പക...💔🥀: ഭാഗം 10

paka

രചന: ഭാഗ്യ ലക്ഷ്മി

താൻ തേടിയലഞ്ഞതെന്തോ കണ്ട പോലെ ശ്രീനാഥിൻ്റെ മിഴികൾ തിളങ്ങി.... ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞ നേത്രങ്ങളിൽ നിമയെ കാണുന്തോറും വാത്സല്യം അലതല്ലിക്കൊണ്ടിരുന്നു... ഹൃദയം ഹർഷാരവങ്ങളാലും സ്നേഹത്താലും കവിഞ്ഞൊഴുകുമ്പോൾ നിമ ഒന്നും മനസ്സിലാവാതെ അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.... "ആ... ആരാ...??" ശ്രീനാഥിൻ്റെയും പവിത്രയുടെയും മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ തന്നിൽ തന്നെ മിഴികൾ തറപ്പിച്ച് വെച്ചിരിക്കുന്നവൻ്റെ മുഖഭാവങ്ങളാൽ നിമയുടെ മനസ്സ് എന്തെന്നില്ലാത്ത സംശയങ്ങൾക്ക് വഴിമാറിയിരുന്നു... "മോ... മോളെ ശ്രീക്കുട്ടീ..." ശ്രീനാഥ് നിറഞ്ഞൊഴുകിയ മിഴിനീർ തുടച്ചു മാറ്റി ഇടർച്ചയോടെയും സന്തോഷത്തോടെയും വിളിച്ചു... "ശ്രീക്കുട്ടിയോ...??!!!" നിമ ഒന്നും മനസ്സിലാവാതെ അവനെ ഉറ്റു നോക്കി... "മോളെ... ഞാനാ... ഞാനാ ഇത്...!! നിൻ്റെ ഏട്ടൻ... നിൻ്റെ ഏട്ടനാ മോളെ ഞാൻ..." ഏറെ പ്രതീക്ഷയോടെ നിമയെ നോക്കി അത് പറയുമ്പോൾ ശ്രീനാഥിന് ലോകം കീഴടക്കിയ സന്തോഷമായിരുന്നു... "ഏട്ടനോ... ഏത് ഏട്ടൻ... ഏത് ശ്രീക്കുട്ടി..??" ശ്രീനാഥിനോട്‌ ചോദ്യമുന്നയിക്കുമ്പോൾ അവൻ്റെ പിന്നിൽ നിറചിരിയോടെ നിൽക്കുന്ന പവിത്രയിലേക്കും ഉറക്കം പിടിച്ച് തുടങ്ങിയ വന്ദന മോളിലേക്കും നിമയുടെ നോട്ടം നീണ്ടിരുന്നു... "ശ്രീക്കുട്ടീ... മോളെ... മോൾക്കെന്നെ ഓർമ്മയില്ലേ...?? ശ്രീനാഥാ ഞാൻ... മോളുടെ ഏട്ടൻ..." അവൻ്റെ മിഴികളിലും വാക്കുകളിലും വീണ്ടും പ്രതീക്ഷ നിറഞ്ഞു...

എന്തൊക്കെയാ ഇയാളീ കിടന്ന് പറയുന്നെ..?? വട്ട് കേസാണെന്നാ തോന്നുന്നത്...!! വല്ല ഭ്രാന്താശുപത്രിയിൽ നിന്നും രാവിലെ തന്നെ കുറ്റീം പറിച്ചോണ്ട് വന്നതാണോ ഈശ്വരാ...?? നിമ ശ്രീനാഥിനെ നോക്കി ആലോചിച്ചു.... "എ.. എന്താ ശ്രീക്കുട്ടീ... മോളെ എന്താ നീയൊന്നും പറയാത്തെ...??" ശ്രീനാഥ് ആകാംഷയോടെ ചോദിച്ചു... "അതേ നിങ്ങളാരാ...?? ഞാൻ ശ്രീക്കുട്ടിയൊന്നും അല്ല..!! എനിക്ക് ഏട്ടനുമില്ല... നിങ്ങൾക്ക് വീട് മാറിയതാവും..." നിമ എടുത്തടിച്ചത് പോലെ പറഞ്ഞതും ശ്രീനാഥ് വെപ്രാളത്തോടെ പവിത്രയെ നോക്കി.... നിമിഷാർദ്ധത്തിനുള്ളിൽ അവനിൽ പടർന്ന വേദന തിരിച്ചറിഞ്ഞതു പോലെ വന്ദന മോളെ ചേർത്തു പിടിച്ചു കൊണ്ട് പവിത്ര നിമയ്ക്ക് അരികിലേക്ക് നടന്നു... കാരണം അവൾക്കറിയാമായിരുന്നു വർഷങ്ങളായി അവൻ മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹ സാഫല്യമാണ് ഒരു ചീട്ട് കൊട്ടാരം തകർന്നടിഞ്ഞ ലാഘവത്തോടെ നിമയുടെ വാക്കുകളാൽ തകർന്നു വീണതെന്ന്... "ഇ.. ഇത് കേശവൻ ചെറിയച്ഛൻ്റെ വീട് തന്നെയല്ലേ...??" സങ്കടത്തോടെ നിൽക്കുന്ന ശ്രീനാഥിൻ്റെ ചുമലിലേക്ക് കരങ്ങൾ ചേർത്തു കൊണ്ട് പവിത്ര ചോദിച്ചു.... "അതെ... കേശവൻ എൻ്റെ അച്ഛനാണ്..." നിമയുടെ ആ വാക്കുകൾ ഒരു ഹിമ കണം പോലെയാണ് എരിയുന്ന ശ്രീനാഥിൻ്റെ മനസ്സിലേക്ക് പതിഞ്ഞത്... "നിമ...!!"

ശ്രീനാഥിൻ്റെ ചുണ്ടുകൾ മൊഴിഞ്ഞു... ഇത് തൻ്റെ ശ്രീക്കുട്ടിയല്ല... നിമയെ കണ്ട് താൻ തെറ്റിദ്ധരിച്ചതാണ്... എനിക്കറിയാം എൻ്റെ ശ്രീക്കുട്ടിയായിരുന്നെങ്കിൽ എന്നെ ഉറപ്പായും തിരിച്ചറിഞ്ഞേനേം.... ശ്രീനാഥ് ഒരാശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു... "മോളെ നിമേ... നിനക്ക് രണ്ട് വയസ്സുള്ളപ്പോൾ കണ്ടതാ ഞാൻ... അന്ന് നിന്നെയും ശ്രീക്കുട്ടിയേയും ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാൻ..." ശ്രീനാഥ് സൗമ്യമായി പറഞ്ഞതും നിമ അവനെ അമ്പരപ്പോടെ നോക്കി.. "ചേട്ടനാരാ...??എ.. എൻ്റെ പേരെങ്ങനെ മനസ്സിലായി..??" അവൾ ആകാംഷയോടെ ചോദിച്ചു... "എല്ലാം പറയാം മോളെ... ആദ്യം ശ്രീക്കുട്ടിയെ ഒന്ന് വിളിക്കുമോ...?? കാണാൻ കൊതിയായി എനിക്കവളെ..." "ശ്രീക്കുട്ടിയെന്ന് പറയുന്ന ആരും ഇല്ല ഇവിടെ..." അവളുടെ മറുപടി കേട്ടതും ശ്രീനാഥിൻ്റെ മുഖത്ത് നിരാശ പടർന്നത് പവിത്രയും നിമയും ഒരേ പോലെ തിരിച്ചറിഞ്ഞിരുന്നു... "പ.. പക്ഷേ ചെറിയച്ഛൻ അവളെ കൂട്ടിക്കൊണ്ട് വന്നെന്നാണല്ലോ ഞാൻ അറിഞ്ഞത്..." ഇടർച്ചയോടെ പറയുമ്പോൾ പ്രതീക്ഷകളറ്റ പോലെ ശ്രീനാഥിൻ്റെ മിഴികൾ ഈറനണിഞ്ഞു... "മോളെ മോളുടെ വല്ല്യച്ഛൻ്റെ മകളല്ലേ ശ്രീക്കുട്ടി...?? ഇവിടെയില്ലെങ്കിൽ ആ കുട്ടി എവിടെയാണെന്ന് മോൾക്കറിയാമോ...??" പവിത്ര നിമയെ നോക്കി ചോദിച്ചു...

"ഓഹ്... നന്ദേച്ചിയെ അന്വേഷിച്ച് വന്നതാണോ...?? ശ്രീക്കുട്ടിയെന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായില്ല.... ശ്രീനന്ദയെന്നല്ലേ മുഴുവൻ പേര്..??" നിമ ചോദിച്ചതു കേട്ടതും തിളക്കമറ്റു പോയ ശ്രീനാഥിൻ്റെ മിഴികൾ വിടർന്നു... "അതെ... ശ്രീനന്ദ... എൻ്റെ ശ്രീക്കുട്ടി... അവൾ.. അവളെ വിളിക്കാമോ..??" ആവേശത്തോടെ പറയുന്നതിനൊപ്പം ശ്രീനാഥ് വീടിനകത്തേക്ക് എത്തി നോക്കി.... "നന്ദേച്ചി ഇപ്പോൾ ഇവിടെയില്ല... എവിയാണെന്ന് ഒക്കെ എനിക്കറിയാം... പക്ഷേ രാവിലെ കേറി വന്ന് ഏട്ടനാന്നൊക്കെ പറയുന്ന ഊരും പേരും അറിയാത്ത നിങ്ങളോട് ഞാനെന്തിന് നന്ദേച്ചിയുടെ വിവരം പറയണം...??" നിമ പുരികം ചുളിച്ച് എളിയിൽ കൈ വെച്ചു... "മോളെ നിമേ... ഊരും പേരും അറിയാത്തവനല്ല ഞാൻ...!! ഈ വിശേഷണം കേട്ട് ഒരുപാട് മടുത്തതാ എനിക്ക്.. നീയും കൂടി അങ്ങനെ പറയല്ലേ... താങ്ങാനാവുന്നില്ല ഏട്ടന്... ഞാൻ... ഞാൻ നിൻ്റെ ശ്രീധരൻ വല്ല്യച്ഛൻ്റെ മകനാ... ശ്രീനാഥ്... ശ്രീനന്ദയുടെ ഏട്ടൻ...." ശ്രീനാഥ് പറഞ്ഞതും നിമ തറഞ്ഞു നിന്നു പോയി.. അല്പ സമയം എന്തോ അലോചനയിലാണ്ട നിമ മുഖമുയർത്തി ശ്രീനാഥിനെ തന്നെ നോക്കി നിന്നു.... "ശ്രീ.. ശ്രീയേട്ടൻ....!! പതിനാല് വയസ്സിൽ നാടു വിട്ട..... നന്ദേച്ചിയുടെ ഏട്ടനാണോ ഇത്...??" നിമ അവശ്വസനീയതയോടെ ശ്രീനാഥിന് നേരെ വിരൽ ചൂണ്ടി... അതെ എന്ന അർത്ഥത്തിൽ ശ്രീനാഥ് നിറമിഴികളോടെ ശിരസ്സനക്കി... അവൻ നിധി പോലെ സൂക്ഷിച്ച് വെച്ചിരുന്ന കൈയ്യിലെ ആൽബമെടുത്ത് നിമയെ കാണിച്ചു..

അതിൽ ശ്രീനന്ദയുടെയും ശ്രീനാഥിൻ്റെയും നിമയുടെയും ഒക്കെ കുഞ്ഞായി ഇരുന്നപ്പോഴുള്ള ഫോട്ടോ കണ്ടതും നിമയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ സന്തോഷത്താൽ ഈറനണിഞ്ഞ മിഴികളോടെ ശ്രീനാഥിനെ നോക്കി... "വാ ശ്രീയേട്ടാ... ഏ.. ഏട്ടത്തീ കയറി വാ..." ചെറിയൊരു സങ്കോചത്തോടെ പവിത്രയെ ഒന്ന് നോക്കിയതിനു ശേഷം നിമ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.... "അച്ഛൻ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്.. കുട്ടിക്കാലത്ത് വല്ല്യച്ഛനുമായി വഴക്കിട്ട് നാടുവിട്ടു പോയ ശ്രീയേട്ടനെപ്പറ്റി... ഒരിക്കലും കാണാൻ കഴിയില്ലെന്നാ കരുതിയത്... പ.. പക്ഷേ പെട്ടെന്നൊരു ദിവസം ഇങ്ങനെ അപ്രതീക്ഷിതമായി കയറി വന്നപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല... ഇതറിഞ്ഞാൽ നന്ദേച്ചി.. എൻ്റെ നന്ദേച്ചി എത്ര മാത്രം സന്തോഷിക്കുമെന്ന് അറിയുമോ ഏട്ടന്...." തന്നോട് വാചാലയാവുന്ന നിമയെ നോക്കി ശ്രീനാഥ് ഒരു പുഞ്ചിരിയോടെ സോഫയിലേക്കിരുന്നു... തൊട്ടടുത്തായി നിറചിരിയോടെ കുഞ്ഞുമായി പവിത്രയും.. "ഏട്ടനോട് എന്താ സംസാരിക്കേണ്ടതെന്ന് പോലും അറിയില്ല... പറയാൻ വാക്കുകൾ കിട്ടുന്നില്ല... എനിക്ക് രണ്ട് വയസ്സുള്ളപ്പോഴല്ലേ ഏട്ടൻ നാട് വിട്ടത്...കണ്ട ഓർമ്മ പോലുമില്ല എനിക്ക്... പിന്നെ.. ഇത് ഏട്ടത്തിയാണല്ലേ... എൻ്റെ ഊഹം ശരിയല്ലേ..??" നിമ ചോദിച്ചതും അതെ എന്ന അർത്ഥത്തിൽ പവിത്ര ചിരിയോടെ അവളെ നോക്കി... "എന്താ വാവയുടെ പേര്...??" നിമ വാത്സല്യത്തോടെ ചോദിച്ചതും വന്ദനയെന്ന് പവിത്ര മറുപടി നല്കി..

നിമ ചിരിയോടെ ഓരോന്ന് സംസാരിക്കുമ്പോഴും ശ്രീനാഥിൻ്റെ മിഴികൾ വെമ്പിയത് ശ്രീനന്ദയെ കാണുവാനായിരുന്നു... ഇവിടെയില്ലെങ്കിൽ എവിടെയാകുമവൾ..?? സന്തോഷവതി ആയിരിക്കുമോ എൻ്റെ കുട്ടി...??? ഉള്ളിൽ ഉതിർന്നു വരുന്ന ചോദ്യങ്ങൾ ഹൃദയത്തെ ഉലച്ചതും പ്രതീക്ഷയോടെയവൻ നിമയെ നോക്കി.... "ഏട്ടന് നന്ദേച്ചിയെ കാണാൻ തിടുക്കമായി അല്ലേ...?? ചേച്ചി ഇപ്പോൾ ഇവിടെയില്ല.. കല്ല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിലാ..." നിമയുടെ ആ വാക്കുകൾ ഇടിത്തീ പോലെയാണ് ശ്രീനാഥിൻ്റെ നെഞ്ചിൽ പതിഞ്ഞത്... "ശ്രീ.. ശ്രീക്കുട്ടിയുടെ വിവാഹം കഴിഞ്ഞോ...??" ഞെട്ടലോടെ ചോദിക്കുമ്പോൾ അവളെ അനുഗ്രഹിക്കാൻ കഴിയാതെ പോയ ഹതഭാഗ്യനായ ഏട്ടനായി പോയല്ലോ താനെന്നോർക്കെയാണ് അവൻ്റെ നെഞ്ച് പിടഞ്ഞത്... "ആഹ് കഴിഞ്ഞു ഏട്ടാ... രണ്ട് ദിവസം ആയിട്ടേയുള്ളൂ നന്ദേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട്... നിൽക്ക് ഞാൻ എൻ്റെ ഫോണിലുള്ള നന്ദേച്ചിയുടെ വിവാഹ ഫോട്ടോ കാണിച്ചു തരാം... അപ്പോൾ ഏട്ടന് നന്ദേച്ചിയേയും ചേച്ചിയുടെ ഭർത്താവിനെയും ഒരുമിച്ച് കാണാമല്ലോ.." സന്തോഷത്തോടെ പറഞ്ഞു കൊണ്ട് നിമ ഫോണെടുക്കാൻ പോയതും ശ്രീനാഥിൻ്റെ മനസ്സ് എന്തിനെന്നില്ലാതെ ആകുലപ്പെടുകയായിരുന്നു.. അവൻ്റെയുള്ളിലെ ആത്മസംഘർഷം മനസ്സിലാക്കിയതു പോലെ പവിത്ര അവൻ്റെ കരങ്ങൾക്ക് മീതെ കരം ചേർത്തു.... "വിഷമമായോ ശ്രീയേട്ടാ... ശ്രീക്കുട്ടിയുടെ വിവാഹത്തിന് പങ്കെടുക്കാൻ പറ്റാഞ്ഞതോർത്ത്..??"

പവിത്ര ചോദിച്ചതും ശ്രീനാഥ് ദയനീയമായവളെ ഒന്ന് നോക്കി... "വൈകി പോയല്ലോ പവിയേ ഞാൻ...." വാക്കുകൾ അറിയാതെ ഇടറി... "സങ്കടപ്പെടാതെ ശ്രീയേട്ടാ... ശ്രീക്കുട്ടി ആരുടെയൊപ്പമാണെങ്കിലും സന്തോഷമായി കഴിയുന്നുണ്ടാകും... എൻ്റെ ശ്രീയേട്ടനെ പോലെ നല്ല മനസ്സുള്ള ഒരാളെ ആയിരിക്കും ശ്രീക്കുട്ടിയ്ക്കും കിട്ടിയിരിക്കുന്നത്... നമ്മുക്ക് ശ്രീക്കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലേക്ക് ഇന്ന് തന്നെ പോവാം.. ശ്രീക്കുട്ടിയെ കാണുകയും ചെയ്യാം..." പവിത്ര അവനെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞ വാക്കുകൾ ശ്രീനാഥിൻ്റെയുള്ളിൽ ചെറിയൊരാശ്വാസം വിതറി... അപ്പോഴേക്കും ഫോണുമെടുത്ത് നിമ അവർക്കരികിലേക്ക് നടന്നടുത്തിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀 ശ്രീനന്ദ കൈയ്യിൽ വെച്ച് തന്ന ആൽബത്തിലൂടെ മിഴികൾ പായിക്കുമ്പോൾ ലക്ഷ്മിയമ്മയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു... ചില സങ്കടങ്ങൾ വീണ്ടും മറനീക്കി മനസ്സിനെ മൂടുമ്പോൾ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു... "അമ്മേ... അമ്മയ്ക്കറിയുമോ ഈ പെൺകുട്ടിയെ... ഇത്.. ഇത് പൃഥ്വി സ്നേഹിച്ച കുട്ടിയാണോ...??" ശ്രീനന്ദ സങ്കോചത്തോടെയും സന്താപത്തോടെയും ചോദിച്ചു... "എന്തൊക്കെയാ മോളെ നീയീ പറയുന്നത്..?? ഇത് എൻ്റെ പവി മോളാണ്... ദേവൻ്റെ അനുജത്തി..." നിർവികാരതയോടെയുള്ള ലക്ഷ്മിയമ്മയുടെ വാക്കുകൾ കേട്ടതും ശ്രീനന്ദ തറഞ്ഞു നിന്നു... അവളുടെ ഉള്ളിൽ ഒരേ സമയം സന്തോഷവും ആശ്ചര്യവും നിറഞ്ഞു..

. "അന്നാലും അവൻ്റെ സഹോദരിയെ കണ്ട് മോളിങ്ങനെ തെറ്റിദ്ധരിക്കും എന്ന് ഞാൻ കരുതിയില്ല..." അവർ വേദനയോടെ പറഞ്ഞു കൊണ്ട് നടന്നകന്നതും ആ അമ്മയുടെ ഉള്ളുരുകുന്നതിൻ്റെ വ്യാപ്തി തിരിച്ചറിഞ്ഞതു പോലെയവൾ കുറ്റബോധത്തോടെ ശിരസ്സ് താഴ്ത്തി.... അമ്മയ്ക്ക് വിഷമമായോ ഈശ്വരാ.. ചോദിക്കേണ്ടായിരുന്നു... എപ്പോഴും ഇങ്ങനെയാ ഞാൻ... സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ എടുത്തു ചാടി എന്തെങ്കിലും ഒക്കെ കാണിക്കും... അത് തന്നെയാണല്ലോ പൃഥ്വിയുടെ കാര്യത്തിലും തനിക്ക് സംഭവിച്ചത്... ഇനിയും ഇപ്പോൾ ആ അമ്മയുടെ മുഖത്തെങ്ങനെ നോക്കും...?? ഞാനൊരു സംശയരോഗി ആണെന്ന് കരുതിക്കാണില്ലേ...?? ശ്രീനന്ദ സ്വയം പഴിച്ചു കൊണ്ട് മനസ്സിനെ ശാന്തമാക്കാൻ വേണ്ടി വരാന്തയിലേക്ക് നടന്നു... പൃഥ്വിയുടെ മനസ്സിൽ മറ്റാരും ഇല്ലെന്നറിഞ്ഞതോടെ ഉള്ളു നിറഞ്ഞ സന്തോഷം തോന്നുന്നതിനൊപ്പം അവൾക്ക് പവിത്രയോട് വല്ലാത്ത ദേഷ്യവും തോന്നി... ഒരമ്മയുടെ ദു:ഖം കാണാൻ ശ്രമിക്കാഞ്ഞതിൽ... ഒരേട്ടൻ്റെ കരുതൽ അവഗണിച്ചതിൽ.... ഒടുവിൽ എല്ലാവരെയും ഉപേക്ഷിച്ച് സ്വന്തം ഇഷ്ടം മാത്രം തേടി പോയതിൽ.... എങ്ങനെ സാധിച്ചു ആ കുട്ടിക്ക് ഏതോ ഒരുത്തൻ വന്ന് വിളിച്ചപ്പോൾ ഇത്രനാളും വളർത്തി വലുതാക്കിയവരെ ഉപേക്ഷിക്കാൻ..?? അതു കാരണമല്ലേ പൃഥ്വിക്ക് അച്ഛനെ നഷ്ടമായത്... അതു കൊണ്ടല്ലേ ഈ അമ്മയ്ക്ക് ഭർത്താവിനെ നഷ്ടമായത്...

ഒരുപക്ഷേ പവിത്ര ഇനിയും തിരികെ വന്നാലും പൃഥ്വി ആ കുട്ടിയോട് ക്ഷമിക്കുമോ...?? ഇല്ലായിരിക്കും... അത് ഈ അമ്മയുടെ വേദന കൂടാനല്ലേ ഉപകരിക്കൂ...?? അങ്ങനെയുള്ളപ്പോൾ ആ കുട്ടി ഇവിടേക്ക് വരാതിരിക്കുന്നതാവും നല്ലത്... എന്തായാലും തൻ്റെ മനസ്സിൽ കിടന്നെരിഞ്ഞ തീപ്പൊരിക്ക് ഒരാശ്വാസം കൈവന്നതു പോലെ അവൾക്ക് തോന്നി... അപ്പോഴും വീണ്ടും പൃഥ്വിയെ തെറ്റിദ്ധരിച്ചതോർത്ത് ഉള്ളൊന്നു ആളിയിരുന്നു... പൃഥ്വി കുളിച്ചിറങ്ങുന്നതിനു മുൻപ് ആ ആൽബം യഥാസ്ഥാനത്ത് തിരികെ വെയ്ക്കണമെന്നോർത്തവൾ ധൃതിയിൽ അകത്തേക്കോടി.... ആൽബവുമായി മുറിയിലേക്ക് കയറിയതും ജനലോരം നിന്ന് സിഗരറ്റ് ആഞ്ഞ് വലിക്കുന്ന പൃഥ്വിയെ കാൺകെ ഹൃദയമൊന്നു പിടഞ്ഞു... കരങ്ങൾ അറിയാതെ തന്നെ വിറച്ചു തുടങ്ങിയിരുന്നു... എങ്കിലും ധൈര്യം സംഭരിച്ചവൾ ശബ്ദമുണ്ടാക്കാതെ ആ ആൽബം തിരികെ ഷെൽഫിൽ വെച്ച് പിൻതിരിഞ്ഞതും കരങ്ങളിൽ പിടി വീണിരുന്നു... സംശയത്തോടെ ആൽബത്തിൽ നിന്ന് പിൻവലിച്ച അവൻ്റെ നോട്ടം ചെന്നവസാനിച്ചത് ശ്രീനന്ദയുടെ നേർക്കായിരുന്നു... "സോറി പൃഥ്വീ..." ശ്രീനന്ദ അവൻ്റെ കണ്ണുകളിലേക്കുറ്റു നോക്കി... ഒരുവേള താനും ആ കണ്ണുകളിലെ അനിർവ്വചനീയമായ മാന്ത്രികവലയത്തിനടിമപ്പെട്ടു പോകുകയാണോ എന്ന് പൃഥ്വി ഭയപ്പെട്ടു.... "എന്തിനാ സോറി..???" സ്വബോധം വീണ്ടെടുത്തവൻ പരുക്കനായി ചോദിച്ചു...

"ഞാൻ... ഞാൻ നിങ്ങളെ വീണ്ടും തെറ്റിദ്ധരിച്ചതിന്... ഈ ഫോട്ടോയിൽ ഉള്ളത് നിങ്ങളുടെ സഹോദരിയാണെന്ന് തിരിച്ചറിയാഞ്ഞതിന്... നിങ്ങളോട് ഞാൻ അത് നിങ്ങള് സ്നേഹിച്ച കുട്ടിയാണോന്ന് ഒക്കെ ചോദിച്ചില്ലേ.. അ.. അമ്മ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത് അത് അനുജത്തിയാണെന്ന്..." ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ പരിഭവത്തോടെ പറഞ്ഞതും പൃഥ്വിക്ക് ചിരി വന്നെങ്കിലും അവൻ പുറമേ പ്രകടിപ്പിച്ചില്ല... "അല്ല ഇനിയും അത് എൻ്റെ കാമുകിയെങ്ങാനും ആയിരുന്നെങ്കിലോ...??" അവൻ ഗൗരവത്താൽ പുരികമുയർത്തി... "ആണെങ്കിൽ വിട്ടു കൊടുക്കില്ല ഞാൻ ഒരു കാമുകിക്കും...!! ഞാൻ പറഞ്ഞിട്ടൊന്നും അല്ലല്ലോ നിങ്ങളെന്നെ കെട്ടിയത്... എൻ്റെ ചെറിയച്ഛനെയും ചെറിയമ്മയെയും പറഞ്ഞ് പേടിപ്പിച്ചിട്ട് സ്വന്തം ഇഷ്ടത്തിനായിരുന്നല്ലോ... അപ്പോൾ ജീവിതകാലം മുഴുവൻ എന്നെ തന്നെ അങ്ങ് സഹിച്ചാൽ മതി നിങ്ങൾ...." എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഒറ്റ ശ്വാസത്തിലവൾ പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദയുടെ നാവിൽ നിന്നും വന്നതൊക്കെ കേട്ട് അന്തിച്ചു നിൽക്കുകയായിരുന്നു പൃഥ്വി....!!

പൃഥ്വിയുടെ നോട്ടം കണ്ടപ്പോഴാണ് താനെന്തൊക്കെയാ പറഞ്ഞതെന്ന് ശ്രീനന്ദയ്ക്ക് തന്നെ ബോധ്യം വന്നത്... പൃഥ്വിയുടെ പ്രതികരണം എന്തെന്നറിയാൻ അവൾ മിഴികൾ ഉയർത്തി അവനെ നോക്കി... പക്ഷേ പ്രതീക്ഷിച്ചതു പോലെ അവൻ്റെ കണ്ണുകളിൽ ദേഷ്യമോ പകയോ ഒന്നുമില്ല.... "വേഗം താഴേക്ക് വാ... ഭക്ഷണം കഴിക്കാം..... എനിക്ക് വിശക്കുന്നുണ്ട്..." ശ്രീനന്ദ ഭാവഭേദമന്യേ പറഞ്ഞു... "അതെന്താ ഒരുമിച്ച് കഴിച്ചാലേ...." "ആഹ് അതെ ഒരുമിച്ച് കഴിച്ചാലേ എനിക്ക് ഇറങ്ങത്തുള്ളൂ തത്കാലം..." താൻ ചോദിച്ചു തുടങ്ങിയതും എടുത്തടിച്ചതു പോലെ മറുപടി പറയുന്നവളെ കാൺകെ അവൻ എന്ത് പറയണമെന്നറിയാതെ മൗനം പാലിച്ച് നിന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story