❤️നിന്നിലലിയാൻ❤️: ഭാഗം 10

ninnilaliyan daksha

രചന: ദക്ഷ ആമി

 ശേഖരൻ റൂമിലെത്തുമ്പോൾ ശിവയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ആമി. അദ്ദേഹത്തെ കണ്ടതും ശിവ എഴുന്നേൽക്കാൻ ശ്രെമിച്ചു, പക്ഷെ അദ്ദേഹം അവളോട് അവിടെ ഇരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നിട്ട് അടുത്തേക് വന്നു ആമിയുടെ തലയിൽ തലോടി. ആരുടെയോ സ്പർശം അറിഞ്ഞു കണ്ണ് തുറന്നതായിരുന്നു ആമി, അച്ഛനെ കണ്ടു അവൾ എഴുന്നേറ്റിരുന്നു. ""അച്ഛേടെ പാറൂസേ...... "" ""ഹ്മ്മ്..... ""അവൾക് സങ്കടം കാരണം വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. ""അച്ഛേടെ വാവ എന്തിനാ സങ്കടപ്പെടുന്നേ, എന്റെ പാറുക്കുട്ടിക് അച്ഛ ഇല്ലേ. അച്ഛ ഇപ്പൊ മോളോട് ഒരു കാര്യം പറയാനാ വന്നത്. "" അവൾ ഒന്നും മനസിലാക്കാതെ ശേഖരന്റെ മുഖത്തേക് നോക്കി. ""അത്, മോളെ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ നമുക്ക് കല്യാണം നടത്താം മോൾക് സമ്മതമാണെങ്കിൽ ചെറുക്കനെ നമുക്കൊന്ന് മാറ്റി ചിന്തിച്ചൂടെ. "" ""അച്ഛ എന്തൊക്കെയാ ഈ പറയുന്നേ, എനിക്കൊന്നും മനസിലാവുന്നില്ല. ""

""അത്, വിശാലിന്റെ ഒളിച്ചോടിപ്പോയ ആ പെൺകുട്ടിയുടെയും കല്യാണം ഇന്ന് നടക്കാനിരുന്നതാ, അതോണ്ട് അവൾക് ആലോചിച്ച ചെറുക്കനും ഇപ്പോൾ മോളുടെ അതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മോൾക് സമ്മതമാണെങ്കിൽ ആ പയ്യന്നുമായിട്ടുള്ള കല്യാണം നടത്തട്ടെ. "" ""അച്ഛനെന്തൊക്കെയാണ് ഈ പറയുന്നത്, ഇത്രയും നാളും വേറെ ഒരാളുമായിട്ടുള്ള ജീവിതം സ്വപ്നം കണ്ടു നടന്ന ഞാൻ പെട്ടെന്നൊരു ദിവസം എങ്ങനെയാ മറ്റൊരാളുടെ മുന്നിൽ കഴുത്തു നീട്ടുക. "" ""അച്ഛനു മനസിലാകും മോളെ, പക്ഷെ അവനെപ്പോലെ ഒരാൾക്കു വേണ്ടി എന്റെ മോള് ഇനിയും സങ്കടപ്പെടരുത്, അച്ഛനത് സഹിക്കാൻ കഴിയില്ല. ഇപ്പോൾ ആലോചിച്ച ചെറുക്കൻ വളരെ നല്ലവനാ, ചിലപ്പോൾ അവൻ ജീവിതത്തിലേക്കു വരാനായിരിക്കും ഇങ്ങനൊക്കെ സംഭവിച്ചത്. ഇപ്പോൾ ഒരു വിഷമം ഒക്കെ ഉണ്ടാകും പതിയെ ആ ജീവിതവുമായി പൊരുത്തപ്പെടുമ്പോൾ മോള് ആ ജീവിതം ഇഷ്ടപ്പെടും. "" അപ്പോഴേക്കും ഗായത്രിയും അവിടേക്കു വന്നു. എന്തായി എന്ന് കണ്ണ് കൊണ്ട് ശേഖരനോട് ചോദിച്ചു, അയാൾ കണ്ണുചിമ്മി കാണിച്ചു. ""മോളൊന്നും പറഞ്ഞില്ല. "" ""എല്ലാം അച്ഛന്റെ ഇഷ്ടം പോലെ നടക്കട്ടെ. ""

""എനിക്കറിയാം അച്ഛന്റെ മനസ് കാണാൻ ന്റെ കുട്ടിക്ക് കഴിയും എന്ന്. മോൾക് പയ്യന്റെ ഫോട്ടോ കാണണ്ടേ."" ""എന്തിനാണച്ച, എന്തായാലും എനി കുറച്ചു സമയം കൂടെ ഉള്ളൂ ഞാൻ അയാളുടേതായി മാറാൻ പിന്നെ എന്തിനാ ഫോട്ടോ ഒക്കെ, എന്റെ അച്ഛ എനിക്ക് നല്ലത് മാത്രമേ തരുള്ളൂ എന്ന് എനിക്കറിയാം. അച്ഛനു ഇഷ്ടായില്ലേ എനിക്കത് മതി. "" അത് കേട്ടതും ശേഖരനും ഗായത്രിയും കൂടെ അവളെ കെട്ടിപ്പിടിച്ചു മൂർദാവിൽ ചുംബിച്ചു. എന്നിട്ട് ഈ സന്തോഷം എല്ലാവരോടുമായി പങ്കുവയ്ക്കാനായി പോയി. ""നീ എന്ത് പണിയാ ആമി ഈ കാണിച്ചേ. ചെറുക്കനെ ഒന്ന് കാണുക പോലും ചെയ്യാതെ. "" ""ഇനി അതിന്റെ ആവിശ്യം ഒക്കെ ഉണ്ടോ ശിവാ. അച്ചന്റെ സന്തോഷം ഇതാണ്. എനിക്കത് മതി. "" ""എടീ എന്നാലും... "" അവൾ ഒന്ന് മന്ദഹസിച്ചു... പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാരും വേഗം തന്നെ ഓഡിറ്റോറിയത്തിലേക് തിരിച്ചു. ആമിയെ ശിവയുടെ കൂടെ ഡ്രസിങ് റൂമിലിരുത്തി ബാക്കി ഉള്ളവർ ചെറുക്കന്റെ വീട്ടുകാരെ സ്വീകരിക്കാനായി പോയി.

""ശിവ എനിക്ക് എന്തോ ടെൻഷൻ ആവുന്നു. എത്ര പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്. "" ""നീ ഒന്നുകൊണ്ടും ടെൻഷൻ അടിക്കേണ്ട, എല്ലാം വിധി പോലെയേ വരൂ, നമ്മൾ തീരുമാനിക്കുന്നത് ഒന്ന് നടക്കുന്നത് വേറൊന്നു. "" ""ഹ്മ്മ്.... ഇനി എല്ലാം വരുന്നത് പോലെ വരട്ടെ. "" 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓഡിറ്റോറിയത്തിന്റെ മുൻവശത്തു ചെറുക്കൻ വീട്ടുകാരെ കാത്തിരിക്കുകയാണ് ആമിയുടെ വീട്ടുകാർ. കുറച്ചു സമയത്തിനകം തന്നെ മൂന്ന് കാറുകൾ ഗേറ്റ് കടന്നു വന്നു പുറകെ തന്നെ ഒരു ട്രാവല്ലർ ഉം അതിനു പുറകെ മറ്റു വാഹനങ്ങളും നിരന്നു നിന്നു. ആദ്യത്തെ കാറിൽ നിന്നും ആദിയുടെ അച്ഛനും അമ്മയും അനിയത്തിയും ഇറങ്ങി വന്നു, രണ്ടാമത്തേതിൽ നിന്നും ചെറിയച്ഛനും ഭാര്യയും അവരുടെ മക്കളും ഇറങ്ങി വന്നു. മൂന്നാമത്തെ കാറിലായിരുന്നു ആദിയും നവീനും ഉണ്ടായിരുന്നത്, ആദ്യം കോഡ്രൈവർ സീറ്റിൽ നിന്നും നവി പുറത്തേക്കിറങ്ങി അതിനു പുറകെ തന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ആദിയും പുറത്തേക്കിറങ്ങി. സ്വർണക്കസവുല്ല മുണ്ടും ചന്ദന കളർ ഷർട്ടും ആയിരുന്നു വേഷം,ഒരു കൈയിൽ ചെയ്‌നും മറ്റേ കൈയിൽ ഒരു വാച്ചും,

മുടി ജെൽ വച്ചു ഒതുക്കി ക്ലീൻ ഷേവിൽ ആയിരുന്നു അവൻ, എല്ലാവരും ഒരുവേള അവനെ തന്നെ നോക്കി നിന്നു. എല്ലാവരും എന്താ നോക്കി നിൽക്കുന്നെ വേഗം അകത്തേക്കു ക്ഷണിക്ക് എന്ന് പറഞ്ഞു കൊണ്ട് ശേഖർ അവരുടെ അടുത്തേക് പോയി മാധവന്റെ കൈയിൽ കൈ ചേർത്തു. ""ഞാൻ ചന്ദ്രശേഖർ ഞാൻ ആണ് ആത്മീകയുടെ അച്ഛൻ, ഇത് എന്റെ ഭാര്യ ഗായത്രി."" ""ഡാ അതാണ് കേട്ടോ നിന്റെ അമ്മായിയപ്പൻ"" എന്ന് നവി പതുക്കെ ആദിയുടെ ചെവിയിൽ പറഞ്ഞു. ""ഒന്നു മിണ്ടാതിരിയെടാ.."" ""ഞാൻ മാധവൻ ഇത് എന്റെ ഭാര്യ ശ്രീദേവി ഇത് ഞങ്ങളുടെ മോള് ആദിലക്ഷ്മി, ഇത് എന്റെ അനിയനും ഭാര്യയും മക്കളും പിന്നെ ദേ ഇതാണ് ചെക്കൻ എന്റെ മൂത്ത മകൻ ആദിത്യൻ ""എന്ന് പറഞ്ഞു കൊണ്ട് മാധവൻ എല്ലാരേയും പരിചയപ്പെടുത്തി. ശേഖർ ആദിയുടെ മുഖത്തേക്ക് നോക്കി. അവൻ ഒന്ന് പുഞ്ചിരിച്ചു. ഗായത്രി വേഗം തന്നെ ശ്രീദേവിയുടെ കൈയിൽ പിടിച്ചു ഓരോന്നും സംസാരിച്ചു തുടങ്ങി. ""ഡാ ഇവരുടെ വർത്താനം കേട്ടാൽ കുറെ വർഷങ്ങയിട്ട് പരിചയമുള്ളത് പോലെയാണല്ലോ."" -നവി ""അതെന്നെയാ ഞാനും നോക്കുന്നെ."" -ആദി

""എന്തായാലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പെണ്ണിനെ കാണാതെ താലികെട്ടാൻ പോകുന്ന ആദ്യത്തെ ആൾ നീയായിരിക്കും ""എന്ന് പറഞ്ഞു കൊണ്ട് നവീൻ ചിരിച്ചു. അതിനു മറുപടിയെന്നോണം ആദി നവിയുടെ കാലിൽ ഒരൊറ്റ ചവിട്ടായിരുന്നു. ""ഡാ പട്ടി കാലെടുക്കെടാ, നീ പെണ്ണിനെ കാണാത്തത് എന്റെ കുറ്റമാണോഡാ പന്നി. "" ""ഒന്ന് മിണ്ടാതിരിക്കെടാ.... "" അപ്പോഴേക്കും ശേഖരനും, ഗായത്രിയും പിന്നെ ആമിയുടെ വല്യച്ചൻ വിശ്വനും അയാളുടെ മകനും കൂടെ വന്നു ആദിയുടെ അടുത്തേക് വന്നു ""മോൻ ഇപ്പോൾ ചെയ്യുന്നത് വലിയൊരു കാര്യമാ, എന്റെ മോൾക് ഒരു ജീവിതം കൊടുക്കാൻ മോൻ തയ്യാറായല്ലോ, എനിക്കത് മതി"" എന്ന് പറഞ്ഞുകൊണ്ട് ശേഖർ ആദിയുടെ മുന്നിൽ കൈ കൂപ്പി. ""എന്താ അച്ഛാ ഇത്, ""പെട്ടന്ന് അവനു അങ്ങനെ വിളിക്കാനാണ് തോന്നിയത്. അവൻ എന്തോ തെറ്റ് പറ്റിയ പോലെ അയാളെ നോക്കി. അയാൾ നിറഞ്ഞ മനസാലെ അവനെ കെട്ടിപ്പിടിച്ചു ""അച്ഛൻ തന്നെയാണ്, അങ്ങനെയേ വിളിക്കാവൂ, എന്റെ മോളെ മോൻ പൊന്നു പോലെ നോക്കുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ.""

”"ശേഖർ ഒന്ന് കൊണ്ടും പേടിക്കേണ്ട ആത്മികയെ ഞങ്ങൾ ഞങ്ങളുടെ ലച്ചു മോളെ പോലെ നോക്കിക്കൊള്ളാം."" മാധവൻ പറഞ്ഞു. ശേഖരനും ഗായത്രിയും നന്ദിയോടെ അയാളെ നോക്കി. അതിനു ശേഷം ആദിയേ സ്വീകരിച്ചു കല്യാണമണ്ഡപത്തിലേക്ക് പിടിച്ചിരുത്തി. അവിടെ പൂജാരി ഓരോ മന്ത്രോചാരണങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും അവനെ തന്നെ ശ്രെദ്ദിക്കുന്നത് കണ്ടു അവനു ആകെ വല്ലാതായി. നവി ആണെങ്കിൽ അവനെ ആക്കി ചിരിക്കുന്നുമുണ്ട്. ശ്രീദേവിയും ലച്ചുവും പിന്നെ സ്ത്രീകളെല്ലാവരും കൂടി ആമിയെ കാണാനായി പോയി. ശിവയോട് ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ആമിയുടെ അടുത്തേക് ഗായത്രി ശ്രീദേവിയെയും കൊണ്ട് വന്നു. അമിയും ശിവയും എഴുന്നേറ്റു നിന്നു. ""ഞാൻ ചെറുക്കന്റെ അമ്മയാണ് കേട്ടോ. ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയാണല്ലോ മോള്, എന്റെ കണ്ണന് നന്നായി ചേരും"" ഗായത്രി അവളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. കണ്ണൻ എന്ന് കേട്ടതും അവളുടെ ഹൃദയ മിടിപ്പ് വർധിച്ചു. അവൾ പതർച്ച മറച്ചു വച്ചു കൊണ്ട് അവരെ നോക്കി പുഞ്ചിരിച്ചു. ""ഹലോ ഏട്ടത്തിയമ്മേ, ഞാൻ ആദിലക്ഷ്മി പറഞ്ഞു വരുമ്പോ നിങ്ങളുടെ നാത്തൂൻ ആയിട്ട് വരും,""

എന്ന് പറഞ്ഞു കൊണ്ട് ആമിക്ക് കൈ കൊടുത്തു. വയസു കൊണ്ടും സ്വഭാവം കൊണ്ടും ഒരേ പോലെ ആയതുകൊണ്ട് ലച്ചു ആമിയുമായിട്ടും ശിവയുമായിട്ടും വളരെയധികം അടുത്തു, ഇവരെയൊക്കെ കണ്ടപ്പോൾ ആമിയുടെ ടെൻഷൻ ഒന്ന് കുറഞ്ഞത് പോലെ തോന്നി. ""മോള് പേടിക്കണ്ടാട്ടൊ, എന്നേ സ്വന്തം അമ്മയെ പോലെ കണ്ടോളു, എന്നോട് മോൾക് എന്ത് വേണമെങ്കിലും പറയാം, കണ്ണനും മോളെ മനസിലാക്കാൻ പറ്റും, അവൻ ഒരു പാവമാണ്. "" കണ്ണൻ എന്ന പേര് വീണ്ടും അവളുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. പിന്നെ എല്ലാരും കൂടെ പരിചയപ്പെടലുമൊക്കെയായി അവിടെ നിന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""മുഹൂർത്തതിന് സമയമായി ഇനി പെൺകുട്ടിയെ വിളിച്ചോളൂ"" എന്ന് പൂജാരി പറഞ്ഞതും ശേഖർ ആമിയെ വിളിക്കാനായി അകത്തേക്കു പോയി. എല്ലാവരോടും പറഞ്ഞു അയാൾ ആമിയുടെ കൈപിടിച്ച് കതിര്മണ്ഡപത്തിലേക് നടന്നു.എല്ലാവരും അവളെ തന്നെ നോക്കി ഇരുന്നു അത്രയും സുന്ദരിയായിരുന്നു അവൾ. പുറകെ തന്നെ ഗായത്രിയും ശിവയും കിച്ചുവും ആമിയുടെ അമ്മായിയും ഉണ്ടായിരുന്നു. ആമിയാണെങ്കിൽ നിലത്തേക് നോക്കിയാണ് നടന്നു വന്നത് അതേ പോലെ തന്നെ ആദിയും നിലത്തു നോക്കി ഇരിക്കുകയായിരുന്നു. പുറകിൽ കൂടെ വന്ന ശിവ ആദ്യം കണ്ടത് നവിയെ ആയിരുന്നു,

""ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ 🤔"" ശിവ ആത്മഗതിച്ചു. എന്നിട്ട് നേരെ അവൾ മണ്ഡപത്തിലേക് നോക്കി, നോക്കിയ മാത്രയിൽ അവളുടെ കിളികളെല്ലാം കൂടും തുറന്നു പുറത്തേക്ക് പറന്ന് പോയി. ""ദൈവമേ ഇത് അയാളല്ലേ, ഇയാളെ അല്ലേ ആമി എന്നും സ്വപ്നം കാണുന്നെ, അപ്പോ സ്വപ്നം ഫലിച്ചുകൊണ്ടിരിക്കുകയാണല്ലോ, ഇവളിത് വല്ലതും അറിയുന്നുണ്ടോ "" ""ഡീ ആമീ.... ""ശിവ ആമിയെ വിളിക്കാൻ നോക്കി എവിടെ അവൾ ഒന്ന് നോക്കുന്നുപോലുമില്ല. ""നീയെന്താടീ പിറുപിറുക്കുന്നത് "" കിച്ചു ശിവയോട് ചോദിച്ചു. ""അതൊരു വല്യ കഥയാണ് മോളെ ""ശിവ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. ""അതെന്താ ഞാൻ അറിയാതൊരു കഥ 🤨"" ""അതൊക്കെ പിന്നെ പറയടീ, ഇനിയെന്താവുമോ എന്തോ "" അപ്പോഴേക്കും ആമിയെ മണ്ഡപത്തിൽ ഇരുത്തിയിരുന്നു അടുത്ത് ഒരാൾ വന്നിരുന്നതറിഞ്ഞിട്ടും രണ്ടു പേരും പരസ്പരം നോക്കിയില്ല. എങ്കിലും രണ്ടുപേരുടെയും ഹൃദയമിടിപ്പ് ഉച്ചസ്ഥായിലെത്തിയിരുന്നു. ആപ്പോഴാണ് നവി ആമിയെ കാണുന്നത്. ""ഇത് അവളല്ലേ, അവൻ അന്ന് അടി ഉണ്ടാക്കിയവൾ, അതേ ഇത് അത് തന്നെ"" നവി ആലോചിച്ചു. അവൻ ചുറ്റും നോക്കി അപ്പോഴാണ് ശിവ നഖവും കടിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. പെട്ടന്ന് തന്നെ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു ശിവ വേഗം തന്നെ നോട്ടം മറ്റൊരിടത്തേക് പായിച്ചു.

അവൻ ആദിയേ വിളിക്കാൻ ശ്രെമിച്ചു അവനാണെങ്കിൽ താഴോട്ട് നോക്കി നിൽക്കുന്നതല്ലാതെ വേറെ എങ്ങോട്ടും ശ്രെദ്ദിക്കുന്നില്ല. ""ഇനി താലികെട്ടിക്കോളൂ"" എന്ന് പറഞ്ഞു കൊണ്ട് പൂജാരി താലി എടുത്തു ആദിയുടെ കൈയിലേക്കു കൊടുത്തു അവൻ അത് വാങ്ങി ഒന്ന് നോക്കി എന്നിട്ട് ആമിയുടെ നേർക്ക് നീട്ടി അതുകണ്ടവൾ തലയുയർത്തി ആദിയുടെ മുഖത്തേക് നോക്കി, അവനെ കണ്ട മാത്രയിൽ അവളൊന്നു ഞെട്ടി, അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവനും അതേ അവസ്ഥയിലായിരുന്നു. ""ദൈവമേ ഈ വടയക്ഷിയേ ആണോ ഞാൻ കെട്ടാൻ പോകുന്നത് ട്രെയിനിനാണല്ലോ തല വച്ചത് ""ആദി ആത്മഗതിച്ചു. ""ഈ കാലനോ, എന്റെ ദേവി എന്നോടീ ചതി വേണ്ടായിരുന്നു, അപ്പോൾ ഞാൻ കണ്ട സ്വപ്‌നങ്ങൾ ഒക്കെ സത്യമായിരുന്നോ"" ആമി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുന്നത് കണ്ടു ശ്രീദേവി ആദിയുടെ തോളിൽ ഒന്ന് തട്ടി അവൻ വേഗം അമ്മയെ നോക്കി, ശ്രീദേവി കണ്ണ് കൊണ്ട് താലികെട്ടാൻ പറഞ്ഞു. എന്നിട്ടവൻ നവിയെ നോക്കി അവൻ ആൾറെഡി ഞെട്ടിയതുകൊണ്ട് അവിടെ വല്യ കുഴപ്പമൊന്നും കണ്ടില്ല. പിന്നെ അവൻ നേരെ ആമിയുടെ നേരെ തിരിഞ്ഞു താലി ഉയർത്തി അവളുടെ കഴുത്തിൽ ചാർത്തി അവൾ കണ്ണ് മുറുക്കി അടച്ചു തൊഴുകൈയാലേ നിന്നു, പക്ഷെ അവളുടെ മനസ് ശൂന്യമായിരുന്നു എന്ത് പ്രാർത്ഥിക്കണമെന്ന് അവൾക് അറിയില്ലായിരുന്നു. പിന്നീട് ഒരു നുള്ള് കുങ്കുമത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ചു. മൂന്നു തവണ അഗ്നിയെ വലം ചെയ്തു ആമി ആദിയുടെ സ്വന്തമായി. ചന്ദ്രശേഖർ ആമിയുടെ വലംകൈ ആദിയുടെ വലംകൈയിലേക്കു വച്ചു അദ്ധേഹത്തിന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story