ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 55

ormappottukal

രചന: റിൻസി പ്രിൻസ്‌

ഒരിക്കൽ ഞാൻ മനസ്സിലാക്കാതെ പോയ ഇഷ്ടം എന്ന് എനിക്ക് അവളോട് ഉണ്ട്, പക്ഷേ ഞാൻ തുറന്നു പറയില്ല അതിനുള്ള ധൈര്യം എനിക്കില്ല, പക്ഷേ എനിക്ക് അവളെ നഷ്ടപ്പെടാനും വയ്യ,

നിസ്സഹായതയോടെ സാം പറഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അജുവും നിന്നു

"അന്ന്  ആ റിയെടാ പുറകെ നടന്ന സമയത്ത് ഈ കൊച്ചിനെ വല്ലോം പ്രേമിച്ചാൽ മതിയായിരുന്നു...അങ്ങനെ ആയിരുന്നേൽ താടിയും വളർത്തി വിരഹ ഗാനവും പാടി നടക്കേണ്ടി വരില്ലായിരുന്നു നിനക്ക്

തമാശപോലെ അജു പറഞ്ഞപ്പോൾ അവൻ ഒന്ന് കൂർപ്പിച്ചു നോക്കി....

"  ഇനി ഞാൻ ആലോചിച്ചിട്ട് ഒരു വഴിയുള്ളൂ ഞാനീ കാര്യം അവളോട് പറയാം അവളുടെ കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞത്, ഇതിനൊരു പരിഹാരം അനു (അനീറ്റ) ഉണ്ടാക്കും

" അത് വേണ്ട,  അങ്ങനെയായാലും എന്റെ ഇഷ്ടത്തെ അവള് തെറ്റിദ്ധരിക്കുകയുള്ളൂ,  അവൾക്ക് ഒന്നുമില്ലാത്ത സമയത്ത് ഞാൻ അവളുടെ ഇഷ്ടത്തിന്  പ്രാധാന്യം നൽകാതെ അവൾ ഒരു പൊസിഷനിൽ എത്തിയപ്പോൾ ഞാൻ ഇഷ്ടം വീണ്ടും പൊടി തട്ടി എടുത്തു എന്ന് കരുതും..  അങ്ങനെ അവളെ തെറ്റിദ്ധരിച്ചാൽ അത് എനിക്ക് വല്ലാത്തൊരു വിഷമം ആയി പോകുടാ...

സാം പറഞ്ഞു..

" ഇത് അവൾ അറിയണ്ടേ..?

സംശയത്തോടെ അജു ചോദിച്ചു.

" അറിയണം,  പക്ഷേ അനീറ്റ പറഞ്ഞവരുത്..

"  നീ എന്താ ഈ പറയുന്നത്,  ഉത്തരത്തിൽ ഇരിക്കുന്നത് വേണം താനും കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല എന്ന്...

"  എടാ ഇപ്പൊ അനീറ്റ ഈ കാര്യം അവളോട് പറഞ്ഞാൽ അവൾ എന്താ ചിന്തിക്കുക എന്നറിയോ അവൾക്ക് ഒന്നുമില്ലാത്ത കാലത്ത് ഞാനവളെ തിരിഞ്ഞു പോലും നോക്കിയില്ല ഇപ്പോ അവൾക്ക് സാമാന്യം മര്യാദയുള്ള ഒരു ജോലി നല്ലൊരു ജീവിതനിലവാരവും വന്നപ്പോൾ ഞാൻ എന്റെ പഴയ ഇഷ്ടം പൊടിതട്ടിയെടുത്തു എന്ന്.... എനിക്ക് എന്ത് വിലയായിരിക്കും അവളുടെ മനസ്സിൽ ഉണ്ടാകുന്നത്

"  നിന്നെ അവള് മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും അവൾ അങ്ങനെ ചിന്തിക്കില്ല...  അവൾ തന്നെ ആദ്യമേ പറഞ്ഞല്ലോ എല്ലാവരെയും ഈക്വൽ ആയി കാണാൻ കഴിയുന്ന നിന്റെ മനസ്സിനെയാണ് അവൾ ഇഷ്ടപ്പെട്ടത് എന്ന്.... അങ്ങനെയുള്ളപ്പോൾ അവൾക്ക് അങ്ങനെയൊരു സംശയം വരുമെന്ന് എനിക്ക് തോന്നുന്നില്ല...

"  പറയാൻ പറ്റില്ല അജു ഇനി ഒരു ഭാഗ്യ പരീക്ഷണം അത് പറ്റില്ല,  ഒന്നാമത്തെ കാര്യം ജീവിതത്തിൽ ഇനി വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ച വ്യക്തിയാണ്,  ആ തീരുമാനം മാറിയത് ഇവളോട് അടുത്ത ശേഷമാണ്, എനിക്ക് അവളോട് വല്ലാത്ത ബഹുമാനമാണ്.  അതുകൊണ്ടാണ് ജീവിതവസാനം വരെ അവൾ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്..  പക്ഷേ അത് അവൾ തെറ്റിദ്ധരിച്ചാൽ എനിക്ക് അത് വല്ലാത്ത വിഷമം ആയിപ്പോകും...

" എനിക്ക് മനസ്സിലാവുന്നില്ല,  പിന്നെ  ഇതെങ്ങനെ അവൾ അറിയുന്നാ നീ പറയുന്നത്...

" എന്റെ കണ്ണിൽ നോക്കിയാൽ അവൾക്ക് എന്റെ ഇഷ്ടം കാണാൻ സാധിക്കുന്നുണ്ടാവില്ലേ..

പ്രതീക്ഷയോടെ സാം ചോദിച്ചു

" നീ ചുമ്മാ സിനിമ ഡയലോഗ് ഒക്കെ വിട്ടിട്ട് സീരിസ് കാര്യം പറയാൻ നോക്ക് ചെറുക്ക, ഈ കണ്ണിക്കണ്ണി നോക്കിയിരിക്കുന്നതും ഉടനെ പാട്ട് വരുന്നതും ഒക്കെ സിനിമ മാത്രമേ നടക്കൂ. വാ തുറന്നു പറഞ്ഞാൽ നിന്റെ ഇഷ്ടം മനസ്സിലാക്കും.

അജുവിനെ ദേഷ്യം വന്നു തുടങ്ങിയിരുന്നു..

"എനിക്ക് അങ്ങനെ പറയാൻ ഒരു മടി,

"  എന്തിനാ മടിക്കുന്നേ കുറേക്കാലം നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞു അവൾ നിന്റെ പിന്നാലെ നടന്നതല്ലേ ഇനി കുറച്ചുകാലം നീ അവിടെ പിന്നാലെ നടക്കു,

"  എടാ അവളുടെ പിന്നാലെ നടക്കുന്നതിന് ഒന്നും എനിക്കൊരു മടിയില്ല,  അതുകൊണ്ടല്ല എനിക്ക് അറിയേണ്ടത് പഴയതുപോലെ അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടോന്ന് ആണ്, അല്ലാതെ ഞാൻ ഇനി പറഞ്ഞു പുതിയൊരു ഇഷ്ടം അവളുടെ മനസ്സിൽ ഉണ്ടാവണം എന്നല്ല ആഗ്രഹിക്കുന്നത്. അന്ന് എന്നോടുണ്ടായിരുന്ന ഇഷ്ടം അത്രയും തീവ്രതയോടെ ഇപ്പോഴും അവളിൽ അവശേഷിക്കുന്നുണ്ടോന്ന് അറിയാൻ, അതോ വെറുമൊരു കൗമാര പ്രണയം മാത്രമായി അത് മാറിയിട്ടുണ്ടോന്ന് അറിയാൻ

" അതല്ലേ ഞാൻ പറഞ്ഞത് അനീറ്റയെ കൊണ്ട് ചോദിക്കാമെന്ന്, അവള് ചോദിക്കുമ്പോൾ കൃത്യമായിട്ട് നിന്നോട് ഇഷ്ടം ഉണ്ടോ ഇല്ലയോ എന്ന് അവൾ പറയില്ലേ,

"  ഇപ്പൊ അനീറ്റ ചോദിച്ചാൽ ഞാൻ ചോദിപ്പിച്ചതാണെന്നല്ലേ അവൾ കരുതും,  അപ്പോൾ എന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ അവളെ ചിലപ്പോൾ എന്തെങ്കിലും കള്ളം പറഞ്ഞാലോ...  അങ്ങനെയല്ല അവളുടെ മനസ്സിൽ ഇഷ്ടം ഉണ്ടെങ്കിൽ അത് എനിക്ക് കണ്ടുപിടിക്കാൻ സാധിക്കും,  എത്ര ഒളിപ്പിച്ചാലും അത് പുറത്തുവരിക തന്നെ ചെയ്യും...

"  ചുരുക്കത്തിൽ ഞാൻ ഇതിൽ എന്ത് ചെയ്യണം എന്നാ നീ പറയുന്നത്... അതും കൂടി ഒന്ന് പറഞ്ഞതാ,

" അവളുടെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോന്ന് എനിക്കറിയണം,  എനിക്ക് അവളോട് ഒറ്റയ്ക്ക് ഒന്ന് സംസാരിക്കണം... അതിനുള്ള ഒരു അവസരം നീ ഒരുക്കി തരണ

"' നീ എന്തൊക്കെയാ സാമേ ഈ പറയുന്നത്,  നീയും അവളും ബാംഗ്ലൂരിൽ ഒറ്റയ്ക്കല്ലേ നിങ്ങൾ ഒറ്റയ്ക്ക് സംസാരിക്കാൻ ഉള്ള എത്രയോ അവസരങ്ങൾ അവിടെയുണ്ടായിരുന്നു,  അതിനിടയ്ക്ക് നിനക്ക് അവളോട് ചോദിക്കാൻ പറ്റിയില്ലേ.?  അതിനുവേണ്ടി നീ വണ്ടിയും പിടിച്ച് നാട്ടിൽ വന്ന് അവളോട് ഒറ്റയ്ക്ക് സംസാരിക്കാൻ ഇരിക്കുകയാണോ..

"   എടാ അങ്ങനെയല്ല ഇത് ചോദിക്കാൻ പറ്റിയ ഒരു അറ്റ്മോസ്ഫിയർ വേണം

"  നിനക്ക് ഞാൻ കുറച്ച് ലൗവിന്റെ ബലൂൺസും ഒരു കാൻഡിൽ ലൈറ്റ് ഡിന്നറൂം ഒക്കെ അറേഞ്ച് ചെയ്യട്ടെ...

" അജു ഞാൻ സീരിയസ് ആയിട്ട് ആണ്... നീ മനസ്സിലാക്കു എനിക്കൊരു പൈങ്കിളി റൊമാൻസ് അല്ല,

" മനസ്സിലായി നീ ഏതായാലും സമാധാനമായിട്ട് ഇരിക്കെ,  നമുക്ക് എന്തെങ്കിലും ഒരു വഴി കാണാം...

   പിറ്റയാഴ്ച അജുവിന്റെ വിവാഹപരിപാടിക്ക് രണ്ടുപേരും ഒരുമിച്ച് തന്നെയാണ് പോയത്,  അവൾ അറിയാതെ ഇടയ്ക്കിടെ അവളിലേക്ക് പാളി വീഴുന്ന അവന്റെ മിഴികളെ അവൾ കണ്ടിരുന്നില്ല.. അനീറ്റയോട് വിവരം പറഞ്ഞതു കൊണ്ടുതന്നെ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു അവൾ , അറിയാതെ പോലും സാമിനെ നോക്കാത്തവൾ അവളുടെ ഉള്ളിൽ ഒരു സംശയമായി അവശേഷിച്ചു...  പലകുറി സാമിനെ കുറിച്ച് അവളോട് ചോദിച്ചാലോ എന്ന് അനീറ്റ കരുതിയതാണ്  ഒരുവട്ടം രണ്ടും കൽപ്പിച്ച് അവനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രത്യേകിച്ച് മറുപടിയൊന്നും തരാതിരിക്കുന്നവൾ അവൾക്ക് വീണ്ടും സംശയം തന്നെ സൃഷ്ടിച്ചു...  ഒരുകാലത്ത് അവൾ എത്ര തീവ്രമായി ആണ് അവനെ സ്നേഹിച്ചതെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു..  അതുകൊണ്ടുതന്നെ ഇന്ന് അവളുടെ മൗനത്തിന്റെ അർത്ഥം മനസ്സിലാക്കാൻ അനീറ്റക്കും സാധിക്കുന്നുണ്ടായിരുന്നില്ല..

"  എന്തെങ്കിലും ക്ലൂ കിട്ടിയോടി...?

കല്യാണത്തിന്റെ റിസപ്ഷൻ ഇടയിലും അവളെ തന്നെ നോക്കിനിൽക്കുന്ന സാമിനെ കണ്ടുകൊണ്ട് അനീറ്റയുടെ അരികിലായി വന്ന് അജു ചോദിച്ചു...

"  എവിടുന്ന്   അവൾ പിടി വരുന്നില്ല...  അവസാനം ഞാൻ രണ്ടും കൽപ്പിച്ചവളോട് ചോദിച്ചു,

" എന്ത്..

ഞെട്ടിത്തെറിച്ച് സാം അവളുടെ മുഖത്തേക്ക് നോക്കി

"  നിനക്കിപ്പോഴും സാം ചേട്ടായി പഴയ പോലെ ഇഷ്ടമാണോന്ന്,

"  എന്നിട്ട് എന്തു പറഞ്ഞു..?

അവന്റെ വാക്കുകളിൽ ആകാംക്ഷ നിറഞ്ഞു..

"  പ്രത്യേകിച്ചൊന്നും പറഞ്ഞില്ല എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി,  മറുപടിയൊന്നും പറയാതെ അവൾ പെട്ടെന്ന് വേറെ ആരോടോ സംസാരിക്കാൻ പോയി. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല... ഒരു കാര്യം ഞാൻ പറയാം പത്താംക്ലാസിൽ പഠിക്കുമ്പോൾ ചേട്ടായിയെ അവൾക്ക് ഒരുപാട് ഇഷ്ടായിരുന്നു..  അന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ചേട്ടായി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്... അന്ന്  ആ സ്നേഹം ചേട്ടായി തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ തമ്മിൽ കെട്ടി നിങ്ങൾക്ക് 2 പിള്ളേരും ആയേനെ, എന്തൊരു സങ്കടായിരുന്നു എന്നറിയോ അവൾക്ക്  റിയ ചേച്ചി അങ്ങനെയൊക്കെ ചെയ്തപ്പോൾ.  തകർന്നു പോയിരുന്നു അവള്,  ചേട്ടായിക്ക് മോശം വരുന്ന കാര്യങ്ങൾ ഒന്നും സംഭവിക്കരുതെന്ന് അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു..  ഒത്തിരി ഇഷ്ടമായിരുന്നു,

അനീറ്റയിൽ നിന്നും സാം അറിയുകയായിരുന്നു. ശ്വേതയ്ക്ക് തന്നോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം,  ഓരോ വാക്കുകളും അനീറ്റ പറഞ്ഞപ്പോൾ താൻ ഇതൊക്കെ അറിയാതെ പോയതിന്റെ കുറ്റബോധം അവനെ നീറ്റുകയായിരുന്നു...  ഒരുവട്ടം പോലും അവളെ താനോന്നു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ലന്ന് അവൻ ചിന്തിച്ചു..  അന്ന് മുഴുവൻ മനസ്സിൽ നിറഞ്ഞുനിന്നത് റിയ മാത്രമായിരുന്നല്ലോ,

പരിപാടിക്കിടയിൽ അനീറ്റയാണ് ഒരു പാട്ട് പാടാൻ വേണ്ടി ശ്വേതയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്..  പെട്ടെന്നായതുകൊണ്ട് ആ ക്ഷണത്തിൽ അവളും ഒന്ന് അമ്പരന്നു പോയിരുന്നു...  എന്നാൽ അപ്പോഴേക്കും ഇവന്റ് മാനേജ്മെന്റ് കരോക്കെ പ്ലേ ചെയ്തു തുടങ്ങിയിരുന്നു... പുറകെ തന്നെ അവൾ സാമിനെയും സ്റ്റേജിലേക്ക് വിളിച്ചിരുന്നു,  രണ്ടുപേരെയും ഒരുമിച്ച് നിർത്തുവാനുള്ള അനിയത്തിയുടെ ഒരു പ്ലാനിങ് തന്നെയായിരുന്നു അത്,  സമും അപ്പോഴാണ് ഈ വിവരം അറിഞ്ഞത്,  അവനും ഞെട്ടിപ്പോയിരുന്നു..  എന്നാൽ അജുവിന്റെ മുഖത്ത് ഒരു പുഞ്ചിരി തിളങ്ങി നിന്നു. രണ്ടുപേരും സ്റ്റേജിലേക്ക് വന്നതും ഗാനം പാടുവാൻ ആയി ലിറിക്സ് എഴുതിയ ഒരു പേപ്പറുമായി ആങ്കർ ചെയ്യുന്ന പെൺകുട്ടി അവർക്ക് അരികിലേക്ക് വന്നു..  പിന്നെ പാടുകയല്ലാതെ രണ്ടുപേർക്കും മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല,

🎶ഞാനാകും പൂവിൽ 
നറുമണി മഞ്ഞായി പെയ്യുന്നാരോ...
മഴവില്ലായെന്നെ മാറ്റും 
മാനത്തിൻ മുത്തം ആരോ...
എൻ ശ്വാസതാളം അറിയണ 
കാറ്റായി ചേരുന്നാരോ...
ഉയിരാകെ തുള്ളി തൂകും 
തേനേ നീ ആരോ ആരോ...
ആത്മാവിൻ ആഴം തേടും മീനായ്.. 
മാറും നിന്നേ...
പേരെന്തോ ചൊല്ലേണ്ടു ഞാൻ... 
ജീവന്റെ ജീവനേ...
അണുവാകേ... പടരുന്നേൻ... 
തീയോ... നീയോ..🎶

🎶പ്രാണനേ നീ... ഈണമോതും...
വീണയാക്കി വിരലിനാൽ...
നീ വരാനായ്... കാത്തു നിൽക്കും...
നാളമാക്കി മിഴികളേ....
കനവൊരു നീർച്ചോലയായ്... 
അതിനിവൾ നെയ്യാമ്പലായ്...
നനു നനെ ഇതളോടിതള് വിരിയേ..🎶

ചില വരികൾ പാടുമ്പോൾ അറിയാതെ രണ്ടുപേരുടെയും മിഴികൾ തമ്മിലുടക്കി പോകും ആ നിമിഷം തന്നെ രണ്ടുപേരും പരസ്പരം പിൻവാങ്ങും...

വൈകുന്നേരത്തെ പരിപാടി ആയതുകൊണ്ട് തന്നെ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 9:00 മണി കഴിഞ്ഞിരുന്നു,  ഒറ്റയ്ക്ക് പോകാൻ ശ്വേതയ്ക്ക് അല്പം ഭയം തോന്നിയിരുന്നു...  എങ്കിലും അനീറ്റയോട് യാത്ര പറഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് അവൾ പറഞ്ഞത് എങ്ങനെയാണ് ഒറ്റയ്ക്ക് പോകുന്നത് എന്ന്, സാരമില്ല പതുക്കെ നടന്നു പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോൾ  സാം ചേട്ടായിയും ആ വഴിക്കല്ലേ രണ്ടുപേരും കൂടി ഒരുമിച്ച് പോകുന്ന് അനീറ്റ പറഞ്ഞു, അത് കേട്ടപ്പോൾ സാമിനും  സന്തോഷം തോന്നിയിരുന്നു.. അവളുമായി ഒറ്റയ്ക്ക് ഒരു നിമിഷം അത്രമേൽ ആഗ്രഹിച്ചിരുന്നു,

"  നിൽക്ക് ഡോ  ഞാനും കൂടി വരാം... ഞാൻ വീടിനു മുൻപിൽ തന്നെ ഡ്രോപ്പ് ചെയ്യാം,

അതും പറഞ്ഞ് അവൻ ബുള്ളറ്റിന്റെ കീയുമായി വന്നിരുന്നു...  എല്ലാവരോടും യാത്ര പറഞ്ഞ് രണ്ടുപേരും ഇറങ്ങി,  ഉടുത്തിരിക്കുന്നത് സാരി ആയതുകൊണ്ട് വൺസൈഡ് ഇരിക്കാൻ മാത്രമേ നിർവാഹമുള്ളു... അതിനോടൊപ്പം ഷിഫോൺ സാരിയാണ്, അതിനാൽ വണ്ടിയിൽ പിടിച്ച് ഇരിക്കുവാനുള്ള ബുദ്ധിമുട്ട് അവൾക്ക് മനസ്സിലായി..  എന്തു ചെയ്യും എന്നറിയാതെ അവൾ വണ്ടിയിലേക്ക് കയറിയപ്പോൾ അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി തന്നെ സാം പറഞ്ഞു

" താനെന്റെ തോളിൽ പിടിച്ചോ ഇല്ലെങ്കിൽ പരിചയില്ലാത്തതുകൊണ്ട് ചിലപ്പോൾ റോഡിൽ കിടക്കും..  സാരി നന്നായിട്ട് തെന്നുന്ന ടൈപ്പ് ആണെന്ന് തോന്നുന്നു..

മടിയോടെയാണെങ്കിലും അവന്റെ ഷോൾഡറിൽ പിടിച്ചുകൊണ്ടാണ് അവൾ യാത്ര ചെയ്തത്, ഇരുട്ട് ആയതുകൊണ്ട് തന്നെ ഇടയ്ക്ക് ഒരു പൂച്ച വട്ടം ചാടിയപ്പോൾ അവന് ബ്രേക്ക് പിടിക്കേണ്ടി വന്നു ആ നിമിഷം തന്നെ അവന്റെ വയറിൽ കെട്ടിപ്പിടിച്ചു. മുന്നോട്ടാഞ്ഞവൾ അറിയാതെ കൃത്യമായി അവന്റെ ചെവിയിൽ തന്നെ മുത്തമിട്ടു,  രണ്ടുപേരും വല്ലാതെയായി പോയിരുന്നു അവളുടെ അസ്വസ്ഥത മനസ്സിലായത് കൊണ്ട് തന്നെ അറിയാത്തതുപോലെ സാം ഇരുന്നു...   രണ്ടുപേരും അവിടെ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അപ്രതീക്ഷിതമായി ഒരു മഴ പെയ്തിരുന്നു,  വണ്ടി നിർത്തുകയല്ലാതെ അവന്റെ മുൻപിൽ മാർഗം ഉണ്ടായിരുന്നില്ല... പെട്ടെന്ന് അവൻ വണ്ടി നിർത്തി,

"അവിടെ നിൽക്കാം....

അടുത്ത് കണ്ട മാടക്കടയുടെ മറവിലേക്ക് ചൂണ്ടിക്കൊണ്ട് സാം പറഞ്ഞു,  

ഓടുന്നതിനിടയിൽ തന്നെ രണ്ടുപേരും നന്നായി നനഞ്ഞിരുന്നു.   മഴക്കൊപ്പം ഇടിമിന്നലും ശക്തമായി തന്നെ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം തന്നെ ഓഫ് ആയി പോയിരുന്നു, കടയുടെ മറവിലേക്ക് നിന്ന്  കയ്യ് ഉപയോഗിച്ചുകൊണ്ട് തലമുടി ഒക്കെ ഒന്ന് തോർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു സാം, എന്നാൽ അവന്റെ തല നന്നായി തന്നെ നനഞ്ഞു എന്ന് അവൾക്ക് മനസ്സിലായി,

" നന്നായിട്ട് തോർത്ത് പുതുമഴ നനഞ്ഞാൽ പനി പിടിക്കും...

അവൾ ഓർമ്മിപ്പിച്ചു

ഇടയ്ക്കിടെ അവൻ തല കുടയുന്നുണ്ട് 

"തന്റെ കയ്യിലെ ടൗവൽ വല്ലതും ഉണ്ടോ...? ഞാൻ എടുക്കാൻ മറന്നു.

സാം തിരക്കി 

" എന്റെ കയ്യിൽ ടവൽ ഒന്നുമില്ല, കയ്യിലിരുന്ന പേഴ്സ് തുറന്നു നോക്കിക്കൊണ്ട് അവൾ പറഞ്ഞു,

"ശെ... എന്ത് ചെയ്യാനാ,
എനിക്കാണെങ്കിൽ പെട്ടെന്ന് പനി വരും,

അവനും തന്റെ കയ്യിൽ എന്തെങ്കിലുമുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരുന്നു..  അവസാനം അവന്റെ നിൽപ്പും ദയനീയമായ ചോദ്യവും കേട്ട് എന്തും വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് അവൾ തന്റെ സാരിയുടെ തുമ്പ് കൊണ്ട് അവന്റെ തലമുടി തോർത്തി, തലമുടി തോർത്തുവാൻ ആയി സാരി ഉയർത്തിയതും അവളുടെ അണിവയറിലാണ് അവന്റെ കണ്ണേത്തിയത്,  സാം കണ്ണടച്ച് കളഞ്ഞു, എങ്കിലും അവിടേക്ക് നോക്കാൻ ഉള്ളിൽ ഒരു ത്വരയുണ്ടായി. അവളുടെ ആ പ്രവർത്തിയിൽ അവനും ഒരു നിമിഷം ഞെട്ടിപ്പോയിരുന്നു, തലതോർത്തുന്നതിനിടയിൽ അറിയാതെ രണ്ടുപേരുടെയും മിഴികൾ പരസ്പരം കോർത്തു പോയിരുന്നു, അവന്റെ മീശയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഈറൻ തുള്ളികൾ കാണെ അവൾക്ക് അവനോടുള്ള പ്രണയം പുറത്തുവരും എന്ന് തോന്നി...  അവന്റെ മുഖത്തെ ഒന്ന് തലോടാൻ അവൾക്ക് കൊതി തോന്നി, അപ്രതീക്ഷിതമായി കടന്നുവന്ന ഒരു ഇടിമിന്നലിന്റെ ആഘാതത്തിൽ അവൾ പേടിച്ചു പോയിരുന്നു, എന്തോ ഒരു പ്രേരണയാൽ അവന്റെ നെഞ്ചിലേക്ക് അവൾ ചാരി, അവളോടുള്ള പ്രണയം നിറഞ്ഞ നിന്ന് വേളയിൽ അവളുടെ ആ അപ്രതീക്ഷിതമായ പ്രവർത്തി അവനിലും അത്ഭുതം നിറച്ചു...  അവൻ പെട്ടെന്ന് അവളെ തന്റെ കൈകൾ കൊണ്ട് പുണർന്നിരുന്നു, തന്റെ നെഞ്ചിൽ അവളുടെ നിശ്വാസത്തിന്റെ ചൂട് അടിച്ചതും അവന് ഒരു ധൈര്യം തോന്നി..  ഈ നിമിഷം അവളോട് മനസ്സ് തുറക്കണന്ന് അവന് തോന്നി,

" ശ്വേതാ..

അവൻ വിളിച്ചതും പെട്ടെന്ന് സ്വബോധം ലഭിച്ചവൾ അവനിൽ നിന്നും അടർന്നു മാറി,

"സോറി ഞാൻ പെട്ടെന്ന്... മിന്നൽ എനിക്ക് പണ്ടുമുതലേ ഭയങ്കര പേടിയാ,

ചമ്മലോടെ അവൾ പറഞ്ഞു 
"ഇട്സ് ഓക്കേ," ശ്വേത എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്

" എന്താ

ആകാംക്ഷയോടെ അവൾ ചോദിച്ചു

" ശ്വേതാ ഞാൻ പറയുന്ന കാര്യം നമ്മുടെ സൗഹൃദത്തെ ബാധിക്കാൻ പാടില്ല

" ഇല്ലപറഞ്ഞോളൂ

അവൾക്കും ആകാംക്ഷയായി

" ശ്വേത എനിക്ക് തന്നെ...


ആ നിമിഷം തന്നെയാണ് അവന്റെ ഫോൺ ബെൽ അടിച്ചതും സ്ട്രീറ്റ് ലൈറ്റ് ഒരുമിച്ച് തെളിഞ്ഞതും...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story