❤️നിന്നിലലിയാൻ❤️: ഭാഗം 34 || അവസാനിച്ചു

ninnilaliyan daksha

രചന: ദക്ഷ ആമി

 രണ്ട് വർഷങ്ങൾക്ക് ശേഷം... ""ഡാ കുറുമ്പാ നിക്കെടാ അവിടെ. ദേ അമ്മേയെ ഇട്ടിങ്ങനെ ഓടിക്കല്ലടാ.. മോനെ ആദൂട്ടാ..."" കുട്ടിക്കുറുമ്പൻ അദ്വിക് ന്റെ പിറകെ അവനെ ആഹാരം കഴിപ്പിക്കാനായുള്ള മത്സരത്തിലാണ് ആമി. അവൻ നേരെ ഓടി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ആദിയുടെ മടിയിലേക് കയറി. ""തുടങ്ങിയല്ലോ രാവിലെ തന്നെ അമ്മയും മോനും "" വായിച്ചുകൊണ്ടിരിക്കുന്ന പത്രം മടക്കി വച്ചവൻ ചോദിച്ചു. ""ദേ കണ്ണേട്ടാ ആഹാരം കഴിപ്പിക്കാനുള്ള ഓട്ടം ആണ്. അവൻ ഒന്നും കഴിക്കുന്നില്ല."" ""ആണോ... അച്ഛേടെ വാവ എന്താ അപ്പം തിന്നാതെ, മോനും അച്ഛയെ പോലെ വലുതാവണ്ടേ, ഇതുപോലെ മസിൽ ഒക്കെ വരേണ്ടേ ""എന്ന് പറഞ്ഞു ആദി അവന്റെ കൈ പൊക്കി മസിൽ കാണിച്ചു.. ""ബേണം എച്ചും മസിൽ ബരണം.. എന്നിറ്റ് ബേണം എല്ലാരേം ഇതിക്കാൻ 👊👊"" ""ആഹ് എന്നാൽ മോൻ ഇത്‌ കഴിക്ക്‌. മസിൽ വന്നിട്ട് നമ്മക് അമ്മയെ ഇടിച്ചു പരത്താം."" എന്ന് പറഞ്ഞു ആമിയുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി കിച്ചൂട്ടന്റെ വായിൽ വച്ചു കൊടുത്തു.

""എല്ലാം അമ്മയ്ക്കിരിക്കട്ടെ... അച്ഛനും മോനും ഇപ്പോ കൂട്ടായി നമ്മൾ പുറത്തും. ദേ അച്ഛനും മോനും പെട്ടന്ന് കഴിച്ചെഴുന്നേറ്റെ ഇന്ന് പോകാനുള്ളതാണെന്നു ഓർമ വേണം."" ""ഓർമ ഉണ്ടെടീ.. ഇവനെ ഒന്ന് കഴിപ്പിച്ചോട്ടെ."" ഒന്ന് മൂളി അവൾ അടുക്കളയിലേക് പോയി. ""മോന് ആഹാരം കൊടുത്തോ മോളെ.."" ""ആഹ് അമ്മേ കണ്ണേട്ടൻ കൊടുക്കുന്നുണ്ട്."" ""ലച്ചു എപ്പോഴാ അമ്മേ വരുന്നേ..."" ""അവൾ വൈകീട്ട് എത്തുമെന്നാണ് പറഞ്ഞത്."" ""ആഹ്..."" (ലച്ചുവിന്റെ കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ ആണ്‌. ഇപ്പോ വിശേഷം ആണ്‌ ) ഒരു പത്തു മണിയോടെ ആദിയും ആമിയും ആദൂട്ടനും കൂടി ഒരുങ്ങി ഇറങ്ങി. ""ആദൂട്ടാ അച്ഛമ്മയ്ക്ക് ഒരുമ്മ താടാ.."" ""ഉമ്മ... ഞങ്ങള് ബേഗം പോയിറ്റ് ബരാവേ.. ടാറ്റാ..."" ""എന്റെ ചക്കരക്കുട്ടൻ"" എന്ന് പറഞ്ഞു അവർ അവനെ ഉമ്മ വച്ചു. ""പോയിട്ട് വരാമേ അമ്മേ "" ആമിയും യാത്ര ചോദിച്ചു. ""ആ മോളെ.. സൂക്ഷിച്ചു പോ.."" ""ശരി..."" ഒരു അര മണിക്കൂർ കൊണ്ടു ശിവയുടെ വീട്ടിലെത്തി മൂന്നാളും.

പിണക്കവും ഇണക്കവും ചേർന്ന നാലു വർഷത്തെ പ്രണയത്തിനൊടുവിൽ നാളെ നവീൻ ശിവയെ താലി ചാർത്തി സ്വന്തമാക്കുകയാണ്. ശിവയുടെ അച്ഛനും അമ്മയും അവരെ അകത്തേക്കു സ്വീകരിച്ചിരുത്തി. ആമി മോനേം കൊണ്ടു ശിവയുടെ റൂമിലേക്കു പോയി.. ""ഡീ കല്യാണപ്പെണ്ണേ...."" ""ഇപ്പോഴെങ്കിലും വന്നല്ലോ.. രാവിലെ തന്നെ വരാം എന്ന് പറഞ്ഞിട്ട് എന്താടീ ലേറ്റ് ആയതു."" അവൾ ദേഷ്യത്തോടെ ചോദിച്ചു. ""എന്റെ പെണ്ണേ പണ്ട് ആണേൽ കുഴപ്പമില്ല. ഇപ്പോ ദേ ഈ കുറുമ്പനെ മെയ്ക്കണമെങ്കിൽ പത്താള് വേണം കുരുത്തക്കേട് കൂടുതൽ ആണ്."" ""ആണോടാ ആദൂട്ടാ... കുരുത്തക്കേട് ആണോടാ നിനക്ക്.. ""എന്ന് പറഞ്ഞു ശിവ അവനെ വാരിയെടുത്തു. ""ഇല്ല ശിവാന്റി... ഞാൻ നല്ല കുട്ടിയാ.. അമ്മയാ കുരുത്തംകെട്ടത്."" ""അതെനിക്കറിയില്ലേ എന്റെ മോൻ പാവം ആണെന്ന്. അല്ലേലും നിന്റമ്മയ്ക്ക് കുറച്ചു കുരുത്തക്കേട് കൂടുതൽ ആണ്‌ ""എന്ന് പറഞ്ഞവൾ ചിരിച്ചു..

""പോടീ രാവിലെ അച്ഛൻ , ഇപ്പോ ദേ ആന്റി എല്ലാം കൂടെ എന്റെ മേലാണല്ലോ."" ആമി പരിഭവത്തോടെ പറഞ്ഞു. ""അവൻ കൊച്ചല്ലെടീ.. അല്ല ആദിയേട്ടൻ എവിടെ.."" ""കണ്ണേട്ടൻ താഴെ ഉണ്ട്..."" ""ആണോ.. എന്നിട്ടാണോ എന്നെ കാണാൻ വരാത്തത്. നീ വന്നേ നമുക്ക് പോയി നോക്കാം "" എന്ന് പറഞ്ഞു ആമിയെയും കൂട്ടി താഴേക്ക് പോയി അവൾ. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""ആദിയേട്ടാ... എന്തേ ലേറ്റ് ആയതു.."" ശിവ ഓടിച്ചെന്ന് പരിഭവം നടിച്ചു. ""ദേ ഇരിക്കുന്നു നിന്റെ ബെസ്റ്റ് ഫ്രണ്ട് അവളുടെ ഒരുക്കം കഴിയണ്ടേ..."" ശിവ ആമിയെ നോക്കി... അവൾ ഇതെപ്പോ എന്നുള്ള ഭാവത്തിൽ ആണ്‌.. ""എന്റെ മോളെ അവരിപ്പോ വന്നു കേറിയല്ലേ ഉള്ളൂ നീ അപ്പോഴേക്കും അടിയാക്കാൻ തുടങ്ങിയോ.. അവർ ഇവിടെ തന്നെ ഉണ്ടാകും.. സമയം ഉണ്ട് ട്ടോ ""ശിവയുടെ അമ്മ പറഞ്ഞു. ""അയ്യോ അമ്മേ കണ്ണേട്ടൻ ഇപ്പോൾ പോകും പോയിട്ട് അത്യാവശ്യം ഉണ്ട്. ""ആമി പറഞ്ഞു. ""അയ്യോ അതെന്താ മോനെ..."" ""അല്ല അമ്മേ അത്യാവശ്യകാര്യം ആണ്‌.

എന്നിട്ട് നവിയുടെ വീട്ടിലേക്ക് പോകണം. രാത്രി ആമിയെ വിളിക്കാൻ വരും."" ""ആഹ് മോനെ.. ചായ കുടിച്ചിട്ട് ഇറങ്ങാം എന്നാൽ."" ""അത് അത്രേ ഉള്ളൂ.."" കുറച്ചു കഴിഞ്ഞതും ആദി അവിടെന്ന് ഇറങ്ങി. നേരെ കോടതിയിലേക്ക് പോയി. അവിടെ പാർക്കിങ് ഏരിയയിൽ കാർ നിർതിയിട്ട് അകത്തേക്ക് പോകാൻ ഒരുങ്ങിയതും അരുൺ അങ്ങോട്ടേക്ക് വന്നു. ""എന്തായാടാ.. ""ആദി അരുണിന്റെ തോളിൽ കൈ വച്ചു. ""നമ്മൾ ജയിച്ചെടാ"" എന്ന് പറഞ്ഞു അരുൺ ആദിയേ കെട്ടിപ്പിടിച്ചു. ആദിയുടെ മനസും സന്തോഷം കൊണ്ടു നിറഞ്ഞു. ""എന്നിട്ട് അവൻ എവിടെ.."" ""കുറച്ചു ഫോർമാലിറ്റീസ് കൂടെ ബാക്കിയുണ്ട്. എന്നിട്ട് വരും.."" ""ഹ്മ്മ്..."" ആദി അവിടെ കാത്തിരുന്നു.. കുറച്ചു കഴിഞ്ഞതും അരുൺ നവനീതിനെയും കൊണ്ടു പുറത്തേക് ഇറങ്ങി വന്നു. രണ്ട് വർഷങ്ങൾ കൊണ്ടു അവൻ ഒരുപാട് മാറിയതായി തോന്നി ആദിക്ക്. ആമിയെ ഉപദ്രവിച്ച കേസിൽ ആറു മാസം തടവും പിഴയും മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും സത്യപാലന്റെ കൊലപാതകം മുഴുവൻ നവനീതിനെതിരെ ആയിരുന്നു.

മതിയായ തെളിവിന്റെയും സാക്ഷിയുടെയും അഭാവം മൂലം രണ്ട് വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ഇന്ന് അവനെ കോടതി വെറുതെ വിട്ടു... നവനീത് അടുത്ത് എത്തിയതും ആദി അവനെ കെട്ടിപിടിച്ചു സൗഹൃദം പുതുക്കി. ""ആദി എന്റെ പെങ്ങള്.. ""നവനീത് ആദിയുടെ കരം കവർന്നു. ""അവൾ ഇപ്പോൾ സേഫ് ആണ് നവനീത്, ഹെൽത്തൊക്കെ ഇപ്പോൾ പെർഫെക്റ്റ്ലി അൽറൈറ് ആണ്‌.. ""ആദി അവന്റെ ചുമലിൽ തട്ടി. ""ഞാൻ എങ്ങനെയാ തന്നോട് നന്ദി പറയാ ആദിത്യൻ.."" ""അതിന്റെ ഒന്നും ആവിശ്യമില്ല നവനീത്.. നതാഷ എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്‌, അല്ല പെങ്ങൾ ആണ്‌.. ഇതൊന്നും ആലോചിച്ചു വിഷമിക്കേണ്ട താൻ, എല്ലാം മറന്ന് താൻ ഇനിയൊരു പുതിയ ജീവിതം തുടങ് ഇനി. ഞങ്ങളൊക്കെയില്ലേ കൂടെ."" എന്ന് പറഞ്ഞു ആദി നവനീതിനെ ചേർത്ത് പിടിച്ചു. പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചതിന് ശേഷം അവർ പിരിഞ്ഞു. ആദി നേരെ നവീനിന്റെ വീട്ടിലേക് പോയി.

""ഓഹ് ഇപ്പോഴെങ്കിലും എത്തിയല്ലോ നീയ്,"" കുടിക്കാൻ ചായ കൊടുത്തുകൊണ്ട് നവീനിന്റെ അമ്മ ചോദിച്ചു. ""അത് അമ്മേ ഓരോരോ തിരക്ക്.."" ""ഹ്മ്മ്... ഹ്മ്മ്..."" എന്ന് പറഞ്ഞു അവർ അകത്തേക്ക് പോയി, ആദി നേരെ നവിയുടെ റൂമിലേക്കും. ആദി റൂമിലെത്തുമ്പോൾ നവി കോളിങ്ങിലായിരുന്നു. ""ഡാ... മതിയെടാ നാളെ അവൾ ഇങ്ങ് വരില്ലേ."" ""ഓഹ് ഇപ്പോഴെങ്കിലും വന്നല്ലോ ബിസി മാൻ.."" ആദി നന്നായൊന്നു ഇളിച്ചു കാണിച്ചു.. ""നവനീതിന്റെ കാര്യം എന്തായി"! ""അവനെ റിലീസ് ചെയ്തു."" ""ആഹ്...എന്തായാലും എല്ലാം നല്ലത് പോലെ അവസാനിച്ചല്ലോ."" ""അതെ.. അന്ന് ആമിക്ക് എന്തേലും പറ്റിയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അല്ല നടക്കാൻ പോകുന്നത്."" നവിയൊന്നു മൂളി. അപ്പോഴേക്കും നവിയുടെ കസിൻസ് ഒക്കെ അങ്ങോട്ടേക്ക് ഇടിച്ചുകേറി വന്നു പിന്നെ ആകെ ഒച്ചപ്പാടും ബഹളവും ആയി അങ്ങ് കളർ ആയി. പിറ്റേന്ന് ഓഡിറ്റോറിയത്തിൽ വച്ചാണ് താലികെട്ട്. ശിവയുടെ നിർബന്ധപ്രകാരം ആമി ശിവയുടെ വീട്ടിൽ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ആദി നവിയുടെ വീട്ടിലും നിന്നു. അമ്പലത്തിലൊക്കെ പോയി കഴിഞ്ഞു ഓഡിറ്റോറിയത്തിലേക് പോകാനായുള്ള ഒരുക്കത്തിലാണ് നവി. പതിനൊന്നു മണിക്കാണ് മുഹൂർത്തം.

ആദിയും കൂടെ തന്നെ ഉണ്ട്. ""എടാ നിനക്ക് ടെൻഷൻ ഒന്നും ഇല്ലേ "" ""എന്തിനു"" എന്ന് ചോദിച്ചു നവി കൂളായി സ്പ്രേ എടുത്തടിച്ചു കണ്ണാടിയിലേക് നോക്കി. ""ഇവനോടൊക്കെ ചോദിക്കാൻ പോയ എന്നേ തല്ലണം.. ""(ആദി ആത്മ.) ആദിയുടെ നിൽപ് കണ്ടു നവി അവനടുത്തേക്ക് വന്നു അവന്റെ തോളിൽ കൈ വച്ചു,ആദി നവിയുടെ മുഖത്തേക്ക് നോക്കി... ""നീയെന്താടാ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത് "" നവി ചോദിച്ചു. ""ഒന്നുല്ല... നിന്റെ കയ്യിലാണല്ലോ ഞാൻ എന്റെ പെങ്ങളെ ഏൽപ്പിക്കുന്നത് എന്നാലോചിച്ചു നിന്നതാ. ""ആദി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു. ""എന്നേക്കാൾ നല്ലൊരു അളിയനെ നിനക്ക് എവിടെ നിന്ന് കിട്ടാനാ.. ""നവി മാക്സിമം നിഷ്കളങ്കത മുഖത്തു വരുത്തി ചോദിച്ചു. ""എന്റെ പെങ്ങടെ വിധി ""എന്ന് പറഞ്ഞു അവൻ തലയിൽ തട്ടി... അതിനെന്തോ മറുപടി പറയാനായി നവി വന്നതും ഡോറിൽ ആരോ മുട്ടി. ""ഇതിനുള്ള മറുപടി ഞാൻ പിന്നെ തരാം "" എന്ന് പറഞ്ഞു അവൻ ഡോർ തുറന്നു...

""എത്ര സമയം ആയെടാ ഒരുങ്ങാൻ തുടങ്ങിയിട്ട്, വേഗം വന്നേ ഓഡിറ്റോറിയത്തിലേക് പോകാൻ സമയമായി, ""നവിയുടെ അമ്മ പറഞ്ഞു. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. ഫോട്ടോസ് എടുക്കലും അനുഗ്രഹം വാങ്ങലും ഒക്കെ ആയി സമയം ഓടിക്കൊണ്ടേ ഇരുന്നു. പത്തു മണിയോടെ ചെറുക്കൻ വീട്ടുകാരെല്ലാം ഓഡിറ്റോറിയത്തിലേക്കെത്തി. അവിടെ എത്തിയതും ആദി പെൺവീട്ടുകാരുടെ ആളായി, ശിവയ്ക്ക് ഒരാങ്ങള ഇല്ലാത്ത കുറവ് അവൻ പരിഹരിച്ചു. നവിയെ കാലുകഴുകി മാലയിട്ട് മണ്ഡപത്തിലേക്ക് ഒരേട്ടന്റെ സ്ഥാനത്തു നിന്നും ക്ഷണിച്ചതൊക്കെ ആദിയായിരുന്നു. ആദിയുടെയും ആമിയുടെയും വീട്ടുകാരും അവിടെ ഉണ്ടായിരുന്നു. മുഹൂർത്തസമയം ആയതും ചുവന്ന കാഞ്ചിപുരം പട്ടുസാരിയുടുത്തു മിതമായ ആഭരങ്ങൾ ധരിച്ചു താലപ്പൊലിയുടെ അകമ്പടിയോടെ ശിവ മണ്ഡപത്തിലേക്ക് കയറി വന്നു. അവളെ കണ്ടതും നവിയുടെ കണ്ണുകൾ തിളങ്ങി. മണ്ഡപത്തെ വലം വച്ചു അവൾ അവന്റെ വാമഭാഗത്തായി വന്നിരുന്നു,

അവൻ അവളെ നോക്കി കൊള്ളാം എന്ന് കണ്ണുകൾ കൊണ്ടു പറഞ്ഞു, അവൾ നാണത്തിൽ കലർന്നൊരു പുഞ്ചിരി അവനു സമ്മാനിച്ചു. ആദിയുടെ കണ്ണുകൾ ആമിയിലായിരുന്നു. മാമ്പഴ മഞ്ഞ നിറത്തിലുള്ള പട്ടുസാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു. താലികെട്ടിനു സമയമായതും നവിയുടെ പേര് കൊത്തിയ ആലിലത്താലി ശിവയുടെ കഴുത്തിലണിയിച്ചു ഒരുനുള്ള് കുങ്കുമത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ചു അവളെ അവന്റേതാക്കി മാറ്റി എന്നെന്നേക്കുമായി. പിന്നീട് ഫോട്ടോസ് എടുക്കലും ആഹാരം കഴിക്കലുമൊക്കെയായി സമയം പോയി. ഇറങ്ങാറായപ്പോൾ ശിവ അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ അച്ഛനും അമ്മയും ആനന്ദശ്രുക്കളോടെ അവളെ യാത്രയയച്ചു. കാർ ഓടിച്ചത് ആദിയായിരുന്നു കോഡ്രൈവർ സീറ്റിൽ ആദൂട്ടനും ആമിയും, പുറകിലായി നവിയും ശിവയും. കാറിൽ കയറിയത് മുതൽ ശിവ നവിയുടെ നെഞ്ചോരം ചേർന്നു കരയുകയായിരുന്നു. അവനവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. പെട്ടന്ന് ആദി റോഡിനു സൈഡിലായി കാർ നിർത്തി. എല്ലാരും എന്താണെന്ന ഭാവത്തോടെ അവനെ നോക്കി.

""ഇനിയും കരഞ്ഞാൽ നിന്നെ തിരിച്ചു വീട്ടിലേക്കും കൊണ്ടുവിടും പറഞ്ഞേക്കാം,"" ആദി തിരിഞ്ഞു നിന്ന് ശിവയോടായി പറഞ്ഞു. അവൾ ചുണ്ട് കൂർപ്പിച്ചു ആദിയേ നോക്കി, പിന്നീട് നവിയുടെ മുഖത്തെക്കും അവനും ആദി പറഞ്ഞതിനോട് യോജിക്കുന്നു എന്ന ഭാവത്തിലായിരുന്നു. ""ഞാൻ പോവൂല്ല... ഇത്രേം കൊല്ലം കാത്തിരുന്നു കിട്ടിയതാ, ഇനിയെന്റെ പട്ടി പോകും, ഇനി വീട്ടിൽ കൊണ്ടു വിടാം എന്നുള്ള ഉദ്ദേശം ഉണ്ടേൽ ഞാൻ ഉലക്ക എടുത്ത് തലയ്ക്കടിക്കും നിങ്ങടെ. ഒരു കരച്ചിലൊന്നും ഇല്ലാതെ എന്ത് കല്യാണം."" അവൾ നിഷ്കളങ്കമായി പറഞ്ഞു. നാവിയാണെങ്കിൽ ഇതേത് ജീവി എന്ന ഭാവത്തിൽ നോക്കുകയാണ്. ആദി അനുഭവിച്ചോ എന്ന മട്ടിൽ നവിയെ നോക്കി. ആമി ചിരി കടിച്ചുപിടിച്ചു ഇരിക്കയാണ്. ""ആദിയേട്ടാ വണ്ടി എടുക്ക് വീട്ടിൽ എത്തിയിട്ട് വേണം ഇത്രയും കാലം എന്നോട് വഴക്കിട്ടതിനും എന്നേ കളിയാക്കിയതിനും, കരയിച്ചതിനും ഒക്കെ പ്രതികാരം ചെയ്യാൻ.. ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ ""ശിവ നവിയെ ദേഷ്യത്തോടെ നോക്കി. ""പെങ്ങളെ ഞാൻ കട്ടസപ്പോർട്ട്, കൂടെ ഉണ്ടാവും "" ആദി ശിവയ്ക്ക് ഹൈ ഫൈ കൊടുത്തു.

നേരെ നോക്കിയതും തങ്ങളെ തന്നെ നോക്കി പേടിപ്പിക്കുന്ന നവിയെ ആണ് കണ്ടത്. ""നീ നോക്കണ്ട ഞാൻ മാത്രം ഇതൊന്നും അനുഭവിച്ചാൽ പോരല്ലോ. ഇത്രയും നാളും എനിക്ക് നിന്നോട് അസൂയ ആയിരുന്നു അങ്ങനെ നീ മാത്രം സുഖിച്ചു ജീവിക്കേണ്ട."" ആദി ചിരിച്ചു കൊണ്ടു പറഞ്ഞു നേരെ നോക്കിയത് ആമിയുടെ മുഖത്തെക്കും അവൾ ആണേൽ അവനെ നോക്കി വീട്ടിലെത്തട്ടെ ശരിയാക്കാം എന്നുള്ള ഭാവത്തിലും. ""നിങ്ങക്കൊക്കെ കൂടി എന്റെ പൊക കണ്ടേ അടങ്ങൂ അല്ലേ ""നവി ചോദിച്ചു. ""തീർച്ചയായും ""ശിവ അതും പറഞ്ഞു ചിരിച്ചു. നവി തലയിൽ കൈ വച്ചതും ആദി വണ്ടി സ്റ്റാർട്ടാക്കി വിട്ടു. അങ്ങനെ അടിയും ഇടിയും പ്രണയവും നിറഞ്ഞൊരു ജീവിതത്തിലേക്ക് നവിയും ശിവയും വലതുകാലെടുത്തു വച്ചു കേറുകയാണ് സുഹൃത്തുക്കളെ 🤩🤩🤩 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കുറച്ചു നാളുകൾക്കു ശേഷം... ഒരു ദൂരയാത്രയിലാണ് ആദിയും ആമിയും ആദൂട്ടനും. പാലക്കാടിലേക്കാണ് അവരുടെ യാത്ര. പോകുന്ന വഴിയിൽ ഒരു തട്ടുകട കണ്ടു തട്ടുദോശ തിന്നണം എന്ന് ആമി വാശിപിടിച്ചതോടെ വേറെ നിവർത്തി ഇല്ലാതെ ആദി കാർ സൈഡിലേക്ക് ഒതുക്കി.

അവർ മൂന്നു പേരും കൂടെ അവിടെത്തെ ബെഞ്ചിൽ പോയിരുന്നു. ആദിയും ആമിയും ഒപ്പോസിറ്റ് ആയാണ് ഇരുന്നത് കുഞ്ഞ് ആദിയുടെ മടിയിലും. ആദി ഒരു ചായയും ആമിയ്ക്ക് വേണ്ടി ഒരു പ്ലേറ്റ് ദോശയും ഓംലറ്റും ഓർഡർ ചെയ്തു അതിനു വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ആമിയുടെ എതിർ ദിശയിൽ ഉള്ള ഒരാൾ അവളെതന്നെ നോക്കുന്നതായി അവൾക് തോന്നിയത്. അവൾ തലയുയർത്തി നോക്കിയതും അയാൾ നോട്ടം മറ്റെവിടെക്കോ പായിച്ചു, തന്റെ തോന്നലാണെന്നു കരുതി അവൾ അതു വിട്ടു. അപ്പോഴേക്കും അവൾക്ക് കഴിക്കാനുള്ളത് വന്നു, പെട്ടന്നെന്നെ കഴിച്ചെഴുന്നേറ്റ് മൂവരും കാറിലേക് കയറി പോയി. അവർ പോയതിന് പിറകെ മറ്റേ ആളും അവിടെന്നു എഴുന്നേറ്റ് അവർ പോയ ദിശയിൽ നോക്കി നിന്നു. അയാളുടെ മനസ്സിൽ രണ്ട് വർഷം മുൻപുള്ള ഒരു ദിവസം ഓടിവന്നു.... വീടുകൾ തോറും കയറിയിറങ്ങി കറി പൌഡറുകളും സോപ്പ് പൊടികളും വിൽക്കുന്ന ജോലിയാണ് തനിക്ക്.. ആ ദിവസം നഗരത്തിൽ നിന്നും കുറച്ചു ഉൾപ്രദേശത്തായിരുന്നു വിൽപ്പന. ഉച്ച വെയിലിൽ ആകെ ക്ഷീണിച്ചു തളർന്നു റോഡിലൂടെ നടക്കുമ്പോഴായിരുന്നു

അങ്ങ് ദൂരെ നിന്ന് ഒരു വണ്ടി ചീറിപ്പാഞ്ഞു വന്നു അവിടെയുള്ള ഒരു പണി നടക്കുന്ന കെട്ടിടത്തിന്റെ കവാടത്തിനകത്തേയ്ക്ക് പോകുന്നത് കണ്ടത്. താൻ നടന്നു ആ കെട്ടിടത്തിനടുത്തേയ്ക്ക് എത്തിയതും ഒരു പെണ്ണിന്റെ കരച്ചിൽ കേട്ട് ഓടി ചെന്നു മറഞ്ഞിരുന്നു നോക്കിയപ്പോൾ ഒരു ഇരുപത് ഇരുപ്പത്തിരണ്ട് വയസ്സ് തോന്നുന്ന ഒരു പെൺകുട്ടിയെ കുറച്ചാളുകൾ ചേർന്നു ബലമായി അകത്തേക്ക് പിടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. പെട്ടന്ന് നെഞ്ചിനകത്തു ഒരു പിടച്ചിൽ ആയിരുന്നു കാരണം ഇതേ വയസിൽ തനിക്കും ഒരു പെങ്ങൾ ഉണ്ട്. ഒറ്റയ്ക്ക് ചെല്ലുന്നത് അപകടമാണെന്നു മനസിലായതിനാൽ അപ്പോൾ തന്നെ പോലീസിൽ വിളിച്ചറിയിച്ചു. കുറച്ചു കഴിഞ്ഞതും പോലീസുകാർ വന്നു അവളെ രക്ഷപ്പെടുത്തി. അതുവരെ അവിടെ തന്നെ കാത്തിരുന്നു ഞാൻ. പാതി മറഞ്ഞ ബോധവുമായി മറ്റൊരാളുടെ നെഞ്ചോട് ചേർന്ന് വന്ന അവളുടെ മുഖം ഇന്നുമെന്റെ ഓർമയിൽ മായാതെയുണ്ട്... ഒപ്പം ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ചാരിഥാർഥ്യവും........... വണ്ടി കണ്മുന്നിൽ നിന്നകന്നതും ഒരു നെടുവീർപ്പിട്ടുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു...... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രിയോടെ അവർ പാലക്കാടെത്തി. അന്ന് ആഹാരമൊക്കെ കഴിച്ചവർ ഒരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായി അവർ അവിടെയുള്ളൊരു ദേവീക്ഷേത്രത്തിലെത്തി തൊഴുതിറങ്ങി. അവിടെ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ആദിയും ആമിയും മോനും കൂടെ അവിടെയുള്ളൊരു അരയാൽ തറയിൽ ഇരുന്നു.കുറച്ചു കഴിഞ്ഞതും ഒരു കാർ അമ്പലമുറ്റത്തു വന്നു നിന്നു. അതിൽ നിന്നും സ്വർണക്കസവുള്ള മുണ്ടും ചന്ദനക്കളറിലുള്ള ഷർട്ടും ധരിച്ചു അരുൺ പുറത്തിറങ്ങി. ആദിയേ കണ്ടതും അവൻ ആദിയുടെ അടുത്തേക്ക് വന്നു. ""ഡാ.. നീ രാവിലെ തന്നെ എത്തിയോ"" അരുൺ ചോദിച്ചു. ""ആഹ് ഡാ... ഞാൻ രാവിലെ തന്നെ വന്നു തൊഴുതിറങ്ങി... പെൺവീട്ടുകാരൊന്നും വന്നില്ലേ.. "" ""ഇപ്പോൾ എത്തുമെടാ. ""അരുൺ മറുപടി കൊടുത്തു, പറഞ്ഞുകഴിഞ്ഞതും മറ്റൊരു കാർ അങ്ങോട്ടേക്കെത്തി. ഡ്രൈവർ സീറ്റിൽ നിന്നും നവനീത് ഇറങ്ങി. ആദിയെയും അരുണിനെയും കണ്ടപാടേ നവനീത് അങ്ങോട്ടേക്കെത്തി. ""നതാഷ എവിടെ"" ആദി ചോദിച്ചതും നവനീത് തിരിഞ്ഞു നിന്നു കാറിലേക് നോക്കി.

ആപ്പോഴേക്കും പിന്നിലെ ഡോർ തുറന്നു കസവു സാരി ഉടുത്തു കഴുത്തിൽ ഒരു സ്വർണമാലയും രണ്ടുകൈയിലും കട്ടിയുള്ള ഓരോ വളകളും ധരിച്ചു അധികം മേക്കപ്പ് ഒന്നുമില്ലാതെ ഒരു നാടൻ പെൺകുട്ടിയായി ഒരുങ്ങി ഇറങ്ങി. ആദിയേ കണ്ടതും അവൾ അവനെ നോക്കിയൊന്നു ചിരിച്ചു. അവനും തിരിച്ചൊന്നു ചിരിച്ചു. പിന്നീട് അവളുടെ നോട്ടം ചെന്നു നിന്നത് ആദിക്ക് പിറകിലിരുന്നു തന്നെ നോക്കുന്ന ആ കണ്ണുകളിലേക്കാണ്. അവൾ അവനെ പ്രണയപൂർവം നോക്കി. ആമി പെട്ടന്ന് തന്നെ നതാഷയുടെ അടുത്തേക്ക് വന്നു അവളുടെ കൈ പിടിച്ചു അമ്പലത്തിനകത്തേക്ക് നടന്നു. പോകുന്ന പോക്കിൽ അരുണിനെ ഒന്ന് തിരിഞ്ഞു നോക്കി അവനും അവളെ നോക്കി കണ്ണുചിമ്മി. ആദി അരുണിന്റെ തോളിൽ കൈ വച്ചു. ""എന്നാലും എന്റെ അളിയാ അവളെ സംരക്ഷിക്കാനാണ് ഞാൻ നിന്നെ ഏൽപ്പിച്ചത്, ആ അവളെതന്നെ നീ വളച്ചെടുത്തല്ലോ "" ആദിയൊരു നെടുവീർപ്പോടെ ചോദിച്ചു. അരുൺ ചമ്മിയ ഒരു ചിരി പാസാക്കി..

. ""അതു പിന്നെ.... ""എന്ന് പറഞ്ഞു അരുൺ നവനീതിനെ നോക്കി. ""ഞാൻ ഇല്ലാത്ത രണ്ട് വർഷവും എന്റെ പെങ്ങൾക്ക് ഒരു കുറവും വരാതെ നോക്കിയത് നിങ്ങള് രണ്ടുപേരുമാണ്.അതിനു ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും. ആ ഇവൻ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ അവൾക്കും എതിർപ്പില്ല പിന്നെ ഞാൻ എന്തിനാ എതിർക്കുന്നെ. എന്റെ പെങ്ങൾക്ക് യോജിച്ചവൻ തന്നെയാണ് ഇവൻ.. സന്തോഷേ ഉള്ളൂ അവളെ ഇവന് കൊടുക്കുന്നുന്നതിന് "" നവനീത് അരുണിനെ ചേർത്തു പിടിച്ചു. ആദി ചിരിച്ചതേയുള്ളൂ.. വളരെയടുത്ത ബന്ധുക്കൾ മാത്രം ചേർന്നു അമ്പലത്തിൽ നിന്നും താലികെട്ടും അത് കഴിഞ്ഞു ഒരു കുഞ്ഞ് സദ്യയും കഴിഞ്ഞു അരുണും നാതാഷയും അരുണിന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അവർ പോയിക്കഴിഞ്ഞു പുറകെ തന്നെ നവനീതും, ആദിയും ആമിയും അങ്ങോട്ടേക്ക് പോയി. വൈകീട്ടടെ അരുണിന്റെ വീട്ടിൽ നിന്നും ആദിയും ആമിയും ഇറങ്ങി, അതിനുമുന്പേ നതാഷ ചെയ്തുപോയ എല്ലാ തെറ്റുകൾക്കും ആമിയോട് ക്ഷമ ചോദിച്ചിരുന്നു.

ഒക്കെ മറന്നു പുതിയൊരു ജീവിതം തുടങ്ങാനായി പറഞ്ഞു ആമി അവളോട്, എനിക്ക് ഒരു ദേഷ്യവുമില്ലെന്നു പറഞ്ഞു അവൾ നതാഷയെ പുണർന്നു.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇരുവശവും നെൽവയലുകളാൽ ചുറ്റപ്പെട്ട പാലക്കാടൻ ഗ്രാമത്തിലെ റോഡിലൂടെ വീണ്ടും അവരുടെ സ്വർഗത്തിലേക്ക്‌ തിരിച്ചു പോവുകയാണ് ആദിയും ആമിയും കുഞ്ഞും. അവരുടെ കണ്ണുകളിലെ സന്തോഷമറിഞ്ഞു അവർക്ക് കൂട്ടായി ആകാശവും പെയ്യാൻ തുടങ്ങി. പുറത്തുള്ള ചാറ്റൽ മഴയുടെ കുളിരു ഇരുവരുടെയും മനസിനെയും കുളിരണിയിച്ചു.... പെട്ടന്ന് ആമി വണ്ടി നിർത്താനായി പറഞ്ഞു. ആദി വേഗം തന്നെ കാറ്‌ സൈഡിൽ ഒതുക്കി. ഉറക്കമായിരുന്ന ആദൂട്ടനെ പിൻസീറ്റിൽ കിടത്തി ഡോർ തുറന്നു അവൾ പുറത്തിറങ്ങി കൈകൾ വിരിച്ചു നിന്നു. പുറകെ തന്നെ ആദിയും ഇറങ്ങി അവളുടെ പിന്നിലായി നിന്ന് അവളെ ചേർത്തു പിടിച്ചു തോളിൽ തല വച്ചിരുന്നു... അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി... കുറഞ്ഞ സമയം അവർ മൗനം കൊണ്ടും നോട്ടം കൊണ്ടും ഒരുപാട് സംവദിച്ചു... അവർക്കിടയിലെ മൗനത്തെ ഭേദിച്ചത് ആദിയായിരുന്നു...

""അതേ ഇങ്ങനെ നിന്നാൽ മതിയോ വീട്ടിലേക്ക് പോകണ്ടേ "" ആമി അവന്റെ മുഖത്തേക്ക് നോക്കിയതേ ഉള്ളൂ.... ""പെണ്ണേ പനി പിടിക്കും കേട്ടോ "" ""ഒരു പുതപ്പിനടിയിൽ ആ പനിച്ചൂടിനെ ആവാഹിക്കാൻ എന്റെ കണ്ണേട്ടന്നുള്ളപ്പോൾ ആ പനിയെ പോലും ഞാൻ സ്നേഹിച്ചു പോകും...""ആമി പ്രണയപൂർവം അവന്റെ കണ്ണിലേക്കു നോക്കി. ""ആണോ...."" ആദി കുസൃതിയോടെ ചോദിച്ചു. ""ഹ്മ്മ്....."""" ""എന്നാൽ നമുക്ക് ഒരുമിച്ച് നനഞ്ഞൊരു പനിക്കാലത്തിനായി കാത്തിരിക്കാം... "" ആദി അവളുടെ കവിളിൽ മുത്തമിട്ടുകൊണ്ടു പറഞ്ഞു..... അവൾ കണ്ണടച്ച് അവന്റെ ചുംബനത്തെയും ഓരോ മഴത്തുള്ളികളെയും തന്നിലേക് ആവാഹിച്ചു. അപ്പോഴേക്കും ആദൂട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കരയാൻ തുടങ്ങി. അവൾ വേഗം തന്നെ കാറിനകത്തേക്ക് നോക്കി പിന്നെ ആദിയെയും, അവൻ അവളുടെ മേലുള്ള പിടി വിട്ടു, അവൾ അകത്തേക്ക് കയറി. പുറകെ തന്നെ അവനും കയറി ആമി കുഞ്ഞിനെ നോക്കുമ്പോൾ ആദി ഒരു ടവൽ എടുത്ത് ആമിയുടെ തല തൂവർത്തി കൊടുത്തു കറിനുള്ളിലുള്ള ജാക്കറ്റ് എടുത്ത് അവളെ പുതപ്പിച്ചു... കുഞ്ഞിന്റെ കരച്ചിൽ അടങ്ങിയതും ആദൂട്ടനേയും കൊണ്ടു മുൻസീറ്റിൽ വന്നിരുന്നു....

അവൾ ആദിയുടെ മുഖത്തേക്ക് നോക്കി. അവൻ എന്താണെന്നു കണ്ണുകൾ കൊണ്ടു ചോദിച്ചു..... ""ഞാൻ മനസ് കൊണ്ടു ഏറ്റവും കൂടുതൽ നന്ദി പറയുന്നത് വിശാലിനോടും ദീക്ഷിതയോടും ആണ്‌. അവർ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തതുകൊണ്ടല്ലേ നമുക്ക് ഒരുമിക്കാൻ പറ്റിയത്......"" ""അങ്ങനെ ആണോ.... ഒരുമിക്കാൻ വിധിക്കപ്പെട്ടവർ എത്ര അകലെയാലും പരസ്പരം ഒന്ന് ചേർന്നിരിക്കും.... നീ എന്നിലേക്ക് വന്നുചേരണമെന്നത് ദൈവവിധിയാണ്.... 'നിന്നിലലിയാൻ' പിറവിഎടുത്തതാണ് ഞാനും.... നമ്മളിരുവരും പരസ്പരം അലിഞ്ഞുചേർന്ന് നമ്മുടെ മോനുണ്ടാകണമെന്നുള്ളതും ദൈവവിധിയാണ്..... ഇനിവരും ജന്മങ്ങളിലും നിന്നിലലിഞ്ഞു ചേർന്ന് ഒരു പുഴയായി ഒഴുകാൻ കഴിയണം എന്നാണ് എന്റെ പ്രാർത്ഥന...

അവർ രണ്ടുപേരും നമ്മുടെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിലും നമ്മൾ ഒന്നിക്കുമായിരുന്നു..."" ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ആമിയുടെ കണ്ണുകൾ നിറഞ്ഞു അവൻ അവളെ ചേർത്തുപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.അതു കണ്ടു ആദൂട്ടനും അവരുടെ ഇടയിൽ കയറി. രണ്ടുപേരെയും ചേർത്തുപിടിക്കുമ്പോൾ ഈ ലോകം മുഴുവൻ തന്റെ കൈപ്പിടിയിലാണെന്നുള്ള സന്തോഷത്തിലായിരുന്നു അവനും... സന്തോഷത്തിന്റെ നീർമുത്തുകൾ അവന്റെ കണ്ണിൽ നിന്നും പെയ്തു.... അവളെ തന്നിൽ നിന്നും അടർത്തിമാറ്റി അവൻ കാറ്‌ സ്റ്റാർട്ട്‌ ചെയ്തു. ഒരിക്കലും അവസാനിക്കാത്ത ജീവിതമെന്ന യാത്ര വീണ്ടും തുടങ്ങി, ഈ ജന്മവും വരും ജന്മവും ഒന്നായി ഒഴുകനായി... ഇരുവഴിയിലേക്ക് ഒഴുകില്ലെന്ന ഉറപ്പോടെ....അവരുടെ സ്വർഗത്തിലേക്ക്....... 🌸 ശുഭം🌸

ഇനിയൊരു കാത്തിരിപ്പില്ല..... അവരുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല...അവരോടൊപ്പമുള്ള നമ്മുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്...... ഈ യാത്രയിൽ എന്റെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട വായനക്കാരോട് ഞാൻ എന്റെ നന്ദി പറയുന്നു❤️❤️....lub u all 😘😘😘😘 ഈ അവസാന ഭാഗത്തിനെങ്കിലും എന്റെ പ്രിയപ്പെട്ട വായനക്കാർ എനിക്കായി ഒരു വരി കുറിക്കില്ലേ... അറ്റ്ലീസ്റ്റ് ഒരു ഇമോജി എങ്കിലും എനിക്കായി നൽകില്ലേ...കൂടുതൽ റിവ്യൂ കാണുവാനുള്ള ആഗ്രഹം കൊണ്ടാണ് 😊 സ്നേഹത്തോടെ ദക്ഷ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story