ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 58

രചന: റിൻസി പ്രിൻസ്‌

സാമും തിരിച്ച് ആശംസകൾ നേർന്നു, അതോടെ അവൾ ഫോൺ വച്ചിരുന്നു കുറിച്ച് അവൾ പ്രത്യേകിച്ചൊന്നും സംസാരിക്കാതിരുന്നത് അവനിൽ ആശ്വാസവും അതേപോലെ തന്നെ വേവലാതിയും നിറച്ചിരുന്നു, എന്തായിരിക്കും അവളുടെ മനസ്സിലെന്നാണ് അവൻ ചിന്തിച്ചത് അതോടൊപ്പം എന്തിനായിരിക്കും തന്നെ കാണണമെന്ന് അവൾ പറഞ്ഞത് എന്നും അവൻ ഓർത്തു.

രാവിലെ ഉണർന്നപ്പോൾ തന്നെ ഒരു വല്ലാത്ത ആവേശമായിരുന്നു സാമിന്.. ഒറ്റയ്ക്ക് കാണണമെന്ന് ശ്വേത പറഞ്ഞതു കൊണ്ട് എന്തായിരിക്കും അതിന്റെ കാരണം എന്ന് അറിയാനുള്ള ഒരു ആവേശം,  അതുകൊണ്ടു തന്നെ ഒരു കൗമാരക്കാരനെ പോലെ റെഡിയാവാനും വലിയ താല്പര്യം തോന്നി... കുളികഴിഞ്ഞ് പുറത്തേക്ക് വന്നു കരിനീല നിറത്തിലുള്ള ഒരു ഒറ്റ കളർ ഷർട്ട് ഇട്ടു. അതിന് മാച്ച് ചെയ്യുന്ന ഒരു ജീൻസും എടുത്തിട്ടു, നനഞ്ഞ മുടി ഒന്ന് ചീകി ജെൽ തേച്ചു ഒതുക്കി വച്ചു, ട്രിമ് ചെയ്ത മീശയും ബുൾഗാനും ഒക്കെ നന്നായി ഒന്ന് ചീകി വച്ചു,  കയ്യിലേക്ക് ലെതർ വുഡ്ലാൻഡ് വാച്ചും കെട്ടി,  എല്ലാത്തിനും ഒരു താളം തോന്നുന്നത് പോലെ..

താഴേക്ക് ഇറങ്ങി വന്നപ്പോൾ മമ്മി പള്ളിയിൽ പോയിരിക്കുകയാണ്. അല്ലെങ്കിലും വെള്ളിയാഴ്ച ദിവസം മമ്മി പള്ളിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്,  ഉച്ചയ്ക്ക് പോലും ഇവിടെ ഉണ്ടാവില്ല.  പപ്പാ ഫുഡ് കഴിക്കാൻ പറഞ്ഞപ്പോൾ എന്തോ ഒന്ന് കഴിച്ചു എന്ന് വരുത്തി,  അതിനുശേഷം പപ്പയ്ക്കുള്ള മരുന്നും കൊടുത്തിട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. തിരികെ വരാൻ ശ്വേത ഉള്ളതുകൊണ്ട് തന്നെ കാർ എടുക്കാമെന്നാണ് കരുതിയത്, ചിലപ്പോൾ ബൈക്കിൽ തന്നോടൊപ്പം വരാൻ അവൾ വിസമ്മതിച്ചാലും അവൾക്കൊപ്പം ഉള്ള ഒരു നിമിഷം പോലും ഇപ്പോൾ വെറുതെ കളയാൻ തോന്നാറില്ല,  അതുകൊണ്ടു തന്നെ അവൻ തന്റെ കാറുമായാണ് യാത്ര ചെയ്തത്..  പോകുന്ന വഴിയിൽ തന്നെ അവളെ വിളിച്ചിരുന്നു,  അവൾ അപ്പോഴേക്കും ടൗണിൽ എത്തി എന്ന് അറിയിച്ചു, അവൾ പറഞ്ഞ കഫയിലേക്ക് തന്നെയാണ് അവൻ എത്തിയത്..  അധികം നോക്കേണ്ടതായി വന്നില്ല ആ കഫയുടെ ഉള്ളിൽ ഏറ്റവും ഒടുവിലത്തെ റോയിലായി അവൾ ഇരിപ്പുണ്ടായിരുന്നു..  അവിടേക്ക് കയറിയപ്പോൾ തന്നെ ഒരു വല്ലാത്ത പോസിറ്റീവ് വൈബ് ആണ് അവന് തോന്നിയത്. പഴയ റന്തൽ വിളക്കുകളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു അവിടെയുള്ള ഇന്റീരിയൽ ഡിസൈനിങ്..  പഴമയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരുപാട് സാധനങ്ങൾ അവിടെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു,  പഴയ ചില ചിത്രശേഖരങ്ങളും പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചില കുപ്പികളും ഭരണികളും.. ഒപ്പം വിദ്യാസാഗറിന്റെ മനോഹരമായ ഗാനങ്ങൾ ഒരു പഴയ ഗ്രാമഫോൺ പോലെ അറേഞ്ച് ചെയ്തിട്ട് ഇങ്ങനെ ഒഴുകി വരുകയാണ്... വല്ലാത്തൊരു പോസിറ്റീവ് വൈബ് അവന് അനുഭവപ്പെട്ടു...

അവളെ കണ്ടൊന്ന് ചിരിച്ച് കൈയുയർത്തി കാണിച്ച് അവളിരുന്ന് റോയിലേക്ക് അവനും എത്തി..

" എന്താ അത്യാവശ്യമായിട്ട് കാണണമെന്ന് പറഞ്ഞത്.. അതും  സിറ്റിയിൽ വന്നിട്ട്...?

ആകാംക്ഷയോടെ അവൻ ചോദിച്ചു,  രണ്ട് കാര്യങ്ങൾ ഉണ്ട്,  ഒന്ന് എനിക്ക് എന്റെ ഒരു ഫ്രണ്ടിനെ കാണണം അവൾ ഇവിടെയുള്ള ഹോസ്പിറ്റലിൽ പ്രസവിച്ചു കിടക്കുകയാണ്.. രണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കഫെ സെറ്റ് അപ്പ് ഇല്ല ഒരു ട്രീറ്റ് തരാൻ...

" ഒന്നാമത്തെ കാര്യം ഒക്കെ രണ്ടാമത്തെ കാര്യം എനിക്ക് മനസ്സിലായില്ല, എന്താ എനിക്ക് ട്രീറ്റ് തരാൻ ആണോ ഉദ്ദേശം..?

ചെറുചിരിയോടെ അവൻ ചോദിച്ചു

" എന്താ ഞാൻ ഒരു ട്രീറ്റ് തന്നാൽ സ്വീകരിക്കില്ലേ..?

അവൾ മറുചോദ്യം ചോദിച്ചു

" താൻ എന്ത് തന്നാലും ഞാൻ സ്വീകരിക്കും...

അവളുടെ കണ്ണുകളിലേക്ക് നോക്കി ഏറെ ആർദ്രമായാണ് അവൻ പറഞ്ഞത് ഒപ്പം തന്നെ ഗ്രാമഫോണിൽ നിന്നും ആ മനോഹരമായ വരികളും...

🎶രാവേറെയായിട്ടും തീരേ ഉറങ്ങാതെ
പുലരുംവരെ വരവീണയിൽ ശ്രുതിമീട്ടി ഞാൻ
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ
അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ
കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും
മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിയ്ക്കാതെ വന്ന കൂട്ടുകാരി... ..🎶

"പക്ഷേ ഇപ്പം എനിക്കൊരു ട്രീറ്റ് തരിലാണോ തന്റെ ഉദ്ദേശം...?
ഈ കഫെ അത്യാവശ്യം എക്സ്പെൻസീവ് ആണ്, ഞാൻ അത്ര വലിയ വിഐപി ഒന്നുമല്ലല്ലോ ഞാൻ..

സാം പറഞ്ഞു..

"നമ്മളൊരാൾക്ക് ട്രീറ്റ് കൊടുക്കുമ്പോൾ അത്യാവശ്യം എക്സ്പെൻസീവ് ആയിട്ടുള്ള ഒരു ട്രീറ്റ് കൊടുക്കണ്ടേ..?

" അത് വേണം... പക്ഷേ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ കാലിവയറുമായി വന്നേനെ...  രാവിലെ ഞാൻ ഫുഡ് ഒക്കെ കഴിച്ചിട്ടല്ലേ വന്നത്,

ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവളും ആ ചിരിയിൽ പങ്കുചേർന്നിരുന്നു... അപ്പോഴാണ് സപ്ലെയർ ഒരു ട്രേയിൽ രണ്ട് അവക്കാഡോ ഷെയ്ക്കും ഒപ്പം മറ്റൊരു ട്രെയുമായി വന്നത്..  രണ്ടുപേർക്കും അരികിലായി ഷേക്ക് നീക്കി വച്ചതിനു ശേഷം അടുത്ത ട്രെ അവന്റെ അരികിലേക്ക് വച്ചു. അതിനോടൊപ്പം ഒരു കാർഡും കൊടുത്തു

"  എൻജോയ് യുവർ ഡെയ് സർ

അത്രയും പറഞ്ഞു,  അയാൾ പോയപ്പോൾ അവൻ വെറുതെ ആ കാർഡിലേക്കും ഇപ്പുറത്ത് കൊണ്ടുവന്ന് വെച്ച കേക്കിലേക്കും നോക്കിയിരുന്നു...  ഒരു നിമിഷം അവൻ തന്നെ ഞെട്ടിപ്പോയിരുന്നു,  ഒരു ചെറിയ കേക്കാണ് എന്നാൽ അതിൽ ഭംഗിയായി എഴുതിയിട്ടുണ്ട് ഹാപ്പി ബർത്ത് ഡേ സാം എന്ന്..

"  ഓ ഗ്രേറ്റ് ഇന്നെന്റെ ബർത്ത് ഡേ ആണോ...?  Yes ഓഗസ്റ്റ്  23 rd ഇന്നത്തെ തീയതി പോലും ഞാൻ  മറന്നു പോയി...  തനിക്ക് എന്റെ ബർത്ത് ഡേ ഓർമ്മയുണ്ടായിരുന്നോ തനിക്ക് എങ്ങനെ അറിയാം..,?

വല്ലാത്ത സന്തോഷത്തിലായിരുന്നു അവൻ,  അതുകൊണ്ടുതന്നെ ഒന്നിലധികം ചോദ്യങ്ങൾ അവളോട് ചോദിക്കുകയാണ്..

"  സർട്ടിഫിക്കറ്റിൽ നിന്ന് അറിഞ്ഞുന്നുള്ള കള്ളം വേണ്ട...

മറുപടി പറയാൻ തുടങ്ങിയവളെ ആദ്യമേ തന്നെ അവൻ ലോക്ക് ചെയ്തു കളഞ്ഞു,  അവൾ ഒന്ന് ചിരിച്ചു പിന്നെ മെല്ലെ പറഞ്ഞു..

"  ഞാൻ മാക്സിമം കള്ളം പറയാതിരിക്കാൻ ശ്രമിക്കാറുണ്ട് എങ്കിലും മനുഷ്യൻ അല്ലേ, ചില സമയത്ത് കള്ളം പറഞ്ഞു പോകും...
പണ്ട് അനീറ്റ പറഞ്ഞുള്ള ഓർമ്മയാ ഈ ദിവസം...

"ഓഹോ അന്ന് എന്നോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് ഫുൾ ഹിസ്റ്ററി താൻ തിരക്കിയിരുന്നോ.? കണ്ണിൽ നിറഞ്ഞ തിളക്കത്തോടെ അവൻ ചോദിച്ചപ്പോൾ മറുപടി പറയാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ,

" കേക്ക് കട്ട് ചെയ്യ്, നമ്മള് രണ്ടുപേരും മാത്രം ഉള്ളതുകൊണ്ട് ചെറിയ കേക്ക് ആണ് ഓർഡർ ചെയ്തത്,  സ്പാനിഷ് ഡീലൈറ്റ് എന്റെ ഫേവറേറ്റ് കേക്കാനല്ല ടേസ്റ്റ് ആണ്..

" ഓഹോ....

അവൻ കേക്ക് കട്ട് ചെയ്ത ശേഷം ആദ്യം നീട്ടിയത് അവൾക്ക് നേരെയാണ്, ഒരു നിമിഷം അവൾ ഒന്ന് അമ്പരന്നു പോയിരുന്നു അവനിൽ നിന്നും അത്തരം ഒരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല, കയ്യിൽ തരുമെന്നാണ് കരുതിയത്. അറിയാതെ വാ തുറന്നു കേക്ക് അവൾ വാങ്ങിയിരുന്നു...  തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണ് ഇപ്പോൾ കടന്നു പോയതെന്ന് അവൾ ചിന്തിച്ചു,  ആ കേക്കിൽ നിന്നും ഒരു പീസ് എടുത്തു തിരികെ അവൾ അവന് നേരെയും നീട്ടി..  അവനു അത് വാങ്ങി വലിയ സന്തോഷത്തോടെ തന്നെ....

" ഹാപ്പി ബര്ത്ഡേ...

കയ്യിൽ കരുതിയ പാക്കറ്റ് അവന് നേരെ നീട്ടിയവൾ

"ആഹാ.. ഗിഫ്റ്റ് ആണോ 

ഏറെ സന്തോഷത്തോടെ അവൻ വാങ്ങി,

" ഇഷ്ടമവമോന്ന് അറിയില്ല

അവൾ പറഞ്ഞു

"ഇഷ്ട്ടാണ്....!

മേശയിൽ ഇരുന്നു അവളുടെ കൈകൾക്ക് മുകളിലേക്ക് കൈവച്ചുകൊണ്ട് അവൻ പറഞ്ഞു.

🎶കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം...
വിരലുകളോ മൊഴിയുകയായ്.. പ്രണയസ്വകാര്യം ..
നിധിയായ് ഇനി നിന്നെയെന്നുമേ ..
ഉയിരിൽ അകമേ കാത്തുവച്ചിടാം ...ഞാൻ ..🎶

സ്റ്റീരിയോയിൽ നിന്നും ഗാനമുണർന്നപ്പോൾ ഒരു നിമിഷം രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു പോയി 

" അല്ല ട്രീറ്റ് എന്ന് പറഞ്ഞത് ഈ അവക്കാഡോ ജ്യൂസും ഈ കേക്കും ആണോ...?

കേക്ക് കഴിച്ചു കൊണ്ട് ചെറു ചിരിയോടെ അവൻ ചോദിച്ചു..

"  ഫുഡ് കഴിച്ചിട്ട് വന്നതല്ലേ അപ്പൊ പിന്നെ ഇനി എന്തെങ്കിലും ഫുഡ് വാങ്ങിയാൽ കഴിക്കോ...?

"  ഏതായാലും ഫ്രണ്ടിനെയൊക്കെ കണ്ടിട്ടല്ലേ പോകുന്നുള്ളൂ  ഉച്ചയ്ക്ക് കാര്യായിട്ട് തന്നെ മുടിപ്പിച്ചേക്കാം,

ചിരിയോടെ അവൻ പറഞ്ഞു

" എന്റെ കൂടെ ഉച്ചവരെ നിൽക്കാൻ ടൈം ഉണ്ടാകുമോ..?

അമ്പരപ്പടെ അവൾ ചോദിച്ചു

"  എനിക്ക് പോയിട്ട് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല,  തനിക്ക് ഞാൻ ഒരു ഡിസ്റ്റർബൻസ് ആണെങ്കിൽ ഞാൻ പോയേക്കാം...  ഫ്രണ്ടിനോട് എന്തെങ്കിലും സംസാരിക്കാനോ മറ്റോ ഉണ്ടെങ്കിൽ..

"  അയ്യോ എനിക്ക് ഡിസ്റ്റർബൻസ് ഒന്നുമില്ല

അവളത് പറഞ്ഞപ്പോൾ ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു...  തന്നെ കാണുമ്പോൾ മാത്രം ആ മിഴികളിൽ ഉണ്ടാകുന്ന തിരയിളക്കം അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു...  ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന പുഞ്ചിരിയാണ് അവളുടേത്, ആ അർത്ഥങ്ങളൊക്കെ ഗ്രഹിക്കാൻ തനിക്ക് മാത്രമേ സാധിക്കുവെന്ന് തോന്നി....

രണ്ടുപേരും ഒരുമിച്ച് ഹോസ്പിറ്റലിലേക്ക് വരുന്നത് കണ്ടപ്പോൾ ആദ്യം ഞെട്ടിയത് ദീപയാണ്... എന്നാൽ ആ ഞെട്ടൽ മറച്ചുവെച്ച് അവൾ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു, അവളുടെ അരികിലായി കിടക്കുന്ന   ചോരകുഞ്ഞിനെ കണ്ടു ചെറുച്ചിരിയോടെ നോക്കി നിൽക്കുകയാണ് ശ്വേത..  പിന്നെ അതിനടുത്തായി ഇരുന്നുകൊണ്ട് കയ്യിലും മുഖത്തും ഒക്കെ തൊട്ടു നോക്കുന്നുമുണ്ട്,  എടുത്തു നോക്കാൻ ഒരു ഭയമാണ്...

"  അവടെ മടിയിലോട്ട് വെച്ച് കൊടുക്കു മോളെ...

ദീപയുടെ അമ്മ പറഞ്ഞപ്പോൾ ദീപ കുഞ്ഞിനെ ശ്വേതയുടെ മടിയിലേക്ക് വച്ചു,  ശരീരത്തിലൂടെ ഒരു പെരുപ്പ് കയറി പോയെങ്കിലും പിന്നെ അവൾ കുഞ്ഞി കയ്യിൽ തൊട്ടും ഉമ്മ വെച്ചും കുഞ്ഞി പെണ്ണിനെ കൊഞ്ചിക്കുകയായിരുന്നു,  ഇടയ്ക്ക് കുഞ്ഞു കരഞ്ഞപ്പോൾ പാല് കുടിക്കാൻ ആണെന്ന് മനസ്സിലായതും ദീപയോടും വീട്ടുകാരോട് ഒക്കെ പുറത്തു നിൽക്കാം എന്നു പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയിരുന്നു സാം

കുറച്ച് അധികം സമയം കാത്തു നിന്നിട്ടും അവൾ വരുന്നില്ലന്ന് കണ്ടതുകൊണ്ട് അവൻ നേരെ പുറത്തേക്കിറങ്ങി കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി. കുറച്ച് സമയം കൂടി അവിടെ കാത്തുനിന്നെങ്കിലും ശ്വേതയെ കാണാതായപ്പോൾ അവൻ അവളെ ഒന്ന് ഫോൺ വിളിക്കാമെന്ന് കരുതിയിരുന്നു..  രണ്ടുവട്ടം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല വീണ്ടും ഒരിക്കൽ കൂടി വിളിച്ചപ്പോഴാണ് ഫോൺ കാറിൽ റിംഗ് ചെയ്യുന്നത് അവൻ കണ്ടത്,

"  ഇതും മറന്നിട്ട് ആണോ പോയത്...

അതും പറഞ്ഞ് അവൻ കാറിൽ നിന്നും ഫോൺ എടുത്തപ്പോൾ നോട്ടിഫിക്കേഷൻ കണ്ട് സാം ഞെട്ടി പോയിരുന്നു..

  3 മിസ്ഡ് കോൾസ് "മൈ ലവ്"....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story