ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 46

ormappottukal

രചന: റിൻസി പ്രിൻസ്‌

അവളുടെ മറുപടി കേട്ട് അവൻ ഒന്ന് ചിരിച്ചു...  കൈകൾ നെഞ്ചിൽ കെട്ടി അവളെ അടിമുടി ഒന്ന് നോക്കി...

"എന്താ...?

അവൾ ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"  ഓഫീസിൽ ഞാൻ ഈ നമ്പർ അല്ല കൊടുത്തിരിക്കുന്നത്...

അവന്റെ ആ വെളിപ്പെടുത്തലിൽ അവൾ ഞെട്ടി പോയിരുന്നു


"അത്.... പിന്നെ....

അവൾ കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖം നന്നായി തുടച്ചു, അവൾ വെപ്രാളത്തിൽ ആണെന്ന് അവനും മനസ്സിലായി....

"   ഈ ഒരു നമ്പര് എനിക്ക് ഓർമ്മയുണ്ടായിരുന്നു... പണ്ട് ഉപയോഗിച്ച നമ്പറല്ലേ,

അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞപ്പോൾ ഇത്തവണ ഞെട്ടിയത് അവൻ ആയിരുന്നു... 10 വർഷങ്ങൾക്ക് മുൻപ് താൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഇപ്പോഴും കൃത്യമായി അവൾ ഓർമിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എന്താണ്...? ആ ചോദ്യത്തിന് അവന്റെ മുൻപിൽ മറുപടി ഉണ്ടായിരുന്നില്ല,

" നമുക്കൊരു കോഫി കുടിച്ചാലോ

അവനെ നോക്കി അവൾ ചോദിച്ചപ്പോൾ അവൻ തലയാട്ടി കാണിച്ചിരുന്നു...  രണ്ടുപേരും കോഫിയുമായി മുഖാമുഖം കഫയിലിരുന്നപ്പോഴും അവന്റെ ചിന്ത മുഴുവൻ അവളെക്കുറിച്ച് ആയിരുന്നു..  10 വർഷങ്ങൾക്കു മുൻപ് അവൾ തന്നെ വിളിച്ചത് ഈ നമ്പറിൽ ആണെന്ന് അവൻ ഓർത്തു...  അത്രമേൽ പ്രിയപ്പെട്ട മൊബൈൽ നമ്പർ ആയതുകൊണ്ടാണ് അത് ഇത്രയും കാലമായിട്ടും മാറ്റാത്തത്, ആദ്യമായി സിം എടുത്തപ്പോൾ ഉള്ള നമ്പറാണ്..  ആ നമ്പറിനോട് ഒരു പ്രത്യേക അറ്റാച്ച്മെന്റ് ഉണ്ട്,  അതുകൊണ്ടാണ് കാലമേറെ കഴിഞ്ഞിട്ടും ആ നമ്പർ മാറ്റാതെ തുടരുന്നത്... പിന്നീട് മറ്റൊരു സിം കൂടി എടുത്തിരുന്നു,  ഒഫീഷ്യൽ കാര്യങ്ങൾക്കെല്ലാം അതാണ് ഉപയോഗിക്കുന്നത്.. വളരെ പ്രിയപ്പെട്ട കുറച്ച് പേർക്ക് മാത്രമറിയാവുന്ന നമ്പരാണിത്, ഇപ്പോഴും അവളുടെ മനസ്സിൽ ആ നമ്പർ ഉണ്ടെങ്കിൽ അതിനർത്ഥം....

"എന്താണ് ആലോചിക്കുന്നത്....?

ചമ്മല് മറച്ചു കൊണ്ട് അവൾ ചോദിച്ചു...

"  ഒന്നുമില്ല, വെറുതെ പണ്ടു താൻ എന്നെ വിളിച്ചത് ഈ നമ്പറിൽ ആയിരുന്നു അല്ലേ..?  അത് ആലോചിച്ചത് ആണ്...

അവൻ പെട്ടെന്ന് അങ്ങനെ തുറന്നു ചോദിച്ചപ്പോൾ അവൾ വല്ലാതെ ആയി പോയിരുന്നു,  അവനോട് എന്തു മറുപടി പറയണമെന്നറിയാതെ ചമ്മി നിൽക്കുന്നവളുടെ മുഖം കണ്ട് അവന് ചിരി വന്നു പോയിരുന്നു..

"  ഞാന് ചുമ്മാ ചോദിച്ചതാ...
താൻ ഇനി അതോർത്ത് ടെൻഷൻ ആവണ്ട,

" എന്തിനാ ടെൻഷൻ, അങ്ങനെ ടെൻഷൻ ഒന്നുമില്ല അത് പണ്ട് അനീറ്റ തന്നതാ ആ നമ്പര്...

ഫോൺ വിളിച്ചപ്പോൾ കാണാപാടായിരുന്നു പിന്നീട് അത് മറന്നിട്ടില്ല... അവൾ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവൻ അവളുടെ മുഖത്തേക്ക് മാത്രം നോക്കിയിരുന്നു,  അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്തൊക്കെയോ തന്നോട് പറയാനുള്ളത് പോലെ അവന് തോന്നി...

" അനിറ്റയുമായി കോൺടാക്ട് ഇല്ലേ...?

അവളുടെ ചമ്മൽ മാറ്റാൻ എന്നതുപോലെ അവൻ ചോദിച്ചു.... 

"ഇടയ്ക്ക് വിളിക്കായിരുന്നു ഇപ്പോൾ ഹോസ്പിറ്റലിൽ ജോലി ആയതുകൊണ്ട് തിരക്കല്ലേ വാട്സാപ്പിൽ ഒക്കെ സംസാരിക്കാറുണ്ട്..

"  എല്ലാവരും ഇപ്പൊ വാട്സപ്പിലും ഫേസ്ബുക്കിലും മാത്രമായിട്ട് ഒതുങ്ങി പോയില്ലെ... എല്ലാ സൗഹൃദങ്ങളും അവസാനിക്കുന്നത് ഇപ്പോൾ അവിടെയാ?

അവളൊന്നു ചിരിച്ചിരുന്നു ചായ കുടിച്ചതും രണ്ടുപേരും ഒരുമിച്ചാണ് ഇറങ്ങിയത്....  ബസ്സിൽ ഇരിക്കുമ്പോഴും അവന്റെ ചിന്തകൾ അവളെ കുറിച്ച് തന്നെയായിരുന്നു അവളുടെ മനസ്സിൽ ഇപ്പോഴും താൻ ഉണ്ടോ എന്ന് സംശയം അവന് ശക്തമായിരുന്നു, പക്ഷേ അത് അവളോട് തുറന്നു ചോദിക്കാനും വയ്യ. ഒരിക്കൽ  പ്രണയം പറഞ്ഞവളാണ് അതുകൊണ്ട് തന്നെ താൻ ഇപ്പോൾ അതിനെക്കുറിച്ച് തുറന്നു ചോദിച്ചാൽ അവൾ തന്നെ തെറ്റിദ്ധരിക്കും എന്ന് ഒരു പേടി, അന്ന് റിയക്ക് ഏറ്റവും ദേഷ്യം ശ്വേതയോട് താൻ സംസാരിക്കുന്നതായിരുന്നു. റിയയെ കുറിച്ച് ആലോചിച്ചപ്പോൾ ഒരു നിമിഷം അവന്റെ ഹൃദയത്തിൽ ഒരു പിടച്ചിൽ ഉണർന്നു...  എത്രയോ ആത്മാർത്ഥമായി സ്നേഹിച്ചതാണ് അവളെ,  അവസാനം നല്ലൊരു ആളെ കണ്ടപ്പോൾ അവൾ തന്നെ മറന്നു...  അന്ന് അവൾ തന്നോട് പറഞ്ഞ ന്യായം അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളും ഒരു നേഴ്സ് ആണെന്നും ഒരേ ഫീൽഡിൽ നിന്നാണെങ്കിൽ അതായിരിക്കും ജീവിതത്തിന് ഏറ്റവും നല്ലതെന്ന് ആണ്...  ചാച്ചനെയും മമ്മിയും ഒന്നും ധിക്കരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞവളോട് വീട്ടിൽ വന്ന കല്യാണം ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിനാണെന്ന് അറിഞ്ഞാൽ ചാച്ചൻ എന്നെ വഴക്ക് പറയും എന്നായിരുന്നു മറുപടി, പിന്നീട് തിരക്കിയപ്പോഴാണ് അവൻ ഓസ്ട്രേലിയയിൽ ജോലി ആണെന്നും വിവാഹം കഴിഞ്ഞാൽ അവളെ കൂടി കൂടെ കൊണ്ടുപോകും എന്നുമൊക്കെ അറിഞ്ഞത്.  അതുകൊണ്ടായിരിക്കാം അവൾ തന്നോട് അകലാൻ പറഞ്ഞത് എന്ന് തോന്നിയിരുന്നു. എങ്കിലും അവസാനമായി ഒരിക്കൽ കൂടി അവളോട് ചോദിച്ചിരുന്നു ആ വിവാഹത്തിന് അവൾക്ക് സമ്മതമാണോ എന്ന്. ഒരിക്കലും തന്നെ മറക്കില്ലെന്നും എന്നാൽ ഈ വിവാഹത്തിന് സമ്മതിക്കാതിരിക്കാൻ സാധിക്കില്ലന്നും പറഞ്ഞു, അപ്പോൾ കൊല്ലാനാണ് തോന്നിയത്,  പക്ഷേ പിന്നീട് ചിന്തിച്ചു നമ്മളെ സ്നേഹിക്കാത്തവരുടെ പിറകെ പോകുന്നതിൽ എന്തർത്ഥമാണ് ഉള്ളത് എന്ന്..  ഓരോരോ ഓർമ്മകളിലേക്ക് അവനും യാത്ര പോയിരുന്നു...

ശ്വേത വിളിച്ചപ്പോഴാണ് അവനും ഓർത്തത്... രണ്ടുപേരും ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ വൈകിട്ടത്തേക്ക് വരെയുള്ള ഫുഡ് എല്ലാവരും ഉണ്ടാക്കിയിട്ടുണ്ട്,  ഒന്ന് ഔട്ടിങ്ങിന് പോയാലോ എന്ന് ചോദിച്ചപ്പോൾ ശ്വേത അതിൽ നിന്നും മാറിയിരുന്നു നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്. സാംമും പോകാൻ തയ്യാറായ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല...  അതുകൊണ്ട് ആ പ്ലാൻ ക്യാൻസൽ ചെയ്തു...  അതിനു പകരം രാത്രിയിൽനെറ്റിഫ്ലിക്സിൽ പുതിയൊരു സിനിമ കാണുകയായിരുന്നു എല്ലാവരും ചെയ്തത്.  ഭക്ഷണവും കഴിഞ്ഞ് കിടന്നിട്ടും എന്തുകൊണ്ടോ ശ്വേതയ്ക്ക് ഉറക്കം വന്നില്ല...  പിന്നീട് അവൾ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു, വീട്ടിൽ വിശേഷങ്ങളൊക്കെ തിരക്കി കഴിഞ്ഞിട്ടും ഉറക്കം വരാതായപ്പോൾ അവൾ വെറുതെ ബാൽക്കണിയിലേക്ക് ചെന്നു. ബാംഗ്ലൂർ നഗരത്തിലെ മനോഹാരിതയിലേക്ക് കണ്ണും നട്ടു കൊണ്ട് വെറുതെ നിന്നു.


അപ്പോഴാണ് പുറകിൽ ഒരു നിഴലനക്കം അവൾ അറിഞ്ഞത്...  നോക്കിയപ്പോൾ സാം. തന്നെ കണ്ടപ്പോൾ അവൻ വല്ലാതെ ആയെന്ന് അവൾക്ക് തോന്നിയിരുന്നു.

"താൻ ഉറങ്ങിയില്ലായിരുന്നോ..?

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു

" ഇല്ല കിടന്നിട്ട് ഉറക്കം വന്നില്ല, എനിക്ക് ഇത് ഇടയ്ക്കുള്ളത് ആണ്.. അപ്പൊ ഞാൻ ഇങ്ങനെ കുറച്ചുനേരം ഇവിടെ വന്നിരിക്കും,  പാട്ട് വല്ലോം കേട്ടിട്ട് ഇവിടെ തന്നെ കിടന്നുറങ്ങും...

ശ്വേത പറഞ്ഞു

"ഞാനും കിടന്നിട്ട് ഉറക്കം വരാതെ വന്നത് ആണ്.

സാം പറഞ്ഞു

"എന്തുപറ്റി മുഖം വല്ലാത്ത ഇരിക്കുന്നത്. എന്തേലും അസുഖം ഉണ്ടോ.? 

അവൾ അങ്ങനെ ചോദിച്ചപ്പോൾ അവൻ ഞെട്ടിപ്പോയിരുന്നു കാരണം കുറച്ചുസമയമായി ടെൻഷനിലാണ്,  അതെങ്ങനെ വ്യക്തമായി അവൾ മനസ്സിലാക്കിയെന്നുള്ള ഒരു സംശയം അവനിൽ ഉണ്ടായിരുന്നു....

"കുഴപ്പമൊന്നുമില്ല, പപ്പയ്ക്ക് വയ്യാതെ ഇരിക്കുവല്ലേ അതിന്റെ ഒരു ടെൻഷൻ,  ഇപ്പോൾ ഞാൻ വീട്ടിലേക്ക് വിളിച്ചിരുന്നു.....

" എന്തെങ്കിലും കുഴപ്പമുണ്ടോ...?  ഞാൻ ചോദിക്കണം എന്ന് കരുതി പിന്നെ ഇഷ്ടായില്ലെങ്കിലോ എന്ന് കരുതി ഞാൻ ചോദിക്കാഞ്ഞത് ശരിക്കും  പപ്പയ്ക്ക് എന്തു പറ്റിയതാ...? ഗൾഫിലോ മറ്റോ ആയിരുന്നില്ലെ

"അതെ.... കുറെ വർഷങ്ങളായി അവിടെ കിടന്നു എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ടതാ,  അവിടെ കിടക്കുന്നവരുടെ അവസാനം  ഇങ്ങനെയൊക്കെ തന്നെയാ,  പപ്പാ ചെറിയ ചെറിയ അസുഖങ്ങളൊക്കെ ഗൗനിക്കാതെയായി,  പിന്നീട് നാട്ടിൽ വന്ന ചെക്കപ്പ് ചെയ്തപ്പോഴാണ് ഹാർട്ടിൽ ബ്ലോക്ക് ഉണ്ടെന്നറിയുന്നത്, ഒപ്പം കിഡ്നി പ്രോബ്ലം, പിന്നെ പോവണ്ടാന്ന് ഞാൻ തന്നെയാ പറഞ്ഞത്,  അങ്ങനെ പപ്പയുടെ കെയർ ഓഫിലാ ഞാൻ ആദ്യമായിട്ട് ഗൾഫിൽ പോകുന്നത്...  ഞാൻ അവിടെ ചെന്നപ്പോഴാ വീണ്ടും പപ്പയ്ക്ക് ഒരു അറ്റാക്ക് ഉണ്ടായത്,  അതോടെ മമ്മി മെൻഡലി വീക്ക് ആയി....  ഞാനും ചേച്ചിയും ഇല്ല അടുത്ത്.... ചേച്ചിയെ അറിയോ...?

"  പള്ളി വച്ചൊക്കെ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, അല്ലാതെ അറിയില്ല

"  എന്റെ ചേച്ചിയുടെ പേരും ശ്വേതാന്നാ

" അതെനിക്കറിയാം. അത് കണ്ടിട്ടാണ് എന്റെ ചാച്ചൻ എനിക്ക് ശ്വേതാ എന്ന് പേരിട്ടത് പണ്ട് അമ്മച്ചി പറഞ്ഞിട്ടുണ്ട്....

"  അത് കൊള്ളാല്ലോ, ആ സ്റ്റോറി ഞാൻ അറിഞ്ഞില്ല...

രണ്ടുപേരും ഒരേപോലെ ചിരിച്ചിരുന്നു...

"  ചേച്ചി എൻജിനീയറിങ് കഴിഞ്ഞതാ. അത് കഴിഞ്ഞ് ഇഷ്ടപ്പെട്ട ഒരാളെ തന്നെയാണ് കല്യാണം കഴിച്ചത്,  ഞങ്ങൾക്ക് എല്ലാം ഇഷ്ടായിരുന്നു ആളെ..  അവര് രണ്ടുപേരും ഇപ്പൊൾ കാനഡയിൽ ആണ്... കല്യാണം കഴിഞ്ഞ് കുറച്ചുനാള് ജോലി ചെയ്തിരുന്നു, ഇപ്പോൾ ചേച്ചിക്ക് കുട്ടികളുണ്ട്,ട്വിങ്സ് ആണ് രണ്ടുപേരെയും നോക്കണമെങ്കിൽ നല്ലൊരു ജോലിയല്ലെ....  അളിയൻ ഭയങ്കര കോപ്പറേറ്റീവ് ആണ്... ഞങ്ങൾ ഫ്രണ്ട്സിനെ പോലെയാണ്... ചേച്ചി പ്രെഗ്നന്റ് ആയപ്പോൾ മമ്മി സത്യം പറഞ്ഞാൽ അവിടെ പോയി നിൽക്കേണ്ടതല്ലേ, അതുപോലും വേണ്ടാന്ന് അളിയൻ പറഞ്ഞു,  പുള്ളി തന്നെ ലീവെടുത്ത്  ആണ് അവളെ നോക്കിയത്,  ഇപ്പൊ പപ്പയ്ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്...  കിഡ്നിക്കും ചെറിയ പ്രശ്നങ്ങളുണ്ട്,  ഒരു മാസം തന്നെ ഏകദേശം 1  ലക്ഷം രൂപയോളം ചെലവാകും,  സത്യത്തിൽ ഒരു സർജറി വരെ ഇത് ഇങ്ങനെ പോവട്ടെ എന്ന് ഡോക്ടർ പറയുന്നത്.. ആ സർജറി അടുത്ത മാസം ആണ്.... അതുവരെ ഒന്ന് പിടിച്ചുനിൽക്കാൻ വേണ്ടി ശരിക്കും ഞാനും ഈ ജോലി തന്നെ തെരഞ്ഞെടുത്തത്,  ഇല്ലെങ്കിൽ ഞാൻ ഗൾഫിൽ പോയേനെ, തൽക്കാലം പപ്പയുടെയും അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു പോകുമെന്ന് കരുതി,  നാളെയാ ഡയാലിസിസ് ചെയ്യേണ്ട ദിവസം...  എന്റെ കയ്യിൽ ഉണ്ടായിരുന്നത് മുഴുവൻ കൊടുത്തിട്ടാ ഞാൻ വന്നത്, പപ്പാ ഗൾഫിലായിരുന്നപ്പോ ഒന്നും അറിഞ്ഞിട്ടില്ല, അത്യാവശ്യം സ്ഥലവും വീടും സാമ്പത്തികശേഷിയും ഒക്കെ ഉണ്ട്. പക്ഷേ  ബാങ്ക് സേവിങ് ഒന്നും ഉണ്ടായിരുന്നില്ല.. സ്ഥലം വിൽക്കാൻ പോലും നമ്മൾ അത്യാവശ്യത്തിന് നടക്കില്ല,  ഞാൻ എത്രവട്ടം കുറച്ചു സ്ഥലം വിൽക്കാൻ നോക്കി,  നടന്നില്ല, ഞാൻ ജോലി ചെയ്തിരുന്നപ്പോൾ എല്ലാ കാര്യങ്ങളും നന്നായിട്ട് പോയത് ആണ്... പക്ഷേ ഇവിടെ ഞാനും കൂടി ഇല്ലാതെ മമ്മി കംപ്ലീറ്റ് ആയിട്ട് തകർന്നു... ഒരു മാസം കഴിഞ്ഞെങ്കിൽ കുഴപ്പമില്ല, സാലറി കിട്ടുമല്ലോ, ഇന്നലെ ഡോക്ടർ പറഞ്ഞു ഡയാലിസിസ് ചെയ്യണമെന്ന് നാളെ രാവിലെ തന്നെ...  ഒരു 50000 രൂപയെങ്കിലും ഇട്ടു കൊടുക്കണം ഞാൻ അത് ഇട്ടു കൊടുത്തില്ലെങ്കിലും മമ്മി എന്തെങ്കിലും ഗോൾഡ് വെച്ച് പൈസ എടുക്കും,  എങ്കിലും എനിക്ക് ഒരു സമാധാനം കാണില്ല, നോക്കുമ്പോൾ അത് വലിയ കാര്യമാണോ നമ്മൾ അത്യാവശ്യത്തിന് വേണ്ടിയല്ല സ്വർണ്ണം വാങ്ങിച്ചു വെച്ചിരിക്കുന്നത്  മമ്മിയ്ക്ക് ഒരുപാട് ഗോൾഡും ഉണ്ട്.  പക്ഷേ അപ്പന് ഒരു വയ്യാഴ്ക വരുമ്പോൾ മക്കൾ അയച്ചുകൊടുക്കുന്നത് ഒരു പ്രത്യേകത അല്ലെ, ഞാൻ കുറച്ചു സെൻസിറ്റീവ് ആണ്... ഇപ്പോൾ രണ്ടു മൂന്നു ഫ്രണ്ട്സിനോട് ചോദിച്ചു. ആരുടെയും കയ്യിലില്ല. ഞാൻ അതിങ്ങനെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു....  അപ്പോഴാ ഇങ്ങോട്ട് വന്നത്,  ആരോടെങ്കിലും ഒന്ന് തുറന്നു പറയുമ്പോൾ നമുക്ക് കുറച്ച് സ്ട്രെസ് ഫ്രീ ആകും..  അതുകൊണ്ട് തന്നോട് പറഞ്ഞത്...

  അവള് അവനെ തന്നെ സൂക്ഷിച്ചു നോക്കി...

" ഞാനൊരു കാര്യം പറഞ്ഞാൽ ഇഷ്ടാവോ?

"എന്താ...

"  എനിക്ക് ആവശ്യമില്ലാത്ത കുറച്ച് പൈസ ഇപ്പൊ എന്റെ കയ്യിൽ ഉണ്ട്. ഒരു 50000 രൂപ. എനിക്കൊരു മൂന്നുമാസം കഴിഞ്ഞിട്ട് ആ പൈസ കൊണ്ട് ആവശ്യമുള്ളു, ഞാൻ തന്നാൽ വാങ്ങുമോ...?   ഈ കഥ കേട്ട് സഹതാപം തോന്നിയിട്ടൊന്നും അല്ലാട്ടോ,  അങ്ങനെ കരുതരുത്.. ജീവിതം ദേ ഇവിടെ അവസാനിച്ചു സ്വപ്നങ്ങൾ എല്ലാം കഴിഞ്ഞു എന്ന് തോന്നിയ ഒരു മൊമെന്‍റ് ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ, എന്റെ പ്ലസ് ടു കഴിഞ്ഞ് ടൈമില്..  ഞാൻ ഡിഗ്രിക്ക് പോകാൻ നേരത്ത് എല്ലാവരും എന്നെ അതിൽ നിന്നും നിരുത്സാഹപ്പെടുത്താൻ ആണ് ശ്രമിച്ചത്. പക്ഷേ ഞാൻ പഠിക്കാൻ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസമായി ഒരാൾ കുറച്ചു പൈസ തന്നു. ആ പൈസ കൊണ്ട ഞാനൊരു നാലുമാസം ഡിഗ്രിക്ക് പോയത്..  ആ സമയത്ത് ബസ്സിലും പിന്നെ ചിലപ്പോഴൊക്കെ വിശന്നു നിൽക്കുമ്പോൾ ഒരു ചായയിലും ഒക്കെ എനിക്ക് ആ പൈസ ഒരുപാട് ഉപകാരമായിരുന്നു.  പിന്നീട് കോളേജിൽ ഒക്കെ എന്തെങ്കിലും ആവശ്യം വന്നാൽ  ചെന്ന് ചോദിക്കുമ്പോൾ  200  ഓ 500 ഓ ഒക്കെ തരുന്ന ഒരു പാവം ആന്റി ഉണ്ടായിരുന്നു,  ജെസ്സി ആന്റി...  എപ്പോഴും വലിയ വീട്ടിലൊക്കെ അമ്മച്ചിയുടെ കൂടെ പോകുമ്പോൾ പേടിയായിരുന്നു അവരുടെയൊക്കെ സോഫയിൽ ഒക്കെ ഇരിക്കാൻ, ജോലിക്കാരീടെ മോൾ അല്ലെ ഇരുന്നാൽ ചെലപ്പോ ആ വീട്ടിലുള്ളവർക്ക് ഒന്നും ഇഷ്ടാവില്ല.  അതുകൊണ്ട് പേടിച്ച് നിൽക്കാറ് ആണ് പതിവ്... പക്ഷേ ഞാൻ അങ്ങനെ നിൽക്കുമ്പോൾ ഒക്കെ വില കൂടിയ സോഫയിൽ  എന്നെ നിർബന്ധിച്ചു പിടിച്ചുകൊണ്ടുപോയി ഇരുത്തിയ വിലകൂടിയ പ്ലേറ്റിലും കപ്പിലും കാപ്പിയും പലഹാരങ്ങളും ഒക്കെ  വയറു നിറയുന്നതുവരെ കഴിപ്പിക്കുന്ന ആന്റി. എത്രയോ വട്ടം സ്കൂളിൽ നിന്നൊക്കെ വിശന്നു വന്നിട്ടുള്ളപ്പോൾ ആന്റി എന്തെല്ലാം ഫുഡ് തന്നിട്ടുണ്ട്.  അതിന്റെ ഒന്നും രുചി ഒരുകാലത്തും മറക്കില്ല... പിന്നെ ശ്വേത ചേച്ചിയുടെ അങ്ങനെ വിളിക്കാമോന്ന് അറിയില്ല, എങ്കിലും പ്രായമുണ്ടല്ലോ മൂത്ത ആളല്ലേ, ചേച്ചിടെ ഒരുപാട് പുതിയ ഡ്രസ്സ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്,  എനിക്ക് വലിയ ഉപകാരമായിരുന്നു ആ പുതിയ ഡ്രസ്സുകൾ ഒക്കെ.. പിഞ്ചി നിറം മങ്ങിയ വസ്ത്രങ്ങൾ ഉപയോഗിച്ച എനിക്ക് അത് എന്തൊരു ആശ്വാസം ആയിരുന്നു.  അതിലെ ഏറ്റവും നല്ലത് നോക്കിയേ ആന്റി തരൂ..  അതിന് എന്തെങ്കിലുമൊക്കെ വണ്ണം കൂട്ടാനോ കുറയ്ക്കാനോ കാണും..  അങ്ങനെ ചെയ്തെന്ന് പറഞ്ഞാലും അതൊരു പുതിയ ഡ്രസ്സ്  ആണ്. നല്ല ഭംഗിയുള്ള ഒരു വസ്ത്രം ഇടുന്നത് ആദ്യമായിട്ട് ജസ്സി ആന്റി തന്നിട്ട് ആണ്... പിന്നെ ഞാൻ പഠിക്കാൻ പോവാണെന്ന് അറിഞ്ഞപ്പോൾ  ഗൾഫിൽ നിന്ന് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അച്ചായൻ തന്നതാണെന്ന് പറഞ്ഞു ഒരു 10000 രൂപ കൊടുത്തിട്ടുണ്ടായിരുന്നു അമ്മച്ചിയുടെ കാര്യം. അതൊക്കെ ഞാൻ പിന്നീട് അറിഞ്ഞത്  ആണ്. അതൊക്കെ കൊണ്ട് ആണ് പിടിഎ ഫീസ് ഒക്കെ നടച്ചത്.  എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആന്റിയിലൂടെ മാത്രം അറിഞ്ഞിട്ടുള്ള അങ്കിള് എനിക്ക് വേണ്ടി ചെയ്ത ഒരു വലിയ ഉപകാരം ആയിരുന്നു അത്. അന്ന് ഫീസ് അടയ്ക്കാൻ പറ്റില്ലായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ലായിരുന്നു.  ഒരിക്കലെങ്കിലും അങ്കിളിനെ കാണുമ്പോൾ നന്ദി പറയണം എന്ന് ഞാൻ ഓർത്തിട്ടുണ്ട്. പക്ഷേ അതിന് പറ്റിയിട്ടില്ല.  ഒരു നൂറുവട്ടം പ്രാർത്ഥനകളിൽ ഒക്കെ വന്നു പോയിട്ടുണ്ട്.  ഒരിക്കലും ഞാൻ മറക്കില്ല അവരെയൊന്നും.  അവർക്ക് വേണ്ടി എന്തെങ്കിലും ചെറുതായിട്ട് ചെയ്യാൻ സാധിച്ചാൽ  പോലും അത് വലിയ കാര്യായിട്ട് ഞാൻ കരുതു,  വിരോധമില്ലെങ്കിൽ ആന്റിയെ പണയം വെക്കാൻ ഒന്നും വിടണ്ട, ക്യാഷ് ഞാൻ തരാം. 

അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു,  അവളുടെ മനസ്സിൽ എന്തൊക്കെ നിഗൂഢതകളാണെന്ന് അവൻ ചിന്തിക്കുകയായിരുന്നു...

"കാശ് വാങ്ങുന്നോട് കുഴപ്പമൊന്നുമില്ല,  സമാധാനം ഉണ്ടല്ലോ മൂന്നുമാസം കഴിഞ്ഞ് മടക്കി തന്നാൽ മതിയല്ലോ,  അപ്പോഴേക്കും ഞാനൊന്ന് സെറ്റിൽ ആവുകയും ചെയ്യും.. പക്ഷെ  ഒരു വലിയ കണ്ടിഷനുണ്ട്...

അവൻ പറഞ്ഞു

"എന്ത്...?

മനസ്സിലാവാതെ അവൾ ചോദിച്ചു...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story