ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 52

ormappottukal

രചന: റിൻസി പ്രിൻസ്‌

ആദ്യമായി അവൾക്ക് തന്നോട് ഇഷ്ടം തോന്നാനുള്ള കാരണം അറിഞ്ഞതിന്റെ അമ്പരപ്പിൽ ആയിരുന്നു അവന്..  ഇത്രമാത്രം അവൾ തന്നെ മനസ്സിലാക്കിയിരുന്നോ.?  തന്നോട് ഇഷ്ടം തോന്നാനുള്ള അവളുടെ കാരണം ഇതായിരുന്നോ.. ആ കാരണം അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു, അവൾ വീണ്ടും തന്നെ അത്ഭുതപെടുത്തുകയാണല്ലോന്ന് അവനോർത്തു...


ഒരു 15 കാരിയുടെ പക്വത ഇല്ലാത്ത തീരുമാനം അല്ലെങ്കിൽ വെറുതെ ഒരു ഭ്രമത്തിന്റെ പുറത്ത് തുടങ്ങിയ ആകർഷണം സുഹൃത്തുക്കളുടെ കളിയാക്കലുകളിൽ തുടങ്ങിയ പ്രണയം അങ്ങനെയൊക്കെയാണ് അതിന് തന്റെ മനസ്സിൽ നിറം കൊടുത്തിരുന്നത്.  അങ്ങനെയൊന്നുമല്ല എന്നും ശക്തമായ ഒരു കാരണം കൊണ്ടാണ് താൻ അവളുടെ മനസ്സിൽ അടിയുറച്ചത് എന്ന് അറിഞ്ഞതോടെ അവന് അവളോട് ബഹുമാനവും ഇഷ്ടവും ഒക്കെ വർദ്ധിക്കുകയായിരുന്നു ചെയ്തത്.... ഒരിക്കലെങ്കിലും അവളുടെ മനസ്സിനെ അറിയാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്ന കുറ്റബോധവും അവനിലൂടലേടുത്തു..  എന്തുകൊണ്ടാണ് ഒരിക്കൽപോലും അവളുടെ ഇഷ്ടത്തിന് കാരണം താൻ ചോദിക്കാതിരുന്നത്...?  അല്ലെങ്കിൽ പലകുറി ചോദിച്ചിട്ടും അവൾ അതിന് മറുപടി തരാതിരുന്നപ്പോൾ  എപ്പോൾ മുതലാണ് നിനക്ക് എന്നെ ഇഷ്ടമായിരുന്നത് എന്ന് ചോദിക്കാമായിരുന്നു, ഇത്രയും വർഷങ്ങളായിട്ടും അവൾ ഓരോ കാര്യങ്ങളും മിഴിവോടെ ഓർമ്മിക്കുന്നുവെങ്കിൽ ആ 15 കാരീടെ ഉള്ളിൽ താൻ പതിഞ്ഞത് എത്ര ആഴത്തിൽ ആയിരിക്കുമെന്ന് അവൻ ചിന്തിച്ചു പോയിരുന്നു...

"  എന്ത് കാരണം കൊണ്ടാണ് ഇഷ്ടമായതെന്ന് അന്ന് ഞാൻ ചോദിച്ചപ്പോൾ താനെന്തേ ഇത് പറയാതിരുന്നത്...?

കുറ്റബോധത്തോടെയും ഇഷ്ടത്തോടെയും അവൻ അവളുടെ മുഖത്തോട്ട് നോക്കി ചോദിച്ചു,

" ഇന്നും ഇതൊന്നും പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടാവുമെന്ന് കരുതിയതല്ല,  അന്നു ഒട്ടും ഉണ്ടായിരുന്നില്ല...  പിന്നെ അതൊക്കെ കഴിഞ്ഞില്ലേ..?  വർഷങ്ങൾ ഇത്രയായില്ലേ.?  നമ്മൾ തമ്മിൽ ഒരു സൗഹൃദവും ഉണ്ടായില്ലേ...? അതുകൊണ്ട് പറയാം എന്ന് തോന്നി,  ചോദിച്ചത് കൊണ്ട് പറഞ്ഞതു,  ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ആ കാര്യത്തെക്കുറിച്ച് സംസാരിക്കില്ലായിരുന്നു...

അവൾ അങ്ങനെ പറഞ്ഞതിലൂടെ ഇപ്പോൾ അവൾക്ക് അങ്ങനെയൊന്നുമില്ല എന്ന് അവന് തോന്നി...  മനസ്സിന്റെയുള്ളിൽ ഒരു നിരാശയും തോന്നിയിരുന്നു, ഒരു വലിയ നിധി താൻ ഉപേക്ഷിച്ചു കളഞ്ഞത് പോലെ...  അന്ന് അവളെ താൻ മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇന്ന് തനിക്കൊപ്പം അവൾ ഉണ്ടാകുമായിരുന്നു എന്ന് അവന് തോന്നി.... ഒരിക്കലും ഒരു സങ്കട കടലിൽ തന്നെ എറിഞ്ഞ് ഒറ്റയ്ക്ക് ഒരു തുരുത്തിലേക്ക് അകപ്പെടുത്തി അവൾ പോകുമായിരുന്നില്ല.. റിയേ പോലെ....

ഒരുപക്ഷേ അവളെ കണ്ടിരുന്നില്ലയിരുന്നെങ്കിൽ അവളെ ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ തന്റെ ജീവിതത്തിലേക്ക് ഇവൾ കടന്നുവന്നെനെ... അവന്റെ ചിന്തകൾ ഒരുപാട് ദൂരത്തേക്ക് പോയി. താൻ ഒരിക്കലും ഒരു പെൺകുട്ടിയെയും ചതിച്ചിട്ടില്ല,  ചതിക്കാൻ ആഗ്രഹിച്ചിട്ടും ഇല്ല.... അതുകൊണ്ടാണ് അവളുടെ പ്രണയം താൻ നിരസിച്ചത്, റിയെയും താൻ ചതിച്ചിട്ടില്ല.  100% തന്റെ മനസ്സാക്ഷിയോട് താൻ നീതി പുലർത്തിയിട്ടുണ്ട്... അതുകൊണ്ട് ആണ് ശ്വേതയെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചത്.... അങ്ങനെ അവൻ ആശ്വസിച്ചു,  ഇനിയും  ഇഷ്ടമുണ്ടോന്ന് അവളോട് ചോദിക്കാനുള്ള ധൈര്യം അവന് ഉണ്ടായിരുന്നില്ല.... ഇന്നെല്ലാം കഴിഞ്ഞ് ഇത്രയും ആയില്ലേന്ന് അവൾ ചോദിച്ച ചോദ്യത്തിൽ നിന്ന് തന്നെ അവളുടെ മനസ്സിൽ ഇപ്പോൾ താൻ ഇല്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അല്ലെങ്കിലും ഒരിക്കൽ അത്രത്തോളം താൻ അവളെ വേദനിപ്പിച്ചതല്ലേ,  അവളുടെ ഇഷ്ടത്തെ കണ്ടില്ലെന്ന് നടിച്ചതല്ലേ..?  അവളിൽ നിന്നും ഇങ്ങനെയൊരു സൗഹൃദം പോലും ഉണ്ടാകുന്നത് സാധ്യതയില്ലാത്ത കാര്യമാണ്..   ഇനി പഴയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അവളോട് ചോദിക്കേണ്ടന്ന് അവന് തോന്നിയിരുന്നു...  കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറക്കം പിടിച്ചു എന്ന് അവന് മനസ്സിലായി...  എന്നാൽ അവളിൽ നിന്നും ആ സത്യങ്ങൾ അറിഞ്ഞ നിമിഷം മുതൽ അവന്റെ ഉറക്കം മാറി നിന്നിരുന്നു...

രാവിലെ ആയപ്പോഴേക്കും കൊച്ചിയിലേക്ക് എത്തിയിരുന്നു....  ബസ്റ്റാൻഡിൽ നിന്ന് തന്നെ മുഖവും കഴുകി പല്ലും തേച്ച് രണ്ടുപേരും നേരെ ആര്യാസിലേക്കാണ് പോയത്...  അവിടെനിന്ന് ഓരോ മസാലദോശയും കഴിച്ചു വീണ്ടും തിരികെ നടന്നപ്പോഴാണ് അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചത്...

"  ഞാനൊരു കാര്യം പറഞ്ഞാൽ തനിക്ക് ബുദ്ധിമുട്ടാകുമോ...?

" ആദ്യം കാര്യം പറ  നമ്മൾ തമ്മിൽ ഒരു മുഖവരെടെ ആവശ്യമുണ്ടോ... മറ്റൊന്നുമല്ല എന്റെ ഒരു ഫ്രണ്ടിന്റെ വീട് ഇവിടെ അടുത്ത, എന്റെ ബൈക്ക് അവിടെ ഇരിപ്പുണ്ട്, അത് എടുക്കാൻ ആയിരുന്നു വിചാരിച്ചത്,  അത് എടുത്ത് നേരെ വീട്ടിലേക്ക് പോകാമെന്ന് ഒരു മൂന്നര മണിക്കൂർ യാത്ര ഉണ്ടാവും,  തനിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമുക്ക് ബൈക്കിനു പോകാം...  കാരണം എനിക്ക് ഈ വണ്ടി ഇനി എടുക്കാൻ പിന്നെ അല്ലെങ്കിൽ വീണ്ടും ഇവിടം വരെ വരേണ്ടിവരും..  ഇപ്പഴാണേൽ ഒന്നിച്ച് അങ്ങ് നടക്കും...

"  എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല നമ്മൾ ഒരുമിച്ച് ബൈക്കിനു പോകുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...?

അവൾ അവനോട് മറു ചോദ്യം ചോദിച്ചു...

"  എനിക്കെന്ത് ബുദ്ധിമുട്ട്..?  എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ തന്നോട് ചോദിക്കുമോ..?

" എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം... ഞാനെന്നാൽ അവനെയൊന്നു വിളിക്കട്ടെ..   താൻ ഇവിടെ നിക്ക്.

അവൻ പെട്ടെന്ന് ഫോൺ എടുത്തു സുഹൃത്തിനെ വിളിച്ചിരുന്നു...  വണ്ടി കൊണ്ടുവന്ന തരാമെന്ന് അവൻ അറിയിക്കുകയും ചെയ്തു,  കുറച്ചുസമയം കാത്തു നിന്നപ്പോഴേക്കും രണ്ടു ബൈക്കിൽ ആയി രണ്ടുപേർ എത്തിയിരുന്നു..  സാം അവരെ ശ്വേതയ്ക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു.  ചുവപ്പ് നിറത്തിലെ ഒരു ബുള്ളറ്റ് ആയിരുന്നു അത്..  ബൈക്ക് കയ്യിൽ കിട്ടിയതും അവന്റെ മുഖത്ത് ഒരു പ്രത്യേക സന്തോഷം ഉടലെടുക്കുന്നത് അവൾ കണ്ടിരുന്നു....  തുടർന്ന് അതിലായി യാത്ര...  അല്പം ദൂരമേറിയ യാത്ര ആയതുകൊണ്ട് തന്നെ അവൾ ട്യൂ സൈഡിൽ ആണ് ഇരുന്നത്..  ചെറിയ ബാഗ് കയ്യിലെടുത്തത് നന്നായി എന്ന് അവൾക്ക് തോന്നിയിരുന്നു,  ഇതിനിടയിൽ വീട്ടിൽ വിളിച്ച് കൊച്ചിയിലെത്തി എന്ന വിവരം അവൾ പറയുകയും ചെയ്തു...  അങ്ങോട്ടുള്ള യാത്രയിൽ ഇടയ്ക്ക് നിർത്തി നിർത്തിയാണ് പോയത്, ഒറ്റ ഒരു ഇരിപ്പ് രണ്ടു പേർക്കും മടിപ്പുളവാക്കിയിരുന്നു,  കുറച്ചു ദൂരം ചെന്നപ്പോഴേക്കും ഇടിവെട്ടി മഴപെയ്യാൻ തുടങ്ങി...  ഉടനെ തന്നെ അടുത്ത് കണ്ട ഒരു പെട്ടിക്കടയിലേക്ക് അവൻ വണ്ടി ഒതുക്കിയിരുന്നു,  അധികമാളുകൾ ഒന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു അത്...  മഴ ശക്തിയായി പെയ്യുകയാണ്,  ഇതിനിടയിൽ അറിയാതെ രണ്ടുപേരുടെയും മിഴികൾ പരസ്പരം കോർത്ത് പോയിരുന്നു...

മനസ്സ് തുറന്നൊന്ന് സംസാരിക്കാൻ രണ്ടുപേരും ആഗ്രഹിച്ചിരുന്നു, പക്ഷേ വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ശക്തമായ ഒരു കാറ്റ് വീശിയതും അവൾ എരിവ് വലിച്ചു...  അത് കണ്ടതും അവൻ എന്തെന്ന അറിയാൻ അവളെ നോക്കിയപ്പോഴാണ്  ഒരു കണ്ണ് പൊത്തി നിൽക്കുന്നവളെ അവൻ കണ്ടത്... 

"എന്തുപറ്റി...?

കണ്ണിൽ എന്തോ പോയി തുറക്കാൻ പറ്റുന്നില്ല,  ഒരു കൈ പൊത്തി കണ്ണിൽ വച്ചുകൊണ്ട് പറയുന്നവളെ അവൻ നോക്കി...

"കണ്ണ് തുറന്നെ..


അവൻ അവളോട് പറഞ്ഞുവെങ്കിലും അവൾക്ക് കണ്ണ് തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല,

" ഞരിടല്ലേ...  കരട് അകത്തുപോകും..

അവൻ മുന്നറിയിപ്പ് നൽകി അതിനുശേഷം പതുക്കെ അവളുടെ കൺപോളകൾ ഉയർത്തി കണ്ണിലേക്ക് ആഞ്ഞൊന്ന് ഊതി..

" പോയോ...?

" ഇല്ല....

  അവൾ തലയാട്ടി...  ഒപ്പം തന്നെ അവളുടെ കണ്ണിൽ നിന്നും വെള്ളവും എടുക്കാൻ തുടങ്ങിയിരുന്നു,  തന്റെ തൂവാല കൊണ്ട് അവൻ ഒരിക്കൽക്കൂടി കണ്ണിനുള്ളിൽ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധയോടെ നോക്കി. അതിനുശേഷം ഒരിക്കൽ കൂടി ശക്തിയായി ഊതി...

" പോയോ..?

" ഇല്ലെന്നെ കിടപ്പുണ്ട്, ഭയങ്കര വേദന... അവള് കരച്ചിലിന്റെ വാക്കിലേക്ക് എത്തിയിരുന്നു...

ഒരിക്കൽ കൂടി അവൻ ഊതി നോക്കിയെങ്കിലും ഫലമുണ്ടായില്ല ഇതിനിടയിൽ വീഴാൻ പോയവളെ ഇടുപ്പിൽ താങ്ങി അവൻ തന്നോട് ചേർത്തു നിർത്തി..  പെട്ടെന്ന് ബാലൻസ് കിട്ടാതെ അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വീണു പോയിരുന്നു അവന്റെ കവിളിൽ അറിയാതെ അവളുടെ കവിളൊന്ന് ഉരസി പോയി.. ഒരു നിമിഷം രണ്ടുപേരും വല്ലാതെ ആയിരുന്നു,  അത്രയും അരികിലായി നിൽക്കുന്നവളുടെ കണ്ണിലേക്ക് ശ്രദ്ധയോടെ ഒരിക്കൽ കൂടി അവൻ ഊതി,  പതിയെ കണ്ണ് തുറന്നവൾ കാണുന്നത് അവന്റെ മുഖമാണ്..  തൊട്ടരികിലായി അവൻ..  ഒരു വിരൽ ദൂരത്തിനും അപ്പുറം അവന്റെ നിശ്വാസം, ഒരു നിമിഷം അവൾ ആ പഴയ 15 കാരിയായി പോയിരുന്നു. തന്റെ ഉള്ളം  തളിരണിയുന്നത് അവൾ അറിഞ്ഞു..

" ഇപ്പൊൾ പോയോ...

ഏറെ ആർദ്രമായി അതുവരെ അവൾക്ക് പരിചിതമല്ലാത്ത ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ,  അതെ എന്ന് അവൾ തലയാട്ടിയിരുന്നു,  ആ നിമിഷം തന്നെ അവൾ അവനിൽ നിന്നും അകന്നു... കുറച്ച് സമയം അവളെ നേരിടാൻ ആവാതെ അവനും മറ്റെവിടേക്കോ നോക്കി നിന്നു. ഉള്ളിന്റെയുള്ളിൽ താനവളെ പ്രണയിച്ചു തുടങ്ങി എന്ന് അവൻ മനസ്സിലാക്കിയ നിമിഷം ആയിരുന്നു അത്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story