നിഴലായ് നിൻകൂടെ: ഭാഗം 3

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

ഉമ്മറത്തു തീർത്ഥയുടെയും ലക്ഷ്മിയുടെയും കല്യാണകാര്യങ്ങളുടെ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.. ദേവന്റെ ഇഷ്ടം അറിഞ്ഞതുപോലെ തീർത്ഥയുടെ താല്പര്യം കൂടെ നോക്കിയിട്ട് അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാമെന്നുറപ്പിക്കുമ്പോഴും ലച്ചുവിന് ചേർന്നൊരു വരനെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ കണ്ടുപിടിക്കാനാവുമോ എന്നുള്ള ആവലാതിയായിരുന്നു എല്ലാവരിലും.. പരിചയത്തിലുള്ള വിവാഹപ്രായമായ ചെക്കന്മാരുടെ കണക്കെടുപ്പും വിലയിരുത്തലുകളും നടന്നുകൊണ്ടിരിക്കെയാണ് അകത്തേക്ക് പോയ ലച്ചുവിനെ കാണാതെ നിവി നോക്കാനായി എഴുനേൽക്കുന്നത്.. അടുക്കളയിൽ ചെന്നാണവൾ ആദ്യം തന്നെ നോക്കിയത്.. അവിടെ കാണാതായതും മുകളിലെ മുറിയിലേക്ക് നടന്നു.. ചാരിയിട്ടിരിക്കുന്ന മുറിയുടെ വാതിൽ തള്ളിതുറന്നു കയറിനോക്കിയിട്ടും എവിടെയും ലച്ചുവിനെ കാണാതെ തിരിച്ചിറങ്ങുമ്പോഴാണ് വാതുക്കലിൽ വച്ച് ആരുമായോ കൂട്ടിമുട്ടിയത്..

നെറ്റി ഇടിച്ചതിന്റെ വേദനയിൽ ഉഴിഞ്ഞുകൊണ്ട് മുഖമുയർത്തി നോക്കുമ്പോഴേക്കും ആരോ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് വാതിൽ പാളിയിലേക്കമർത്തി നിർത്തിയിരുന്നു.. തെല്ലൊരു ഞെട്ടലിൽ മുഖമുയർത്തി നോക്കുമ്പോൾ ദേഷ്യത്താൽ വലിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുന്ന രുദ്രനെയാണ് അവൾ കണ്ടത്.. അപ്പോഴേക്കും പിടുത്തം ഇട്ടിരുന്ന അവളുടെ വലതുകരം അവൻ പുറകിലേക്കായി തിരിച്ചിരുന്നു.. "ആാഹ്ഹ്... വിട് രുദ്രേട്ടാ.. എനിക്ക് വേദനിക്കുന്നുണ്ട്ടട്ടോ... " രുദ്രന്റെ കൈയ് വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.. " ടി കോപ്പേ... വേദനിക്കട്ടെടി.. നിനക്ക് ഇങ്ങനെ വേദനിച്ചാൽ പോരാ.. ഒരു നൂറു തവണ നിന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ തിന്നുന്നതിന്റേം കുടിക്കുന്നതിന്റേം ബാക്കി കഴിക്കാൻ നിക്കരുതെന്നു... നിനക്കെന്താ പറഞ്ഞാ മനസിലാവില്ലേ???.. എന്റടുത്തു വെറുതെ വേഷംകെട്ട് എടുത്താൽ ഉണ്ടല്ലോ.. " പല്ല് കടിച്ച്പിടിച്ച് ഉള്ളിലുള്ള അമർഷമെല്ലാം വാക്കുകളാലും കയ്യ്കളിൻമേലുള്ള മുറുക്കത്താലും അവൻ പ്രകടിപ്പിക്കുമ്പോൾ നിവിയുടെ മുഖത്തും വേദന നിറയുന്നുണ്ടായിരുന്നു..

" തീത്തും ലച്ചൂവും ഒക്കെ ഏട്ടന്റന്ന് കഴിക്കാറുണ്ടല്ലോ.. പിന്നെന്താ.. " കയ്യിന്റെ വേദനക്കിടയിലും അവൾ പറഞ്ഞൊപ്പിച്ചു.. " അവരെന്റെ പിള്ളേരാ.. അവരെപോലെ ആണോ നീയ്.. ആ കൊച്ചുങ്ങളെ വരെ നശിപ്പിക്കാൻ നടക്കാ.. നിന്നോട് പറഞ്ഞിട്ടില്ലേ ലച്ചൂന്റെ കൂടെ നടക്കരുതെന്ന്.. മരംകേറി.. " ദേഷ്യത്താൽ അവന്റെ മൂക്കിൻതുമ്പ് വിറയ്ക്കുന്നുണ്ടായിരുന്നു.. " രുദ്രേട്ടന് എന്തിനാ എന്നോട് ഇത്ര ദേഷ്യം.. ലച്ചു എന്റെ ഫ്രണ്ട് അല്ലേ.. ഞാനും അവളും ഒന്നിച്ച് നടന്നെന്നു വെച്ച് എന്താ.. " തെല്ലൊരു ഇടർച്ചയോടെ ആ പെണ്ണ് ചോദിക്കുമ്പോൾ അവന്റെ മുഖം കൂടുതൽ മുറുകുന്നുണ്ടായിരുന്നു.. " എനിക്കിഷ്ടല്ല.. അത്ര തന്നെ.. " നോട്ടം മറ്റെങ്ങോ പായിച്ചുകൊണ്ട് രുദ്രൻ പറഞ്ഞു.. " എന്തുകൊണ്ട്?? ഞാൻ.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ?? " അവളുടെ സ്വരത്തിലെ ഇടർച്ച കൂടുന്നുണ്ടായിരുന്നു.. " നിന്റെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട്.. ആ തറ സ്വഭാവം എന്റെ കൊച്ചിനെ കൂടെ പഠിപ്പിച്ചേക്കരുത്.. അല്ലേലും ഏട്ടന്മാർ മൂന്നും കൂടെ വഷളാക്കി വെച്ചേക്കല്ലേ.. നിന്നെയൊക്കെ വീട്ടിൽ കയറ്റാനെ കൊള്ളില്ല..

" ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് രുദ്രൻ അവളുടെ കൈയ് കുടഞ്ഞു വിട്ടു താഴെക്കിറങ്ങി നടന്നു.. അവന്റെ വാക്കുകൾ തീർത്ത വേദനയിൽ പൊടിഞ്ഞ കണ്ണീരിനെ വാശിയോടെ തുടച്ചുകൊണ്ട് നിവിയും അവനു പുറകെ താഴെക്കിറങ്ങി.. മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കാറില്ലെങ്കിലും തനിയെ കിട്ടുമ്പോൾ രുദ്രൻ അവന്റെ ദേഷ്യവും വെറുപ്പും നിവിയോടെപ്പോഴും കാണിക്കാറുണ്ടായിരുന്നു.. എന്തുകൊണ്ടാണിത്ര ദേഷ്യമെന്നത് അവനു തന്നെ അറിയാനാവുന്നുണ്ടായില്ല.. ഒരുപക്ഷെ അവളുടെ ഓവർ സ്മാർട്നെസ്സും അച്ചടക്കം ഒട്ടും ഇല്ലാത്ത സ്വഭാവവും കണ്ടിട്ടായിരിക്കാം.. തന്റെ സ്ത്രീസങ്കൽപം അവളുടേതുമായി യാതൊരു തരത്തിലും ഒത്തുചേർന്നു പോവാത്തതിനാലുമായിരിക്കാം.. എന്തോ.. ദേഷ്യത്താൽ പടികൾ ഇറങ്ങി വരുന്ന രുദ്രനെയും അവനു പുറകെ കലങ്ങിയ കണ്ണുകളുമായി ഇറങ്ങുന്ന നിവിയെയുമാണ് കുളക്കടവിൽ നിന്നും വീടിനകത്തേക്ക് കയറുമ്പോൾ ലച്ചു കാണുന്നത്.. തന്റെ ഉള്ളിലെ ഭാരമെല്ലാം മറച്ചുപിടിച്ചുകൊണ്ട് അവൾ നിവിയുടെ അടുത്തേക്ക് ചെന്നു..

പുരികമുയർത്തിക്കൊണ്ട് എന്താണെന്ന് മൗനമായി ചോദിച്ചു.. " നിന്റെ രുദ്രേട്ടന് പ്രാന്താ പെണ്ണേ.. മുഴുത്ത വട്ട്.. " ദേഷ്യം നിറഞ്ഞ സ്വരത്താൽ പറയുന്ന പെണ്ണിനെ ലച്ചു കൂർപ്പിച്ച് നോക്കി നിന്നു.. " ഇനിപ്പോ ഞാൻ ഒന്നും പറയുന്നില്ല.. നിന്നോട് മിണ്ടരുതെന്ന ഓർഡർ.. നീ അനുഭവിച്ചോ.. ഏട്ടന്റെ പുന്നാരയല്ലേ.. " ചുണ്ടുകോട്ടി പറഞ്ഞുകൊണ്ട് നിവി ഉമ്മറത്തേക്ക് നടക്കുമ്പോൾ ലച്ചുവിന്റെ ഉള്ളിൽ മുഴങ്ങിയിരുന്നത് ഒന്നായിരുന്നു.. ' ഏട്ടന്റെ പുന്നാര.. ' അതെ.. ഓർമ്മകൾ വച്ച കാലം മുതൽ ഇന്നേവരെ ഏട്ടൻ ലച്ചൂനെ അനിയത്തിയായിട്ടല്ലല്ലോ സ്വന്തം കുഞ്ഞിനെപ്പോലെയല്ലേ നോക്കിയിട്ടുള്ളത്.. ഇന്നേവരെ വാക്കുകൊണ്ട് പോലും ലച്ചൂനെ നോവിച്ചിട്ടില്ലല്ലൊ... പലപ്പോഴും തീത്തൂനോട് പോലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിലും ലച്ചൂനോട് സ്നേഹത്തോടെ അല്ലാതെ സംസാരിച്ചിട്ടില്ലല്ലൊ... ആ ഏട്ടനെപോലും ലച്ചു ഇപ്പൊ പറ്റിക്കല്ലേ??.. ന്റെ ഏട്ടൻ എങ്ങനെയാ സഹിക്കാ ഇത്??.. ലച്ചൂ എല്ലാരേം ചതിച്ചില്ലേ?? ലച്ചൂന് ദേവേട്ടനെ ഇഷ്ടായോണ്ടല്ലേ.. വേണോംന്ന് വെച്ച് തെറ്റ് ചെയ്തതല്ലല്ലോ.. എന്റെ അച്ഛനും ഏട്ടനും വെറുക്കോ ലച്ചൂനെ?? ദേവേട്ടൻ വെറുക്കോ??.. തീത്തു വെറുക്കോ??.. ന്റെ വാവേനെ ഇഷ്ടല്ലതാവോ എല്ലാർക്കും??.. ഏട്ടന്റേം തീത്തൂന്റേം ഭാവി കൂടെ നശിപ്പിക്കുകയാണോ ലച്ചൂ??

ലച്ചൂ ചീത്തയാണോ.. സ്വയം പിറുപിറുത്തുകൊണ്ട് വയറിനെ വലതുകയ്യാൽ പൊതിഞ്ഞുപിടിച്ച് ആ പെണ്ണ് നടുതളത്തിൽ തളർന്നിരുന്നു.. ശരീരവും മനസും പലപ്പോഴും തളർച്ച ബാധിച്ചു തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും പിന്നെയും പിന്നെയും പലവിധമാർന്ന ചിന്തകൾക്കൊണ്ട് തെറ്റും ശരിയും തന്നലാവും വിധം വേർതിരിച്ചെടുക്കുവാനും സ്വപ്നങ്ങളിൽ നിന്നുണർന്നുവരുവാനും അവൾ പരിശ്രമിച്ചുകൊണ്ടിരുന്നു.. തന്റെ ഉള്ളിലെ ജീവന്റെ തുടിപ്പിനു വേണ്ടി.. **************** അടുത്ത ദിവസം സ്കൂളിൽ നിന്നും വന്നിട്ട് കുളിക്കാനായി കുളക്കടവിൽ എത്തിയപ്പോഴാണ് എന്തോ ചിന്തയിലാണ്ടിരിക്കുന്ന ലച്ചുവിനെ ജീവ കാണുന്നത്.. ചുറ്റും നടക്കുന്നതൊന്നും തിരിച്ചറിയാൻപോലും ആവാത്തവിധം ഗഹനമായ ചിന്തയിലാണ്ടിരിക്കുന്ന പെണ്ണിനെ നോക്കിയവൻ ഒരു നിമിഷം നിന്നു... "ലച്ചൂ... നീയെന്താ ഇവിടെയിരിക്കുന്നത്?? " ഗാഭീര്യമേറിയ അവന്റെ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടിയിരുന്നു.. " ജിച്ചേട്ടാ.. ഞാൻ..ഏട്ടൻ വരുന്നതും കാത്ത് ഇരുന്നതാണ്.. " ജീവയെ നോക്കിയൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ആ പെണ്ണ് പറഞ്ഞു..

" എന്നെയോ.. എന്തേ മോളെ?? വയ്യായ വല്ലോം തോന്നുന്നുണ്ടോ??.. എന്താണെങ്കിലും പറയു കുട്ടി.." വെപ്രാളത്തോടെ പറഞ്ഞുകൊണ്ട് അവൻ ലച്ചുവിനടുത്തേക്ക് നടന്നിരുന്നു.. ആ ഏട്ടന്റെ വേവലാതിയും പരിഭ്രമവും അത്ഭുതത്തോടെ നോക്കികാണുകയായിരുന്നു അവളപ്പോൾ.. " ഏട്ടാ.. ദേവേട്ടൻ.. ദേവേട്ടനോട് സംസാരിച്ചോ??" തെല്ലൊരു മടിയോടെ മുഖം കുനിച്ചുകൊണ്ട് ലച്ചു ചോദിക്കുമ്പോൾ അവളുടെ സ്വരവും ഇടറുന്നുണ്ടായിരുന്നു.. " ഇല്ല.. ഞാനവനെ നേരിട്ട് കാണാൻ നിൽക്കുകയാണ്.. അല്ലേലും ഫോണിൽ പറയാവുന്ന ഒന്നല്ലല്ലോ ഇതൊക്കെ... എനിക്കവനെ നേരിട്ട് കണ്ട് സംസാരിച്ചേ പറ്റൂ.. " മറ്റെങ്ങോ നോട്ടം പായിച്ചു ദൃഢതയോടെ പറയുമ്പോഴും അവന്റെ സ്വരത്തിലും വേദനയുണ്ടായിരുന്നു.. " മ്മ്.. " " ജിച്ചേട്ടൻ പോവാട്ടോ.. നാളെ ലീവ് പറഞ്ഞിട്ടുണ്ട് മോളെ.. ഇന്ന് രാത്രിയിൽ ഉള്ള ബസ്സിന്‌ തിരിക്കാം.. കുട്ടി ധൈര്യമായിരിക്കു.. അവനോടെല്ലാം സംസാരിക്കാം ഏട്ടൻ.. " മുഖം കുനിച്ചിരുന്നു ചിന്തകളിലേക്ക് പായുന്ന മനസുമായി ഇരിക്കുന്ന ലച്ചുവിനോടായി പറയുമ്പോഴും ദേവന്റെ പ്രതികരണമോ തീരുമാനമോ എപ്രകാരമായിരിക്കുമെന്നു ഊഹിക്കാൻ പോലുമാവുന്നില്ലായിരുന്നു ദേവന്.. "മ്മ്.. " അവളൊന്നു മൂളി..

ഇരുവർക്കിടയിലും മൗനം നിറയുമ്പോഴും ചിന്തകളെല്ലാം ഒരേ രേഖയിൽ ദിശയറിയാഞ്ഞിട്ടും സഞ്ചരിക്കുന്നുണ്ടായിരുന്നു.. " തീത്തൂന് അങ്ങനെയൊരിഷ്ടം ഉണ്ടാവില്ലായിരിക്കും ലേ ജിച്ചേട്ടാ.. " പ്രേതീക്ഷയോടെ ചോദിക്കുന്ന ലച്ചുവിനെ നോക്കിയൊന്നു വേദനയാൽ പുഞ്ചിരിച്ചഭിനയിക്കാനേ അവനായുള്ളൂ.. " അവിടെ പോവുമ്പോ ജിച്ചേട്ടനൊന്നു അവളുടെ ഹോസ്റ്റലിൽ പോയേക്കണേ.. ന്റെ തീത്തൂന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ എങ്ങനെയാ.. നിക്ക് ആരേം വേദനിപ്പിച്ചോണ്ട് ഒന്നും വേണ്ട ഏട്ടാ.. ഒന്നും.. ആരേം.. " വിറയാർന്ന വാക്കുകളാലെ പറയുന്ന ലച്ചുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തന്നെ ചുട്ടുപൊള്ളിക്കും പോലെ അവനു തോന്നി.. "ലച്ചൂ.. മോളെന്താ ഈ പറയണേ.. " ദയനീയമായിരുന്നു അവന്റെ സ്വരവും.. " കൊറേ ആലോചിച്ചു ലച്ചു.. ഇന്നീ നിമിഷം വരെ.. ദേവേട്ടൻ ന്റെ ജീവനാ.. നിക്ക് വിധിച്ചതാണേൽ നിക്ക് തന്നെ കിട്ടും ഏട്ടാ.. ആരേം വേദനിപ്പിച്ചുകൊണ്ട് ഒരു സന്തോഷം ലച്ചൂന് വേണ്ടാ... ന്റെ തീത്തു.. അവൾടെ ഉള്ളറിയാതെ ഒന്നും ചെയ്തേക്കല്ലേ ഏട്ടാ.. തീത്തൂനോട് ഒന്ന് സംസാരിക്കാമോ ജിച്ചേട്ടാ?? " പിന്നെയും പ്രേതീക്ഷയോടെ നീളുന്ന അവളുടെ നോട്ടത്തെ പുഞ്ചിരിയാൽ സ്വീകരിച്ചുകൊണ്ട് ആ പെണ്ണിന്റെ തലയിലൊന്നു തഴുകി..

" ഏട്ടൻ സംസാരിച്ചോളാം ലച്ചൂ.. " " മ്മ്.. എന്റെ കാര്യം തീത്തൂനോട് പറഞ്ഞേക്കല്ലേ ഏട്ടാ.. അവൾടെ ഉള്ളിൽ ദേവേട്ടനോടെന്തെങ്കിലും ഇഷ്ടം.. " സ്വരത്തിലെ തളർച്ച വാക്കുകളെ വിഴുങ്ങുമ്പോൾ മിഴിനീർ തുള്ളികൾ അവളുടെ കവിളിണകളെ ചുംബിച്ചൊഴുകിക്കൊണ്ടിരുന്നു... " ഇല്ല മോളെ.. അങ്ങനെ ഒന്നുല്ല്യാ.. ഏട്ടൻ സംസാരിക്കാം.. പക്ഷെ ലച്ചു ഏട്ടന് വാക്ക് തരണം.. എന്തൊക്കെ നടന്നാലും ആര് എന്തൊക്കെ പറഞ്ഞാലും തളരാതെ പിടിച്ചുനിക്കുമെന്ന്.. " ജീവയുടെ വാക്കുകൾ കേട്ടതും ഹൃദയം നുറുങ്ങും പോലെ തോന്നി ആ പെണ്ണിന്.. പ്രേതീക്ഷകളും സ്വപ്നങ്ങളുമെല്ലാം വെറും മരീചിക മാത്രമായിരിക്കുമോ എന്നൊരു തോന്നൽ ശക്തമാകും പോലെ.. പിടക്കുന്ന ഹൃദയത്തെ അടക്കിനിർത്തുവാൻ ശ്രമിച്ചുകൊണ്ട് അവളൊന്ന് മൂളിക്കൊണ്ട് സമ്മതമറിയിച്ചു.. " കുട്ടി ചെല്ല്.. ഇനി ഇവിടെയൊന്നും വന്നിരിക്കണ്ടാട്ടോ.. ഏട്ടൻ പോയി വന്നിട്ട് വീട്ടിലേക്ക് വരാം.. " പിന്നെയും പ്രേതീക്ഷയോടെ അവനെ നോക്കി തലകുലുക്കിക്കൊണ്ട് ആ പെണ്ണ് നടന്നകന്നു.. പ്രേതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും യാഥാർത്യത്തിന്റെയും കടമകളുടെയും സ്നേഹത്തിന്റെയും കണ്ണികൾ അവളുടെ മനസിനെ പലവഴിക്കായി പിടിച്ച് വലിക്കുമ്പോൾ അതിനോരോന്നിനുമൊപ്പം നീങ്ങിക്കൊണ്ടിരുന്നു അവൾ...

കുളത്തിലെ വെള്ളത്തിന്റെ തണുപ്പോ വീശുന്ന കാറ്റിന്റെ കുളിർമയോ ഒന്നും തന്നെ ജീവയുടെ മനസിനെ തണുപ്പിക്കുന്നില്ലായിരുന്നു.. ദേവനോടെങ്ങനെ ഇതെപ്പറ്റി സംസാരിക്കുമെന്നോ എന്തു ചോദിക്കുമെന്നോ എങ്ങനെ അവന്റെ മനസ്സറിയണമെന്നോ അറിയാതെ അവനുഴറിക്കൊണ്ടിരുന്നു.. ജീവിതം ചോദ്യചിഹ്നമായി കിടക്കുന്നൊരു പാവം പെണ്ണിന്റെ ഉള്ള് അവനറിയാൻ പറ്റുന്നുണ്ടായിരുന്നു.. ദേവനോടുള്ള അടങ്ങാത്ത പ്രണയവും കരുതലും അവളിലെ അവളെ തന്നെ നഷ്ടപ്പെടുത്തിയിട്ടും ഇന്നും അവനായി മാത്രം കാത്തിരിക്കുന്നൊരു പൊട്ടിപെണ്ണ്... ആ പെണ്ണിന്റെ കണ്ണിൽനിന്നുതിരുന്ന ഓരോ തുള്ളി കണ്ണുനീരിനും വർഷങ്ങളായുള്ള ഒരു പ്രണയകഥ പറയാനുണ്ടാവും.. എന്നെങ്കിലും കൈയെത്തിപിടിക്കാനാവുമെന്നാശയിൽ നിന്നുയർന്നൊരു മൗനപ്രണയഗാഥ.. ***************** " ഏട്ടനോ.. ഏട്ടനെന്താ ഇവിടെ??.. " കണ്മുന്നിൽ ജീവയെ കണ്ടതും ആകെ ഞെട്ടിനിൽക്കുന്ന ദേവനെ തന്നെ കുറച്ചുനേരം ജീവ നോക്കിക്കൊണ്ടിരുന്നു..

വെളുപ്പിന് ബാംഗ്ലൂർ എത്തുന്ന രീതിയിൽ ആണ് നാട്ടിൽനിന്നും ജീവ പുറപ്പെട്ടത്.. ദേവനെ അറിയിക്കാതെയുള്ള വരവായതിനാലും ദേവന് ലീവ് കിട്ടില്ലെന്നറിയുന്നതിനാലുമാണ് ഇങ്ങനെ വെളുപ്പിന് ചെല്ലേണ്ടി വന്നത്.. കാളിങ് ബെല്ലിൽ വിരലമർത്തിയതിനു ശേഷം തൊട്ടടുത്തുള്ള 'ദേവപ്രകാശ് ' എന്ന നെയിം ബോർഡിൽ വിരലാൽ തഴുകിക്കൊണ്ടിരുന്നു.. അപ്പോഴാണ് വാതിൽ തുറന്ന് ദേവൻ പുറത്തിറങ്ങിയതും ജീവയെ മുന്നിൽ കണ്ട് അത്ഭുതപെട്ടു നിന്നതും.. " എന്താടാ.. ചോദിച്ചിട്ടും പറഞ്ഞിട്ടും വേണോ എനിക്ക് നിന്റെ അടുത്തോട്ടൊന്നു വരാൻ.. ഏഹ്?? ഉള്ളിലെ സംഘർഷങ്ങളെ അടക്കിനിർത്തി ദേവനെനോക്കിയൊന്നു പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട് ജീവ അകത്തേക്ക് നടന്നിരുന്നു.. " അതല്ല ഏട്ടാ.. ഇത്രേം വെളുപ്പിനെ കണ്ടപ്പോ ഞാൻ.. " ദേവൻ എന്തോ പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും അകത്തെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന ആളെ കണ്ട് ഒരു നിമിഷം നിശ്ചലമായശേഷം ജീവയുടെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.. " തീർത്ഥ.. "...................... തുടരും...........

നിഴലായ് നിൻ കൂടെ : ഭാഗം 2

Share this story