നിഴലായ് നിൻകൂടെ: ഭാഗം 7

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" ലച്ചൂട്ടാ.. മോൾക്ക്‌ വേണ്ടിയല്ലേ ഏട്ടൻ ഈ മസാലദോശ വാങ്ങിക്കൊണ്ടന്നത്.. കഴിക്ക് ടാ.. " " ലച്ചൂ.. ഞാനല്ലേ നിന്റെ ബെസ്റ്റി.. എവിടെയൊക്കെ പോയി തിരക്കിയിട്ടാന്നോ ചൂടോടെ നെയ്യപ്പം കൊണ്ടന്നത്.. അപ്പൊ ഇതല്ലേ ആദ്യം കഴിക്കണ്ടത്?? " സോഫയിൽ ലച്ചുവിന് ഇരുവശങ്ങളിലുമായി ഇരുന്നുക്കൊണ്ട് രുദ്രനും വേദും അവളെ ഓരോരോ ഭക്ഷണങ്ങൾ കഴിപ്പിക്കാൻ നോക്കുകയാണ്.. " അതേയ്.. അവൾക്ക് വേണ്ടെങ്കിൽ ഇങ്ങോട്ട് തന്നെ.. മനുഷ്യനിവിടെ വിശന്നിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായി.." ഏട്ടന്മാർ രണ്ടാളുടെയും ഇടയിൽ പെട്ട് ഒന്നും കഴിക്കാനോ കഴിക്കാതിരിക്കാനോ പറ്റാതെ വിഷമിക്കുന്ന ലച്ചുവിനെ കണ്ട് അകത്തേക്ക് കയറി വന്ന നിവി അവരോടായി പറഞ്ഞിരുന്നു.. അവളുടെ ശബ്ദം കേട്ടതും രുദ്രനൊന്ന് കണ്ണുരുട്ടി നോക്കിയിരുന്നു.. " കണ്ണിൽക്കണ്ടവർക്ക് തിന്നാനായിട്ടല്ല ഞാൻ ഈ മസാലദോശ വാങ്ങിക്കൊണ്ടന്നത്.. " നിവിയെ നോക്കിയൊന്നു പുച്ഛിച്ചുകൊണ്ട് രുദ്രൻ പറയുമ്പോൾ അവളുടെ ഉള്ളൊന്ന് നൊന്തെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ അവനെനോക്കി ചുണ്ട് കൊട്ടി കാണിച്ചിരുന്നു.. " അതെ.. നിന്നെപ്പോലെ ഉള്ള തീറ്റപ്രാന്തിക്ക് തിന്നാനായിട്ടല്ല ഞാൻ ഈ നെയ്യപ്പോം കൊണ്ടന്നെ.. "

രുദ്രന് പുറകെ വേദും നിവിയെ കളിയാക്കുന്നത് കേട്ടുകൊണ്ടാണ് മുറ്റത്തുനിന്നും ശങ്കരനും പ്രകാശനും കയറി വരുന്നത്.. ലച്ചു പ്രഗ്നൻറ് ആണെന്നറിഞ്ഞതിൽ പിന്നെ രുദ്രനും വേദും ജോലി കഴിഞ്ഞ് വന്നാലുള്ള സമയം മുഴുവനും ലച്ചുവിന് പിന്നാലെ തന്നെയാണ്.. അവളുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞും അവളെ പരിപാലിച്ചും രണ്ടും കുഞ്ഞുവാവയ്ക്കായുള്ള കാത്തിരുപ്പിന്റെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ്.. രുദ്രനെപ്പോലെ തന്നെ വേദിനും ലച്ചു സ്വന്തം പെങ്ങൾ തന്നെയായിരുന്നു.. നിവിയെ പോലെ ഒരുപക്ഷെ നിവിയെക്കാളുപരി ലച്ചുവിനെ അവനും സ്നേഹിച്ചിരുന്നു.. അതുകൊണ്ടുതന്നെ ജീവയുമായുള്ള കല്യാണത്തിന് രുദ്രനെപോലെ വേദിനും അല്പം താല്പര്യക്കുറവ് തോന്നിയിരുന്നു.. പ്രായവ്യത്യാസം ലച്ചുവിന് ഉൾക്കൊള്ളാനാവുമോ എന്നുള്ള ഭയമായിരുന്നു ആ സഹോദരന്മാർക്കുള്ളിൽ.. ലച്ചുവിന്റെ കല്യാണത്തിന്മേൽ ഉണ്ടായിരുന്ന രുദ്രന്റെയും വേദിന്റെയും ചെറിയൊരു ആകുലതപോലും പാടെ തീർത്തുകളയാൻ ഉതകുംവിധമായിരുന്നു ജീവയുടെ ലച്ചുവിനോടുള്ള സ്നേഹവും കരുതലും.. അത് ആ സഹോദരന്മാരുടെ മനം നിറയ്ക്കുന്നുണ്ടായിരുന്നു... ലച്ചുവിനും ജീവയ്ക്കുമൊരു കുഞ്ഞുകൂടെ ഉണ്ടാവാൻ പോവുന്നെന്നറിഞ്ഞതും മറ്റെല്ലാരെക്കാളും കൂടുതൽ സന്തോഷിച്ചതും രുദ്രനും വേദും തന്നെയായിരുന്നു.. അതുകൊണ്ട് തന്നെ ലച്ചുവിനും കുഞ്ഞിനുമായി തന്നെയായിരുന്നു അവരുടെ ഒഴിവു സമയം മുഴുവനും..

ശർദ്ധിയുടെ അവശതകൾ കീഴടുക്കുമ്പോഴും ഭക്ഷണമൊന്നും കഴിക്കാനാവാതെ ശരീരം തളർന്നുപോകുമ്പോഴും എല്ലാവരും അവൾക്കൊപ്പം തന്നെ നിന്നിരുന്നു.. പിന്നെയും പിന്നെയും അവൾക്ക് വേണ്ടി ഭക്ഷണങ്ങൾ കൊണ്ടുവരുന്നതിലും അത് കഴിപ്പിക്കുന്നതിലും രുദ്രനും വേദും ശ്രദ്ധച്ചലുത്തുമ്പോൾ തന്റെ കുഞ്ഞിനായി അവൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ നോക്കിക്കാണുകയായിരുന്നു ജീവ ... വല്ലാത്തൊരുതരം ആരാധനയായിരുന്നു അവന് അവളോട്.. തന്റെ കുഞ്ഞിന്റെ അമ്മയോട്.. " രുദ്രാ.. ദേ പെങ്ങന്മാരുടെ കല്യാണോം കഴിഞ്ഞു മാമാന്ന് വിളിക്കാൻ ആളും വരായി.. ഇനി എപ്പോഴാ നിന്റെ കാര്യം..?? " അകത്തേക്ക് കടന്നിരുന്ന് രുദ്രനെ നോക്കി പ്രകാശൻ ചോദിക്കുമ്പോൾ ലച്ചുവിന്റെ വായയിൽ ദോശ വച്ചുകൊടുക്കുന്നതിനിടയിൽ അവൻ തിരിഞ്ഞുനോക്കി.. " നിക്ക് ഇനി എന്താ മാമേ... എപ്പോഴായാലും അച്ഛൻ പറയുംപോലെ.. " പ്രകാശനെയും ശങ്കരനെയും നോക്കി പറഞ്ഞുകൊണ്ട് രുദ്രൻ ലച്ചുവിനെ ഊട്ടുന്നത് തുടരുമ്പോൾ അവനെ തന്നെ ഉറ്റുനോക്കികൊണ്ട് നിൽക്കുകയായിരുന്നു നിവി.. രുദ്രന്റെ ഉള്ളിന്റെയുള്ളിൽ പോലും ഒരു താല്പര്യവും തന്നോടില്ലന്നോർത്തതും അവളുടെ നെഞ്ചം വിങ്ങുകയായിരുന്നു..

ഹൃദയത്തിന്റെ വേദന മുഖത്തേക്ക് പടരുന്നത് അടക്കിനിർത്തുവാൻ പാടുപെടുകയായിരുന്നു ആ പെണ്ണ്.. രുദ്രനെയും നിവിയെയും മാറി മാറി നോക്കികൊണ്ട് ലച്ചു ഇരിക്കുമ്പോൾ ജീവയും അവർക്കടുത്തേക്ക് വന്നിരുന്നു.. " കേട്ടില്ലേ പ്രകാശാ.. അച്ഛൻ പറയുംപോലെ ന്ന്.. ന്നാ അച്ഛൻ പറയാ.. ന്റെ കുഞ്ഞിനിയെങ്കിലും അവനുവേണ്ടി ജീവിക്കാൻ നോക്കട്ടെ.. നമുക്ക് നാളെ തന്നെ അവന്റെ ജാതകം നോക്കിക്കണം.. കൂടെ നിവിമോൾടേം.. രണ്ടാൾക്കും നല്ല സമയം ആണേൽ ഇപ്പോത്തന്നെ രണ്ടിനെയും പിടിച്ച് കെട്ടിക്കാം.. ന്താ.. " ചിരിച്ചുകൊണ്ട് പറയുന്ന ശങ്കരന്റെ വാക്കുകൾക്ക് ചിരിയോടെ തന്നെ പ്രകാശനും സമ്മതമറിയിക്കുമ്പോൾ കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു നിവി.. തെല്ലൊരു നേരത്തെ ഞെട്ടലിന് ശേഷം എല്ലാവരെയും നോക്കുമ്പോൾ പുഞ്ചിരി തന്നെയാണവൾക്ക് കാണാൻ കഴിഞ്ഞത്.. അറിയാതെ തന്നെ മിഴികൾ നിറഞ്ഞ് വരുന്നുണ്ടായിരുന്നു അവളുടെ.. രുദ്രന്റെ അന്നേരത്തെ ഭാവമെന്തെന്നറിയാൻ അവനെ നോക്കുമ്പോൾ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കാത്ത രീതിയിൽ ലച്ചുവിനു ദോശ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു അവൻ.. അവന്റെ അന്നേരത്തെ ശാന്തത നിവിയെ ചിന്താകുഴപ്പത്തിൽ ആക്കിയിരുന്നു.. അവനെ തന്നെ ഉറ്റുനോക്കിക്കൊണ്ട് ആ പെണ്ണ് ചിന്തകളിലേക്ക് മുങ്ങുമ്പോൾ അവരുടെ ഇരുവരുടെയും വിവാഹകാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നവിടെ..

അച്ഛന്മാരുടെ ചോദ്യങ്ങൾക്ക് അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിൽ കൂടി ലച്ചുവിന് ഇരുവശത്തുമിരുന്നുകൊണ്ട് അവളെ ഊട്ടുകയും കുഞ്ഞിനോടായി സംസാരിക്കുകയും ചെയ്യുന്ന രുദ്രനിലും വേദിലും ആയിരുന്നു ജീവയുടെ കണ്ണുകൾ.. ഒരിക്കലെങ്കിലും അവളെന്നെ അമ്മയെ ഊട്ടാനും തന്റെ കുഞ്ഞിനോടായി കിന്നാരം പറയുവാനും അവന്റെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.. ദിവസങ്ങൾ കൊഴിഞ്ഞുപോയികൊണ്ടിരുന്നു... തീർത്ഥയും ദേവനും രണ്ട് ആഴ്ച കൂടുമ്പോൾ വീട്ടിലേക്ക് വരുന്നത് പതിവാക്കിയിരുന്നു.. ആദ്യമാദ്യം ദേവന്റെ സാമീപ്യം ലച്ചുവിനെ വേദനിപ്പിച്ചിരുന്നെങ്കിലും പതിയെ പതിയെ അവൾ അതിനെ മറികടന്നിരുന്നു.. ആദ്യപ്രണയം ഉള്ളിൽ തന്നെ ഉണ്ടായിരുന്നെങ്കിലും അവളുടെ പ്രണയം കണ്മുന്നിലുള്ള ദേവനോടല്ലെന്നത് അവൾ തന്നെ മനസിനെ പറഞ്ഞുപഠിപ്പിച്ചിരുന്നു... ജീവയ്ക്കും ലച്ചുവിനും കുഞ്ഞുണ്ടാവാൻ പോവുന്നെന്നു അറിഞ്ഞതും 'ചേടത്തി ' എന്നും വിളിച്ച് അഭിനന്ദിക്കുന്ന ദേവന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചിരിക്കുന്ന ലച്ചു ജീവയ്ക്കൊരു അത്ഭുതമായിരുന്നു... നിവിയുടെയും രുദ്രന്റെയും വിവാഹം ആറുമാസങ്ങൾക്ക് ശേഷം നടത്താമെന്നുറപ്പിച്ചിരുന്നു.. വിവാഹം ഉറപ്പിക്കുമ്പോൾ പോലും എല്ലാം അച്ഛന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തുകൊണ്ട് ഒഴിഞ്ഞുമാറുന്ന രുദ്രൻ നിവിയുടെ ഉള്ളിൽ വേദനയായി തന്നെ നിലകൊണ്ടിരുന്നു.. അവളുടെ പ്രണയം സ്വന്തമാവാൻ പോകുന്ന വേളയിലും നിറഞ്ഞ മനസോടെ പുഞ്ചിരിക്കാൻ പോലും ആവാതെ ഉരുകുകയായിരുന്നു ആ പെണ്ണ്..

രുദ്രന്റെ ഉള്ളിൽ വെറുപ്പ് ആണേൽ ഇങ്ങനെയൊരു കല്യാണനാടകത്തിന്റെ ആവശ്യമില്ലെന്നുള്ളത് അവനോട് തുറന്നു സംസാരിക്കുവാനായി പറ്റിയ സാഹചര്യമൊന്നും കിട്ടിയുമില്ല... ലച്ചൂനേം തീത്തൂനേം മക്കളെപ്പോലെ സ്നേഹിക്കുന്ന രുദ്രനോട് ആ പെണ്ണിന് ആരാധനയായിരുന്നു.. ആ ആരാധന അവൾക്കൊപ്പം വളർന്നു പ്രണയമായി മാറുമ്പോൾ അവന്റെ ഓരോ നോട്ടത്തിനും പുഞ്ചിരിക്കും ശകാരങ്ങൾക്കും പ്രണയത്തിന്റെ നിറം തേടുകയായിരുന്നു അവൾ.. അമിതമായ സ്വാതന്ത്രം അവനോടെടുത്തിരുന്നത് ചീത്തപറയുവാണെങ്കിൽപോലും കുറച്ചുനേരം ആ മുഖത്തേക്ക് നോക്കി നിൽക്കുവാനായിരുന്നു.. രുദ്രന്റെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് മേശയിൽ തലവെച്ചു കിടക്കുകയായിരുന്നു നിവി.. ചിന്തകളിൽ ഓർമ വെച്ച കാലം മുതലുള്ള അവനോടൊന്നിച്ചുണ്ടായ നിമിഷങ്ങൾ കടന്നുപോവുമ്പോൾ പുഞ്ചിരിയും വേദനയും സങ്കടവും പ്രണയവുമെല്ലാം ആ മുഖത്തു മിന്നിമാറിക്കൊണ്ടിരുന്നു.. മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം കേട്ട് ചിന്തകളിൽ നിന്നും ഉണർന്ന അവൾ കാണുന്നത് വാതിൽ അടച്ചു കുറ്റിയിട്ടുകൊണ്ട് തനിക്കുനേരെ നടന്നുവരുന്ന രുദ്രനെയാണ്..

ഇരുന്ന ഇരുപ്പിൽ നിന്നും ചാടിപിടഞ്ഞെഴുനേറ്റ് പെണ്ണ് അവനെ തന്നെ ഉറ്റുനോക്കുമ്പോൾ മിഴിനീർ തിങ്ങിയ അവളുടെ കണ്ണുകളിൽ ആയിരുന്നു അവന്റെ ശ്രദ്ധ.. " കരഞ്ഞോ നീയ്?? " ഗൗരവമേറിയതായിരുന്നു അവന്റെ സ്വരം.. അവൾ ഇല്ലെന്നു തലയനക്കിക്കൊണ്ട് മുഖം കുനിച്ചു.. " നീ.. നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്?? " തെല്ലൊരു നേരത്തിനു ശേഷം അവൻ ചോദിക്കുമ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കിയിരുന്നു.. " നിക്ക് ഇഷ്ടല്ലന്ന് അറിഞ്ഞൂടെ നിനക്ക്?? നിന്നെ വെറുപ്പാണെന്ന് അറിയില്ലേ.. നിന്നെപ്പോലൊരു മരംകേറിയല്ല എന്റെ ഉള്ളിൽ.. എനിക്ക്.. " " ഇഷ്ടമല്ലേൽ പറഞ്ഞൂടായിരുന്നോ അച്ഛനോട്??? ഞാൻ നിർബന്ധിച്ചോ നിങ്ങളെ?? ഏഹ്ഹ്?? പറ... എന്നെ കെട്ടണമെന്ന് ഞാൻ പറഞ്ഞു പിന്നാലെ വന്നോ?? വെറുപ്പാണേൽ ഇതിവിടെ വച്ച് നിർത്തിയേക്കാൻ പറഞ്ഞോ അച്ഛനോട്.. എനിക്ക്.. എനിക്ക് ഒന്നുല്ല്യ.. എന്തായാലും.. " അവളുടെ തൊട്ടടുത്തായി വന്നുനിന്ന് യാതൊരു മടിയും കൂടാതെ അവളോടുള്ള വെറുപ്പ് വാക്കുകൾകൊണ്ട് വ്യക്തമാക്കുന്ന രുദ്രനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് പൊട്ടിത്തെറിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. " നിനക്ക് പറയാമായിരുന്നില്ലേ??

ഈ ആലോചന അച്ഛൻ പറയുമ്പോ തന്നെ പറഞ്ഞൂടായിരുന്നോ എന്നെ കല്യാണം കഴിക്കാൻ പറ്റില്ലാന്ന്.. " അവളുടെ കൈയ് വിടുപ്പിപ്പിക്കാൻ പോലും ശ്രമിക്കാതവൻ അവളോടായി ചോദിച്ചിരുന്നു.. " ഇല്ല.. തോന്നീല എനിക്ക്.. വേണ്ടാന്ന് പറയാൻ തോന്നീലാ.. നിക്ക് ഇഷ്ടായിരുന്നു.. നിങ്ങളെ.. നിങ്ങളെ മാത്രേ നിവി പ്രണയിച്ചിട്ടുള്ളൂ.. " കരഞ്ഞുപറഞ്ഞുകൊണ്ട് ആ പെണ്ണ് അവന്റെ നെഞ്ചോരം ചാരിയിരുന്നു.. അവനും മൗനമായിരുന്നു.. അവളുടെ തേങ്ങലുകൾ തേല്ലോന്നൊടുങ്ങിയതും തോളിലായി പിടിച്ച് ദേഹത്തുനിന്നും മാറ്റിക്കൊണ്ട് രുദ്രൻ മുറിയിൽ നിന്നും ഇറങ്ങിപോവുമ്പോൾ ആ പെണ്ണ് തറഞ്ഞു നിന്നുപോയിരുന്നു... മിഴികൾ അപ്പോഴും തോരാതിരുന്നു.. പ്രാണനായവൻ പ്രണയം തിരിച്ചറിഞ്ഞതും നൽകിയ പ്രതികരണം.. അവളുടെ പ്രണയം തന്നെ അവളെ നോക്കി കളിയാക്കുംപോലെ തോന്നിയവൾക്ക്.. ഉടുപ്പിന് മേലെ കാണുന്ന ലച്ചുവിന്റെ വീർത്തു വരുന്ന വയറിനെ ഒരു കയ്യകലത്തിൽ നിന്നും കണ്ട് നിർവൃതിയണഞ്ഞിരുന്നു ജീവ.. അവന്റെ കുഞ്ഞിനോടൊന്ന് കിന്നാരം പറയാൻ അതിന്റ തുടിപ്പൊന്നു തൊട്ടറിയുവാൻ കൊതിച്ചുകൊണ്ട് ഓരോ നിമിഷവും പ്രേതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.. എന്നിരുന്നാലും ഒരിക്കൽപോലും ലച്ചുവിനോട് അനുവാദം ചോദിക്കുവാനോ അവളുടെ സമ്മതമില്ലാതെ കുഞ്ഞിനെ സ്പർശിക്കാനോ അവൻ മുതിരാതിരുന്നത് അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയായിരുന്നു..

എങ്കിലും ലച്ചു ഉറങ്ങി കഴിഞ്ഞാൽ അച്ഛനും കുഞ്ഞും മാത്രമായൊരു ലോകം അവരവിടെ സൃഷ്ടിച്ചിരുന്നു.. ശർദ്ധിച്ചു അവശയായിരിക്കുന്ന ലച്ചുവിന്റെ മുഖത്തെ അവശിഷ്ടങ്ങൾ ജീവ വൃത്തിയാക്കി കൊടുത്തിരുന്നതും രാത്രിയിൽ ഉറങ്ങാനാവാതെ ബുദ്ധിമുട്ടുന്നവളുടെ കാൽ പാദങ്ങൾ അവൻ തടവി കൊടുത്തിരുന്നതും അത്യധികം വാത്സല്യത്തോടെയായിരുന്നു.. സ്നേഹത്തോടെയായിരുന്നു.. അമ്മയെന്ന വാക്കിനൊടുപോലുമുള്ള ബഹുമാനത്തോടെയായിരുന്നു.. അവനിലെ അച്ഛന്റെ സാമീപ്യം അവളും ഒത്തിരി ആഗ്രഹിക്കുന്നുണ്ടായിരുന്നു.. അവളുടെ ചെറിയ ആഗ്രഹങ്ങളും താല്പര്യങ്ങളും ജീവ പറയാതെ തന്നെ നടത്തികൊടുത്തിരുന്നത് അവൾക്കെന്നും അത്ഭുതമായിരുന്നു.. അതിനെക്കാളുപരി ജീവയുടെ സാമീപ്യത്തിലും അവന്റെ സ്വരം തിരിച്ചറിയുമ്പോഴും അനങ്ങുന്ന കുഞ്ഞു തന്നെയായിരുന്നു അവളെ അത്ഭുതപെടുത്തിയിരുന്നത്.. പല ഉദയങ്ങളിലും തന്റെ കാൽചുവട്ടിൽ തറയിലായി ഇരുന്നുകൊണ്ട് ബെഡിൽ മുഖം വെച്ച് കിടന്നുറങ്ങുന്ന ജീവയെ കണികണ്ടുകൊണ്ടാണവൾ ഉണർന്നിരുന്നത്.. അപ്പോഴും അവന്റെ ഒരു കൈയ് അവളുടെ പാദത്തിൽ തന്നെയുണ്ടാവും...

ഓരോനിമിഷവും അവളിലെ അമ്മ തന്റെ കുഞ്ഞിന്റെ അച്ഛനെ സ്നേഹിക്കുന്നുണ്ടായിരുന്നു.. ബഹുമാനിക്കുന്നുണ്ടായിരുന്നു.. രാവിലെ നടക്കാനിറങ്ങിയിട്ട് തിരിച്ചു വീട്ടിലേക്കു വരികയായിരുന്നു ജീവ.. അഷ്ടഗന്ധം പുകയുന്ന മണമവന്റെ ഉള്ളിൽ തുളച്ചു കയറിയതും കണ്ണുകൾ ആർക്കോ വേണ്ടി തിരയുന്നുണ്ടായിരുന്നു.. തേടിനടന്നതെന്തോ കണ്ടെത്തിയ സന്തോഷത്തിൽ കണ്ണുകൾ അവളിൽ തന്നെ ഉടക്കി നിൽക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം വിസ്മയിച്ചുകൊണ്ട് അവൻ അവളെ തന്നെ നോക്കി നിന്നുപോയിരുന്നു.. ചുവപ്പ് കരയുടെ നേര്യെതും ബ്ലൗസും അണിഞ്ഞു കുളി കഴിഞ്ഞ് മുടിവിരിച്ചിട്ട് കിഴക്കെപ്പടിയിലായി ഇരിക്കുന്ന ലച്ചു.. അവളുടെ അരയ്ക്കുമുകളിൽ നിൽക്കുന്ന തലമുടിത്തുമ്പിലെ വെള്ളം ഉറ്റ് വീണ് ഉടുത്തിരുന്ന പുടവയെ നനയ്ക്കുന്നുണ്ട്.. കിഴക്കുനിന്നും വരുന്ന ഇളവെയിലിനെ പൂർണമായും സ്വീകരിക്കാണെന്നവണ്ണം ഇരുകണ്ണുകളുമടച്ചുകൊണ്ട് താഴെ പടിയിലേക്ക് കാൽ നീട്ടി വച്ച് പുറകിലേക്കാഞ്ഞ് കയ്യ്കുത്തി ഇരിക്കുന്ന അവളുടെ നെറ്റിയിലെ സിന്ദൂരം പോലും തിളങ്ങുന്നുണ്ടായിരുന്നു... വയറിനെ മറച്ചിരിക്കുന്ന നേരിയത്തിന്റെ തലപ്പൊന്നു മാറ്റി മുഴുവനായും ഇളവെയിൽ വയറിനെ കൊള്ളിച്ചുകൊണ്ട് ഒരു കയ്യാൽ കുഞ്ഞിനെ തഴുകിയിരിക്കുന്ന പെണ്ണിനെ ആദ്യമായി കാണുംപോലെ ജീവ നോക്കിനിന്നു.. സ്ത്രീയുടെ ഏറ്റവും മഹത്തായ അവസ്ഥ... മാതൃത്വം.. ആദ്യമായവൻ അവളിലെ സ്ത്രീസൗന്ദര്യത്തിന്റെ മനോഹര രൂപം കാണുകയായിരുന്നു..

തന്റെ കുഞ്ഞിനെ വഹിക്കുന്ന വീർത്തുന്തിയ ഉദരവുമായി ഇരിക്കുന്ന പെണ്ണ്... കുഞ്ഞിന്റെ അമ്മ.. എല്ലുനുറുങ്ങുന്ന വേദനയെ പോലും സ്നേഹിക്കാൻ കെൽപ്പുള്ളവൾ... അവളുടെ തൊട്ടടുത്തായി അഷ്ടഗന്ധം ചെറുതായി പുകയുന്നുണ്ട്.. ജീവയുടെ കണ്ണുകൾ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്ന ഉദരത്തിൽ തന്നെയായിരുന്നു.. വീർത്തു ഉന്തി നിൽക്കുന്ന നഗ്നമായ അവളുടെ വയറിൽ തലോടി കുഞ്ഞിന്റെ തുടിപ്പറിയാൻ അവന്റെ ഉള്ളം വെമ്പുകയായിരുന്നു... വെറുമൊരു പുരുഷന്റെ വികാരങ്ങളോടെയല്ല.. മറിച്ച് ഒരു അച്ഛന്റെ സ്നേഹത്തോടെ... വാത്സല്യത്തോടെ... അവളിലെ അമ്മയോടുള്ള ബഹുമാനത്തോടെ... ലച്ചുവിനടുത്തേക്ക് വന്ന അമ്മയുടെ സംസാരമാണ് അറിയാതെ അവൾക്കടുത്തേക്ക് ചലിച്ചിരുന്ന അവന്റെ കാലുകൾ നിശ്ചലമാക്കിയത്.. കുടിക്കാനായി ലച്ചുവിനെന്തോ കൊടുത്തുകൊണ്ട് അവൾക്കു പിന്നിലായി വന്നിരുന്നു നനഞ്ഞമുടിയിൽ സുഗന്ധമുള്ള പുക കൊള്ളിച്ചുകൊണ്ട് ദേവി അവളോടായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. ഇളം പുഞ്ചിരിയാലെ അമ്മ പറയുന്നതെല്ലാം കെട്ടിരിക്കുന്ന പെണ്ണിന്റെ ഇടതുകരം അപ്പോഴും വയറിൽ തന്നെയുണ്ടായിരുന്നു... ഒരിക്കൽകൂടെ ഇളവെയിലിൽ തിളങ്ങുന്ന അവളുടെ ഉദരത്തെ ഉള്ളിലേക്കാവഹിച്ചുകൊണ്ട് അകത്തേക്ക് നടന്നെങ്കിലും അവന്റെ ജീവശ്വാസം പോലും കുഞ്ഞിനും കുഞ്ഞിന്റെ അമ്മയ്ക്കുചുറ്റും തന്നെയായിരുന്നു..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story