നിഴലായ് നിൻകൂടെ: ഭാഗം 17

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

കൊച്ചുകുഞ്ഞിനെപ്പോലെ തന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചുകൊണ്ട് ചുറ്റിപ്പിടിച്ചു കിടക്കുന്ന പെണ്ണിനെ തന്നെ നോക്കിയിരുന്നു ജീവ... അവളുടെ ഏന്തലുകൾക്കൊപ്പം വിറകൊള്ളുന്ന ശരീരത്തെ പിന്നെയും ഒരുകൈയ്യാൽ മുറുക്കെ പൊതിഞ്ഞു... കാച്ചിയ എണ്ണമണമുള്ള മുടിയിൽ മുഖം അമർത്തി.. താടിരോമങ്ങൾക്കിടയിൽ പിന്നെയും നുണക്കുഴിയൊന്നു എത്തിനോക്കുന്നുണ്ടായിരുന്നു... " ഇതാപ്പോ നന്നായെ... ആകെ ന്റെ ഏട്ടന്റെ ശരീരത്തിൽ കേടുപാടുകൂടാതെ കിട്ടീക്കണത് ആ ഇടനെഞ്ഞാ.. അതും തകർക്കോ പെണ്ണേ നീയ്??..." മുറിക്കകത്തേക്ക് നടന്നുകൊണ്ടുള്ള നിവിയുടെ കുറുമ്പ് നിറഞ്ഞ സ്വരം കെട്ട് ജീവയും ലച്ചുവും ഒരുപോലെ ഞെട്ടി പരസ്പരം വിട്ടുമാറിയിരുന്നു... വാതുക്കലിൽ തന്നെ തറഞ്ഞുനിന്നിരുന്ന രുദ്രന്റെയും വേദിന്റെയും മുഖത്തു ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു.. മുഖമുയർത്തി ആരെയും നോക്കാനാവാതെ പരുങ്ങുന്ന പെണ്ണിന്റെ ഭാവങ്ങൾ ആവേശത്തോടെ നോക്കികാണുകയായിരുന്നു ജീവയപ്പോൾ... ആ കണ്ണുകളുടെ പിടപ്പും അധരത്തിന്റെ വിറയലും അവനുള്ളിൽ പ്രണയം നിറയ്ക്കുകയായിരുന്നു... " ഞാനെന്റെ കുഞ്ഞാപ്പിയെ എണീപ്പിച്ചിട്ട് പൊക്കോളാട്ടോ.. " ലച്ചുവിന്റെ കയ്യിലായൊന്നു പിച്ചിക്കൊണ്ട് നിവി കുലുങ്ങിചിരിച്ചു... അതേ ചിരിയോടെ കുഞ്ഞിപ്പെണ്ണിനടുത്തായി ഇരുന്നു വയറിൽ മൂക്കുവെച്ചുരസാൻ തുടങ്ങി.. " ഫുഡ് ചൂടാറിക്കാണുംലോ..കഴിക്കുന്നില്ലേ ഏട്ടാ??.. "

മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിക്കുന്നതിനോടൊപ്പം വേദ് ജീവയെ താങ്ങിപിടിച്ചു ഒന്നുകൂടി കട്ടിലിൽ ചാരി നേരെ ഇരുത്തി... "ആടാ... കഴിക്കാം.." അവനെന്നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് ജീവ പിന്നെയും പെണ്ണിൽ തന്നെ കണ്ണുകളെ തളച്ചിടുമ്പോൾ ഇരുകായ്യാലെയും മുഖത്തെ കണ്ണീരും വിയർപ്പുമെല്ലാം അമർത്തിത്തുടയ്ക്കുകയായിരുന്നു അവൾ.. ഇടക്കെപ്പോഴോ മുഖമുയർത്തി നോക്കിയ പെണ്ണിന്റെ നോട്ടം ഹൃദയത്തിലേക്കാഴ്ന്നിറങ്ങുമ്പോൾ ഇതുവരെ ഇല്ലാത്തൊരു ഉന്മേഷമായിരുന്നു അവനിൽ... " ചൂടാക്കി കൊണ്ടരാം ഒന്നൂടെ.. " അറിയാതെ കൊരുത്ത കണ്ണുകളെ പിടച്ചിലോടെ പിൻവലിച്ചുകൊണ്ട് ലച്ചു കഞ്ഞിയുടെ പാത്രവുമെടുത്തു പുറത്തേക്ക് നടക്കുമ്പോഴും ജിച്ചേട്ടന്റെ നോട്ടത്തിൽ കുരുങ്ങികിടക്കുകയായിരുന്നു അവളുടെ ഉള്ളം... ആ കണ്ണുകളിലെ ഭാവത്തിൽ സ്വയമലിഞ്ഞു ചേരാൻ ശരീരമാകെ വിറകൊള്ളും പോലെ... നിവിയുടെ മുഖം വയറിൽ അമർന്നതും കുഞ്ഞിപ്പെണ്ണൊന്നു ചിണുങ്ങി.. കണ്ണുകൾ മുറുക്കിഅടച്ചുപിടിച്ചു.. നിവി പിന്നെയും പിന്നെയും വയറിലും കഴുത്തിലുമെല്ലാം മൂക്കുകൊണ്ട് ഉരസിയും ചുംബിച്ചും അവളെ വാശി പിടിപ്പിച്ചു... കുഞ്ഞിക്കണ്ണുകൾ തുറക്കാതെ തന്നെ പെണ്ണ് നിവിയുടെ മുടിയിൽ കയ്യ്മുറുക്കി ചിണുങ്ങി.. ചുണ്ടുകൾ പുറത്തേക്കുന്തി വീർപ്പിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു... " അച്ചോടി പൊന്നി... നിവിയാന്റിടെ കുഞ്ഞാപ്പി എണീറ്റോ.. " വീർപ്പിച്ച കുഞ്ഞിചുണ്ടിൽ മുത്തിക്കൊണ്ട് നിവി കൊഞ്ചിച്ചുകൊണ്ടിരിക്കുമ്പോൾ നിറഞ്ഞുവരുന്ന കണ്ണുകളാൽ കുഞ്ഞിപ്പെണ്ണ് ചുറ്റും നോക്കി... അച്ഛനെ കണ്ടതും ആ കണ്ണുകൾ ഒന്ന് വിടർന്നു.. വീർപ്പിച്ച ചുണ്ടിൽ പുഞ്ചിരി..

ആവേശത്തോടെ പെണ്ണ് കയ്യും കാലുമിട്ടടിക്കുമ്പോൾ അവളുടെ കളിചിരികൾ നോക്കികൊണ്ടച്ഛൻ പുഞ്ചിരിച്ചു... ഇടതുകയ്യ് നീട്ടിയൊന്നു തലോടി... ഒത്തിരി വാത്സല്ല്യത്തോടെ... " ന്റെ നിവിയേ.. നീയൊന്നു മാറിയെ.. കൊച്ചിനെ ശല്യപ്പെടുത്താണ്ട്.. " നിവിയുടെ തലയിൽ പതിയെ തട്ടികൊണ്ട് രുദ്രൻ പറയുമ്പോൾ നിവിയവനെ നോക്കിയൊന്നു കണ്ണുരുട്ടി.. വേദ് അപ്പോഴേക്കും കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു നെറ്റിയിൽ മുത്തി.. ആവേശത്തോടെ അവന്റെ താടിത്തുമ്പിൽ കടിച്ചുനോക്കുന്ന കുഞ്ഞിപ്പെണ്ണിനെ അടർത്തിമാറ്റി അച്ഛന്റെ ഇടനെഞ്ചിൽ കിടത്തികൊടുത്തു... ഇടതുകയ്യാൽ അച്ഛനവളെ ചേർത്തുപിടിച്ചു.. കുഞ്ഞിപ്പെണ്ണൊന്നു മുഖമുയർത്തി അച്ഛനെ നോക്കി.. നാണതാൽ ചിരിച്ചു.. പിന്നെയും മുഖം അച്ഛന്റെ നെഞ്ചിൽ ഒളിപ്പിച്ചു.. പിന്നെയും മുഖമുയർത്തി ചിരിച്ചുകാണിച്ചു... കുഞ്ഞികയ്യാൽ അച്ഛന്റെ മാറിലെ രോമങ്ങളിൽ മുറുക്കി പിടിച്ചു.. " ഹയ്യ്.. അമ്മേടെ മോള് തന്നെ.. ഇങ്ങു വാ പെണ്ണേ.. " കളിയായി പറഞ്ഞുകൊണ്ട് നിവിയവളെ വാരിയെടുത്തു.. ഒരു നിമിഷം ഉണ്ടക്കണ്ണുകളാൽ കുഞ്ഞിപ്പെണ്ണ് ആന്റിയെയും അച്ഛനെയും മാറി മാറി നോക്കി.. അവളെ അച്ഛന്റെ ചുണ്ടോട് ചേർത്തുകൊടുക്കുമ്പോൾ തുടുത്ത കവിളിൽ അച്ഛനൊരു മുത്തം നൽകി.. കുഞ്ഞിപ്പെണ്ണിനേയും കൊണ്ട് മുറിയിൽ നിന്നവരെല്ലാം ഇറങ്ങുമ്പോഴാണ് ലച്ചു ചൂടാക്കിയ കഞ്ഞിയുമായി തിരിച്ചെത്തിയത്.. അവളെ കണ്ടതും നിവിയൊന്നു കണ്ണിറുക്കി ചിരിച്ചു.. വല്ലാത്തൊരു പരിഭ്രമത്തോടെ പെണ്ണ് അവരെ കടന്നകത്തുകയറി... കട്ടിലിൽ ചാരിയിരിക്കുന്ന ജിച്ചേട്ടനെയൊന്നു നോക്കി.. ആ കണ്ണുകൾ തന്നിലാണെന്നറിഞ്ഞതും വിറയ്ക്കുന്നുണ്ടായിരുന്നു പെണ്ണ്..

" ഇങ്ങു തന്നേക്ക് ലച്ചൂ.. താൻ വല്ലാതാവണ്ട.. " പാത്രവും പിടിച്ചു അവനരികിൽ വന്നുനിൽക്കുന്ന പെണ്ണിനോടായി ജീവ പറയുമ്പോൾ മുഖമുയർത്തി അവളവനെ നോക്കി.. കട്ടിലിൽ ചാരിയിരിക്കുന്നവനരികെ ഇരുന്നുകൊണ്ട് ഒരു കയിൽ കഞ്ഞി കോരി ചുണ്ടോടാടുപ്പിച്ചുകൊടുത്തു... ഒത്തിരി സന്തോഷത്തോടെ അവൾ കോരിതരുന്നതവൻ കഴിക്കുമ്പോൾ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... പെണ്ണവന്റെ കണ്ണുകളെ നോക്കാതെ തന്നെ ഊട്ടികൊണ്ടിരുന്നു.. ഇടക്ക് ചുണ്ടിനരികിൽ ഊർന്നിറങ്ങുന്ന കഞ്ഞി വെള്ളത്തെ ഉള്ളംകയ്യാൽ തുടച്ചുകൊടുക്കുമ്പോൾ താടിരോമങ്ങൾ മൃതുവാർന്ന കയ്യ്കളെ നോവിച്ചിരുന്നു... എപ്പോഴൊക്കെയോ കണ്ണുകൾ അവന്റെ മുറിവിലൂടെ അലഞ്ഞുനടന്നു... തടഞ്ഞുവച്ചിരുന്ന മിഴിനീർ കവിളിനെ ചുംബിച്ചിറങ്ങി തുടങ്ങി.. " മതി ലച്ചൂ.. ഇനീം കരയല്ലേടോ.. " അവളിൽ തന്നെ നോട്ടമെയ്തുകൊണ്ടിരുന്നവന്റെ നെഞ്ചിലാണ് ആ മിഴിനീർ പതിഞ്ഞത്.. കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് പെണ്ണ് അവനെ തന്നെ ഉറ്റുനോക്കി.. " വണ്ടി ഓടിക്കാൻ അറിയില്ലാച്ചാ ഓടിക്കരുത്... നിക്കിനി നഷ്ടപ്പെടുത്താൻ വയ്യാ.. " മുഖം കുനിഞ്ഞു.. വാക്കുകൾ ഇടറി.. ഒത്തിരി പ്രണയത്തോടെ അവനവളുടെ തണുത്ത ഇടതുകയ്യിൽ കയ്യ്കോർത്തുപിടിച്ചു... " നിക്കും.. " പ്രണയമായിരുന്നവനിൽ.. അടങ്ങാത്ത പ്രണയം.. അവളൊന്നുകൂടി അവനോട് ചേർന്നിരുന്നു... കൊരുത്തുപിടിച്ചിരിക്കുന്ന കയ്യ്‌വിരലുകളിലെ പിടിമുറുക്കി.. ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ മാത്രം കഥകൾ പറഞ്ഞു.. ഉള്ളിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന പ്രണയത്തിനാഴം പരതി...

കുഞ്ഞിപ്പെണ്ണിനൊപ്പം കളിക്കുന്ന നിവിയുടെ അടുത്തായി രുദ്രൻ വന്നിരുന്നുകൊണ്ട് കുഞ്ഞിയെ വാരിയെടുത്തു നെഞ്ചോട് ചേർത്തു.. മാമന്റെ മീശയിൽ കണ്ണെത്തിയതും പെണ്ണ് അതിൽ പിടിച്ചു കളി തുടങ്ങിയിരുന്നു... മുഖം വീർപ്പിച്ചുകൊണ്ട് എഴുനേൽക്കാൻ തുടങ്ങിയ നിവിപെണ്ണിന്റെ കയ്യിൽപിടിച്ചു തടഞ്ഞുവച്ചു രുദ്രൻ അവളുടെ മടിയിലേക്കായി കിടന്നു.. കുഞ്ഞിപ്പെണ്ണപ്പോഴും മാമന്റെ മീശയിൽ പിടിച്ചുകളിച്ചുകൊണ്ട് ആ നെഞ്ചോരം കിടക്കുകയായിരുന്നു... " നിനക്കൊരു ബോധവുമില്ലേ പെണ്ണേ??.. ജിച്ചേട്ടൻ കിടക്കുന്ന മുറിയിലോട്ട് ബെല്ലും ബ്രെക്കുമില്ലാതെ പോയതും പോര അവരെ ഇട്ട് കളിയാക്കുന്നുമുണ്ടായല്ലോ??.. " നിവിയുടെ മടിയിൽ മലർന്നുകിടന്നുകൊണ്ട് അവളെ നോക്കി രുദ്രൻ ചോദിക്കുമ്പോൾ അവളൊന്നു കൂർപ്പിച്ചുനോക്കി.. " ഞാനെന്റെ ലച്ചൂനോട് നിക്ക് ഇഷ്ടമുള്ളത് പറയും.. താൻ പോടോ.. " കുറുമ്പ് നിറച്ച മുഖമൊന്നുകൂടെ കൂർപ്പിച്ചുപിടിച്ചുകൊണ്ട് നിവി പറയുമ്പോൾ മീശയുടെ തുമ്പൊന്നു കടിച്ചുപിടിച്ചുകൊണ്ട് രുദ്രനവളെ നോക്കി... " നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.. കാ‍ന്താരി.. " പതിഞ്ഞ സ്വരത്തിൽ പറയുന്ന രുദ്രനെ നോക്കി മുഖം കോട്ടി തിരിയുമ്പോൾ നിവിയുടെ ചുണ്ടിലും പുഞ്ചിരിയായിരുന്നു.. കുഞ്ഞിപ്പെണ്ണിനെ നെഞ്ചോരം മുറുക്കി പിടിച്ചുകൊണ്ട് രുദ്രനൊന്നു ചെരിഞ്ഞുവന്നു നിവിയുടെ വയറിൽ അമർത്തി മുത്തി എഴുന്നേറ്റിരുന്നു.. തെല്ലൊരു പകപ്പൊടെ ചുറ്റിലും നോക്കിക്കൊണ്ട് പെണ്ണ് രുദ്രന് നേരെ തിരിയുമ്പോൾ ഒരു കണ്ണിറുക്കി ചിരിച്ചുകൊണ്ടവൻ കുഞ്ഞിപ്പെണ്ണുമായി കളിയിൽ മുഴുകിയിരുന്നു....

അച്ഛന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇരുകയ്യ് നിറയെ തുണികളുമായി വരുന്ന പെണ്ണിനെ ജീവ ശ്രദ്ധിക്കുന്നത്.. കൈയിലെ തുണികളെല്ലാം ചുമരലമാരയിൽ അവൾ അടക്കിവയ്ക്കുമ്പോൾ തന്റെ വസ്ത്രങ്ങൾക്കൊപ്പം അവളുടെയും കുഞ്ഞിന്റെയും തുണികൾ കൂടി അലമാരിയിൽ വയ്ക്കുന്നത് അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു... " മരുന്നൊക്കെ കഴിച്ചതല്ലേ...എന്നാ പിന്നെ കിടന്നോ മോനെ... " ജീവയുടെ തോളിൽ തട്ടി പറഞ്ഞുകൊണ്ട് ശങ്കരൻ എഴുന്നേറ്റു പ്രകാശനൊപ്പം പുറത്തേക്ക് നടന്നു.. കൊണ്ടുവന്ന തുണികളിൽ നിന്നൊരു ഷർട്ടും കാവിമുണ്ടുമായി തനിക്കടുത്തേക്ക് വരുന്ന പെണ്ണിനെ ജീവ കൺചിമ്മാതെ നോക്കി നിന്നു... വിയർപ്പുപൊടിഞ്ഞ അവളുടെ ശരീരത്തിലെ തുളസിപ്പൂ ഗന്ധം ആ മുറിയിലാകെ പരന്നപോലെ തോന്നിയവന്.. " വാവേം ഞാനും അച്ഛനൊപ്പാ കിടക്കണെ.. " കൈയിലെ വസ്ത്രങ്ങൾ കിടക്കയിൽ വച്ചുകൊണ്ട് പെണ്ണ് പറയുന്നുണ്ട്.. അത് കേട്ടതും ആശിച്ചതെന്തോ കയ്യ് വന്നപ്പോലൊരു പുഞ്ചിരിയായിരുന്നു അവനിൽ... " ഇവിടെയോ... നമ്മൾടെ മുറിയിലെപോലെ അല്ല ലച്ചൂ.. ചെറിയ കട്ടിലാ.. വാവയെ ശെരിക്കും കിടത്താൻ പറ്റോ??.." ഉള്ളിലുള്ള സന്തോഷത്തെ മങ്ങലേൽപ്പിക്കും പോലെ ഉരുതിരിഞ്ഞുവന്ന ആധി അവനും പ്രകടിപ്പിച്ചു.. " കുഴപ്പമില്ല.. വാവക്ക് അച്ഛന്റെ ചൂട് മതി.. ജിച്ചേട്ടനടുത്ത് ഒതുങ്ങിക്കോളും അവൾ.." മുഖത്തുനോക്കാതെ പറഞ്ഞുകൊണ്ട് പെണ്ണ് അവന്റെ പ്ലാസ്റ്റർ ഇട്ട കാല് പൊക്കി നിലത്തേക്കിറക്കി വച്ചു... കുളിമുറിയിൽ നിന്നൊരു ബക്കറ്റിൽ വെള്ളമെടുത്തുകൊണ്ടുവന്ന് തോർത്ത്‌ അതിൽ മുക്കിപിഴിഞ്ഞെടുത്തു..

നനവാർന്ന തോർത്തുകൊണ്ടവന്റെ മുഖമാകെ തുടച്ചുകൊടുക്കുമ്പോൾ അവളൊരു അമ്മ മാത്രമായിരുന്നു.. വാത്സല്യത്തോടെ അതിലുപരി കരുതലോടെ മുറിവിൽ തൊടാതെ മുഖതെല്ലായിടത്തും തണുത്ത വെള്ളം കൊണ്ട് ഒപ്പിയെടുത്തു... ധരിച്ചിരുന്ന ഷർട്ട്‌ അഴിച്ചുമാറ്റാൻ നേരം അവളവനെയൊന്നു നോക്കി.. തന്നെ തന്നെ നോക്കിയിരിക്കുന്ന ജിച്ചേട്ടനെ നോക്കി പുഞ്ചിരിച്ചു... " ഇത് മാറ്റാട്ടോ.. മേല് കഴുകാൻ പറ്റില്ലലോ.. നനച്ച് തുടച്ചാ ഏട്ടനിത്തിരി ആശ്വാസാവും.. " അവനോട് വാത്സല്ല്യത്തോടെ സംസാരിച്ചുകൊണ്ട് തന്നെ പെണ്ണ് സൂക്ഷിച് ഷർട്ട്‌ അഴിച്ചു മാറ്റിയിരുന്നു... മുറിവിലാവാതെ തന്നെ വെള്ളം മുക്കിയ തുണിയാൽ അവൾ ദേഹം തുടച്ചുകൊടുത്തു... കാര്യഗൗരവത്തോടെയുള്ള പെണ്ണിന്റെ പെരുമാറ്റങ്ങളെ അത്ഭുതത്തോടെ അതിലുപരി ആരാധനയോടെ നോക്കികാണുകയായിരുന്നു അവൻ... പ്രണയം കൂടുകയായിരുന്നു അവളോട്.. നഗ്നമായ അവന്റെ വിരിഞ്ഞ നെഞ്ചിലും പുറത്തുമെല്ലാം തിങ്ങി വളർന്നിരിക്കുന്ന കറുത്ത രോമങ്ങളിൽ കൂടെ പെണ്ണിന്റെ കൈയ്കൾ ഇഴഞ്ഞു.. അവയിലെ വിയർപ്പെല്ലാം തണുത്ത വെള്ളത്താൽ തുടച്ചൊപ്പിയെടുത്തു... ഒരു കുഞ്ഞിനെയെന്നപോലെ തന്നെ പരിപാലിക്കുന്ന പെണ്ണിനെ തന്നെ നോക്കിക്കൊണ്ടവനിരുന്നു... "മതി ലച്ചൂ... വേദിനെ വിളിക്കോ ഒന്ന്.. ന്നെ ബാത്‌റൂമിലേക്കൊന്ന് പിടിച്ചുകൊണ്ടുപോവാൻ പറയോ.." മടിച്ചു മടിച്ചു പറയുന്നവനെ ഒരുനിമിഷം നോക്കി നിന്നു ലച്ചു... "

ഈ വലതുകാല് നിലത്തു കുത്താൻ പറ്റോ?? " അവളുടെ ചോദ്യത്തിന് ജീവയൊന്നു മൂളി.. പുഞ്ചിരിച്ചുകൊണ്ട് അവന്റെ ഇടതുവശം ചേർന്നുനിന്നുകൊണ്ടവൾ എഴുനേൽക്കാനായി താങ്ങുമ്പോൾ വിടർന്ന കണ്ണുകളാലെ ജീവയവളെ നോക്കി.. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന പെണ്ണിന്റെ കൈയ്കളുടെ തണുപ്പ് ശരീരത്തിലാകെ പടരുമ്പോൾ വിറയലായിരുന്നു അവന്... അവളെ താങ്ങിനായി പിടിച്ചുകൊണ്ട് വലതുകാൽ കുത്തി പതിയെ പതിയെ ഞൊണ്ടി നടക്കുമ്പോഴും മൂക്കിലേക്കിരച്ചുകയറുന്ന പെണ്ണിന്റെ വിയർപ്പിലെ തുളസിഗന്ധം ആസ്വദിക്കുകയായിരുന്നു അവൻ... സ്വപ്നമോ മിഥ്യയോ എന്നറിയാതെ ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് എത്തിനോക്കികൊണ്ടിരുന്നു... അവളുടെ തോളിലുള്ള പിടിത്തം മുറുക്കി... നഗ്നമായ അവന്റെ ശരീരത്തിൽ ചേർത്തുപിടിച്ചുകൊണ്ട് നടക്കുമ്പോൾ ഉള്ളിലുള്ള വാത്സല്ല്യത്തെ മറികടന്നുകൊണ്ട് പ്രണയം നിറയുകയായിരുന്നു അവളിൽ.. തോളിൽ അമർന്ന അവന്റെ കൈയിവിരലുകൾ പോലും അവളെ തളർത്തും പോലെ ആയിരുന്നു.. ഇടയ്ക്കിടെ തന്നിൽ പാളി വീഴുന്ന അവന്റെ കണ്ണുകളെ ആസ്വദിക്കുകയായിരുന്നു പെണ്ണ്... ഉള്ളം നിറയുന്നുണ്ടായിരുന്നു പെണ്ണിന്റെ... തനിയെ മുണ്ടെല്ലാം മാറ്റിയുടുത്തുകൊണ്ട് ജീവ ബാത്റൂമിൽ നിന്നിറങ്ങുമ്പോൾ പുറത്തു വാതിനടുത്തുനിന്ന് ലച്ചു താങ്ങി കട്ടിലിലേക്ക് കൊണ്ടിരുത്തിയിരുന്നു... പ്ലാസ്റ്റർ ഇട്ടിരിക്കുന്ന കാല് ശ്രദ്ധപൂർവം കിടക്കയിലേക്കെടുത്തുവച്ചുകൊണ്ട് അവനെ താങ്ങി കിടത്തികൊടുത്തു... അവളുടെ വിയർപ്പുത്തുള്ളികൾ ഉറ്റുനിൽക്കും നെറ്റിയിലും മൂക്കിൻതുമ്പിലുമെല്ലാം കണ്ണോടിച്ചുകൊണ്ട് കിടക്കുകയായിരുന്നു ജീവ...

അവളെയൊന്നു നെഞ്ചോടുചേർത്തുപിടിക്കുവാൻ വെമ്പുകയായിരുന്നു അവനുള്ളം.. വിയർപ്പിനാൽ പടർന്നിരിക്കുന്ന സിന്ദൂരത്തെ പ്രണയത്തോടെയവൻ നോക്കി... ഉള്ളിലാകെ അവളോടുള്ള സ്നേഹം നിറയുകയായിരുന്നു... പുതപ്പുകൊണ്ട് അര വരെ പുതപ്പിച്ചിട്ട് പിന്തിരിയുന്ന പെണ്ണിന്റെ കയ്യിൽപിടിച്ചുനിർത്തി ജീവ... വിടർന്ന കണ്ണുകളോടെ ലച്ചു അവനെ നോക്കുമ്പോൾ അവന്റെ കണ്ണുകളുടെ ഭാവം അവളെ തളച്ചിടുവാൻ പോന്നതായിരുന്നു... അറിയാതെ തന്നെയവൾ അവനോട് ചേർന്നുകൊണ്ട് തൊട്ടടുത്തായി ഇരുന്നിരുന്നു... " ഒത്തിരി ബുദ്ധിമുട്ടാക്കീലേ ലച്ചൂ ഞാൻ.. " തെല്ലൊരു വേദനയോടെ പറയുന്നവനെ കൂർപ്പിച്ചുനോക്കിയിരുന്നു പെണ്ണ്... മറ്റെന്തോ പറയാനായവൻ ആയുമ്പോഴേക്കും അവൾ ഉള്ളംകയ്യാൽ അധരത്തെ മറച്ചിരുന്നു... " നിക്കിതൊരു ബുദ്ധിമുട്ടല്ല ജിച്ചേട്ടാ... ന്റേം മോൾടേം ജീവനല്ലേ ഇങ്ങനെ കിടക്കുന്നത്.. നോവാണ് ലച്ചൂന്... ഈ മുറിവൊക്കെ കാണുമ്പോ.. " കണ്ണു നിറച്ചുകൊണ്ട് ഇടറുന്ന സ്വരത്തിൽ പറയുന്ന പെണ്ണിന്റെ കവിളിൽ പ്രണയത്തോടെ അവനൊന്നു തലോടി... അവളവന്റെ കൈയിൽ മുറുക്കിപിടിച്ചുകൊണ്ട് നെഞ്ചോരം ചേർത്തു... " ന്റെയാ... ലച്ചൂന്റെയാ ജിച്ചേട്ടൻ... നിക്കിനി നഷ്ടപ്പെടുത്താനാവില്ല... ന്റെയാ.. " വിങ്ങിപൊട്ടി പറഞ്ഞുകൊണ്ട് പെണ്ണ് പിന്നെയും പിന്നെയും കയ്യിലെ പിടിത്തം മുറുക്കി.. കുനിഞ്ഞുവന്നുകൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി... സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ പെണ്ണിന്റെ ഓരോ ചലനങ്ങളും ഉള്ളിലേക്കാവാഹിക്കുകയായിരുന്നു ജീവയപ്പോൾ.. " ലച്ചൂട്ടാ... ഞാൻ... നിക്ക്... നിക്ക് പ്രണയം തോന്നുന്നു പെണ്ണെ... " അത്രമേൽ പ്രണയർദ്രമായിരുന്നു അവന്റെ സ്വരം.. നെറ്റിയിൽ പതിച്ച അധരത്തെ വേർപെടുത്തിയവൾ അവനെ തന്നെ ഉറ്റുനോക്കുമ്പോൾ പിൻകഴുത്തിൽ പിടിച്ചു കുനിച്ചുകൊണ്ട് പെണ്ണിന്റെ നെറ്റിയിലായി ചുംബിച്ചിരുന്നു അവൻ...

ഒത്തിരി ഒത്തിരി പ്രണയത്തോടെ... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയത് സന്തോഷത്തിന്റെയായിരുന്നു... കുഞ്ഞിപ്പെണ്ണിന്റെ കരച്ചിൽ അകത്തുനിന്നും കേട്ടതും ഇരുവരും പരസ്പരം വിട്ടുമാറിയിരുന്നു.. ആനന്ദത്തിന്റെ നീർമുത്തുകൾ കവിളിൽ നിന്നും തുടച്ചുമാറ്റികൊണ്ട് അകത്തേക്ക് നടക്കാൻ ലച്ചു തുടങ്ങുമ്പോഴേക്കും കുഞ്ഞിപ്പെണ്ണിനേയും കൊണ്ട് രുദ്രൻ എത്തിയിരുന്നു... " ന്റെ ലച്ചൂ.. എന്തൊരു കരച്ചിലാ പെണ്ണ്... നോക്കിയേ നീ ഒന്ന്... കളിച്ചപ്പോളെങ്ങാനും മേല് നൊന്താവോ ന്റെ കുഞ്ഞിന്റെ... " പരിഭ്രമത്തോടെ പറയുന്ന രുദ്രന്റെ കൈയിൽ നിന്നും കുഞ്ഞിയെ വാരിയെടുത്തു മാറോടു ചേർക്കുമ്പോൾ ലച്ചുവിലും ഭയമായിരുന്നു.. വേവലാതിയോടെ കയ്യും കാലുമെല്ലാം പരിശോധിക്കുമ്പോഴേക്കും കുഞ്ഞിപ്പെണ്ണവളുടെ മാറിൽ കയ്യ്കൊണ്ട് പരതിത്തുടങ്ങിയിരുന്നു.. " വിശന്നിട്ടാ ഏട്ടാ.. പേടിക്കണ്ടട്ടോ.. " തെല്ലൊരു ആശ്വാസത്തോടെ ലച്ചു പറയുമ്പോൾ രുദ്രനും സമാധാനത്തോടെ ശ്വാസം വിട്ടു...കുഞ്ഞിനെറ്റിയിൽ മുത്തി.. " വേഗം പാല് കൊടുത്തു ഉറക്കിക്കോ ലച്ചൂ.. കൊറേ നേരായി കളി തന്നെയല്ലേ.. വയ്യാതായിക്കാനും പെണ്ണിന്.. " ലച്ചുവിനോട് പറഞ്ഞുകൊണ്ട് രുദ്രൻ പുറത്തേക്ക് നടക്കുമ്പോൾ വാതിൽ അടച്ചുകൊണ്ട് അവൾ കുഞ്ഞിനേയുംകൊണ്ട് കിടക്കയിലേക്ക് നടന്നിരുന്നു... " അച്ഛന്റെ ചുന്ദരിമണിയെന്തിനാടാ കരയണേ?? ഏഹ്?? " കട്ടിലിൽ വന്നിരിക്കുന്ന ലച്ചുവിന്റെ കൈയിലെ കുഞ്ഞിപ്പെണ്ണിനെ ജീവ കൊഞ്ചിക്കുമ്പോൾ കരച്ചിലിനിടയിൽ അവളൊന്നു അച്ഛനെ നോക്കി.. പിന്നെയും ചുണ്ടുകൾ പുറത്തേക്കുന്തി അമ്മയുടെ മാറിൽ പരതി.. പരിഭ്രമമായിരുന്നു ലച്ചുവിനാകെ...

പിടയുന്ന അവളുടെ മിഴികളിൽ നോക്കിയൊന്നു കണ്ണുചിമ്മി ജീവ കണ്ണുകളടച്ചു കിടന്നു.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ പെണ്ണ് കട്ടിലിനു മറുവശം ചെന്ന് പുറം തിരിഞ്ഞിരുന്നുകൊണ്ട് നഗ്നമായ മാറിലേക്ക് കുഞ്ഞിനെ ചേർത്തുപിടിച്ചു.. വിങ്ങി കരഞ്ഞുകൊണ്ട് കുഞ്ഞിപ്പെണ്ണ് പാല് നുകർന്നു.. ഇത്രനേരം കരഞ്ഞതിന്റെ തുടർച്ചയെന്നോണം മുഖമുയർത്തി അമ്മയെ നോക്കി.. ചുണ്ടുകൾ പിന്നെയും വീർപ്പിച്ചു.. ചിണുങ്ങി കരഞ്ഞു.. അമ്മയുടെ ചുണ്ടിലെ പാട്ടിന്റെ മൂളലിലും കൈയ്കളുടെ താളത്തിലും പിന്നെയും കരച്ചിൽ നിർത്തി പാല് നുകർന്നുകൊണ്ടിരുന്നു... ഇടക്കൊന്നു ചിണുങ്ങി... ഒരു ചെറു പുഞ്ചിരിയോടെ കുഞ്ഞിപ്പെണ്ണിന്റെ ചെയ്തികൾ വീക്ഷിച്ചുകൊണ്ട് അമ്മയിരിക്കുമ്പോൾ അവർക്കുപിന്നിൽ കണ്ണുകളടച്ചുകൊണ്ടോരച്ഛൻ അവളുടെ ചിണുങ്ങൽ കെട്ട് പുഞ്ചിരിതൂക്കിയിരുന്നു.. കുഞ്ഞിപ്പെണ്ണിന്റെ ഇരുവശത്തും കിടക്കുമ്പോൾ ഇതുവരെയില്ലാതിരുന്നൊരു പരവേശമായിരുന്നു ഇരുവരിലും... തുറന്നു പറഞ്ഞ പ്രണയം ഇതുവരെയുണ്ടായിരുന്ന ബന്ധനങ്ങളെയെല്ലാം പാടെ തകർത്തുകളയുമോ എന്നുള്ള ഭയവും അവരെ പുൽകിയിരുന്നു... ആ കുഞ്ഞുമുറിയിൽ അവരുടെ മൂന്നാളുടെയും നിശ്വാസവും നിലാവും നിറയവേ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ബലമായ കൈയ്കൾ പ്രിയപെട്ടവളെയും പൊതിയാൻ തുടങ്ങിയിരുന്നു.. വിറയലോടെ...

പ്രണയം തുളുമ്പുന്ന പ്രാണന്റെ ഉള്ള് തിരിച്ചറിഞ്ഞപോലെ കുഞ്ഞിന്റെ തലയ്ക്കുമുകളിലൂടെ അവളുടെ മൃതുവാർന്ന വിരലുകൾ അവന്റെ തലമുടിയിഴകളെ തലോടിയിരുന്നു... ഒത്തിരി പ്രണയത്തോടെ.. വാത്സല്ല്യത്തോടെ... കുഞ്ഞിപ്പെണ്ണിന്റെ അച്ഛനും അമ്മയ്ക്കുമപ്പുറം ആദ്യമായി കാമുകനും കാമുകിയുമായി ജീവിക്കുകയായിരുന്നു അവരിരുവരും... നോട്ടത്തിലൂടെയും ചെറുവിരൽ സ്പർശനത്തിലൂടെയും നെറ്റിയിലെ ചുംബനത്തിലൂടെയും അകന്നിരിക്കുന്ന ഹൃദയത്തെയും ശരീരത്തെയും അടുപ്പിക്കുകയായിരുന്നു... ആദ്യമായി തിരിച്ചറിയും വികാരങ്ങൾ ഉള്ളിൽ നിറയുമ്പോഴും പ്രണയം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ആസ്വദിക്കുകയായിരുന്നു അവർ... പരസ്പരം അടുത്തറിയുകയായിരുന്നു... കൊച്ചുകുഞ്ഞിനെയെന്നപോലെ തന്നെയും പരിപാലിച്ചുകൊണ്ടിരിക്കുന്ന പെണ്ണവന്റെ ഉള്ളം പിന്നെയും പിന്നെയും കയ്യടക്കികൊണ്ടിരുന്നു.. അവളുടെ സ്നേഹവും വാത്സല്യവും കരുതലും ഓരോനിമിഷവും മനസിലാക്കുകയായിരുന്നു അവൻ.. അമ്മയായും കാമുകിയായും ഭാര്യയായും അവൾ മാറുന്നത് തെല്ലൊരു അത്ഭുതത്തോടെ ജീവ നോക്കികണ്ടു... വാക്കുകൾ കൊണ്ട് അടുത്തു... കണ്ണുകൾക്കൊണ്ട് പ്രണയിച്ചു... നെറ്റിയിലെ ചുംബനത്താൽ വാത്സല്യമേകി.............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story