ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 64

ormappottukal

രചന: റിൻസി പ്രിൻസ്‌

പറയാൻ വിട്ടുപോയി നാളെ ചേച്ചി ഒക്കെ വന്നു കഴിഞ്ഞാ മറ്റെന്നാൾ ഞാന് കോട്ടയം വരെ പോകുന്നുണ്ട്,  ഒരു പെണ്ണുകാണൽ ഉണ്ട്.... സമയമുണ്ടെങ്കിൽ താൻ കൂടി പോരെ,  തനിക്കൂടെ ഇഷ്ടമായോന്ന് നോക്കാലോ...?

അവളൊന്നു ഞെട്ടി... ആ നിമിഷം അവളുടെ നെഞ്ചിൽ ഒരു വല്ലാത്ത കനം തോന്നിയിരുന്നു... ഒരു വലിയ പാറക്കല്ല് കയറ്റിവെച്ചത് പോലെ,

ഒരു നിമിഷം ഒന്ന് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി.... പക്ഷേ സാഹചര്യമതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല.  അല്ലെങ്കിൽ തന്നെ എന്തിനാണ് താൻ കരയുന്നത്.? ഇപ്പോൾ ഈ നിമിഷം വരെ തന്നോട് ഇഷ്ടമാണെന്ന് അവൻ പറഞ്ഞിട്ടില്ല. പണ്ടെ അവൻ തന്നെ ഇഷ്ടപ്പെട്ടിട്ടില്ല,  ഇടക്കാലത്ത് അവനോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ പ്രണയം എന്ന് തെറ്റിദ്ധരിച്ചത് താൻ മാത്രമാണ്. ഒരുപക്ഷേ അവന് തന്നോട് ഉണ്ടായിരുന്നത് പ്രണയം ആയിരിക്കില്ല..ഒരു നല്ല സൗഹൃദമായിരിക്കും. ആ സൗഹൃദത്തെ ഒരിക്കൽപോലും അവൻ ഭേദിച്ചിട്ടില്ല. റിയയുമായുള്ള പ്രണയം അവസാനിച്ചു എന്ന് അവൻ പറഞ്ഞ നിമിഷം താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് അവൾക്ക് തോന്നി. എന്നാൽ ഒരിക്കലും അവന് തന്നെ അംഗീകരിക്കാൻ സാധിക്കില്ല എന്നല്ലേ ഇപ്പോൾ അവൻ പറഞ്ഞതിന്റെ അർത്ഥം.?  ഒരിക്കൽ പോലും അവൻ തന്നെ പ്രണയിച്ചിട്ടില്ല എന്നല്ലേ മറ്റൊരു പെൺകുട്ടിയെ കാണാൻ പോവുകയാണ് എന്ന് അവൻ പറഞ്ഞതിന്റെ അർത്ഥം. അവൾക്ക് അവളോട് തന്നെ ഒരു നിമിഷം വെറുപ്പ് തോന്നി തുടങ്ങി. ഇത്രമാത്രം അകറ്റി നിർത്താനും മാത്രം എന്തു കുറവാണ് തന്നിലവൻ കണ്ടെത്തിയത്.?  ഒരിക്കൽപോലും അവൻ തന്നെ സ്നേഹിച്ചിട്ടില്ലന്ന  സത്യം അവളെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു.

സ്നേഹിച്ചിരുന്നെങ്കിൽ അവന് ഇങ്ങനെ പറയാൻ സാധിക്കുമോ.?  യഥാർത്ഥ സത്യം മനസ്സിലാക്കാത്തത് താനാണ്,  ഒരിക്കൽ പോലും അവന്റെ മനസ്സിൽ ഒരു മങ്ങലേറ്റ ചിത്രമായി പോലും താൻ തെളിഞ്ഞിരുന്നില്ല...

എന്തോ ഒരു ആലോചനയിൽ നിൽക്കുന്നവളെ കണ്ടപ്പോൾ മമ്മി പറഞ്ഞ പ്ലാൻ ഏറ്റുവെന്ന് അവനും തോന്നിയിരുന്നു.. ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു

" എന്തുപറ്റി ഭീകരമായ ആലോചന ആണല്ലോ...

" ഒന്നുമില്ല

"  എങ്കിൽ നമുക്ക് തിരിച്ചു പോയാലോ...?  തനിക്ക് സന്ധ്യയ്ക്ക് മുൻപ് പോണം എന്നല്ലേ പറഞ്ഞത്...

"ആഹ്... പോകണം....

ഒരു ചിരി ചുണ്ടിൽ നിറയ്ക്കാൻ അവൾ ശ്രമിച്ചിരുന്നു പാലത്തിലേക്ക് കയറിയപ്പോൾ അവൾക്ക് നേരെ അവൻ കൈനീട്ടിയപ്പോൾ സന്തോഷത്തോടെ തന്നെ അവളാക്ഷണം നിരസിച്ചു..

"  തനിക്ക് ഒറ്റയ്ക്ക് നടക്കാൻ പേടിയാണെന്നല്ലേ പറഞ്ഞത്

"  പേടിയാണ്..!  പക്ഷേ ഒറ്റയ്ക്ക് നടന്ന പഠിക്കണം ജീവിതത്തിൽ എന്നും നമ്മൾ ഒറ്റയ്ക്കാണ് എല്ലാവരും ഇടയ്ക്ക് കയറി വരുന്നവരുമാത്രം അവര് അവരുടെ റോൾ കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകും..  അപ്പോഴും ഒറ്റയ്ക്ക് നിൽക്കാനും നടക്കാനും നമ്മൾ പഠിക്കണം, അത്രയും പറഞ്ഞു രണ്ടും കൽപ്പിച്ച് അവൾ പാലത്തിന്റെ രണ്ട് കൈവരികളിലും ആയി പിടിച്ച് എങ്ങനെയോ അപ്പുറത്ത് എത്തിയിരുന്നു....

അപ്പോഴും അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയെടുക്കാൻ അവന് സാധിച്ചിരുന്നില്ല... പെട്ടുപാടെ അവൾക്ക് എന്ത് സംഭവിച്ചു എന്നാണ് അവൻ ചിന്തിച്ചത്..  ഒരുപക്ഷേ താൻ പെണ്ണുകാണാൻ പോകുന്നു എന്ന് പറഞ്ഞതിന്റെ പരിഭവം ആയിരിക്കാം എന്ന് അവൻ ഊഹിച്ചിരുന്നു,

തിരികെ എത്തിയപ്പോൾ അനീറ്റയും കൂട്ടുകാരും ഷട്ടിൽ ബാറ്റ് കളിക്കുന്നതിന്റെ തിരക്കിലായിരുന്നു, അവളോട് സംസാരിച്ചതിനു ശേഷം സാമിനോടും യാത്ര പറഞ്ഞ് അവൾ വളരെ   വേഗം തന്നെ വീട്ടിലേക്ക് പോയിരുന്നു..  എങ്ങനെയെങ്കിലും ഒന്ന് വീട്ടിൽ എത്തിയാൽ മാത്രം മതി എന്നായിരുന്നു ആ നിമിഷം അവളുടെ ചിന്ത,  അങ്ങോട്ട് പോകുന്ന വഴിയിൽ എല്ലാം അമ്മച്ചിയുടെയും വല്യമ്മച്ചിയുടെയും കണ്ടെത്തൽ ശരിയായിരുന്നു എന്ന് അവൾക്ക് തോന്നി...  താനും അവനും തമ്മിൽ ഒരുപാട് അന്തരമുണ്ട്,  എത്രയില്ലന്ന് താൻ മനസ്സിൽ പറഞ്ഞാലും അതുണ്ട് എന്ന് പലകുറി അവൻ തെളിയിക്കുന്നു...  അല്ലെങ്കിലും ഇന്നു വരെ താൻ സ്നേഹിച്ചത് തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ചല്ലല്ലോ, എങ്കിലും എപ്പോഴൊക്കെയോ പ്രതീക്ഷിച്ചിരുന്നു,  കാത്തിരുന്നിരുന്നു ഒരിക്കലും സംഭവിക്കില്ല എന്ന് ഉറപ്പുള്ളപ്പോഴും ഒരു പ്രതീക്ഷ വിദൂരത്ത് എവിടെയോ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. അവൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ നിമിഷം. ഇനി അവനുവേണ്ടി കരയില്ലെന്ന് പണ്ടൊരു തീരുമാനം എടുത്തതുകൊണ്ട് തന്നെ കണ്ണുകൾ നിറയാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.  അല്ലെങ്കിലും അന്നേ കണ്ണുനീരിനെ ലാവയാക്കി മാറ്റിയത് ആണല്ലോ...

അന്നത്തെ ദിവസം ഒരുപാട് ചിന്തകളിലേക്ക് അവൾ പോയി,  വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന ഓർമ്മകളിലേക്ക് ആണ് ചെല്ലുന്നത് എന്ന് മനസ്സിലായത് കൊണ്ട് തന്നെ അവൾ ഒരു പുസ്തകത്തിൽ അഭയം തേടി.. മനസ്സ് വിഷമിച്ചിരുന്നതുകൊണ്ടുതന്നെ പ്രണയമോ ട്രാജഡിയോ ആയ ഒരു പുസ്തകങ്ങളും അവൾ തിരഞ്ഞെടുത്തിരുന്നില്ല.  അല്പം തമാശയൊക്കെയുള്ള ഒരു പുസ്തകം ഒറ്റ ഇരുപ്പിനു തന്നെ വായിച്ചു തീർക്കുകയും ചെയ്തു, അത് കഴിഞ്ഞപ്പോൾ മനസ്സിനെ കുറച്ച് ആശ്വാസം തോന്നിയതുപോലെ,  അന്ന് വൈകിട്ട് രണ്ടു തവണ സാം വിളിച്ചുവെങ്കിലും അവൾ ഫോൺ എടുത്തിരുന്നില്ല,  ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും അവൻ വിളിച്ചു..  എന്തുകൊണ്ടോ ഫോൺ എടുക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല, ഒരുപാട് ആഗ്രഹിക്കുമ്പോൾ ആ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലാകുമ്പോഴുള്ള വേദനയും അത്രത്തോളം വലുതായിരിക്കുമെന്ന് അവൾ ഊഹിച്ചു.


പിറ്റേന്ന് സാം കുറെവട്ടം ഫോൺ വിളിച്ചതിനു ശേഷം ആണ് അവൾ ഫോൺ അറ്റൻഡ് ചെയ്തത്,  അത്രയും സമയം അവളോട് സംസാരിക്കാൻ സാധിക്കാത്തതിന്റെ ദേഷ്യവും പരിഭവവും എല്ലാം അവന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു...

"  താൻ ഇത് എവിടെയാ..? ഞാൻ പറഞ്ഞതല്ലേ പള്ളിയിലേക്ക് വരണംന്ന്

" എനിക്ക് നല്ല സുഖമില്ല...

താല്പര്യം ഇല്ലാതെ അവൾ പറഞ്ഞു

" ശരി ശരി എങ്കിൽ റസ്റ്റ് എടുത്തോ

"  പിന്നെ തനിക്ക് വൈകുന്നേരം ഇങ്ങോട്ട് വരാൻ പറ്റുമോ..?  ഒരു അഞ്ചര ആകുമ്പോ വന്നാൽ മതി,  ആ സമയത്ത് ഇവിടെ ധ്യാനവും ഉണ്ടല്ലോ, 

"ഇന്ന് എനിക്ക് തീരെ വയ്യ

"  അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല..  ഇന്ന് താൻ എന്താണെങ്കിലും വരണം  ഞാനിവിടെ വൈകുന്നേരം തന്നെ നോക്കിയിരിക്കും.

അധികാരത്തോടെ അത്രയും പറഞ്ഞവൻ ഫോൺ വെച്ചപ്പോൾ തിരിച്ച് ഒന്നും പറയാൻ അവൾക്ക് തോന്നിയിരുന്നില്ല...  കുറച്ച് അധികം സമയം അവൾ പോകണമോ വേണ്ടയോ എന്ന് ആലോചിച്ചു,  പിന്നെ എന്തിനാണ് താൻ അവനിൽ നിന്നും ഒഴിഞ്ഞുമാറുന്നത് എന്നും ഇഷ്ടം ഒരാൾക്ക് ഉള്ളിൽ തോന്നേണ്ടതല്ലേ എന്നും ചിന്തിച്ചു...

അതുകൊണ്ടുതന്നെ താൻ അവനോട് വാശി തീർക്കുന്നത് പോലെ ഇടപെടുന്നത് ശരിയല്ലെന്ന് തോന്നി. അതിനാൽ തന്നെ ധ്യാനത്തിന് പോവുകയാണെന്ന് അമ്മച്ചിയോട് പറഞ്ഞതിനു ശേഷം അഞ്ചു മണിയായപ്പോൾ അവൾ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. പള്ളിയിലേക്ക് ചെന്നപ്പോൾ അത്യാവശ്യം ആളുകൾ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്,  ആറരയോടെയാണ് ധ്യാനം തുടങ്ങുന്നത്... അവിടെയെങ്ങും നോക്കിയിട്ടും അവനെ കണ്ടിരുന്നില്ല,  അവളുടെ നോട്ടം കണ്ടിട്ട് ആയിരിക്കും അജു അരികിലേക്ക് വന്ന് അവളോട് വിശേഷമൊക്കെ ചോദിച്ചു..
ശേഷം അവനെയാണോ തിരക്കുന്നത് എന്നും ചോദിച്ചിരുന്നു...  ഒരു ചമ്മലോടെ ആണെങ്കിലും അതേ എന്ന് അവൾ മറുപടി പറഞ്ഞു... അവൻ പള്ളിയുടെ പുറകിൽ ഉണ്ട് എന്ന് അജു പറഞ്ഞു പോകണോ വേണ്ടയോ എന്ന് ഒന്ന് ആലോചിച്ചിരുന്നു,  എങ്കിലും ആ സമയം തന്നെയാണ് അവളുടെ ഫോണിലേക്ക് കോൾ വന്നത്,  നോക്കിയപ്പോൾ സാം ആണ്.  അവൾ ഫോൺ എടുത്തതും പള്ളിയുടെ പുറകിലേക്ക് വരാനാണ് അവൻ പറഞ്ഞത്.. രണ്ടും കൽപ്പിച്ച് അവൾ പള്ളിയുടെ പുറകിലേക്ക് നടന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story