ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 59

ormappottukal

രചന: റിൻസി പ്രിൻസ്‌

അവൻ അവളെ ഒന്ന് ഫോൺ വിളിക്കാമെന്ന് കരുതിയിരുന്നു..  രണ്ടുവട്ടം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല വീണ്ടും ഒരിക്കൽ കൂടി വിളിച്ചപ്പോഴാണ് ഫോൺ കാറിൽ റിംഗ് ചെയ്യുന്നത് അവൻ കണ്ടത്,

"  ഇതും മറന്നിട്ട് ആണോ പോയത്...

അതും പറഞ്ഞ് അവൻ കാറിൽ നിന്നും ഫോൺ എടുത്തപ്പോൾ നോട്ടിഫിക്കേഷൻ കണ്ട് സാം ഞെട്ടി പോയിരുന്നു..

  3 മിസ്ഡ് കോൾസ് "മൈ ലവ്"

അത് കണ്ടതും വല്ലാത്തൊരു സന്തോഷമാണ് അവനെ മൂടിയത്,  ഇത്രനാളും താൻ എന്തറിയാനാണോ കാത്തിരുന്നത് അത് തനിക്കു മുൻപിൽ വെളിപ്പെട്ടതുപോലെ,  അവളുടെ മനസ്സിൽ ഇപ്പോഴും താൻ ഉണ്ട് എന്ന സത്യത്തെ തിരിച്ചറിഞ്ഞ നിമിഷം സാമിന് അത്ഭുതവും അതിലുപരി ആഹ്ലാദവും തോന്നിയിരുന്നു...  തിരിച്ച് പ്രണയത്തോടെയുള്ള ഒരു നോട്ടം പോലും താൻ ഇതുവരെ അവൾക്ക് നൽകിയിട്ടില്ല,  ഇപ്പോഴാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത് പോലും,  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് ഒരാൾക്ക് ഒരാളെ ഇത്രയും വർഷം സ്നേഹിക്കാനും കാത്തിരിക്കാനും സാധിക്കുന്നത്...?  അവളുടെ സ്നേഹം അത്രമാത്രം ആഴമേറിയതായിരുന്നു.   15 വയസ്സിൽനിന്നും 24 വയസ്സിലേക്കുള്ള ദൂരം 9  വർഷമാണ്,  ഈ 10 വർഷക്കാലം തനിക്ക് വേണ്ടി അവൾ കാത്തിരുന്നുവെങ്കിൽ,  അതിനർത്ഥം അവളുടെ മനസ്സിൽ താൻ എത്രത്തോളം സ്വാധീനം നേടിയിട്ടുണ്ട് എന്നായിരുന്നു...  ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒക്കെയും അവൾ തനിക്കുവേണ്ടി കാത്തിരുന്നു,  ഓരോ നിമിഷവും തന്നെ പ്രണയിച്ചിരുന്നോ.? ആ ചോദ്യം തന്നെ അവനെ അമ്പരപ്പെടുത്തി കളഞ്ഞിരുന്നു...  ഋതുക്കൾ എത്രയോ വട്ടം മാറിമറിഞ്ഞിരിക്കുന്നു ഇതിനിടയിൽ എത്ര സ്നേഹ വസന്തങ്ങൾ അവളെ കാത്തു നിന്നിട്ടുണ്ടാകും അതിനൊന്നും പിടി കൊടുക്കാതെ അവൾ തനിക്ക് വേണ്ടി പൂക്കാൻ വെമ്പി നിൽക്കുകയായിരുന്നു എന്ന സത്യം അവനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിരുന്നു... ഒരേ നിമിഷം അവനിൽ കുറ്റബോധവും സന്തോഷവും നിറഞ്ഞു...   ആദ്യം മുതൽ തന്നെ പറഞ്ഞു തിരുത്തിയതാണ് പിന്നീട് ഒരിക്കൽപോലും അറിയാതെ ആശ പകർന്നു കൊടുക്കുന്ന ഒരു നോട്ടം പോലും തന്നിൽ നിന്നും ഉണ്ടായിട്ടില്ല, എന്നിട്ടും ആ പെണ്ണ് തന്നെ കാത്തിരുന്നു എന്ന് പറയുമ്പോൾ അതല്ലേ പ്രണയം.? ഒരു ഉപാധികളും ഇല്ലാത്ത പ്രണയം..  സന്തോഷിക്കണമോ സങ്കടപ്പെടണോ എന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു സാം അപ്പോൾ... പക്ഷെ ഉള്ളിൽ ഒരു സന്തോഷവും പ്രണയസൌരഭ്യം നുകരാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടൊ..?എല്ലാ മനുഷ്യരുടെയും ഉള്ളിൽ പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളിലാകും നമ്മെ തേടി പ്രണയം എത്തുന്നത്. അതും തികച്ചും അത്ഭുതം സൃഷ്ടിക്കുന്ന പ്രണയം...ചിലപ്പോൾ എന്തു തീരുമാനം എടുക്കണമെന്നറിയാതെ നാം പകച്ചു പോകാം. ഒരുപാട് കാത്തിരുന്ന ശേഷം കിട്ടുന്ന പലതും നമ്മെ സ്തംബ്ധരാക്കാറുണ്ടല്ലൊ.

ഹൃദയം പകരം നൽകി സ്നേഹിച്ചവളെ അവൻ അറിയുകയാണ് ആ നിമിഷം...   എത്ര ആത്മാർത്ഥമായി റിയയെ താൻ സ്നേഹിച്ചു, എന്നിട്ടും ഒരു തുള്ളി പോലും ആത്മാർത്ഥത തിരികെ കാണിക്കാതെ അവൾ തന്നിൽ നിന്നും അകന്നു പോയി.  എന്നാൽ ഇവിടെ മറ്റൊരുവളോ അവഗണനകൾ മാത്രം നൽകിയിട്ടും വർഷങ്ങളായി തന്റെ പ്രണയത്തെ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ചവൾ,  രണ്ടു ഭാവങ്ങൾ ഉള്ള സ്ത്രീരൂപങ്ങൾ അവന്റെ മുൻപിൽ തെളിഞ്ഞു നിന്നു... സന്തോഷം കൊണ്ട് സാമിന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു,

"ഒരുപാട് സമയം ആയി  ആള്  കാത്തുനിന്ന് മുഷിഞ്ഞിട്ടുണ്ടാവും. ഞാൻ പോട്ടെടി...

ദീപയുടെ കൈകളിലേക്ക് പിടിച്ചുകൊണ്ട് അവൾ ചോദിച്ചു...

" നിങ്ങൾ എപ്പോഴാടീ സെറ്റ് ആയത്...?

ചെറുചിരിയോടെ അമ്മ കേൾക്കാതെ ദീപ ചോദിച്ചു,

" അങ്ങനെ സെറ്റായിട്ട് ഒന്നുമില്ല,  ഞങ്ങൾ തമ്മിൽ ഇപ്പോൾ നല്ലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ട്... ആള് തന്നെയാ പറഞ്ഞത് എന്റെ കൂടെ ഹോസ്പിറ്റലിൽ വരാമെന്ന്,  അതുകൊണ്ട് കൂടെ വന്നു എന്നേയുള്ളൂ...

"  എനിക്ക് തോന്നുന്നത് ആൾക്ക് നിന്നെ ഇഷ്ടമാണെന്ന് ആണ്... ഇല്ലെങ്കിൽ നിന്റെ കൂടെ ഇങ്ങനെ വരുമോ നേരത്തെ ഒക്കെ നമ്മളെ കാണുമ്പോൾ ഒന്ന് നോക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ലല്ലോ,

"  എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടില്ല, പക്ഷേ ഞാനായിട്ട് പറയില്ല,

"  നിന്റെ ഒരു കാര്യം നിനക്ക് പറഞ്ഞാൽ എന്താ...?  ഇപ്പൊൾ പറഞ്ഞ ആൾ എന്തായാലും ഓക്കേ പറയും,

"  ഇനി ഞാൻ പറയല്ലെടി ഞാൻ അത് തീരുമാനിച്ചതാണ്...

"  ഇനി എന്നോട് ഇങ്ങോട്ട് പറയട്ടെ,

"  നിനക്ക് വാശിയാണോ...?

"  എന്തിന്

"  ഒരർത്ഥത്തിൽ നോക്കുമ്പോൾ എന്നെ ആൾ സ്നേഹിച്ചിട്ടേ ഇല്ല, ഒരിക്കൽ പോലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.  ഞാൻ പുറകെ നടന്നു, അപ്പോഴും ആൾ പറഞ്ഞത്  വേറെ ഒരു ഇഷ്ടമുണ്ടെന്നും ഞാൻ ഇതിൽ നിന്ന് പിന്മാറണമെന്നുമാണ്,   ആളിന്റെ ഒരു വ്യൂവില് നോക്കുമ്പോൾ ചെയ്തത് ശരിയാ,  ആ സമയത്ത് ആൾക്ക് ആത്മാർത്ഥമായിട്ടുള്ള ഒരു പ്രണയം ഉണ്ടായിരുന്നു..  ആ പ്രണയത്തിന് 100% കൊടുത്തു,  അതുകൊണ്ട് തന്നെ വേറൊരു പെൺകുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവിടെ റിജക്ട് ചെയ്തു, അത് സ്വാഭാവികമായിട്ടുള്ള കാര്യാ. അതിന് ഞാനെന്തിനാ വാശി കാണിക്കുന്നത്...  വാശി അല്ല പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് മാറ്റു കുറയും, അത് തന്നെ ഉണ്ടാവണം  മനസ്സിൽ...  ഒറ്റ ദിവസം കൊണ്ട് അത് ഉണ്ടാവില്ല പതിയെ പതിയെ അങ്ങനെ ഉണ്ടാവട്ടെ, അങ്ങനെ ഉണ്ടാവാണെങ്കിൽ ഒരിക്കൽ എന്നോട് പറയും, അന്നായിരിക്കും ഈ ലോകത്തിൽ വച്ചാണ് ഏറ്റവും കൂടുതൽ  ഞാൻ സന്തോഷിക്കുന്ന ദിവസം,

ശ്വേത ഒരു നെടിവീർപ്പോടെ പറഞ്ഞു.

" ജീവിതം ഒന്നിനുവേണ്ടിയും കാത്തുനിൽക്കില്ല നമുക്ക് വരുന്ന അവസരങ്ങൾ നമ്മൾ നന്നായിട്ട് വിനിയോഗിക്കണം അത്രമാത്രം എനിക്ക് പറയാനുള്ളൂ..

ദീപ പറഞ്ഞു

"നോക്കാം..

എങ്ങനെയാണെന്ന് ചിരിയോടെ പറഞ്ഞിട്ട് അവൾ ദീപയുടെ അമ്മയോടും യാത്ര പറഞ്ഞു കുഞ്ഞി പെണ്ണിന്റെ കയ്യിൽ ഒന്നു മുത്തിയാണ് പുറത്തേക്ക് ഇറങ്ങിയത്...  പുറത്തേക്കിറങ്ങി നോക്കിയിട്ടും ആളെ കാണുന്നില്ല പെട്ടെന്നാണ് ബാഗിൽ അവൾ ഫോൺ നോക്കിയത് കയ്യിൽ ഫോൺ ഇല്ല എന്ന് അറിഞ്ഞതോടെ അത് കാറിൽ വച്ച് മറന്നുവെന്ന് അവൾക്ക് തോന്നിയിരുന്നു,  പിന്നെ ലിഫ്റ്റിൽ കയറി പാർക്കിംഗ് സെക്ഷനിലേക്ക് നടന്നു...

പ്രതീക്ഷിതത് പോലെ കാറിന്റെ അരികിൽ തന്നെ ആള് ഉണ്ട്... ഒരു ഡോർ തുറന്നിട്ട് അകത്തിരുന്ന് ഫോണിൽ എന്തോ ചെയ്യുകയാണ്,

"സോറി,  ലേറ്റ് ആയി പോയി..  ഒന്നാം ക്ലാസ് മുതലുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്....

ആദ്യം തന്നെ അവനോട് ഒരു ക്ഷമാപണം പറഞ്ഞു,

" സാരമില്ല, എങ്കിൽ നമുക്ക് പോയാലോ...

"  ഫുഡ് കഴിക്കേണ്ട ഉച്ചയ്ക്ക് ഞാൻ ട്രീറ്റ് തരണം എന്നല്ലേ പറഞ്ഞത്

" വേണ്ട എന്റെ മനസ്സും വയറും ഒക്കെ നിറഞ്ഞിരിക്കുകയാണ്....
തനിക്ക് വേണമെങ്കിൽ നമുക്ക് കേറാം,

നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു

"  എനിക്ക് വേണ്ട എനിക്ക് വീട്ടിൽ അമ്മച്ചി നല്ല സൂപ്പർ കുത്തിരി ചോറും സാമ്പാറും ഓമയ്ക്ക തോരനും മത്തി വറുത്തതും ഉണ്ടാക്കി വെച്ചിട്ടുണ്ട്...

"  എങ്കിൽ പിന്നെ ആ കൂട്ടാൻ എനിക്കും കൂടെ തന്നേക്ക്, ഞാൻ ഇന്ന് തന്റെ വീട്ടിൽ നിന്ന് ആണ് കഴിക്കുന്നത്...

അവൻ അത് പറഞ്ഞപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു,

" എന്താ ഇഷ്ടമായില്ലേ...?

അവൻ ചോദിച്ചപ്പോൾ അവൾ ചിരിയോടെ അങ്ങനെയല്ല എന്ന് തലയാട്ടി കാണിച്ചു...

തിരികെ പോയപ്പോഴും സ്റ്റീരിയോയിലെ ഗാനം ചേഞ്ച് ചെയ്ത് ഇടയ്ക്ക് ഒരു കുസൃതി ചിരിയോടെ അവളെ നോക്കുന്നുണ്ടായിരുന്നു അവൻ..

🎶ആദ്യമായി നാം തമ്മിൽ കണ്ടൊരാനാളെന്നിൽ
പുലരുന്നു വീണ്ടും നിൻ ചിരിയോടെ
നിർമലം നിൻ കണ്ണിൽ നിറഞ്ഞങ്ങു കണ്ടു ഞാൻ
ഇളംവെണ്ണിലാവിന്റെ തളിർമാല്യം
കണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽ
പൊൻവെയിലിൻ തേരിൽ ഞാനാ പവനരുളി നിന്നിൽ🎶🎶

പാട്ട് കേട്ടതും അവളെ നോക്കി അർത്ഥം വച്ചവൻ ഒന്ന് ചിരിച്ചു..
അതിന്റെ അർത്ഥം മാത്രം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല... ഇതുവരെ നോക്കിയത് പോലെയല്ല ആ നോട്ടത്തിന് എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതുപോലെ അവൾക്കു തോന്നിയിരുന്നു...  ഉച്ചയോടെ അടുപ്പിച്ചാണ് രണ്ടുപേരും ശ്വേതയുടെ വീട്ടിലേക്ക് ചെന്നത്...  രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ അമ്മച്ചിയും വല്യമ്മച്ചിയും പരസ്പരം മുഖത്തോട്ട് നോക്കിയിരുന്നു,  ശേഷം ചിരിയോടെ അമ്മച്ചി രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു...

"  ദീപേ കണ്ടോ...?

ചിരിയോടെ അവളോട് കാര്യം തിരക്കി സാലി...

"കണ്ടു അമ്മച്ചി,

" കേറി വാ മോനെ,

അമ്മച്ചി സാമിനെയും അകത്തേക്ക് ക്ഷണിച്ചു..

"  അമ്മച്ചിയെ ചോറ് എടുക്ക്,  നല്ല വിശപ്പുണ്ട്..  നമ്മുടെ കൂട്ടാൻകൂട്ടി ചോറ് കഴിക്കാൻ എത്തിയത് ആണ് ഈ കക്ഷി..

ചിരിയോടെ ശ്വേത പറഞ്ഞപ്പോൾ അത്ഭുതത്തോടെ സാലി അവന്‍റെ മുഖത്തേക്ക് നോക്കി അവിടെയും ഒരു ചെറു ചിരിയുണ്ട്...  ഇടയ്ക്കിടെ അവന്റെ കണ്ണുകൾ ശ്വേതയിലേക്ക് പാറി വീഴുന്നത് വല്യമ്മച്ചി കണ്ടിരുന്നു...

"  വാ മോനെ ഇരിക്കെ,

അവർ പെട്ടെന്ന് തന്നെ ഭക്ഷണം വിളമ്പിയിരുന്നു,  ഭക്ഷണം കഴിക്കുമ്പോഴും അവനെ ഊട്ടാനായിരുന്നു ശ്വേതയ്ക്ക് തിടുക്കം...  അവനുവേണ്ടി ഓരോ കറികളും ആവശ്യാനുസരണം ഒഴിച്ചു കൊടുക്കുന്നവളിലേക്ക് വല്യമ്മച്ചിയുടെയും സാലിയുടെയും കണ്ണുകൾ നീണ്ടുപോയിരുന്നു.

ഇടയ്ക്കിടെയുള്ള സാമിന്റെ ശ്വേതയുടെ മുഖത്തേക്കുള്ള നോട്ടവും സാലിയിൽ സംശയം പടർത്തി...

"  എങ്കിൽ ഞാൻ ഉറങ്ങട്ടെ,

എല്ലാവരോടുമായി ഭക്ഷണം കഴിച്ചതിനു ശേഷം പറഞ്ഞു സാം

" ആയിക്കോട്ടെ കുഞ്ഞേ, ഇതുപോലെ ഇടയ്ക്ക് വരണം

വല്യമ്മച്ചിയാണ് മറുപടി പറഞ്ഞത്

" വരാം അമ്മച്ചി

സാം ചിരിയോടെ പറഞ്ഞു..

കാറിന്റെ അരികിൽ വരെ അവൻ ഒപ്പം ശ്വേതയും ചെന്നിരുന്നു,

"  ശ്വേതാ...   Thank you for a wonderful day

അവൻ പറഞ്ഞപ്പോൾ അവൾ നന്നായി ഒന്ന് ചിരിച്ചു,

"  തന്നെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ,  ഇപ്പോഴെങ്കിലും തന്നെ അറിയാൻ സാധിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിൽ എനിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ പരാജയം അതായിപ്പോയേനെ...

അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാതെ അവൾ അവനെ തന്നെ നോക്കി,

" അതെന്താ അങ്ങനെ പറഞ്ഞത്...

"  അത് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം...

പോട്ടെ അത്രയും പറഞ്ഞ് ഒരു ചെറുപുഞ്ചിരി അവൾക്ക് നൽകി അവൻ കാറോടിച്ച് തിരിച്ചു പോയിരുന്നു...

ഏറെ സന്തോഷത്തോടെ അകത്തു ചെന്ന ശ്വേതയെ വരവേറ്റത് അമ്മച്ചിയുടെയും വലിയമ്മച്ചിയുടെയും തുറിച്ചുള്ള നോട്ടമാണ്...

"  നീ അവിടെ ഒന്നു  നിന്നേ..

അകത്തേക്ക് കയറാൻ തുടങ്ങിയവളോട് സാലിയാണ് പറഞ്ഞത്,

" എന്താ അമ്മച്ചി,

"ആ കൊച്ചനും നീയും തമ്മിൽ എന്താ ഇത്ര അടുപ്പം...?

ഗൗരവത്തോടെ സാലി ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ശ്വേത....

"  മോളെ കുരിശിങ്കൽക്കാരെന്ന് പറയുമ്പോൾ പാരമ്പര്യമായിട്ട് തറവാടികളാണ്, സമ്പത്തും ബന്ധുബലവും വേണ്ടുവോളം ഉള്ളവരാ,  നിന്റെ അപ്പച്ചനും അമ്മച്ചിയും ഒക്കെ അവരുടെ വീട്ടിലെ ജോലിക്കാർ ആയിരുന്നു,  നമ്മളെ കൊണ്ട് കൂട്ടിയ കൂടുന്ന ബന്ധം അല്ല... വേണ്ടാത്ത എന്തെങ്കിലും മോഹം മനസ്സിൽ ഉണ്ടെങ്കിൽ മോൾ അത് കളഞ്ഞേക്ക്...

ഒരു ഉപദേശം പോലെ വല്യമ്മച്ചി പറഞ്ഞപ്പോൾ തറഞ്ഞു നിന്നു പോയിരുന്നു ശ്വേത.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story