നിഴലായ് നിൻകൂടെ: ഭാഗം 6

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

കണ്ണാടിയിലെ പ്രതിബിംബത്തിൽ കാണുന്ന ജീവയുടെ പേര് കൊത്തിയ സ്വർണതാലിയിലും നെറ്റിയിലെ സിന്ദൂരചുവപ്പിലും മാറി മാറി നോക്കിക്കൊണ്ടവൾ നിർവികാരയായി നിന്നു.. എത്ര പെട്ടന്നാണ് ദിവസങ്ങൾ കൊഴിഞ്ഞുവീണത്.. ദേവന്റെ പ്രണയം തീർത്ഥയോടാണെന്നു അറിഞ്ഞനിമിഷം തകർന്നുപോയതാണവൾ.. അന്നേവരെ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന കണികപോലും ഇല്ലാതാക്കിയിട്ടാണ് തീർത്ഥയുടെയും ദേവന്റെയും പ്രണയത്തിൽ നിന്നും സ്വയം ഒഴിഞ്ഞുമാറിയത്.. വർഷങ്ങളായുള്ള അവളുടെ പ്രണയത്തിന്റെ പ്രേതീകമാണവൾക്ക് ആ കുഞ്ഞ്.. അവളുടെ മാത്രം പ്രണയത്തിന്റെ ഓർമ.. ലച്ചുവിന്റെ സമ്മതം കിട്ടിയതും കല്യാണകാര്യങ്ങൾ എല്ലാം പെട്ടന്നായിരുന്നു.. അതിനിടയിൽ ജീവ തന്നെ അവളെ ഗൈനകോളജിസ്റ്റിനെ കാണിച്ചിരുന്നു.. അന്ന് അധികാരത്തോടെ ഭർത്താവിന്റെ സ്ഥാനത്തു സ്വന്തം പേരെഴുതിച്ചേർത്തുകൊണ്ട് കുഞ്ഞിന്റെ പിതൃത്വത്തെ നിറഞ്ഞമനസാലെ ഏറ്റെടുക്കുന്ന അവൻ ലച്ചുവിനു പിന്നെയും അത്ഭുതമായി മാറുകയായിരുന്നു...

ജീവയുടെ താലി അവളുടെ കഴുത്തിനെ പുണരുംമ്പോൾ തൊട്ടടുത്തിരിക്കുന്ന ദേവനും തീർത്ഥയുടെ താലി മുറുക്കുകയായിരുന്നു.. തീർത്തും നിർവികാരത മാത്രമായിരുന്നു ലച്ചുവിലെങ്കിൽ അച്ഛന്റെ സ്ഥാനം കിട്ടിയതിന്റെ ആഹ്ലാദവും ലച്ചുവിന്റെ വേദനകൾ മനസിലാക്കിക്കൊണ്ടുള്ള ദുഖവും സമ്മിശ്രമായ വികാരങ്ങളായിരുന്നു ജീവയ്ക്ക്.. അപ്പോഴും അവിടെ രണ്ടുപേർ സ്വപ്നംകണ്ട ജീവിതം കയ്യ്പ്പിടിയിലൊതുക്കിയതിന്റെ ആനന്ദത്തിലായിരുന്നു... കുഞ്ഞുജീവനു വേണ്ടി മാത്രമാണിപ്പോൾ അവൾ ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തത്.. വിവാഹിതയല്ലാത്തൊരു പെണ്ണ് കുഞ്ഞിന് ജന്മം നൽകിയാൽ സ്വയം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ അവളെ അലട്ടിയിരുന്നില്ല.. മറിച്ച് അച്ഛനില്ലാത്ത കുഞ്ഞുമായി നിൽക്കുന്ന മകളെയോർത്തു നോവേണ്ടി വരുന്ന ഒരച്ഛന്റെയും കുഞ്ഞുപെങ്ങളുടെ ജീവിതം കണ്ട് ഉരുകുന്ന സഹോദരന്റെയും സഹോദരിയുടെയും മാനസികാവസ്ഥയാണ് ഇന്നീ ജീവിതത്തിലേക്ക് അവളെ നയിച്ചത്.. അവളൊന്നു ചിരിച്ചു.. വയറിനെ മറച്ചിരുന്ന ചുവന്ന പട്ടു നീക്കി കണ്ണാടിയിൽ കാണുന്ന വെളുത്ത വയറിനെനോക്കിയൊന്ന് പുഞ്ചിരിതൂകിക്കൊണ്ട് കണ്ണുചിമ്മി... ഇടതുകയ്യാൽ വയറിലൊന്നു തഴുകി..

" വാവേ.. അമ്മേടെ കുഞ്ഞ് വെഷമിക്കരുത്ട്ടോ.. ദേ.. ഇത് ന്റെ വാവാക്കുവേണ്ടിയാ.. ഇനി ന്റെ വാവക്ക് അച്ഛനുണ്ടല്ലോ.. അമ്മക്കറിയാലോ വാവേന്ന് വെച്ച ആ മനുഷ്യന് ജീവനാ.. " വലതുകയ്യാൽ താലിയുയർത്തിപ്പിടിച്ചുകൊണ്ട് അവൾ കുഞ്ഞിനോട് സംസാരിച്ചുകൊണ്ടിരുന്നു.. വാതിലിൽ തുടരേയുള്ള മുട്ട് കേട്ടതും സാരിയൊന്നു നേരെയാക്കി വാതുക്കലേക്ക് നടന്നിരുന്നു.. " ന്റെ ലച്ചൂ.. നീ എവിടെയായിരുന്നു.. ഉറങ്ങിപ്പോയോ നീയ്?? എത്രയായി പെണ്ണെ വിളിക്കുന്നു.. " വാതിൽ തുറന്നതും നിവിയുടെ ചോദ്യ കൂമ്പാരത്തിനു മുന്നിൽ അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് കണ്ണുചിമ്മി കാണിച്ചു.. " ചിരിക്കുന്നോ??? ഇതെന്താ ഈ സാരി മാറാതിരിക്കുന്നത്.. വാ.. ഞാൻ മാറ്റിയുടുക്കാൻ സഹായിക്കാം.. തീത്തൂനെ സഹായിച്ചിട്ടാ വരണെ.. എന്ത് ചെയ്യാനാ.. മൂന്നാങ്ങളമാർക്കുള്ള ഒരേയൊരു പെങ്ങൾ ആയിപ്പോയില്ലേ.. " അവശത അഭിനയിച്ചു കളിയായി പറയുന്ന നിവിയുടെ കയ്യും പിടിച്ചുവലിച്ചുകൊണ്ട് ലച്ചു മുറിക്കകത്തേക്ക് നടന്നിരുന്നു.. " നിക്ക് തനിയെ മാറാൻ അറിയാലോ.. ന്നാലും ന്റെ നിവിപെണ്ണ് ഓടിപെടഞ്ഞു വന്നതല്ലേ.. ഈ ഭാരമൊന്നു മാറ്റാൻ സഹായിച്ചിട്ട് പൊക്കോ.. " നിവിയുടെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ടവൾ പറയുമ്പോഴും ഉള്ളിലുള്ള അഗ്നിയെ മറയ്ച്ചുപിടിച്ചിരുന്നു.. രണ്ടാളുടെയും വീട്ടുകാരുടെ മുന്നിലുള്ള സന്തോഷത്തിന്റെ ഈ അഭിനയം ജീവയും ലച്ചുവും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു..

ഉള്ളിലുള്ള വേദനകളെല്ലാം ഇനി ഒരാളെ കൂടെ അറിയിക്കാൻ അവരിരുവരും ഒരുക്കമായിരുന്നില്ല.. " രുദ്രേട്ടന് ഒട്ടും ഇഷ്ടല്ല്യാലേ ജിച്ചേട്ടനെ?? " പട്ടുസാരിയിൽ അങ്ങിങായി കുത്തിവച്ചിരുന്ന സൂചികൾ ഓരോന്നും അഴിച്ചെടുക്കുന്നുന്നതിനിടയിൽ തെല്ലൊരു വിഷമത്തോടെ നിവി ചോദിക്കുമ്പോൾ ലച്ചു പുഞ്ചിരിച്ചുകൊണ്ട് തന്നെ നിന്നിരുന്നു.. " രുദ്രേട്ടൻ ജിച്ചേട്ടനെയല്ലല്ലോ നിവിപെണ്ണിനെയല്ലേ ഇഷ്ടപ്പെടേണ്ടത്?? " " ഓഹ്.. അതൊന്നും ഉണ്ടാവില്ലാടി പെണ്ണെ.. അങ്ങോർക്കിപ്പോ ദേഷ്യം കൂടിക്കാണും.. " പുഞ്ചിരിച്ചുകൊണ്ടുള്ള ലച്ചുവിന്റെ വാക്കുകൾ കേട്ട് നിവിയുടെ കവിളൊന്നു തുടുത്തുവന്നെങ്കിലും അപ്പോൾ തന്നെ മങ്ങിയ മുഖത്തൊരു ചിരി വർത്തിക്കൊണ്ടവൾ പറഞ്ഞു.. " അങ്ങനെ ഒന്നൂല്യ നിവി.. രുദ്രേട്ടന് ജിച്ചേട്ടനോടും നിന്നോടും ദേഷ്യമൊന്നും ഇല്ല.. ഇപ്പൊ ഉള്ളതൊരു പരിഭവമാണ്.. അതെന്നോടുള്ള സ്നേഹം കൊണ്ടാ.. നിക്ക് അറിഞ്ഞൂടെ ന്റെ ഏട്ടനെ.. " " മ്മ്.. ആയിരിക്കുമല്ലേ.. " " അതെടി... നീ തന്നെയാടി ന്റെ ഏട്ടന്റെ പെണ്ണ്.. നിക്ക് അറിയാലോ ഈ ഉള്ളിലെ പ്രണയം.. രുദ്രേട്ടനത് മനസിലാക്കാതെ പോവാൻ ഞാൻ സമ്മതിക്കോ.. " നിവിയെ ചുറ്റിപ്പിടിച്ചുകൊണ്ട് നിൽക്കുമ്പോൾ അവൾ കൂടി പ്രണയ വിരഹ വേദന അനുഭവിക്കണ്ടിവരരുതെ എന്നുള്ള പ്രാർത്ഥനയിലായിരുന്നു ലച്ചൂ.. രാത്രിയിലെ ഭക്ഷണസമയത്തും മറ്റും തീർത്ഥയ്ക്ക് ഒപ്പം ദേവനെ കാണുമ്പോൾ ഉള്ള് വിങ്ങുന്നുണ്ടായിരുന്നെങ്കിൽ കൂടി അതിനെ മറികടക്കാൻ പരിശ്രമിക്കുകയായിരുന്നു ആ പെണ്ണ്..

തന്റെ സഹോദരിയുടെ ഭർത്താവ് മാത്രമാണ് ദേവനെന്നുള്ളത് അവൾ അവളെ തന്നെ പിന്നെയും പഠിപ്പിച്ചുകൊണ്ടിരുന്നു.. ഇടക്കെപ്പോഴോ തന്നെ ശ്രദ്ധിക്കുന്ന ജീവയിൽ കണ്ണെത്തുമ്പോൾ അത് തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നുള്ളത് പിന്നെയും പിന്നെയും ഉള്ളിൽ പറഞ്ഞുകൊണ്ടിരുന്നു... അവന്റെ ആ നോട്ടം പോലും തന്റെയുള്ളിലെ കുഞ്ഞിനോടുള്ള കരുതൽ ആണെന്നുള്ളത് അവളെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു... ദേവിയുടെ കൈയിൽ നിന്നും പാലും വാങ്ങി ദേവന്റെ മുറിയിലേക്ക് നടക്കാനൊരുങ്ങുന്ന തീർത്ഥയുടെ മുഖത്തെ സന്തോഷം പോലും ലച്ചുവിന്റ സഹോദരിയോടുള്ള സ്നേഹവും കരുതലുമായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്... ആ സന്തോഷം കൺകുളിർക്കേ കണ്ടുകൊണ്ട് അവൾക്കായി നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ച് പാല് ഗ്ലാസുമായി നടക്കാനൊരുങ്ങിയ ലച്ചുവിന്റെ കയ്കളിൽ പിടിച്ചുകൊണ്ടു ദേവി നിർത്തിയിരുന്നു.. " ന്റെ ജീവേടെ ഭാഗ്യാ ലച്ചൂ നീയ്.. നിന്നെപ്പോലൊരു മോളെ ആരാ ആഗ്രഹിക്കാത്തത്.. വല്ല്യ വേദനയായിരുന്നു നിക്ക് അവന്റെ കാര്യത്തിൽ.. ഇപ്പോ ഒരുപാടൊരുപാട് സന്തോഷിക്കുന്നുണ്ട് അമ്മ.. " ലച്ചുവിന്റെ നെറ്റിയിൽ മുത്തിക്കൊണ്ട് ആ അമ്മ പറയുമ്പോൾ വല്ലാത്തൊരു നോവായിരുന്നു അവൾക് തോന്നിയത്..

ഈ അമ്മയെപോലും കബളിപ്പിച്ചുകൊണ്ടുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നത്.. പറ്റിക്കുകയല്ലേ എല്ലാവരെയും.. വല്ലാതെ നോവുന്നുണ്ടായിരുന്നു അവൾക്ക്.. അമ്മയ്ക്കുമുന്നിൽ എങ്ങനെയോ പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്കവൾ നടന്നിരുന്നു.. കട്ടിലിൽ ഇരുന്നുകൊണ്ട് ചിന്തകളിൽ മുഴുങ്ങിയിരിക്കുന്ന ലച്ചുവിനെ കണ്ടുകൊണ്ടാണ് ജീവ മുറിയിലേക്ക് കടന്നുവന്നത്.. ഉള്ളിലുള്ള സംഘർഷങ്ങളുടെ പ്രതിഫലണമെന്നോണം ആ മുഖത്തു വേദന നിറഞ്ഞുനിൽക്കുന്നത് നോക്കിക്കാണുകയായിരുന്നു അവൻ..അവളുടെ വലതുകയ്യ് ചേർന്നിരിക്കുന്ന വയറിലായ് നോട്ടമെത്തിയതും എവിടെന്നോയൊരു ഉണർവ് നിറയുന്നതവന് തിരിച്ചറിയാനാവുന്നുണ്ടായിരുന്നു... " വാവ.. ന്റെ കുഞ്ഞ്.. " അവന്റെ വിടർന്ന കണ്ണുകളിലും നിറഞ്ഞ മനസിലും ലച്ചുവിന്റെ ഉള്ളിലുള്ള കുഞ്ഞ് മാത്രമായിരുന്നു.. അറിയാതെ തന്നെ അവൾക്കടുത്തേക്കവൻ ചലിച്ചുകൊണ്ടിരുന്നു.. തൊട്ടടുത്തായാരുടെയോ സാമീപ്യം തിരിച്ചറിഞ്ഞുകൊണ്ട് ലച്ചു ചിന്തകളിൽ നിന്നും ഉണർന്നിരുന്നു.. തന്റെ തൊട്ടടുത്തായി വന്നു നിൽക്കുന്ന ജീവയെ കണ്ടതും അവളൊന്നു ഞെട്ടി പുറകോട്ടാഞ്ഞു.. അപ്പോഴാണ് ജീവയ്ക്കും താനെന്താണിപ്പോൾ ചെയ്യാൻ പോയതെന്ന ബോധം വന്നത്... ഒരു നിമിഷം കുഞ്ഞിനെ കുറിച്ചോർത്തതും ഒന്ന് തൊട്ടുനോക്കുവാൻ തോന്നിയിരുന്നു അവന്.. തെറ്റ് ചെയ്യാൻ തുനിഞ്ഞ കുഞ്ഞിനെപോലവൻ തല കുനിച്ചുകൊണ്ട് പുറകോട്ടേയ്ക്ക് നീങ്ങി നിന്നിരുന്നു..

" വയ്യായ തോന്നുന്നുണ്ടോ ലച്ചൂ?? " തെല്ലൊരു നേരത്തെ മൗനത്തിനു ശേഷം ജീവ ചോദിക്കുമ്പോൾ ഇല്ലായെന്നവൾ ഇരുവശത്തേക്കും തലയനക്കിയിരുന്നു.. " ദാ.. ഇത് കുടിക്ക്.. " മേശയിൽ വച്ചിരുന്ന പാലിന്റെ ഗ്ലാസ്സ് കയ്യിലെടുത്ത് അവൾക്കുനേരെ നീട്ടിക്കൊണ്ടവൻ പറഞ്ഞിരുന്നു.. " നിക്ക് വേണ്ടാ.. " " ലച്ചൂ.. നിനക്ക് വേണ്ടെങ്കിൽ വേണ്ടാ.. ന്റെ കുഞ്ഞിനിത് വേണം.. കുടിക്ക് നീയ്.. ന്റെ കുഞ്ഞിനൊരുകാര്യത്തിലും മുടക്ക് വരാൻ പാടില്ല.." പാലിന്റെ ഗ്ലാസ്സ് അവളുടെ കൈയിൽ ഏൽപ്പിച്ചുകൊണ്ട് അധികാരത്തോടെ പറയുന്ന ജീവയെ നോക്കിക്കൊണ്ട് തന്നെ അവൾ ആ പാല് കുടിച്ചിരുന്നു.. തന്റെ കുഞ്ഞിന് വേണ്ടി.. അത് നോക്കിനിൽക്കേ അവനിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു.. " മ്മ്.. ലച്ചു കിടന്നോളൂ.. ക്ഷീണം കാണും.. ഒരുപാട് നേരം നിന്നതല്ലേ.. ന്തേലും വയ്യായ തോന്നുന്നുണ്ടേൽ പറഞ്ഞോളൂട്ടോ.. " പുഞ്ചിരിയോടെ അവൻ പറഞ്ഞു.. " ജിച്ചേട്ടാ...... നിക്ക്....... ഏട്ടൻ..... " ആ പെണ്ണിന് ചോദിക്കാനും പറയാനും എന്തൊക്കെയോ ഉള്ളതുപോലെ തോന്നിയിട്ടും ഒന്നിനും കഴിയാതെ വാക്കുകൾക്കായി പരതി.. " ഞാൻ കുളിച്ചിട്ട് കിടക്കാടോ.. പേടിക്കണ്ടാട്ടൊ.. ലച്ചു കട്ടിലിൽ കിടന്നോളൂ.. ഞാനിവിടെ താഴെ കിടന്നോളാം.. " അവനൊന്നു നിർത്തിക്കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി ഒരു നിമിഷം നിന്നു..

നോട്ടത്തിൽ പതറിയപോലെ അവളുടെ കൈയ് വയറിലായി ഒന്നൂടെ അമർന്നു.. കുഞ്ഞിനെ മുറുക്കെ പിടിക്കുംപോലെ.. സംരക്ഷിക്കുംപോലെ.. " വെറുതെ പറഞ്ഞതല്ല ലച്ചൂ.. ഈ ലോകത്തുവച്ച് എനിക്ക് കിട്ടാവുന്ന ഏറ്റവും അമൂല്യമായ സ്ഥാനം എന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നതാണ് എനിക്കിപ്പോൾ കിട്ടിയിരിക്കുന്നത്.. ഈ കുഞ്ഞിന്റെ അച്ഛൻ എന്ന സ്ഥാനം.. നിക്ക് അത് മതി.. ലച്ചൂന് ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടുണ്ടാക്കില്ല.. താൻ പേടിക്കണ്ട.. കിടന്നോളൂ.. " ലച്ചുവിനെ നോക്കി പറയുമ്പോൾ ജീവയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.. ആനന്ദത്തിന്റെ മൂർച്ചയിൽ വരുന്ന ഇടർച്ച പോലെ.. ആ മുഖത്താകെ സംതൃപ്തിയായിരുന്നു.. ഒരു അച്ഛനായത്തിന്റെ നിർവൃതിയായിരുന്നു.. അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കയ്കളിൽ നോട്ടമിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞു നടന്നു.. " ലച്ചൂ... എന്നും ഞാൻ മാത്രമായിരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ.. അങ്ങനെയല്ല എന്ന് ചിന്തിക്കാൻ പോലും ആവില്ല ഇനിയെനിക്..

" രണ്ടടി വച്ചതിനു ശേഷം തിരിഞ്ഞുനിന്ന് അവളെനോക്കി പറയുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നുവരുന്നുണ്ടായിരുന്നു.. " ആരും ഒന്നും അറിയരുത് ലച്ചൂ.. ന്റെ കുഞ്ഞുപോലും.. ഒരിക്കലും.. ഇത് ജീവേടെ കുഞ്ഞാ.. അല്ലെന്ന് ഇനി നീ പറഞ്ഞാൽ കൂടെ സമ്മതിച്ചു തരാൻ കഴിഞ്ഞെന്നുവരില്ലെനിക്ക്.." നിറഞ്ഞ ചുവപ്പുമിഴികളിൽ അപേക്ഷയായിരുന്നു.. വെട്ടിതിരിഞ്ഞുകൊണ്ട് ബാത്‌റൂമിലേക്ക് കയറിപോവുന്ന ജീവയെ തന്നെയവൾ നോക്കിയിരുന്നു.. അവൻ പറഞ്ഞ വാക്കുകളുടെയും അവന്റെ നോട്ടത്തിന്റെയും അർത്ഥതലങ്ങൾ തേടിപോവുകയായിരുന്നു ആ പെണ്ണിന്റെ ഉള്ളം.. സ്ത്രീയെ കാമിച്ച് ഉദരത്തിലൊരു ബീജം നിക്ഷേപ്പിച്ചതുകൊണ്ട് മാത്രം ഒരിക്കലും അച്ഛനാവില്ല.. അച്ഛൻ.. ഒരു കുഞ്ഞു പിറവിയെടുക്കുമ്പോൾ ഒപ്പം ജനിക്കുന്ന രണ്ടുപേരിൽ ഒരാൾ.. കുഞ്ഞിന്റെ ആദ്യ തുടിപ്പുമുതൽ എന്നും അമ്മക്കൊപ്പം കുഞ്ഞിനായി കാത്തിരിക്കേണ്ടയാൾ.. അമ്മ ഉദരത്തിൽ ചുമക്കുന്ന കുഞ്ഞിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവൻ... അച്ഛൻ.. സ്വന്തം ചോര പിറവിയെടുത്തിട്ടുണ്ടെന്നു പോലും അറിയാതെ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒഴുകുന്ന ദേവനെ അവൾ ഓർത്തു...

ഒരു രാത്രിയിലെ അവശേഷിപ്പെന്നപോലെ ഈ കുഞ്ഞിന്റെ വരവ് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവൻ ഇന്നെങ്ങനെ പ്രതികരിക്കുമായിരുന്നെന്ന് ചിന്തിച്ചുനോക്കി.. സ്വന്തം സന്തോഷവും സുഖവും സ്വപ്നങ്ങളും ഇല്ലാതാക്കിയ ഒന്നെന്നുള്ള വെറുപ്പായിരിക്കില്ലേ കുഞ്ഞിനോട് ??.. സ്നേഹിക്കുമായിരുന്നോ??.. അച്ഛനെന്ന സ്ഥാനം പോലും നിഷേധിക്കുമായിരുന്നോ?? ദേവനെക്കുറിച്ചുള്ള ചിന്തകളിലേക്ക് ചേക്കേറാൻ വെമ്പുന്ന മനസിനെ നിയന്ത്രിച്ചുകൊണ്ടവൾ കിടക്കയിലേക്ക് ചാഞ്ഞു.. ഉറങ്ങാനാവുന്നില്ലെങ്കിലും കണ്ണുകളടച്ചുകൊണ്ട് കുഞ്ഞിനെ പറ്റി മാത്രം ആലോചിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ഇടക്കെപ്പോഴോ വാതിൽ തുറക്കുന്ന ശബ്ദം കെട്ടിരുന്നെങ്കിലും കണ്ണുകൾ തുറക്കാൻ ശ്രമിക്കാതവൾ കിടന്നു.. അടുത്തു എടുത്തുവച്ചിരുന്ന പുതപ്പെടുത്തു ലച്ചുവിനെ പുതപ്പിച്ചുകൊണ്ട് ജീവൻ താഴെ പായ വിരിച് കിടന്നിരുന്നു... ഒരേ മുറിയിൽ ഇരു ഭാഗങ്ങളിലായി കിടന്നിരുന്ന ഇരുവരുടെയും ചിന്തകളിൽ ഒരേ സമയം നിറഞ്ഞ് നിന്നിരുന്നത് അവരുടെ മാത്രം കുഞ്ഞായിരുന്നു.. തൊട്ടടുത്ത മുറിയിൽ അപ്പോഴും പരസ്പരം അലിഞ്ഞുചേർന്നു നിശ്വാസങ്ങളുടെ വേഗതയെ പോലും പ്രണയിക്കുകയായിരുന്നു ദേവനും അവന്റെ മാത്രം ശിവയും..

ഒരേ മുറിയിൽ രണ്ട് പരിചിതരായി ജീവിക്കുവാൻ തുടങ്ങിയ അവരെ ഇരുവരെയും ബന്ധിപ്പിച്ചിരുന്ന കണ്ണി ആ കുഞ്ഞായിരുന്നു.. കുഞ്ഞിന്റെ അമ്മയായി മാത്രം ലച്ചു ഓരോ നിമിഷവും ജീവിക്കുമ്പോൾ ആ കുഞ്ഞിന്റെ അച്ഛനായി ജീവിക്കാൻ മാത്രം കൊതിച്ചുകൊണ്ട് ജീവയും കൂടെയുണ്ടായിരുന്നു.. പരസ്പരമുള്ള സംസാരം പോലും അവളുടെ ഉദരത്തിലെ കുഞ്ഞിൽ തുടങ്ങി കുഞ്ഞിൽ തന്നെ അവസാനിച്ചിരുന്നു.. ഒരാഴ്ചത്തെ ലീവും കഴിഞ്ഞ് ദേവനും തീർത്ഥയും തിരിച്ചു പോകുമ്പോൾ തന്റെ ഉദരത്തിലെ കുഞ്ഞിന്റെ അച്ഛനെന്ന സ്ഥാനത്തുനിന്നും പൂർണമായും ദേവനെ മാറ്റാൻ ലച്ചുവിന് കഴിഞ്ഞിരുന്നു... ചിന്തകളിൽ പോലും ' ജിച്ചേട്ടന്റെ കുഞ്ഞ് ' എന്ന് ഓർമിപ്പിക്കും വിധമായിരുന്നു ജീവയുടെ ഓരോ കരുതലും പ്രവർത്തികളും.. അതവളിലെ അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.. എന്നിരുന്നാലും അവളിലെ പ്രണയിനി നഷ്ടപ്രണയത്തിന്റെ വിരഹത്തെ ഉള്ളിലടക്കി കഴിയുകയായിരുന്നു.. വിവാഹത്തിന് ഒരു മാസത്തിനു ശേഷം ലച്ചു പ്രഗ്നൻറ് ആണെന്ന് എല്ലാവരെയും അറിയിക്കാമെന്നുള്ള ജീവയുടെ തീരുമാനത്തെ അനുകൂലിക്കുമ്പോഴും നുണകളാൽ കെട്ടിപ്പടുക്കുന്ന ചീട്ടുകൊട്ടാരം തകർന്നടിയുമോ എന്നുള്ള ഭയവും അവളിൽ ഉണ്ടായിരുന്നു.. അപ്പോഴെല്ലാം അവൾക്ക് ധൈര്യം നൽകി നിഴലായ് കൂടെ അവളുടെ ജിച്ചേട്ടനും നിന്നിരുന്നു.............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story