പക...💔🥀: ഭാഗം 12

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വി ചൂടു വെള്ളവുമായി മുറിയിലേക്ക് നടന്നു... അകത്തേക്ക് കയറിയതും കണ്ടു വാടിയ താമര തണ്ട് പോലെ ബെഡിൽ തളർന്നുറങ്ങുന്ന ശ്രീനന്ദയെ... അവൻ അവളുടെ അടുത്തേക്ക് നടന്ന് മെല്ലെ ബെഡിലേക്കിരുന്നു... അവൻ്റെ കണ്ണുകൾ ആദ്യമുടക്കിയത് സാരി മറയായി കിടക്കുന്ന അവളുടെ വയറിലേക്കാണ്... ഛെ!... അമ്മ പറഞ്ഞെങ്കിലും അങ്ങനെ ചെയ്യണോ...?? ചിന്തകൾ നാനാവിധമായപ്പോൾ അവൻ അവളുടെ മുഖത്തേക്കൊന്നു നോക്കി... കരങ്ങൾ നെറ്റിമേൽ വെച്ച് മിഴികൾ പൂട്ടിയടച്ചാണ് കിടപ്പ്... പൃഥ്വി അവളിൽ നിന്നും മിഴികൾ അടർത്തി മാറ്റാതെ അല്പ നേരം ചിന്തയിലാണ്ടു... തൻ്റെ അടിവയറ്റിൽ നനുത്ത ഒരു സ്പർശനമേറ്റപ്പോഴാണ് ശ്രീനന്ദ മിഴികൾ വലിച്ച് തുറന്നത്... ബെഡിലേക്ക് കിടന്നതും അറിയാതെ ഒന്ന് മയങ്ങി പോയിരുന്നു... പരിഭ്രമത്തോടെ പിടഞ്ഞെണ്ണീറ്റതും തനിക്ക് പരിചിതമായൊരു പുരുഷഗന്ധം തന്നെ വലയം ചെയ്യും പോലെ... അല്പ നേരം വേണ്ടി വന്നു പൃഥ്വി തൻ്റെ അടിവയറ്റിൽ തടവുകയാണെന്ന് മനസ്സിലാക്കാൻ... അവൻ്റെ പ്രവർത്തിയാൽ പേരറിയാത്തൊരു വികാരത്താൽ ഒരുവേള ചലനമറ്റിരുന്നു പോയവൾ...!! ആദ്യത്തെ ഞെട്ടലിനപ്പുറം ആ കരങ്ങളിലെ ചൂട് തൻ്റെ വേദനയ്ക്ക് അല്പം ശമനം പകരും പോലെ തോന്നിയതും മൗനം പാലിയ്ക്കാനാണ് അവളുടെ ഹൃദയം പ്രേരിപ്പിച്ചത്..

. "ഈ വെള്ളം കുടിക്ക് ശ്രീനന്ദാ..." അവൾ ഉറ്റു നോക്കുന്നത് കണ്ടിട്ടാകണമവൻ പൊടുന്നനെ കരങ്ങൾ പിൻവലിച്ച് ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടിയത്... അവൻ്റെ കൈയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങുമ്പോൾ പൃഥ്വിയെ മനസ്സിലാക്കാനാവാതെ ഉഴലുകയായിരുന്നു അവളുടെ മനസ്സപ്പോൾ... പൃഥ്വിയുടെ മനസ്സലിഞ്ഞ് തുടങ്ങുന്നതിൻ്റെ സൂചനകളാണിതെന്ന് മനം മന്ത്രിച്ചതും എന്തിനെന്നറിയാത്തൊരു സന്തോഷം... ചുണ്ടിൽ വിരിഞ്ഞ അതേ പുഞ്ചിരിയോടെ അവനെ നോക്കുമ്പോൾ അവൾ പറയാതെ തന്നെ ആ മനസ്സ് വായിച്ചെടുക്കാൻ പൃഥ്വിയ്ക്ക് സാധിച്ചിരുന്നു... നിഷ്കളങ്കമായ ആ നോട്ടം കാണുന്തോറും അവളുടെ ജീവിതത്തിന് വിലയിട്ട് താനവളോട് ചെയ്തത് തെറ്റാണെന്ന് പൃഥ്വിയുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു... പക്ഷേ എന്നിട്ടുമവൾക്കെങ്ങനെയാണ് തന്നെ സ്നേഹിക്കാൻ സാധിക്കുന്നത്...?? സൗമ്യമായി സ്നേഹത്തോടെ താനൊരു വാക്കു പോലുമവളോട് ഇന്നോളം പറഞ്ഞിട്ടില്ല... തൻ്റെ പ്രവർത്തികളെല്ലാം അവളെ വേദനിപ്പിച്ചിട്ടേയുള്ളൂ... എന്നിട്ടുമവൾ തൻ്റെ സ്നേഹം ആഗ്രഹിക്കുന്നു...!! പൃഥ്വിയുടെ മനസ്സിലൂടെ പലതരം ചിന്തകൾ കടന്നു പോയി.... ശ്രീനന്ദ ആശ്വാസത്തോടെ ബെഡിലേക്ക് കിടന്നു... എത്ര ശ്രമിച്ചിട്ടും സ്വസ്ഥമായൊന്നു നിദ്രയെ പുൽകാനാവുന്നില്ല...

ഒരു നിശ്വാസത്തിൻ്റെ അകലത്തിൽ തന്നോട് ചാരെയായി ഇരിക്കുന്ന പൃഥ്വിയുടെ സാന്നിധ്യമാവാം തന്നെ പിൻതിരിപ്പിക്കുന്നതെന്നവൾ ഓർത്തു... മുഖം ചെരിച്ച് നോക്കിയതും ഒരു സിഗരറ്റ് ചുണ്ടോട് ചേർത്തവൻ തലയണയിൽ ചാരി വിദൂരതയിലേക്ക് മിഴികളും നട്ടിരിപ്പാണ്... "പൃഥ്വീ...." ശ്രീനന്ദ നേർത്ത ശബ്ദത്തിൽ വിളിച്ചതും തന്നിൽ തന്നെ കണ്ണുകൾ നട്ട് കിടക്കുന്നവളെ കാൺകെ അവൻ്റെ മിഴികൾ കുറുകി വന്നു... "എന്താ ഉറങ്ങുന്നില്ലേ...??" "മ്.. ച്ചും..." അവൻ ഗൗരവത്താൽ ചോദിച്ചതും അവൾ ചുമല് കുലുക്കിക്കൊണ്ട് മിഴികളൊന്നു ചിമ്മി... "അതെന്തേ..?? വയറ് നന്നായി വേദനിക്കുന്നുണ്ടോ...???" "ങും.. ഹും... അതല്ല... എൻ്റെ വേദനയൊക്കെ നിങ്ങള് തടവി തന്നപ്പോൾ തന്നെ മാറി..." "പിന്നെ...??" "എന്തോ.. എനിക്ക് ഉറക്കം വരുന്നില്ല.." "ഉറക്കം വരാത്തത് നല്ല സൂചനയാണ്.. നിന്നെ കിടത്തി ഉറക്കുന്നതിനോട് എനിക്കും വല്ല്യ താത്പര്യമൊന്നുമില്ല.. പക്ഷേ നിൻ്റെ ആരോഗ്യസ്ഥിതി ഒന്നിനും സമ്മതിക്കുന്നില്ലല്ലോ... ആദ്യരാത്രിയിൽ നിൻ്റെ മുറച്ചെറുക്കൻ ഉണ്ടാക്കിയ പ്രശ്നം... ഇന്നലെ രാത്രി മഴ നനഞ്ഞ് പ്രശ്നം.. ഇന്ന് രാത്രി ഈ പ്രശ്നം...!!" പൃഥ്വി അർത്ഥം വെച്ച് അവളെ നോക്കി പറഞ്ഞതും ശ്രീനന്ദ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പൊടുന്നനെ ഉള്ളിലൊരു മിന്നലേറ്റ പോലെയവൾ മിഴികൾ പിൻവലിച്ച് അവനിൽ നിന്ന് സ്വല്പം അകന്നു കിടന്നു...

പുതപ്പു മൂടി കണ്ണുകൾ ഇറുക്കിയടച്ചു... പുറത്ത് നിന്നും വന്നു കൊണ്ടിരുന്ന ഈറൻ കാറ്റ് ഇരുവരെയും ഒന്ന് തഴുകി തലോടി പോയി.... ആ കാറ്റിനൊപ്പം സിഗരറ്റിൻ്റെ രൂക്ഷം ഗന്ധം നാസികയിലേക്ക് വന്നതും ശ്രീനന്ദയുടെ മുഖം ചുളിഞ്ഞു... അവൾ ചെരിഞ്ഞു കിടന്ന് പൃഥ്വിയെ നോക്കി.... "പൃഥ്വീ...." അവൾ അസ്വസ്ഥതയോടെ വിളിച്ചതും പൃഥ്വി മൂളി... "എനിക്കീ സിഗരറ്റിൻ്റെ മണം ഇഷ്ടമല്ല തീരെ..." ശ്രീനന്ദ തെല്ലൊരനിഷ്ടത്തോടെ പറഞ്ഞു... "അതിന് നിന്നോട് വലിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ..." അവൻ ലാഘവത്തോടെ പറഞ്ഞതും ഇരച്ചു കയറി വന്ന ദേഷ്യത്തെ അവൾ അടക്കി നിർത്തി... "അതല്ല.... നിങ്ങൾ ഇവിടിരുന്നിങ്ങനെ ഇതും വലിച്ചോണ്ട് ഇരിക്കുവല്ല.. എനിക്ക് പറ്റുന്നില്ല..." അത് കേട്ടതും ബെഡിൽ നിന്നുമെഴുന്നേറ്റ് പോകാൻ തുടങ്ങിയ പൃഥ്വിയുടെ കരങ്ങളിൽ അവൾ പിടുത്തമിട്ടു... ഇനിയെന്താണെന്ന മട്ടിലവൻ അവളെ നോക്കി.... "ഞാൻ പറഞ്ഞത് മറ്റെവിടെങ്കിലും മാറി നിന്ന് വലിക്കാനല്ല... ഇത് എന്നന്നേക്കുമായി നിർത്താനാണ്..!!" പതിഞ്ഞ സ്വരത്താലത് പറയുമ്പോൾ അവളുടെ മിഴികളിൽ അപേക്ഷ നിറയുന്നതവൻ കണ്ടു... പൃഥ്വി മൗനം പാലിച്ച് നിശ്ചലനായി നിൽക്കുന്നത് കണ്ടതും അവൾ എഴുന്നേറ്റ് ആ സിഗരറ്റ് അവൻ്റെ കൈയ്യിൽ നിന്നും വാങ്ങി ധൃതിയിൽ നടന്ന് ജനാല വഴിയത് പുറത്തേക്കെറിഞ്ഞു... തിരികെ ബെഡിൻ്റെ അരികിലേക്ക് നടക്കുമ്പോൾ പൃഥ്വി ദേഷ്യപ്പെടുമോ എന്ന ഭയം ഉള്ളിൽ ഉടലെടുത്തെങ്കിലും ഭാവഭേദമന്യേ നിൽക്കുന്ന പൃഥ്വിയുടെ മുഖം ഉള്ളിൽ ആശ്വാസം വിതറി....

അതേ ആശ്വാസത്തോടെയവൾ ബെഡിലേക്ക് കിടന്നു... തൻ്റെ ചാരെയായി പൃഥ്വിയുണ്ടെന്ന തിരിച്ചറിവോടെ... 🥀🥀🥀🥀🥀🥀🥀🥀 "എന്തു പറ്റി ശ്രീയേട്ടാ...?? ഉറങ്ങുന്നില്ലേ...??" ബാൽക്കണിയിലെ കൈവരിയിൽ ഇറുകെ പിടിച്ചു കൊണ്ട് അസ്വസ്ഥമായ മനസ്സോടെ നിൽക്കുന്ന ശ്രീനാഥിനെ പിന്നിൽ നിന്നും ഇറുകെ പുണർന്നു കൊണ്ട് പവിത്ര അവൻ്റെ തോളോട് മുഖം ചേർത്തു... "ഏറെ നേരമായല്ലോ ഇങ്ങനെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്... മോൾ ഉണർന്നു കരഞ്ഞിട്ടു പോലും അറിഞ്ഞില്ലല്ലോ...." പവിത്ര പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞതും ശ്രീനാഥ് പിൻ തിരിഞ്ഞവളെ നോക്കി... "എന്താ ശ്രീയേട്ടാ.. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ...?? എന്തെങ്കിലും വയ്യായ്ക ഉണ്ടോ..??" പവിത്ര അവൻ്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ചു നോക്കി.... "അസുഖം ശരീരത്തിനല്ല പവീ...!! മനസ്സിനാണ്.... ഞാൻ... ഞാൻ നിമയെ വിളിച്ചിരുന്നു ... ശ്രീക്കുട്ടിയുടെ വിശേഷങ്ങൾ അറിയാനായി... ഇന്നവളെ കാണാൻ പോകാൻ പറ്റിയില്ലെന്നും പറഞ്ഞു..." "എന്നിട്ട് നിമയെന്തു പറഞ്ഞു..??" "നമ്മൾ കരുതിയതു പോലെ പൃഥ്വി എൻ്റെ ശ്രീക്കുട്ടിയെ ഇഷ്ടത്തോടെ വിവാഹം കഴിച്ചതല്ല പവീ... ശ്രീക്കുട്ടിയുടെ സമ്മതമില്ലാതെ നടന്ന വിവാഹമാ ഇത്... എൻ്റെ കുട്ടിയ്ക്ക് പൃഥ്വിയെ ഒട്ടും ഇഷ്ടമല്ല...

പൃഥ്വിയ്ക്ക് അവളോട് തീർത്താ തീരാത്ത പകയുണ്ടെന്നാ നിമയുടെ വാക്കുകളിൽ നിന്ന് മനസ്സിലായത്... ചെറിയച്ഛൻ അവളുടെ സമ്മതമില്ലാതെ നടത്തിയ വിവാഹമാണിത്... എൻ്റെ കുട്ടി നിറകണ്ണുകളോടാ കല്ല്യാണ മണ്ഡപത്തിൽ കയറിയത്... തിരികെ ഇറങ്ങുമ്പോൾ അവൾ ഒരുപാട് കരഞ്ഞിരുന്നു... ഒരു വേലക്കാരിയെ പോലെയായിരുന്നു എൻ്റെ ശ്രീക്കുട്ടി ചെറിയച്ഛൻ്റെ വീട്ടിൽ കഴിഞ്ഞത്... കുറ്റപ്പെടുത്തലും അവഗണനകളും മാത്രം നിറഞ്ഞ ജീവിതമായിരുന്നു അവളുടേത്... ഇത്ര നാളും എൻ്റെ ശ്രീക്കുട്ടി എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു... അതു കൊണ്ട് തന്നെ അവളെ ഈ ദുരിതത്തിൽ നിന്നൊന്നും രക്ഷിക്കാൻ എനിക്കായില്ല... പക്ഷേ ഇപ്പോൾ അവൾ എവിടെയാണെന്ന് അറിഞ്ഞിട്ടും വീണ്ടുമവളെ മറ്റൊരു നരകത്തിലേക്ക് തള്ളിവിടാൻ എനിക്കാവില്ല പവീ... പൃഥ്വി എൻ്റെ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... കാരണം അവന് പക അവളോടല്ല... എന്നോടാണ്...!!" "ശ്രീയേട്ടനെന്താ പറഞ്ഞു വരുന്നത്..?? ശ്രീക്കുട്ടിയും ശ്രീയേട്ടനും തമ്മിലുള്ള ബന്ധമറിഞ്ഞതിനു ശേഷം ശ്രീയേട്ടനോടുള്ള പക തീർക്കാൻ വേണ്ടിയാണ് പൃഥ്വിയേട്ടൻ ശ്രീക്കുട്ടിയെ വിവാഹം കഴിച്ചതെന്നാണോ...??" പവിത്ര ഞെട്ടലോടെ ചോദിച്ചതും ശ്രീനാഥ് അതെ എന്ന അർത്ഥത്തിൽ ശിരസ്സനക്കി... "ഒരിക്കലുമില്ല ശ്രീയേട്ടാ... എനിക്കറിയാം എൻ്റെ ഏട്ടനെ... പൃഥ്വിയേട്ടൻ അങ്ങനെ ഒരിക്കലും ചെയ്യില്ല..." പവിത്ര അതീവ ദു:ഖത്തോടെ പറഞ്ഞു.... "

നിനക്കറിയുന്ന പൃഥ്വിയല്ല ഇത്...!! അവൻ ഒരുപാട് മാറി... അഥവാ പൃഥ്വിയ്ക്ക് ദുരുദ്ദേശം ഒന്നുമില്ലായിരുന്നുവെങ്കിൽ ശ്രീക്കുട്ടിയ്ക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും അവനെന്തേ അവളുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയില്ല..?? കാരണം.. കാരണം അവൻ്റെ ലക്ഷ്യം എൻ്റെ ശ്രീക്കുട്ടിയുടെ കണ്ണീരാണ്..." ശ്രീനാഥ് വ്യഥയോടെ പറഞ്ഞവസാനിപ്പിച്ചതും പവിത്ര ആകെ തകർന്നു പോയി... "എന്തിനാ ശ്രീയേട്ടാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ...?? നമ്മളോടുള്ള ദേഷ്യത്തിന് ഒന്നുമറിയാത്ത ശ്രീക്കുട്ടിയെ വേദനിപ്പിക്കാനും മാത്രം ക്രൂരനല്ല എൻ്റെ ഏട്ടൻ... എനിക്കുറപ്പാ ശ്രീക്കുട്ടി സന്തോഷവതിയായിരിക്കും..." പവിത്ര അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... "പൃഥ്വി നിൻ്റെ സഹോദരനായതു കൊണ്ടാണ് പവീ നിനക്കിങ്ങനെ തോന്നുന്നത്... നിൻ്റെ കൂടെപ്പിറപ്പിനെ നിനക്ക് അവിശ്വസിക്കാൻ സാധിക്കില്ല... അതേ പോലെ തന്നെ എൻ്റെ കൂടെപ്പിറപ്പാണവൾ... അവൾ വേദനിക്കുന്നത് കാണാൻ എനിക്കും സാധിക്കില്ല... എങ്ങനെയും എനിക്കവളെ പൃഥ്വിയിൽ നിന്നും മോചിപ്പിച്ചേ മതിയാവൂ... എൻ്റെ കൂടെ കൊണ്ടു പോകണം എനിക്കവളെ... പൃഥ്വിയുടെ നിഴൽ പോലും ഏൽക്കാത്ത ഒരിടത്തേയ്ക്ക്..." ശ്രീനാഥ് ഉറച്ച സ്വരത്തിൽ പറഞ്ഞതും ആരെയാണ് വിശ്വസിക്കേണ്ടതെന്നറിയാതെ മനസ്സ് അസ്വസ്ഥമായപ്പോൾ അവൻ്റെ ഉള്ളുരുകുന്നതവൾ തിരിച്ചറിഞ്ഞിരുന്നു.... എന്തു തന്നെയായാലും തൻ്റെ ചെയ്തികൾ മൂലം ഒന്നുമറിയാത്തൊരു പാവം പെണ്ണിൻ്റെ ജീവിതം ബലിയാടാവരുതെന്നവൾ ചിന്തിച്ചു.... 🥀🥀🥀🥀🥀🥀🥀

മുറിയിലെ ഷെൽഫ് തുറന്നതും അടുക്കി വെച്ചിരിക്കുന്ന മദ്യക്കുപ്പികൾ കാൺകെ ശ്രീനന്ദയുടെ കണ്ണ് തള്ളി... അങ്ങേർക്ക് ഇവിടെ വല്ല ബാറും തുടങ്ങാനുള്ള പ്ലാനുണ്ടോ ഈശ്വരാ...?! എല്ലാം ബ്രാൻഡും ഉണ്ടല്ലോ... ശ്രീനന്ദ തെല്ലൊരാശങ്കയോടെ ഓർത്തു... എന്താ ഇപ്പോൾ ചെയ്യുക..?? ഇതിവിടെ ഇങ്ങനെ ഇരുന്നാൽ കുടിക്കാനുള്ള ടെൻഡൻസി കൂടത്തേയുള്ളൂ ഭർത്തു ദേവന്... ശ്രീനന്ദ അതോർത്ത് ഉള്ളിൽ ഒന്നൂറി ചിരിച്ചു കൊണ്ട് കുപ്പികളോരോന്നായി എടുത്ത് വാഷ് ബേസിനരികിലേക്ക് നടന്നു.... അങ്ങേരറിഞ്ഞാൽ എൻ്റെ തല കാണുമോ എന്തോ..?? അവസാന കുപ്പിയിലെ മദ്യവും വാഷ് ബേസിനിൽ ഒഴിച്ച് കളയുമ്പോൾ ശ്രീനന്ദയ്ക്കത് തോന്നാതിരുന്നില്ല... കാലിയായ മദ്യകുപ്പികളോരോന്നും ഷെൽഫിൽ പഴയ പടി അടുക്കി വെയ്ക്കുമ്പോൾ അവൾക്ക് വല്ലാത്ത ആത്മസംതൃപ്തി തോന്നി... ഇതിങ്ങനെ അടുക്കി വെച്ചതു കൊണ്ട് വല്ല കാര്യവും ഉണ്ടാകുമോ..?? ഇതു കൊണ്ട് ബോട്ടിൽ ആർട്ട് ചെയ്താലോ..?? അതുമല്ലെങ്കിൽ ചെടി വല്ലോം നട്ട് വളർത്തിയാലോ..?? കുറച്ച് ശുദ്ധവായുവെങ്കിലും കിട്ടട്ടെ... ശ്രീനന്ദ മദ്യ കുപ്പിയും കരങ്ങളിൽ പിടിച്ച് ചിന്തയിലാണ്ടതും അകത്തേക്ക് കടന്നു വന്ന പൃഥ്വി പകപ്പോടെ നോക്കി... ഇവളും കുടിക്കാറുണ്ടോ..?? അവൻ ചിന്തിച്ചു...

"സിഗരറ്റിൻ്റെ മണം പിടിയ്ക്കില്ലെന്നൊക്കെ പറഞ്ഞിട്ട്... മദ്യത്തിൻ്റെ മണം പിടിയ്ക്കുമോ നിനക്ക്...??" പരിഹാസം ധ്വനിച്ച പൃഥ്വിയുടെ സ്വരം കേട്ടതുമവൾ ഞെട്ടലോടെ മുഖം തിരിച്ച് നോക്കി... "അത്.. അത് പിന്നെ... നിങ്ങളിതിവിടെ ഇങ്ങനെ സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുന്ന കണ്ടപ്പോൾ ഒന്ന് ടേസ്റ്റ് ചെയ്യാൻ വേണ്ടി..." അവൾ എന്ത് പറയണമെന്നറിയാതെ ഉമി നീരിറക്കി... "എന്തിനാ ടേസ്റ്റ് ചെയ്യൽ മാത്രമാക്കുന്നെ...?? നീയിത്തിരി അച്ചാറും ഒരു പ്ലേറ്റ് മിച്ചറും ഇങ്ങെടുത്തോണ്ട് വാ... നമ്മുക്ക് ലാവിഷായിട്ട് രണ്ടെണ്ണം അടിക്കാമെന്നേ... ഇത്രേം കുപ്പി നിരന്നിരിക്കുവല്ലേ..." പൃഥ്വി പറഞ്ഞതുമവൾ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി... ഭഗവാനേ... കുടിക്കാനെടുക്കുമ്പോൾ ഇനിയും ഇതിലൊക്കെ ഒരു തുള്ളി പോലും ഇല്ലെന്നറിഞ്ഞാൽ... പൃഥ്വിയിവിടെയില്ലെന്ന ധൈര്യത്തിലാണ് അങ്ങേരെ നന്നാക്കണമെന്ന ഉദ്ദേശ്യത്തോടെ ഈ സാഹസത്തിന് മുതിർന്നത്...!! അയാൾക്ക് കയറി വരാൻ കണ്ട നേരം... ശ്രീനന്ദ നിന്ന് വിയർക്കുന്നതു കണ്ടതും പൃഥ്വിയുടെ മിഴികൾ കുറുകി... "ഇവിടുത്തെ എ സിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ...!! പിന്നെന്താ നീ നിന്ന് വിയർക്കുന്നത്...??" "അത്.. അതൊന്നുമില്ല... പിന്നെ... പിന്നെ നിങ്ങള് കുടിക്കണ്ട പൃഥ്വീ... എന്നെയോർക്കണ്ട... നിങ്ങളെ പ്രാണനേക്കാളേറെ സ്നേഹിക്കുന്ന ഒരമ്മയുണ്ടിവിടെ... ആ മനസ്സ് മാത്രം കാണാൻ ശ്രമിച്ചാൽ മതി... നിങ്ങള് ഇങ്ങനെയൊക്കെ മാറിപ്പോയതോർത്ത് ആ മാതൃഹൃദയം വേദനിക്കുന്നുണ്ടൊരുപാട്...

ഈ തല്ലും വഴക്കും ദുശ്ശീലങ്ങളും ഒക്കെ മാറ്റിവെച്ച് പഴയ പൃഥ്വിയായിക്കൂടെ..??" ശ്രീനന്ദ നേർത്ത സ്വരത്തിൽ പറഞ്ഞതും ഷെൽഫിലേക്ക് നീണ്ട കരങ്ങൾ പൃഥ്വി പിൻവലിച്ചു... അതു കണ്ടതും എന്തോ അവളുടെ മിഴികൾ ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞു... "അപ്പോൾ നിങ്ങൾക്കെന്നോട് ചെറിയൊരു ഇഷ്ടമൊക്കെ ഉണ്ടല്ലേ..?? അതു കൊണ്ടല്ലേ ഞാൻ പറഞ്ഞപ്പോൾ കേട്ടത്...??" ശ്രീനന്ദയുടെ സ്വരത്തിൽ ആനന്ദവും ആകാംഷയും ഒരേ പോലെ നിറഞ്ഞു.. "ഇല്ല.. എനിക്ക് നിന്നോട് ഒരിഷ്ടവുമില്ല...!! നീയല്ലേ പറഞ്ഞത് പഴയ പൃഥ്വിയാകാൻ... പഴയ പൃഥ്വിയുടെ ജീവിതത്തിൽ ശ്രീനന്ദയെന്ന് പറയുന്ന ആരുമില്ല...!!" പൃഥ്വി കടുപ്പിച്ച സ്വരത്തിലത് പറയുമ്പോഴും ആ കൺകോണിലെവിടെയെങ്കിലും ഒരു തരി സ്നേഹമെങ്കിലുമുണ്ടോ എന്ന പരതൽ വെറുതെയാണെന്ന് തിരിച്ചറിഞ്ഞതും അവളുടെ മുഖത്ത് നിരാശ പടർന്നു... ശരിയാ... അല്ലെങ്കിൽ തന്നെ ഞാനെന്തിനാണ് വെറുതെ ഓരോന്ന് പ്രതീക്ഷിക്കുന്നത്..?? അതെനിക്ക് വേദന മാത്രമേ സമ്മാനിക്കൂ... പൃഥ്വിയുടെ ഹൃദയത്തിൽ തനിക്കൊരു സ്ഥാനവുമില്ല... അവനിൽ നിന്നുമൊന്നും പ്രതീക്ഷിക്കരുതെന്നവൾ സ്വന്തം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു.... ഒന്നുമില്ലെങ്കിലും രണ്ടാഴ്ച എന്നെ ജയിലിൽ കിടത്തിയവളല്ലേ നീ... അത്ര പെട്ടെന്നൊന്നും നിന്നോടുള്ള സ്നേഹം സമ്മതിച്ചു തരാൻ പോകുന്നില്ല ഈ പൃഥ്വീ.. മരവിച്ച മനസ്സുമായി ശില പോലിരിക്കുന്നവളെ നോക്കിയതു ചിന്തിക്കുമ്പോൾ അവൻ്റെ ചൊടികളിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു....

ദിനങ്ങൾ കൊഴിഞ്ഞു പോയി... അന്നത്തെ പ്രഭാതത്തിൽ പാലയ്ക്കൽ തറവാടിന് മുൻപിലൊരു കാർ വന്നു നിന്നു... "ശ്രീയേട്ടാ ശ്രീയേട്ടൻ വണ്ടിയിൽ തന്നെയിരുന്നോ... പുറത്തേക്കിറങ്ങണ്ട... അഥവാ പൃഥ്വിയേട്ടൻ ഇവിടെയുണ്ടെങ്കിൽ ശ്രീയേട്ടൻ വീണ്ടും അപമാനിക്കപ്പെടുന്നതു കാണാൻ എനിക്കാവില്ല... ഏട്ടൻ എന്നെ ഈ പടി കയറ്റിയാൽ...ഞാൻ.. ഞാൻ പോയി ശ്രീക്കുട്ടിയോട് സംസാരിക്കാം... ഇത്രേം ദിവസങ്ങൾ ശ്രീക്കുട്ടിയെ ഓർത്ത് ഈ ഉള്ളുരുകുന്നത് കണ്ടതാ ഞാൻ... ഇനിയും നിങ്ങളുടെ ഈ വേദന കണ്ടു നിൽക്കാൻ എനിക്കാവില്ല... അതു കൊണ്ടാ ഞാൻ രണ്ടും കല്പ്പിച്ച് ഇവിടേക്ക് വരാൻ തുനിഞ്ഞത്... അഥവാ ശ്രീയേട്ടൻ വിശ്വസിക്കുന്നതു പോലെ പൃഥ്വിയേട്ടൻ്റെ ഉദ്ദേശ്യം ശ്രീക്കുട്ടിയെ വേദനിപ്പിക്കാനാണെങ്കിൽ അതിനീ പവിത്ര ഒരിക്കലും സമ്മതിക്കില്ല... തെറ്റ് ചെയ്തത് ഞാനാണെങ്കിൽ എന്നെ ശിക്ഷിച്ചോട്ടെ പൃഥ്വിയേട്ടൻ... അതിന് ഒന്നുമറിയാത്ത ശ്രീക്കുട്ടിയെ എന്തിന് ബലിയാടാക്കണം...?? ഞാൻ പോയി ശ്രീക്കുട്ടിയോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ ആദ്യം... എ.. എന്നിട്ട് ശ്രീയേട്ടൻ പുറത്തേക്കിറങ്ങിയാൽ മതി..." പവിത്ര അതും പറഞ്ഞ് വന്ദന മോളെ ശ്രീനാഥിൻ്റെ കൈയ്യിലേക്ക് കൊടുത്തിട്ട് കാറിൽ നിന്നിറങ്ങി....

"വേണ്ട പവീ... ഒരു ഭീരുവിനെ പോലെ ഒളിച്ചിരിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.. വരുന്നത് നമ്മുക്ക് രണ്ടാൾക്കും ഒരുമിച്ച് നേരിടാം... നീ ഒറ്റയ്ക്ക് പോകണ്ട..." ശ്രീനാഥ് അവളുടെ കൈയ്യിൽ ഇറുകെ പിടിച്ചു.... "വേണ്ട ശ്രീയേട്ടാ... പണ്ടൊരിക്കൽ ഈ വീടിനകത്തേക്ക് വന്നതോർമ്മയുണ്ടോ നിങ്ങൾക്ക്..?? അന്ന് എൻ്റെ അച്ഛൻ നിങ്ങളെ എത്ര മാത്രം അപമാനിച്ചതാണെന്ന് കണ്ടറിഞ്ഞതാ ഞാൻ... അന്ന് നിങ്ങളനുഭവിച്ച അപമാനത്തിൻ്റെ നോവ് ഒരു മുറിപ്പാടായി മായാതെ ഇന്നും എൻ്റെ ഈ നെഞ്ചിലുണ്ട്... ഇന്നു വീണ്ടും എൻ്റെ ഏട്ടൻ നിങ്ങളെ അപമാനിച്ചാൽ അത് താങ്ങാനാവില്ല ഈ പവിത്രയ്ക്ക്... ശ്രീയേട്ടൻ എന്നെ തടയരുത്... എനിക്ക് ശ്രീക്കുട്ടിയെ കണ്ട് സംസാരിച്ചേ മതിയാവൂ.. സാഹചര്യം അനുകൂലമാണെങ്കിൽ ഞാൻ ശ്രീയേട്ടനെ വന്നു വിളിക്കാം..." പവിത്ര അവൻ്റെ കരങ്ങളിൽ നിന്നും തൻ്റെ കരങ്ങളെ മോചിപ്പിച്ചു കൊണ്ട് അതും പറഞ്ഞ് ആ വലിയ ബംഗ്ലാവിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോകുന്നത് ശ്രീനാഥ് വർദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി നിന്നു... വിറയാർന്ന വിരലുകളാൽ കാളിംഗ് ബെൽ അമർത്തുമ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടയുകയായിരുന്നു... ഈ വീടും അതിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളും ഉള്ളത്തെ കുത്തി നോവിക്കാൻ തുടങ്ങിയപ്പോൾ അറിയാതെ മിഴികളിൽ നിന്നൊരു തുള്ളി മിഴിനീർ പൊടിഞ്ഞു... വരുന്നത് എന്ത് തന്നെയായാലും അത് നേരിടാനവൾ മനസ്സിനെ സജ്ജമാക്കി....

ഒരുപക്ഷേ ശ്രീയേട്ടനെയും കൂട്ടിയാൽ ഇവിടെ നടക്കാൻ പോകുന്നതൊന്നും താങ്ങാനുള്ള മനക്കട്ടി ആ പാവത്തിനുണ്ടാവില്ല... അക്ഷമയായി അടഞ്ഞ വാതിലിനു മുൻപിൽ നിൽക്കുമ്പോൾ പവിത്ര ഓർത്തു... വാതിൽ തുറന്നതും നെറ്റിയിൽ ചന്ദനക്കുറിയും നെറുകയിൽ സിന്ദൂരവുമായി കുളിച്ച് ഈറനോടെ നിൽക്കുന്ന ശ്രീനന്ദയെ പവിത്ര വിടർന്ന മിഴികളോടെ നോക്കി... എന്നാൽ പെട്ടെന്ന് തന്നെ ശ്രീനന്ദയുടെ മുഖത്തുണ്ടായ ഞെട്ടലും ആശ്ചര്യവും കലർന്ന സമ്മിശ്ര പാവം പവിത്രയിൽ സംശയമുണ്ടാക്കി.... "ശ്രീ... ശ്രീനന്ദയല്ലേ..??" പവിത്ര നിറചിരിയോടെ അവളെ നോക്കി ചോദിക്കുമ്പോൾ അപ്രതീക്ഷിതമായി പവിത്രയെ കണ്ട ഞെട്ടലിൽ തറഞ്ഞു നിൽക്കുകയായിരുന്നു ശ്രീനന്ദ... "ഞാൻ പവിത്ര... തനിക്കെന്നെ അറിയാൻ വഴിയില്ല... പൃഥ്വിയേട്ടൻ്റെ സഹോദരിയാണ്..." പവിത്ര സ്വയം പരിചയപ്പെടുത്തി പറയുമ്പോഴും അവൾക്ക് വേണ്ടി ഒരു പുഞ്ചിരി വിരിയിക്കാൻ വയ്യാത്ത വണ്ണം ശ്രീനന്ദയുടെ മുഖത്ത് മങ്ങലേറ്റിരുന്നു.. "താൻ... എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ... ഏട്ടൻ... ഏട്ടനുണ്ടോ ഇവിടെ..??" പവിത്ര തെല്ലൊരുൾഭയത്തോടെ ചോദിച്ചു... "എ.. എന്തിനാ ഇപ്പോൾ അന്വേഷിക്കുന്നത്..?? ഇപ്പോഴാണോ ഒരമ്മയും ഏട്ടനുമൊക്കെ ഉണ്ടെന്ന് പവിത്രയ്ക്ക് ഓർമ്മ വന്നത്...??" ശ്രീനന്ദ നീരസം കലർന്ന സ്വരത്തിൽ ചോദിച്ചതും പവിത്ര അവളുടെ ഭാവ മാറ്റം കണ്ട് ഞെട്ടി... "ശ്രീനന്ദാ... എന്തു പറ്റി..??

എന്താ നിനക്കെന്നോട് എന്തോ ദേഷ്യമുള്ളതു പോലെയൊക്കെ സംസാരിക്കുന്നത്.??" പവിത്രയുടെ സ്വരം ഇടറി... "ദേഷ്യം ഉള്ളതു കൊണ്ട് തന്നെ... ഒരമ്മയുടെ വേദന മനസ്സിലാക്കാഞ്ഞതിൽ... പൃഥ്വിയെ ഇപ്പോഴത്തെ ഈ മാനസികാവസ്ഥയിൽ ആക്കിയതിൽ... പൃഥ്വിയ്ക്ക് അച്ഛനെയും ആ അമ്മയ്ക്ക് ഭർത്താവിനെയും നഷ്ടമാക്കിയതിൽ....." ശ്രീനന്ദയുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഇടകലർന്നിരുന്നു... പവിത്ര ഒന്നും മിണ്ടാതെ തല താഴ്ത്തി..... "എൻ്റെ പൃഥ്വിയെ ഇത്തരത്തിലൊരു മാനസികാവസ്ഥയിൽ എത്തിച്ചത് പവിത്രയല്ലേ... ഇപ്പോഴെന്തു പറ്റി..?? എല്ലാവരെയും വന്ന് അന്വേഷിക്കാൻ...?? എന്തേ കൂടെ കൊണ്ടുപോയവൻ ഉപേക്ഷിച്ചോ...???" "നിർത്ത്....!!" ശ്രീനന്ദയ്ക്ക് നേരെ കൈയ്യുയർത്തി അതു പറയുമ്പോൾ പവിത്രയ്ക്കും നിയന്ത്രണം നഷ്ടമായിരുന്നു.... "ഇത്രയൊക്കെ പറയാൻ മാത്രം നിനക്കൊന്നുമറിയില്ല ശ്രീനന്ദാ..." പവിത്ര ദേഷ്യം നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു.... "അല്ലെങ്കിലും എനിക്ക് നിന്നെ കുറിച്ചറിയാനും താത്പര്യമില്ല... ഇന്നലെ കണ്ട ഏതോ ഒരുത്തൻ വന്നു വിളിച്ചപ്പോൾ വളർത്തി വലുതാക്കിയവരുടെ നെഞ്ചിൽ ചവിട്ട് ഇറങ്ങിപ്പോയവളല്ലേ നീ..??

ഊരും പേരും അറിയാത്ത ഒരുത്തൻ്റെ കൂടെ പോയിട്ട് എന്തിനാ ഇപ്പോൾ ഏട്ടനെയും അമ്മയെയും ഒക്കെ അന്വേഷിച്ചു വന്നത്...???" പരിഹാസം നിറഞ്ഞ ശ്രീനന്ദയുടെ സ്വരം കേൾക്കെ പവിത്രയ്ക്ക് കോപം ഇരച്ചു കയറി... "ഇനിയും ഒരക്ഷരം എൻ്റെ ശ്രീയേട്ടനെ പറ്റി പറഞ്ഞാൽ ഈ പവിത്രയുടെ കൈയ്യിലെ ചൂടറിയും നീ...." കനലെരിയുന്ന മിഴികളോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി പവിത്രയത് പറയുമ്പോൾ ശ്രീനന്ദയുടെ മുഖവും ദേഷ്യത്താൽ ചുവന്നിരുന്നു.... "ഓഹോ.. നീയപ്പോൾ എന്നെപ്പറ്റി എല്ലാം അറിഞ്ഞിട്ട് തന്നെയാണല്ലേ ഇവിടെ താമസിക്കുന്നത്...?? അപ്പോൾ പിന്നെ പ്രത്യേകിച്ച് നിനക്കിനിയും എന്നെ പരിചയപ്പെടുത്തി തരേണ്ടല്ലോ ശ്രീനന്ദാ... പക്ഷേ നീയറിഞ്ഞത് ഇവിടെയുള്ളവർ പറഞ്ഞ് കേട്ട കഥകൾ മാത്രമാണ്... അതിനപ്പുറം നിനക്കൊന്നും അറിയില്ല...." പുച്ഛം നിറഞ്ഞ സ്വരത്താൽ പവിത്രയതു പറയുമ്പോൾ ശ്രീനന്ദയുടെ മിഴികളിൽ സംശയം നിറഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story