നിഴലായ് നിൻകൂടെ: ഭാഗം 2

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" ദേ.. ദേവേട്ടാ.. " അവളുടെ ഇടറിയ സ്വരത്താലുള്ള വിളി കേൾക്കെ ദേവനൊന്നു മുഖമുയർത്തി അവളെ നോക്കി.. ആ രാത്രിയിലും പരന്നിരിക്കുന്ന നിലാവെട്ടത്തിൽ പിടയ്ക്കുന്ന അവളുടെ ഉണ്ടക്കണ്ണുകളാണവൻ ആദ്യം നോക്കി നിന്നത്.. കരയിലേക്ക് പിടിച്ചിട്ട പരൽമീനുകളെ പോലെ അവയിലെ നക്ഷത്രഗോളങ്ങൾ പിടയുന്നുണ്ടായിരുന്നു... അവയുടെ പിടച്ചിലിന്റെ ആഴത്തിൽ സ്വയം മറന്നുപോവുമ്പോൾ ദേവന്റെ കൈയ്കൾ അവളുടെ അരയിൽ മുറുക്കെ ചുറ്റിവരിഞ്ഞിരുന്നു.. വിറയാർന്ന അവളുടെ അധരങ്ങളിൽ കണ്ണെത്തിയതും ദേവന് അവനെ തന്നെ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.. " വേ..ണ്ട.. വേണ്ട ദേവേ.. " അവളുടെ എതിർപ്പിനെ പോലും പൂർത്തിയാക്കാൻ അനുവദിക്കാതെ ദേവനവളുടെ അധരങ്ങളെ തന്റേതുമായി ബന്ധിപ്പിക്കുമ്പോൾ ആ പെണ്ണവന്റെ കയ്കളിൽ തളർന്ന് കിടക്കുകയായിരുന്നു..

ദീർഘമായൊരു ചുംബനംകൊണ്ട് ദേവൻ അവളെ തളരിതയാക്കി കയ്കളിൽ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി നെറ്റിയിലായി ചുംബിച്ചു.. "..ഐ ലവ് യൂ ശിവാ..." അവളുടെ കണ്ണുകളിലും കവിളിലും ചുണ്ടിലും മുഖത്താകമാനവും ഭ്രാന്തമായ ആവേശത്തോടെ ദേവൻ ചുംബനം നിറയ്ക്കുമ്പോൾ കൂമ്പിയടഞ്ഞിരുന്ന അവളുടെ കൺകോണിൽ നിന്നും ഉറ്റു വീണിരുന്ന നീർതുള്ളികളോ എതിർക്കാൻ മനസ്സ് പറയുമ്പോഴും അതിനനുവദിക്കാതിരുന്ന ശരീരത്തിന്റെ തളർച്ചയോ കണ്ടിരുന്നില്ല.. സിരകളിൽ പടർന്നുകയറിയ ലഹരിയുടെ ഉത്തേജകം പോലെ ശക്തമായ് അവളിലേക്കാഴ്ന്നിറങ്ങുമ്പോൾ അവന്റെ ശിവയോടുള്ള അടങ്ങാത്ത പ്രണയവും കാമവും ഒരുപോലെ അവനിൽ നിറഞ്ഞു നിന്നിരുന്നു.. തന്റെ പ്രിയപെട്ടവൻ നൽകുന്ന ഓരോ ചുംബനങ്ങളും ദന്ത മുദ്രണങ്ങളും വേദനയും കിതപ്പുമെല്ലാം ഏതോ അഗാധ ഗർത്തത്തിൽ നിന്നറിയും പോലെ അവളും അറിയുന്നുണ്ടായിരുന്നു..

ഇടക്കിടക്ക് അവനിൽ നിന്നും പ്രണയാതുരമായി ഉയരുന്ന ' ശിവാ ' എന്നുള്ള വിളിപ്പേര് കേൾക്കുമ്പോൾ അറിയാതെ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞിരുന്നു.. ഒടുക്കം തളർന്ന് ദേവൻ അവളുടെ അരികിലായ് കിടക്കുമ്പോൾ പ്രണയം തീർത്ത ആലസ്യത്തിന്റെ ഫലമായി ഇരുവരുടെയും കൺപോളകൾ അടഞ്ഞുപോയിരുന്നു.. ആ അർദ്ധബോധവസ്ഥയിലും ദേവന്റെ നാവിൽ അവന്റെ ശിവയുടെ നാമം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.. കുളപടവിൽ മുട്ടുകാലിൽ മുഖമോളിപ്പിച്ചുകൊണ്ട് ആ രാത്രിയുടെ ഓർമ്മകളിലിരിക്കുകയായിരുന്നു ലച്ചു.. " നിക്ക് സഹിക്കണില്ല ദേവേട്ടാ.. എന്റെ അല്ലേ.. ലച്ചൂന്റെ ദേവേട്ടനല്ലേ.. പിന്നെന്താ പ്രകാശ്മാമൻ അങ്ങനെ പറഞ്ഞേ.. ദേവട്ടന് തീത്തൂനെ ആണോ ഇഷ്ടം??.. അപ്പോൾ ലച്ചുവോ??.. ന്നെ ഇഷ്ടല്ലേൽ എന്തിനാ കുളത്തിൽ വീണപ്പോ അത്രേം വെപ്രാളപെട്ടത്??.. നിക്ക് ബോധം വന്നപ്പോ ഏട്ടനെന്നെ വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചതെന്തിനാ??.. അന്ന് ആ രാത്രിയിൽ എന്നെ ചുംബനങ്ങൾ കൊണ്ട് മൂടിയതെന്തിനാ.. നിക്കറിയാം..

എന്നെയാ ഇഷ്ടം.. ലച്ചുനെ ശിവാ ന്ന് വിളിച്ചേക്കണത് ദേവേട്ടനല്ലേ.. ഞാൻ.. ഞാനല്ലേ ഏട്ടന്റെ ശിവാ.. ദേവട്ടന്റെ ശിവക്ക് ഒരുപാട് നോവുന്നുണ്ട്ട്ടോ.. എന്തേ നാട്ടിലേക്ക് വരാത്തത്?? കഴിഞ്ഞ വട്ടം വന്നപ്പോ ലച്ചൂനോട് തനിയെ സംസാരിക്കാൻ വന്നില്ലല്ലോ.. നോക്ക് വാവേ.. വാവേടെ അച്ഛനില്ലേ അമ്മേനോട് സംസാരിക്കുന്നില്ലല്ലോ.. വാവ വന്നതറിഞ്ഞിട്ടില്ല അച്ഛൻ.. അച്ഛനൊറപ്പായും വരും.. അമ്മേനോട് ഇഷ്ടാണെന്ന് പറഞ്ഞല്ലോ.. അപ്പൊ ഉറപ്പായും വരും.. " താഴെ പടിയിൽ ചെന്നിരുന്നുകൊണ്ട് ആ പെണ്ണ് വെള്ളത്തിൽ കാലുകളിട്ട് ഒരു കൈയാൽ വയറിനെ തഴുകിക്കൊണ്ട് പുലമ്പിക്കൊണ്ടിരുന്നു.. അവൾപോലുമറിയാതെ മനസ്സിന്റെ കടിഞ്ഞാൺ പലവഴിയേ സഞ്ചരിക്കുകയായിരുന്നു... ഇടക്ക് കരഞ്ഞും പുഞ്ചിരിച്ചും നാണിച്ചും വേവലാതിപ്പെട്ടും സ്വയം പരിഭവങ്ങൾ പറഞ്ഞും കുഞ്ഞിനെ തഴുകിയും കൈയ്‌വിട്ട് പോകുന്ന മനസ്സിന്റെ ചാഞ്ചാട്ടങ്ങൾക്കൊപ്പം അവളും ഒഴുകിക്കൊണ്ടിരുന്നു.. " ഇനിപ്പോ അച്ഛൻ വരാതിരിക്കോ വാവേ.. അച്ഛനെ ഫോണിൽ വിളിച്ചാൽ എടുക്കോ ആവോ.. അമ്മ വിളിച്ചുനോക്കിയിട്ടില്ലല്ലോ ഇതുവരെ.. അമ്മേടെ പ്രാണനല്ലേ... അമ്മക്ക് നൊന്താ അച്ഛനറിയില്ലേ??.. ഇല്ലേ ദേവേട്ടാ.. എനിക്ക് വേദനിക്കുന്നതറിയുന്നില്ലേ??.. എന്നെയെന്താ വിളിക്കാത്തെ??..

ആ രാത്രിയിൽ പറഞ്ഞതുപോലെ എന്നെ ഇഷ്ടാണെന്ന് എന്തേ പിന്നേം പറയാത്തത്?? പിണക്കത്തിലാണോ??.. ഇനി.. ഇനി.. മാമൻ പറഞ്ഞപോലെ തീത്തു.. തീത്തൂവാണോ ദേവേട്ടാ ഏട്ടന്റെ ഉള്ളിൽ.. അവളെയാണോ സ്നേഹിക്കണേ?? അവളാണോ ഏട്ടന്റെ ജീവൻ?? നമ്മൾ ഒന്നായ രാത്രിപോലും ഓർമയില്ലേ ഏട്ടാ.. ഒരിക്കൽ പോലും അതേപറ്റി സംസാരിക്കാത്തതെന്താ.. വേണ്ടേ.. എന്റെ കുഞ്ഞിനെ... ഇഷ്ടല്ലാഞ്ഞിട്ടാണോ.. ലച്ചൂനെ ഇഷ്ടല്ലേൽ ചത്തുകളയും ഞാൻ.. ദേ ഇവിടെ.. ഈ കുളത്തിൽ നിന്നല്ലേ ദേവേട്ടൻ രക്ഷിച്ചേ.. ഈ കുളത്തിൽ തന്നെ ഞാനും കുഞ്ഞും ഒടുങ്ങട്ടെ.. അല്ലേ ഏട്ടാ.. തീത്തൂനെ അല്ലേ വേണ്ടേ.. അവളോട്‌ കൂടി തന്നെ ജീവിച്ചോ.. ലച്ചു ആരേം ബുദ്ധിമുട്ടിക്കില്ല.. ലച്ചുന്റെ വാവേം ആരേം ബുദ്ധിമുട്ടിക്കില്ല.. ലച്ചു പൊക്കോളാട്ടോ.. പൊക്കോളാം.. വാവേം പൊക്കോളാം.. " ദാവാണിത്തുമ്പ് കയ്യ്‌വിരലിൽ ചുറ്റി ആരോടെന്നില്ലാതെ പതം പറഞ്ഞുകൊണ്ട് ആ പെണ്ണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഓരോ പടികളിലും കാലമർത്തി ഇറങ്ങാൻ തുടങ്ങി.. ഒരു ഭ്രാന്തിയെ പോലെ അവളുടെ മുഖത്തെ ഭാവങ്ങൾ നിമിഷ നേരങ്ങളിൽ മാറിമറഞ്ഞുകൊണ്ട് വരുമ്പോളും ഉള്ളിൽ അവളുടെ ദേവേട്ടനോട് മാത്രം പരിഭവിക്കുകയായിരുന്നു... " ലച്ചൂട്ടാ... "

കയ്യ്ത്തണ്ടയിലായാരോ പിടിച്ച് പിന്നിലോട്ട് വലിച്ചപ്പോഴാണവൾ സ്വപ്നത്തിൽ നിന്നെന്നോം ഞെട്ടിയുണർന്നത്.. "വന്നോ... ദേവേട്ടൻ വന്നോ.. ലച്ചൂനേം വാവനേം കാണാൻ വന്നോ.. " നിറഞ്ഞൊഴുകുന്ന കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോഴും പുലമ്പിക്കൊണ്ടവൾ മുന്നിലുള്ള ആളെ വലിഞ്ഞുമുറുക്കി.. " പോവല്ലേ ദേവേട്ടാ.. ലച്ചൂനെ വിട്ട് പോയക്കല്ലേ.. നിക്ക് നോവും.. വാവക്കും നോവും.. പോയേക്കല്ലേ.. " പിന്നെയും പിന്നെയും മുറുക്കെ വരിഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിൽ കണ്ണുനീർതുള്ളികളെ പെയ്യാൻ അനുവദിച്ചുകൊണ്ട് നിൽക്കുമ്പോൾ അവളിൽ നിന്നും ഉയർന്ന വാക്കുകൾ ഏൽപ്പിച്ച നടുക്കത്തിൽ തന്നെയായിരുന്നു അവനപ്പോഴും.. ഉയർന്നു കേൾക്കുന്ന അവളുടെ വേവലാതികൾക്കും ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തിനും നിർത്താതെ പെയ്യുന്ന മിഴികൾക്കും ആശ്വാസമെന്നോണം അവനറിയാതെ തന്നെ കൈയ്കളാൽ അവളെ പൊതിഞ്ഞു തലയിൽ തലോടിക്കൊണ്ടിരുന്നു... " ലച്ചൂട്ടാ.. " ഏന്തലുകൾ തെല്ലൊന്നടങ്ങിയതും അവൻ വാത്സല്ല്യത്തോടെ അവളെ വിളിച്ചു.. കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ അവളൊന്നും പൊള്ളിപിടഞ്ഞുകൊണ്ട് ആ മുഖത്തേക്കുറ്റുനോക്കി.. " ജിച്ചേട്ടൻ.. "

ഒട്ടും പ്രേതീക്ഷിക്കാതൊരാളെ കണ്മുന്നിൽ കണ്ടതിന്റെ ഞെട്ടലിനേക്കാളും ദേവനാണെന്നു ഒരു നിമിഷം തെറ്റിദ്ധരിച്ചു പറയേം ചെയ്യേം ചെയ്ത കാര്യങ്ങൾ ഓർമയിലേക്കിരച്ചു കയറിയതും അവളൊന്നു വേച്ചു പുറകോട്ടാഞ്ഞു.. തിരികെ വെള്ളത്തിലേക്ക് വീഴാനാഞ്ഞ ലച്ചുവിനെ കയ്കളിൽ പിടിച്ച് വലിച്ച് അടുത്തേക്ക് ചേർത്ത് ബലമായി പടികളിലേക്ക് കയറ്റുമ്പോഴും ജീവയുടെ ഉള്ളിൽ അവളിൽ നിന്നുതിർന്ന വാക്കുകൾ തന്നെയായിരുന്നു.. അവന്റെ കയ്കളിൽ കിടന്നുകൊണ്ട് ലച്ചു പിടഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും ജീവയവളെ പടികളൊന്നിലായി പിടിച്ചിരുത്തിയിരുന്നു.. അവന്റെ മുഖത്തേക്ക് നോക്കുവാനാകാതെ ആ പെണ്ണ് മുഖം കുനിച്ചിരുന്നു കണ്ണീർവാർക്കുമ്പോൾ അവളെ എന്തുപറഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവനും ഒരു നിമിഷം നിശ്ചലനായി.. " ലച്ചൂ.. " ഉയർന്നു കെട്ട ഏന്തലുകൾ മാത്രമായിരുന്നു മറുപടി.. " ലച്ചൂ.. ഇങ്ങോട്ട് നോക്കിയേ.. ഏട്ടൻ ഈ കേട്ടതെന്താ കുട്ടിയേ??... "

അവളുടെ തൊട്ടടുത്തായി ഇരുന്നുകൊണ്ട് ജീവ അവളോടായി ചോദിക്കുമ്പോഴും കരച്ചിലിന്റെ അടക്കിപ്പിച്ച ചീളുകൾ മാത്രമേ അവളിൽ നിന്നുയർന്നിരുന്നുള്ളൂ... " ദേവൻ... അവൻ.. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ??.. " തന്റെ മുന്നിൽ തളർന്നിരിക്കുന്ന പെൺകുട്ടിയോട് എന്തു ചോദിക്കണമെന്നോ എങ്ങനെ ചോദിക്കണമെന്നോ അറിയാതവൻ ഉഴറിക്കൊണ്ടിരുന്നു.. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ വരെ എല്ലാവട്ടത്തെ പോലെയും തീർത്ഥയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു അമ്മയുടെ പുറകെ നടന്നിരുന്ന ദേവന്റെ ചിത്രമായിരുന്നു ഉള്ളിൽ.. അവന്റെ ചോദ്യം കേട്ടെന്നോണം കരച്ചിലിനിടയിലും അവളൊന്നു മൂളി.. " നിങ്ങൾ തമ്മിൽ... ജിച്ചേട്ടൻ കേട്ടതിന്റെ കുഴപ്പമാണോ ലച്ചൂ?? കുട്ടി എന്താ നേരത്തെ പറഞ്ഞത്??.. " വേദനയോടെ ചോദിക്കുന്ന ജീവയെ മുഖമുയർത്തി അവളൊന്നു നോക്കി.. ചുവന്നു കിടക്കുന്ന അവളുടെ മുഖവും തളർന്ന കണ്ണുകളും വിറയാർന്ന മൂക്കിൻതുമ്പും അധരങ്ങളും അടക്കിപിടിച്ചിരിക്കുന്ന വേദനകൾ വിളിച്ചോതുന്നുണ്ടായിരുന്നു.. " ലച്ചു... ലച്ചു കള്ളം പറഞ്ഞതല്ല ജിച്ചേട്ടാ.. ദേവേട്ടൻ... ദേവേട്ടന്റെ കുഞ്ഞാ.. " വയറിലായി ഒരു കൈയ് ചേർത്ത് വിറയാർന്ന സ്വരത്തിൽ പറയുന്ന പെണ്ണിനെ ജീവ വേദനയോടെ നോക്കി.. " തെറ്റ് ചെയ്തൂലോ മോളെ നീ.. ദേവൻ.. അവൻ... അവനെന്താ ഈ ചെയ്തേക്കണേ..

എനിക്കെന്താ വേണ്ടെന്ന് അറിയണില്ല കുട്ട്യേ... ദേവൻ അറിഞ്ഞോ ഇത്??.. " തന്റെ സഹോദരന്റെ പ്രവർത്തിയിൽ ആകെ തകർന്നിരിക്കുന്ന ജീവയുടെ വാക്കുകൾക്ക് 'ഇല്ല ' എന്ന രീതിയിൽ അവൾ തല അനക്കി.. ഇരുവരിലും പടർന്ന മൗനം ഹൃദയത്തിന്റെ വേദനയായ് മാറുമ്പോൾ ഇനിയെന്ത് എന്നുള്ള ചോദ്യം തന്നെയായിരുന്നു രണ്ടാളിലും ഉയർന്നിരുന്നത്.. "ലച്ചു ചെയ്തത് തെറ്റ് തന്നെയാ ജിച്ചേട്ടാ.. അന്ന് ആ രാത്രി ദേവേട്ടന്റെ മുറിയിലേക്ക് പോവാൻ പാടില്ലായിരുന്നു.. എല്ലാരും കൂടെ ന്യൂഇയർ ആഘോഷിക്കാൻ അവിടെ വീട്ടിൽ കൂടീപ്പോ തമാശക്ക് ആണേലും അവരൊക്കെ നിർബന്ധിച്ചിട്ട് ആണേലും ബിയർ കുടിക്കാൻ പാടില്ലായിരുന്നു.. കുടിച്ചിട്ടും ഒന്നിച്ച് കിടന്നിരുന്ന തീത്തൂന്റേം നിവിടേം അടുത്തുന്നു ദേവേട്ടന്റെ അടുത്തോട്ട് ചെല്ലാൻ പാടില്ലായിരുന്നു.. പ്രണയത്തോടെ ശിവയെന്നും വിളിച്ചോണ്ട് ഇഷ്ടം പറയുകയും ചേർത്തുപിടിക്കുകയും ചുംബിക്കുകയും ചെയ്തപ്പോൾ വര്ഷങ്ങളായി ആശിച്ചതൊക്കെ കൈയ് വന്ന സന്തോഷത്തിൽ മതിമറന്നു പോവാനും എന്നെ തന്നെ നഷ്ടപ്പെട്ടുപോയിരുന്ന നിമിഷങ്ങളിൽ എതിർക്കാനാവാതെ തളർന്നുപോവാനും പാടില്ലായിരുന്നു... ലച്ചൂന് തെറ്റ് പറ്റിപ്പോയി.. തെറ്റാ.. തെറ്റ്.. " വിതുമ്പിക്കൊണ്ട് പുലമ്പിക്കൊണ്ടിരിക്കുന്ന പെണ്ണിനെ ദയനീയമായി നോക്കിയിരിക്കാനെ അവനായുള്ളൂ..

" പക്ഷെ ഇണ്ടല്ലോ... ലച്ചൂന് ശെരിക്കും ഇഷ്ടാ ദേവേട്ടനെ.. ഒത്തിരി.. അതോണ്ടല്ലേ ദേവേട്ടൻ വിളിക്കുന്നതും കാത്ത് ഇരിക്കുന്നത്.. " അവളൊന്നു നിർത്തിക്കൊണ്ട് ജീവയുടെ മുഖത്തേക്കുറ്റുനോക്കി.. " മാമൻ പറഞ്ഞത് നൊണയല്ലേ?? തീത്തൂനെ അല്ലല്ലോ ലച്ചൂനെ അല്ലേ ദേവേട്ടൻ സ്നേഹിക്കണേ??.. അല്ലേ ജിച്ചേട്ടാ..?? " പ്രേതീക്ഷയോടെ ചോദിക്കുന്ന ആ പെണ്ണിനെ കാൺകെ അവന്റെ ഉള്ളം പിടഞ്ഞു.. " ലച്ചൂ.. മോള് ഏട്ടൻ പറയുന്നത് കേൾക്കണം.. ദേവൻ.. ദേവൻ സ്നേഹിക്കുന്നത് ആരെയാണെന്ന് എനിക്കറിയില്ല.. പക്ഷെ എന്റെ ലച്ചൂന്റെ കുഞ്ഞ് ദേവന്റെ ആണെങ്കിൽ അവൻ തന്നെ നിന്നെ കല്യാണം കഴിക്കും.. ഞാനൊന്നു ബാംഗ്ലൂർക്ക് ചെല്ലട്ടെ.. അവനോട് നേരിട്ട് എനിക്ക് സംസാരിക്കണം.. ജിച്ചേട്ടനെ വിശ്വാസല്ലേ കുട്ടിക്ക്‌??.." ലച്ചുവിന്റെ വലതുകരം മുറുക്കെ പിടിച്ചുകൊണ്ടു പറയുന്ന ജീവയെ അവൾ കൺചിമ്മാതെ നോക്കിയിരുന്നു.. " നിക്ക് വിശ്വസാ.. ജിച്ചേട്ടൻ ദേവേട്ടനെ വഴക്ക് പറഞ്ഞേക്കല്ലേ.. ന്റെ ദേവേട്ടൻ പാവാ.. ഒത്തിരി വട്ടം അന്ന് പറഞ്ഞല്ലോ ഐ ലവ് യൂ ശിവാ ന്ന്.. " ഒരു കൊച്ചു കുഞ്ഞിന്റെ സന്തോഷത്തിൽ കയ്കളിൽ മുറുക്കെ പിടിച്ച് പറയുന്ന ആ പെണ്ണിനെ അവൻ വരുത്തിതീർത്ത പുഞ്ചിരിയാലെ നോക്കി.. എത്രമാത്രം ചാഞ്ചട്ടത്തിലാണ് അവളുടെ മനസെന്നുള്ളത് നിമിഷ നേരങ്ങളിൽ മാറ്റി മറിയുന്ന അവളുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു..

" ഇപ്പോ ഈ കുളത്തിൽ എന്തിനാ നീയ് വന്നെന്ന് എനിക്ക് മനസിലായിട്ടോ.. വെള്ളത്തിൽ മുങ്ങിയിരുന്നേൽ നോവുന്നതാർക്കാ.. വാവക്കല്ലേ?? ലച്ചൂന്റെ വാവ അല്ലേ.. നോവിക്കാൻ നോക്കൊ ഇനി കുഞ്ഞിനെ?? " തെല്ലൊരു ശാസനയോടെ ജീവ പറയുമ്പോൾ ലച്ചുവിന്റെ മുഖത്തെ സന്തോഷം മാറി വേദന നിറയുന്നുണ്ടായിരുന്നു.. " നിക്ക് ഒട്ടും പറ്റാതായോണ്ടാ.. ഇനി ചെയ്യില്ല.. ആരേം വേദനിപ്പിക്കില്ല.. " മുഖം കുനിച്ചു പറഞ്ഞുകൊണ്ടവൾ ഒന്ന് നിർത്തി മുഖമുയർത്തി ജീവയെ നോക്കി.. " രുദ്രേട്ടനും അച്ഛനും അറിഞ്ഞാൽ .. " വേദന മാറി ആ മുഖത്തു ഭയം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.. " ആരും അറിയില്ല.. ലച്ചൂ ആരോടും പറയേം വേണ്ടാ.. ഞാനും ആരോടും പറയില്ല.. ദേവനുമായിട്ടുള്ള കല്യാണം ജിച്ചേട്ടൻ നടത്തിത്തരാം... ഒന്നും പേടിക്കണ്ടാട്ടൊ.. വിഷമിച്ചിരിക്കാതെ പഴേ ലച്ചൂസായി നടന്നെ ഇവിടെ.. ഇനി ഈ കണ്ണു നിറഞ്ഞ് കാണാൻ ഇടയാവരുത്ട്ടോ.. " ഉള്ളിൽ കുമിഞ്ഞു കൂടിയ വേദനയിലും പുഞ്ചിരിച്ചുകൊണ്ട് ജീവ അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.. അത്യധികം വാത്സല്യത്തോടെ.. അവളും തിരിച്ചു പുഞ്ചിരിച്ചുകൊണ്ട് അവൻ പറയുന്നതെല്ലാം മൂളി കേട്ടുകൊണ്ടിരുന്നു.. "ഞാൻ ദേവനെ കണ്ട് വന്നിട്ട് നമുക്ക് ഡോക്ടറെ കാണാൻ പോവാം... ലച്ചുന് വയ്യായ്ക വല്ലോം തോന്നാണേൽ പറയാൻ മടിക്കരുത്.. ഇപ്പൊ കുട്ടി വീട്ടിലേക്ക് ചെല്ല്.. എല്ലാം നമുക്ക് ശെരിയാക്കാട്ടോ..."

ജീവയുടെ വാക്കുകൾക്ക് സമ്മതമറിയിച്ചുകൊണ്ട് മുഖം നന്നായി കഴുകി ദാവണി തുമ്പാൽ തുടച്ച് ലച്ചു പടികൾ കയറി വീട്ടിലേക്ക് നടന്നു.. ചുവന്നു തുടങ്ങിയ അന്തരീക്ഷത്തിൽ അവൾ നടന്നകലുന്നതും നോക്കിയവൻ ആ കൽപടവിൽ ഇരുന്നു... ദേവന്റെ ഉള്ളിൽ തീർത്ഥയാണെന്നുള്ളത് അവന്റെ വാക്കുകളിൽ നിന്ന് തന്നെ എത്രയോവട്ടം കേട്ടിരിക്കുന്നു.. അവളെ പിരിഞ്ഞു നിൽക്കാനാവാഞ്ഞിട്ടാണ് ഡിഗ്രി കഴിഞ്ഞ ഉടനെ ദേവൻ ജോലിക്ക് ചെയ്യുന്ന കമ്പനിയിൽ അവൾക്കൊരു ജോലിക്ക് ശരിയാക്കി ബാംഗ്ലൂർക്ക് കൂടെ കൊണ്ടുപോയത്.. തീർത്ഥക്കും അവനോട് അതേ താല്പര്യം ഉള്ളതുകൊണ്ടല്ലേ ജോലിക്ക് പോവാൻ വാശി പിടിച്ച് എല്ലാവരുടെയും സമ്മതം വാങ്ങി അവളും കൂടെ പോയത്.. ഇവർക്കിടയിൽ ലച്ചുവിന്റെ സ്ഥാനമെന്താ?? ദേവൻ.. അവൻ അറിഞ്ഞുകൊണ്ട് രണ്ടാളേം ചതിക്കുകയാണോ??.. എന്റെ ദേവന് അതിനു പറ്റോ??.. ആർക്കാണ് തെറ്റ്‌പറ്റിയത്??.. ലച്ചു.. കുഞ്ഞല്ലേ അവൾ.. ഇതൊക്കെ താങ്ങാൻ ആ പെണ്ണിന് എങ്ങനെ പറ്റും??.. നനവാർന്ന മണ്ണിൽ വേരുകൾ പായുംപോലെ കണക്കറ്റ ചിന്തകൾ ഉള്ളിൽ പടർന്നിറങ്ങുമ്പോഴും സായംസന്ധ്യ ജലപരപ്പിൽ വരച്ചിടുന്ന നിറമാർന്ന ചിത്രങ്ങളിൽ കണ്ണുകൾ പതിപ്പിച്ചുകൊണ്ട് ഹൃദയത്തിന്റെ നൊമ്പരമാർന്ന പരിഭവത്തെ കാതോർത്തിരിക്കുകയായിരുന്നു അവൻ...................... തുടരും...........

നിഴലായ് നിൻ കൂടെ : ഭാഗം 1

Share this story