പക...💔🥀: ഭാഗം 13

paka

രചന: ഭാഗ്യ ലക്ഷ്മി

"നിൻ്റെ മനസ്സിൽ വളർത്തി വലുതാക്കിയവരെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുവൻ്റെ കൂടെ പോയ സ്വന്തം അച്ഛൻ്റെ മരണത്തിനു കാരണമായ ഒരുവളുടെ ചിത്രമാണ് എന്നെപ്പറ്റി പതിഞ്ഞിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി ശ്രീനന്ദാ... നീ എന്നെപ്പറ്റി എങ്ങനെ ധരിച്ചാലും അതെന്നെ ബാധിക്കുന്ന കാര്യവുമല്ല... കാരണം ഞാൻ മറ്റുള്ളവർ എന്നെപ്പറ്റി എന്ത് ചിന്തിയ്ക്കുമെന്നോർത്ത് വ്യാകുലപ്പെടുന്ന ഒരാളല്ല... പിന്നെ എന്തോ നീ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ പറയണമെന്ന് തോന്നുന്നു..." പവിത്ര പറഞ്ഞു തുടങ്ങിയതും ശ്രീനന്ദയുടെ മനസ്സിലെ സംശയങ്ങൾക്ക് ആക്കം കൂടിയിരുന്നു.. "നാല് വർഷങ്ങൾക്ക് മുൻപാണ് ഞാനെൻ്റെ ശ്രീയേട്ടനെ കാണുന്നത്... എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യനായിരുന്നു അദ്ദേഹം... ചെറുപ്പത്തിൽ തന്നിൽ നിന്നുമകന്നു പോയ തൻ്റെ സഹോദരിയെ കണ്ടെത്താൻ വർഷങ്ങൾക്ക് ശേഷം എവിടെ നിന്നോ അന്വേഷിച്ചറിഞ്ഞ വിവരത്താൽ ഈ നാട്ടിലേക്ക് വന്നതായിരുന്നു അദ്ദേഹം... അദ്ദേഹവുമായുള്ള കണ്ടുമുട്ടലുകളും കൂടിക്കാഴ്ച്ചകളും എൻ്റെയുള്ളിൽ പ്രണയത്തിനു വഴിമാറിയപ്പോഴും എന്നെ അർഹിക്കുന്നില്ലെന്ന് പറഞ്ഞ് എൻ്റെ ശ്രീയേട്ടൻ എന്നെ പിൻതിരിപ്പിയ്ക്കാൻ മാത്രമാണ് ശ്രമിച്ചത്...

പക്ഷേ അദ്ദേഹത്തിനെ അങ്ങനെ വിട്ടു കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു... അദ്ദേഹത്തിൻ്റെ പിന്നാലെ നടന്ന് ആ സ്നേഹം ഞാൻ പിടിച്ച് വാങ്ങി എന്ന് പറയുന്നതാവും ശരി... ഒടുവിൽ എന്നോടുള്ള ഇഷ്ടം അദ്ദേഹം തുറന്നു പറഞ്ഞപ്പോൾ ഞാനത് ആദ്യമറിയിച്ചത് എൻ്റെ അച്ഛനെ ആയിരുന്നു.. അച്ഛൻ്റെ ആവശ്യപ്രകാരം പെണ്ണ് ചോദിക്കാനായി ഞാൻ ശ്രീയേട്ടനെ ഇവിടേക്ക് വിളിച്ചു... എൻ്റെ ഇഷ്ടം എല്ലാവരും അംഗീകരിച്ചപ്പോൾ എനിക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു... പക്ഷേ ആ സന്തോഷത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് ഞാൻ ശ്രീയേട്ടൻ ഇവിടെ എത്തിയതിനു ശേഷം മാത്രമാണ് അറിഞ്ഞത്.... അച്ഛൻ്റെ ലക്ഷ്യം ശ്രീയേട്ടനെ അപമാനിക്കുക മാത്രമായിരുന്നു... ശ്രീയേട്ടന് ചൂണ്ടിക്കാണിക്കാൻ ഒരു കുടുംബമില്ലാത്തതായിരുന്നു എൻ്റെ അച്ഛൻ കണ്ട കുറവ്... കുടുംബ മഹിമയുടെയും തറവാടിത്തത്തിൻ്റെയും പേര് പറഞ്ഞ് എൻ്റെ അച്ഛൻ അദ്ദേഹത്തെ ആക്ഷേപിക്കുമ്പോൾ തിരികെ ഒരക്ഷരം പോലും പറയാതെ നിറകണ്ണുകളോടെ ആ മനുഷ്യൻ നിന്ന ചിത്രം ഇന്നും ഒരു നോവായി എൻ്റെ ഹൃദയത്തിലുണ്ട്.... അതു കൊണ്ടും തീർന്നില്ല അച്ഛൻ്റെ വാശി.. അച്ഛൻ പറഞ്ഞ പ്രകാരം തൊട്ടു പിന്നാലെയായി അച്ഛൻ്റെ സുഹൃത്തും അയാളുടെ മകനും ഇവിടെയെത്തി...

ശ്രീയേട്ടൻ്റെ മുൻപിൽ വെച്ച് സുഹൃത്തിൻ്റെ മകനുമായി എൻ്റെ കല്ല്യാണമുറപ്പിയ്ക്കുന്ന അച്ഛനെ കാൺകെ ശ്രീയേട്ടനുമായി ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ ഞാൻ ആകെ തകർന്നു പോയിരുന്നു... അച്ഛൻ എന്നെയും ശ്രീയേട്ടനെയും ഒരേ പോലെ ചതിയ്ക്കുകയായിരുന്നു എന്ന് മനസ്സിലായതും എനിക്ക് ശ്രീയേട്ടനെയാണ് ഇഷ്ടമെന്ന് എല്ലാവർക്കും മുൻപിലും ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ.... അച്ഛൻ്റെ കാൽക്കൽ വീണപേക്ഷിച്ചു ശ്രീയേട്ടനെ അംഗീകരിക്കാൻ... ആ നല്ല മനസ്സ് കാണാൻ.... എന്നാൽ അച്ഛൻ്റെ പണത്തിനോടുള്ള ആർത്തി മൂത്ത് എന്നെ പെണ്ണ് ചോദിക്കാൻ വന്നവരെ അന്ധമായി വിശ്വസിക്കുകയും ശ്രീയേട്ടനെ ആട്ടിയിറക്കുകയും ചെയ്തു അച്ഛൻ... എന്നിട്ടും മതിയാവാതെ പറമ്പിലെ പണിക്കാരെ വിട്ട് എൻ്റെ ശ്രീയേട്ടനെ പട്ടിയെ തല്ലും പോലെ തല്ലി ചതയ്ക്കുക കൂടി അച്ഛൻ ചെയ്തപ്പോൾ താങ്ങാനായില്ല എനിക്ക്.. അലമുറയിട്ട് ശ്രീയേട്ടൻ്റെ അടുത്തേക്ക് ഓടിയടുക്കും മുൻപേ എൻ്റെ ഇരു കവിളുകളിലും അച്ഛൻ്റെ കൈപ്പത്തി പതിഞ്ഞിരുന്നു.... പിന്നീടുള്ള ദിനങ്ങൾ നാല് ചുവരുകളാൽ തീർത്ത തടങ്കലിലായിരുന്നു ഞാൻ... ഏട്ടനോടും അമ്മയോടും അപേക്ഷിച്ചു ശ്രീയേട്ടനെ അംഗീകരിക്കാനും നിശ്ചയിച്ചുറപ്പിച്ച എൻ്റെ വിവാഹം നടത്തരുതെന്നും...

എന്നാൽ അച്ഛൻ്റെ വാക്കായിരുന്നു എല്ലാവർക്കും വലുത്.. പട്ടിണി കിടന്നു ഞാൻ... അലറിക്കരഞ്ഞു ദിവസങ്ങളോളം... എൻ്റെ ആ അവസ്ഥ എല്ലാവരെയും വേദനിപ്പിക്കുമ്പോഴും എൻ്റെ ശ്രീയേട്ടനെ അംഗീകരിക്കാൻ മാത്രം ആരും തയ്യാറായില്ല... എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഞാനൊരിക്കൽ ശ്രീയേട്ടനെ വിളിച്ചപ്പോൾ എന്നെ സ്വന്തമാക്കാൻ ഒരർഹതയും ഇല്ലെന്ന് പറഞ്ഞ് ചങ്ക് പൊടിയുന്ന വേദനയോടെ തന്നെ മറന്നേക്കാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്... ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ച് മറ്റൊരാൾക്ക് മുൻപിൽ തലകുനിയ്ക്കാൻ ആവാത്തതു കൊണ്ട് ഒടുവിൽ എൻ്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എൻ്റെ ഈ ജന്മം അവസാനിപ്പിക്കാൻ തീരുമാനിച്ചു ഞാൻ... എന്നാൽ കഴുത്തിലേക്ക് കുരുക്ക് മുറുക്കുന്ന എന്നെക്കണ്ട് വാതിൽ തുറന്ന പൃഥ്വിയേട്ടൻ സ്തംഭിച്ച് നിന്നു.. ആത്മഹത്യ ചെയ്യാനൊരുങ്ങിയ എന്നെ പിൻതിരിപ്പിയ്ക്കുമ്പോൾ ഞാൻ കണ്ടിരുന്നു ആ കണ്ണുകളിൽ എന്നോടുള്ള സ്നേഹം.... ആ കാൽക്കൽ ഒരു പൊട്ടിക്കരച്ചിലോടെ വീഴുമ്പോൾ ഞാൻ പറഞ്ഞത് എനിക്ക് ശ്രീയേട്ടനെ മതിയെന്ന് മാത്രമായിരുന്നു... മോഹം നൽകിയിട്ട് സ്നേഹിക്കാൻ പഠിപ്പിച്ചിട്ട് പ്രതീക്ഷകൾ കൊടുത്തിട്ട് ആ മനുഷ്യനെ വഞ്ചിയ്ക്കാൻ എനിക്കാവില്ലായിരുന്നു...

ശ്രീയേട്ടൻ്റെ അഭാവത്താൽ ഇന്നല്ലെങ്കിൽ അടുത്ത ദിവസം ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന് തോന്നിയതിനാലാവണം ആ രാത്രിയിൽ പൃഥ്വിയേട്ടൻ എൻ്റെ കൈയ്യും പിടിച്ച് വീട്ടിൽ നിന്നിറങ്ങിയത്... ശ്രീയേട്ടൻ്റെ കൈയ്യിൽ എന്നെ ഏല്പ്പിച്ച് മടങ്ങുമ്പോൾ പൃഥ്വിയേട്ടൻ പറഞ്ഞത് എവിടെയെങ്കിലും പോയി ജീവിയ്ക്കാനാണ്.. ബാക്കിയൊക്കെ നോക്കിക്കൊള്ളാമെന്നും.. ആ വാക്കുകൾ എനിക്ക് പകർന്ന ആശ്വാസം ചെറുതല്ലായിരുന്നു.. എന്നാൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ അപമാനഭാരം താങ്ങാനാവാത്ത അച്ഛൻ്റെ വാശിക്ക് മുൻപിൽ തോൽവി സമ്മതിച്ച് പൃഥ്വിയേട്ടൻ എന്നെ ശ്രീയേട്ടൻ്റെ അടുത്ത് നിന്നും തിരികെ വിളിച്ചു കൊണ്ട് വന്നു.. അച്ഛനെ പറഞ്ഞ് മനസ്സിലാക്കാമെന്ന ഉദ്ദേശ്യത്തോടെ... പക്ഷേ അപ്പോഴും നിശ്ചയിച്ച വിവാഹം നടത്തും എന്ന തൻ്റെ തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതെ നിൽക്കുന്ന അച്ഛനു മുൻപിൽ ഞാൻ തളർന്നു പോയി... കൈയ്യിലെ ഞരമ്പ് മുറിയ്ക്കാൻ ശ്രമിച്ച് ഞാൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയതും പൃഥ്വിയേട്ടനോ അച്ഛനോ പിന്നെ ഒന്നും പറഞ്ഞില്ല... ഞാൻ ശ്രീയേട്ടനൊപ്പം തന്നെ പോയി... എന്നാൽ അന്നുണ്ടായ അപമാനഭാരത്താൽ ഞങ്ങളെയെല്ലാം വിട്ട് എന്നന്നേക്കുമായി അച്ഛൻ പോകുമെന്ന് ഞാനോ ശ്രീയേട്ടനോ ചിന്തിച്ചില്ല..

ആ ദു:ഖം പൃഥ്വിയേട്ടന് എന്നോടോ ശ്രീയേട്ടനോടോ ഉള്ള പകയായി പരിണമിക്കുമെന്നും... അച്ഛൻ്റെ മരണമറിഞ്ഞ് കാണാൻ ചെന്ന എന്നെയും ശ്രീയേട്ടനെയും പൃഥ്വിയേട്ടൻ ആട്ടിയിറക്കുമ്പോൾ തകർന്നു പോയിരുന്നു ഞങ്ങൾ ഇരുവരും.. പിന്നീടിന്നേ വരെ വരാൻ ധൈര്യപ്പെട്ടിട്ടില്ല ഞാൻ ഈ വീട്ടിലേക്ക്..." പറഞ്ഞവസാനിപ്പിക്കുമ്പോൾ പവിത്രയുടെ സ്വരമിടറുന്നതും മിഴികൾ ഈറനണിയുന്നതും ശ്രീനന്ദ തിരിച്ചറിഞ്ഞിരുന്നു.... ''ഇനിയും പറയ് ശ്രീനന്ദാ... ഞാൻ ചെയ്തത് തെറ്റാണോ..?? മറ്റെന്ത് ചെയ്യണമായിരുന്നു ആ അവസ്ഥയിൽ ഞാൻ... എനിക്ക് കഴിയില്ലായിരുന്നു ഒരു പ്രതീക്ഷയും ഇല്ലാത്തവൻ്റെ ജീവിതത്തിലേക്ക് കടന്ന് ചെന്ന് മോഹം നൽകിയിട്ട് അദ്ദേഹത്തെ വഞ്ചിയ്ക്കാൻ... ആ മനുഷ്യനെ വഞ്ചിച്ചാൽ ഞാൻ സ്വയം എന്നെ തന്നെയാണ് വഞ്ചിയ്ക്കുന്നത് ശ്രീനന്ദാ..." പവിത്ര വിങ്ങിപ്പൊട്ടുന്നതു കണ്ടതും എന്തു പറയണമെന്നറിയാതെ ശ്രീനന്ദ തറഞ്ഞു നിന്നു... അല്പം മുൻപ് സത്യാവസ്ഥ എന്തെന്നറിയാതെ പവിത്രയോട് അങ്ങനെയൊക്കെ സംസാരിച്ചതോർത്തപ്പോൾ ശ്രീനന്ദയുടെ മനസ്സ് വേദനയാലും മനസ്ഥാപത്താലും നീറി.... അപ്പോൾ പൃഥ്വി... പൃഥ്വിയാണോ..?? പവിത്രയെ അവളുടെ ശ്രീയേട്ടൻ്റെ കൈയ്യിലേല്പ്പിച്ചത്...?? ശ്രീനന്ദയ്ക്ക് കേട്ടതൊക്കെ അവിശ്വസനീയമായി തോന്നി...

അപ്പോൾ പ്രണയിക്കുന്ന മനസ്സുകളെ മനസ്സിലാക്കാനുള്ള വിശാലതയൊക്കെ അങ്ങേരുടെ ഹൃദയത്തിനുണ്ടോ ഈശ്വരാ.. ഓർക്കവേ അറിയാതെയുള്ളമൊന്നു തുടിച്ചു.... ശ്രീയേട്ടൻ്റെ അനുജത്തിയാണെന്ന് തോന്നത്തേയില്ല... ആ ശാന്തതയും സൗമ്യതയുമൊന്നുമില്ലല്ലോ ഇവളുടെ സ്വഭാവത്തിൽ... ശില പോലെ നിൽക്കുന്ന ശ്രീനന്ദയെ നോക്കി ചിന്തിക്കുമ്പോൾ പവിത്രയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.. ങും... പൃഥ്വിയുടെ അനുജത്തി തന്നെ... അതേ ശൗര്യവും ശൈലിയും സംസാരത്തിലും ഭാവത്തിലുമെല്ലാം... വിരലുകൾ സാരിത്തലപ്പിൽ മുറുകുമ്പോൾ പവിത്രയെപ്പറ്റി ചിന്തിക്കുകയായിരുന്നു ശ്രീനന്ദ... "നിനക്ക് എന്നെപ്പറ്റിയുള്ള കാഴ്ച്ചപ്പാടിനെ മാറ്റാനൊന്നും ഞാനാഗ്രഹിക്കുന്നില്ല ശ്രീനന്ദാ..." ഒട്ടൊരു നേരം ചുറ്റിനും തളം കെട്ടി നിന്ന നിശബ്ദതയെ ദേദിച്ചു പവിത്രയുടെ സ്വരമുയർന്നു... "പിന്നെ എന്തിനാ എന്നോടിതൊക്കെ പറഞ്ഞത്...?? എന്തായലും പവിത്രയോട് എനിയ്ക്കിപ്പോൾ ദേഷ്യമൊന്നുമില്ല... ഇവിടുത്തെ അമ്മയുടെ വേദനയും പൃഥ്വിയുടെ മാനസികാവസ്ഥയും ഒക്കെ കണ്ട് ഞാനുമാകെ വല്ലാത്ത മരവിച്ച ഒരവസ്ഥയിലായിരുന്നു... അതു കൊണ്ടാ അപ്രതീക്ഷിതമായി കണ്ടപ്പോൾ പെട്ടെന്നങ്ങനെയൊക്കെ പറഞ്ഞ് പോയത് പവിത്രാ... പിന്നെ എന്തു തന്നെയായാലും ഒരാൾക്ക് വേണ്ടി പവിത്രയ്ക്ക് എല്ലാവരെയും ഉപേക്ഷിക്കേണ്ടി വന്നില്ലേ...??" "നീയാണെങ്കിൽ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി മറ്റെന്തും ഉപേക്ഷിക്കില്ലേ ശ്രീനന്ദാ..??

പൃഥ്വിയേട്ടനെ ഉപേക്ഷിച്ച് നാളെയൊരിക്കൽ കൂടെ ചെല്ലാൻ പറഞ്ഞ് നിൻ്റെ കുടുംബത്തിലൊരാൾ വന്നാൽ നീയെൻ്റെ ഏട്ടനെ ഉപേക്ഷിക്കുമോ അതോ കുടുംബക്കാരെ ഉപേക്ഷിക്കുമോ...??" ഉറച്ച സ്വരത്തിലുള്ള പവിത്രയുടെ ചോദ്യം ഹൃദയത്തിൽ തറച്ചതും മറുപടി നല്കാനാവാതെ ശ്രീനന്ദ ഒരു നിമിഷം തറഞ്ഞു നിന്നു പോയി... "എനിക്ക് പോകേണ്ടി വരില്ല പവിത്രാ.. കാരണം എന്നെ അന്വേഷിച്ചു വരാൻ നിന്നെപ്പോലെ എനിക്കങ്ങനെയൊരു കുടുംബമില്ല... നിന്നെപ്പോലെ അച്ഛൻ്റെയും അമ്മയുടെയും ചേട്ടൻ്റെയും വാത്സല്യമനുഭവിച്ച് വളരാനുള്ള ഭാഗ്യവുമുണ്ടായില്ല..." അല്പ നേരത്തെ മൗനത്തെ ഭേദിച്ചൊരു മങ്ങിയ ചിരി അവൾക്ക് സമ്മാനിച്ച് ശ്രീനന്ദയതു പറയുമ്പോൾ ജീവനു തുല്ല്യം സ്നേഹിക്കുന്നൊരു ഏട്ടൻ നിനക്കുണ്ടെന്ന് അവൾക്ക് നേരെ അലറി വിളിയ്ക്കാനാണ് പവിത്രയ്ക്ക് തോന്നിയത്... പക്ഷേ തനിക്കൊരു ഏട്ടനുണ്ടെന്ന് പോലുമോർമ്മയില്ലാത്ത ശ്രീനന്ദയോട് എന്ത് പറയണമെന്നറിയാതെ വേദനയോടെ മൗനം പാലിയ്ക്കുമ്പോൾ തന്നെ ശ്രീനന്ദ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീനാഥിൻ്റെ മുഖം പവിത്രയുടെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പ്പിച്ചു... "എൻ്റെ ചോദ്യത്തിന് നീയിപ്പോഴും ഉത്തരം നല്കിയില്ല ശ്രീനന്ദാ...

അഥവാ അങ്ങനെ ആരെങ്കിലും വന്നാൽ നീയെൻ്റെ ഏട്ടനെ ഉപേക്ഷിക്കുമോ...??" പവിത്ര വീണ്ടും ചോദ്യമാവർത്തിച്ചതും ശ്രീനന്ദയുടെ മുഖം മങ്ങിയിരുന്നു... തന്നെ പ്രതിസന്ധിയിലാക്കുകയെന്നതാണ് പവിത്രയുടെ ലക്ഷ്യമെന്നവൾ നെഞ്ചുലഞ്ഞ വ്യഥയോടെ ഓർത്തു... "ഒരിക്കലും ഇല്ല പവിത്ര... ആർക്കു വേണ്ടിയും പൃഥ്വിയെ ഉപേക്ഷിക്കാൻ എനിക്കാവില്ല... പക്ഷേ നീയൊരിക്കലും എന്നെയും നിന്നെയും താരതമ്യം ചെയ്യരുത്... എനിക്ക് പൃഥ്വിയെ ഉപേക്ഷിക്കാൻ കഴിയാത്തത് പൃഥ്വിയെൻ്റെ ഭർത്താവായതു കൊണ്ടാണ്... പക്ഷേ നീ ചെയ്തതിനെ ഇതുമായി താരതമ്യം ചെയ്ത് നിൻ്റെ ഭാഗത്തെ ന്യായീകരിക്കാൻ നിനക്കാവില്ല..." ക്ഷണ നേരത്തിനുള്ളിൽ ശ്രീനന്ദ നല്കിയ മറുപടി കേട്ടതും പവിത്രയുടെ ചുണ്ടിൽ പുച്ഛത്തോടെയൊരു ചിരി വിരിഞ്ഞു.. "നിനക്ക് തെറ്റി ശ്രീനന്ദാ... പൃഥ്വിയേട്ടനെ നിനക്കുപേക്ഷിക്കാൻ സാധിക്കാത്തത് ഏട്ടൻ നിൻ്റെ ഭർത്താവായതു കൊണ്ടല്ല മറിച്ച് പൃഥ്വിയേട്ടൻ നിൻ്റെ പ്രണയമായതു കൊണ്ടാണ്...!!! അതല്ലേ സത്യം...???? അതു തന്നെയാണ് എനിക്കും സംഭവിച്ചത്...!! മറ്റു പലർക്കും സംഭവിക്കുന്നതും...!!" പവിത്ര ഉറക്കെ വിളിച്ചു പറയുമ്പോൾ ചുറ്റിനും മുഴങ്ങുന്ന ഒച്ചയിൽ ശ്രീനന്ദ മറുപടി നല്കാനാവാത്ത വിധം പകച്ചു പോയിരുന്നു....

പവിത്ര പറഞ്ഞതാണ് സത്യമെന്ന് ഇതിനോടകം തന്നെ ഹൃദയം ആയിരം ആവർത്തി ഉരുവിട്ടിരുന്നു.. ശ്രീനന്ദ ഒന്നുമുരിയാടാനാവാതെ ശിരസ്സ് കുനിയ്ക്കുമ്പോൾ പവിത്ര നിറചിരിയോടവളുടെ ചുമലിലേക്ക് കൈ വെച്ചു... പവിത്രയുടെ സ്നേഹത്തോടെയുള്ള സമീപനം ശ്രീനന്ദയുടെ ഉള്ളിലും എന്തെന്നില്ലാത്ത ആശ്വാസത്തിന് വഴിമാറി... "സത്യത്തിൽ ഞാനിപ്പോൾ വന്നത് അമ്മയേയോ ഏട്ടനെയോ കാണാനല്ല ശ്രീനന്ദാ... നിന്നെ കാണാനും സംസാരിക്കാനും വേണ്ടിയാണ്... നീയുമായുള്ള സംഭാഷണത്തിൽ നിന്നു തന്നെ എനിക്ക് മനസ്സിലായി എൻ്റെ ഏട്ടന് നിൻ്റെ ഹൃദയത്തിലുള്ള സ്ഥാനം... അതിലെനിക്ക് ഒരുപാട് സന്തോഷവുമുണ്ട്... തിരികെ നിന്നെയും ഇതേ തീവ്രതയോടെ എൻ്റെ ഏട്ടൻ സ്നേഹിക്കുന്നുണ്ടോ..?? അതാണ് എനിക്കറിയേണ്ടത്..!! നിങ്ങൾ രണ്ടാളും സന്തോഷത്തോടെയാണോ ജീവിക്കുന്നത്...?? ഇതു മാത്രമറിഞ്ഞാൽ മതിയെനിക്ക്..." പവിത്രയുടെ ആകാംഷ നിറഞ്ഞ ചോദ്യത്താൽ ശ്രീനന്ദയുടെ മനസ്സിനേറ്റ മുറിവിൻ്റെ ആഴം വർദ്ധിച്ചു... പൃഥ്വിയുടെ ഹൃദയത്തിൽ തനിക്കൊരു സ്ഥാനവുമില്ലെന്ന ചിന്ത അവളെ അസ്വസ്ഥയാക്കി... "എന്തു പറ്റി ശ്രീനന്ദാ... എന്താ നീയൊന്നും പറയാത്തത്..?? ഏട്ടൻ നിന്നെ ഇഷ്ടത്തോടെ തന്നെ വിവാഹം കഴിച്ചതല്ലേ...??"

"പൃഥ്വി വരാറായി പവിത്രാ... നിന്നെ ഇവിടെ കണ്ടാൽ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയില്ല.. അതുകൊണ്ട് ദയവായി എത്രയും വേഗം തിരികെ പോകൂ..." അങ്ങനെ പറഞ്ഞ് പവിത്രയുടെ ചോദ്യങ്ങളിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുമ്പോൾ തനിയ്ക്കും പൃഥ്വിയ്ക്കും ഇടയിലുള്ള അകൽച്ച മൂന്നാമതൊരാളെ അറിയിക്കാൻ ശ്രീനന്ദ താത്പര്യപ്പെട്ടിരുന്നില്ല... തന്നെ എങ്ങനെയും ഒഴിവാക്കാനാണ് ശ്രീനന്ദയുടെ ശ്രമമെന്നോർക്കെ പവിത്രയ്ക്ക് ഉള്ളിൽ നേരിയ വേദന തോന്നിയിരുന്നു.... തനിക്കീ വീട്ടിൽ ഒരു സ്ഥാനവും ഇല്ലെന്ന് തോന്നിയതിനാലാവണം ഒരു യാത്ര പറയാൻ പോലും മെനക്കെടാതെ മൗനം പാലിച്ച് മരവിച്ച മനസ്സോടെ പവിത്ര പിൻതിരിഞ്ഞ് നടന്നത്... പവിത്ര പോകുന്നത് കാൺകെ എന്തു കൊണ്ടോ ശ്രീനന്ദയുടെ കൺകോണിലും നേരിയൊരു നനവു പടർന്നു... "പവിത്രാ...." പെട്ടെന്ന് തോന്നിയ ഉൾപ്രേരണയാൽ ശ്രീനന്ദ വിളിച്ചതും പവിത്രയുടെ കാലടികൾ നിശ്ചലമായി.... ശ്രീനന്ദ ഓടി അവളുടെ ചാരേക്കെത്തി.... "നീയെന്നെ കാണാൻ വന്നതാണെന്നല്ലേ പറഞ്ഞത്..?? നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ... പൃഥ്വിയെ സംബന്ധിച്ചല്ലാതെ മറ്റെന്തെങ്കിലും..." ശ്രീനന്ദ പറഞ്ഞു വന്നതു പാതി വഴിയിൽ നിർത്തിയതും പവിത്ര അതെ എന്ന അർത്ഥത്തിൽ ശിരസ്സനക്കിയിരുന്നു....

"നാളെ... നാളെ രാവിലെ ഒരു എട്ടു മണിയാകുമ്പോഴേക്കും നിനക്ക് ഇവിടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വരാമോ...??" ശ്രീനന്ദ ഉത്കണ്ഠയോടെ ചോദിച്ചതും പവിത്ര വരാമെന്ന അർത്ഥത്തിൽ മൂളി.... "നമ്മുക്ക് അവിടെ വെച്ച് സംസാരിക്കാം ശ്രീനന്ദാ.. നിന്നോട് പറയാൻ പലതും ബാക്കി വെച്ചിട്ടാണ് ഈ യാത്ര... അപ്പോൾ നാളെ രാവിലെ കാണാം..." തൻ്റെ കരം കവർന്നു കൊണ്ട് അതും പറഞ്ഞവസാനിപ്പിച്ച് പവിത്ര നടന്നകലുന്നതും ഗേറ്റിനു വെളിയിലായി പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് പോയി മറയുന്നതും ശ്രീനന്ദ നോക്കി നിന്നു... 🥀🥀🥀🥀🥀🥀🥀🥀🥀 രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥമായൊന്നു കണ്ണടയ്ക്കാൻ ആവുന്നില്ല... പവിത്ര പറയാൻ ബാക്കി വെച്ചതെന്താണെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നു... പവിത്രയെ ധൃതി വെച്ച് പറഞ്ഞയക്കേണ്ടി വന്നു... അവളെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്നൊരമ്മയുണ്ട് ഇവിടെ എന്നു താൻ മനപൂർവ്വം മറന്നതാണോ..??? നാളെ എന്തായാലും അമ്മയെയും ഒപ്പം കൂട്ടണം... പക്ഷേ ഒന്നും പൃഥ്വി അറിയരുത്...!! ശ്രീനന്ദ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു... അന്നാലും അവൾക്ക് കുറച്ചഹങ്കാരം ഉണ്ട്... ലോകത്താർക്കും ഭർത്താക്കന്മാർ ഇല്ലാത്ത പോലെയാണല്ലോ അവളുടെ ഭർതൃ സ്നേഹം...

അവളുടെ ശ്രീയേട്ടനെപ്പറ്റി പറഞ്ഞാൽ അവളെന്നെ തല്ലുമെന്ന് വരെ പറഞ്ഞില്ലേ...?? അവളുടെ ശ്രീയേട്ടനെന്താ ശ്രീരാമൻ വല്ലോം ആണോ..?? ഇത്രേം നല്ല മനുഷ്യനെ വേറെ കണ്ടിട്ടില്ല പോലും... എന്തായാലും നാളെ കാണണം ആ അവതാരത്തെ കൂടി... പ്രിയതമയുടെ ഒപ്പം വരാതിരിക്കില്ലല്ലോ... ശ്രീനന്ദ ഓരോന്നോർക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നു... എന്നാലും പൃഥ്വി മാത്രമെന്താ ഇങ്ങനെയായി പോയത്...?? പവിത്രയുടെ മനസ്സ് കാണാൻ കഴിഞ്ഞ ആളല്ലേ...?? അങ്ങേരെ ഇത്ര മാത്രം സ്നേഹിക്കുന്ന എൻ്റെ മനസ്സൊന്നു കാണാനുള്ള ഹൃദയ വിശാലത മാത്രമില്ലേ ദേവീ.. പറഞ്ഞറിയിക്കാനാവാത്തൊരു നോവ് ഓരോ അണുവിലും പടരുന്നതവളറിഞ്ഞു... അവ നീർത്തുള്ളികളായി മിഴികളിൽ നിന്നുമടർന്ന് കവിളിണകളെ തഴുകിയതും മിഴിനീരിൻ്റെ ഉപ്പുരസം നാവിൽ തട്ടി... പൃഥ്വി കൂടി കൈവിട്ടാൽ തനിയ്ക്കാരുമില്ലെന്ന തിരിച്ചറിവിനാലാവണം അവൾക്കൊന്ന് ഏങ്ങലടിയ്ക്കാൻ തോന്നിയത്... സ്നേഹം എങ്ങനെ പിടിച്ചു വാങ്ങാനാണ്...?? പൃഥ്വിയെ വിട്ട് പോവില്ലെന്നൊക്കെ രാവിലെ പവിത്രയോട് വീരവാദം പറഞ്ഞെങ്കിലും ആ ഹൃദയത്തിൽ തനിക്ക് സ്ഥാനമില്ലാത്ത സ്ഥിതിക്ക് ആത്മാഭിമാനം വ്രണപ്പെടുത്തി ഇവിടെ കടിച്ചു തൂങ്ങുന്നതിൽ അർത്ഥമില്ലെന്നവൾക്ക് തോന്നി... എന്തെങ്കിലും വഴി തെളിഞ്ഞാൽ എന്നന്നേക്കുമായി പൃഥ്വിയേയും ഈ വീടിനെയും ഉപേക്ഷിച്ച് പോകണമെന്ന് ഹൃദയം പിടയുന്ന വേദനയോടെ ഒരു നിമിഷമവൾ ഓർത്തു പോയി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story