നിഴലായ് നിൻകൂടെ: ഭാഗം 12

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

കുഞ്ഞിപ്പെണ്ണിനെ കാണാൻ രാവിലെ തന്നെ വേദിനൊപ്പം വന്നതായിരുന്നു നിവി.. വന്നപ്പോൾ മുതൽ കുഞ്ഞിനെ തൊട്ടും തലോടിയും തഴുകിയും കുഞ്ഞിനടുത്തായി തന്നെ അവളും ഉണ്ട്.. കുഞ്ഞാവയെ കാണണമെന്ന് പറഞ്ഞതുകൊണ്ടുള്ള തീർത്ഥയുടെ വാശി തീർക്കുന്നതിനായി വന്നപ്പോൾ തന്നെ വേദ് വീഡിയോകോൾ ചെയ്ത് കുഞ്ഞിനെ അവൾക്കും ദേവനും കാണിച്ചുകൊടുത്തിരുന്നു.. ജീവയുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്ന കുഞ്ഞിനെ അവരിരുവരും ഫോണിലൂടെ നോക്കിക്കാണുകയും കൊഞ്ചിക്കുകയും ചെയ്യുമ്പോൾ എതിർവശത്തുള്ള കട്ടിലിൽ ചുമരിലേക്ക് ചാരിയിരുന്നുകൊണ്ട് ഒരമ്മ തന്റെ കുഞ്ഞിനേയും അവളുടെ അച്ഛനെയും നോക്കികാണുകയായിരുന്നു.. ആദ്യമായി കാണുംപോലെ... ആ മനുഷ്യന്റെ നിറഞ്ഞ ചിരിയിലും ചിരിക്കുമ്പോൾ തെളിഞ്ഞുവരുന്ന നുണക്കുഴികളിലും മനസുടക്കുമ്പോൾ അറിയാതെ തന്നെയവളുടെ ചൊടികളിലും പുഞ്ചിരി വിരിഞ്ഞിരുന്നു... എപ്പോഴോ അവളുടെ ആ പുഞ്ചിരി കണ്ണിൽ തെളിഞ്ഞതും ജീവയും അവളെ നോക്കിയൊന്നു പുഞ്ചിരിച്ചിരുന്നു..

കുഞ്ഞിപ്പെണ്ണൊന്നു ചിണുങ്ങി.. ഒത്തിരി വാത്സല്യത്തോടെ അവളെ മുത്തിക്കൊണ്ട് അച്ഛൻ അമ്മയുടെ മടിയിലേക്ക് വച്ചുകൊടുത്തു.. " അച്ചോടാ... എന്ത് രസാന്നെ ഈ കുഞ്ഞാവേ കാണാൻ.. " കുഞ്ഞിപ്പെണ്ണിനെ കയ്യിലെടുത്തിരിക്കുന്ന ലച്ചുവിനടുത്തായി വന്നിരുന്നു കുഞ്ഞി തലമുടിയിൽ തലോടിക്കൊണ്ട് നിവി പറയുമ്പോൾ എല്ലാവരിലും പുഞ്ചിരിയായിരുന്നു... " പിന്നെ നിന്നെപ്പോലെയാവുംന്ന് വിചാരിച്ചോ??.. ഇതേ ന്റെ ലച്ചൂന്റേം ജിച്ചേട്ടന്റേം കുഞ്ഞാ.. നീയൊന്ന് കണ്ണുതുറന്ന് നോക്കെന്റെ നിവിയേ രണ്ടിനേം.. ഒടുക്കത്തെ ഗ്ലാമറല്ലേ... പിന്നെങ്ങനെ കുഞ്ഞാവ ചുന്ദരിമണിയാവാതിരിക്കും..?? " നിവിയുടെ തലയിലായൊന്നു കൊട്ടിയിട്ട് ലച്ചുവിന്റെ താടിത്തുമ്പിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് വേദ് പറയുമ്പോൾ പുഞ്ചിരിക്കുന്ന ലച്ചുവിനോപ്പം നിവിയും അവനെത്തന്നെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.. " നീ പോടാ ചേട്ടാ.. " ചുണ്ടനക്കി ശബ്ദം പുറത്തുവരാതെ ആ ഒഎന്ന് പറയുമ്പോൾ വേദവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.. ഇരുവരുടെയും തല്ലുകൂടൽ കണ്ടിരിക്കുന്ന ലച്ചുവിനോപ്പം കുഞ്ഞിപ്പെണ്ണും പുരികമോന്നു ചുളുക്കി നോക്കി.. കുഞ്ഞിപ്പെണ്ണിനെ തന്നെ ശ്രദ്ധിച്ചിരുന്ന ജീവ പുഞ്ചിരിയാലെ അവളുടെ ആ നോട്ടം ഉള്ളിലേക്കാവാഹിക്കുമ്പോൾ അറിയാതെ കണ്ണുകൾ ലച്ചുവിലേക്കും നീങ്ങിയിരുന്നു..

വല്ലാത്തൊരു കാന്തിക ശക്തിയിൽ അവളുടെ പുഞ്ചിരി അവനെ വലിച്ചടുപ്പിക്കും പോലെ തോന്നുകയായിരുന്നു അവനു... അവളിലെ കളിചിരികൾ കണ്ടുകൊണ്ട് മറ്റെല്ലാമവൻ ഒരു നിമിഷം മറന്നിരുന്നു.. ഒരു കാമുകന്റെ തിളക്കമായിരുന്നു ആ കണ്ണുകളിലും അറിയാതെ വിരിഞ്ഞ പുഞ്ചിരിയിലും.. **************** " ലച്ചൂനെ വീട്ടിലേക്ക് കൊണ്ടുപോവാട്ടോ ദേവി.. അതല്ലേ നാട്ടുനടപ്പ്.. " ദേവിയെ നോക്കികൊണ്ട് ശങ്കരൻ പറയുമ്പോൾ കുഞ്ഞിനെ മടിയിൽ വച്ച് കളിപ്പിക്കുകയായിരുന്ന ജീവയൊന്നു ഞെട്ടിക്കൊണ്ട് മുഖമുയർത്തി അയാളെ നോക്കി... " അതൊന്നും വേണ്ടാ ശങ്കരേട്ടാ.. ലച്ചൂ എന്റെ മോള് തന്നെയല്ലേ.. അവൾടെ അമ്മയായി ഞാൻ ന്റെ മോൾടെ പ്രസവരക്ഷ ചെയ്തോളാം.. അല്ലേ പ്രകാശേട്ടാ??.. അങ്ങനെ പോരേ??.. " " അതേടോ.. ലച്ചുമോൾ വീട്ടിൽ തന്നെ നിന്നോട്ടെടോ ശങ്കരാ.. അവളും ഞങ്ങൾടെ കുട്ടിത്തന്നെയല്ലേ.. നീയും രുദ്രനും കൂടി എത്രയാണ് വെച്ചാ പ്രസവിച്ചുകിടക്കുന്ന പെണ്ണിനേം കൊച്ചിനേം നോക്കാ?? അതൊന്നും പറ്റില്ലടോ.. " പരിഭവത്തോടെ പറയുന്ന ദേവിയുടെ വാക്കുകളെ പിന്താങ്ങിക്കൊണ്ട് പ്രകാശനും ശങ്കരനോട് പറഞ്ഞിരുന്നു.. അവരുടെ സംസാരം കേട്ടുകൊണ്ട് തന്നെ ജീവ ലച്ചുവിനെ നോക്കുമ്പോൾ അവളുടെ കണ്ണുകളും അവനിലായിരുന്നു..

ആ കണ്ണുകൾ അവനോടെന്തോ പറയും പോലെ.. " കുഴപ്പമില്ല പ്രകാശമാമേ.. വെറുതെ കടമയുടെ പുറത്ത് പറയല്ല.. ഞങ്ങളുടെ ആഗ്രഹമാണ് ലച്ചൂനെല്ലാം ചെയ്തുകൊടുത്തു കൂടെ ഉണ്ടാവണമെന്നുള്ളത്.. നിങ്ങൾ എതിരുപറയരുത്.. ദേവിയാന്റിക്കും വരാലോ.. എപ്പോ വേണേലും... ഒരമ്മ ചെയ്തുകൊടുക്കേണ്ടതെല്ലാം ചെയ്യാനുള്ള ആന്റിയുടെ ആഗ്രഹത്തെ ആരും തടയില്ല.. തൊട്ടടുത്തല്ലേ ആന്റി.. അവൾ ഞങ്ങൾടെ കൂടെ നിന്നോട്ടെ.. പ്ലീസ്.. " പ്രകാശിന്റെയും ദേവിയുടെയും മുൻപിൽ ചെന്നുനിന്ന് ഇരുവരുടെയും കൈയ്കൾ പിടിച്ചുകൊണ്ട് അപേക്ഷയായി രുദ്രൻ പറഞ്ഞിരുന്നു.. " രുദ്രാ.. നിങ്ങൾടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ ആവട്ടെ മോനെ.. ന്റെ കുഞ്ഞിപ്പെണ്ണിനെ നോക്കാനും ലച്ചൂന് വേണ്ടത് ചെയ്യാനും അമ്മേം കാണും കൂടെ.. " അവരൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.. അവിടെപ്പോഴും രണ്ടുപേരുടെ കണ്ണുകൾ പരസ്പരം അലിഞ്ഞുചേരുകയായിരുന്നു.. ഒരിക്കലും വേർപെടുത്താനാഗ്രഹിക്കാത്തവിധം... ഇരുവരുടെയും കണ്ണുകളിലെ ഭാവങ്ങളിൽ വന്നുചേർന്നിരിക്കുന്ന വ്യത്യാസങ്ങളുടെ ആഴത്തിൽ പരസ്പരം ഒത്തുചേർന്നു മുങ്ങിതാഴുകയായിരുന്നു.. " അങ്ങനെ ചെയ്യാലേ ജീവ??.." പ്രകാശന്റെ സ്വരമാണ് ജീവയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.. അവൻ കൈയിൽ ഉറങ്ങികിടക്കുന്ന കുഞ്ഞിപ്പെണ്ണിനെ കൊതിയോടെ നോക്കി.. ഒന്നുകൂടവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു..

ആ കുഞ്ഞ് നെറ്റിയിൽ പതിയെ ചുംബിച്ചു.. "മ്മ്.. " അവനൊരു മൂളലിൽ മറുപടിയൊതുക്കിയത് ഇടരുന്ന സ്വരത്തെ മറച്ചുപിടിക്കുവാനായിരുന്നു.. അത് തിരിച്ചറിഞ്ഞ പെണ്ണിന്റെ കണ്ണുകളും നിറഞ്ഞു വന്നു.. അച്ഛന്റെ ചൂടേറ്റ് ആ ഹൃദയതാളത്തിന്റെ താരാട്ടിൽ കുഞ്ഞിപ്പെണ്ണ് സുഗമായി ഉറങ്ങിയിരുന്നു.. പിന്നെയും പിന്നെയും അവനാ കുഞ്ഞുനെറ്റിയിലും താടിത്തുമ്പിലും ചുണ്ട് ചേർത്തു... ഒത്തിരി കൊതിയോടെ... അടങ്ങാത്ത വാത്സല്ല്യത്തോടെ... " അച്ഛന്റെ വാവ രുദ്രമാമേടെ വീട്ടിൽ പോവാണോ??.. ആണോടാ കുഞ്ഞാ??.. അച്ഛ ഒറ്റക്കാവില്ലേ അപ്പൊ??.. നമ്മൾടെ വീട്ടിൽ അച്ഛ ഒറ്റക്കാവില്ലെടാ??.. നിനക്കാവോ അച്ഛനെ കൂടാതവിടെ നിൽക്കാൻ?? ഏഹ്ഹ്??.. നിക്ക്.. നിക്ക് പറ്റില്ലടാ കുഞ്ഞാ.. ഞാൻ.. അച്ഛ ഇല്ലാതാവുടാ... ന്റെ പൊന്നിനെ കാണാതെ.." അവനൊന്നു കുഞ്ഞിനെറ്റിമേൽ നെറ്റി മുട്ടിച്ചു... "വാവേടെ കൂടെ അച്ഛന് വരാൻ പറ്റില്ലല്ലേ... അമ്മയ്ക്ക് ഇഷ്ടായില്ലെലോ??.. അല്ലേ.. അമ്മക്ക് ഇഷ്ടാവില്ല.. അല്ലേൽ പറഞ്ഞേനില്ലേ.. അച്ഛന്റെ കൂടെ നിൽക്കണംന്ന്.. അതുമല്ലേൽ രുദ്രമാമന്റെ വീട്ടിൽ അച്ഛനോടും വരാൻ പറയില്ലേ??.. ചിലപ്പോൾ പറയുമായിരിക്കും ലേ..??.." കുഞ്ഞിവിരലിൽ മുത്തി.. " ന്റെ വാവ അച്ഛനെ കാണാതെ കരയോടാ??.. കുറുമ്പ് കാട്ടോ??..

അമ്മയെ വിഷമിപ്പിക്കരുത്ട്ടോ... കുട്ടികുറുമ്പൊക്കെ അച്ഛനോട് മതി.. അമ്മ പാവല്ലേ.. വാവേ ഒത്തിരി ഇഷ്ടല്ലേ.. അച്ഛൻ വരാട്ടോ.. എന്നും.. ന്റെ കുഞ്ഞനെ കാണാൻ വരാട്ടോ.. എന്നും സംസാരിക്കാട്ടോ.. കൊറേ.. കൊറേ.. മുത്തം തരാട്ടോ.. കുറുമ്പ് കാട്ടാതെ നല്ല കുട്ടിയായിരുന്നാൽ അച്ഛൻ കൊറേ നേരം എടുത്തോണ്ട് നടക്കാട്ടോ.. " കുഞ്ഞിപ്പെണ്ണിനെ പിന്നെയും പിന്നെയും നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ട് അവളുടെ കയ്യിലും കാലിലും മുഖത്തുമെല്ലാം തഴുകിയും തലോടിയും ചുംബിച്ചും ഒരച്ഛൻ മൗനമായ് അവളോട് സംസാരിച്ചുകൊണ്ടിരുന്നു... മിഴികൾ നിറഞ്ഞു വന്നിരുന്നു.. അധരങ്ങളിൽ വിറയൽ.. കയ്യുകളിൽ തണുപ്പ്.. ഉള്ളിൽ അപ്പോൾ അവന്റെ കുഞ്ഞിപ്പെണ്ണ് മാത്രം.. " എല്ലാം എടുത്തില്ലേ മക്കളേ ??.. ഒന്നും മറന്നിട്ടില്ലല്ലോ.. " ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകും മുൻപ് മുറിയിലെ സാധനങ്ങളെല്ലാം കാറിൽ കൊണ്ടുവച്ചു തിരിച്ചെത്തിയ ജീവയെയും രുദ്രനെയും നോക്കി ദേവി ചോദിച്ചു.. " എല്ലാം വെച്ചിട്ടുണ്ട് ദേവിയാന്റി.. നമുക്കെന്നാ ഇറങ്ങിയാലോ??.. " രുദ്രൻ എല്ലാവരോടുമായി ചോദിക്കുമ്പോഴും നെഞ്ചോരം കുഞ്ഞിപ്പെണ്ണിനെ ചേർത്ത് കട്ടിലിൽ തല കുമ്പിട്ടിരിക്കുന്ന പെണ്ണിലായിരുന്നു ജീവയുടെ കണ്ണുകൾ... " അമ്മേം രുദ്രനും നടന്നോളൂ.. ഞാൻ ലച്ചൂനേം കൊണ്ട് പുറകെ വരാം.. രണ്ട് മിനിറ്റ്.. " അവരെനോക്കി ജീവ പറഞ്ഞതും മറ്റൊന്നും പറയാതെ ദേവിയും രുദ്രനും നടന്നിരുന്നു.. " ലച്ചൂട്ടാ.. "

വാതിലൊന്നു ചാരി ആ പെണ്ണിന് മുന്നിലായി വന്നുനിന്നുകൊണ്ടവൻ വിളിക്കുമ്പോൾ അവളവനെ മുഖമുയർത്തിയൊന്നു നോക്കി.. " വാവേ കാണാതെ പറ്റോ ജിച്ചേട്ടന്??.. " അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. " നിക്കറിയാം പറ്റില്ലാന്ന്... വരോ അങ്ങോട്ട്..?? " അവന്റെ മുഖത്താകെ കണ്ണുകൾ പായിച്ചുകൊണ്ടവൾ ചോദിച്ചുകൊണ്ടിരുന്നു.. " മ്മ്.. വരാം.. വാവേ കാണണമെന്ന് തോന്നുമ്പോ ഒക്കെ.. " അവനൊന്നു പുഞ്ചിരിച്ചു.. നിറഞ്ഞ കണ്ണുകളാലെ.. " ഞാൻ.. ഞാനൊന്നു ചേർത്തുപിടിച്ചോട്ടെ നിങ്ങളെ.. " സ്വരത്തിൽ പോലും വിറയലായിരുന്നു.. ആ പെണ്ണവനടുത്തേക്ക് നീങ്ങി.. കുഞ്ഞിപ്പെണ്ണിനെ നെഞ്ചോരം ചേർത്ത് അവനോട് ചേർന്നു നിന്നു.. കൊതിയോടവന്റെ കൈയ്കൾ അവളുടെ തലയിലും കുഞ്ഞിന്റെ കാലിലും തഴുകി.. ഒത്തിരി വാത്സല്ല്യത്തോടെ.. കണ്ണുകളടച്ചുകൊണ്ട് ആ ഹൃദയതാളത്തിൽ ലയിച്ചവൾ നിന്നു.. ഇതുവരെയറിയാതൊരു പ്രേതേക അനുഭൂതിയവരെ പൊതിയുന്നുണ്ടായിരുന്നു... ലച്ചുവിന്റെ പ്രസവ രക്ഷകളും കാര്യങ്ങളും മുറ പോലെ നടന്നു പോന്നിരുന്നു.. വാവയെ കുളിപ്പിക്കുമ്പോഴും എണ്ണ തേച്ച് ഉഴിയുമ്പോഴും ദേവിക്കൊപ്പം നിന്നുകൊണ്ട് തന്നെയവൾ ഓരോന്നായി പഠിക്കുകയായിരുന്നു.. നെയ്യിൽ മുക്കിയുണക്കിയ തുണി തിരി തെറുത്ത് കത്തിച്ചുണ്ടാക്കിയ കരികൊണ്ട് വാലിട്ട് കുഞ്ഞിപ്പെണ്ണിന്റെ ഉണ്ടക്കണ്ണുകൾ എഴുതിക്കുവാൻ അവൾക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു..

തന്റെ കുഞ്ഞിനായി ചെയ്യുന്ന ഓരോ കാര്യത്തിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് ആ അമ്മ എപ്പോഴും ദേവിക്കൊപ്പം നിന്നെല്ലാം പഠിക്കാൻ ശ്രമിച്ചിരുന്നു.. പൂർണ ആരോഗ്യവതിയായ കുഞ്ഞാവയ്ക്കുവേണ്ടി അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട ചിട്ടകളെല്ലാം തന്നെ ദേവി അവളെ പറഞ്ഞുപഠിപ്പിച്ചിരുന്നു.. കഷായങ്ങളും ലേഹ്യങ്ങളും തുടങ്ങി ലച്ചുവിന് വേണ്ട മരുന്നുകളെല്ലാം തന്നെ സ്വന്തമായി ഉണ്ടാക്കികൊടുക്കണമെന്നുള്ള ദേവിയുടെ ആഗ്രഹത്തോടൊപ്പം എല്ലാവരും നിന്നിരുന്നു.. ഒപ്പം അവർക്കു കൂട്ടായി രുദ്രനും നിവിയും വേദുമെല്ലാം തന്നെ ഉണ്ടായിരുന്നു.. ജീവ സ്കൂളിലേക്ക് പോവുന്നതിനു മുൻപായിട്ട് എന്നും കുഞ്ഞിപ്പെണ്ണിനെ കാണാൻ വരും.. വല്ലാത്തൊരു ആത്മബന്ധം ആ അച്ഛനും മകളും തമ്മിൽ ഉണ്ടായിരുന്നു.. അച്ഛന്റെ ഹൃദയതാളം കുഞ്ഞിപ്പെണ്ണ് ഉറക്കത്തിൽ പോലും തിരിച്ചറിഞ്ഞിരുന്നു.. അതവളുടെ സ്വന്തം അച്ഛനായിരുന്നു.. അവളെ മാത്രം ഹൃദയത്തിലേറ്റിയ അച്ഛൻ... അവളെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കുന്നതും കുളി കഴിഞ്ഞു ലച്ചു വരും വരെ വാവയെ നോക്കുന്നതും അവൻ ആയിരുന്നു.. പക്ഷെ ഹോസ്പിറ്റലിൽ നിന്നു വന്നതിൽ പിന്നെ ഒരിക്കൽ പോലും ലച്ചുവും ജീവയും തമ്മിൽ പരസ്പരം കണ്ടിട്ടില്ല..

പണ്ടുകാലത്തു പ്രസവം കഴിഞ്ഞ സ്ത്രീകളെ തൊണ്ണൂറ് ദിനം കുട്ടിക്ക് ആവുമ്പോഴേ ഭർത്താക്കന്മാർ കാണാറുള്ളു എന്ന് ദേവി എന്നോ കളിയായി പറഞ്ഞതും ഓർത്തുവച്ചുകൊണ്ട് അവൻ അവളെ കാണാൻ ശ്രമിക്കാറുണ്ടായില്ല..കാണാതിരുന്നു കാണുന്നതിലൊരു സുഖമുണ്ട്.. ഓരോ ദിവസം അവളെ കാണാതിരിക്കുമ്പോഴും കൂടുതൽ കൂടുതൽ ആഴത്തിൽ പെണ്ണിനെ മുഖം ഉള്ളിൽ പതിയുന്നതവന് തിരിച്ചറിയാനാവുന്നുണ്ടായിരുന്നു... ഊണിലും ഉറക്കത്തിലും വരെ കുഞ്ഞിപ്പെണ്ണിനൊപ്പം കൂടുതൽ തെളിമയിൽ അവന്റെ ലച്ചൂട്ടനും ആ ഹൃദയം കീഴടക്കുന്നുണ്ടായിരുന്നു.. വല്ലാത്തൊരുതരം വികാരമായിരുന്നവന് അവളെ കുറിച്ചോർക്കുമ്പോൾ... സ്നേഹത്തിന്റെ... വാത്സല്യത്തിന്റെ... ബഹുമാനത്തിന്റെ... പലപ്പോഴും അതിനേക്കാളൊക്കെ വേറിട്ടൊരു വികാരവും... ലച്ചുവിനും അതുപോലെ തന്നെയായിരുന്നു.. ആദ്യമാദ്യം ജീവയെ കാണാത്തതിൽ ഉള്ളിൽ പരിഭവം നിറഞ്ഞിരുന്നു.. പിന്നെ ഓരോ ദിനം കാണാതിരിക്കുമ്പോഴും അവനോടൊന്നിച്ചുണ്ടായ ഓരോ നിമിഷങ്ങളും ഓർമയിൽ തെളിഞ്ഞിരുന്നു.. ആ ഓർമകളിൽ എല്ലാം നിസ്വാർത്ഥമായ സ്നേഹംകൊണ്ട് അവളെ പൊതിഞ്ഞിരുന്ന അവളുടെ ജിച്ചേട്ടൻ മാത്രമായിരുന്നു... കാണാതിരിക്കുന്ന ഓരോ നിമിഷവും ആ മനുഷ്യനവളിൽ എത്രത്തോളം വേരൂന്നിയെന്നുള്ളത് തിരിച്ചറിയുകയായിരുന്നു ആ പെണ്ണ്..

അവളും അവനു മുന്നിൽ മറഞ്ഞു തന്നെ നടന്നത് പണ്ടത്തെ ലച്ചുവിൽ നിന്നും ശരീരത്തിനും മനസിനും വന്ന മാറ്റങ്ങൾ കാരണമായിരുന്നു.. ഒരു ചുമരിനപ്പുറം പലപ്പോഴും ആ സ്വരമൊന്നു കേൾക്കുമ്പോഴേക്കും വല്ലാത്തൊരു നാണമോ വിറയലോ അവളെ പുൽക്കും പോലെ.. കുഞ്ഞിനെ നെഞ്ചോരം ചേർക്കുമ്പോൾ അവൾക്കുള്ളിൽ തെളിമയോടെ ജിച്ചേട്ടന്റെ മുഖവും ഉണ്ടായിരുന്നു.. അവരിരുവരുടെയും ഒളിഞ്ഞിരുന്നുകൊണ്ടുള്ള മനസ്സിന്റെ ചാഞ്ചട്ടങ്ങളെ ബന്ധിപ്പിച്ചിരുന്നത് കുഞ്ഞിപ്പെണ്ണായിരുന്നു... വാത്സല്യത്തോടെ കുഞ്ഞിനെ വാരിയെടുക്കുമ്പോൾ അവളിൽ നിറഞ്ഞുനിൽക്കുന്ന തന്റെ പെണ്ണിന്റെ ഗന്ധവും ജീവ തിരിച്ചറിഞ്ഞിരുന്നു.. ഉള്ളിലേക്കാവഹിച്ചിരുന്നു.. നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന കുഞ്ഞിപ്പെണ്ണിനൊപ്പം അവളേം ചേർത്തുപിടിക്കാൻ മോഹിച്ചിരുന്നു.. അവിടന്ന് തിരിച്ചിറങ്ങുമ്പോൾ ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെയും ചുറ്റുപാടും പായുന്ന കണ്ണുകളെയും ശാസനയോടെ പിടിച്ചു നിർത്തുമായിരുന്നു.. അകത്തപ്പോൾ ഒരമ്മ കുഞ്ഞിപ്പെണ്ണിന്റെ അച്ഛൻ ചുണ്ട് ചേർത്ത നെറ്റിയിലും താടിയിലും വിരൽ തുമ്പിലുമെല്ലാം കൊതിയോടെ ചുണ്ട് ചേർത്തിരുന്നു.. അവന്റെ ഗന്ധത്തെ തിരഞ്ഞിരുന്നു.. കുഞ്ഞിപ്പെണ്ണിന്റെ പേരുവിളി കഴിഞ്ഞുള്ള ആഴ്ചയിലേക്ക് കല്യാണം നീട്ടണമെന്നുള്ള രുദ്രന്റെ തീരുമാനത്തെ എല്ലാവരും ഒരുപോലെ സ്വീകരിച്ചിരുന്നു..

അതല്ലേൽ കല്യാണ തിരക്കുകളിൽ പെട്ട് ലച്ചുവിന്റെയും കുഞ്ഞിന്റെയും കാര്യത്തിൽ എന്തേലും പോരായ്മ വരുമോ എന്നുള്ള ആധി എല്ലാരിലും ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ പെരുവിളിക്കപ്പുറം ഒരു നല്ല മുഹൂർത്തം വിവാഹത്തിനായി തിരഞ്ഞെടുത്തു... കുഞ്ഞിപ്പെണ്ണിന്റെ തൊണ്ണൂറ് തികയുന്നന്ന് ജീവയുടെ വീട്ടിൽ വച്ച് തന്നെ പേരിടാനും ചരട് കെട്ടാനും തീരുമാനിച്ചിരുന്നു.. അന്ന് രാവിലെ ലച്ചുവിനെയും കുഞ്ഞിനേയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ തുടങ്ങുകയാണ് ജീവ.. ഇത്രനാളുമില്ലാത്ത ആവേശമായിരുന്നവന്.. തന്റെ കുഞ്ഞിനേയും പെണ്ണിനേയും ചേർത്തുപിടിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്നതും ഓർത്ത് ഉറക്കംപോലും രാത്രി ഉണ്ടായിരുന്നില്ല.. ഓരോ നിമിഷങ്ങളുമെണ്ണി കാത്തിരിക്കുകയായിരുന്നവൻ.. രാവിലെ തന്നെ കുളിച്ചൊരുങ്ങി നിറഞ്ഞ പുഞ്ചിരിയാലെ ലച്ചുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെ കുഞ്ഞിപ്പെണ്ണും അവളുടെ അമ്മയുമായിരുന്നു.. നേരത്തെ കുളിയും കഴിഞ്ഞ് കുഞ്ഞിപ്പെണ്ണിനെ കുളിപ്പിച്ച് ഉറക്കി കിടത്തിയിരുന്നു ലച്ചു.. തലേദിവസം നിവി കൊണ്ടുകൊടുത്ത ചുവപ്പ് കരയുള്ള സെറ്റുമുണ്ട് വൃത്തിയിൽ ഞൊറിഞ്ഞിടുക്കുമ്പോഴാണ് കുഞ്ഞിപ്പെണ്ണൊന്നു ചിണുങ്ങിയത്..

ചിണുങ്ങൾ പിന്നെ നല്ലൊരു കരച്ചിലേക്ക് വഴി മാറുമ്പോഴേക്കും മേൽമുണ്ടോന്ന് വാരി ചുറ്റി ലച്ചു ഓടി വന്നു കുഞ്ഞിനെയെടുത്തിരുന്നു... അമ്മയുടെ കൈയിൽ എത്തിച്ചേർന്നതും പെണ്ണ് കണ്ണുകൾ തുറക്കാതെ തന്നെ മാറിൽ പരതുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് ലച്ചു മേൽമുണ്ടൊന്നു താഴ്ത്തി നഗ്നമായ മാറിലേക്കവളെ ചേർത്തു പിടിച്ചു.. ആശിച്ചതെന്തോ അതന്നെ കിട്ടിയതും കുഞ്ഞിപ്പെണ്ണിന്റെ പരിഭവമെല്ലാം മാറി അവൾ കൊതിയോടെ മുലപ്പാൽ നുണഞ്ഞുകൊണ്ടിരുന്നു.. ചെറിയൊരു മൂളിപ്പാട്ടോടെ ലച്ചു കുഞ്ഞിന്റെ കാലിൽ താളം പിടിച്ചുകൊണ്ട് കണ്ണുകളടച്ചു പുഞ്ചിരിയാലിരുന്നു.. ആ പുഞ്ചിരിയിലും നിറഞ്ഞു നിന്നിരുന്നത് അവളുടെ പാതിയുടെ ഓർമകളായിരുന്നു... ചാരിയിട്ടിരുന്ന മുറിയുടെ വാതിൽ തുറന്നുകൊണ്ട് അകത്തേക്ക് കയറിയ ജീവ കുഞ്ഞിപ്പെണ്ണിനെ മാറോടുചേർത്ത് മുലയൂട്ടുന്ന ലച്ചുവിനെ കണ്ടതും നിശ്ചലനായി നിന്നുപോയിരുന്നു.. അവനൊരു അച്ഛനായിരുന്നു.. നഗ്നമായ മാറിടവുമായി ഇരിക്കുന്ന പെണ്ണവന്റെ കണ്ണിൽ തെളിഞ്ഞിരുന്നില്ല.. തന്റെ കുഞ്ഞിനെ മാറോടാണച്ചുകൊണ്ട് അമൃത് പകരുന്ന അവളിലെ അമ്മ അവന്റെ കണ്ണിനേയും മനസിനെയും നിറച്ചിരുന്നു... പിതൃത്വത്തിന്റെ അമൂല്യ നിമിഷങ്ങളിലൊന്നു... അവനത് ഹൃദയത്തിലേറ്റുകയായിരുന്നു.. നിറഞ്ഞ സംതൃപ്തിയോടെ...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story