നിഴലായ് നിൻകൂടെ: ഭാഗം 1

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

കൈയിലെ പ്രഗ്നൻസി കിറ്റിൽ തെളിഞ്ഞ രണ്ട് ചുവപ്പുവരകൾ അവളുടെ നെഞ്ചിടിപ്പുപോലും നിശ്ചലമാക്കിയിരുന്നു.. കറുത്ത കൺപീലികൾ തിങ്ങിനിറഞ്ഞിരിക്കുന്ന അവളുടെ ഉണ്ടക്കണ്ണുകളിലെ ജീവനും ഒരു നിമിഷം നിലച്ചതുപോലായി.. പൊടുന്നനെ അവ നിറഞ്ഞൊഴുകുന്നതിനോടൊപ്പം കിറ്റ് കൈയിൽ നിന്നൂർന്ന് ബാത്‌റൂമിലെ തറയിൽ പതിച്ചിരുന്നു.. ചുമരിലൂടെ ഊർന്നിറങ്ങി നനവാർന്ന തറയിൽ ഇരിപ്പുറച്ചു ഇരുകായ്യാലെയും വായ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ ചങ്ക് പൊട്ടി കരയുമ്പോഴും തുറന്നിട്ടിരിക്കുന്ന ടാപ്പിനടിയിലെ നിറഞ്ഞ ബക്കെറ്റിൽ നിന്നും തുളുമ്പി വീഴുന്ന വെള്ളത്തിന്റെ സ്വരം മാത്രമേ അവിടെ നിറഞ്ഞു നിന്നിരുന്നുള്ളൂ.. രണ്ടാഴ്ചയായി തെറ്റിയിരിക്കുന്ന ചുവപ്പ് ദിനങ്ങളും തുടരെ തുടരേയുള്ള ക്ഷീണവും തലവേദനയും മനമ്പുരട്ടലും സൂചനകൾ നൽകിയിരുന്നെങ്കിലും അങ്ങനെയൊന്നും ആവരുതെന്നുള്ള പ്രാർത്ഥനയിലായിരുന്നു ടെസ്റ്റ്‌ ചെയ്തുനോക്കും വരെ.. പക്ഷെ ഇപ്പോൾ.. " ലച്ചൂ.. " വാതിലിൽ തട്ടിയുള്ള രുദ്രേട്ടന്റെ ശബ്ദം കേൾക്കെ അണപ്പൊട്ടിയിഴുകുന്ന കണ്ണീരിനെയും ഹൃദയം നുറുങ്ങുന്ന വേദനയെയും കടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു അവൾ.. " കഴിഞ്ഞില്ലെടി പെണ്ണേ കുളി ?? ഏട്ടന്റെ ദേ പരിപ്പുവട കൊണ്ടന്നിട്ടുണ്ടട്ടോ.. കുട്ടി വേഗം കുളിച്ച് വാ.. അപ്പോക്കും ചായ വെക്കാട്ടോ.. " "ഞാൻ.. വരാം ഏട്ടാ.. 5 മിനിറ്റ്.. "

ശബ്ദത്തിലെ ഇടർച്ച ഏട്ടൻ തിരിച്ചറിയുമോ എന്ന് ഭയന്നുകൊണ്ട് അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു... "ചായ തിളക്കുമ്പോക്കും എത്തിക്കോണം.. " വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് ആ ഏട്ടൻ മുറിവിട്ടിറങ്ങുമ്പോൾ ശ്യൂന്യമായൊരു ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുകയായിരുന്നു ലച്ചു.. കവിളുകളെ ചുംബിക്കുന്ന നീർമുത്തുക്കളെ തുടച്ചുകൊണ്ട് എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ അറിയാതെ തന്നെ വലതുകയ്യ് വയറിനെ താങ്ങും വിധം പൊതിഞ്ഞിരുന്നു.. ബാത്റൂമിലെ കണ്ണാടിക്കുമുന്നിൽ ചെന്ന് നിന്നുകൊണ്ടവൾ സ്വന്തം രൂപമൊന്നു നോക്കി.. നിമിഷങ്ങൾക്ക് മുന്നേ തിരിച്ചറിഞ്ഞ തന്റെ ജീവന്റെ തുടിപ്പിനെ താൻ പോലുമറിയാതെ സംരക്ഷിക്കും വിധം തലോടുന്ന വലതുകയ്യിന്റെ ചലനങ്ങളെ അത്ഭുതത്തോടെ നോക്കി നിന്നു.. "അറിയുന്നുണ്ടോ ദേവേട്ടാ... നമ്മളുടെ വാവ ദേ ഇവിടെ ഉണ്ട്.. ഇവിടെ.. " വയറിനെ തഴുകിക്കൊണ്ട് ആ പെണ്ണ് പറഞ്ഞുകൊണ്ടിരുന്നു.. " എന്തേ ന്നെ കാണാൻ വരാത്തത്??.. നിക്ക് പറയാൻ ഉള്ളതൊന്നും കേൾക്കാൻ നിന്നിൽക്കുന്നില്ലല്ലോ.. ന്നെ ഇഷ്ടല്ലന്നുണ്ടോ ഏട്ടാ.. ന്റെ ചങ്കുപൊട്ടിപോവാ.. എന്തേ ഒന്നും മനസിലാക്കാത്തെ??.. " കണ്ണീരിനിടയിലും അവൾ പരിഭവങ്ങൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.. ഏന്തലുകൾ ഉയരുമ്പോഴും കുറ്റിതാടിയും തിളങ്ങുന്ന കണ്ണുകളും ചുണ്ടിൽ ഒളിപ്പിച്ച കുസൃതിയും ഉള്ള ദേവനായിരുന്നു അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നിന്നിരുന്നത്.. അവൻ സമ്മാനിച്ച ഓർമ്മകൾ ഒരേസമയം അവളെ പുഞ്ചിരിപ്പിക്കാനും പൊള്ളിക്കാനും പോന്നതായിരുന്നു..

പറമ്പിലെ കുളത്തിൽ പൂത്തുനിൽക്കുന്ന ആമ്പൽപൂക്കൾക്കിടയിൽ കാൽവഴുതി വീണുപോകുമ്പോൾ ആ പതിനഞ്ചുക്കാരി അവസാനമായി കേട്ടത് ''..ശിവാ.. " എന്നുള്ള ആരുടെയോ നിലവിളിയായിരുന്നു.. പിന്നീട് ബോധം വരുമ്പോൾ കൽപടവിൽ കിടത്തിക്കൊണ്ട് ശ്വാസം പകർന്നു നല്കുന്ന ഇരുപതിയൊന്നുകാരന്റെ നിറഞ്ഞ മിഴികളായിരുന്നു അവളുടെ കണ്ണിൽ ഉടക്കിയത്.. നെഞ്ചോരം ചേർത്തവൻ വാരി പുണരുമ്പോഴും അവന്റെ മിഴികളിലെ ഭാവമവൾക്ക് അന്യമായിരുന്നു.. പിന്നീടങ്ങോട്ട് അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് അവൻ മാത്രമായിരുന്നു.. അവളുടെ ദേവേട്ടൻ.. ഓരോ നിമിഷങ്ങളിലും കൂടുതൽ കൂടുതൽ ഭ്രാന്തമായവൾ പ്രണയിച്ചുകൊണ്ടിരുന്നു.. ആരും അറിയാതെ ഉള്ള നോട്ടത്തിലൂടെയും വിരൽ തുമ്പാൽ ഉള്ള സ്പർശനത്തിലൂടെയും... വാക്കുകൾക്കൊണ്ട് ദേവനെ പോലും അറിയിക്കാതെ.. ദേവന്റെ ഓരോ വാക്കുകൾക്കും നോട്ടത്തിനും പുഞ്ചിരിക്കും പ്രണയമെന്ന മൂന്നക്ഷരത്തിന്റെ വിവിധ ഭാവങ്ങൾ അവൾ കല്പിച്ചുനൽകിയിരുന്നു.. ദേവന്റേത് മാത്രമായി മാറുന്ന ദിനങ്ങൾക്കായുള്ള ഭ്രാന്തമായ കാത്തിരിപ്പാണിന്ന് ഈ വിധമൊരു സമസ്യയായവൾക്കുമുന്നിൽ... ഉള്ളം ഉരുകിമറിയുമ്പോഴും എങ്ങനെയോ ഒരുവിധം കുളിച്ച് ദാവണി ചുറ്റി താഴെ അടുക്കളയിലേക്കിറങ്ങി.. രുദ്രൻ അപ്പോഴേക്കും ചായ തിളപ്പിച്ച്‌ മൂന്നു ഗ്ലാസുകളിലേക്ക് പകർത്തിയിരുന്നു..

സങ്കടങ്ങൾ എല്ലാം ഉള്ളിലൊളിപ്പിച്ചുകൊണ്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. അവനും ഒന്ന് കണ്ണുചിമ്മി കാണിച്ചുകൊണ്ട് രണ്ട് ഗ്ലാസ്സ് ചായയുമായി ഉമ്മറത്തേക്ക് നടന്നു.. " ആ പരിപ്പുവടേം നിന്റെ ചായേം എടുത്ത് വാ പെണ്ണേ.. " നടക്കുന്നതിനിടയിൽ പറയുന്നുണ്ട്.. പരിപ്പുവട അടക്കി വച്ചിരിക്കുന്ന പാത്രവും ചായ ഗ്ലാസ്സും എടുത്തുകൊണ്ടു ഏട്ടന് പിന്നാലെ ഉമ്മറത്തേക്കിറങ്ങുമ്പോൾ കയ്യിലൊരു പുസ്തകവുമായി ചാരുകസേരയിൽ ഇരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കാവുന്നില്ലായിരുന്നു.. പാത്രം ഉമ്മറത്തെ തിണ്ണയിൽ കൊണ്ട് വച്ച് തൂണിൽ ചാരി തിണ്ണയിൽ അവൾ ഇരിപ്പുറക്കുമ്പോൾ ശങ്കരനും രുദ്രനും തിരക്കുപിടിച്ച ചർച്ചയിൽ ആയിരുന്നു.. അവരുടെ സംസാരം എന്തിനെപ്പറ്റിയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം ലച്ചുവുന്റെ മനസാകെ കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു.. " നിക്ക് ഇല്ലേ രുദ്രേട്ടാ പരിപ്പുവട.. " എളിയിൽ കൈയ് കുത്തി നിന്നുകൊണ്ട് കുസൃതിയോടെ ചോദിക്കുന്ന നിവിയുടെ ശബ്ദമാണവളെ ചിന്തകളിൽ നിന്നുണർത്തിയത്.. നോക്കുമ്പോൾ നിവിപെണ്ണ് രുദ്രേട്ടന്റെ കൈയിൽ ഉണ്ടായിരുന്ന പാതി കഴിച്ച പരിപ്പുവട തട്ടിയെടുത്തുകഴിഞ്ഞിരുന്നു.. "നിനക്കെന്താ നിവി.. ഇവിടെ ഇത്രേം എണ്ണം ഉണ്ടായിട്ടും എന്റേന്ന് തന്നെ എടുക്കണോ.. എന്ത് കഷ്ട ഇത്.. " സ്വതവേ അവളെ കാണുമ്പോഴുള്ള ദേഷ്യം രുദ്രന്റെ വാക്കുകളിൽ തെളിഞ്ഞു നിന്നിരുന്നു.. നിവിയൊന്നു ചിരിച്ചു കാണിച്ചുകൊണ്ട് പരിപ്പുവട കഴിക്കുമ്പോൾ പ്രകാശനും ദേവിയും എത്തിയിരുന്നു.. "

അവൾക്കല്ലേലും ആരുടേലും മെക്കട്ട് കേറിയില്ലേൽ സമാധാനം കിട്ടോ മോനെ??.. ഏട്ടന്മാരൊക്കേം കൂടി കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കല്ലേ.. " നിവിയുടെ തലയിലായൊന്നു തട്ടികൊണ്ട് ദേവി രുദ്രനെനോക്കി പറഞ്ഞു.. " പോട്ടെ ദേവി.. ദേ ഇവിടെ നോക്കിയേ.. ഈ ലച്ചുനെ താഴത്തും തലേലും വെക്കാതെ കൊഞ്ചിച്ചു കൊണ്ട് നടക്കണവനാ രുദ്രൻ.. അവൻ ചുമ്മാ പറയണതല്ലേ.. നിവിമോളും രുദ്രന് ലച്ചുനെ പോലെയല്ലേ.. " ശങ്കരൻ പറയുമ്പോൾ നിവിയുടെ ഒഴികെ മറ്റെല്ലാ മുഖങ്ങളിലും പുഞ്ചിരിയായിരുന്നു.. അപ്പോഴും ഒരു കളിപാവ കണക്കെ എല്ലാവരുടെയും മുന്നിൽ പിടിച്ചുനിൽക്കുകയായിരുന്നു ലച്ചു.. ശിവശങ്കരനും പ്രകാശനും ആത്മാർത്ഥ സുഹൃത്തുക്കളാണ്.. കോളേജ് പഠന കാലശേഷം വേർപിരിയേണ്ടി വന്നെങ്കിലും ഭദ്രയുമായുള്ള ശിവശങ്കരന്റെ പ്രണയം എതിർത്ത വീട്ടുകാരെ മറികടന്നുകൊണ്ട് ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ സഹായിച്ചത് പ്രകാശനും ഭാര്യ ദേവികയും ആയിരുന്നു.. അന്നേ തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് പറിച്ചുനട്ടതാണ് ഇരു കുടുംബങ്ങളും.. അതിൽ പിന്നെ ശങ്കരന്റെയും ഭദ്രയുടെയും വീട്ടുകാർ അവരെ പൂർണമായും കയ്യൊഴിയുമ്പോഴും പ്രകാശനും കുടുംബവും മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്.. അടുത്തടുത്ത രണ്ട് വീടുകളിൽ ആണ് ഇരുവരുടെയും താമസമെന്നിരുന്നാലും ഒരേ കുടുംബം പോലെ ആയിരുന്നു അവരെന്നും..

ഇരുവർക്കും ഒരേ സ്കൂളിൽ അധ്യാപകരായി തന്നെയായിരുന്നു ജോലിയും.. " ന്റെ ജീവയുടെ കാര്യം ഓർത്തിട്ട് ഒരു സമാധാനവും ഇല്ല ഏട്ടാ.. വരുന്ന ചിങ്ങത്തിനു 35 തികയും ന്റെ കുട്ടിക്ക്.. അവനൊരു കല്യാണമേ വേണ്ട എന്ന വാശിയിൽ തന്നെയാ ഇപ്പോഴും.. അവന്റെ താഴെ ഉള്ള രണ്ട് ചെറുക്കന്മാരും കല്യാണപ്രായമായി നിക്കല്ലേ.. പോരാത്തതിന് ഈ പെണ്ണും.. ലച്ചൂന്റേം തീർത്ഥയുടേം അതേ പ്രായല്ലേ.. ആലോചിച്ചിട്ടൊരു എത്തും പിടീം ഇല്ലാ.. " ദേവി ശങ്കരനോടായി പറയുന്നുണ്ട്.. സ്വന്തം കൂടപ്പിറപ്പുകൾ ഇല്ലാത്ത ദേവിക്ക് ശങ്കരൻ സ്വന്തം ഏട്ടനെ പോലെ തന്നെയാണ്.. ശങ്കരന് തിരിച്ചും ഒരു സഹോദരിയോടുള്ള അതേ കരുതലും സ്നേഹവും തന്നെയാനുള്ളത്.. " ഒന്ന് മിണ്ടാതിരിക്കെന്റെ ദേവി.. കുട്ട്യോളെ പഠിപ്പിക്കുന്ന അധ്യാപകൻ ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ജീവയ്ക്ക് അവന്റെ തീരുമാനങ്ങൾ മാത്രമാണ് പ്രാധാന്യം.. അവൻ കല്യാണം വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനി നമ്മളെക്കൊണ്ട് മാറ്റാനൊക്കില്ല.. താനൊന്നു മിണ്ടാതിരുന്നേ.. " " വിടെടോ.. അവളുടെ സങ്കടമല്ലേ പറയുന്നത്.. ദേവി.. നമുക്ക് പറയാനല്ലേ ഒക്കൂ മോളെ.. അവനെന്താ കരുതിക്കണേ എന്ന് നമുക്കറിയില്ലല്ലോ.. ഞാനും ഒന്നൂടെ സംസാരിച്ച നോക്കാം.. ഗുണമൊന്നും ഇല്ലേൽ അവനെ അവന്റെ ഇഷ്ടത്തിന് വിടാ.. നമുക്ക് ദേവന്റേം വേദിന്റേം കാര്യങ്ങൾ നോക്കാം.. " പ്രകാശനും ദേവിക്കും നിവിക്കുമുള്ള ചായയെടുക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോഴും മുറ്റത്തുനിന്നും ശങ്കരന്റെ സംസാരം ലച്ചുന് കേൾക്കാമായിരുന്നു..

ഒരു യന്ത്രം കണക്കെ ചായ വച്ച് മൂന്നു ഗ്ലാസ്സിലേക്ക് പകർത്തിക്കൊണ്ട് ഉമ്മറത്തേക്കാവൾ നടന്നു.. " ശങ്കരാ.. കുട്ട്യോൾടെ കാര്യം നോക്കാൻ പോയിട്ടെന്തായി?? " ശങ്കരന് അഭിമുഖമായി അരമതിലിൽ വന്നിരുന്നുകൊണ്ട് പ്രകാശൻ ചോദിക്കുന്നത് കേട്ടുകൊണ്ടാണവൾ ഉമ്മറത്തെത്തിയത്.. കൈയിലെ ഗ്ളാസുകളിൽ നിറച്ചിരുന്ന ചായ മൂവർക്കും നൽകികൊണ്ട് താഴെ തിണ്ണയിലായി ലച്ചു ഇരുന്നിരുന്നു.. " അത് പറയാൻ വരായിരുന്നു പ്രകാശേ.. നോക്കിച്ചപ്പോ തീർത്ഥക്കും ലച്ചൂനും ഇപ്പൊ ആണത്രേ മംഗല്യ യോഗം.. ഒരു മാസത്തിനുള്ളിൽ നടന്ന നന്ന്.. കേട്ടപ്പോ തൊട്ട് ഉള്ളിലൊരു പിടച്ചിലാടോ.. എന്റെ ഭദ്ര ഉണ്ടായിരുന്നേൽ കുട്ടികളുടെ കാര്യമെല്ലാം നേരത്തിനും മുറയ്ക്കും നടത്തിയേനെ ല്ലെ.. " പറഞ്ഞു നിർത്തുമ്പോൾ ശങ്കരന്റെ കണ്ണുകൾ ഭിത്തിയിലെ ഫോട്ടോയിൽ ഉള്ള ഭദ്രയുടെ പുഞ്ചിരിയിലായിരുന്നു.. കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞിരിക്കുകയായിരുന്നു ലച്ചു അപ്പോഴും.. "എന്താടാ ഇത്.. കുട്ട്യോളെ കൂടെ വേദനിപ്പിക്കാതെ.. ഞങ്ങളൊക്കെ ഇല്ലെടാ നിനക്ക്.. " ശങ്കരന്റെ കൈയിൽ മുറുക്കെ പുടിച്ചുകൊണ്ട് അല്പം ശാസനയോടെ പ്രകാശൻ പറഞ്ഞു.. " ഒരു മാസോ.. അതിത്തിരി കടുപ്പായിലോ.. രണ്ടാൾക്കും പറ്റിയ ചെറുക്കന്മാരെ നോക്കാൻ പോലും സമയമില്ലല്ലോ ഏട്ടാ... ഇരട്ടകൾ അല്ലേ കല്യാണോം ഒന്നിച്ച് തന്നെ നടത്താൻ നമുക്കും ആഗ്രഹം കാണില്ലേ.."

അവരെ ഇരുവരെയും മാറി മാറി നോക്കികൊണ്ട് ദേവി ഉള്ളിലുള്ള ആധി പ്രകടിപ്പിച്ചു.. " അതന്നെയാ ദേവിയാന്റി ഞാനും പറയുന്നത്.. ചിലവും കാര്യങ്ങളും പിന്നെയല്ലേ ആദ്യം പറ്റിയ ചെറുക്കന്മാരെ കണ്ടെത്തണ്ടേ രണ്ടാൾക്കും .. " രുദ്രനും അവർക്കൊപ്പം കൂടിയിരുന്നു.. നിവി അപ്പോഴും എന്തൊക്കെയോ കളി പറഞ്ഞുകൊണ്ട് തിണ്ണയിൽ ലച്ചുവിനോപ്പം ഇരിക്കുന്നുണ്ട്.. ഇരുവരും ഒരേപ്രായമാണ്.. ഒരുമിച്ചു തന്നെയാണ് ഇപ്പോൾ പിജി ചെയ്യുന്നതും.. ലച്ചുവിന്റെ ശരീരം മാത്രമേ എല്ലാവർക്കുമിടയിൽ ഉണ്ടായിരുന്നുള്ളൂ.. മനസപ്പോഴും എങ്ങോ ആയിരുന്നു.. ചുറ്റും നടക്കുന്ന സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടെങ്കിൽ കൂടി കല്യാണ കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയിരിക്കുന്നവർക്കുമുന്നിൽ തന്റെ ഇപ്പോഴത്തെ അവസ്ഥ അവളെ പൊള്ളിക്കുകയായിരുന്നു.. മറച്ചുവെക്കാവുന്ന ഒന്നല്ല എങ്കിൽ കൂടി എല്ലാവർക്കും മുൻപേ കുഞ്ഞിന്റെ അച്ഛനെയെങ്കിലും ഇതെല്ലാം അറിയിക്കണമെന്ന് തോന്നി.. അവിടെ നിന്നും എഴുന്നേറ്റ് പതിയെ അകത്തേക്ക് നടക്കുമ്പോൾ ദേവന്റെ പ്രതികരണമെന്താവുമെന്ന് ആ പെണ്ണിനോരു നിശ്ചയവുമില്ലായിരുന്നു.. " ശങ്കരാ.. ഞാനൊരു മോഹം പറഞ്ഞാ നീ തെറ്റായെടുക്കോ?? " " ടാ.. നമുക്കിടയിൽ ഇങ്ങനെയൊക്കെ ആമുഖം വേണോടാ??.. " തെല്ലൊരു മടിയോടെ സംസാരിക്കുന്ന പ്രകാശനെ ഉറ്റുനോക്കിക്കൊണ്ട് ശങ്കരൻ ചോദിച്ചു.. "

അതല്ലടോ.. എന്റെ മോൻ... അവന്റെയൊരു ആഗ്രഹം എന്നോട് പറഞ്ഞിട്ട് കുറച്ചായി.. ഞാനത് നിന്നോട് പറയാൻ മടിച്ചുനിന്നതാ.. ഇനിപ്പോ പറയാതെ പോയെന്നൊരു വേദന പാടില്ലല്ലോ.. തീർത്ഥയെ എന്റെ ദേവന് തന്നേക്കോ?? അവനു അവളെന്നു വെച്ചാ ജീവനാടോ.. " പ്രകാശിന്റെ വാക്കുകൾ ലച്ചുവിന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ചപോൽ പൊള്ളിച്ചു.. അവസാന വാചകങ്ങൾ വീണ്ടും വീണ്ടും അവളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.. ".. തീർത്ഥയെ എന്റെ ദേവന് തന്നേക്കോ?? അവനു അവളെന്നു വെച്ചാ ജീവനാടോ.." അകത്തെ വാതിലിനു മറവിൽ ചുമരോട് ചേർന്നു തളർന്നുവീണുപോയി ആ പെണ്ണ്.. അവളുടെ പ്രണയം അവളെ മുറിവേൽപ്പിച്ചിരിക്കുന്നു.. ആരാലെയും മായ്ചുകളയാൻ പോലും ആവാത്ത മുറിവ്.. ആ മുറിവിൽ നിന്നുതിരുന്ന ഓരോ തുള്ളി ചുവപ്പിനും ഒരു പിഞ്ചു ജീവന്റെ മുഖഛായയായിരുന്നു... ദാവണി വിടവിലൂടെ അവളവളുടെ വയറിനെ ഒന്ന് തഴുകി.. അണപ്പൊട്ടിയോഴുകുന്ന കണ്ണീരിനെയും എരിഞ്ഞമരുന്ന ഹൃദയത്തെയും തടഞ്ഞുനിർത്താവാനാതെയവൾ പുറകിലെ വാതിലും തുറന്നു പുറത്തെ കുളത്തിലേക്ക് പാഞ്ഞു.. ( തുടരും )

Share this story