പക...💔🥀: ഭാഗം 14

paka

രചന: ഭാഗ്യ ലക്ഷ്മി

അസ്വസ്ഥമായ മനസ്സോടെ ശ്രീനന്ദ കഴുത്തിലെ താലിയിലേക്ക് ഒന്ന് നോക്കിയിട്ട് നെഞ്ച് നീറുന്ന നോവോടെ ബെഡിൽ നിന്നുമെഴുന്നേറ്റു... നേരം അർദ്ധരാത്രിയോടടുക്കുന്നു... പൃഥ്വി മുറിയിലേക്ക് കടന്നു വന്നതും ജനാല തുറന്നിട്ട് കലങ്ങിയ മിഴികളോടെ ശ്രീനന്ദ നിലാവിനെ നോക്കി നിൽക്കുകയാണ്... കവിളുകൾ രണ്ടും പരിഭവത്തിൽ വീർപ്പിച്ച് കെട്ടി ജനലഴികളിൽ പിടിച്ചാണ് നിൽപ്പ്... പൃഥ്വിയുടെ സാമീപ്യം അറിഞ്ഞിട്ടും അവൾ നിന്നിടത്ത് നിന്നും സ്വല്പം പോലും ചലിച്ചില്ല... കൺകോണിൽ പടർന്ന നനവിനാൽ മങ്ങലേറ്റ കാഴ്ചയോടെ വൃഥാ വിണ്ണിലൂടെ മിഴികൾ പായിച്ചവൾ... ഏറെ നേരമായി ഒന്നുറങ്ങാൻ ശ്രമിക്കുന്നു... അതിനും കഴിയുന്നില്ല... എന്തൊക്കെയോ മനസ്സിനെ വല്ലാതെ അലട്ടുന്നു... പൃഥ്വിയുടെ പേര് കൊത്തിയ താലിയിൽ വെറുതെ വീണ്ടുമൊന്ന് നോക്കി... അതിൽ ഒന്നിറുകെ പിടിച്ചു... എല്ലാം അർത്ഥശൂന്യമാണെന്നവൾക്ക് തോന്നി.... താലിയിൽ നിന്നും വിരലുകളടർത്തി മാറ്റാതെ അതേ നിർവ്വികാരതയോടെ മുഖം ചെരിച്ച് പൃഥ്വിയെ നോക്കുമ്പോൾ ആ മിഴികളും തന്നിൽ തന്നെയാണെന്ന തിരിച്ചറിവാകണം ശ്രീനന്ദയിൽ നേരിയ ഞെട്ടൽ ഉണ്ടാക്കിയത്.... എന്നാൽ തൻ്റെ നിസ്സഹായമായ നേത്രങ്ങളെ പാടെ അവഗണിച്ചു കൊണ്ടവൻ ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നതും പതിവു പോലെ അവൻ്റെ ചാരെയായി ആ കിടക്കയിൽ കിടക്കാനവൾക്ക് തോന്നിയില്ല...

ഏറെ നേരമായിട്ടും തൻ്റെ അരികിലായി അവളുടെ സാമീപ്യം അറിയാഞ്ഞിട്ടാവണം മിഴികൾ തുറക്കാതെ തന്നെയവൻ കരങ്ങൾ കൊണ്ട് അരികെ പരതിയത്... ശ്രീനന്ദ അരികിലില്ലെന്ന തിരിച്ചറിവോടെ പൃഥ്വി മിഴികൾ വലിച്ച് തുറന്നതും ബെഡ്ഷീറ്റ് എടുത്ത് തറയിൽ വിരിയ്ക്കുന്നവളെ കാൺകെ അവൻ്റെ മിഴികൾ കുറുകി... "ഇതെന്താ ശ്രീനന്ദാ പുതിയ പ്രഹസനം..?? തറയിലൊക്കെ കിടക്കാൻ പോകുന്നു... അത്ര വിശ്വാസമില്ലേ നിനക്കെന്നെ...?? ഇത്രയും ദിവസങ്ങൾ ഇവിടെ തന്നെയല്ലേ കിടന്നത്....??" പൃഥ്വി സംശയത്തോടെ പുരികം പൊക്കി... പൃഥ്വിയുടെ ചോദ്യം കേട്ടതും ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തെ ശ്രീനന്ദ പ്രയാസപ്പെട്ട് അടക്കി നിർത്തി.... "ഇത് വിശ്വാസത്തിൻ്റെ കാര്യമല്ല പൃഥ്വീ... നിങ്ങൾക്ക് എന്നെ ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് അവിടെ കിടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അത്ര തന്നെ...!! ങും അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവിടെ വന്നു കിടക്കുന്നത്...?? നിങ്ങൾ എന്നെ നിങ്ങളുടെ ഭാര്യയായി കാണുന്നുണ്ടോന്ന് എനിക്ക് സംശയമാണ്... അല്ല..!! എൻ്റെ സംശയമല്ല.... നിങ്ങൾ അങ്ങനെ കാണുന്നോ...?? ഇല്ലല്ലോ...!!" ഇത്ര നാളും ഉള്ളിൽ തറഞ്ഞ അമർഷവും വേദനയും വാക്കുകളിൽ ഇടകലർത്തിയവൾ അതും പറഞ്ഞ് നിലത്തേക്ക് കിടന്ന് മുഖം തിരിച്ചതും പൃഥ്വി വലിഞ്ഞു മുറുകിയ മുഖത്തോടെ എഴുന്നേറ്റ് ശ്രീനന്ദയുടെ അരികിലേക്ക് നടന്നു...

പൃഥ്വി നിലത്തേക്ക് കുമ്പിട്ടിരുന്ന് അവളുടെ മുഖം തൻ്റേതിനോട് ചേർത്തടുപ്പിച്ചതും അപ്രതീക്ഷിതമായ പ്രവർത്തിയാൽ ശ്രീനന്ദ ഒരുവേള തറഞ്ഞു പോയി... അവൻ്റെ ശ്വാസനിശ്വാസങ്ങൾ മുഖത്തേക്ക് പതിഞ്ഞതും ഭീതിയോടെയവൾ മിഴികൾ ഇറുക്കിയടയ്ക്കും മുൻപേ പൃഥ്വിയവളെ കൈകളിൽ കോരിയെടുത്ത് ബെഡിനരികിലേക്ക് നടന്നിരുന്നു... "പൃ.. പൃഥ്വീ... എന്താ ഈ ചെയ്യുന്നെ..?? വിട് പൃഥ്വീ... വിടാനല്ലേ പറഞ്ഞെ... എന്നെ താഴെയിറക്ക്...'' അവൻ്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ടതും ബലിഷ്ഠമായ ആ കരവലയങ്ങളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചവൾ പരിഭ്രമത്തോടെ പറഞ്ഞു... "നിൻ്റെ സംശയം ഞാനിന്ന് തീർത്ത് തരാം ശ്രീനന്ദാ...!!" അതും പറഞ്ഞവളെ പൃഥ്വി ബെഡിലേക്ക് കിടത്തിയതും ശ്രീനന്ദ കുതറി മാറും മുൻപേയവൻ അവളുടെ ഇരുവശത്തുമായി കൈകൾ തീർത്തിരുന്നു.... ശ്രീനന്ദ വല്ലാത്ത പിടച്ചിലോടെ തന്നോട് ചേർന്നിരിക്കുന്നവനെ നോക്കി... ഉയർന്നു താഴുന്ന ശ്വാസഗതിയും ഹൃദയമിടിപ്പുകളും നാവിനെ കുരുക്കിട്ട് നിർത്തുമ്പോൾ ആ കരങ്ങൾ കരുത്തുറ്റ അവൻ്റെ നെഞ്ചിലേക്ക് തന്നെ ചേർത്തു പിടിയ്ക്കുന്നതവൾ അറിഞ്ഞു... ആ ഹൃദയതാളം അനുഭവിച്ചറിഞ്ഞപ്പോൾ അവൻ്റെ ഹൃദയത്തുടിപ്പുകൾ ഓരോ നിമിഷന്തോറും വർദ്ധിച്ചു വരുന്ന തൻ്റെ ഹൃദയതാളത്തെ തെറ്റിക്കുകയാണോ എന്നവൾ ആശങ്കപ്പെട്ടു..

തൻ്റെ പിൻകഴുത്തിലേക്ക് കരങ്ങൾ ചേർത്തവൻ തൻ്റെ മുഖത്തോട് മുഖമടുപ്പിച്ചതും അവൻ്റെ ലക്ഷ്യം തൻ്റെ അധരങ്ങളാണെന്ന് മനസ്സിലാക്കിയ ശ്രീനന്ദ മുഖം തിരിച്ചു കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു... "വെറുതെ ബലം പിടിയ്ക്കാതെ ശ്രീനന്ദാ... നീ തോറ്റു പോകത്തേയുള്ളൂ..." കാതോരം പതിഞ്ഞ ശാന്തമായ സ്വരം കേൾക്കെ അവനെ ഉറ്റു നോക്കിയവൾ... പൃഥ്വി അവളുടെ മുടിയിഴകളിലേക്ക് വിരലുകൾ പായിച്ച് മൃദുവായി ശ്രീനന്ദയുടെ അധരങ്ങളെ നുകർന്നെടുത്തതും അവളുടെ നഖം അവൻ്റെ നെഞ്ചിൽ ആഴത്തിലൊരു മുറിപ്പാടുണ്ടാക്കി... ആ ചുംബനച്ചൂടിൽ ഉടലുരുകുന്നതും താനുമതിലേക്ക് ലയിച്ചു ചേരുന്നതും ആ കരവലയങ്ങൾ കൂടുതൽ കരുതലോടെ തന്നെ ചേർത്തു പിടിയ്ക്കുന്നതും മിഴികൾ മെല്ലെ അടഞ്ഞു വരുമ്പോഴവൾ അനുഭവിച്ചറിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀 "എന്താ പവീ... വന്നതു മുതൽ നീ ഒന്നും മിണ്ടുന്നില്ലല്ലോ... എൻ്റെ ശ്രീക്കുട്ടിയെ കണ്ടതിനെയോ സംസാരിച്ചതിനെയോ പറ്റി ഒന്നും... കാറിലേക്ക് കയറിയതും നിൻ്റെ വീട്ടിൽ നിന്നും വേഗം പോകാം എന്നു മാത്രമാണ് നീ ആകെ പറഞ്ഞത്... എന്താ പൃഥ്വി.. പൃഥ്വി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ..?? ഞാൻ പറഞ്ഞതല്ലേ പവീ ഒറ്റയ്ക്ക് അവിടേക്ക് പോകേണ്ടെന്ന്..." ശ്രീനാഥ് പരിഭ്രമത്തോടെ പവിത്രയോട് ചോദിച്ചതും അവൾ ഒരു മങ്ങിയ ചിരിയോടെ അവൻ്റെ കരങ്ങളെ മുറുകെ പിടിച്ചു... ആ തോളിലേക്ക് ചായുമ്പോൾ തൻ്റെ ഉള്ളിലെ വേദനകൾ വേഴോടെ പിരുതെറിയപ്പെടുന്നതവൾ അറിഞ്ഞു...

"എനിക്കറിയാം ശ്രീയേട്ടന് ശ്രീക്കുട്ടിയുടെ വിവരങ്ങൾ അറിയാൻ എത്രമാത്രം ആകാംഷയുണ്ടെന്ന്... ശ്രീയേട്ടൻ്റെ ക്ഷമയെ പരീക്ഷിച്ചിട്ടല്ല ഇത്രയും നേരം ഞാൻ മൗനം പാലിച്ചത്... ആ വീട്ടിലെ എൻ്റെ സ്ഥാനം എന്നോ നഷ്ടപ്പെട്ടെന്ന തിരിച്ചറിവ് ഉള്ളിൽ വീണ്ടും ഊട്ടിയുറച്ചതു കൊണ്ടാവാം അവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിയാൽ മതിയെന്നെനിക്ക് തോന്നിയത്... അല്ലാതെ ഞാൻ പൃഥ്വിയേട്ടനെ കണ്ടതുമില്ല... പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല... പിന്നെ ശ്രീക്കുട്ടിയെ കണ്ടു.. സംസാരിച്ചു.. മിടുക്കിയാണവൾ... എൻ്റെ ഏട്ടനു ചേർന്നവൾ... അവളുടെ വാക്ചാതുര്യത്തിനു മുൻപിൽ ഞാൻ പോലുമൊന്നു പതറി... അവളുടെ ഉള്ളിൽ എൻ്റെ ഏട്ടന് എത്രമാത്രം സ്ഥാനമുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു... പക്ഷേ നമ്മളുടെ ചോദ്യത്തിനുള്ള ഉത്തരം മാത്രം കിട്ടിയില്ല... പൃഥ്വിയേട്ടൻ ശ്രീക്കുട്ടിയെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം...!!" പവിത്ര ശാന്തമായ സ്വരത്തോടെ പറഞ്ഞവസാനിപ്പിച്ചതും ശ്രീനാഥ് അവളെ ഞെട്ടലോടെ നോക്കി... "അ.. അതെന്താ പവീ... നീ.. നീയത് മാത്രം ചോദിക്കാഞ്ഞത്..?? എൻ്റെ കുട്ടി.. അവൾ.. അവളവിടെ സന്തോഷത്തിലാണോ എന്നല്ലേ നമ്മുക്കറിയേണ്ടത്...??" ശ്രീനാഥിൻ്റെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞു....

"ചോദിക്കാഞ്ഞിട്ടല്ല ശ്രീയേട്ടാ.. അവൾ അതിന് ഉത്തരം നല്കാൻ താത്പര്യപ്പെടാതെ വിദഗ്ദമായി ഒഴിഞ്ഞു മാറുന്ന പോലെയാണ് എനിക്ക് തോന്നിയത്... അവൾ പൃഥ്വിയേട്ടനെ സംബന്ധിച്ച് ഒന്നും പറയാൻ ആഗ്രഹിക്കാത്തതു പോലെ..." അതു പറയുമ്പോൾ പവിത്രയുടെ സ്വരം നേർത്തത് ശ്രീനാഥ് നോവോടെ തിരിച്ചറിഞ്ഞു.... "അതിനർത്ഥം... അതിനർത്ഥം പൃഥ്വിയോടൊപ്പം അവൾ സന്തോഷവതിയല്ലെന്നല്ലേ...?? അവൻ അവളെ സ്നേഹിക്കുന്നില്ലെന്നല്ലേ...?? എൻ്റെ സംശയം ശരിയായിരുന്നല്ലേ പവീ.. എന്നോടുള്ള പക തീർക്കാൻ എൻ്റെ ശ്രീക്കുട്ടിയുടെ ജീവിതം വെച്ച് കളിയ്ക്കുകയായിരുന്നവൻ...!!" "വെപ്രാളപ്പെടാതെ ശ്രീയേട്ടാ... നാളെത്തോടെ എല്ലാത്തിനും തീരുമാനമാക്കാം... ശ്രീനന്ദ എന്നോട് ഇവിടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വരാൻ പറഞ്ഞിട്ടുണ്ട്.... രാവിലെ എട്ട് മണിക്ക് നമ്മൾക്ക് അവിടെ എത്തണം... അവളറിയണം അവളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരേട്ടൻ അവൾക്കുണ്ടെന്ന്... താങ്ങാവാനും തണലാവാനും ഒരു കൂടെപ്പിറപ്പുണ്ടെന്ന്..." "അപ്പോൾ.... അപ്പോൾ അവൾക്കെന്നെ ഓർമ്മയില്ലേ പവീ...??" ശ്രീനാഥ് ഉള്ളുരുകുന്ന വേദനയോടെ ചോദിച്ചപ്പോൾ പവിത്ര നിറമിഴികളോടെ അവനെ അടക്കിപ്പിടിച്ചു... "നേരം ഒരുപാട് വൈകി ശ്രീയേട്ടാ... കിടക്കാം.. ഒന്നുമോർത്ത് സങ്കടപ്പെടണ്ട.. എല്ലാം ശരിയാവും..." ചുറ്റും തളം കെട്ടി കിടന്ന നിശബ്ദതയ്ക്കൊടുവിൽ പവിത്രയുടെ സ്വരം അവൻ്റെ കാതിൽ മുഴങ്ങി... 🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ കുളിച്ച് സെറ്റ് സാരിയുമുടുത്ത് താഴേക്കിറങ്ങുമ്പോൾ താൻ പറഞ്ഞ പ്രകാരം അമ്പലത്തിലേക്ക് പോകുവാൻ തയ്യാറായി കാത്തു നിന്ന ലക്ഷ്മിയമ്മയ്ക്കൊരു നിറഞ്ഞ ചിരി സമ്മാനിച്ച് അവരിലേക്ക് നടന്നടുത്തു ശ്രീനന്ദ... "എന്താ മോൾക്ക് പതിവില്ലാത്തൊരു സന്തോഷം...??" ലക്ഷ്മിയമ്മ അവളുടെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി... "സന്തോഷം വരാൻ പോകുന്നത് എനിക്കല്ല... അമ്മയ്ക്കാണ്..." ചുണ്ടിലെ പുഞ്ചിരി മായാതെ ശ്രീനന്ദ അവരുടെ കവിളിൽ മുത്തിയതും ആ അമ്മ അമ്പരന്നു... "എന്ത് പറ്റി മോളെ നിനക്ക്...?? എനിക്കെന്ത് സന്തോഷം വരാനാണ്..?? അമ്പലത്തിൽ പോകാമെന്നൊക്കെ പറഞ്ഞപ്പോഴേ തോന്നി എന്തോ ഉണ്ടെന്ന്... എന്താ കാര്യം..??" "അതൊക്കെ അവിടെ എത്തിയിട്ട് അമ്മ നേരിൽ കണ്ടറിഞ്ഞാൽ മതി...." അതും പറഞ്ഞ് നടക്കുന്ന ശ്രീനന്ദയെ അനുഗമിക്കുമ്പോൾ അവർക്കും അവളുടെ മുഖത്തെ ഐശ്വര്യം കാൺകെ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. "അല്ല മോളെ ദേവനോട് പറഞ്ഞായിരുന്നോ അമ്പലത്തിൽ പോകുന്ന കാര്യം..??" ലക്ഷ്മിയമ്മ ചോദിച്ചതും ഉള്ളിൽ കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു പോകുന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്.... പരിഭ്രമത്തോടെ സാരിത്തലപ്പിൽ വിരലുകൾ മുറുകുമ്പോൾ ഭീതിയോടെ ഉമിനീരിറക്കിയവൾ...

. "രാവിലെ അവനെ എങ്ങും കാണാഞ്ഞതു കൊണ്ട് ഞാൻ പറയാനൊന്നും മെനക്കെട്ടില്ല... അല്ലെങ്കിലും അവൻ പോകുന്നതും ആരോടും പറഞ്ഞിട്ടൊന്നുമല്ലല്ലോ..." സ്വരത്തിൽ പരിഭവം കലർത്തി ലക്ഷ്മിയമ്മ പറഞ്ഞതും ശ്രീനന്ദ പ്രയാസപ്പെട്ടൊരു ചിരി വരുത്തി... അമ്പലത്തിൽ തൊഴുത് ആൽത്തറയ്ക്കരികിൽ ചെന്ന് ശ്രീനന്ദ ആർക്കോ എന്ന പോലെ കാത്ത് നിന്നതും ലക്ഷ്മിയമ്മയും തെല്ലൊരു സംശയത്തോടെ അവൾക്കരികിൽ നിന്നു.... ദൂരെ നിന്നൊരു കാർ വരുന്നതും അതിൽ നിന്ന് ഒരു വയസ്സായ കൈക്കുഞ്ഞിനെയും കൊണ്ട് പവിത്ര ഇറങ്ങുന്നത് കണ്ടതും മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ലക്ഷ്മിയമ്മ ഞെട്ടലോടെ ശ്രീനന്ദയെ നോക്കി... ശ്രീനന്ദ ഒരു പുഞ്ചിരിയോടെ ലക്ഷ്മിയമ്മയെ നോക്കിയൊന്നു കൺചിമ്മി.... "ദാ.. അമ്മ കാണാൻ കാത്തിരുന്ന അമ്മയുടെ മകൾ...." ശ്രീനന്ദ നിറചിരിയോടെ അതു പറയുമ്പോൾ ആ അമ്മയുടെ മിഴികൾ തനിക്ക് നേരെ നടന്നടക്കുന്ന പവിത്രയെ കാൺകെ ആദ്യത്തെ ഞെട്ടലിനുമപ്പുറം സന്തോഷത്താൽ നിറഞ്ഞൊഴുകിയിരുന്നു... തനിക്ക് നേരെ നീളുന്ന വന്ദന മോളെ കാൺകെ ശ്രീനന്ദ വാത്സല്യത്തോടെ കുഞ്ഞിനെ പവിത്രയുടെ കൈയ്യിൽ നിന്നും വാങ്ങിയതും പവിത്ര ഒരു പൊട്ടിക്കരച്ചിലോടെ ലക്ഷ്മിയമ്മയുടെ നെഞ്ചിലേക്ക് വീണു...

ഒന്നും ഒരിയാടാനാവാതെ ആ അമ്മ മകളെ ആവോളം നോക്കി കണ്ടു.. പത്തു മാസം വയറ്റിൽ ചുമന്ന കുഞ്ഞിന് എല്ലുമുറിയുന്ന വേദനയോടെ ജന്മം നല്കിയതിനു ശേഷം ആദ്യമായി കാണുന്ന അതേ സന്തോഷത്തോടെ... അതേ വാത്സല്യത്തോടെ... കാത്തിരിപ്പിനൊടുവിലെ അതേ തീവ്രതയോടെ.. വാക്കുകളിലൂടെ സാന്ത്വനത്തിൻ്റെ നിറവ് പകരുവാൻ ഇരുവർക്കുമായില്ല... അല്പ നേരത്തേക്ക് മൗനം മാത്രം തളം കെട്ടി നിന്ന അനിർവ്വചനീയമായ നിമിഷങ്ങൾ....!! "പവീ... മോളെ...." പവിത്രയെ ചേർത്തു പിടിയ്ക്കുമ്പോൾ ലക്ഷ്മിയമ്മയുടെ സ്വരം ഇടറി തുടങ്ങിയിരുന്നു.... "ദേ.. ദേഷ്യമാണോ അമ്മാ എന്നോട്...??" കരച്ചിലിനിടയിൽ പവിത്രയുടെ സ്വരം മുറിഞ്ഞു... "ഇല്ല... അമ്മയ്ക്ക് ഒരു ദേഷ്യവുമില്ല... കണ്ണടയുന്നതിനു മുൻപ് നിന്നെ ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ... നിനക്ക് സന്തോഷമാണെന്ന് അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ..." ലക്ഷ്മിയമ്മയുടെ വാക്കുകൾക്ക് പവിത്രയുടെ ഉള്ളിലെ ആശങ്കകൾക്കും അസ്വസ്ഥതകൾക്കും ആശ്വാസം പകരുവാൻ തക്കവണ്ണം കരുത്തുണ്ടായിരുന്നു.. പവിത്ര നിറമിഴികളോടെ ശ്രീനന്ദയ്ക്ക് നേരെ കൈകൂപ്പി... നന്ദി സൂചകമായി... എല്ലാ കാഴ്ചകളും കണ്ട ശ്രീനാഥ് അവരിലേക്ക് നടന്നടുക്കുമ്പോൾ വാത്സല്യം തുളുമ്പുന്ന അവൻ്റെ മിഴികൾ തറഞ്ഞത് തൻ്റെ കുഞ്ഞു പെങ്ങളിൽ മാത്രമായിരുന്നു.... "മോളെ ശ്രീക്കുട്ടീ...." ആ ഒരൊറ്റ വിളി മതിയായിരുന്നു ശ്രീനന്ദയ്ക്ക് ഒരുതരം ഞെട്ടലോടെ അവനെ നോക്കാൻ....

തൻ്റെ അച്ഛനുമമ്മയും ഏട്ടനുമല്ലാതെ മറ്റാരും ഇന്നോളം വിളിച്ചിട്ടില്ലാത്ത തൻ്റെ ചെല്ലപ്പേര്...!! അവർക്കൊപ്പം തനിക്കെന്നോ അന്യമായതാണ് ആ വിളിപ്പേരും..... അവൾക്ക് ഒരുവേള തൻ്റെ കാതുകളെ വിശ്വസിക്കാനായില്ല... അവൾ അവിശ്വസനീയതയോടെ ശ്രീനാഥിനെ നോക്കി... "മോ.. മോൾക്കെന്നെ മനസ്സിലായോ..??" ശ്രീനാഥിൻ്റെ സ്വരമിടറി തുടങ്ങി... ആ ചോദ്യം കേട്ടതും ശ്രീനന്ദയുടെ ഓർമ്മകൾ ചെറുപ്പത്തിൽ തന്നിൽ നിന്നുമകന്ന സഹോദരിയെ അന്വേഷിച്ചാണ് അവളുടെ ശ്രീയേട്ടൻ ഈ നാട്ടിലേക്ക് വന്നതെന്ന പവിത്ര പറഞ്ഞ വാചകളിലേക്ക് ആഴ്ന്നിറങ്ങി.... അവൾ ഒരുതരം മരവിപ്പോടെ തറഞ്ഞു നിന്നു പോയി.. തനിക്ക് എട്ടു വയസ്സുള്ളപ്പോൾ നാട് വിട്ടതാണ് തൻ്റെ ഏട്ടനായ ശ്രീനാഥ്... പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാവാഞ്ഞതിനാലും ഒരു വിവരവും കിട്ടാഞ്ഞതിനാലും വർഷങ്ങൾ കൊഴിയവേ ഏട്ടൻ ജീവനോടെയില്ലെന്നാണ് താനുൾപ്പടെ എല്ലാവരും വിശ്വസിച്ചത്...!! എന്നാലിപ്പോൾ....?? താൻ കാണുന്നതു സ്വപ്നമാണോ എന്ന് ശ്രീനന്ദ ശങ്കിച്ചു പോയി... ഓർമ്മകൾ ഒരുവേള വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചപ്പോൾ ഏട്ടൻ്റെ കൈയ്യിൽ തൂങ്ങി നടന്ന കുറുമ്പിയായ ഒരു പാവാടക്കാരി പെണ്ണിനെ ഓർത്തു പോയവൾ.....!! തൻ്റെ ആഗ്രഹങ്ങൾക്കും വാശികൾക്കും കൂട്ടു നിൽക്കുന്ന ശ്രീക്കുട്ടീയെന്ന് വാത്സല്യത്തോടെ വിളിക്കുന്ന കുറുമ്പ് കാട്ടുമ്പോൾ അച്ഛൻ്റെ അടിയിൽ നിന്നും തന്നെ രക്ഷിയ്ക്കുന്ന ഒരേട്ടനെ ഓർത്തവൾ...!!

ഓർമ്മകൾ നോവോടെ ഹൃദയത്തെ മുറിപ്പെടുത്തുമ്പോൾ ഉയർന്നു വന്ന ഗദ്ഗദങ്ങൾ പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നു... അപ്പോൾ പവിത്ര പറഞ്ഞ അവളുടെ ശ്രീയേട്ടൻ അന്വേഷിച്ചു നടക്കുന്ന ആ സഹോദരി താനാണോ...?? തൻ്റെ.. തൻ്റെ ഏട്ടൻ ശ്രീനാഥാണോ പവിത്രയുടെ ശ്രീയേട്ടൻ..?? തൻ്റെ സഹോദരൻ അപ്പോൾ ജീവനോടെ ഉണ്ടായിരുന്നോ...?? ചിന്തകളുടെ ഉൾക്കാട്ടിൽ മനസ്സലയുമ്പോൾ ഒന്നു പൊട്ടിക്കരയാൻ തോന്നിയവൾക്ക്..!! "ശ്രീക്കുട്ടീ.. മോളെ..." പ്രതികരണമില്ലാതെ ശില പോലെയുള്ള ശ്രീനന്ദയുടെ നിൽപ്പ് കണ്ടതും പരിസരം മറന്ന് ശ്രീനാഥ് അലറി വിളിച്ചു.... അവളുടെ മൗനം അവൻ്റെ മനസ്സിനെ എത്രമാത്രം ഉലച്ചെന്ന് താളം തെറ്റിയ ആ വാക്കുകൾ പ്രകടമാക്കിയിരുന്നു.. "ഏട്ടാ..." ശ്രീനന്ദയുടെ ആ ഒരൊറ്റ വിളി മതിയായിരുന്നു ശ്രീനാഥിൻ്റെ ഉള്ളിലെരിയുന്ന കനലുകൾക്ക് ആശ്വാസം പകരാൻ.... സ്വയമറിയാതെ അവളുടെ ഹൃദയത്തിൽ നിന്നുമുയർന്നു വന്ന ഏട്ടാ എന്നുള്ള വിളി... വന്ദന മോളെ പവിത്രയുടെ കൈയ്യിലേക്ക് കൊടുത്ത് ശ്രീനന്ദ നിറമിഴികളോടെ ശ്രീനാഥിൻ്റെ അടുക്കലേക്ക് നടന്നു... അവൻ്റെ ചാരത്ത് നിന്നവൾ ആ മുഖം ആവോളം നോക്കി കണ്ടു... ഇരുവരുടെയും മിഴികളിൽ കൂടെപ്പിറപ്പിനോടുള്ള അടങ്ങാത്ത സ്നേഹം മാത്രം..!!

"ഞാൻ.. ഞാൻ പറഞ്ഞതല്ലേ പവീ.. ആര് തിരിച്ചറിഞ്ഞില്ലെങ്കിലും എൻ്റെ ശ്രീക്കുട്ടി എന്നെ തിരിച്ചറിയുമെന്ന്... കണ്ടില്ലേ പവീ കണ്ട മാത്രയിൽ തന്നെ എൻ്റെ ശ്രീക്കുട്ടി എന്നെ തിരിച്ചറിഞ്ഞത്... ഇതാണ് രക്ത ബന്ധം...." ലോകം കീഴടക്കിയ സന്തോഷത്താൽ ശ്രീനാഥ് ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ പവിത്ര സന്തോഷത്തോടെ ലക്ഷ്മിയമ്മയെ അടക്കിപ്പിടിച്ചു.... "മോളെ..." ശ്രീനാഥ് വാത്സല്യത്തോടെ ശ്രീനന്ദയുടെ ശിരസ്സിലേക്ക് കൈ വെച്ചതും അവൾ വിങ്ങിപ്പൊട്ടി... സന്തോഷമാണോ സങ്കടമാണോ എന്ന് നിർവ്വചിക്കാൻ കഴിയാത്ത അവസ്ഥ... ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിശ്വസിച്ച അത്രമേൽ ഹൃദയത്തോട് ചേർന്ന പലരെയും ജീവിതയാത്രയിൽ എപ്പോഴെങ്കിലും അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന അനിർവ്വചനീയമായ വികാരം... തൻ്റെ ചുറ്റിനും നടക്കുന്നത് സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാനാവാതെ മരവിച്ചു നിന്നു പോയവൾ.... "എന്തിനാ എൻ്റെ കുട്ടീ നീ കരയുന്നെ.. സന്തോഷിക്കുവല്ലേ വേണ്ടേ.. നിൻ്റെ ഏട്ടൻ വന്നില്ലേ.. ഇനിയും ആരും.. ആരുമെൻ്റെ കുട്ടിയെ വേദനിപ്പിക്കാൻ ഏട്ടൻ അനുവദിക്കില്ല... പൃഥ്വി... പൃഥ്വി നിന്നെ സ്നേഹിക്കുന്നില്ലെന്ന് എനിക്കറിയാം മോളെ... പോകാം നമ്മുക്ക്.. അവൻ്റെ കണ്ണെത്താത്ത ദൂരത്തേക്ക്...." ശ്രീനാഥ് പറഞ്ഞതും ശ്രീനന്ദ അവനെ സംശയത്തോടെ നോക്കി.... ഇന്നലെവരെ പൃഥ്വി തന്നെ സ്നേഹിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താനുമത് വിശ്വസിച്ചേനേം.. തൻ്റെയുള്ളിലും അടിയുറച്ച വിശ്വാസം പൃഥ്വി തന്നെ സ്നേഹിക്കുന്നില്ലെന്ന് മാത്രം ആയിരുന്നല്ലോ.. പ.. പക്ഷേ... ഇന്നലെ രാത്രി.... ശ്രീനന്ദയുടെ മനസ്സ് എന്തോ ചിന്തയാൽ അസ്വസ്ഥമായി... അവളുടെ ഓർമ്മകൾ തലേന്ന് രാത്രിയിലേക്ക് സഞ്ചരിച്ചു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story