പക...💔🥀: ഭാഗം 11

paka

രചന: ഭാഗ്യ ലക്ഷ്മി

ശ്രീനന്ദയുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ പൃഥ്വിയൊന്നു പകച്ചു... അതേ പകപ്പോടെ അവളെ നോക്കുമ്പോൾ പൃഥ്വിയുടെ മുഖഭാവങ്ങൾ കാൺകെ അവൾക്ക് അറിയാതെ ചിരി വന്നിരുന്നു.. "ഇങ്ങനെയൊക്കെ സംസാരിക്കാൻ മാത്രം ധൈര്യമൊക്കെ ഉണ്ടായിരുന്നോ നിനക്ക്...??" അലമാരയിൽ നിന്നൊരു ഷർട്ട് എടുക്കുമ്പോൾ പൃഥ്വിയുടെ സ്വരം ശാന്തമായിരുന്നു... "എനിക്ക് ധൈര്യമൊക്കെ ഉണ്ട് പൃഥ്വീ... അതു കൊണ്ടാണല്ലോ മറ്റാരും നിങ്ങൾക്കെതിരെ നാവുയർത്താതിരുന്നപ്പോഴും അന്ന് ഞാൻ മൊഴി കൊടുത്തത്... പക്ഷേ എനിക്കിപ്പോഴും എൻ്റെ പ്രവർത്തി തെറ്റായിരുന്നോ ശരിയായിരുന്നോ എന്നറിയില്ല... അഥവാ നിങ്ങളാണ് ശരിയെങ്കിൽ ഞാൻ അറിയാതെ നിങ്ങളെ വേദനിപ്പിച്ചതോർത്ത് പശ്ചാതപിക്കുകയായിരുന്നു എൻ്റെ മനസ്സ്... അതു കൊണ്ടാ നിങ്ങൾക്ക് മുൻപിൽ താണു തന്നത്... പിന്നെയെപ്പോഴോ ഞാനും അറിയാതെ ആഗ്രഹിച്ചു പോയിരുന്നു നിങ്ങളെന്നെ സ്നേഹിച്ചിരുന്നെങ്കിലെന്ന്...." ഉള്ളിലുള്ളത് അതേ പോലെ തുറന്നു പറയുന്ന... തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന... തനിക്ക് ശരിയല്ലെന്ന് തോന്നുന്നതിനെതിരെ ശബ്ദമുയർത്തുന്ന പെണ്ണിനെ കാൺകെ അവൻ്റെ ഉള്ളിൽ അവളോട് നേരിയ ബഹുമാനം തോന്നിയിരുന്നു...

"എന്നിട്ട് പശ്ചാതപിച്ച് തീർന്നോ ഇത്ര പെട്ടെന്ന്...??" അവൻ്റെ സ്വരത്തിൽ പരിഹാസം ധ്വനിച്ചതും ശ്രീനന്ദയുടെ മുഖം മങ്ങിയിരുന്നു... "പക്ഷേ അതിൻ്റെ പേരിൽ നിങ്ങൾ എനിക്ക് ശിക്ഷയായി തന്നതല്ലേ എൻ്റെ കഴുത്തിൽ കിടക്കുന്ന ഈ താലി...?? അത് ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ...??" "ഓഹ് ശരിയാ... തീരെ ശരിയായില്ല അത്... എന്നാൽ ആ തെറ്റങ്ങ് ഞാൻ തിരുത്തിയേക്കാം.. വേഗം റെഡിയാവ് ഞാൻ നിന്നെ നിൻ്റെ വീട്ടിൽ ഇപ്പോൾ തന്നെ കൊണ്ട് വിട്ടേക്കാം..." പൃഥ്വി ലാഘവത്തോടെ പറഞ്ഞതും ശ്രീനന്ദയുടെ മിഴികൾ അറിയാതെ ഈറനണിഞ്ഞു... "നിങ്ങൾക്കപ്പോൾ എന്നോട് ഒരു തരി പോലും സ്നേഹം തോന്നുന്നില്ലേ പൃഥ്വീ...?? നിങ്ങളുടെ ഹൃദയം എന്താ കല്ലാണോ...??" അവൾ ഇടറിയ സ്വരത്തിൽ ചോദിക്കുമ്പോൾ ആ നെഞ്ചിലെ നോവ് പൃഥ്വി പറയാതെ തന്നെ തിരിച്ചറിഞ്ഞിരുന്നു... പൃഥ്വി ഒന്നും ഉരിയാടാതെ മൗനമായി നിന്നും അവൾ പിന്നീടൊന്നും ചോദിക്കാതെ താളം തെറ്റിയ ഹൃദയമിടിപ്പോടെ താഴേക്ക് നടന്നു.... അവൾ പോകും വഴിയേ നോക്കി നിന്നതും പൃഥ്വിയുടെ ഫോൺ റിംഗ് ചെയ്തു... "ഹലോ ദേവാ..." കാൾ അറ്റൻ്റ് ചെയ്തതും വിഹാൻ പറഞ്ഞു... "പറയെടാ...." "അല്ല നിൻ്റെ ഉത്തമ ഭർത്താവായിട്ടുള്ള അഭിനയമൊക്കെ എവിടെ വരെയായി...?? വല്ലോം നടന്നോ..?? ശ്രീനന്ദ മയങ്ങി വീണോ...??" "ഞാൻ അഭിനയിക്കേണ്ടി ഒന്നും വന്നില്ലെടാ... അല്ലാതെ തന്നെ അവൾ എന്നെ സ്നേഹിക്കുന്നുണ്ട്..." "വാട്ട്...??

അത് കൊള്ളാമല്ലോ...!! ഇനിയിപ്പോൾ നിൻ്റെ പ്ലാൻ പോലെ എല്ലാം നടക്കുമല്ലോ..." വിഹാൻ ഒരു ചിരിയോടെ പറഞ്ഞു... "എന്ത് പ്ലാൻ...??" പൃഥ്വി പുരികം പൊക്കി സംശയത്തോടെ ചോദിച്ചു... "നീയല്ലേ പറഞ്ഞത് സ്നേഹം നടിച്ച് ചതിയ്ക്കാൻ പോവാണെന്നൊക്കെ..." "ആഹ് അതപ്പോൾ മദ്യലഹരിയിൽ അങ്ങനെയൊക്കെ പറഞ്ഞെന്ന് വെച്ച്..." "ങേ... അപ്പോൾ നീയത് വെറുതെ പറഞ്ഞതാണോ...?" വിഹാൻ ആകാംഷയോടെ ചോദിച്ചു... "നീയെന്താ കരുതിയത് ഞാനത്രയ്ക്ക് ചെറ്റയാണെന്നോ...?? ഒരു പെണ്ണിനെ വിവാഹം കഴിച്ച് സ്നേഹം നടിച്ച് ചതിയ്ക്കാനും മാത്രം ദുഷ്ടനൊന്നുമല്ല ഞാൻ... പിന്നെ ആ സമയം രണ്ടെണ്ണം അടിച്ചതിൻ്റെ ഹാങ്ങോവറിൽ അങ്ങനെ എന്തോ പറഞ്ഞെന്ന് വെച്ച്...." "നീയെന്തിനാടാ എന്നോട് കിടന്ന് ചാടുന്നെ...?? ഞാനാണോ നിനക്കീ ഐഡിയ ഉപദേശിച്ചു തന്നത്...?? നീ തന്നെയല്ലേ എല്ലാം പറഞ്ഞത്..?? ഞാനപ്പോഴും നിന്നോട് പറഞ്ഞത് ശ്രീനന്ദയെ വെറുതെ വിട്ടേക്കാനല്ലേ...??" വിഹാൻ നീരസത്തോടെ ചോദിച്ചു.. "അതേടാ എനിക്കിപ്പോൾ അങ്ങനെ തന്നെയാണ് തോന്നുന്നത്... ആ ശ്രീനാഥ് കാരണം പവി എന്നിൽ നിന്നകന്നതിൻ്റെ പക തീർക്കാനാണ് അവൻ വർഷങ്ങളായി അന്വേഷിച്ചു നടക്കുന്ന അവൻ്റെ സഹോദരിയെ അവനിൽ നിന്നകറ്റണമെന്ന് ഞാൻ തീരുമാനിച്ചത്... ശ്രീനന്ദ അവൻ്റെ സഹോദരിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അപ്പോഴത്തെ ദേഷ്യത്തിൽ കാട്ടിക്കൂട്ടിയതാണ് എല്ലാം...

ഇപ്പോൾ തോന്നുന്നുണ്ട് എടുത്തു ചാടി ഒന്നും ചെയ്യണ്ടായിരുന്നുവെന്ന്... കാരണം ശ്രീനന്ദ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ..." അത് പറയുമ്പോൾ അവൻ്റെ വാക്കുകളിൽ വേദന നിറച്ചത് തൻ്റെ മുന്നും പിന്നും നോക്കാതെയുള്ള പ്രവർത്തിയാൽ തകർന്നുടഞ്ഞത് ഒരുവളുടെ ജീവിതമാണെന്ന തിരിച്ചറിവായിരുന്നു.... "ആ പെണ്ണൊരു പാവം ആണ്... നീയിങ്ങനെയൊന്നും ചെയ്യണ്ടായിരുന്നു... അവൾക്കും കാണില്ലായിരുന്നോ അവളുടെ വിവാഹത്തെ പറ്റി സ്വപ്നങ്ങൾ...!! എല്ലാം നീ ഒറ്റ ഒരുത്തൻ കൊണ്ട് തുലച്ചില്ലേ...??" "ഹും... അവളത്ര പാവമൊന്നുമല്ല...!!" സ്വരം കടുപ്പിച്ചത് പറയുമ്പോൾ പൃഥ്വിയുടെ മനസ്സ് അല്പം മുൻപത്തെ ഓർമ്മയിലേക്ക് സഞ്ചരിച്ചു... "ഇനിയും ഒന്നേ ചെയ്യാനുള്ളൂ... കെട്ടിയ താലി തിരിച്ചു മേടിച്ചിട്ട് അവളെ അങ്ങ് അവളുടെ വീട്ടിൽ തിരിച്ചു കൊണ്ട് വിട്ടേക്കട്ടെ...??" പൃഥ്വി ഗൗരവം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.. "നിനക്കൊന്ന് അങ്ങോട്ട് വെച്ച് തന്നാലുണ്ടല്ലോ...!! അവൻ തിരിച്ചു കൊണ്ട് വിടാൻ പോവാണെന്ന്...!!" പൃഥ്വിയുടെ ചോദ്യം കേട്ടതും വിഹാന് കലി കയറി... "എടാ ഇതെന്താ കുട്ടിക്കളിയാണെന്നാണോ നിൻ്റെ ധാരണ...?? നീ തട്ടിക്കൊണ്ട് വന്നതൊന്നുമല്ല അവളെ.. കൊണ്ട് വന്നതു പോലെ കൊണ്ട് വിടാൻ...

നീ ആ താലി അവളുടെ കഴുത്തിൽ നിന്നും തിരിച്ചഴിച്ചെടുത്താൽ അവസാനിക്കുമോ നിങ്ങൾ തമ്മിലുള്ള ബന്ധം...?? ഇനിയും അതങ്ങനെ നീ അവസാനിപ്പിച്ചാൽ തന്നെ നിൻ്റെ കൂടെ രണ്ടു ദിവസം പൊറുത്ത അവൾക്കിനിയും നല്ല വല്ല ആലോചനയും വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..??? മാത്രമല്ല നീ തന്നെ ഒരിക്കൽ പറഞ്ഞിട്ടില്ലേ പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അവളെ നിനക്ക് വിവാഹം കഴിപ്പിച്ച് തരാമെന്ന് പറഞ്ഞ അവളുടെ ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും അടുത്ത് അവൾ ഒട്ടും സുരക്ഷിത ആയിരിക്കില്ലെന്ന്... ഇനിയും നീയവളെ തിരികെ കൊണ്ട് വിട്ടാൽ നീ പണം കൊടുക്കാഞ്ഞതിൻ്റെ പക അവർ ശ്രീനന്ദയോട് കാട്ടില്ലേ..??" വിഹാൻ്റെ ചോദ്യങ്ങളോരോന്നും പൃഥ്വിയുടെ ഉള്ളിൽ തറച്ചു കയറി.... കാൾ കട്ട് ചെയ്ത് നീണ്ട ആലോചനയ്ക്ക് ശേഷം താഴേക്ക് നടക്കുമ്പോൾ പൃഥ്വി മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀 നിമ കൈയ്യിൽ വെച്ച് തന്ന ശ്രീനന്ദയുടെ വിവാഹ ഫോട്ടോ കാൺകെ ഒരു തരം ഞെട്ടലോടെ ശ്രീനാഥ് തറഞ്ഞിരുന്നു പോയി... കണ്ടത് വിശ്വസിക്കാനാവാതെ...!! മുഖം ചെരിച്ച് നോക്കിയതും പവിത്രയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ഇരുവരും ഒന്നും ഉരിയാടാൻ പോലുമാകാത്ത ഒരു തരം മരവിച്ച അവസ്ഥയിലായിരുന്നു....

താൻ കാണുന്നത് സ്വപ്നമായിരിക്കണേ എന്നിരുവരും ഒരുവേള ആത്മാർത്ഥമായി ആശിച്ചു പോയി... "ദാ ഇതാണ് നന്ദേച്ചി... എങ്ങനെയുണ്ട് നല്ല സുന്ദരിയല്ലേ...?? പിന്നെ ഇത് പൃഥ്വിയേട്ടൻ.. അ.. അല്ല പൃഥ്വി ദേവ്... നന്ദേച്ചിയെ വിവാഹം ചെയ്ത ആൾ..." നിമ ചിരിയോടെ അവരെ ശ്രീനാഥിന് പരിചയപ്പെടുത്തിയപ്പോൾ അവൻ്റെ മനസ്സിൽ ഇത്ര വർഷക്കാലം കാണാൻ കാത്തിരുന്ന അനുജത്തിയെ കണ്ട സന്തോഷമായിരുന്നില്ല മറിച്ച് തന്നെ ഈ ലോകത്തിൽ ഏറ്റവുമധികം വെറുക്കുന്നവനാണ് അവളുടെ കഴുത്തിൽ താലി കെട്ടിയതെന്ന തിരിച്ചറിവിനാൽ ഉടലെടുത്ത വേദനയായിരുന്നു... ശ്രീനാഥ് തകർന്ന ഹൃദയത്തോടെ നിസ്സഹായനായി പവിത്രയെ നോക്കിയതും തൻ്റെ ഏട്ടനാണ് ശ്രീനന്ദയെ വിവാഹം കഴിച്ചതെന്ന തിരിച്ചറിവ് ഉള്ളിൽ ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മുക്തയാകാനാവാതെ തളർന്നിരിക്കുകയായിരുന്നു അവളും... "പൃഥ്വി ദേവിൻ്റെ വീട് ഇവിടെ അടുത്ത് തന്നെയാ... ഞാൻ ലൊക്കേഷൻ അയച്ച് തരട്ടെ...??" നിമ ഉത്സാഹത്തോടെ ചോദിച്ചു... "വേണ്ട... അറിയാം..." പവിത്രയാണ് മറുപടി പറഞ്ഞത്... "അപ്പോൾ നന്ദേച്ചിയെ വിവാഹം കഴിപ്പിച്ചയച്ച വീട് ഏട്ടനും ഏട്ടത്തിയ്ക്കും അറിയുമോ...??" നിമയുടെ ചോദ്യത്തിൽ കൗതുകം നിറഞ്ഞു... പവിത്ര ഒന്നും മിണ്ടാതെ ശിരസ്സ് താഴ്ത്തി....

"അ... അന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മോളെ...??" ഉള്ളിൽ നുര പൊന്തിയ സങ്കടം നാവിനെ കുരുക്കിട്ട് നിർത്താൻ ശ്രമിക്കുമ്പോഴുമവൻ ഒരു വിധത്തിൽ പറഞ്ഞാപ്പിച്ചു.... "ഇത്ര പെട്ടെന്നോ...?? ഊണൊക്കെ കഴിഞ്ഞിട്ട് പോയാൽ മതി... പിന്നെ അച്ഛനുമമ്മയും പുറത്ത് പോയേക്കുവാ... അവർ തിരിച്ച് വരട്ടെ..." നിമ ഇരുവരെയും നോക്കി സന്തോഷത്തോടെ പറഞ്ഞു... "വേണ്ട മോളെ അല്പം തിരക്കുണ്ട്... എനിക്കെൻ്റെ ശ്രീക്കുട്ടിയെ കാണാൻ തിടുക്കമായി... അങ്ങോട്ടേക്കൊന്ന് പോകട്ടെ ഞാൻ വേഗം... പിന്നെ കുറച്ചു നാൾ ഈ നാട്ടിൽ തന്നെയുണ്ടാകും.. അടുത്ത് തന്നെ ചെറിയച്ഛനെയും ചെറിയമ്മയേയും കാണാൻ ഞങ്ങൾ വേറൊരു ദിവസം ഇവിടേക്ക് വരാം... പിന്നെ മോളുടെ നമ്പർ ഒന്ന് തന്നേക്ക്.... വീട്ടിൽ എത്തിയിട്ട് വിളിക്കാം...." ഉള്ളിലെ വേദന എത്ര മറച്ചു വെയ്ക്കാൻ ശ്രമിച്ചിട്ടും ശ്രീനാഥിൻ്റെ സ്വരം ഇടറിയിരുന്നു... നീറുന്ന നെഞ്ചോടെ ശ്രീനാഥും പവിത്രയും അവിടെ നിന്ന് പടിയിറങ്ങുമ്പോൾ തേടിയലഞ്ഞത് ഒരു കൈയ്യകലത്തിൽ കിട്ടിയിട്ടും ഒരു നോക്ക് കാണാനാവാഞ്ഞതിൻ്റെ സങ്കടം ഇരുവരെയും പൊതിഞ്ഞിരുന്നു.... "ശ്രീയേട്ടാ നിമയോട് പറഞ്ഞതു പോലെ ശ്രീയേട്ടൻ ശ്രീക്കുട്ടിയെ കാണാൻ പോവാണോ..??" കാറിലേക്ക് കയറിയതും പവിത്ര ഞെട്ടലോടെ ചോദിച്ചു... "പൃഥ്വി നമ്മളെ ആ പടിയ്ക്കകത്ത് കയറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ പവീ..??" ശ്രീനാഥ് ദയനീയമായി ചോദിച്ചതും അവൻ്റെ വേദന തിരിച്ചറിഞ്ഞതു പോലെ അവളുടെ ഉള്ളമൊന്നു ആളി... ഉള്ളു നീറിക്കൊണ്ടിരുന്ന ആ യാത്രയിൽ ഇനിയെന്തെന്ന ചോദ്യം ഇരുവരെയും വലയം ചെയ്തിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀

ശ്രീനന്ദ ഭക്ഷണവും വിളമ്പി ടേബിളിന് മുൻപിൽ സ്റ്റെയറിലേക്ക് മിഴികളും നട്ടിരിക്കുകയാണ്... നേരമേറെ കടന്നു പോയിട്ടും പൃഥ്വി താഴേക്കിറങ്ങി വരാത്തതവളെ നിരാശയിലാഴ്ത്തി... ഇനീം വരില്ലായിരിക്കുമോ...?? അവൾ തെല്ല് സങ്കടത്തോടെ മിഴികൾ പിൻവലിച്ച് അവനായി വിളമ്പി വെച്ച ഭക്ഷണത്തിലേക്ക് ഒരു മാത്ര നോക്കി.... പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതി എഴുന്നേല്ക്കാൻ തുടങ്ങിയതും സ്റ്റെയർ ഇറങ്ങി വരുന്ന പൃഥ്വിയെ കാൺകെ ഉള്ളം സന്തോഷത്താൽ തുടിച്ചിരുന്നു.... പൃഥ്വി തൻ്റെ അരികിലായ് സ്ഥാനമുറപ്പിച്ചതും തിളക്കമാർന്ന മിഴികളോടെയവൾ അവൻ ഭക്ഷണം കഴിക്കുന്നതും നോക്കിയിരുന്നു.... പൃഥ്വി താൻ കരുതിയതു പോലെ ഒരു തെമ്മാടിയോ ദുഷ്ടനോ ഒന്നുമല്ലെന്ന് അവളുടെ ഹൃദയം പലവുരു മന്ത്രിയ്ക്കുകയായിരുന്നു... "നീ കഴിയ്ക്കുന്നില്ലേ ശ്രീനന്ദാ..?? ഒരുമിച്ചിരുന്നു കഴിച്ചാലേ ഇറങ്ങൂന്നൊക്കെ പറഞ്ഞിട്ട്... എന്താ ഇപ്പോൾ ഒന്നും വേണ്ടേ...??" ഗൗരവത്തോടെയുള്ള അവൻ്റെ ചോദ്യം കേൾക്കെയാണ് സ്വപ്ന ലോകത്തിൽ നിന്നും ഞെട്ടിയുണർന്നതു പോലെയവൾ മിഴികൾ പിൻവലിച്ചത്.... മെല്ലെ പാത്രമെടുത്ത് ഭക്ഷണം വിളമ്പി കഴിക്കുമ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞിരുന്നു.... 🥀🥀🥀🥀🥀🥀🥀🥀

അന്ന് രാത്രിയും കടുത്ത വയറു വേദനയോടെ മുറിയിലേക്ക് കടന്നു വരുമ്പോൾ ശ്രീനന്ദയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു... ഒന്നു വിശ്രമിക്കാമെന്ന് കരുതി നേരത്തെ തന്നെ ഭക്ഷണം കഴിച്ച് ബെഡിൽ വന്നിരുന്ന് അല്പനേരം വയറിൽ പൊത്തിപ്പിടിച്ചു... ഇന്നലെ പൃഥ്വി ചൂടുവെള്ളം തന്നപ്പോൾ അല്പം ആശ്വാസമുണ്ടായിരുന്നു... ഇന്ന് വീണ്ടും എങ്ങനെയാ ബുദ്ധിമുട്ടിക്കുന്നെ...?? ഞാൻ തന്നെ പോയി അല്പം വെള്ളം ചൂടാക്കാം... പ്രയാസപ്പെട്ട് ബെഡിൽ നിന്നും എഴുന്നേറ്റതും മുറിയിലേക്ക് കടന്നു വരുന്ന പൃഥ്വിയെ കാൺകെ നിശ്ചലയായി തന്നെയിരുന്നു.... "നിൻ്റെ വയറു വേദന ഇതുവരെ മാറിയില്ലേ..??" ചുവന്നു കലങ്ങിയ കണ്ണുകളോടെയുള്ള തൻ്റെ ആ ഇരുപ്പ് കണ്ടിട്ടാകാം അത് ചോദിച്ചതെന്ന് ശ്രീനന്ദയ്ക്ക് തോന്നി.... ഒന്നും വേണ്ട... ഒന്നന്വേഷിച്ചല്ലോ... അത് ധാരാളം മതി.... ശ്രീനന്ദ നിറഞ്ഞ മനസ്സോടെ ഓർത്തു... "എന്ത് പറ്റിയതാ..?? ഇവിടുത്തെ ഭക്ഷണം പിടിയ്ക്കുന്നില്ലേ...??" തൻ്റെ അരികിലേക്കിരുന്നവൻ ചോദിച്ചതും ഇവിടെ വന്നതിനു ശേഷമാണ് താൻ വയറു നിറച്ച് ആസ്വദിച്ച് ഭക്ഷണം കഴിച്ചതെന്ന് അവളുടെ മനം മന്ത്രിച്ചു.... "ഞാൻ ചോദിക്കുന്നത് കേൾക്കുന്നില്ലേ ശ്രീനന്ദാ... എന്തു പറ്റി നിനക്ക്...?" മൗനം പാലിച്ച് ആലോചനയിലാണ്ടവളോട് അവൻ ചോദിച്ചു... "ഒ.. ഒന്നുമില്ല പൃഥ്വീ... കുഴപ്പമില്ല എനിക്ക്...." നേർത്ത സ്വരത്തിൽ മറുപടി കൊടുക്കുമ്പോഴും അവളുടെ മുഖം വേദനയാൽ ചുളിയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..

"ഞാൻ ചൂടുവെള്ളം എടുത്തിട്ട് വരാം.." അതും പറഞ്ഞ് പൃഥ്വി ധൃതിയിൽ താഴേക്ക് പോകുന്നതും നോക്കിയിരിക്കുമ്പോൾ അവനിലെ മനം മാറ്റം കണ്ടവൾ അമ്പരന്നു... രാത്രി അടുക്കളയിലേക്ക് നടക്കുന്ന പൃഥ്വിയെ കാൺകെയാണ് ലക്ഷ്മിയമ്മ അവൻ്റെ അടുത്തേക്ക് നടന്നത്... "എന്തു പറ്റി ദേവാ...?? എന്തെങ്കിലും വേണോ നിനക്ക്...??" "അത് നന്ദയ്ക്ക് വല്ലാത്ത വയറു വേദന... ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ... ഇന്നിപ്പോൾ വീണ്ടും... ഇന്നലെ ചൂടുവെള്ളം കുടിച്ചപ്പോൾ കുറഞ്ഞിരുന്നു... ഇനീം ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതാണോ എന്തോ...." പൃഥ്വി പറഞ്ഞു... "എടാ പൊട്ടാ കല്ല്യാണം കഴിച്ചാൽ മാത്രം പോരാ ഈ വക കാര്യങ്ങളെ പറ്റി കുറച്ച് അറിവും കൂടെ വേണം... മോൾക്ക് ഡേറ്റ് ആയതാവും... നീ കുറച്ച് ചൂടുവെള്ളം കൊടുത്തിട്ട് മോളുടെ വയറിൽ ഒന്ന് അല്പ നേരം തടവി കൊടുത്താൽ മതി... വേദന മാറിയ്ക്കോളും..." ലക്ഷ്മിയമ്മ അതും പറഞ്ഞ് പോയതും തലേ ദിവസം രാത്രി ദയനീയതയോടെ തന്നെ നോക്കിയ ശ്രീനന്ദയുടെ മുഖം അവൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു.... "ശെ!... ഇതായിരുന്നോ...?? എനിക്കൊട്ട് മനസ്സിലായും ഇല്ല..." ആരോടെന്നില്ലാതെ പറയുമ്പോൾ അവളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കാഞ്ഞതോർത്തവന് സ്വയം പുച്ഛം തോന്നി... സാരമില്ല... ഇന്നലെ ശ്രദ്ധിക്കാഞ്ഞതിൻ്റെ കുറവ് ഇന്ന് നികത്താം... അവൻ അതോർത്ത് വെള്ളം ചൂടാക്കാനായി അടുക്കളയിലേക്ക് നടന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story