നിഴലായ് നിൻകൂടെ: ഭാഗം 14

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

പേരുവിളിയും നൂലുകെട്ടും കാര്യങ്ങളുമായി ചുറ്റുമുള്ള എല്ലാവരെയും നോക്കികണ്ടും പുഞ്ചിരിച്ചും ചിണുങ്ങിയും കളിച്ചും കുഞ്ഞിപ്പെണ്ണാകെ ക്ഷീണിച്ചുപോയിരുന്നു.. പതിയെ പതിയെ ചിരിയും കളികളും മാറി വാശിയിലേക്ക് കടക്കുമ്പോൾ എല്ലാവരും മാറി മാറി എടുത്തുനടക്കുന്നതിന്റെ അസ്വസ്ഥതകളും പെണ്ണിൽ പ്രകടമായിരുന്നു.. വാശിയോടെ കരയുന്ന കുഞ്ഞിപ്പെണ്ണിനെ വാരി നെഞ്ചോട് ചേർത്തതാണ് ജീവ.. അച്ഛന്റെ സാമീപ്യം തിരിച്ചറിഞ്ഞതും വിതുമ്പുന്ന ചുണ്ടുകളാലെ അവളച്ഛനെ ഒന്ന് നോക്കി.. ചെറിയ സ്വരങ്ങളും വീർപ്പിച്ച ചുണ്ടുകളുമായി അതുവരെയുള്ള പരിഭവങ്ങൾ അച്ഛനോട് അവളുടെ ഭാഷയിൽ പറഞ്ഞുകൊണ്ടിരുന്നു... വല്ലാത്തൊരു സ്നേഹത്തോടെ അവനതെല്ലാം ശ്രദ്ധിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണിനെ കൊഞ്ചിക്കാനും കളിപ്പിക്കാനും തുടങ്ങി.. ഇടക്ക് വിതുമ്പുന്ന കുഞ്ഞി ചുണ്ടിലും ഒന്ന് ചുണ്ട് ചേർത്തു.. ഒത്തിരി വാത്സല്യത്തോടെ... അച്ഛന്റെ ചൂടും പറ്റി ആ വിരിഞ്ഞ നെഞ്ചിൽ ചേർന്ന് കുഞ്ഞിപ്പെണ്ണ് ഹൃദയതാളത്തിന്റെ താരാട്ടിൽ പതിയെ മയങ്ങിപോവുന്നുണ്ടായിരുന്നു... അവളുടെ കണ്ണുകളുടെ ക്ഷീണത്തോടുള്ള ചലനങ്ങൾക്കനുസരിച്ചുകൊണ്ട് ഒരച്ഛൻ കുഞ്ഞികാലിൽ തട്ടി പതിയെ മൂളിക്കൊണ്ടിരുന്നു.. തിരക്കുകളിൽ നിന്നും മാറി മുറിയിലേക്ക് പെണ്ണുമായി കയറുമ്പോഴും ഇടയ്ക്കിടെ കുഞ്ഞിക്കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്തുകൊണ്ടവൾ ഉറക്കത്തിലേക്ക് വഴുതുകയായിരുന്നു..

ഒന്നുകൂടവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ കുഞ്ഞികാലിൽ തട്ടി മൂളിക്കൊണ്ട് മുറിയിലൂടെ നടക്കുമ്പോൾ ചെറു പുഞ്ചിരിയോടെ കുഞ്ഞിപ്പെണ്ണ് ഉറങ്ങുകയായിരുന്നു.. അവളുടെ അച്ഛന്റെ ചൂടുംപറ്റി... തിരക്കുകൾക്കിടയിൽ അച്ഛനെയും മകളെയും കാണാതെ തിരക്കി വന്നതായിരുന്നു ലച്ചു.. മുറിയുടെ വാതിലും കടന്ന് അകത്തേക്കെത്തിയതും കണ്ടു കട്ടിലിൽ കുഞ്ഞിപ്പെണ്ണിനേയും ചേർത്തുപിടിച്ചുകൊണ്ട് കിടന്നുറങ്ങുന്ന അവളുടെ ജിച്ചേട്ടനെ.. കുഞ്ഞിപ്പെണ്ണു കിടക്കുന്നതിനു ഒരു വശത്തു തലയിണകൊണ്ട് തട തീർത്തിട്ടുണ്ട്.. മറുവശത്തു അവളോട് ചേർന്ന് കെട്ടിപിടിച്ചുകൊണ്ട് കിടക്കുന്ന ജീവയുടെ അധരങ്ങൾ കുഞ്ഞിയുടെ നെറുകയിൽ അമർന്നിരുന്നു... ഒരു നിമിഷം വാതിലിൽ ചാരി നിന്നുകൊണ്ട് ആ പെണ്ണാ കാഴ്ചകൾ ഉളിലേക്കാവാഹിക്കുകയായിരുന്നു.. ഒത്തിരി ഒത്തിരി സന്തോഷത്തോടെ... ശബ്ദമുണ്ടാക്കാതെ അവർക്കടുത്തേക്ക് നടന്നുകൊണ്ട് പുതപ്പിനാൽ ഇരുവരെയും പൊതിഞ്ഞുകൊടുക്കുമ്പോൾ ആ പെണ്ണിൽ വാത്സല്യമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.. അതേ വാത്സല്യത്തോടെ കുഞ്ഞിപ്പെണ്ണിന്റെ കവിളിലും താടിയിലും ചുണ്ട് ചേർത്തിരുന്നു.. തൊട്ടടുത്തുള്ള പാതിയുടെ മുടിയിഴകളിൽ വിരലോടിച്ചു.. " ഇനിയും ഇതൊക്കെ വേണോ ദേവേട്ടാ??..

കുഞ്ഞിനെ പറ്റി ചിന്തിച്ചൂടെ നമുക്ക്??.." കൈയിലെ ഗുളികയിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് തീർത്ഥ ചോദിക്കുമ്പോൾ കുഞ്ഞിപ്പെണ്ണിന്റെ മുഖമായിരുന്നു അവളുടെ ഉള്ളിൽ... കട്ടിലിൽ കിടക്കുകയായിരുന്ന ദേവൻ എഴുന്നേറ്റ് അവളുടെ പുറകിലൂടെ ചെന്നു വയറിൽ ചുറ്റിപിടിച്ചു.. " വേണോടാ??.. എന്റെ കുഞ്ഞെപ്പോഴും നീ അല്ലേ പെണ്ണെ.. നിന്നെ സ്നേഹിച്ചും കൊഞ്ചിച്ചും കൊതിതീർന്നില്ലടാ.. " തീർത്ഥയുടെ ചെവിയിലായി ചുണ്ട് ചേർത്തുകൊണ്ടവൻ പറഞ്ഞു.. " അതല്ല ഏട്ടാ.. ലച്ചൂന്റെ വാവേ കാണുമ്പോ എന്തോ.. കൊതി തോന്നാ.. നമുക്കും വേണ്ടേ അങ്ങനെ വാവ..?? " ആ പെണ്ണൊന്നു ചിണുങ്ങിക്കൊണ്ട് അവനോട് ചേർന്നു.. വയറിൽ ഇഴയുന്ന അവന്റെ കയ്യ്കൾക്കൊപ്പം ഏങ്ങിക്കൊണ്ട് പറഞ്ഞിരുന്നു.. " വേണം.. ഇപ്പോ അല്ല.. പതിയെ മതി.. ഇപ്പോൾ എനിക്കെന്റെ ശിവ മാത്രം മതി.. നിനക്കീ ദേവനും.. " പതിഞ്ഞ സ്വരത്തിൽ പറയുന്ന ദേവന്റെ അധരങ്ങൾ അവളുടെ ചെവിയിൽ നിന്നും പിൻകഴുത്തിലൂടരിച്ചിറങ്ങുമ്പോൾ ഇരുവരും അവരുടെ പ്രണയം പരസ്പരം കയ്യ്മാറാൻ തയ്യാറെടുക്കുകയായിരുന്നു... രാത്രിയിൽ അടുക്കള ഒതുക്കാനും മറ്റും ദേവിയെ സഹായിച്ചുകൊടുത്തിട്ട് മുറിയിലേക്ക് നടക്കുകയായിരുന്നു ലച്ചു.. ഒപ്പം നിവിയുമുണ്ട്.. " കുഞ്ഞാവേടെ പേര് കൊള്ളാലെ ലച്ചൂ.. നിക്ക് നല്ല ഇഷ്ടായി.. 'ജാനികാലക്ഷ്മി ജീവ പ്രകാശ് ' ഓഹ്.. " സന്തോഷത്തോടെ പറയുന്ന പെണ്ണിനെനോക്കി ലച്ചുവോന്നു പുഞ്ചിരിച്ചു.. " നിക്കും ഇഷ്ടായി... നല്ല പേരാ.. "

" ജിച്ചേട്ടന്റെ സെലെക്ഷൻ ആട്ടോ.. അതാണ്‌.. അച്ഛനാണെൽ വല്ല ലൊട്ടുലോടുക്ക് പേരിട്ടേനെ.. " അവളൊന്നു കുലുങ്ങിചിരിച്ചു.. പെണ്ണിന്റെ സന്തോഷം നോക്കികാണുകയായിരുന്നു ലച്ചു.. ഇന്നീ കാണുന്ന എല്ലാവരുടെയും വിടർന്ന പുഞ്ചിരിക്കും നിറഞ്ഞ മനസിനും കാരണക്കാരനായവനെ ഓർത്തു.. അവനില്ലായിരുന്നേൽ അവളുടെയും കുഞ്ഞിന്റെയും ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചുനോക്കി.. വീട്ടിൽ ഓരോരുത്തരുടെയും അവസ്ഥയും... സ്വന്തം ജീവിതംകൊണ്ടവനൊരു ഉത്തരമുണ്ടാക്കിയിരിക്കുന്നു... എല്ലാരേയും തകർത്തുകളയാൻ കെൽപ്പുണ്ടായ സമസ്യക്കൊരു പരിഹാരംപോൽ... കൂടുതൽ തെളിമയിൽ അവൾക്കുള്ളിൽ ജിച്ചേട്ടൻ നിറഞ്ഞു നിന്നു.. നാളുകൾക്കിപ്പുറം കണ്ട ആ മുഖത്തെ ഓരോന്നും ഓർത്തെടുക്കുകയായിരുന്നു പെണ്ണ്.. കട്ടിയായ പുരികങ്ങളും നീണ്ട മുടിയിഴകളും കരുത്തുറ്റ മീശരോമങ്ങളും തിങ്ങി വളർന്ന താടിക്കുള്ളിൽ ഒളിച്ചിരിക്കും നുണക്കുഴിയും... എല്ലാമെല്ലാം... സ്നേഹമായിരുന്നു ആ പെണ്ണിനവനോട്... ബഹുമാനമായിരുന്നു അവനിലെ അച്ഛനോട്... ആദരവായിരുന്നു തന്റെ പാതിയോട്... ഒപ്പം ഉള്ളിനുള്ളിൽ വേർതിരിച്ചറിയാൻ മടിക്കുന്ന മറ്റ് പല വികാരങ്ങളും.. " ന്റെ ലച്ചൂ... ജിച്ചേട്ടന്റെ പേര് കേട്ടപ്പോളേക്കും നീയങ്ങു ചുവന്നുതുടുക്കുന്നല്ലോ പെണ്ണേ.. ഇത്രേം നാണം ഇനീം വേണോ??.. " ചുവപ്പുരാശി പടരുന്ന കവിൾതടങ്ങളുമായി ജീവയെ പറ്റി ചിന്തിച്ചുനിൽക്കുന്ന ലച്ചുവിനെ ചുറ്റിപ്പിടിച്ചുകൊണ്ട് നിവി ചോദിക്കുമ്പോൾ വല്ലാത്തൊരു വെപ്രാളമായിരുന്നു പെണ്ണിന്... " നിക്ക് മനസിലാവുന്നുണ്ട്ട്ടോ.. മ്മ്.. മ്മ്.. കൊറേ നാളായി കണ്ടതിന്റെ അല്ലേ ഇപ്പോ.. നടക്കട്ടെ.. നടക്കട്ടെ.. "

കളിയാക്കി പറഞ്ഞുകൊണ്ടിരിക്കുന്ന നിവിയുടെ മൂക്കിൻ തുമ്പിലായൊന്നു വലിച്ചു .. " പോടീ പെണ്ണേ.. നിനക്ക് വട്ടാ.. " ഉള്ളിലെ വെപ്രാളം മറച്ചുവച്ചുകൊണ്ടവൾ പറഞ്ഞു.. " പിന്നെ.. അല്ലേലും ന്റെ ജിച്ചേട്ടൻ കട്ട റൊമാന്റിക്കാണെന്ന് നിന്നെ കണ്ടാ തന്നെ അറിഞ്ഞൂടെ ലച്ചൂ.. സൂക്ഷിച്ചോ കൊച്ചേ നീയ് .. വാവയായപ്പോ എന്ത് ഭംഗിയാടി നിനക്ക്... ഇനിയങ്ങൊരു പിന്നീന്ന് പോവില്ലല്ലോ.." ലച്ചുവിന്റെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് നിവി പറയുമ്പോൾ സന്തോഷവും വെപ്രാളവും കൂടികലർന്നൊരു വികാരമായിരുന്നവൾക്ക്... മുറിയിലേക്ക് കടന്നതും അവൾ കണ്ടു കട്ടിലിൽ കിടന്നു കളിച്ചുകൊണ്ടിരിക്കുന്ന അച്ഛനെയും മകളെയും.. കുഞ്ഞിനൊപ്പം കിടന്നുകൊണ്ട് അവളുടെ കളിചിരികൾക്കൊപ്പം കൂടുന്ന ജിച്ചേട്ടന്റെ മുഖത്തെ സന്തോഷം നോക്കികാണുകയായിരുന്നവൾ... ചിരിക്കുമ്പോൾ ആ കണ്ണുകൾ അടഞ്ഞുപോകുംവിധം ചെറുതാകുന്നതും താടിരോമങ്ങൾക്കിടയിൽ നുണക്കുഴി തെളിഞ്ഞുവരുന്നതും വല്ലാത്തൊരു ആവേശത്തോടെ നോക്കി പെണ്ണ്... പ്രണയമാണോ എനിക്ക് നിങ്ങളോട് ?? അറിയില്ല... പ്രാണനാണ് ന്റെ... ഇന്നീ പെണ്ണിന്റെ ജീവനും ജീവിതവും നിലനിൽക്കുന്നത് തന്നെ നിങ്ങളിലൂടെയാണ്... ന്റെ ജന്മം മുഴുവനും ഈ അച്ഛന്റെയും മകളുടെയും സ്നേഹത്തിൽ തളച്ചിടാൻ തോന്നുന്നു ജിച്ചേട്ടാ.. ഒത്തിരി കൊതിതോന്നുന്നു ഈ ജീവിതത്തോട് പോലും... അവളൊന്നു മനസ്സുനിറഞ്ഞു പുഞ്ചിരിച്ചു... അതേ പുഞ്ചിരിയോടെ അച്ഛനും മകൾക്കുമടുത്തേക്ക് നടന്നു.. " നല്ല കളിയാണല്ലോ രണ്ടാളും... രാത്രി ഉറക്കമൊന്നുല്ല്യേ..??.. " ലച്ചുവിന്റെ ശബ്ദം കേട്ടതും ഇരുവരും കളിചിരികൾക്കിടയിൽ തിരിഞ്ഞുനോക്കി..

അവളെ കണ്ടതും കുഞ്ഞിപ്പെണ്ണിന്റെയും അച്ഛന്റെയും കണ്ണുകൾ വിടർന്നിരുന്നു... അമ്മയെ കണ്ട കുഞ്ഞിപ്പെണ്ണ് കയ്യ്കാലിട്ടടിച്ചു ചിരിച്ചു കുണുങ്ങിക്കൊണ്ടിരുന്നു.. അപ്പോഴും അവളുടെ അച്ഛൻ വിയർപ്പുത്തുള്ളികളിൽ ലയിക്കുന്ന സിന്ദൂരചുവപ്പിനാൽ അഴകേറിയ പെണ്ണിനെ നോക്കികാണുകയായിരുന്നു... " വൈകീട്ട് ഉറങ്ങിയോണ്ടാവും.. ഇനിപ്പോ കളിച്ചു കിടന്ന് നേരം വെളിപ്പിക്കോടി കുഞ്ഞാപ്പി.. " കുഞ്ഞിപ്പെണ്ണിന്റെ അടുത്തായി വന്നിരുന്നുകൊണ്ടവൾ കുഞ്ഞിമൂക്കിൽ മൂക്കുരസി.. കയ്യ്കൊണ്ട് അമ്മയുടെ കവിളിലും കഴുത്തിലും അവൾ പരതുമ്പോൾ അവരിരുവരുടെയും കളികൾ നോക്കിക്കൊണ്ട് അടുത്ത് തന്നെ അച്ഛനും ഉണ്ടായിരുന്നു.. ആ കണ്ണുകളും തങ്ങളിലായിരിക്കുമെന്നോർത്തതും പെണ്ണിനാകെ വിറയലായിരുന്നു... കുറച്ചുനേരം അമ്മയെയും മകളെയും നോക്കികൊണ്ടിരുന്ന ജീവ കട്ടിലിൽ നിന്നും എണീറ്റുകൊണ്ട് താഴെ പായ വിരിക്കുന്നത് കാൺകേ ഉള്ളിൽ നോവുന്നുണ്ടായിരുന്നു അവൾക്.. തലയിണയും പുതപ്പുമെടുത്ത് തിരിയുന്നവന്റെ കൈയിൽ പിടിച്ചുനിർത്തി പെണ്ണ്.. " താഴെ കിടക്കേണ്ട.." തല കുനിച്ചുകൊണ്ട് പറയുന്ന പെണ്ണിനെ അത്ഭുതത്തോടെ നോക്കി നിന്നവൻ.. " വാവ.. വാവേടെ കൂടെ കിടന്നൂടെ.. " മുഖമുയർത്തി അവനോടായി ചോദിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞുവരുന്നുണ്ടായിരുന്നു.. " ഞാൻ... വേണ്ട ലച്ചൂ.. നിങ്ങൾക്ക് കിടക്കാൻ തന്നെ സ്ഥലം പോരായ്കയാവും.. ഞാനിവിടെ പഴേപോലെ കിടന്നോളാം.. " നിറയുന്ന കണ്ണുകളെ തടഞ്ഞുനിർത്തി അവൻ പറയുമ്പോൾ ആ പെണ്ണാ കണ്ണുകളിലെ ആഴത്തിൽ മുങ്ങിപോയികൊണ്ടിരിക്കുകയായിരുന്നു.. " നിക്കും വാവക്കും ഇത്രേം സ്ഥലമൊന്നും വേണ്ടാ.. ജിച്ചേട്ടനിവിടെ കിടക്കൂ..

വാവക്ക് അച്ഛനടുത്തു കിടക്കണം.. " മടിച്ചുനിൽക്കുന്ന അവനെ തന്നെ നോക്കികൊണ്ട് പെണ്ണ് പറയുമ്പോൾ കുഞ്ഞിപ്പെണ്ണ് അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.. അവനാ കുഞ്ഞിനെ തന്നെ കൊതിയോടെ നോക്കി നിന്നു... " വാവേടെ കൂടെ കിടന്നാൽ മതി.. ഇല്ലേൽ ന്നോട് പെണങ്ങൂട്ടോ വാവ.. " കുസൃതിയോടെ പറഞ്ഞുകൊണ്ട് നിലത്തുവിരിച്ച പായ മടക്കി വയ്ക്കുന്നവളെ അവൻ നോക്കിക്കൊണ്ടിരുന്നു.. വല്ലാത്തൊരു സന്തോഷം വന്നവനെ പൊതിയുന്നുണ്ടായിരുന്നു.. ഇതുവരെ ആശിക്കാത്ത മോഹങ്ങൾ പലതും ഉള്ളിൽ മുളപൊട്ടുന്നതവനറിയുന്നുണ്ടായിരുന്നു... നിറഞ്ഞ സന്തോഷത്തോടെ കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു മുത്തങ്ങൾക്കൊണ്ട്മൂടുമ്പോൾ നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുകൾ ഉള്ളിലെ ആഹ്ലാദം വിളിച്ചോതുകയായിരുന്നു.. അച്ഛന്റെ താടിരോമങ്ങളിൽ പിടിച്ചു കളിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണും സന്തോഷിക്കുമ്പോൾ നിറഞ്ഞ മനസ്സോടെ അമ്മയും അവരെ തന്നെ നോക്കികൊണ്ടിരുന്നു... കുഞ്ഞിപ്പെണ്ണിനെ നടുക്കുകിടത്തി ഇരുവശത്തും കിടന്നുകൊണ്ട് അച്ഛനും അമ്മയും കൊഞ്ചിക്കുമ്പോൾ ഇതുവരെയില്ലാത്ത സന്തോഷമായിരുന്നു ആ കുഞ്ഞുമുഖത്ത്.. ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് അവൾ അവളുടെ സന്തോഷം കയ്യ്കാലിട്ട് പ്രകടിപ്പിച്ചു.. ഇടക്ക് ശബ്ദങ്ങൾ ഉണ്ടാക്കി.. ഇടക്ക് അമ്മയെയും അച്ഛനെയും കുഞ്ഞി കയ്യാൽ തഴുകി..

ചെറു മുത്തങ്ങൾ പലപ്പോഴായി നൽകികൊണ്ട് അമ്മയും അച്ഛനും കുഞ്ഞിപ്പെണ്ണിന്റെ സന്തോഷത്തിൽ ചേരുമ്പോഴും ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തിന്റെ താളത്തിൽ അവരിരുവരും ഉലഞ്ഞിരുന്നു.. ഇടക്കൊരോ നോട്ടം കൊണ്ട് തന്റെ പെണ്ണിനെ ജീവ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ അതറിഞ്ഞുകൊണ്ടവളുടെ കവിളിണകൾ നാണിച്ചിരുന്നു... മുലപ്പാലിനായി കുഞ്ഞിപ്പെണ്ണ് അമ്മയുടെ മാറിൽ പരതുമ്പോൾ വെപ്രാളത്തോടെ ലച്ചു ജീവയെ നോക്കി.. അവനും ഒരു നിമിഷം സ്തംഭിച്ചു.. ഉരുതിരിഞ്ഞുവരുന്ന വെപ്രാളത്തെ അടക്കിനിർത്തി കിടക്കയിൽ നിന്നെഴുനേറ്റ് പുറത്തേക്കു നടന്നിരുന്നു... പുഞ്ചിരിയോടെ ചിണുങ്ങുന്ന കുഞ്ഞിനെ മാറിലേക്ക് ചേർത്തുകൊണ്ട് കിടക്കുമ്പോൾ ജീവയെന്ന പുരുഷനെ മനസ്സിൽ നിറയ്ക്കുകയായിരുന്നവൾ... നേർമയേറിയ ഒരു നോട്ടംകൊണ്ടുപോലും തന്നെ വിവശയാക്കാൻ കഴിയുന്ന അവന്റെ കണ്ണുകളെ അവൾ പ്രണയിക്കുകയായിരുന്നു... കുഞ്ഞിപ്പെണ്ണിന്റെ ഇരുവശവും ചേർന്നുകിടന്നുകൊണ്ട് അച്ഛനും അമ്മയും കുഞ്ഞുമായുള്ള ലോകം തീർത്തുകൊണ്ടവർ തുടർന്നുപോന്നു... അവരിരുവരുടെയും ദിനങ്ങളുടെ തുടക്കവും ഒടുക്കവും ആ കുഞ്ഞിപ്പെണ്ണിൽ തന്നെയായിരുന്നു.. പലപ്പോഴും നോട്ടംകൊണ്ട് ഉള്ളിലെ അതിരുകളില്ലാത്ത സ്നേഹത്തെ പരസ്പരം മനസിലാക്കിയിരുന്നെങ്കിൽ കൂടി എന്തോ ഒന്ന് അവരിരുവരെയും അകറ്റികൊണ്ട് തന്നെ നിർത്തിയിരുന്നു... കുഞ്ഞിനു മുലപാൽ നൽക്കും നേരങ്ങളിൽ ലച്ചുവിനൊരു ശല്യമാകാതിരിക്കാൻ പാതിരാതിയിൽ പോലും ശ്രമിക്കുന്ന ജീവയെ ആ പെണ്ണ് ബഹുമാനിച്ചിരുന്നു.. ഒത്തിരി ഒത്തിരി..

കുഞ്ഞിപ്പെണ്ണിനെ പുൽകികിടക്കും രാവുകളിൽ പരസ്പരം അറിയാതെ തൊട്ടുരുമുന്ന വിരൽത്തുമ്പുകൾ പോലും പ്രണയം കയ്യ്മാറുന്നുണ്ടായിരുന്നു... ഉള്ളിലൊളിപ്പിക്കാൻ ശ്രമിക്കുന്ന പ്രണയം ഇരുവരിലും വിറയലും വിയർപ്പുത്തുള്ളികളും സൃഷ്ടിക്കുമ്പോൾ കുഞ്ഞിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരിരുവരും പാടുപെട്ടുകൊണ്ടിരുന്നു... അവളുടെ പ്രണയത്താൽ പൊതിഞ്ഞ പുഞ്ചിരിയെ നെഞ്ചിലേറ്റിക്കൊണ്ട് അവനും അവന്റെ പ്രണയത്തിൽ നിന്നുള്ള നോട്ടത്തെ നെഞ്ചിലേറ്റി അവളും ഉള്ളിലെ പ്രണയത്തിന്റെ സ്വപ്നങ്ങൾക്ക് വ്യാപതികൂട്ടിക്കൊണ്ടിരുന്നു.. ഒരാഴ്ചക്കിപ്പുറം ഇന്ന് രുദ്രന്റെയും നിവിയുടെയും കല്യാണമാണ്.. കല്യാണത്തിരക്കുകൾക്കിടയിൽപോലും കുഞ്ഞിനെ വാരിയെടുക്കുവാനും മുത്തങ്ങൾക്കൊണ്ട് മൂടുവാനും ഇടയ്ക്കിടെ ഓടി വരുന്ന ജിച്ചേട്ടനിലെ അച്ഛനെ പ്രണയിക്കുകയായിരുന്നു ലച്ചു... പലപ്പോഴും വിയർപ്പിൽ കുളിച്ചുകൊണ്ടോടിവരുന്നവന്റെ ഗന്ധത്തെ കൊതിയോടെ ഉള്ളിലേറ്റുകയായിരുന്നു അവളിലെ പെൺഹൃദയം.. രാവിലെ കുഞ്ഞിപ്പെണ്ണിനെ കുളിപ്പിച്ച് പാലും കൊടുത്തു ഉറക്കിക്കൊണ്ട് വാലിട്ട് കണ്ണുകൾ എഴുതി കിടത്തിയിരുന്നു ലച്ചു.. അവളുറങ്ങും നേരം നോക്കി നിവിയെ സാരി ഉടുപ്പിക്കാനും മറ്റും തീർത്ഥയ്ക്കൊപ്പം കൂടുമ്പോഴും ഇടയ്ക്കിടെ ഉറങ്ങി കിടക്കും കുഞ്ഞിനെ വന്നെത്തി നോക്കാനും അവൾ മറന്നിരുന്നില്ല.. അമ്മയല്ലേ... മറ്റെന്ത് മറന്നാലും ഒരു നിമിഷംപോലും കുഞ്ഞിനെ വിട്ടൊരു ചിന്തയില്ലല്ലോ.. നിവിയുടെ ഒരുക്കം പൂർത്തിയാകുമ്പോൾ തന്നെ നേരം മുഹൂർത്തത്തിനോടടുക്കാറായിരുന്നു...

ഓടിപെടഞ്ഞുകൊണ്ട് മുറിയിലെത്തി സാരി ചുറ്റുകയായിരുന്നു ലച്ചു.. ആകെ വിയർത്തൊലിച്ചതുകൊണ്ട് തന്നെ ദേഹത്തോടൊട്ടിപിടിക്കുന്ന സാരി പാടുപെട്ട് ഞൊറിഞ്ഞിടുക്കുന്നതിനിടയിലാണ് അകത്തെ കുളിമുറിയുടെ വാതിലും തുറന്ന് ജീവ മുറിയിലേക്ക് കയറിയത്.. ശബ്ദം കേട്ട് മുഖമുയർത്തി നോക്കിയ ലച്ചു തല തുടച്ചുകൊണ്ടിരിങ്ങിവരുന്ന ജീവയെ കണ്ടതും നിശ്ചലയായി നിന്നുപോയിരുന്നു.. ആദ്യമായിട്ടായിരുന്നു അവനെ അപ്രകാരമവൾ കാണുന്നത്.. കുളികഴിഞ്ഞൊരു മുണ്ടും ഉടുത്ത് തലയും തോർത്തിക്കൊണ്ടവൻ നിൽക്കുമ്പോൾ വിരിഞ്ഞ മാറിലെ കറുപ്പ് രോമകാടുകളിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികളെ അവൾ അത്ഭുതത്തോടെ നോക്കി നിന്നു.. ഉള്ളിലവനോടുള്ള പ്രണയത്താൽ തുടിക്കുന്ന ഇടനെഞ്ചിനെ അടക്കിനിർത്താൻ ശ്രമിക്കുമ്പോഴും ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ കണ്ണുകളടച്ചുകൊണ്ട് തന്നെ തലയിലെ വെള്ളം തുടക്കുകയായിരുന്നവൻ.. കഴുത്തിലെയും താടിയിലെയും വെള്ളം ഒപ്പിയെടുത്തുകൊണ്ട് കണ്ണുകൾ തുറന്നു നോക്കിയപ്പോഴാണ് ജീവ അവനെ തന്നെ ശ്രദ്ധിച്ചുകൊണ്ട് നിശ്ചലയായി നിൽക്കുന്ന ലച്ചുവിനെ കണ്ടത്.. ഒരു നിമിഷം അവനുമൊന്നു പരുങ്ങിയെങ്കിലും തന്നിൽ തന്നെ ഓടിനടക്കുന്ന അവളുടെ കണ്ണുകളുടെ കാന്തികശക്തിയിൽ പെട്ടുപോയിരുന്നു.. അവളെ നോക്കിക്കാണുകയായിരുന്നു അവൻ.. വാരിചുറ്റിയ സാരിതലപ്പുകൊണ്ട് മാറ് മറച്ചു അരയിൽ കുത്തേണ്ട ഞൊറികൾ കയ്യാൽ ഞൊറിഞ്ഞുപിടിച്ചുകൊണ്ട് നിൽക്കുന്ന പെണ്ണ്.. അവളുടെ മുഖത്തും കഴുത്തിലും വിയർപ്പുത്തുള്ളികൾ ഉറ്റ് നിൽപ്പുണ്ടായിരുന്നു..

വല്ലാത്തൊരു ആവേശത്തോടെ അവന്റെ കണ്ണുകൾ അവളുടെ മൂക്കിലും മേൽചുണ്ടിന് മുകളിലുമായി പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുകണങ്ങളെ തേടിക്കൊണ്ടിരുന്നു.. കണ്ണുകൾ അവളുടെ കഴുത്തിലൂടരിച്ചിറങ്ങി അണിവയറിലെത്തുമ്പോൾ അവയിലെ പ്രണയഭാവം മാറി വാത്സല്യം നിറയുന്നുണ്ടായിരുന്നു.. വെളുത്ത അവളുടെ വയറിലെ പാടുകളിലും ചുളിവുകളിലും കണ്ണുകൾ ഓടിനടക്കുമ്പോൾ അറിയാതെ തന്നെയവൻ അവൾക്കടുത്തേക്കായ് ചലിച്ചിരുന്നു... തനിക്കടുത്തേക്ക് നടന്നുവരുന്ന ജിച്ചേട്ടന്റെ കണ്ണുകളെ താങ്ങാനാവാതെ ആ പെണ്ണ് കണ്ണുകളിറുക്കിയടച്ചു നിന്നുപോയി.. അവളുടെ നെറ്റിയിലെയും കഴുത്തിലെയും വിയർപ്പുത്തുള്ളികൾ പാത കണ്ടെത്തി ഒഴുകുന്നുണ്ടായിരുന്നു.. ലച്ചുവിന്റെ മുന്നിൽ വന്നുനിന്നവൻ മുട്ടകുത്തി ഇരിക്കുമ്പോൾ അവന്റെ നിശ്വാസം അവളുടെ രോമാകൂപങ്ങളെ ഉയർത്തെഴുന്നേൽപ്പിച്ചിരുന്നു... തളർന്നു പോവുംപോലെ തോന്നിയാപെണ്ണിന്.. അവളുടെ വയറിലെ ചുളിവുകൾ കാണുംതോറും തന്റെ കുഞ്ഞിനായി അവൾ അനുഭവിച്ച വേദനകളിൽകൂടെ ഒരിക്കൽക്കൂടി അവൻ സഞ്ചരിക്കുകയായിരുന്നു.. പ്രണയഭാവത്തിനുമപ്പുറം ബഹുമാനമായിരുന്നവന് അവളോട്.. ആരാധനയായിരുന്നു.. സ്നേഹമായിരുന്നു... ഒത്തിരി വാത്സല്യത്തോടെ അവൻ ആ പാടുകളിൽ വിരലോടിക്കുമ്പോൾ തളർന്നുപോയ പെണ്ണ് താങ്ങിനായി അവന്റെ തോളിൽ പിടി മുറുക്കിയിരുന്നു.. പിന്നെയും പിന്നെയും ആരാധനയോടെ കുഞ്ഞിപ്പെണ്ണിനെ സംരക്ഷിച്ച ആ ഉദരത്തെ തഴുകുമ്പോൾ തോളിലുള്ള കൈയ്കളുടെ മുറുക്കവും കൂടുന്നുണ്ടായിരുന്നു...

അവളുടെ സ്പർശനം അവനെ പിന്നെയും അവളിലേക്കടുപ്പിക്കുമ്പോൾ കുഞ്ഞിപ്പെണ്ണുണർന്നു കരഞ്ഞിരുന്നു.. ഞെട്ടിപിടഞ്ഞുകൊണ്ട് ഇരുവരും വിട്ട് മാറുമ്പോൾ രണ്ടാളുടെയും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ചെന്നിയിലൂടൊഴുകുകയായിരുന്നു... പരസ്പരം നോക്കാനാവാതെ മുഖം കുമ്പിട്ടുകൊണ്ട് തന്നെ സാരി വലിച്ചുകുത്തി കുഞ്ഞിനടുത്തേക്കവൾ നടക്കുമ്പോൾ അവനും പിന്തിരിഞ്ഞു അലമാരക്കടുത്തേക്ക് നടന്നിരുന്നു.. കുഞ്ഞിനെ വാരിയെടുത്തു കട്ടിലിൽ പുറം തിരിഞ്ഞിരുന്നുകൊണ്ട് മുലപാൽ നൽക്കുമ്പോഴും വയറിൽ പതിഞ്ഞ ജിച്ചേട്ടന്റെ കൈവിരലുകളുടെ ഭാവം തിരയുകയായിരുന്നു അവളുടെ ഉള്ളം.. ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ നിയന്ത്രണത്തിലാക്കിക്കൊണ്ടവൾ കുഞ്ഞിന്റെ വാശി മാറ്റാൻ ശ്രമിക്കുമ്പോൾ കണ്ണാടിയിലൂടെ പിന്തിരിഞ്ഞിരുന്നു പാലൂട്ടുന്നവളെ ഒന്ന് നോക്കികൊണ്ട് കൈയ്‌വിട്ട് പോവുന്ന മനസ്സിന്റെ ചലനങ്ങളെ മാറ്റിയെടുക്കുകയായിരുന്നു അവൻ.. അവളിലെ അമ്മയെ മാത്രം മനസ്സിൽ നിറയ്ക്കാൻ ശ്രമിച്ചുകൊണ്ട്... തേച്ചു വച്ചിരുന്ന ഷർട്ടും മുണ്ടുമണിഞ്ഞു അവൻ തിരിയുമ്പോഴേക്കും കുഞ്ഞിപ്പെണ്ണിനെ കിടത്തി ഉടുപ്പ് മാറ്റുകയായിരുന്നു ലച്ചു.. " വാവേ ഈ ഉടുപ്പ് ഇടീക്കാവോ??... " കൈയിലൊരു കുട്ടിയുടപ്പുമായി കട്ടിലിനെതിർവശം നിൽക്കുന്നവനെ അവളൊന്നു മുഖമുയർത്തി നോക്കി... മൂളിക്കൊണ്ട് അവന്റെ കൈയിൽ നിന്നും ഉടുപ്പ് വാങ്ങി കുഞ്ഞിപ്പെണ്ണിനെ അതുടുപ്പിച്ചു.. കുഞ്ഞി നെറ്റിയിൽ ഒന്ന് ചുംബിച്ചു.. അവനപ്പോഴേക്കും അവർക്കടുത്തേക്കെത്തി കുഞ്ഞിയെ കളിപ്പിക്കാൻ തുടങ്ങിയിരുന്നു.. " സോറി ലച്ചൂ.. " അച്ഛനൊപ്പം മോളെ വിട്ടുകൊണ്ടവൾ കണ്ണാടിയുടെ അടുത്തേക്ക് നടക്കുമ്പോൾ ജീവ പതിയെ പറഞ്ഞു.. " ഞാൻ... അങ്ങനെ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.. ഐ ആം സോറി.. "

മറുപടിയേതും കിട്ടാതായപ്പോൾ ഒരിക്കൽ കൂടെ പറഞ്ഞുകൊണ്ടവൻ കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു നെഞ്ചോടുചേർത്തുകൊണ്ട് പുറത്തേക്കിറങ്ങിയിരുന്നു.. അപ്പോഴും പിന്തിരിഞ്ഞു നിന്നിരുന്ന പെണ്ണിന്റെ ചുണ്ടിൽ ചെറു പുഞ്ചിരിയുണ്ടായിരുന്നു.. അന്നത്തെ ദിവസമാകെ ഒരു തരം ഒളിച്ചുകളിയിലായിരുന്നു ഇരുവരും.. പരസ്പരം മുഖത്തുനോക്കാൻ പറ്റാത്തതുപോലെ.. ഉള്ളിലെ സ്നേഹമെല്ലാം അതിർവരമ്പുകൾ ലങ്കിച്ചുകൊണ്ട് ഒഴുകുമോ എന്നവർ ഭയന്നിരുന്നു... നിറഞ്ഞ പന്തലിനു മുൻപിലുള്ള മണ്ഡപത്തിൽ ഇരിക്കുന്ന രുദ്രനടുത്തേക്ക് നിവി നടന്നുവരുമ്പോൾ അവന്റെ കണ്ണുകൾ അവളെ പ്രണയത്തോടെ നോക്കിക്കാണുകയായിരുന്നു.. അവൾക്കിരുവശവും ഒരേ നിറത്തിലുള്ള സാരി ധരിച്ചുകൊണ്ട് തീർത്ഥയും ലച്ചുവും നിന്നിരുന്നു.. ചിരിച്ചുകൊണ്ട് നിവിയോടൊപ്പം നടക്കുന്ന തീർത്ഥയിൽ തന്നെ ദേവൻ ദൃഷ്ടി പതിപ്പിക്കുമ്പോൾ നിഷ്കളങ്കമായ പുഞ്ചിരിയോടെ അവർക്കൊപ്പം നടക്കുന്ന ലച്ചുവിനെ ജീവയും നോക്കി നിൽക്കുകയായിരുന്നു.. അവളുടെ പുഞ്ചിരിയിൽ സ്വയം ലയിച്ചു ചേരും പോലെ തോന്നുകയായിരുന്നു അവനു... എല്ലാവരുടെയും അനുഗ്രഹത്തോടെ മണ്ഡപത്തിൽ ഇരുന്നുകൊണ്ട് രുദ്രൻ തനിക്കടുത്തായി വന്നിരുന്ന നിവിയെ താലിച്ചാർത്തി സ്വന്തമാക്കുമ്പോൾ നിവിപെണ്ണ് കണ്ണുകളടച്ചു പ്രാർത്ഥനയിലായിരുന്നു.. വർഷങ്ങളായുള്ള അവളുടെ പ്രണയത്തെ സിന്ദൂരത്താൽ ചുവപ്പിക്കുമ്പോൾ നിറഞ്ഞൊഴുകിയ അവളുടെ മിഴികളിൽ രുദ്രൻ ചുംബിച്ചു.. ഒത്തിരി പ്രണയത്തോടെ... നാണത്താൽ തലകുനിച്ച അവളെ വേദും ദേവനും കൂടി കളിയാക്കുമ്പോഴും രുദ്രൻ ചേർത്ത് തന്നെ പിടിച്ചിരുന്നു.. അച്ഛന്റെ ചൂടുപറ്റികിടന്നുകൊണ്ട് കുഞ്ഞിപ്പെണ്ണും അവളുടെ മാമന്റെയും ആന്റിയുടെയും പ്രണയസാഫല്യത്തിന് സാക്ഷിയാകുമ്പോൾ ഒരു കൊല്ലം മുൻപേ നടന്നൊരു താലികെട്ടിന്റെ ഓർമകളെ പ്രണയിച്ചുകൊണ്ട് അവളുടെ അമ്മയും അവർക്കൊപ്പം നിന്നിരുന്നു...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story