ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 62

ormappottukal

രചന: റിൻസി പ്രിൻസ്‌

പറയുവാണെങ്കിലും കൂടിപ്പോയാൽ എന്താ പറയാൻ പോകുന്നത് നമ്മൾ തമ്മിൽ പ്രേമമായിരിക്കും എന്ന് പറയുമായിരിക്കും അങ്ങനെയാണെങ്കിലും പറഞ്ഞ മമ്മി എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഞാൻ തന്നെയങ്ങ് കെട്ടാൻ പോവാണെന്ന്,

സാമിന്റെ മറുപടി കേട്ട് അത്ഭുതപ്പെട്ടു പോയിരുന്നു അവൾ.


പെട്ടെന്ന് എന്ത് മറുപടി പറയണമെന്ന് ശ്വേതയ്ക്കും അറിയില്ലായിരുന്നു അവൾ മൗനം പാലിച്ചതോടെ എന്താണ് അവളുടെ മനസ്സിൽ ഉള്ളത് എന്ന് അറിയാതെ സാമും കുഴഞ്ഞു.

" ഹലോ കേൾക്കുന്നുണ്ടോ

ഒരിക്കൽ കൂടി അവൻ ഉറപ്പുവരുത്തി.

" ആഹ്.... ഉണ്ട് ഞാൻ വൈകുന്നേരം ഇറങ്ങാം ഇറങ്ങുന്നതിനു മുന്നേ വിളിക്കാം...


അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തപ്പോൾ വല്ലാത്തൊരു വേദന അവനെയും ഗ്രസിച്ചിരുന്നു.  തന്റെ മറുപടിക്ക് എന്തെങ്കിലും ഒരു പ്രതികരണം അവളിൽ നിന്നും ഉണ്ടാകുമെന്നാണ് അവൻ കരുതിയത് എന്നാൽ അവളുടെ മൗനം അവനെ അമ്പരപ്പിൽ ആഴ്ത്തി,  ഒരു നിമിഷം ജെസ്സി പറഞ്ഞതുപോലെ അവൾക്ക് തന്നോട് ഇഷ്ടമില്ലന്ന് പോലും അവന്റെ ഉള്ളിൽ തോന്നിയിരുന്നു.

വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഒരു കോട്ടൺ ചുരിദാർ ഒക്കെ അണിഞ്ഞു അവൾ വെറുതെ നടക്കാനാണ് എന്ന് വീട്ടിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങിയിരുന്നു...  അവനെ കാണാനാണ് പോകുന്നത് എന്ന് പറഞ്ഞാൽ അമ്മച്ചിയും വല്യമ്മച്ചിയും ഉടനെ തന്നെ ഉപദേശം തുടങ്ങും,  ഇനി അതുകൂടി താങ്ങാൻ വയ്യ അല്ലെങ്കിൽ തന്നെ മനസ്സ് പ്രക്ഷുബ്ധമാണ്..  എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സൗഹൃദം തങ്ങൾക്കിടയിൽ ഉണ്ട്.. എന്നാൽ ഒരിക്കൽപോലും അവൻ തന്നോട് പ്രണയമാണ് എന്ന് പറഞ്ഞിട്ടില്ല,  അതുകൊണ്ടു തന്നെ അവന്റെ മനസ്സിൽ ഇപ്പോഴും താൻ ഇല്ലെന്നാണ് അവൾ വിശ്വസിക്കുന്നത്..   ഇനി മറ്റുള്ളവരിൽ നിന്നും കൂടി തങ്ങൾക്കിടയിൽ ഉള്ള അകലത്തിന്റെ ദൈർഖ്യം അറിയുകയാണെങ്കിൽ അത് മനസ്സ് അസ്വസ്ഥമാകാനുള്ള ഒരു കാരണം മാത്രമായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു...  അതുകൊണ്ടുതന്നെ കൂടുതലായി ഈ വിഷയത്തെക്കുറിച്ച് ആരോടും സംസാരിക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല... പതിയെ ഇറങ്ങി നടന്നപ്പോഴാണ് അപ്പുറത്തെ ഓമന ചേച്ചിയും അമ്മയും കൂടി റേഷൻ കടയിൽ പോകാൻ നിൽക്കുന്നത് കണ്ടത്,  പിന്നീട് അവിടേക്ക് നടന്നത് രണ്ടുപേരോടും സംസാരിച്ചുകൊണ്ടാണ്.. 

" എന്റെ കൊച്ചെ നിനക്ക് പത്തിരുപതിനാല് വയസ്സായില്ലേ...?  ഇപ്പോഴും കല്യാണം ഒന്നും നോക്കുന്നില്ലേ...?

ഓമന ചേച്ചിയുടെ അമ്മ വളരെ കാര്യമായി തന്നെ ചോദിച്ചു,  അല്ലെങ്കിലും എന്ത് കാര്യത്തെക്കുറിച്ച് കേൾക്കരുത് എന്നാണോ ആഗ്രഹിക്കുന്നത് ആ കാര്യത്തെക്കുറിച്ച് മാത്രമേ പിന്നീട് കേൾക്കുകയുള്ളൂ,  അത് ഒരു പ്രപഞ്ച സത്യമാണ്...

"ഓഹ് കുറച്ചൂടെ കഴിയട്ടെ ഇച്ചേയ്, സമയം ഇഷ്ടംപോലെ കിടക്കുവല്ലേ...  അതിനും മാത്രം പ്രായ ഒന്നും ആയിട്ടില്ലല്ലോ,  24 വയസ്സ് എന്നൊക്കെ പറഞ്ഞാൽ ഇപ്പോഴത്തെ കാലത്ത് കല്യാണ പ്രായം ആണോ..?

എന്തെങ്കിലും രസകരമായ മറുപടി അവരിൽ നിന്നും ലഭിക്കുമെന്ന് അറിഞ്ഞുതന്നെയാണ് അത് പറഞ്ഞത്,  പ്രതീക്ഷിച്ചത് പോലെ തന്റെ മറുപടി കേട്ട് രണ്ടുപേരും മൂക്കത്ത് വിരൽ വെച്ച് നിൽപ്പുണ്ട്...

"  24 വയസ്സിൽ എനിക്ക് മൂന്ന് പിള്ളേര് ഉണ്ട്...

പഴയകാലം ഓർമ്മക്കൂട്ടിൽ നിന്നും തപ്പിയെടുത്തു കൊണ്ട് ഓമന ചേച്ചി പറഞ്ഞപ്പോൾ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു. റേഷൻ കട ആയപ്പോഴേക്കും കുശുമ്പും കുന്നായ്മയും ഒക്കെ പറയുന്നത് നിർത്തി രണ്ടുപേരും യാത്രപറഞ്ഞ് അവിടേക്ക് പോയിരുന്നു,

മൊബൈൽ എടുക്കാൻ മറന്നതുകൊണ്ടുതന്നെ ആളെ വിളിക്കാൻ സാധിച്ചില്ല, വിളിക്കേണ്ടി വന്നില്ല ഗ്രൗണ്ട് എത്തിയപ്പോൾ തന്നെ ആൾ തന്നെ നോക്കി കൈ ഉയർത്തി കാണിച്ചിരുന്നു...  ഒരു കാവി കൈലിയും കറുത്ത ഷർട്ടും ഒക്കെയാണ്,  നാടൻ ഗെറ്റപ്പിൽ ആണ്  വന്നിരിക്കുന്നത്, ചില സമയത്ത് ആളെ കാണുമ്പോൾ തനിക്ക് തന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കില്ല,  എത്രയൊക്കെ ഒളിപ്പിച്ചുവെച്ചാലും തന്റെ ഉള്ളിലുള്ള പ്രണയം ചിലപ്പോൾ എങ്കിലും പുറത്തേക്ക് വന്നു പോകും..  ചില സമയങ്ങളിൽ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാതെ ആളുടെ മിഴികളിൽ മാത്രം കുരുങ്ങി നിൽക്കും, ആളെ തന്നെ നോക്കി നിൽക്കുന്നത് പതിവാണ്..  ചിലപ്പോൾ ആള് തന്നെയാണ് ആ ചിന്തകളിൽ നിന്നും തന്നെ മുക്തയാക്കാറുള്ളത്.

"താൻ ഫോണെടുത്തില്ലായിരുന്നോ? ഞാൻ രണ്ടുമൂന്നു വട്ടം വിളിച്ചു, റിങ് ചെയ്തത് അല്ലാതെ ആരും എടുത്തില്ല...

തന്റെ മുഖത്തേക്ക് നോക്കി ആള് ചോദിച്ചു

"  ഫോൺ എടുക്കാൻ മറന്നു പോയി...

" നന്നായി ഇങ്ങനെയുള്ള സമയങ്ങളിലൊക്കെ ഫോൺ എടുക്കാതിരിക്കുന്നത് ആണ് നല്ലത്... എങ്കിലേ നമുക്ക് പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റൂ,

അവൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു 

"അനീറ്റ വരുമെന്ന് പറഞ്ഞിരുന്നു,  വന്നോ...?

"  വന്നു അവള് ഷട്ടിൽ ബാറ്റ് മറ്റോ എടുക്കാൻ വേണ്ടി പോയതാ..  വേറെ ഒരു കൊച്ചു ഉണ്ടായിരുന്നു രണ്ടുപേരും കൂടെ ഷട്ടിൽ കളിക്കാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു, ഇനി താനും ഉണ്ടല്ലോ

" എനിക്ക് ഷട്ടിൽ കളിക്കാൻ ഒന്നും അറിയില്ല...

" അറിയില്ലേ...?

അത്ഭുതത്തോടെ അവൻ അവളോട് ചോദിച്ചു

"  ഇല്ലെന്നേ,

"എങ്കിൽ നമുക്ക് കുറച്ച് നേരം നടന്നാലോ...  ഈ സമയത്ത് ഇങ്ങനെ ചെറിയ വെയിലൊക്കെ കൊണ്ട് നടക്കുന്നത് നല്ലതാ,

" ആയിക്കോട്ടെ....  എനിക്ക് വലിയ ആഗ്രഹം പണ്ട് തൊട്ടേ ആ പുഴയുടെ സൈഡിൽ ഒരു സ്ഥലം ഇല്ലേ കുറെ മരങ്ങളൊക്കെ നിൽക്കുന്ന, അവിടെ പോകണമെന്ന് ഭയങ്കര ആഗ്രഹമാ,  പക്ഷേ അമ്മച്ചി വിട്ടിട്ടില്ല...  പണ്ട്  പോകാൻ തുടങ്ങിയപ്പോൾ ആരോ ഈ പുഴയിലെ വീണിട്ടുണ്ടെന്നും അപകടം പറ്റിയിട്ടുണ്ടെന്നും അവിടെ ചുഴിയുണ്ടെന്ന് ഒക്കെ പറഞ്ഞ് എന്നെ പേടിപ്പിച്ചിട്ടുണ്ട്... അതുകൊണ്ട് എനിക്ക് അങ്ങോട്ട് പോകാൻ പറ്റിയിട്ടില്ല,  അവിടെ ഗോതമ്പ് നിറത്തിലുള്ള ഒരു സൈസിലെ പുല്ല് നിൽപ്പില്ലേ ..?  എനിക്ക് അത് പറിക്കാൻ ഭയങ്കര കൊതി ആയിരുന്നു...  പണ്ട് തൊട്ടേ,  പക്ഷേ അമ്മച്ചി സമ്മതിച്ചിട്ടില്ല..  നമുക്ക് അവിടെ വരെ ഒന്ന് പോയാലോ...?

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ ചോദിച്ചു. 

" അതിനെന്താ പോകാം,  പക്ഷേ ഇപ്പോൾ അവിടെ ഗോതമ്പ് പുല്ല് ഒന്നുമില്ല,  ഇവിടെ പണിക്കു വരുന്ന ബംഗാളികൾ ഒക്കെ ഒന്നും രണ്ടും സാധിക്കുന്നത് അവിടെയാണ്,  അതിന്റെ നല്ല വാസന കാണും...

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും പൊട്ടിച്ചിരുന്നു,

" അയ്യേ വൃത്തികേടായി  കിടക്കുകയാണോ? എന്നാ പോകണ്ട,

" ഒരു കാര്യം ചെയ്യാം താൻ പറഞ്ഞ സൈസിലെ പുല്ല് അപ്പുറത്ത് നിൽപ്പുണ്ടെന്ന് തോന്നുന്നു,  തന്റെ ഒരു ആഗ്രഹം സാധിച്ചില്ലെന്ന് വേണ്ട..

ഉത്സാഹത്തോടെ അവൻ പറഞ്ഞു.

" ശരിക്കും ഇവിടെ ചുഴിയോ മറ്റോ കാണുമോ..?

" ചുഴിയൊക്കെ പണ്ട് ഉണ്ടായിരുന്നോ ഇപ്പൊൾ അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല,  എങ്കിലും വെള്ളത്തിൽ ഒന്നും ഇറങ്ങണ്ട,  തനിക്ക് നീന്തൽ ഒന്നും വശമില്ലാത്തതല്ലേ...

"  എനിക്ക് പേടിയാ വെള്ളത്തിലൊക്കെ ഇറങ്ങാൻ,

" ഇറങ്ങാൻ ഞാൻ സമ്മതിക്കുകയില്ലല്ലോ.  അവിടെ ഒരു ചെറിയ പാലം ഉണ്ട് അതുവഴി പോകാം,


അവൻ പറഞ്ഞപ്പോൾ അവളും സമ്മതിച്ചിരുന്നു. അവനോടൊപ്പം ഗ്രൗണ്ടിന് താഴേക്കുള്ള വഴി ഇറങ്ങി ഒരു ചെറിയ കൈത്തോട് കയറിയിരുന്നു അവൾ,

" അത് കൊക്കോ അല്ലേ..?
അവിടെ നിൽക്കുന്ന ഒരു മരം ചൂണ്ടി അവൾ ചോദിച്ചപ്പോൾ അവൻ അതെ എന്ന് തലയാട്ടിയിരുന്നു...

"  വേണോ..?

" വേണമെന്നുണ്ട് പക്ഷേ ഒരുപാട് മുകളിൽ അല്ലേ...?

" അത് സാരമില്ല നമുക്ക് പരിഹരിക്കാം അവിടെ തന്നെ അടുത്തിരുന്ന ഒരു വലിയ കമ്പ് നോക്കി ഓടിച്ചെടുത്തവൻ കൊക്കോ വീഴ്ത്താൻ ശ്രമിച്ചു,   പഠിച്ച പണി 18 നോക്കിയിട്ടും അത് വീണില്ല,  അവസാനം ഒരു കല്ലെടുത്ത് ആയത്തിൽ ഒന്ന് എറിഞ്ഞപ്പോഴാണ് സാധനം താഴെ വീണത്... അത് താഴെ വീണതും അവൾ അവനെ നോക്കി തംസപ്പ് കാണിച്ചിരുന്നു..  താഴെ വീണ കൊക്കോ എടുത്ത് അവൾക്ക് നേരെ അവൻ നീട്ടിക്കൊണ്ട് പറഞ്ഞു 

"കഴിച്ചോ

" അപ്പൊൾ വേണ്ടേ...?

" വേണ്ട നമ്മളെ പാലം കയറി അപ്പുറത്ത് ചെല്ലുമ്പോൾ നല്ല സൂപ്പർ ആഞ്ഞിലിപ്പഴം കിട്ടും,  എനിക്ക് അതാ ഇതിനേക്കാൾ ഇഷ്ടം...

":എങ്കിൽ എനിക്കും അത് വേണം,

അവള് പെട്ടെന്ന് കൊച്ചുകുട്ടിയായി...

"  എങ്കിൽ പിന്നെ നമുക്ക് അവിടെ ചെന്നിട്ട് ഇത് രണ്ടും കൂടി ഷെയർ ചെയ്ത് കഴിക്കാം എപ്പടി...?

അവൻ ചോദിച്ചപ്പോൾ അവൾ ഒക്കെ എന്ന് ആംഗ്യം കാണിച്ചിരുന്നു... അവനൊപ്പം നടന്നു കയറിച്ചെന്നത് ഒരു തൂക്കുപാലത്തിൽ ആണ്, ഒരു നിമിഷം അവൾക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു...  താഴെ പുഴ ആണ്... അതും നന്നായി ആഴം തോന്നിക്കുന്ന രീതിയിലുള്ള പുഴ, അവൾ ഭയത്തോടെ അവനെ നോക്കി

"  ഇതാണോ പാലം...?

നീണ്ടു നിവർന്നു കിടക്കുന്ന പാലം നോക്കിക്കൊണ്ട് അവൾ അത്ഭുതത്തോടെ അവനോട് ചോദിച്ചു,

"  എന്താ ഈ പാലം ഇതിനുമുമ്പ് കണ്ടിട്ടില്ലേ...?

"  ഈ തൂക്കുപാലം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു..  ഇതെനിക്ക് പണ്ടേ പേടിയാ,

" പേടിക്കൊന്നും വേണ്ട അത്രയൊന്നും ഇല്ല... ഇതിലൂടെ ദിവസവും എത്ര പേര് നടന്നു പോകുന്നത് ആണ്...

" എങ്കിലും ഞാനില്ല നമുക്ക് തിരിച്ചു പോകാം, 

അവൾ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു

"  താൻ പേടിക്കേണ്ട ഞാനില്ലേ...

"  എങ്കിലും എനിക്ക് എന്തോ പോലെ,

" എങ്കിൽ പിന്നെ ഇന്ന് പേടി മാറ്റിയിട്ട് പോയാൽ മതി,  താൻ ഇങ്ങോട്ട് വന്നേ....അത്രയ്ക്ക് പേടിക്കാനും മാത്രം ഒന്നുമില്ല,

അവൻ   മുണ്ട് മടക്കി കുത്തി

ഒന്ന് കാല് വെച്ചതും അവൾ താഴേക്ക് നോക്കിയപ്പോൾ തലകറങ്ങുന്നത് പോലെ തോന്നിയിരുന്നു...  അവളുടെ മുഖം കണ്ട് അവൾ നന്നായി ഭയന്നിട്ടുണ്ടെന്ന്  അവന് തോന്നി...  അവൻ അവളുടെ കൈകളിൽ മുറുക്കി പിടിച്ചു,

" എനിക്ക് പേടിയാ

കരയുന്നതുപോലെ അവൾ പറഞ്ഞു..

"  പേടിയാണെങ്കിൽ താൻ കണ്ണടച്ചു പിടിച്ചോ, പിന്നെ ഈ കൈവരിയിൽ കൂടി പിടിച്ചോ, അക്കരെ എത്തിയിട്ട് ഞാൻ വിളിക്കും... അപ്പോൾ കണ്ണ് തുറക്ക്....

പലതവണ അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിന് അവൾക്ക് വഴങ്ങേണ്ടതായി വന്നു...  കണ്ണുകൾ രണ്ടും ഇറുക്കി അടച്ച് അവനോടൊപ്പം പാലം കടക്കുമ്പോൾ അവളുടെ കൈകൾ അവന്റെ കയ്യിൽ ഭദ്രമായിരുന്നു,  വിറയലോടെയാണെങ്കിലും അവൾ അവനൊപ്പം ആ പാലം കടന്ന് അക്കരെ എത്തിയിരുന്നു...  അക്കരെ എത്തിയിട്ടും കണ്ണുതുറക്കാതെ പേടിച്ചു നിൽക്കുന്നവളെ കണ്ട് അവന് ചിരി വന്നിരുന്നു...

"  കൈവിടല്ലേ...?

ഇടയ്ക്കിടെ അവൾ പറയുന്നുണ്ടായിരുന്നു,

" ഇല്ല "കൈവിടില്ല" പാലത്തിൽ നിൽക്കുന്നവളെ ഇടുപ്പിൽ പിടിച്ച് താഴേക്ക് ഇറക്കുന്നതിനിടയിൽ അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ ആർദ്രമായി അവൻ പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story