായിൽ നിന്നു വീണു പോയി.....

ആയിക്കോട്ടെ... സാറിന് കഥപറഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ കിടന്നോട്ടെ...
പിന്നെ ഞാൻ ഉറങ്ങി കഴിഞ്ഞ് വല്ല വേലത്തരവും കാട്ടാനുള്ള പ്ലാൻ ഉണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽ മതി... എന്റെ അരയിൽ അരഞ്ഞാണവും ഇല്ല മറുകും ഇല്ല.. ഇനിയിപ്പോ അതു തപ്പിപ്പിടിക്കാൻ വേണ്ടി എന്നെയെങ്ങാനും തൊട്ടാലുണ്ടല്ലോ ഒന്നുകൂടെ സാറിന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറും ....ഈ സിനിമായിലൊക്കെ കണ്ടിട്ടില്ലേ ഉറങ്ങുമ്പോൾ അവിടെയും ഇവിടെയും നോക്കി രാവിലെ അത് വെച്ച് ഇമോഷണലി ബ്ലാക്ക്മൈൽ ചെയ്യുന്നത്....അതു വേണ്ട എന്നർത്ഥം..തല്കാലത്തേക്ക് നമുക്കിടയിൽ ഞാനൊരു വന്മതിൽ പണിയുന്നുണ്ട് എന്നും പറഞ്ഞു കുറച്ചു തലയണ ഇരുവർക്കും മധ്യത്തിൽ വെച്ച് അവൾ ഒരു വശത്തു കിടന്നു..

അപ്പൊ ആ താലി എനിക്ക് തിരിച്ചു തന്നേക്ക് ശിവാനി ....ലക്ഷ് മതിലുകൾക്കപ്പുറം നിന്നുകൊണ്ട് പറഞ്ഞു..

ഓ.. സാറിനെന്തിനാ ഇപ്പൊ ഇത്.. ഇതെന്റെ കയ്യിൽ ഇരുന്നോട്ടെ സാർ.. ഇത് എന്റെ കൂടെ ഉണ്ടാവുമ്പോൾ എനിക്ക് സാറിനെ ഓർമ വരും..സാറിനോടുള്ള ദേഷ്യം കാരണം
ആവണം ഞാൻ പിന്നീട് പലതും നേടുന്നത്...എന്റെ ലൈഫിൽ ഇപ്പൊ കല്യാണം അതൊന്നും ഉണ്ടാവില്ല സാർ.. എനിക്ക് ശ്രാവണിനെ പഠിപ്പിക്കണം ഡോക്ടർ ആക്കണം അച്ഛനെ നോക്കണം... അവരെ വിട്ടു എനിക്കൊരു ലൈഫില്ല സാർ..അച്ഛന് അസുഖം വരുന്നതിന് മുൻപ് എനിക്ക് എന്റെ ലൈഫിനെ കുറിച്ചു ചെറിയ ആഗ്രഹങ്ങൾ ഒക്കെയും ഉണ്ടായിരുന്നു.. എം ബി എ കംപ്ലീറ്റ് ചെയ്ത് നെറ്റെഴുതി എടുത്ത് പി എച് ഡി ക്ക് ജോയിൻ ചെയ്ത് ഞാൻ പഠിച്ച കോളേജിൽ ഒരു ലക്ച്ചർ ആയി ജോലി ചെയ്യണം..എന്നിട്ട് എന്നെ ഇഷ്ടപെടുകയും മനസിലാക്കുകയും ചെയ്യുന്ന ഒരുത്തനെ കല്യാണം കഴിച്ചു എന്റെ വീട്ടിലേക്ക് കൊണ്ടു വന്നു ബാക്കിയുള്ള കാലം അച്ഛന്റെയും അനിയന്റെയും കെട്ടിയോന്റെയും കൂടെ
സന്തോഷത്തോടെ അവിടെ ജീവിക്കണം എന്ന്.. അത് പറഞ്ഞു കഴിഞ്ഞതും ശിവാനിയുടെ കണ്ണ് ഇറനണിഞ്ഞത് ലക്ഷ് കണ്ടിരുന്നു.....ഒരു താലി കഴുത്തിൽ കിടക്കുന്നത് ഒരു ധൈര്യം അല്ലെ സാറെ അതോണ്ടാ ഇത് ഞാൻ തരാത്തത് അല്ലാതെ സാറിനോടുള്ള ഇഷ്ടംകൊണ്ടൊന്നും അല്ല... പിന്നെ സാറിന്റെ മനസ്സിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പഴേ മായ്ച്ചു കളഞ്ഞേക്ക്.. ഞാനും സാറും ഒരിക്കലും ചേരേണ്ടവരല്ല.. എന്നെ കെട്ടിയാൽ സാറിന്റെ അച്ഛനും അച്ഛന്റെ വീട്ടുകാരും ഒരിക്കലും അത് ആക്‌സെപ്റ്റ് ചെയ്യില്ല.. കല്യാണം എന്ന് പറയുന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല...മറിച് അവിടെ  രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടി കൂട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്...... സാറിന്റെ അപ്പച്ചിയും മോളും ആണെങ്കിൽ അവസരം കിട്ടിയാൽ എന്നെ തട്ടാനും മടിക്കില്ല എന്നറിയാം... എനിക്ക് ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്‌ പറയുവാണ് ഈ ഒരു നാടകത്തോട് കൂടി എന്നെ ഇതിൽ നിന്നു ഒഴിവാക്കണം.. എന്റെ ഇപ്പഴത്തെ ജോലി എന്ന് പറയുന്നത് സാറിന്റെ മുത്തശ്ശിയെയും ഫാമിലിയെയും ഹാപ്പിയാക്കി ഉത്സവം കൂടി ഇവിടുന്ന് റ്റാറ്റാ ബൈ ബൈ പറഞ്ഞു പോവുക എന്നതാണ് .... അല്ലാതെ നമ്മൾ ഇവിടെ അടികൂടാനോ ബെറ്റ് വെക്കാനോ റൊമാൻസ് കളിക്കാനോ നില്കുന്നത്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല സാർ ..ഇതോടു കൂടി സാറും ഞാനും തമ്മിലുള്ള ബന്ധം അങ്ങ് തീരണം...പിന്നെ എന്റെ ജോലിയുടെ കാര്യം മറക്കരുത് സാറെ... സാറിന് എന്നെ കണ്ടോണ്ടൊരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ സാറിന്റെ മറ്റേതെങ്കിലും ബ്രാഞ്ചിൽ അത്യാവശ്യം നല്ല ജോലി... അതു മാത്രം മതി... സാറിന്റെ പണം മറന്നിട്ടില്ല കേട്ടോ..അപ്പൊ ഞാൻ കിടക്കട്ടെ സാറെ ഗുഡ് നൈറ്റ്‌ എന്നും പറഞ്ഞു ശിവാനി മൂടിപ്പുതച്ചു കിടന്നു...

ശിവാനി പറഞ്ഞതൊക്കെയും ഒരു പുഞ്ചിരിയോടെയാണ്‌ ലക്ഷ് കേട്ടത്.. അവളുടെ പക്വതയാർന്ന വാക്കുകൾ കേട്ടതും ആ പെണ്ണിനോട് അവനു ഇഷ്ടം കൂടിയാതെ ഉള്ളു....നീ എന്നിൽ നിന്നും എത്ര ഓഡിയോളിക്കാൻ നോക്കിയാലും ഞാൻ നിന്റെ പിന്നാലെ ഉണ്ടാവും ശിവാനി.. അതും പറഞ്ഞു ലക്ഷ് മലർന്നു കിടന്നു.... അവന്റെ ചുണ്ടിൽ അന്നേരം പ്രണയത്തിൽ കലർന്നൊരു പുഞ്ചിരി തത്തിക്കളിച്ചു...

രാത്രി  ഒരു മണിക്ക് തന്റെ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടതും വിളിക്കുന്നവന്റെ തന്തക്കും തള്ളക്കും എന്തിന് കുടുംബക്കാരെ മൊത്തം പ്രാകികൊണ്ട് ഗൗതം ഫോൺ എടുക്കാൻ പോയതും ഫോൺ കട്ടായി.. പിന്നെയും രണ്ടു മൂന്നു പ്രാവശ്യം ഇത് തുടർന്നതും ദേഷ്യം വന്ന ഗൗതം വീണ്ടും കാൾ വരാൻ കാത്തിരുന്നു ഒറ്ററിങ്ങിൽ കാൾ എടുത്ത് ചോദിച്ചു..

ഈ പാതിരാത്രി വിളിച്ചു മനുഷ്യന്റെ ക്ഷമ യെ പരീക്ഷിക്കുന്നോടാ തെണ്ടി... നിന്റെ സൂക്കേട് എനിക്ക് മനസിലായെടാ ഞരമ്പ് രോഗി... നിനക്ക് എന്താടാ വേണ്ടത് പുന്നാര മോനെ.... ഗൗതം വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചു പറയുന്നുണ്ട്..

ഞാൻ ഞരമ്പ് രോഗിയൊന്നും അല്ല...

പരിചിതമായ പെൺ ശബ്ദം കേട്ടതും ഗൗതം നമ്പർ ഒന്നുകൂടി നോക്കികൊണ്ട് ചോദിച്ചു..

ഓ... നീയായിരുന്നോ ഇതേതാടി പുതിയ നമ്പർ..

ഇത് മിഥുന്റെ നമ്പറാണ്...

നിന്നോടല്ലേ ഞാൻ പല പ്രാവശ്യം പറഞ്ഞത് രാത്രി വിളിച്ചു മനുഷ്യനെ മെനക്കെടുത്താൻ നിൽക്കണ്ടെന്ന്..

ഞാൻ ആരെയും മെനെക്കെടുത്താൻ ഒന്നും വന്നതല്ല. എനിക്ക് ഒരു കാര്യം അറിയണം നിങ്ങൾ ഇന്ന് പെണ്ണ് കാണാൻ പോയായിരുന്നോ..

പെണ്ണ് കാണാനോ... ഞാനോ...

മ്മ് എന്തെ പെണ്ണ് കാണാൻ എന്ന് കേട്ടിട്ടില്ലേ... എന്നോട് അച്ചുവേട്ടൻ പറഞ്ഞു എല്ലാം...

ഓ.. അവൻ അവിടെപോയി ഇവളെ പിരികയറ്റി വിട്ടിരിക്കുവാണല്ലേ..
അതും മനസ്സിൽ കരുതി മാളുനോട് തുടർന്നു

അതേ. പെണ്ണ് കണ്ടു ഇഷ്ടപ്പെട്ടു.. പുറമെ കാണാൻ സുന്ദരിയാ.. പക്ഷെ
അകം തൊണ്ടിനോക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞങൾ  കുറച്ചു നാൾ ലിവിങ് ടുഗെതർ പ്ലാൻ ചെയ്തിരിക്കുവാ..

ലിവിങ് ടുഗെദറോ??? മാളുവിന്റെ കണ്ണ് മിഴിഞ്ഞു വന്നു..

യെസ് ലിവിങ് ടുഗെദർ എന്തെ കേട്ടിട്ടില്ലേ...

മ്മ്..മാളു ഒന്ന് മൂളി..അപ്പൊ ഉത്സവത്തിന് വരില്ലേ..

പിന്നെ വരാതിരിക്കുമോ കൂടെ അവളും കാണും.. മാളവിക വേണം ദീപയ്ക്ക്  വേണ്ട എല്ലാസഹായവും അവിടെ ചെയ്ത് കൊടുക്കാൻ..

ഗൗതം പറഞ്ഞത് കേട്ടതും മാളു മനസ്സിൽ പറഞ്ഞു.. അതിനെന്താ ഇങ്ങു പോന്നോളൂ അവൾ തിരിച്ചു പോവുമ്പോൾ വികലാംഗയാക്കി വിടുന്ന കാര്യം ഞാനേറ്റു.. അതും മനസ്സിൽ പറഞ്ഞൂ മാളു ഫോൺ വെച്ചു... അന്നേരം ഗൗതമിന് മനസിലായിരുന്നു താൻ പറഞ്ഞത് അവൾക്ക് ഇഷ്ടപെട്ടില്ല എന്നും ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തതാണെന്നും..തന്റെ കൂടെ ലക്ഷ്ന്റെ നാട്ടിലേക്ക് ലക്ഷ്ന്റെ പി എ ദീപ കൂടി വരുന്നുണ്ട്... തല്കാലം ദീപയെ തന്റെ വുഡ് ബി ആക്കിയേക്കാം എന്ന് കരുതി ഗൗതം വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.....

പിറ്റേന്ന് രാവിലെ വീട്ടിലെ അച്ഛന്റെ നമ്പറിൽ നിന്നും വരുന്ന വാട്സ്ആപ്പ് വീഡിയോ കാൾ കണ്ടു ശിവാനിയുടെ മുഖം ചുളിഞ്ഞു.... കാരണം അച്ഛന്റെ കയ്യിലുള്ളത് സ്മാർട്ട്‌ ഫോൺ അല്ലായിരുന്നു.. ശ്രാവണിന്റെ കയ്യിൽ ഫോണും ഇല്ല... താൻ എവിടെയാണ് ഉള്ളത് എന്നവൻ അറിയാതിരിക്കാൻ ശിവാനി ബാൽക്കണിയിലേക്ക് ചെന്ന് കാൾ അറ്റൻഡ് ചെയ്തു...

ഹായ് ചേച്ചി...

ശ്രാവൺ.. നീ.. ഇതെവിടുന്ന നിനക്ക് ഈ ഫോൺ...

ചേച്ചി ഇത് ഏത് മോഡൽ ആണെന്ന് അറിയുമോ ഐ ഫോൺ ലേറ്റസ്റ്റ് മോഡൽ ആണ്.... എന്റെ ക്ലാസ്സിൽ ആരുടെ കയ്യിലും ഇത്രേം പുതിയ മോഡൽ ഇല്ല ചേച്ചി..

ശ്രാവൺ നീ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ ശിവാനിക്ക് ദേഷ്യം വന്നു..

ചേച്ചി ഇതെനിക്ക് ലക്ഷ് സാർ ഗിഫ്റ്റ് ആയി തന്നതാ....

അതു കേട്ടതും ശിവാനിയുടെ ദേഷ്യം ഒന്നുകൂടെ വർധിച്ചു....

ശ്രാവൺ നീ ആരോട് ചോദിച്ചിട്ടാണ് ആ ഫോൺ സ്വീകരിച്ചത്.. എന്നോട് ചോദിച്ചോ ഇല്ലല്ലോ... നിനക്ക് ഇപ്പൊ ഫോണിന്റെ ആവശ്യം ഒന്നും ഇല്ല.. ആവശ്യം ആണെന്ന് തോന്നുമ്പോൾ ഞാൻ വാങ്ങിച്ചു തന്നോളാം... അത്കൊണ്ട് നീ ഇത് അതേപോലെ ബോക്സിൽ ഇട്ടു വെച്ചേക്ക്.,. അത് നമുക്ക് വേണ്ട മോനെ..

ഹും... ചേച്ചി വാങ്ങി തരും ഇതുപോലൊരെണ്ണം വാങ്ങിച്ചു തരാൻ ചേച്ചി എത്രമാസം ജോലിചെയ്യണം.. ചേച്ചിയെകൊണ്ട് പറ്റില്ല എന്നും ചേച്ചി എനിക്ക് ഫോൺ വാങ്ങി തരാൻ പോണില്ല എന്നും എനിക്ക്  അറിയാം..

മോനെ നീ ഇപ്പൊ പഠിക്കുകയല്ലേ.. ഈ ഫോൺ നിന്റെ പഠനത്തെ ബാധിക്കും..അതുകൊണ്ടാ ചേച്ചി 

ചേച്ചി ഇത് ഏത് യുഗത്തിലാണ് ജീവിക്കുന്നത്.. വെറും പുസ്തക പുഴു ആയാലൊന്നും ഇന്നത്തെ കാലത്തു ഒന്നും നേടാനാവില്ല....നമുക്ക് ഇത്തിരി ലോക വിവരം കൂടി വേണം... ഡിഫറെൻറ് ലാംഗ്വേജ്സ് കൈകാര്യം ചെയ്യാൻ പറ്റണം... വീട്ടിൽപോലും ഒരു സ്മാർട്ട്‌ ഫോണില്ല എന്നിട്ട് ആരെങ്കിലും വാങ്ങി തന്നപ്പോൾ അത് തിരിച്ചു കൊടുക്കാൻ പറയുന്നു ശ്രാവൻ ശിവാനിയോട് തട്ടിക്കയറി.

മോനെ ഞാൻ... അയാൾ ചിലപ്പോൾ വേറെന്തെങ്കിലും മനസ്സിൽ കണ്ടിട്ടാവും നിനക്ക് ഫോൺ തന്നത്..

ചേച്ചി എന്താ കരുതിയത് ചേച്ചിയുടെ ബോസ്സ് ആയത് കൊണ്ടാണ് ലക്ഷ് സാർ എനിക്ക് ഫോൺ വാങ്ങിച്ചു തന്നത് എന്നോ.. എന്നാലെ അങ്ങനെ അല്ല ഇത് ഞാൻ അദ്ദേഹത്തിനെ രക്ഷിച്ചു ആ ഒരു കാരണം കൊണ്ടാണ് എനിക്ക് സാർ ഫോൺ വാങ്ങി തന്നത് അത്കൊണ്ട് ഞാനിത് തിരിച്ചു കൊടുക്കാനും പോണില്ല എന്നും പറഞ്ഞു ശ്രാവൺ ഫോൺ അവസാനിപ്പിച്ചു....

ശിവാനിക്ക് ലക്ഷ്നോട് ഒന്നുകൂടെ ദേഷ്യം തോന്നി... ഇത് ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് കരുതിയ ശിവാനി ലക്ഷ്ന്റെ വരവും കാത്തിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story