നിഴലായ് നിൻകൂടെ: ഭാഗം 16

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

അകത്തെ സോഫയിൽ കുഞ്ഞിപ്പെണ്ണിനേയും മടിയിൽ വച്ചിരുന്നു കൊഞ്ചിക്കുകയായിരുന്നു പ്രകാശൻ.. അയാൾക്കടുത്തു തന്നെ ദേവിയും ഇരിപ്പുണ്ട്.. ഇരുവരും ചേർന്ന് കുഞ്ഞിപ്പെണ്ണിനെ കളിപ്പിച്ചും കഥകൾ പറഞ്ഞും കൊച്ചു കുഞ്ഞിനെപ്പോലെ അവരുടെ വാർദ്ധക്യം ആഘോഷിക്കുകയാണ്... കളി ചിരികളുടെ ശബ്ദം കൂടുകയും പൊട്ടിച്ചിരിയാകുകയും ചെയ്യുമ്പോൾ ഇടക്കിടക്കു ലച്ചു അടുക്കളയുടെ വാതിലിൽ വന്നു നിന്നുകൊണ്ട് മൂവരെയും നോക്കികണ്ടിരുന്നു.. അവരുടെ മൂന്നാളുടെയും മുഖത്തെ സന്തോഷം അവളുടെ ഉള്ളവും നിറയ്ക്കുന്നുണ്ടായിരുന്നു.. കുഞ്ഞിപ്പെണ്ണിന്റെ ചിരി കാണുമ്പോഴെല്ലാം കൂടുതൽ മികവോടെ അവളുടെ ജിച്ചേട്ടന്റെ പുഞ്ചിരി അവൾക്കുള്ളിൽ തെളിഞ്ഞിരുന്നു.. ആ പെണ്ണിന്റെ ഉള്ളിനുള്ളിൽ പോലും വാവ ജിച്ചേട്ടന്റെ കുഞ്ഞായി മാറി കഴിഞ്ഞിരുന്നു.. ജിച്ചേട്ടന്റെയും ലച്ചൂട്ടന്റെയും മാത്രം കുഞ്ഞാവ... അമ്മയ്ക്കും അച്ഛനുമുള്ള ചായയും കുഞ്ഞിപ്പെണ്ണിനുള്ള കുറുക്കും കൊണ്ട് അവർക്കടുത്തേക്ക് ലച്ചു നടക്കുമ്പോഴാണ് ശങ്കരനും നിവിയും വീടിനകത്തേക്ക് വന്നത്.. കുഞ്ഞിപ്പെണ്ണവളുടെ മുത്തശ്ശനെയും ആന്റിയെയും കണ്ടതും ഓരോരോ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിവതും ശ്രമിക്കുന്നുണ്ട്..അതുകണ്ടതും നിവിയവളെ വാരിയെടുത്തു കുഞ്ഞിവയറിൽ മൂക്കുരസുമ്പോൾ പെണ്ണ് നിവിയുടെ മുടിയിൽ മുറുക്കെ പിടിച്ചുകൊണ്ട് ചിരിക്കുകയായിരുന്നു...

"പെണ്ണിന് ഇപ്പൊ തുടങ്ങീതാ... മുടി കണ്ട പിന്നെ വിടില്ലട്ടോ നിവിയേ... വലിച്ച് വലിച്ച് മുറുക്കെ വലിക്കും അവസാനം.." നിവിയുടെ മുടിയിൽ വലിച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കികൊണ്ട് ലച്ചു പറഞ്ഞു... " പോടീ പെണ്ണേ.. ഇതേയ് ഞങ്ങൾ ആന്റിയും മോളും തമ്മിലുള്ള സ്നേഹപ്രകടനാ.. അല്ലേടി കുഞ്ഞാപ്പി... " പിന്നെയും നിവിപെണ്ണ് കുഞ്ഞിയുടെ വയറിൽ മൂക്കുരസുവാനും ചുണ്ട് വീർപ്പിച്ച് കുഞ്ഞികുടന്തയിൽ ഊതി വണ്ടി കളിക്കാനും തുടങ്ങി... അവരുടെ കളിചിരി നോക്കികണ്ടുകൊണ്ട് ശങ്കരനും പ്രകാശനൊപ്പം ഇരുന്നിരുന്നു... " അമ്മേ.. ഞാനിപ്പോ ചായ എടുക്കാവേ... " " അമ്മക്ക് മാത്രല്ല.. ചേടത്തിക്കും എടുത്തേ ഒരു ചായ.. " കയ്യിലുള്ള ചായ ഗ്ലാസ്സുകളിൽ ഒന്ന് പ്രകാശനും മറ്റൊന്നു ശങ്കരനും നൽകിക്കൊണ്ട് ദേവിയോടായി ലച്ചുപറയുമ്പോൾ കളി ചിരികൾക്കിടയിൽ നിന്നും നിവി കുറുമ്പോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.. ഒരു പുഞ്ചിരിയോടെ ലച്ചു പിന്നെയും അടുക്കളയിലേക്ക് നടക്കുമ്പോൾ കണ്ണുകൾ ചുമരിലെ ക്ലോക്കിൽ പതിഞ്ഞു.. നേരം ആറുമണി കഴിഞ്ഞിരുന്നു... ഇതുവരെയും ജിച്ചേട്ടൻ എത്തിയിട്ടില്ലന്നുള്ളത് അവളുടെ ഉള്ളിലൊരു ഭയം ജനിപ്പിക്കുന്നുണ്ടായിരുന്നു... കുഞ്ഞുണ്ടായതിൽ പിന്നെ ഇന്നേവരെ ജിച്ചേട്ടൻ വൈകാറില്ല.. അതിനു മുൻപ് പലപ്പോഴും പുസ്തകങ്ങളെ കൂട്ടുപിടിച്ചു വായനശാലയിലും മറ്റും തങ്ങാറുണ്ടെങ്കിൽ കൂടി വാവയുടെ വരവോടെ അതെല്ലാം പാടെ നിലച്ചതുപോലായിരുന്നു...

ഒരു നിമിഷം പോലും കളയാതെ കുഞ്ഞിനടുത്തേക്ക് ആവേശത്തോടെ ഓടിവരുന്നവനെ ഓർത്തതും നെഞ്ചിൽ ഒരു പെടപ്പായിരുന്നു പെണ്ണിന്... അനാവശ്യമായി കടന്നുവരുന്ന ഭയപ്പെടുത്തുന്ന ചിന്തകളെ തടഞ്ഞു നിർത്താൻ ശ്രമിച്ചുകൊണ്ട് നിവിക്കും അമ്മയ്ക്കും ചായയുമായവൾ അകത്തേക്ക് ചെന്നു.. കുഞ്ഞിപ്പെണ്ണിനെ നിവിയുടെ കൈയിൽ നിന്നും വാരിയെടുത്തു നെഞ്ചോടുചേർത്തു... കുഞ്ഞിന്റെ സാമീപ്യം മാത്രമേ ആ സമയത്തുള്ള അവളുടെ ആധികളെ തണുപ്പിക്കുമായിരുന്നുള്ളൂ... കുഞ്ഞിപ്പെണ്ണവളുടെ മൃതുവായ കയ്കൾക്കൊണ്ട് അമ്മയെ തൊടാനും തലോടാനും തുടങ്ങുമ്പോൾ ഒരു നിമിഷം പ്രിയപെട്ടവന്റെ കൈവിരലുകളുടെ സ്പർശം ഏറ്റുവാങ്ങുംപോൽ അവൾ കണ്ണുകളടച്ചു നിന്നു.. അവന്റെ പുഞ്ചിരിയെ ഓർത്തുക്കൊണ്ട് മനസ്സിനെ ശാന്തമാക്കി... ആവേശത്തോടെ കുഞ്ഞിപ്പെണ്ണിനെ ചുംബനങ്ങൾ കൊണ്ട് മൂടി... നിലത്തു കാലുരണ്ടും നീട്ടിയിരുന്നുകൊണ്ട് കുഞ്ഞിപ്പെണ്ണിനെ കാലിൽ കിടത്തി കുറുക്കു വായിൽ വച്ചുകൊടുക്കുമ്പോൾ അമ്മയുടെ മുഖത്തേക്കും ചുറ്റും ഇരിക്കുന്ന മറ്റെല്ലാവരിലേക്കും നോട്ടം എത്തിച്ചുകൊണ്ട് പെണ്ണ് പതിയെ പതിയെ നുണഞ്ഞുകഴിച്ചുകൊണ്ടിരുന്നു.. നിവി അപ്പോഴേക്കും കുഞ്ഞിപ്പെണ്ണിനടുത്തായി മുട്ടകുത്തിയിരുന്നുകൊണ്ട് അവളുടെ കാലിലും കയ്യിലുമെല്ലാം പിടിച്ചു കളിപ്പിക്കാൻ തുടങ്ങിയിരുന്നു.. " അല്ല കുഞ്ഞാപ്പി.. നിന്റെ അച്ഛൻ ഈ നേരായിട്ടും എത്തീലേടി..??

അച്ഛനുണ്ടേൽ പെണ്ണ് നമ്മളെയൊന്നും മൈൻഡ് ചെയ്യൂല്ലല്ലോ.. ഇന്നെന്ത് പറ്റി?? " കളിപ്പിക്കലിനൊപ്പം ചിരിച്ചുകൊണ്ട് കുറുക്കു നുണയുന്ന കുഞ്ഞിന്റെ വയറിൽ മുത്തിക്കൊണ്ട് നിവി ചോദിക്കുമ്പോൾ ലച്ചുവിനുള്ളം പിന്നെയും നോവുന്നുണ്ടായിരുന്നു... " ഞങ്ങളും അത് പറഞ്ഞിരിക്കായിരുന്നു... ജീവയെ കണ്ടില്ലല്ലോ ഈ നേരായിട്ടും...ഫോണിൽ വിളിച്ചിട്ടാണെൽ ചെക്കൻ എടുക്കുന്നുമില്ല.. ഒന്നൂടെ വിളിച്ചുനോക്കായിരുന്നു പ്രകാശേട്ട.." " എന്തിന്??.. ന്റെ ദേവി അവനു വല്ല ജോലിതിരക്ക് വന്നുകാണും.. അതിനിടക്ക് നമ്മൾ ഇങ്ങനെ വിളിച്ചോണ്ടിരുന്നാൽ എങ്ങനെയാ??.. " തെല്ലൊരു പരിഭ്രമത്തോടെ ദേവി പറയുമ്പോൾ പ്രകാശൻ അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.. " അതെടോ... അല്ലേൽ സ്കൂൾ വിട്ടാൽ പിള്ളേരെക്കാൾ മുൻപ് മാഷ് വീടെത്തില്ലേ.. ഇതിപ്പോ കൂടുതൽ പണി വല്ലോം ഏൽപ്പിച്ചുകിട്ടിക്കാണും.. " ശങ്കരനും പറയുന്നുണ്ട്.. അവരുടെ സംഭാക്ഷണങ്ങൾ കെട്ടിരുന്നുകൊണ്ട് തന്നെ ലച്ചു കുഞ്ഞിപ്പെണ്ണിനെ ഊട്ടിക്കൊണ്ടിരുന്നു... പുറത്തായൊരു വണ്ടിയുടെ ശബ്ദം കേട്ടതും ഹൃദയം പതിൻമടങ്ങായി മിടിക്കാൻ തുടങ്ങിയിരുന്നു പെണ്ണിന്റെ... അതിനേക്കാൾ തിടുക്കത്തിൽ കണ്ണുകൾ വാതിലിലേക്ക് നീളുമ്പോഴും കുഞ്ഞിപ്പെണ്ണ് കുറുക്കും വായയിൽ വച്ചുകൊണ്ട് വണ്ടി ഓടിപ്പിക്കും പോലെ ചുണ്ട് വീർപ്പിച്ചുപിടിച്ചു ഊതുകയായിരുന്നു...

ശരീരം ചെറുതായി വിറയ്ക്കുവാനും ഉള്ളം അവനടുത്തെത്തുവാനും തുടികൊട്ടുമ്പോൾ വിടർന്ന കണ്ണുകളാലെ ആ പെണ്ണ് വാതിലും കടന്നകത്തേക്കെത്തുന്നവനായി കാത്തിരുന്നു.. തോളിലൂടെ വിലങ്ങനെ ഇട്ടിരുന്ന ബാഗും അഴിച്ചുപിടിച്ചുകൊണ്ട് അകത്തേക്ക് കയറി വരുന്ന വേദിന്റെ കണ്ടതും അവളുടെ വിടർന്ന മുഖം വാടിയിരുന്നു... ഒരു നിമിഷം ആശിച്ചതെന്തോ കയ്യെത്തും ദൂരത്തുനിന്നും നഷ്ടപെട്ട കുഞ്ഞിന്റെ മുഖഭാവത്തോടെ ഉള്ളിലൂറി വരുന്ന ചിന്തകളെ തടഞ്ഞു നിർത്താൻ ശ്രമിച്ചുകൊണ്ടവൾ കുഞ്ഞിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു.. വന്നുകയറിയതുമുതൽ നിവിയും വേദും കൂടിയുള്ള തല്ലുകൂടൽ അവിടെ തകൃതിയായി നടക്കാൻ തുടങ്ങിയിരുന്നു.. അവസാനം കയ്യാങ്കളി എത്തിയപ്പോൾ പ്രകാശൻ രണ്ടിനെയും രൂക്ഷമായി നോക്കിക്കൊണ്ട് ശങ്കരനൊപ്പം നടക്കാനിറങ്ങി.. " നിന്നെ കെട്ടിച്ചു വിട്ടതല്ലെടി.. ന്നിട്ട് എന്തിനാ പിന്നേം എന്റെ മെക്കട്ട് കേറാൻ ഇങ്ങോട്ട് വരുന്നത്??.. പോയി രുദ്രേട്ടന്റെ കാര്യം നോക്കെടി.. " നിവിയോടായി പറഞ്ഞുകൊണ്ട് വേദ് കുഞ്ഞിപ്പെണ്ണിന്റെ ലച്ചുവിന്റെ മടിയിൽ നിന്നെടുത്തു.. നിവിയവനെ നോക്കി മുഖം വീർപ്പിച്ചു കുറുക്കിന്റെ പാത്രങ്ങളെടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.. കുഞ്ഞിനെ തുടക്കാനുള്ള വെള്ളവുമായി ലച്ചു വരുമ്പോഴേക്കും ചുണ്ടിലും മുഖത്തും പറ്റിപിടിച്ച കുറുക്ക് മൊത്തം കുഞ്ഞിപ്പെണ്ണവളുടെ ചെറിയച്ഛന്റെ മേത്തു വച്ചു തേക്കുന്ന തിരക്കിലായിരുന്നു... അവളുടെ കുറുമ്പുകൾക്കൊക്കെ വേദ് ചിരിയോടെ നിന്നുകൊടുക്കുന്നുമുണ്ട്.. ലച്ചു ഒരു പുഞ്ചിരിയാലെ കുഞ്ഞിന്റെ മുഖവും വേദിന്റെ ഷർട്ടുമെല്ലാം വെള്ളം മുക്കി തൊടച്ചുകൊടുത്തു..

ചുണ്ടിൽ പറ്റിയ വെള്ളത്തെ നുണഞ്ഞുകൊണ്ട് വേദിന്റെ നെഞ്ചിൽ ചാഞ്ഞുകിടക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണപ്പോൾ.. മുറ്റത്തൊരു കാറ് വന്നെന്നു തോന്നിയതും വേദ് കുഞ്ഞിനേയും കൊണ്ട് പുറത്തേക്കിറങ്ങിയിരുന്നു.. വണ്ടിയുടെ ശബ്ദം തിരിച്ചറിഞ്ഞെന്നപോലെ നിവിയും അകത്തുനിന്ന് ഓടിവരുന്നുണ്ടായിരുന്നു.. രുദ്രേട്ടന്റെ വണ്ടിയാണെന്ന് മനസിലാക്കിയതും ലച്ചുവും ഒരു പുഞ്ചിരിയോടെ അവർക്കു പിന്നാലെ പുറത്തേക്കിറങ്ങി.. കാറിൽ നിന്നിറങ്ങിയ രുദ്രൻ എതിർവശത്തെ ഡോർ തുറന്നു ജീവയെ പതിയെ പിടിച്ചു പുറത്തിറക്കുമ്പോൾ കണ്ടുനിൽക്കുന്ന കാഴ്ചയിൽ ഒരു നിമിഷം എല്ലാവരും നിശ്ചലമായിപോയിരുന്നു.. ഞെട്ടൽ ഒന്ന് മാറിയപ്പോഴേക്കും വേദ് കുഞ്ഞിയെ നിവിയുടെ കൈയിൽ ഏൽപ്പിച്ചുകൊണ്ട് കാറിനരികിലേക്ക് ഓടിയിരുന്നു.. ഒരു വശത്തു രുദ്രനും മറു വശത്തു വേദും പിടിച്ചുകൊണ്ടുവരുന്ന ജീവയെ തന്നെ നോക്കി ശ്വാസം പോലും എടുക്കാൻ മറന്നുകൊണ്ട് വാതിലിനരികെ ചുമരിൽ ചാരി നിന്നുപോയിരുന്നു അപ്പോളും ലച്ചു.. അവളുടെ കണ്ണുകൾ മാത്രം നിർത്താതെ പെയ്തിരുന്നു.. കണ്ണീരിനാൽ മറയുന്ന കാഴ്ചയിൽ നെറ്റിയിലും കയ്യിലും കാലിലുമൊക്കെ വലിയ കെട്ടുമായി താങ്ങി പിടിച്ചുകൊണ്ടുവരുന്ന ജീവയെ അവൾ കണ്ടിരുന്നു.. ആ മനുഷ്യന്റെ ചുണ്ടിൽ അപ്പോഴും നിഷ്കളങ്കമായൊരു പുഞ്ചിരിയുണ്ടായിരുന്നു... കുഞ്ഞിപ്പെണ്ണിനടുത്തെത്തിയതും അവളൊന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചിരുന്നു..

അതുവരെ അടക്കിവച്ച സങ്കടം നിവിയിൽ നിന്നും കരച്ചിലായി പുറത്തേക്ക് വരുമ്പോൾ ശബ്ദം കേട്ട് ദേവിയും ഓടി വന്നിരുന്നു.. കരച്ചിലും ബഹളവുമായി ജീവയെ താങ്ങി അകത്തേക്ക് കൊണ്ടുപോക്കും കാര്യങ്ങൾ ചോദിച്ചറിയലും എല്ലാം നടക്കുമ്പോഴും ലച്ചു അതേപടി ചുമരിൽ ചാരി നിന്നു കണ്ണീർ വാർക്കുകയായിരുന്നു.. ശ്വാസം വിങ്ങുന്നുണ്ടായിരുന്നു ആ പെണ്ണിന്.. കണ്ണുനീർ മറച്ച കാഴ്ചയിലപ്പോഴും അവശനായ ആ മനുഷ്യന്റെ മുഖമായിരുന്നു.. അവന്റെ കൈയിലെയും കാലിലെയും നെറ്റിയിലെയും ചോര പടർന്ന വെളുത്ത കെട്ട് ആയിരുന്നു.. നോവുന്നുണ്ടായിരുന്നു അവൾക്ക്.. വിങ്ങുന്നുണ്ടായിരുന്നു ഇടനെഞ്ച്.. താഴെ ഒഴിഞ്ഞൊരു മുറിയിലെ കട്ടിലിൽ ചാരി കിടക്കുകയായിരുന്നു ജീവ.. നിറഞ്ഞുവരുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ദേവി കൈയിൽ തഴുകിക്കൊണ്ട് അവനടുത്തുതന്നെ ഇരിപ്പുണ്ട്... " ന്റെ അമ്മേ.. നിക്ക് ഒന്നുല്ല്യാ.. ഈ കരയാൻ മാത്രം എന്താപ്പോ ഉണ്ടായേ??.. വണ്ടി ഒന്ന് വഴുതി.. വീണു... അത്രേ ഉള്ളൂ... ഈ പിള്ളേരെ കൂടി പേടിപ്പിക്കുംലോ അമ്മ.. " ദേവിയെ നോക്കി കണ്ണുചിമ്മിക്കൊണ്ട് ജീവ സംസാരിക്കുമ്പോഴും ഇടയ്ക്കിടെ കണ്ണുകൾ വാതിലിലേക്ക് ആരെയോ തേടി അലഞ്ഞിരുന്നു... " ന്താ ഉണ്ടായെന്നോ??.. ഒരു വണ്ടീന്ന് വീണതാണോ ഈ കാണണേ??.. ഏഹ്??.. ഇതെത്രാമത്തെയാ??... പൊട്ടാത്ത ഏതേലും സ്ഥലമുണ്ടോ നിന്റെ ദേഹത്ത്??.. മുഖം കണ്ടാൽ അറിയാം ജീവാ നിന്റെ വേദന... അമ്മയാ ഞാൻ... നിക്ക് അറിയാം.. "

കണ്ണുകൾ തുടച്ചുകൊണ്ട് ദേവി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ജീവ ചുറ്റുമുള്ളവരെ നോക്കി.. നിവിയാകെ വിങ്ങിപൊട്ടി നിൽക്കുകയാണ്... വേദിന്റെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... രുദ്രന്റെ കയ്യിലിരിക്കുന്ന കുഞ്ഞിപ്പെണ്ണ് അവന്റെ മീശയിലെ രോമങ്ങൾ പിടിച്ചു കളിക്കുന്ന തിരക്കിലാണ്... " രുദ്രാ.. ന്റെ കുഞ്ഞിപ്പെണ്ണിനെ ഇവിടൊന്നു കിടത്തിതാടോ.. ന്നിട്ട് നിന്റെ പെണ്ണിനേം കൊണ്ട് നീ ചെല്ല്... ഇല്ലാച്ചാ നിവിപ്പെണ്ണിവിടെ കരഞ്ഞു കൊളമാക്കി കുഞ്ഞിനെ കൂടെ പേടിപ്പിക്കും.. " രുദ്രനെ നോക്കി ചിരിച്ചുകൊണ്ട് ജീവ പറയുമ്പോൾ കണ്ണുകൾ തുടച്ചുകൊണ്ട് നിവിയൊന്നു മുഖം കോട്ടി കാണിച്ചു.. രുദ്രൻ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു... അതേ പുഞ്ചിരിയോടെ ജീവയ്ക്കടുത്തു കുഞ്ഞിനെ കിടത്തികൊടുത്തു.. കുഞ്ഞിപ്പെണ്ണച്ഛന്റെ ചൂടിലേക്ക് നീങ്ങി കിടന്നുകൊണ്ട് കളികൾ തുടങ്ങിയിരുന്നു.. അവളെ തന്നെ നോക്കി കിടക്കുന്ന ജിച്ചേട്ടനെ കണ്ടതും വേദവളെ പൊക്കി അച്ഛന്റെ മാറോട് ചേർത്തുവച്ചുകൊടുത്തു.. ഒത്തിരി വാത്സല്ല്യത്തോടച്ഛൻ അവളെ ഒരു കൈയാൽ ചുറ്റിപ്പിടിച്ചു.. കുഞ്ഞിനെറുകയിൽ മുത്തി.. അച്ഛന്റെ നീണ്ട താടിരോമങ്ങൾ വലിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് ചുണ്ടുചേർത്തു... വല്ലാത്തൊരു ചിരിയോടെ... തന്റെ ചൂടുംപറ്റി തന്നോട് ചേർന്നുറങ്ങുന്ന കുഞ്ഞിപ്പെണ്ണിന്റെ തലയിൽ തഴുകിക്കൊണ്ട് കിടക്കവേയാണ് മുറിയിലേക്കടുത്തു വരുന്നൊരു കാൽപെരുമാറ്റം അവൻ ശ്രദ്ധിക്കുന്നത്...

വിടർന്ന മിഴികളോടെ വാതുക്കലിലേക്ക് നോക്കി കിടന്നുകൊണ്ട് ജീവ കുനിഞ്ഞ മുഖത്തോടെ മുറിയിലേക്ക് കയറിവരുന്ന പെണ്ണിനെ തന്നെ ശ്രദ്ധിച്ചു... വന്നിട്ടിതുവരെ മുഖം തരാതെ മുന്നിൽ വന്നുപെടാതെ നടക്കുകയായിരുന്നു പെണ്ണ്.. ഉടുത്തിരിക്കുന്ന കോട്ടൺ സാരിയുടെ കഴുത്താകെ നനഞ്ഞിട്ടുണ്ട്.. നെറ്റിയിലെ സിന്ദൂരചുവപ്പും വെള്ളത്തിൽ പാതി മാഞ്ഞപോലെ.. മുഖമാകെ ചുവന്നുതുടുത്തിരിക്കുന്നത് കണ്ടപ്പോഴേ കുറെ നേരമായുള്ള കരച്ചിലിലായിരുന്നെന്ന് അവനു മനസിലാക്കാനാവുന്നുണ്ടായിരുന്നു.. അവന്റെ അവസ്ഥയിൽ നോവുന്ന പെണ്ണിനെ പിന്നെയും പിന്നെയും വല്ലാത്തൊരാവേശത്തോടെ നോക്കികാണുകയായിരുന്നു ജീവ.. തന്നെ മുഖമുയർത്തി നോക്കാതെ തന്നെ കൈയിലെ പാത്രം മേശയിൽ വച്ച് കുഞ്ഞിപ്പെണ്ണിനെയെടുത്തു നീക്കി കിടത്തുന്ന പെണ്ണിന്റെ ഗന്ധം അവനിലേകെത്തുമ്പോൾ ഉള്ളാകെ അത് നിറയുകയായിരുന്നു.. " കഞ്ഞിയാണ് ജിച്ചേട്ടാ.. എണീറ്റിരിക്കാൻ പറ്റോ??.. " അവളുടെ പതിഞ്ഞ സ്വരം.. മറുപടിയേതും പറയാതവൻ അവളെ തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു... കരച്ചിലിന്റെ ബാക്കിയെന്നോണം ശ്വാസമെടുക്കുമ്പോൾ ഇടക്ക് ചെറുതായി ഏങ്ങലുകൾ വരുന്നുണ്ട് പെണ്ണിന്.. " ലച്ചൂട്ടാ.. " അത്രമേൽ മൃതുവായിരുന്നു അവന്റെ സ്വരം.. ആ പെണ്ണൊന്നു മുഖമുയർത്തി അവനെ നോക്കി.. വീണ്ടും കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടി...

മങ്ങിയ കാഴ്ചയിൽ പിന്നെയും കണ്ടു വലതുനെറ്റിയിലും കയ്യിലും ഇടതുകാലിലും കെട്ടുകളുമായി ഇരിക്കുന്നവനെ... കാഴ്ച മങ്ങിപോകുമ്പോൾ ഏങ്ങി കരഞ്ഞുകൊണ്ടാ പെണ്ണ് അവന്റെ ഇടനെഞ്ചിൽ മുഖമൊളിപ്പിച്ചിരുന്നു... ഒരു നിമിഷം അവളുടെ പ്രവർത്തിയിൽ തറഞ്ഞിരിക്കുകയായിരുന്നു ജീവ... ഉയരുന്ന ഏങ്ങലുകൾക്കൊപ്പം അവളുടെ കൈയ്കളും തന്നെ പൊതിയുന്നുണ്ടെന്നറിഞ്ഞതും കണ്ണുകൾ നിറഞ്ഞുപോയിരുന്നു അവന്റെ.. സന്തോഷത്തിന്റെ നീർതുള്ളികൾ കവിളുകളെ ചുംബിച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു.. " ലച്ചൂട്ടാ... ന്തിനാ കരയണേ?? ഏഹ്??.. " ഇടതുകയ്യാൽ പെണ്ണിന്റെ തലയിലൊന്നു തഴുകി.. " നിക്ക്.. നിക്ക് സഹിക്കണില്ല ജിച്ചേട്ടാ... നിക്ക് കാണാൻ പറ്റണില്ല ഇങ്ങനെ... ന്റെ അല്ലേ.. ജിച്ചേട്ടൻ ലച്ചൂന്റെ അല്ലേ... നിക്ക് സഹിക്കോ ഇത്??.. " കരഞ്ഞുപറഞ്ഞുകൊണ്ടവന്റെ നെഞ്ചിൽ മുഖം ചേർക്കുന്ന പെണ്ണിനെയവൻ വാത്സല്ല്യത്തോടെ തലോടി.. ഉള്ളിൽ പ്രണയം നിറയുന്നുണ്ടായിരുന്നു.. നിറഞ്ഞ പ്രണയം അവനുള്ളിൽ എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു.. പ്രണയം തുളുമ്പും മിഴികളാലവളെ നോക്കി.. " നിക്ക് ഒന്നുല്യാടാ.. ഇങ്ങനെ കരയല്ലേ... ഇതൊക്കെ ചുമ്മാതാ... ചെറിയ മുറിവേ ഉള്ളൂ.. " പെണ്ണിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടവൻ പറയുമ്പിൽ മുഖമുയർത്തി അവളൊന്നു നോക്കി.. " ഒത്തിരി നൊന്തോ??.. " കുഞ്ഞുകുട്ടികളെ പോലെ ഏങ്ങികരഞ്ഞുകൊണ്ട് ചോദിക്കുന്ന പെണ്ണിനെ തന്നെ നോക്കികൊണ്ടവൻ ഇല്ലാന്ന് തലയാട്ടി..

അവളുടെ കണ്ണുകൾ പിന്നെയും അവനിൽ അലഞ്ഞു നടന്നു.. പതിയെ കെട്ടി വച്ചിരിക്കുന്ന കയ്യിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്ന കാലിലുമെല്ലാം തലോടി.. മുണ്ടിനരികിൽ ഇരുണ്ടു ചുവന്നു കിടക്കുന്ന രക്തകറ തൊട്ട് നോക്കി... നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു അവളുടെ... പിന്നെയും മുഖമുയർത്തി അവന്റെ നെറ്റിയിൽ നോക്കി.. മുറിവിലെ കെട്ടിൽ പതിയെ തലോടി.. അറിയാതെ തന്നെ അവളുടെ അധരങ്ങൾ നെറ്റിയിലായി പതിയുമ്പോൾ ഇരു കണ്ണുകളുമടച്ചുകൊണ്ട് അവനത് സ്വീകരിച്ചു.. അവളേകുന്ന ആദ്യ ചുംബനം.. പ്രണയവും വാത്സല്യവും കരുതലും കൂടി കലർന്നൊരു ചുംബനം.. അവന്റെ ഹൃദയത്തിനാഴത്തിൽ പതിഞ്ഞൊരു നനുത്ത സ്പർശം.. തെല്ലൊരു നേരത്തിനു ശേഷം നെറ്റിയിൽ നിന്നും അധരം വേർപെടുത്തുമ്പോൾ കണ്ണുകൾ തുറന്നവളെ നോക്കി... പ്രണയമായിരുന്നവനിൽ... പ്രേതീക്ഷിക്കാത്ത നേരത്ത് വന്നുചേരും നോട്ടം പോലും അവനിൽ പ്രണയം നിറച്ചു.. ആ പെണ്ണപ്പോഴും അവന്റെ മുറിവുകളിൽ വിരലോടിക്കുകയായിരുന്നു.. പിന്നെയും അവന്റെ നെഞ്ചോരം ചേർന്നു.. കൈയ്കളാൽ അവനെ പൊതിഞ്ഞു.. " നിക്ക് വേണം.. എന്നും... വാവേടെ അച്ഛനെ.. ന്റെ ജിച്ചേട്ടനെ.. " അത്രമേൽ പ്രണയർദ്രമായിരുന്നു അവളുടെ സ്വരം.. പിന്നെയും ബലമാർന്ന കൈയ്കൾ അവളെ തഴുകി.. നെഞ്ചോട് ചേർത്തു.. നെറുകയിൽ അമർത്തി ചുംബിച്ചു..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story